UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്

എം ബി സന്തോഷ്

ട്രെന്‍ഡിങ്ങ്

സര്‍ക്കാരാപ്പീസിലേക്കാണോ? ഒരു കുപ്പി മണ്ണെണ്ണയും തീപ്പെട്ടിയും കരുതിക്കോളൂ…

മുഖ്യമന്ത്രി അധികാരമേറ്റ ഉടന്‍, ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഉദ്‌ബോധിപ്പിച്ചിരുന്നു. അതിപ്പോള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചത് നന്നായി. ഇനി അടുത്ത തവണത്തേക്കു വേണ്ടി ഈ പ്രസ്താവന തന്നെ കരുതി വച്ചിരുന്നാല്‍ മതിയാവും.

ഇനി സര്‍ക്കാര്‍ ഓഫീസില്‍ പോകുമ്പോള്‍ കാര്യം നടക്കണമെങ്കില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ കൂട്ടത്തില്‍ കരുതേണ്ട രണ്ടെണ്ണം കൂടി – ഒരു കുപ്പി മണ്ണെണ്ണയും തീപ്പെട്ടിയും. ഇവ ഇല്ലെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ പണം വേണം. പണം കൊടുക്കാനില്ലാത്തവര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ ബാലികേറാമലയാണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഒരു വയോധികന്‍. വയസ് 81. പേര് അബ്ദുള്‍ അസീസ്. ആലുവ മിനി സിവില്‍ സ്റ്റേഷനിലെ സിവില്‍ സപ്‌ളൈസ് ഓഫീസിലെ ‘കാര്യക്ഷമത’മൂലം മണ്ണെണ്ണയൊഴിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആള്‍.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ബി.പി.എല്‍ പട്ടിക പ്രകാരമുള്ള റേഷന്‍ കാര്‍ഡായിരുന്നു പുറമ്പോക്കില്‍ താമസിക്കുന്ന അസീസിനും ഭാര്യ ഫാത്തിമയ്ക്കും അനുവദിച്ചിരുന്നത്. അതുപയോഗിച്ചാണ് മറ്റ് നിവൃത്തിയൊന്നും ഇല്ലാതിരുന്ന ഹൃദ്രോഗികൂടിയായ കുടുംബനാഥനും ഭാര്യയും ചികിത്സ തേടിയിരുന്നത്. സര്‍ക്കാരാശുപത്രി ‘ധര്‍മ്മാശുപത്രി’ എന്ന പേരുപേക്ഷിച്ചിട്ട് ഒരുപാട് നാളായതിനാല്‍ അവിടെ ബി.പി.എല്‍ അല്ലാത്ത കാര്‍ഡും കൊണ്ടുപോയാല്‍ ഓരോന്നിനും പണം കൊടുക്കേണ്ടി വരും. അങ്ങനെ ബി. പി. എല്‍ കാര്‍ഡായിരുന്ന അസീസിന്റേത് 2016ല്‍ എ പി എല്ലായി. അതിനുള്ള വരുമാനം കൂടിയതായി കാര്‍ഡുഡമകള്‍ക്കറിയില്ല, നാട്ടുകാര്‍ക്കോ പഞ്ചായത്തംഗത്തിനുപോലുമോ അറിയില്ല. ഇനി ‘വരുമാനം’ കിട്ടാത്തതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ബി.പി.എല്‍ കാര്‍ഡ്, എ. പി. എല്ലാക്കിയതാണോ എന്നുമറിയില്ല. കടം വാങ്ങിച്ചായാലും കെട്ടുതാലി വിറ്റിട്ടായാലും കിട്ടേണ്ട കൈക്കൂലി കിട്ടാതെ പാവങ്ങളുടെ അര്‍ഹതപ്പെട്ട ആനുകാല്യങ്ങള്‍ നല്‍കാത്ത ഒരുപാട് ഉദ്യോഗസ്ഥര്‍ നമുക്കു ചുറ്റും ഒട്ടേറെയുണ്ട്. എറണാകുളം ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടുപോലും ഒരു പ്രയോജനവും ഉണ്ടായില്ല. ‘ചീഫ് സെക്രട്ടറിയെ വിളിച്ചോണ്ടുവാ’ എന്നായിരിക്കും കളക്ടറുടെ കത്തുമായെത്തിയപ്പോള്‍ ഉദ്യോഗസ്ഥന്റെ നിലപാട്.

‘എല്ലാം ശരിയാക്കാന്‍’ അധികാരമേറ്റവര്‍ ആദ്യം ശരിയാക്കിയത് വിജിലന്‍സിനെ ആയിരുന്നുവല്ലോ. മുമ്പ്, അഴിമതിക്കാരെ വല്ലപ്പോഴുമെങ്കിലും പിടികൂടി വിജിലന്‍സ് അത്തരക്കാരെ പേടിപ്പിച്ചു നിര്‍ത്തിയിരുന്നു. വിജിലന്‍സിന് പരാതി നല്‍കിയാല്‍ ഇപ്പോള്‍ പരിശോധനകള്‍ അപൂര്‍വ്വമാണ്. അതിനുകാരണം, അഴിമതി കൈയോടെ പിടിച്ച് തെളിവും തൊണ്ടിയും സഹിതം റിപ്പോര്‍ട്ടുചെയ്താലും ശിക്ഷ പലപ്പോഴും പിടികൂടിയ ഓഫീസര്‍ക്കായിരിക്കും. അതാണ്, വര്‍ത്തമാനകാല കേരളീയ അവസ്ഥ.

ഏറ്റവുമൊടുവില്‍ വിജിലന്‍സ് പിടികൂടിയത് പത്തനംതിട്ടയിലെ ജില്ലാ ജിയോളജിസ്റ്റ് എം എ വഹാബിനെയാണ്. പാറമടകളും മണ്ണെടുപ്പുമൊക്കെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പുറം വരുമാനത്തിന്റെ അക്ഷയഖനികളായിട്ട് കൊല്ലങ്ങളായി. ഇത്തവണ രണ്ടേകാല്‍ ലക്ഷം രൂപയുടെ അനധികൃത പണവുമായാണ് വഹാബ് പിടിയിലായത്. ഒറ്റ ദിവസത്തെ വരുമാനമാണിത്. ദോഷം പറയരുതല്ലോ, ആപ്പീസര്‍ വന്നിറങ്ങിയത് മണ്ണുകടത്തലുകാരന്റെ വണ്ടിയിലുമായിരുന്നു! അധികൃതര്‍ക്ക് ഇത് കൈക്കൂലിയാണെന്ന് പൂര്‍ണബോദ്ധ്യമുണ്ടെങ്കിലും അധികം വൈകാതെ ഇദ്ദേഹം രക്ഷപ്പെടും. കാരണം, ഇത് അധികൃത പണം ആണെന്ന് തെളിയിക്കാനുള്ള സൗകര്യം ബന്ധപ്പെട്ടവര്‍തന്നെ ചെയ്തുകൊടുക്കും. ഇതൊരു പരസ്പര സഹായ സഹകരണ സംഘമാണല്ലോ. 2009ലും വിജിലന്‍സിന്റെ പിടിയിലായ ഇയാളെ കോടതി രണ്ടുവര്‍ഷം തടവിവു ശിക്ഷിച്ചിട്ടും ഭരണകക്ഷി എം.എല്‍.എ ‘എല്ലാം ശരിയാക്കാന്‍’ ആവശ്യപ്പെട്ടതനുസരിച്ചാണത്രേ ഇദ്ദേഹം നിയമിതനായത്. മുന്‍ ജില്ലാ ജിയോളജിസ്റ്റ് സ്‌റ്റോപ് മെമ്മോ നല്‍കിയവ പാറമടകള്‍ക്കുപോലും അനുമതി കൊടുത്ത് ‘പിരിവ്’ ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടുപോകവേയാണ് നിവൃത്തിയില്ലാതെ വിജിലന്‍സിന് ഇയാളെ പിടികൂടേണ്ടി വന്നത്!

പക്ഷാഘാതമായി ആറുവര്‍ഷമായി ചികിത്സയിലായിരുന്ന ഇടുക്കി രാജാക്കാട് സര്‍വ്വേ ആന്റ് ലാന്റ് റവന്യൂ വകുപ്പിലെ ഫസ്റ്റ് ഗ്രേഡ് സര്‍വേയറായിരുന്ന തിരുവനന്തപുരം ചെങ്കല്‍ ഹേമചന്ദ്രന്‍ മരണത്തിന് കീഴടങ്ങി. അര്‍ഹമായ സ്ഥലംമാറ്റം നല്‍കാത്ത അധികൃതരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണം. ഈ ഉദ്യോഗസ്ഥന്‍ തന്നെ കൊല്ലാക്കൊല ചെയ്യുന്ന സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ കയറി ഇറങ്ങിയിട്ടും അര്‍ഹതപ്പെട്ട സ്ഥലംമാറ്റം കൊടുക്കാതെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തിന്റെ കണികപോലും ഇല്ലാത്തവരാണെന്ന് ഉറപ്പല്ലേ? സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്ന ഇക്കൂട്ടര്‍ പാവപ്പെട്ട സാധാരണക്കാരെ എങ്ങനെയാവും ‘ശരി’യാക്കുക? ഇവിടെ, ഹേമചന്ദ്രന്‍ ഒരു കുപ്പി മണ്ണെണ്ണയുമായി പോയി ഇതിനുത്തരവാദിയായ ഉദ്യോഗസ്ഥന്റെയോ അല്ലെങ്കില്‍ തന്റെ തന്നെയോ തലയില്‍ ഒഴിച്ചിരുന്നെങ്കില്‍ ഇതിനകം പരിഹാരം ഉണ്ടാകുമായിരുന്ന!

മണ്ണെണ്ണയുമായി പോയതുകൊണ്ടു മാത്രമാണ് അസീസിന് ഒറ്റ ദിവസത്തിനുള്ളില്‍ ബി.പി.എല്‍ കാര്‍ഡ് കിട്ടിയത്. മര്യാദയ്ക്ക് ചോദിച്ചപ്പോള്‍ ആലുവ താലൂക്ക് സിവില്‍ സപ്‌ളൈസ് ഓഫീസര്‍ പറഞ്ഞത് ‘കാര്‍ഡിന് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്’ എന്നായിരുന്നു. മണ്ണെണ്ണ തലയിലൊഴിച്ചപ്പോള്‍ ‘തിരുവനന്തപുരത്തെ’ കാര്‍ഡ് ഉടന്‍ ആലുവയില്‍ കിട്ടി! അതാണ് മണ്ണെണ്ണയുടെ ശക്തി! ആ റേഷന്‍ കാര്‍ഡ് മണ്ണെണ്ണ തലയിലൊഴിക്കും മുമ്പ് കൊടുക്കാമായിരുന്നു, അത് കൊടുക്കില്ല, സാധാരണക്കാരെ എത്രത്തോളം വട്ടം ചുറ്റിക്കാം എന്നതിന്റെ ഗവേഷണത്തിലാണല്ലോ ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍. ചേരിപ്പു നിര്‍മ്മാണക്കമ്പനികളുടെ ഏജന്റുമാരാണോ ഈ ഉദ്യോഗസ്ഥര്‍ എന്ന് സംശയമുണ്ട് – പാവങ്ങളുടെ ചെരിപ്പ് ആപ്പീസുകള്‍ കയറിയിറങ്ങി എത്രമാത്രം തേയുന്നുണ്ട് എന്നു കണ്ടുപിടിക്കാനാവണം ഈ ഉദ്യോഗസ്ഥര്‍ പാവങ്ങളെ ഇങ്ങനെ കേറ്റിയിറക്കുന്നത്!

ജീവനക്കാരെ സഹിതം വില്ലേജ് ഓഫീസ് തീയിട്ട സംഭവം ഭരണാധികാരികളുടെ മൂക്കിന്‍ തുമ്പില്‍ തിരുവനന്തപുരം ജില്ലയിലാണുണ്ടായത്. ഈ സംഭവങ്ങളിലെല്ലാം പ്രതികള്‍ ഉദ്യോഗസ്ഥരാണ്. കൊല്ലങ്ങള്‍ നടത്തിച്ചാലും അര്‍ഹതയുള്ളത് ചെയ്തുകൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. കൈക്കൂലി കൊടുക്കാത്തവര്‍ക്ക് അര്‍ഹതപ്പെട്ടവ കിട്ടില്ല. അത് തെളിഞ്ഞു കഴിഞ്ഞിട്ടും ആര്‍ക്കെതിരെയും നടപടിയില്ല. കാരണം, ഇതൊക്കെ ചെയ്യുന്നവരെ സംരക്ഷിക്കുന്നത് ഭരണകക്ഷി യൂണിയനുകളാണ്. അതുകൊണ്ട് അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല.

കെ.എസ്.ആര്‍.ടി.സി എന്ന വെള്ളാന നികുതിദായകര്‍ നല്‍കുന്ന പണം കൊള്ള ചെയ്യുന്ന സ്ഥാപനമായിരുന്നു. ഒരു ബസ്സെടുക്കുന്ന സ്വകാര്യ മുതലാളി മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ ബസ് എടുത്തിരിക്കും. കെ.എസ്.ആര്‍.ടി.സിക്ക് പക്ഷെ പുതിയ ബസ് നിരത്തിലിറക്കിയാലും നഷ്ടം, നഷ്ടം… മുമ്പ്  ബസ് സ്റ്റോപ്പില്‍ കൈകാട്ടുന്നവരെ കയറ്റാതെ പോവുന്നതായിരുന്നു ഡ്രൈവര്‍മാരുടെ ഹോബി. എന്നാല്‍, യാത്രക്കാരന്‍ കുളിമുറിയിലാണെങ്കില്‍ പോലും സ്വകാര്യ ബസ് കാത്തുനില്‍ക്കുന്ന അവസ്ഥ! ശമ്പളവും പെന്‍ഷനുമൊക്കെ മുടങ്ങിയതോടെ അവിടത്തെ തൊഴിലാളി മാറി. പക്ഷെ, അവിടത്തെ മാടമ്പികളായ യൂണിയന്‍ മുതലാളിമാര്‍ മാറാന്‍ തയ്യാറായില്ല. അതൊന്ന് ശരിയാക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച എം.ഡി രംഗത്തിറങ്ങുമ്പോള്‍ അയാളുടെ തന്തയ്ക്കു വിളിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം! യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ മറവില്‍ പണി ചെയ്യാതിരുന്നവരോട് പണി ചെയ്യാന്‍ പറയുന്നത് കുറ്റമല്ലേ?

മുഖ്യമന്ത്രി അധികാരമേറ്റ ഉടന്‍, ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഉദ്‌ബോധിപ്പിച്ചിരുന്നു. അതിപ്പോള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചത് നന്നായി. ഇനി അടുത്ത തവണത്തേക്കു വേണ്ടി ഈ പ്രസ്താവന തന്നെ കരുതി വച്ചിരുന്നാല്‍ മതിയാവും. ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനം കൃത്യസമയത്ത് നല്‍കാത്തതിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടിമുടി മാറും. അതിന് നിലവിലുള്ള സേവനാവകാശ നിയമം ധാരാളമാണ്. ആ നിയമം നടപ്പാക്കിയാല്‍ മതി. ശിക്ഷിക്കപ്പെടുന്നത് ഭരണകക്ഷി യൂണിയനില്‍പെട്ടവര്‍ ആയതിനാല്‍ നടപ്പാക്കേണ്ട എന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കണ്ണടയ്ക്കുമ്പോള്‍ മണ്ണെണ്ണയും തീപ്പെട്ടിയും ഇല്ലാതെ സര്‍ക്കാര്‍ ഓഫീസില്‍പോയിട്ട് പ്രയോജനമില്ലെന്ന് അനുഭവത്തിലൂടെ ഇവിടത്തെ സാധാരണക്കാരന് ബോധ്യപ്പെടുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഫയലിലെ ജീവിതം; പിണറായിയുടെ ജൂണ്‍ പ്രസംഗത്തിന് മരണംകൊണ്ട് ഒരു കര്‍ഷകന്‍റെ ഓര്‍മ്മപ്പെടുത്തല്‍

വൈകി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പൂ നല്കി സ്വീകരിച്ചതെങ്ങനെ രാജ്യദ്രോഹമാകും? മലപ്പുറത്ത് സംഭവിച്ചത്

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍