UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ട്രെന്‍ഡിങ്ങ്

ആക്ടിവിസ്റ്റുകളെ മല ചവിട്ടിക്കണ്ട, അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചാല്‍ മതി

ശബരിമല പ്രശ്നത്തെ ഈ സമയത്ത് വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഒരു സംഘട്ടനമായി വഴിതിരിച്ച് വിടാന്‍ മരുന്ന് നല്‍കുന്നു എന്നത് തന്ത്രപരമായി ഒരു വലിയ പിഴവാണ്

ലിബി സി.എസ് എന്ന ജേര്‍ണലിസ്റ്റ് യുവതി ശബരിമല കയറാനായി ചെല്ലുകയും വഴിയില്‍ തടയപ്പെടുകയും ചെയ്തത് വ്യാഴാഴ്ചയായിരുന്നു. തങ്ങള്‍ നാല് യുവതികള്‍ മലകയറാന്‍ പോകുന്നു എന്നും അതില്‍ താനും മറ്റൊരാളും നാസ്തികരും മറ്റ് രണ്ട് പേര്‍ വിശ്വാസികളും ആണ് എന്ന് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടശേഷമായിരുന്നു മലകയറാന്‍ അവര്‍ എത്തിയത്.
തടയപ്പെട്ടതോടെ അവര്‍ സര്‍ക്കാരിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോടതിവിധി അനുസരിച്ച് മലകയറാന്‍ എത്തിയവരുടെ ആരാധനാ സ്വാതന്ത്ര്യം നിവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തി എന്നതാവും സര്‍ക്കാരിനെതിരായ പരാതി; അതുവഴി വിധി നടപ്പിലാക്കുന്നതില്‍ അലംഭാവം കാട്ടി എന്നതും.

ഇന്നലെ രഹന ഫാത്തിമ എന്ന സ്ത്രീപക്ഷ ആക്ടിവിസ്റ്റായ യുവതിയും തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയും മലകയറാന്‍ എത്തി. ഇതില്‍ രഹനയും ഒരു പ്രഖ്യാപിത അവിശ്വാസിയാണ്. ഇവര്‍ പൊലീസ് സംരക്ഷണയില്‍ വലിയ നടപ്പന്തല്‍ വരെ വരികയും ചെയ്തു. എന്നാല്‍ പ്രതിഷേധം കടുത്തതോടെ അവിടെനിന്നങ്ങോട്ട് കയറാനാവാതെ മലയിറങ്ങുകയും ചെയ്തു. ഇവരും കോടതിയെ സമീപിക്കുമോ എന്ന കാര്യം വെളിപ്പെട്ടിട്ടില്ല.

കാര്യങ്ങള്‍ ഇത്രയുമാകുമ്പോഴേക്ക് ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ മറ്റൊരു വഴിത്തിരിവിലേയ്ക്ക് എത്തുകയാണ്.

അവിശ്വാസി/വിശ്വാസി

ശബരിമല പ്രശ്നം നാളിതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് വിശ്വാസികള്‍ക്കിടയിലെ ഒരു പ്രശ്നം എന്ന നിലയില്‍ ആയിരുന്നു. വിശ്വാസ പ്രമാണങ്ങളില്‍, ആചാരാനുഷ്ഠാനങ്ങളില്‍ കാലികമായ പരിഷ്കാരങ്ങള്‍ ആവശ്യമല്ലേ എന്നതായിരുന്നു സംവാദ കേന്ദ്രം. എന്നാല്‍ ഇപ്പോള്‍ അത് മാറുന്നു, അഥവാ മാറ്റപ്പെടുന്നു.

നട തുറന്ന ദിവസം തന്നെ ഇവിടെ നടക്കുന്ന പുക്കാറൊന്നും അറിയാതെ ഒരു അന്യസംസ്ഥാനക്കാരി യുവതി മല ചവിട്ടാനെത്തിയിരുന്നു. അവരെ പോലെ വേറെയും പലര്‍ ഉണ്ടായിരുന്നിരിക്കാനാണ് സാധ്യത. എന്നിട്ടും അവരുടെ പേര് ഓര്‍മ്മയില്‍ നില്‍ക്കാത്തവണ്ണം അപ്രധാനമായാണ് ആ വാര്‍ത്ത കൈകാര്യം ചെയ്യപ്പെട്ടത്. എന്നാല്‍ ലിബിയുടെയും രഹനയുടെയും മലകയറ്റം അങ്ങനെ ആയിരുന്നില്ല. എന്തുകൊണ്ട്?

വിധിക്കെതിരെ കലാപമുയര്‍ത്തുന്നവര്‍ ആദ്യം മുതലേ ഉന്നയിച്ചുവരുന്ന ഒരു വാദമാണ് ഇത് വിശ്വാസത്തെ തകര്‍ക്കാനായി അവിശ്വാസികള്‍ കൊടുത്ത അന്യായമാണ് എന്നത്. ഇതിന്റെ ലക്ഷ്യം ശബരിമല ഒരു തീര്‍ത്ഥടന കേന്ദ്രം എന്നതിലുപരി വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് എന്നുമൊക്കെ അവര്‍ കൂട്ടിച്ചേര്‍ത്ത് കൊഴുപ്പിച്ചിരുന്നു. വിധി വന്ന ശേഷം അവര്‍ വിശ്വാസികളെ താക്കീത് ചെയ്തതും ഉണര്‍ന്ന് പ്രതികരിച്ചില്ലെങ്കില്‍ ശബരിമല ഒരു ടൂറിസം കേന്ദ്രമാകും എന്നായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ സെലക്ടീവ് ആഘോഷങ്ങള്‍ ചേര്‍ത്ത് വായിച്ചാല്‍ മനസിലാകും ഈ പാരഡൈം ഷിഫ്റ്റിന്‍റെ പിന്നിലെ ലക്ഷ്യം.

വിശ്വാസികള്‍ക്കിടയിലെ ഒരു പ്രശ്നം എന്ന നിലയില്‍ പോലും അതിവൈകാരികമായ നിലപാടാണ് സമരാനുകൂലികളുടെത്. ആചാരങ്ങളില്‍ പരിഷ്കരണം ആവശ്യപ്പെടുന്ന ആരും വിശ്വാസിയല്ല, വിശ്വാസത്തിന്റെ ശത്രുവാണ് എന്നതാണ് പ്രചാരണം. അങ്ങനെയിരിക്കെയാണ് ഇത്തരം ഒരു വഴിത്തിരിവ്.

യാഥാസ്ഥിതികവാദികളായ ആര്‍ത്തവ കലാപകാരികളുടെ വാദ കോലാഹലങ്ങള്‍ക്ക് പുതിയൊരു ലിപി ലഭിച്ച പ്രതീതിയാണ് പിന്നെ. ശബരിമല വിധിതന്നെ വിശ്വാസികള്‍ക്ക് എതിരേ അവിശ്വാസികള്‍ നടത്തിയ ഒരു ഗൂഡാലോചനയാണ് എന്നതിന് ഇനി വേറെ തെളിവ് വേണോ എന്നായി!

യുക്തിവാദി എന്തിന് മലചവിട്ടുന്നു?

തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം പാടില്ല എന്ന വാദം ചോദ്യം ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. അതിന് യുക്തിപരവും ആത്മീയപരം തന്നെയുമായ കാരണങ്ങളുണ്ട്.

ഒരാരാധനാലയവും ചരിത്രത്തില്‍ നിലനില്‍ക്കുന്നത് കേവലം വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടല്ല. അവ ചരിത്രവുമായി ബന്ധപ്പെട്ട, നിര്‍മ്മാണ വിദ്യയുമായും, കല, സാഹിത്യ, സംഗീതങ്ങളുമായി ബന്ധപ്പെട്ട അച്ചടിക്കാത്ത പാഠപുസ്തകങ്ങള്‍ കുടിയാണ്.

മതമോ, വിശ്വാസമോ നോക്കി ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്ക് ഇവിടങ്ങളിലെക്ക് പ്രവേശനം നിഷേധിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ചരിത്രവും നിര്‍മ്മാണ വിദ്യയും കല, സാഹിത്യ, സംഗീതാദികളും ഒക്കെയാവും. കാരണം സുക്ഷ്മമായ നിരീക്ഷണ പഠനങ്ങള്‍ ആവശ്യപ്പെടുന്നവയാണ് ഇവയൊക്കെ. ഒപ്പം ഇവിടങ്ങളില്‍നിന്ന് തന്നെ ഉയര്‍ന്നുവരുന്ന അവകാശ തര്‍ക്കങ്ങളും മറ്റും തീര്‍പ്പാക്കാനും മറ്റും കാലഗണന ഉള്‍പ്പെടെ ആധുനിക ഉപാധികളും വേണം എന്നിരിക്കെ അത്തരം വിദഗ്ധരെയൊക്കെ വിശ്വാസം നോക്കിയേ കയറ്റുകയുള്ളൂ എന്ന വാദം പ്രായോഗികമല്ല.

ആരാധനാലയം ആര്‍ക്കുള്ളത് എന്നതിന് വിശ്വാസിക്ക് എന്ന് പൊതുവേ പറയാമെങ്കിലും പ്രായോഗികമായി അത് അത്ര എളുപ്പമല്ല. കാരണം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒഴികെ സാധാരണ ഗതിയില്‍ ഇത്തരം സ്ഥലങ്ങള്‍ മാനുഷികമായ ഒത്തുചേരലിന്റെ ഇടങ്ങളായാണ് നിലനില്‍ക്കുക. അവിടെ മതം തിരിച്ചറിഞ്ഞ്, വിശ്വാസം അളന്ന് പ്രവേശനം എന്ന ഒരു പരിപാടിയില്ല, അത് പ്രായോഗികമല്ല.

ഇനി ഇതൊക്കെ വിട്ടാലും ഹിന്ദു ആത്മീയതയ്ക്കുള്ളില്‍ നിന്ന് ഭക്തി രണ്ട് നിലയില്‍ സാധ്യമാണ്. ആരാധനാ ഭാവേനയുള്ള ഭക്തി, വിരോധ ഭാവേനയുള്ള ഭക്തി. നരസിംഹം നിഗ്രഹിച്ച ഹിരണ്യകശിപു എന്ന ആജീവനാന്ത വിഷ്ണു വിരോധി എങ്ങനെ സ്വര്‍ഗ്ഗത്തിലെത്തി? അപ്പോള്‍ തീവ്ര വിരുദ്ധ ദ്വന്ദങ്ങളെ വരെ അംഗീകരിക്കാന്‍ പോന്നത്ര വഴക്കമുള്ള ഹിന്ദു ആത്മീയതയില്‍ അവിശ്വാസികള്‍ക്ക് പോലും വിലക്ക് ആത്മീയമായി സാധ്യമല്ല. പിന്നെ ഉടമസ്ഥാവകാശം വച്ച് മാത്രമേ നടക്കൂ.

തത്വം പറഞ്ഞിട്ടെന്ത് കാര്യം!

ഇവിടെ വിഷയം അതൊന്നുമല്ല. ഈ സമയം അത്തരം താത്വിക തര്‍ക്കവിതര്‍ക്കങ്ങള്‍ക്കുള്ള സാവകാശവും ശ്രദ്ധയും തെല്ലും തരുന്നതുമല്ല. ഒരു പറ്റം മനുഷ്യര്‍ തങ്ങളുടെ വിശ്വാസം വൃണപ്പെടുന്നു, ദൈവത്തിന്റെ ബ്രഹ്മചര്യം തകര്‍ക്കപ്പെടുന്നു എന്നൊക്കെ പറഞ്ഞ് അവരില്‍ തന്നെയുള്ള ഒരു ന്യൂനപക്ഷത്തിനെതിരെ കൊലവിളി മുഴക്കി നില്‍ക്കുന്നു. ഇവര്‍ അന്യരാജ്യ സൈനികകരൊന്നുമല്ല താനും; ഈ രാജ്യത്തെ പൌരഗണങ്ങളാണ്. അവര്‍ക്കെതിരേ പട്ടാള നടപടിയും വെടിവയ്പ്പും സാധ്യമാണോ? എന്നാല്‍ നിയമം കയ്യിലെടുത്ത് നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ അതിനനുവദിച്ചുകൊണ്ട് ഭരണ സംവിധാനങ്ങള്‍ക്ക് കൈ കെട്ടി നില്‍ക്കാനാവുമോ?

ശരിക്കും ഒരു പ്രതിസന്ധി ഘട്ടമാണിത്. അതിനെ പ്രകോപനം കൊണ്ട് നേരിടുക തന്ത്രപരമായി എത്രത്തോളം സാധുവാണ്‌ എന്നതാണ് ചോദ്യം. ഇവിടെ തത്വം പറഞ്ഞിട്ടൊന്നും കാര്യമില്ല. സമരക്കാരുടെത് ഒറ്റ ആവശ്യമാണ്. വിധി നടപ്പിലാക്കരുത്. ചര്‍ച്ചയാവുമ്പോള്‍ എന്തെങ്കിലുമൊക്കെ വാദങ്ങള്‍ ഉന്നയിക്കേണ്ടേ. അതിനായി അവര്‍ നൈഷ്ഠിക ബ്രഹ്മചര്യമാണ് എന്നും, വിവേചനമില്ല, നിയന്ത്രണമേ ഉള്ളൂ എന്നുമൊക്കെ പറയുന്നു എന്ന് മാത്രം. ഇവിടെ വേണ്ടത് നിലപാടില്‍ നിന്ന് പിന്നോക്കം പോകാതെ തന്നെ ഈ ജനരോഷം ഒന്ന് അടങ്ങാന്‍ ആവശ്യമായ സമയമാണ്. അതുപയോഗിച്ച് മാത്രമേ ആശയപ്രചരണം സാധ്യമാകൂ. എന്നാല്‍ ഇതിനിടയില്‍ ഉണ്ടാകുന്ന ഓരോ പ്രകോപനവും കാര്യങ്ങളെ അവര്‍ക്ക് അനുകൂലമായ ഒരവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയാണ്.

ഇത് മാത്രമല്ല, നിയമപരമായ ചില പ്രശ്നങ്ങളും ഇവിടെ ഉയരുന്നുണ്ട്.

ശബരിമല വിധി

ഇതില്‍ നിയമപരമായി ചില സംശയങ്ങളുണ്ട് എന്ന് പറഞ്ഞത് ഇവയാണ്.

1. എന്റെ പരിമിതമായ നിയമപരിജ്ഞാനത്തിനുള്ളില്‍ നിന്ന് പറഞ്ഞാല്‍ ഇത് സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ കയറാനുള്ള അവകാശത്തിനായി സ്ത്രീകള്‍ കൊടുത്ത അന്യായത്തില്‍ വന്ന അനുകൂല വിധിയല്ല. അങ്ങനെ ഒരു അന്യായം സാധുവാക്കും വിധം ഒരാരാധനാലയത്തിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരവസ്ഥ നിലനില്‍ക്കുന്നുമില്ല.

2. ആരാധനാലയങ്ങള്‍ പൊതുസ്ഥലങ്ങളല്ല. ആയിരുന്നുവെങ്കില്‍ അവയെ ചൊല്ലിയുള്ള അവകാശ തര്‍ക്കങ്ങള്‍ കോടതി പരിഗണനയ്ക്ക് എടുക്കേണ്ട കാര്യമില്ലല്ലോ.

3. ഇത് ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ വിലക്ക് എന്ന പ്രശ്നമാണ്. അത് വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്യപ്പെട്ടതും തീര്‍പ്പാക്കിയതും. അതുകൊണ്ട് തന്നെ അവിശ്വാസിയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു സ്ത്രീ ഈ വിധിയുടെ പരിധിയില്‍ വരുമോ?

4. അവിശ്വാസികള്‍ക്കും ആരാധനാലയങ്ങളില്‍ കയറാം എന്ന നിലയില്‍ വിധിയെ തെറ്റായി വ്യാഖ്യാനിക്കുന്നതും അതുവഴി ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ കോടതിക്ക് ഒരു കാരണമായി തീരുകയാണെങ്കില്‍ അത് നാം സ്വയം ഇരന്നുവാങ്ങിയ ഒന്നാവില്ലേ?

തന്ത്രപരമായ പിഴവ്

ശബരിമല പ്രശ്നത്തെ ഈ സമയത്ത് വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഒരു സംഘട്ടനമായി വഴിതിരിച്ച് വിടാന്‍ മരുന്ന് നല്‍കുന്നു എന്നത് തന്ത്രപരമായി ഒരു വലിയ പിഴവാണ്. ഈ വിധിയിലുടെ എല്ലാ ആരാധാനാലയങ്ങളിലും കയറാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശം കൈവരുന്നു എന്ന വ്യാഖ്യാനം മറ്റ് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും നിലവിലുള്ള ഫോക്കസിനെ തന്നെ മാറ്റുകയും ചെയ്യില്ലേ?

വിശ്വാസികളും മലകയറാന്‍ ആഗ്രഹിക്കുന്നവരുമായ സ്ത്രീകള്‍ ഭയന്ന് കയറാതിരിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയെ മുന്‍നിര്‍ത്തി ഒരു ഇനീഷ്യേറ്റീവ് എന്ന നിലയില്‍ എടുത്താലും ഇത് ഗുണത്തെക്കാള്‍ ദോഷമേ ചെയ്യൂ. വിശ്വാസികളായ സ്ത്രീകള്‍ക്ക് ആര്‍ത്തവം അശുദ്ധിയായി കണ്ട് വിലക്ക് പ്രഖ്യാപിക്കുന്നത് അന്യായമല്ലേ എന്ന് ന്യായമായും ചിന്തിക്കുന്ന സ്ത്രീ വിശ്വാസികളും ഉണ്ടാവും. അവരെ അതല്ല പ്രധാന വിഷയം, മറിച്ച് വിശ്വാസത്തിന് മേല്‍ അവിശ്വാസം നേടുന്ന വിജയമാണ്, അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ് എന്ന് വിശ്വസിപ്പിക്കാനും ഈ പ്രകോപനം കൊണ്ടാവും.

അവിശ്വാസികളായ പുരുഷന്മാര്‍ക്ക് മല ചവിട്ടാന്‍ വിലക്കൊന്നും ഇല്ലാതിരിക്കെ അവിശ്വാസികളായ സ്ത്രീകള്‍ക്ക് മാത്രം എന്ത് വിലക്ക് എന്നൊരു ചോദ്യവും ഉണ്ടാകാം. ഇവിടെ പ്രശ്നം വിശ്വാസമല്ല, അവിശ്വാസമാണ്. പത്ത് വയസ്സ് ആകാത്ത, ഏജ് ഓഫ് കണ്‍സന്റ്റ് എത്താത്ത കുട്ടികളുടെ വിശ്വാസം എന്ത് അളവുകോല്‍ വച്ച് അളക്കും?

എന്നാല്‍ പ്രഖ്യാപിത യുക്തിവാദിയായ ഒരു പുരുഷന്‍ ആചാരാനുഷ്ഠാനങ്ങളെ(അതിന്റെ സത്ത എത്ര പരിഹാസ്യമായാലും) വെല്ലുവിളിച്ചുകൊണ്ട് മലകയറിയപ്പോഴൊക്കെ അവര്‍ക്കെതിരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. മകര വിളക്ക് എന്ന കള്ളത്തരം പൊളിക്കാനായി പോയ യുക്തിവാദികള്‍ക്ക് പണ്ട് നേരിട്ട ആക്രമണം തന്നെ തെളിവ്. ഇനി, പ്രശസ്ത യുക്തിവാദിയായ സനല്‍ ഇടമറുക് അനുഭവിക്കുന്ന നിര്‍ബന്ധിത പ്രവാസം (എന്നുവച്ചാല്‍ നാടുകടത്തല്‍) എടുക്കുക. ഒരു പ്രകോപനവും ഇല്ലാതെയാണ് അത് സംഭവിച്ചത്. ലളിതമായ ഒരു ശാസ്ത്ര സത്യം വിശദീകരിച്ചതിന്റെ പേരില്‍. ദൌര്‍ഭാഗ്യവശാല്‍ അത് ഒപ്പം ഒരു വിശ്വാസ കച്ചവടത്തെയും പൊളിച്ചു. സനല്‍ നാടുകടത്തപ്പെടുകയും ചെയ്തു.

അപ്പോള്‍ അതാണ്‌ നമ്മുടെ രാജ്യം. അതില്‍ ഒരു മാറ്റമാണ് നാം ആഗ്രഹിക്കുന്നത് എങ്കില്‍ അത് കേവല പ്രകോപനങ്ങള്‍ കൊണ്ട് സാധ്യമാവില്ല.

മറുപുറം

എന്നാല്‍ ഇതിനൊരു മറുപുറവും ഉണ്ട്, ഒരുപക്ഷെ ഇതുവരെ പറഞ്ഞുവന്നതിനേക്കാള്‍ പ്രസക്തമായ ഒന്ന്. രഹനയും ലിബിയും ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളുടെ ചില നിലപാടുകളോട് പ്രശ്നാധിഷ്ടിതമായ വിയോജിപ്പുണ്ട് എന്നതുകൊണ്ട് അവര്‍ പ്രതിനിധാനം ചെയ്യുന്ന ലിംഗ തുല്യത, അവസര സമത്വം തുടങ്ങിയ മുല്യങ്ങളോടുള്ള ഐക്യദാര്‍ഢ്യം ഒരുനിലയിലും റദ്ദ് ചെയ്യപ്പെടുന്നില്ല. മറിച്ച് ഇത്തരം ചര്‍ച്ചകള്‍ വഴി അത് കൂടുതല്‍ പ്രസക്തമാവുകയാണ്‌.

ഇവരുടെ ഫേസ്ബുക്ക് താളുകളില്‍, ഇവരും ഇവരുടെ നിലപാടുകളും പരാമര്‍ശ വിധേയമാകുന്ന ഗ്രൂപ്പുകളില്‍ ഒക്കെയും ഒരുപോലെ ഉണ്ടാകുന്ന വംശീയവും ലിംഗപരവുമായ അധിക്ഷേപ വിരേചനങ്ങള്‍ കാണിക്കുന്നത് ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ എത്രത്തോളം പിന്നോക്കമാണ് എന്നാണ്. അത്തരം ഒരു തിരിച്ചറിവിനെ ട്രിഗര്‍ ചെയ്യുന്ന ഘടകം എന്ന നിലയില്‍ ഇവരുടെ പ്രകോപനങ്ങള്‍ക്ക് പോലും അതിന്റേതായ സാംസ്കാരിക പ്രസക്തിയുണ്ട്. ഇത്തരം തെറിയഭിഷേകക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ എന്ത് നടപടി ഉണ്ടായിട്ടുണ്ട്? ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരെ, ഭരണകൂട സദാചാരത്തിനെതിരെ ഒരു രാജ്യത്തെ ഭൂരിപക്ഷം നിലപാടെടുത്താല്‍ തന്നെയും ആ ഭൂരിപക്ഷകലാപത്തെ കലാപമായി കണ്ട് അടിച്ചമര്‍ത്തി പുലരേണ്ടതാണ് ജനാധിപത്യം. സംശയമുണ്ടോ ഇപ്പോള്‍? എന്നാല്‍ ഇത് പറഞ്ഞതിന് ദീപക്‌ ശങ്കരനാരായണന്‍ എന്ന മനുഷ്യനെതിരെ എടുത്ത കേസ് എന്തായി? മേല്‍പ്പറഞ്ഞ ടീമുകള്‍ക്ക് എതിരേ പക്ഷെ എന്തെങ്കിലും നടപടി തന്നെ ഉണ്ടായിട്ടുണ്ടോ?

ഈ പ്രത്യേക വിഷയത്തില്‍ പൊലീസ് നടപടികള്‍ പ്രശംസനീയമാണ് എന്ന് വ്യക്തം. പക്ഷേ അതുകൊണ്ടായില്ല. രഹന ഫാത്തിമ ശബരിമല വിധി വന്നതിനെ തുടര്‍ന്ന് ഇട്ട ഒരു പോസ്റ്റിന്റെ പേരില്‍ ‘വിശ്വാസികള്‍’ അവരുടെ വീടാക്രമിച്ചിരുന്നു. സമാനമായ ആക്രമണം മലകയറുന്നു എന്ന് പോസ്റ്റ്‌ ഇട്ടതിന്റെ പശ്ചാത്തലത്തില്‍ ലിബിക്കെതിരെയും നടന്നിരുന്നു എന്നാണ് മനസിലാകുന്നത്. ഇതില്‍ എന്ത് നടപടി എടുത്തു എന്നറിയില്ല. രഹനയുടെ വീടിന് ഇപ്പോള്‍ പോലീസ് സംരക്ഷണം ഉണ്ട് എന്നും മനസിലാക്കുന്നു. പക്ഷെ അവര്‍ക്ക് നീതി ഉറപ്പ് വരുത്തണമെങ്കില്‍ അവരുടെ വീടാക്രമിച്ച, കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ കൊണ്ട് അവരുടെ പ്രപിതാമാഹരെവരെ അധിക്ഷേപിച്ച മനുഷ്യാധമര്‍ അര്‍ഹിക്കുന്ന നിയമ നടപടിക്ക് വിധേയമാകുന്നു എന്ന് ഉറപ്പ് വരുത്തണം.

അവിടെനിന്ന് പിറകോട്ടെ ഈ സ്ത്രീകളുടെ നിലപാടുകളെ നമുക്ക് സാംസ്കാരിക വിമര്‍ശനത്തിന് വിധേയമാക്കാന്‍ കൂടി അവകാശമുള്ളു. അതായത് ശബരിമലയില്‍ ആക്ടിവിസ്ടുകള്‍ക്ക് പ്രവേശനം നല്‍കുന്നതല്ല കോടതി വിധി. അതുകൊണ്ട് അത് പാലിക്കാന്‍ പോലീസിനോ, സര്‍ക്കാരിനോ നിയമപരമായ ഒരു ബാധ്യതയും ഇല്ലായിരിക്കാം. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യത്തില്‍ നിയമപരവും സാംസ്കാരികവുമായ ബാധ്യത ഉണ്ട്.
അത് നിവര്‍ത്തിക്കപ്പെടുന്നു എന്നത് കൂടി ഉറപ്പാക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇന്ന് അയ്യപ്പ ദര്‍ശനം നടത്തിയ 52കാരിയുടെ കണ്ണില്‍ കണ്ടത് ആത്മീയ സാക്ഷാത്ക്കാരമല്ല, പച്ചയായ ഭയമാണ്

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍