UPDATES

സിനിമ

ആരാധകവൃന്ദം മതിമറന്നാടുമ്പോള്‍ ആ തിരുവായ ഇനിയെങ്കിലും ഒന്ന് തുറക്കാവുന്നതാണ്

താരാരാധന ഒരു ‘ഹിസ്റ്റീരിയ’ ആയി മാറിയ ഒരു കൂട്ടം ഇവിടെ വളര്‍ന്നു കൊണ്ടിരിക്കുന്നു

തമിഴ്‌നാട് സിനിമാലോകം വാണിരുന്ന എം.ജി ആര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ ആത്മഹത്യ ചെയ്തത് അന്ന് വാര്‍ത്തയായിരുന്നു. കുറച്ചു കാലം മുന്‍പ് ജയലളിതയുടെ വിയോഗവും ഇത് പോലുള്ള ആത്മഹത്യകള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടാകുമോ എന്ന ഭയം നിമിത്തമാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയിലെ ആശങ്ക ജനങ്ങളെ അറിയിക്കാഞ്ഞത് എന്ന ഒരു അഭ്യൂഹവും നിലനിന്നിരുന്നു. വിജയുടെ സിനിമ കാണാന്‍ സാധിക്കാതെ വന്ന ആരാധകന്റെ ആത്മഹത്യയും അടുത്തകാലത്ത് വാര്‍ത്തയായിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെ ഈ സിനിമാ നടി, നടന്മാരോടുള്ള ആരാധന എത്രത്തോളം ബാധിക്കുന്നു എന്ന പഠനം പോലും നടന്നിട്ടുണ്ട്.

‘ഹേ, ഇതൊക്കെ തമിഴ്‌നാട്ടില്‍; സംസാകാരസമ്പന്നമായ, സാക്ഷരതയില്‍ നിലവാരം കുത്തനെ ഉയര്‍ന്ന നമ്മുടെ കൊച്ചു കേരളത്തില്‍ ഇങ്ങനത്തെ ഭ്രാന്ത്‌ ഒന്നും നടക്കില്ല’ എന്ന് പറയാന്‍ വരട്ടെ. കുറച്ചു കാലങ്ങളായി ഉള്ള കേരളത്തിലെ സംസ്‌കാരത്തിലുളള മാറ്റങ്ങള്‍ നോക്കിയാല്‍ മനസിലാക്കാന്‍ സാധിക്കുന്നത് താരാരാധന ഒരു ‘ഹിസ്റ്റീരിയ’ ആയി മാറിയ ഒരു കൂട്ടം ഇവിടെ വളര്‍ന്നു കൊണ്ടിരിക്കുന്നു എന്നാണ്. രജനികാന്തിന്റെയും കുഷ്ബുവിന്റെയും മറ്റും ഫ്ലക്സുകളില്‍ പാലഭിഷേകം നടത്തുന്നു, അവര്‍ക്കായി അമ്പലങ്ങള്‍ പണിയുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ മൂക്കത്തു കൈവയ്ക്കുന്ന ഒരു കാലഘട്ടം കഴിഞ്ഞു പോയിരിക്കുന്നു. കുറച്ചു കാലം മുന്‍പ് പീഡന കേസില്‍ കുറ്റാരോപിതനായ ഒരു അഭിനേതാവിന്റെ ഫ്‌ളക്‌സില്‍ ആരാധകര്‍ പാലഭിഷേകം നടത്തി ആരാധന പ്രകടമാക്കിയത് ആരും മറന്നു കാണാന്‍ ഇടയില്ല. തമിഴ്‌നാട്ടില്‍ നായകന്മാരോടൊപ്പം നായികമാരുടെ ഫ്ലക്‌സില്‍ പാലഭിഷേകം നടത്തുമ്പോള്‍, കേരളത്തില്‍ അത് കൂടുതലും നായകന്മാരുടേതില്‍ ഒതുങ്ങുന്നു എന്ന് മാത്രം.

വിമന്‍ കളക്ടീവ്; നട്ടെല്ലുള്ള സ്ത്രീകളെ സിനിമയിലെ വന്‍മരങ്ങള്‍ ഭയപ്പെടുന്നുണ്ട്, ഈ തെറിവിളികള്‍ അതുകൊണ്ടാണ്

ഉയരുന്ന ചോദ്യം, അഭിനേതാക്കളോടുള്ള ആരാധന, അത് എങ്ങനെയാണ് തെറ്റാകുന്നത് എന്നാണ്? ഒരു വ്യക്തിയുടെ അഭിനയപാടവത്തോടുള്ള ഇഷ്ടം എങ്ങനെയാണ് മതിഭ്രമമായി മാറുന്നത്. ഒരു വ്യക്തിയുടെ കഴിവിനോടുള്ള ഇഷ്ടം, അത് തീര്‍ച്ചയായും തെറ്റല്ല , അത് ആരോഗ്യപരമാണ് എങ്കില്‍. ആരോഗ്യപരമായ സമീപനം, തെറ്റുകള്‍ക്കതീതനല്ല ആരാധനാപാത്രം എന്ന തിരിച്ചറിവിലാണ്, ആരോഗ്യപരമായ വിമര്‍ശനങ്ങളിലൂടെയാണ്. മറിച്ച് ഉന്മാദാവസ്ഥയിലുള്ള ആരാധന, അത് ആരാധകനൊപ്പം ആരാധനാപാത്രത്തിന്റെ കഴിവ് തളര്‍ത്താന്‍ മാത്രമേ ഉപകാരപ്പെടുകയുള്ളു.

സ്വന്തം കഴിവുള്ള/മാര്‍ക്കറ്റിലുള്ള വിശ്വാസം ഒരു പരിധി വരെ നഷ്ടപ്പെടുന്ന അവസ്ഥയിലാകണം ചില അഭിനേതാക്കള്‍ എങ്കിലും ആരാധക വൃന്ദത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രം നിലകൊള്ളുന്നതും മൗനം കൊണ്ടെങ്കിലും അവര്‍ കാണിച്ചു കൂട്ടുന്ന അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും. ഏറ്റവും ഒടുവിലായി ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണമാണ് മമ്മൂട്ടി എന്ന നടന്റെ ആരാധകാവൃന്ദം എന്നവകാശപ്പെടുന്ന ഒരു കൂട്ടം, ലിച്ചി എന്ന നടിക്കെതിരെ അഴിച്ചുവിട്ട സൈബറാക്രമണം. സ്വന്തം അച്ഛന്റെ പ്രായമുള്ള മമ്മൂട്ടിയുടെ മകളായി അഭിനയിച്ചോളാം എന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതിന്റെ പേരില്‍ പിന്നീട് കരഞ്ഞു കൊണ്ട് ആ കുട്ടിക്ക് മാപ്പു പറയേണ്ടി വന്നതും. മമ്മൂട്ടിയുമായി സംസാരിച്ചെന്നനും അദ്ദേഹം കനിഞ്ഞു പ്രശ്‌നങ്ങള്‍ തീര്‍ന്നു എന്ന് പറഞ്ഞെങ്കിലും, ഇതേ നടന്‍ ഒരു വാക്ക് കൊണ്ട് പോലും തന്റെ സഹപ്രവര്‍ത്തകയെ ആക്രമിച്ച ആരാധകരെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരുന്നത് ശ്രേദ്ധേയമായി. അന്ന് കിട്ടിയ പിന്‍ബലമായിരിക്കണം ‘കസബ’ എന്ന തികച്ചും സ്ത്രീവിരുദ്ധവും ആഭാസവുമായ സിനിമയെ, അതില്‍ അഭിനയിച്ച ഇതേ അഭിനേതാവിന്നെ വിമര്‍ശിച്ചപ്പോള്‍, പാര്‍വതി എന്ന നടിക്ക് നേരെ ഉയര്‍ന്ന ക്രൂരമായ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലവും.

പൃഥ്വിരാജിന്റെ ‘വലിപ്പം’ നിങ്ങള്‍ക്കില്ലാതെ പോയി മിസ്റ്റര്‍ മമ്മൂട്ടി

സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഇദ്ദേഹത്തിന്റെ ആരാധനവൃന്ദം പാര്‍വതിയെ മാത്രമല്ല ആ കുട്ടി അംഗമായ WCC എന്ന സംഘടനക്കെതിരെ പോലും ആക്രമണം അഴിച്ചു വിടുമ്പോള്‍ മൗനം കൊണ്ട് ആശീര്‍വദിച്ചു പിന്‍വാങ്ങുന്ന നടനോട് അല്പമെങ്കിലും അവമതിപ്പു തോന്നാതെ നിവര്‍ത്തിയില്ല. ഈ ആരാധന പ്രതിഭാസം തിരിച്ചറിഞ്ഞത്, അതിന്റെ സാധ്യതകള്‍ മനസിലാക്കി പ്രോത്സാഹിപ്പിച്ചത് ഇതേ അഭിനേതാക്കള്‍ ആണ് എന്നും പറയാതെ വയ്യ. രസികന്‍ എന്ന സിനിമയില്‍ രസകരമായി തന്നെ സംവിധായകന്‍ താരാരാധനയുടെ ചില അവസ്ഥകള്‍ എങ്കിലും ചൂണ്ടി കാണിക്കുന്നു. താരാരാധന പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണ് എന്ന വിഷം പ്രേക്ഷകരില്‍ കുത്തിവെക്കാന്‍ ഇങ്ങനെ ചില സിനിമകള്‍ക്കെങ്കിലും സാധിച്ചു.

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

സ്ത്രീവിരുദ്ധത, ഒരു സിനിമയിലൂടെ എങ്ങനെ പ്രോത്സാഹപ്പിക്കപ്പെടുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് കസബ എന്ന സിനിമ എന്ന് മനസിലാക്കാന്‍ സിനിമ നിരൂപണം പഠിക്കണം എന്നില്ല. സ്ത്രീ, പുരുഷ സമത്വം ഇന്നും നമ്മുടെ സമൂഹത്തിന്റെ വിദൂര സ്വപ്നമാണ്, നമ്മുടെ സമൂഹത്തില്‍, സംസ്‌കാരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്ന ഒരു അവസ്ഥയാണ് സ്ത്രീ വിരുദ്ധത, അത് തുറന്നു കാണിക്കാന്‍ തീര്‍ച്ചയായും സിനിമ പോലുള്ള കലാരൂപങ്ങള്‍ ഉപയോഗിക്കാം. സ്ത്രീവിരുദ്ധത ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു ആവശ്യമാണ് എങ്കില്‍ തീര്‍ച്ചയായും അത് എതിര്‍ക്കപ്പെടേണ്ടതില്ല. മറിച്ച് സ്ത്രീകളെ വീണ്ടും പാര്‍ശ്വവത്കരിക്കാന്‍ സഹായകമായ ഡയലോഗുകള്‍, പ്രവര്‍ത്തികള്‍ അത് ഹീറോയിസത്തില്‍ പൊതിഞ്ഞു’ സാധാരണവത്കരിച്ചു കാണിക്കുന്നത് അപകടം തന്നെയാ ണ്. അത് തന്നെയാണ് കസബ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്തിരിക്കുന്നത്. പെണ്ണെന്നാല്‍ വെറും ശരീരമാണ്, ആസ്വാദനമാണ് എന്ന് വിളിച്ചു കൂവുന്നത് ഹീറോയിസത്തില്‍ പൊതിഞ്ഞ് പലപ്പോഴും വിളമ്പിയിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സിനിമയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെ ഉയരുന്ന ആക്രമണങ്ങളില്‍ ദര്‍ശിക്കാവുന്നത് കേരളത്തിന്റെ സാംസ്‌കാരിക അധഃപതനം തന്നെയാണ്. പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരോട് ഈ ആരാധകവൃന്ദങ്ങള്‍, ഇതേ നായകന്മാരുടെ ദാനധര്‍മങ്ങള്‍ വാഴ്ത്തി പറയുമ്പോള്‍, അറിയാതെ എങ്കിലും ചിന്തിച്ചു പോകുന്നത് ഈ ദാനപ്രവര്‍ത്തികളുടെ എല്ലാം മഹത്വം ഇത്രയേ ഉള്ളോ എന്ന് തന്നെ.

താരങ്ങളേ, ഇളകിയാര്‍ക്കുന്ന ഈ ഭക്തസംഘത്തെ പിരിച്ചുവിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

പ്രിത്വിരാജിനെ പോലെ ഉള്ള ചില നടന്മാര്‍ എങ്കിലും, സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കില്ല എന്ന നിലപാടുകളിലൂടെ വ്യത്യസ്തരാകുമ്പോള്‍ തന്നെ സ്വയമേ കംപ്ലീറ്റ് ആക്ടര്‍, ബെസ്‌ററ് ആക്ടര്‍ എന്ന വിശേഷണങ്ങളിലൂടെ സ്വയമേ നിരൂപണം നടത്താന്‍ പോലും തയാറാകാത്ത ചില നടന്മാര്‍ എങ്കിലും ‘സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറി’നെയാണ് ഓര്‍മിപ്പിക്കുന്നത്. തീര്‍ച്ചയായും ചില നടന്മാര്‍ക്കെങ്കിലും അഭിനയം, പണത്തിനുവേണ്ടി മാത്രമുള്ള ജീവിതോപാധിയാണ് എന്ന് അവര്‍ തന്നെ സമ്മതിച്ചു തരുമ്പോള്‍, കാലങ്ങളായി സിനിമയില്‍ നിറഞ്ഞു നിന്ന് പൊന്തന്മാട, വിധേയന്‍ തുടങ്ങിയ സിനിമകളില്‍ നിറഞ്ഞാടിയ ഒരു കലാകാരന്‍ വെറും സ്റ്റാര്‍ഡത്തിന് കീഴടങ്ങി വിമര്‍ശനങ്ങളെ സ്വാഗതം ചെയാത്തത് വിഷമമാണ്. സമൂഹത്തെ അത്രയധികം സ്വാധീനിക്കുന്ന കലയാണ് സിനിമ എന്ന തിരിച്ചറിവ് കലാകാരന്മാര്‍ക്ക് ആവശ്യമാണ്, താന്‍ എങ്ങനെയാണ് സമൂഹത്തെ, സംസ്‌കാരത്തെ സ്വാധീനിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍, അല്പമെങ്കിലും സാമൂഹിക പ്രതിബദ്ധത ഉണ്ടെങ്കില്‍ തിരക്കഥ തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ അവര്‍ ശ്രദ്ധാലുക്കളായിരിക്കും.

ഒരു വ്യക്തിക്ക് വിമര്‍ശിക്കുവാന്‍ പോലും കഴിയാത്ത വിധം ഇങ്ങനെയുള്ള താരാരാധനകള്‍ വളരുമ്പോള്‍, അതിന്റെ പേരില്‍ സാധാരണക്കാര്‍ ആക്രമിക്കപ്പെടുമ്പോള്‍, ഉത്തരവാദിത്തം ഏല്‍ക്കാന്‍ ഇതേ അഭിനേതാക്കള്‍ തയാറാകണം. കുറഞ്ഞ പക്ഷം സ്വന്തം സഹപ്രവര്‍ത്തകര്‍ക്കെതിരെ ഇങ്ങനെയുള്ള ആക്രമണം അഴിച്ചു വിടുമ്പോള്‍, തിരുവായ തുറന്ന് ആരാധകാവൃന്ദത്തെ നിലയ്ക്ക് നിര്‍ത്താനുള്ള കുറഞ്ഞ സംസ്‌കാരം എങ്കിലും കാണിക്കേണ്ടി ഇരിക്കുന്നു. അല്ലാത്ത പക്ഷം ഇതേ ആരാധകവൃന്ദത്തിന്റെ സംസ്‌കാരത്തിലൂടെ അഭിനേതാവിന്റെ സംസ്‌കാരത്തിനും വിലയിടാന്‍ പൊതുജനം നിര്‍ബന്ധിതരാകും.

‘പാര്‍വതിയാന്റിക്കും ഗീതുവാന്റിക്കും’ കൊടുക്കുന്ന മാസ് മറുപടികള്‍ മഹാനടന്മാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ…

നടിമാര്‍ സിനിമയ്ക്ക് രുചികൂട്ടുന്ന അജിനോമോട്ടോ അല്ല

നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല, വിപണി മൂല്യമുണ്ടാവില്ല; നടിമാര്‍ ‘അധിക പ്രസംഗം’ തുടങ്ങണം: പാര്‍വതി

ഉണ്ണികൃഷ്ണന്‍ ഒടുവില്‍ സമ്മതിച്ചു, വില്ലന്‍മാര്‍ ആരാധകരാണ്

സുരഭിക്കു വേണ്ടി രോഷം കൊള്ളുന്ന ആങ്ങള സമൂഹമേ, കേട്ടാലറയ്ക്കുന്ന വാക്കുകള്‍കൊണ്ട് അവരെ തെറിവിളിച്ചതൊക്കെ ഓര്‍മയുണ്ടോ?

റിച്ചിയെ വിമര്‍ശിച്ച രൂപേഷ് പീതാംബരനെ തെറി വിളിച്ച് മാപ്പ് പറയിച്ചു; നിവിന്‍ പോളി, ഫാന്‍സ് നിലവാരം നോക്കുമ്പോള്‍ താങ്കളും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍