UPDATES

ട്രെന്‍ഡിങ്ങ്

നെഹ്റു വിരുദ്ധ പട്ടേൽ പ്രേമ രാഷ്ട്രീയത്തിന്റെ 182 മീറ്റര്‍

ആർ.എസ്.എസിനെ നിരോധിച്ച മനുഷ്യനോട് എന്തിന് അവർക്ക് മമത തോന്നണം? എന്തുകൊണ്ട് ഗാന്ധിയുടെയോ സവർക്കറുടേയോ പ്രതിമ ഉയരുന്നില്ല? എന്തിന്റെ ഏകതയാണ് ആർ.എസ്.എസ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്?

“നിങ്ങൾ ആർ.എസ്.എസിനെ ദണ്ഡ് കൊണ്ട് അടിക്കരുത്. അവർ കള്ളന്മാരും കൊള്ളക്കാരുമല്ല. അവർ ദേശാഭിമാനികളാണ്. അവരുടെ ചിന്തകളിൽ മാത്രമേ വ്യത്യാസമുള്ളു. കോൺഗ്രസുകാർ അവരെ സ്നേഹത്തിലൂടെ ജയിക്കണം…”
(സർദാർ വല്ലഭായ് പട്ടേൽ 1948 ജനുവരിയിൽ നടത്തിയ പ്രസംഗം)

മൂവായിരം കോടിയുടെ പ്രതിമ, കോൺഗ്രസുകാരനായ നേതാവ്, ആർ.എസ്.എസിനെ നിരോധിച്ച വ്യക്തി എന്നൊക്കെ വെറുതേയങ്ങ് പറഞ്ഞ് പോകാതെ എന്തിനവർ പട്ടേലിനെ തിരഞ്ഞെടുത്തു എന്ന് സൂഷ്മമായി വിശകലനം ചെയ്യേണ്ട ബാധ്യതകൂടി നമുക്കുണ്ട്.

ആർ.എസ്.എസിനെ നിരോധിച്ച മനുഷ്യനോട് എന്തിന് അവർക്ക് മമത തോന്നണം? എന്തുകൊണ്ട് ഗാന്ധിയുടെയോ സവർക്കറുടേയോ പ്രതിമ ഉയരുന്നില്ല? എന്തിന്റെ ഏകതയാണ് ആർ.എസ്.എസ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്? അങ്ങനെ നൂറായിരം ചോദ്യങ്ങളാണ് നമ്മുടെ മുന്നിലേക്കെത്തുന്നത്. സംശയരഹിതമായി പറഞ്ഞാൽ പട്ടേലിന്റെ എന്തെക്കെയോ ആർ.എസ്.എസിന്റെ ആശയഗതികളുമായി ചേർന്നു പോകുന്നുണ്ട്. ആ സാമ്യതകളാണ് 182 മീറ്ററായി ഇപ്പോൾ ഉയർന്ന് നിൽക്കുന്നത്.

ഗാന്ധി നെഹ്റു പട്ടേൽ ത്രയത്തിലെ ആദ്യ രണ്ടു പേർ സംഘപരിവാരത്തിന്റെ കണ്ണിലെ എക്കാലത്തേയും കരടും അവസാനത്തെയാളായ പട്ടേൽ അവർക്ക് പ്രിയങ്കരനുമായത് ചരിത്രപരമായ ചില യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ്.

ഗാന്ധി ഒരു മതേതരവാദിയും നെഹ്റു യുക്തിവാദിയും ആയിരുന്നു. പക്ഷേ പട്ടേലിന് അവരിൽ നിന്നും വിഭിന്നമായി വ്യക്തമായ ഒരു പ്രോ-ഹിന്ദുത്വ (ഹിന്ദു ഭൂരിപക്ഷ) മനോഭാവമായിരുന്നു ഉണ്ടായിരുന്നത്. എക്കാലത്തും പട്ടേലിന്റെ എതിർപക്ഷത്ത് സാക്ഷാൽ മുഹമ്മദലി ജിന്നയും മുസ്ലീങ്ങളുമായിരുന്നു എന്നത് ഈ വാദത്തിന് ബലം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ മുസ്ലീം വിരുദ്ധതയും ഹിന്ദു ദേശീയവാദത്തിലധിഷ്ടിതമായ ഒരു രാഷ്ടസങ്കൽപ്പവും പട്ടേലിനെ ചുറ്റിവരിഞ്ഞിരുന്നതായി പലപ്പോഴും കാണാനാകും. ഇന്ത്യ വിഭജിക്കപ്പെടണമെന്ന് പട്ടേൽ ആഗ്രഹിച്ചിരുന്നു. അത് മനസിലാക്കിയ ആസാദ് പട്ടേലിനെ ‘വിഭജനത്തിന്റെ ശിൽപി’ എന്നാണ് വിശേഷിപ്പിച്ചത്.

1937-ൽ ജിന്നയുടെ നേതൃത്വത്തിൽ ശക്തി പ്രാപിച്ച ലീഗിന്റെ ഉയർച്ചയോടെ പട്ടേലിന് മുസ്ലീങ്ങളോടുള്ള മനോഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിച്ചു. അവരുടെ ദേശീയതാ ബോധത്തിൽ പട്ടേൽ സംശയാലുവായി. വിഭജനത്തിൽ അത് മറനീക്കി പുറത്തുവന്നു. ജിന്ന-ഗാന്ധി കൂടികാഴ്ച്ചകളെ അദ്ദേഹം എതിർത്തു. ലീഗിന്റെ പ്രാധാന്യം കൂട്ടരുതെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ജിന്ന- കോൺഗ്രസ് പ്രശ്നം തീർക്കാൻ ആഗാഖാൻ നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളെ പരാജയപ്പെടുത്തിയത് പട്ടേലിന്റെ കടുംപിടുത്തവും അന്ധമായ ജിന്നാ വിരോധവും ആയിരുന്നു. വിഭജനമാണ് പട്ടേലിന്റെ മുസ്ലീം വിരുദ്ധതയെ വെളിച്ചത്ത് കൊണ്ടുവന്നത്.

വിഭജനാനന്തരം ഇന്ത്യയിൽ തങ്ങുന്ന മുസ്ലീങ്ങൾക്ക് ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ അഭയമൊരുക്കാനുള്ള നെഹ്റുവിന്റെ അഭിപ്രായത്തോട് പട്ടേൽ വിയോജിച്ചു. മാത്രമല്ല മുസ്ലീം അഭയാർത്ഥി ക്യാമ്പുകൾക്ക് സുരക്ഷ നൽകാൻ മുസ്ലീം ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന നിർദ്ദേശത്തെയും അദ്ദേഹം ശക്തമായെതിർത്തു. ബാക്കിയുള്ളവരും പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

കാശ്മീരായിരുന്നു അതിനുദാഹരണം. സർദാർ പട്ടേൽ ആയിരുന്നു കാശ്മീർ പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കിൽ കാശ്മീർ ഇന്ന് ഇന്ത്യയിൽ ഉണ്ടാകുമായിരുന്നോ എന്നതിൽ സംശയമുണ്ട്. കാരണം മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ പാക്കിസ്ഥാനൊപ്പം പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നെഹ്റുവിന്റെ കാശ്മീർ നിലപാട് പുനഃപരിശോധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്ന് മൗണ്ട് ബാറ്റനോട് പട്ടേൽ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ആർ.എസ്.എസ്- ഹിന്ദുമഹാസഭാംഗങ്ങൾക്ക് കോൺഗ്രസിൽ അംഗത്വം നൽകാനും അദ്ദേഹം ശ്രമിച്ചിരുന്നു. നെഹ്റുവിന്റെ കർശനമായ എതിർപ്പിനെ തുടർന്ന് അത് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരത്തിൽ കോൺഗ്രസ് പാർട്ടിക്കകത്ത് പോലും ആർ.എസ്.എസിനു വിസിബിലിറ്റി ഉണ്ടാക്കുന്നതിൽ പട്ടേൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു.

പക്ഷേ ഗാന്ധി വധം അക്ഷരാർത്ഥത്തിൽ പട്ടേലിനെ പിടിച്ചുലച്ചു. ആർ.എസ്.എസിനെ നിരോധിക്കാൻ അദ്ദേഹം നിർബന്ധിതനായി. പക്ഷേ നിരോധനം എന്നെന്നേക്കുമുള്ളതായിരുന്നില്ല എന്നത് പിൽക്കാല ചരിത്രം. പട്ടേലിന്റെ ശരീരം മാത്രമല്ല കൂറ്റൻ പ്രതിമയായി ഉയർന്നു നിൽക്കുന്നത്. അദ്ദേഹം ചരിത്രത്തിന്റെ വഴിത്താരയിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ കൂടിയാണ്. അതൊരു യാഥാസ്ഥിതിക ഹിന്ദു ദേശീയവാദിയുടെ മനോഭാവത്തിന് അനുപൂരകമായവയാണ്. പട്ടേലിൽ നിന്ന് ഗോഡ്സയെ പിൻപറ്റുന്നവർക്ക് സ്വീകരിക്കാനുള്ളത് ഇതൊക്കെയാണ്.

നെഹ്റു ഒരു ജനതയേയും പട്ടേൽ ഒരു രാഷ്ട്രത്തേയും സൃഷ്ടിച്ചു എന്ന് വെറുതെ പറഞ്ഞ് പോകാതെ, ഹിന്ദു അധികാര രാഷ്ട്രവും ബഹുസ്വര ജനതയും തമ്മിലുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ സൂഷ്മ വിശകലനം ചെയ്തുവെങ്കിൽ മാത്രമേ ഇന്നത്തെ നെഹ്റു വിരുദ്ധ പട്ടേൽ പ്രേമ രാഷ്ട്രീയത്തെ മനസിലാക്കാനാകു.

യഥാർത്ഥത്തിൽ പട്ടേൽ പ്രേമമല്ല, മുസ്ലീം വിരുദ്ധതയും തീവ്ര ഹിന്ദുദേശീയവാദവുമാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഈ നിലപാടുകൾക്കപ്പുറത്തൊരു പട്ടേലുകൂടിയുണ്ട്. അഹിംസയാണെന്റെ മാർഗ്ഗമെന്നും ഗാന്ധി സേനയിലെ വെറുമൊരു നിരായുധൻ മാത്രമാണ് താനെന്നും പറഞ്ഞുവെച്ച പട്ടേൽ, അതു പക്ഷേ സംഘപരിവാറിനു പരിചയമുണ്ടാകില്ലെന്നുമാത്രം.

References

1.Menon, V.P (1961), The story of the integration of the Indian States , Orient Longmans.
2.Nayar, Kuldip (1969). Beyond the lines . Allied Publishers.
3.Muneer,M K(1997)Fascisavum Sangaparivarum.Olive Publications.

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

ഇന്ത്യയുടെ നിലനില്‍പ്പിനെ കുറിച്ച് ചോദ്യം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് സ്റ്റാച്യു ഓഫ് യൂനിറ്റി: പ്രധാനമന്ത്രി

അരുണ്‍ ദ്രാവിഡ്

അരുണ്‍ ദ്രാവിഡ്

റിസേര്‍ച്ച് സ്കോളര്‍, സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ്, എം ജി സര്‍വ്വകലാശാല, കോട്ടയം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍