UPDATES

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

യുദ്ധണ്, ജാതി യുദ്ധണ്… എന്തുട്ടാ പെട – എന്തുട്ടാ ഒരു കലക്ക്… ആരാ ജയിക്കേരാ?

യുക്തിജീവികളും വികാരജീവികളും: ചില യുക്തിഭദ്ര ചിന്തകൾ

യുദ്ധണ്, ജാതി യുദ്ധണ്… എന്തുട്ടാ പെട – എന്തുട്ടാ ഒരു കലക്ക്. ആരാ ജയിക്കേരാ?

ജാതി യുദ്ധം തന്നെ. ഒരു ഗ്രൂപ്പ് യുക്തിവാദികളും മറ്റൊരു ഗ്രൂപ്പ് യുക്തിവാദികളും ജാതി സംവരണത്തിന്റെ പേരിൽ ഘോര ഘോരം അടിപിടി നടക്കാണ് എന്നത് ക്ലിയർ ആണല്ലോ.

യുക്തന്മാർ ആയതോണ്ട് ഈ യുദ്ധം തെരുവുകളിലേക്ക് പരന്നൊഴുകി, പൊതുജനത്തെ കഷ്ടപ്പെടുത്തി, ചോരപ്പുഴ ഒഴുക്കി പ്രശ്നം ഒന്നും ആകാൻ സാധ്യത ഇല്ല. എന്തിന് – ഒരു വിയർപ്പുപുഴ പോലും ഒഴുകാൻ ഇവിടെ സ്കോപ്പില്ല. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ യുക്തന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവർ ചക്കരയാണ്, ചപ്പിക്കുടിയൻ മാങ്ങയാണ്, നാരങ്ങാ മിഠായി ആണ്.

വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞ്, മസ്തിഷ്ക കുരു പൊട്ടീരാണ് പ്രധാന പരിപാടി. നമ്മുടെ ഉള്ളിലെ അന്തരാളങ്ങളിൽ ഒളിച്ചിരിക്കുന്ന ചൊറിയമ്പുഴുക്കളെ അഴിച്ചു വിട്ട്, അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു മാന്തി സായൂജ്യമടയുന്ന പുതിയ കാലത്തെ നൂതന ജുദ്ധരീതിയാണ് ഇത്.

ചൊറിയമ്പുഴു യുദ്ധം!

ഈ ചൊറിയമ്പുഴു യുദ്ധത്തിൽ ഒതുങ്ങുന്നത് കൊണ്ട് സ്നേഹം അതിഭയങ്കരമാണ്. അതിനു പുറമെ, ഗംഭീര അസൂയയുമുണ്ട്. കുശുമ്പ് എന്ന അസൂയ. ചൊറിച്ചിൽ ഉണ്ടാക്കുന്ന അസൂയ. കുരു പൊട്ടിക്കുന്ന അസൂയ – കുരസൂയ. അകിരോ കുരസൂയ!

എന്തിനാണ് എനിക്ക് യുക്തന്മാരോട് അകിരോ കുരസൂയ?

ആർക്കും യുക്തന്മാരുമായി തർക്കിച്ചു ജയിക്കാൻ പാടാണ്. പാടു മാത്രമല്ല, പറ്റില്ല എന്ന് തന്നെ പറയാം.

ഞാൻ വിശദമാക്കാം. പ്രധാനമായും ഏതെങ്കിലും മതത്തിന്റെയോ കമ്മ്യൂണിസം പോലുള്ള ഒരു വിശ്വാസസംഹിതയുടെയോ ആളുകളാണല്ലോ തർക്കത്തിന് വരുന്നത്. ഇവരുടെ അജണ്ട തന്നെ ആദ്യം ഒരു വിശ്വാസ പ്രമാണത്തിൽ ഉറച്ചു നിൽക്കുക, അതിനെ സപ്പോട്ടക്ക കൊടുക്കുന്ന തെളിവുകൾ അവിടന്നും ഇവിടന്നും പെറുക്കുക എന്നതാണ്. എന്നാൽ ഒരു കോണാത്തിലും വിശ്വാസം ഇല്ലാത്ത യുക്തൻ, ഈ സംഭവത്തിൽ നിന്ന് മുക്തനാണ്. അതുകൊണ്ട് ഏത് തെളിവും പോയിന്റും എവിടന്നും പെറുക്കി എടുത്ത് അലക്കി കളയും.

രണ്ടാമത് – മിക്ക വിശ്വാസ പ്രമാണങ്ങളിലും വൈരുധ്യാത്മകത കാണും. അതിൽ കേറി പിടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല. ഉദാഹരണത്തിന്, ‘ഇസ്ലാം സമാധാനത്തിന്റെ മതമാണ്’ എന്ന് പറഞ്ഞാൽ, ഇതിനെതിരായ കുറെ പുസ്തക സൂക്തങ്ങൾ കൊണ്ടുവന്നാൽ വിശ്വാസി ‘ഫ്ളാറ്റ്’. ‘ക്രൈസ്തവ മതം സമാധാനത്തിന്റെ മതം ആണ്’ എന്ന് പറഞ്ഞാൽ പണ്ട് ആളുകളെ കൂട്ടമായി കൊന്നതും, ബ്രൂണോയെ കത്തിച്ചതും, ഗലീലിയോയെ ഭീഷണിപ്പെടുത്തിയതും ഒക്കെ വച്ച് എപ്പോ തേച്ചൊട്ടിച്ചു എന്ന് ചോദിച്ചാൽ മതി. ഹിന്ദുത്വവാദികളെ ഒതുക്കാൻ ജാതി, പിന്നെ ഈയം ഉരുക്കി ചെവിയിൽ ഒഴിക്കൽ, അങ്ങനെ… അങ്ങനെ…

അതായത് ചോദ്യം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ വച്ചാണ് മിക്ക മനുഷ്യരും നടക്കുന്നത്. ജനാധിപത്യത്തിൽ തന്നെ ഒരു പാർട്ടിയിൽ അംഗമോ, നേതാവോ ആയ ഒരാൾക്ക്, പാർട്ടി നയങ്ങളെ ന്യായീകരിച്ചേ പറ്റൂ.  ന്യായീകരിക്കാൻ കാര്യങ്ങൾ മേലെ പറഞ്ഞ പോലെ തെരെഞ്ഞെടുത്തത് പെറുക്കേണ്ടി വരും. പാർട്ടി അധ്യക്ഷനെയോ, അടിസ്ഥാന പ്രമാണങ്ങളെയോ ഒന്നും ഖണ്ഡിക്കാൻ പറ്റുകയും ഇല്ല.

എന്തിനെയും ചോദ്യം ചെയ്യാമെങ്കിൽ ജയിക്കാൻ ഭയങ്കര എളുപ്പമാണ്. ഒരുദാഹരണം പറയാം.

ഞാൻ സിറിയൻ കത്തോലിക്കാ ആണ്. തോമാശ്ളീഹാ വന്ന് ഒന്നാം നൂറ്റാണ്ടിൽ കുറെ ബ്രഹ്മണരെ മതം മാറ്റി ഞങ്ങൾ ഉണ്ടായി എന്നതാണ് ഞങ്ങടെ ഗോത്രത്തിന്റെ ഉത്ഭവ കഥ (origin myth ). ഇത് സത്യമാണോ അല്ലയോ എന്നതിനെ പറ്റിയുള്ള വാദങ്ങളിലേക്ക് അധികം കടക്കുന്നില്ല. പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടായി എന്ന് പറയുന്നതും ഈ ഒറിജിൻ മിത്തും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ. തോമാശ്ലീഹാ ഇവിടെ വന്നു കൂടായ്കയില്ല എന്ന ഒരൊറ്റ കാര്യം മാത്രം. ബാക്കി ഒക്കെ ഈ കഥയ്ക്ക് എതിരാണ്.

ഈ കഥയെ പരിഹസിക്കുന്ന ഒരു ലത്തീൻ കത്തോലിക്കാ പുരോഹിതൻ ഒരിക്കൽ ഞാനുൾപ്പെടെയുള്ള കുറെ ആളുകളുടെ മുൻപിൽ വച്ച് പറഞ്ഞു: “ഈ സെയിന്റ് തോമസ് ഇവിടെ വന്നു എന്നതിന് തെളിവില്ല. ഹി.. ഹി…”

എല്ലാ ലത്തീൻ കത്തോലിക്കരും ചിരിച്ചു. അപ്പൊ എന്റെ ഒരു സുഹൃത്ത്, സിറിയൻ, ചോദിച്ചു:

“അച്ചോ – അപ്പൊ യേശു ക്രിസ്തു ദൈവം ആണെന്നതിനു വല്ല തെളിവും ഉണ്ടോ? എന്നിട്ട് നമ്മൾ വിശ്വസിക്കുന്നില്ലേ.”

പ്ലിങ് എന്നൊരു ശബ്ദം എവിടെന്നോ കേട്ടു.

അതോടെ അച്ഛൻ പൂർണമായും ഒതുങ്ങിപ്പോയി.

ഇങ്ങനെ ഒക്കെ ആണെങ്കിലും, തീവ്ര യുക്തൻ ആകാൻ ഒരു മനുഷ്യനും കഴിയില്ല. മ് മ്… തീവ്രം ആകാൻ പറ്റും – യഥാർത്ഥ യുക്തൻ ആവാൻ പറ്റില്ല. യുക്തത്വത്തിലേക്ക് പ്രയാസപ്പെട്ട് അടി വച്ചടി വച്ച് നടക്കാൻ ചിലപ്പോൾ പറ്റിയേക്കും. പ്രധാനമായും രണ്ടു കാരണങ്ങൾ ആണ് ഇതിനുള്ളത്: ഒന്നാമത് – ഒരു വിശ്വാസ പ്രമാണം ഉള്ളിൽ വച്ച്, അതിനുള്ള തെളിവുകൾ പെറുക്കുന്നവർ ആണ് മിക്ക മനുഷ്യരും എന്നത് തിരുത്തേണ്ടി വരും. ഏതാണ്ട് എല്ലാ മനുഷ്യരും ഇങ്ങനെ ആണ്. ഇതിനെ കാഠിന്യം കൂടിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം. ഒരു പെന്തക്കോസ്താ മതവിശ്വാസി ഭൂമി വെറും നാലായിരം കൊല്ലങ്ങൾക്കു മുൻപ് ഉണ്ടാക്കിയത് ആണെന്ന് വിശ്വസിച്ചെന്നിരിക്കും. നല്ല യുക്തിബോധമുള്ള, വിശ്വാസ കെട്ടുപാടുകളിൽ നിന്നും മോചിതനായ ഒരാൾ മിക്കവാറും മണ്ടത്തരങ്ങളിൽ നിന്ന് രക്ഷപ്പെട്ടാലും confirmatory bias എന്ന ഈ കുണാണ്ടറിയിൽ നിന്നും പൂർണ മോചനം ഇല്ല.

ഈ ബയാസ് കുറെ ഒക്കെ ഇല്ലാതാക്കാൻ ശാസ്ത്രത്തിന്റെ പടിപടിയായുള്ള പരിപാടികളിൽ കൂടി മാത്രമേ പറ്റൂ. അത് തന്നെ പാടാണ്. ‘ഓരോരോ മരണങ്ങളിലൂടെയാണ് ശാസ്ത്രം പുരോഗമിക്കുന്നത്’ എന്ന ഒരു ചൊല്ല് തന്നെയുണ്ട്. ഓരോ ഭീകര ശാസ്ത്രജ്ഞന്മാരും അവരവരുടെ തീയറികളിൽ ഉറച്ചു നിൽക്കും. അവർ മരിക്കുമ്പോഴേ അതിൽ മാറ്റങ്ങൾക്കുള്ള സാധ്യത ഉള്ളു എന്നർത്ഥം. ഇങ്ങനെ ആണെങ്കിലും സത്യത്തിലേക്ക് നടക്കാൻ ഈ പരിപാടി കൊണ്ടേ പറ്റൂ. മനുഷ്യ സ്വഭാവത്തിന് എതിരെ നടക്കുന്ന ഒരു പരിപാടിയാണ് ശാസ്ത്രം.

ആധുനിക മന:ശാസ്ത്രം ഒരു പടി കൂടി കടന്ന് ഇതിനെ ശരിവയ്ക്കുന്നു. എന്ത് കാര്യത്തിനും നമ്മുടെ ഉള്ളിൽ ഒരു ആശയ സംഹിത (mental schema) ഉണ്ട്. ഉദാഹരണത്തിന്, ഹോമിയോപ്പതി എന്ന് കേൾക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടാകുന്ന ഒരു കൂട്ടം ബന്ധപ്പെട്ട ആശയങ്ങൾ ഉണ്ട്. ഇതുമായി ഒത്തു പോകുന്ന കാര്യങ്ങൾ മാത്രം പെട്ടന്ന് എന്റെ ഓർമയിൽ നിൽക്കും എന്നും, അല്ലാത്തവ പെട്ടെന്ന് മറന്നു പോകും എന്ന് ആധുനിക കണ്ടെത്തലുകൾ ഉണ്ട്. എന്തിനെയും ശാസ്ത്രീയ പഠനത്തിന് ദയയില്ലാതെ വിധേയമാക്കേണ്ടതിന്റെ ആവശ്യം ഇതിൽ നിന്നും മനസ്സിലാകും. അതായത്, തെളിവ് പെറുക്കുന്നത് മാത്രം അല്ല, നമ്മുടെ ഓര്‍മ പോലും യുക്തഭദ്രം അല്ല. ങ്ങീ ങ്ങീ – മോങ്ങാൻ തോന്നുന്നു.

പിന്നെ ഒന്ന് വികാരങ്ങളാണ്. നമ്മൾ വികാര ജീവികൾ ആണല്ലോ. ലിംബിക് സിസ്റ്റെം എന്ന എല്ലാ സസ്തനികളിലും അത്യാവശ്യം വലിപ്പമുള്ള ഒരു സാധനമാണ്, വികാരങ്ങൾ വരുന്ന ഈ വികാര മസ്തിഷ്കം. എന്നാൽ മനുഷ്യരിൽ ഏറ്റവും വികസിച്ചിട്ടുള്ള മസ്തിഷ്ക സ്ഥലം കാര്യങ്ങളെ കാര്യകാരണ സഹിതം വിലയിരുത്തുന്നു എന്ന് പറയപ്പെടുന്ന പ്രീ ഫ്രോണ്ടൽ കോർടെക്സ് ആണ്.

ഈ പ്രീ ഫ്രോണ്ടൽ കോര്‍ടെക്സിനെ വികാരങ്ങളുമായി ഒത്തു നോക്കുന്ന സ്ഥലമാണ് വെൻട്രോ മീഡിയൽ പ്രീ ഫ്രോണ്ടൽ കോർടെക്സ്. ഇതിനെ നമുക്ക് വികാര മസ്തിഷ്ക അംബാസിഡർ എന്ന് വിളിക്കാം.

ചില ചുരുക്കം മനുഷ്യരിൽ ഈ വികാര മസ്തിഷ്ക അംബാസിഡർ സ്ട്രോക്ക് മൂലമോ, അപകടങ്ങൾ മൂലമോ അടിച്ചു പോയിട്ടുണ്ട്. ഇങ്ങനെ ഉള്ളവർക്ക് വികാരങ്ങൾ തീരെ അവരുടെ ബോധത്തെ ബാധിക്കുകയില്ല. ശരിക്കും നിർവികാരർ. പക്ഷെ ഇവരുടെ മറ്റെല്ലാ തരത്തിലുമുള്ള ബുദ്ധിക്ക് ഒരു കുഴപ്പവുമില്ല. ശരി തെറ്റുകൾ പോലും ഒരു കുഴപ്പവുമില്ലാതെ വിവേചിച്ചറിയാം. അപ്പൊ നമ്മൾ വിചാരിക്കും ഇവർക്ക് ഒരു മാതിരി എല്ലാ കാര്യങ്ങളിലും വികാരം നോക്കാതെ യുക്തിഭദ്രമായി മാത്രം തീരുമാനങ്ങളിൽ എത്താൻ സാധിക്കും എന്ന്.

എന്നാൽ കാണുന്നത് അതല്ല! ഒരു കാര്യത്തിലും ഒരു തീരുമാനത്തിലും എത്താൻ പറ്റാത്തതാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം! പുട്ടു വേണോ അപ്പം വേണോ എന്ന് ചോദിച്ചാൽ ഇവർ ഇങ്ങനെ അന്തം വിട്ടിരിക്കും. എന്തിന്, അടുത്ത തിങ്കളാഴ്ച യാത്ര പോണോ ചൊവ്വാഴ്ച പോണോ എന്ന് ചോദിച്ചാൽ ഓരോന്നിന്റെയും മെച്ചവും കോട്ടവും പറഞ്ഞോണ്ട് ഇങ്ങനെ ഇരിക്കും. ഒരു തീരുമാനത്തിലും എത്തുകയില്ല!

അതായത് , മസ്തിഷ്കമേ, അങ്ങനെയാണ്. വികാരങ്ങൾ ഇല്ലാതെ, യുക്തി മാത്രമായി ഒന്നും ചെയ്യാൻ നമ്മുടെ മസ്തിഷ്കം പ്രാപ്തമല്ല.

എന്നാലും യുക്തിയോടെ ചിന്തിക്കാൻ ശ്രമിക്കുന്നത് തന്നെയാണ് യുക്തിയില്ലാതെ ബിപ്ലവ് ഉണ്ടാക്കാൻ നടക്കുന്നതിനേക്കാൾ നല്ലത് – സംശല്ല – ഉവ്വോ , ങേ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍