UPDATES

ഡോ. ഷിബി കെ

കാഴ്ചപ്പാട്

On History

ഡോ. ഷിബി കെ

നായര്‍-കത്തോലിക്ക-ലീഗ് സഖ്യം വീണ്ടുമൊന്നിച്ച ശബരിമലയിലെ ‘വിമോചന സമരം’: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ ചരിത്രപരമായ കാരണങ്ങള്‍

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കേണ്ടതില്ല എന്നായിരുന്നു പാർട്ടി നേതൃത്വം നിലപാടെടുത്തിരുന്നതെങ്കിൽ കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം ഇടതുപാര്‍ട്ടികള്‍ കേരളത്തിലുണ്ടാകുമായിരുന്നില്ല

ഡോ. ഷിബി കെ

“ദേവന്മാരെയും ദൈവങ്ങളെയും വിട്ടിട്ട് ഞങ്ങളുടെ പള്ളികളെയും പിടികൂടുമെന്നായിരുന്നു എന്റെ സംശയം…” (പിഎസ്‌പി എംഎല്‍എ ജോസഫ് ചാഴികാട്ട് 1958-ല്‍ ജന്മിക്കരം സ്വീകരിക്കല്‍ നിരോധന നിയമ ചര്‍ച്ചക്കിടയില്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍)

2019 ലോക്സഭ ത‍െരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ വലിയ പരാജയത്തെ സംബന്ധിച്ച് ആശയവ്യക്തതകളെക്കാള്‍ ആശയക്കുഴപ്പങ്ങളാണ് നിലനില്‍ക്കുന്നത്. നരേന്ദ്ര മോദി-ബിജെപി ഭീഷണിക്കെതിരെ ഇടതുപക്ഷം സൃഷ്ടിച്ചെടുത്ത പൊതുവികാരം ഫലത്തില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായെന്നതും, ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഇടതുസർക്കാർ കൈക്കൊണ്ട നിലപാടിനെതിരെ പൊതുജനം പ്രതികരിക്കുകയായിരുന്നുവെന്നതുമെല്ലാം ഇടതുപക്ഷത്തിനേറ്റ പരാജയത്തിന്റെ കാരണങ്ങളായി പാർട്ടി ബുദ്ധിജീവികളും ഇടത് സമൂഹവും വിലയിരുത്തുന്നതായി കാണാം.

എന്നാല്‍ റേഷൻ കടയിൽ നിന്നുള്ള അരി മുടങ്ങിയതും പാചകവാതകത്തിന്റെയും പെട്രോളിന്റെയും വിലകൂടിയതും തൊഴിലുറപ്പുകാരുടെ പണികുറഞ്ഞതുമെല്ലാമല്ലാതെ മോദിയോട് കേരളസമൂഹത്തിന് ഒന്നടങ്കം പകയും വൈരാഗ്യവും സൂക്ഷിക്കാൻ മതിയായ കാരണങ്ങളുണ്ടോയെന്നത് ആലോചിക്കേണ്ട വിഷയമാണ്. മോദിയോ ബിജെപിയോ കേരളസമൂഹത്തിന് ഒന്നടങ്കം പകയുണ്ടാക്കുന്ന, അല്ലെങ്കില്‍ സമൂഹത്തിന്റെയാകെ ബഹിഷ്കരണത്തിന് പാത്രമാകാന്‍ പോന്ന അസഹിഷ്ണുത സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയുന്നത് ഇടത് കേന്ദ്രങ്ങള്‍ക്ക് ആഹ്ലാദമുണ്ടാക്കിയേക്കാം. പക്ഷെ ആ വാദം അതിശയോക്തിപരമാണെന്ന് കരുതാനാണ് വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരാള്‍ക്ക് കഴിയുക. മോദിവിരുദ്ധമായ പൊതുവികാരത്തിന്റെ തള്ളിച്ച കോൺഗ്രസ്സിനനുകൂലമായി വന്നു എന്ന വാദം അത്രകണ്ട് യുക്തിസഹമല്ല. വോട്ടിങ് മെഷീനിൽ കോൺഗ്രസ്സിനനുകൂലമായ ഒരു വൻ മായാജാലം നടന്നുവെന്ന് കരുതാനും വയ്യ. ഇതിനര്‍ത്ഥം ജനങ്ങളുടെ തീരുമാനമെടുക്കലിനെ ഈപ്പറഞ്ഞ ഘടകങ്ങള്‍ യാതൊരു വിധത്തിലും സ്വാധീനിച്ചിരുന്നില്ലായെന്നല്ല. അവയെയെല്ലാം ചൂഴ്ന്നു നില്‍ക്കുന്ന മറ്റൊരു ഘടകത്തിന്റെ സാന്നിധ്യം ഈ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു.

ഇടതുപക്ഷത്തിനേറ്റ വലിയ പരാജയത്തിനു പിന്നില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട ഉറച്ച നിലപാടിനെതിരെയുള്ള പൊതുജനവികാരത്തെ കാണാന്‍ ന്യായങ്ങളേറെയുണ്ട്. ഇടതുപക്ഷം ഇത്തരമൊരു ഇടപെടല്‍ കേരളസമൂഹത്തില്‍ നടത്തുന്നത് ഇതാദ്യമല്ല എന്നതിനാല്‍ത്തന്നെ മുന്നനുഭവങ്ങളെ പഠിക്കാനും വിശകലനം ചെയ്യാനും പ്രയാസമില്ല. അത്തരം അനുഭവങ്ങളെല്ലാം പറയുന്നത് ഒരേ കഥയാണ്. കേരളചരിത്രത്തിലുടനീളവും, ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം പ്രത്യേകിച്ചും, മതങ്ങളോടും സമൂഹത്തിലെ ആചാരാനുഷ്ഠാനങ്ങളോടും കലഹിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍, നാടുവാഴിത്വത്തിന്റെയും ഫ്യൂഡൽ മാടമ്പിത്തരത്തിന്റെയും അസ്ഥിക്ക് പിടിക്കുംവിധം നിയമ നിർമ്മാണം നടത്തേണ്ടി വന്ന സന്ദര്‍ഭങ്ങളിലുമെല്ലാം പൊതുജനമദ്ധ്യത്തില്‍ ഏതാണ്ടൊറ്റപ്പെടുകയും തെരെഞ്ഞെടുപ്പുകളില്‍ വലിയ പരാജയം അനുഭവിക്കുകയും ചെയ്ത ചരിത്രമുണ്ട് ഇടതുപക്ഷത്തിന്. ആധുനികവും പുരോഗമനപരവുമായ നിയനിർമ്മാണങ്ങൾ നടത്തി, ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനിക ജനസമൂഹമായി വളര്‍ന്ന ഇന്നത്തെ കേരളത്തെ വാർത്തെടുത്തത് ഇടതുപക്ഷം ചരിത്രത്തിൽ നാടുവാഴി-ഫ്യൂഡൽ-മത-മാടമ്പിമാരോട് നടത്തിയിട്ടുള്ള നിരന്തരമായ കലഹത്തിലൂടെയാണ്. ഈ കലഹങ്ങളെല്ലാം പൊതുജനമദ്ധ്യത്തിലും പൊതുതെരെഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനെതിരെ വലിയതോതിൽ പൊതുവികാരമുണ്ടാക്കിയ ചരിത്രമാണ് നമുക്കുള്ളത്. ആ ചരിത്രത്തെയും അതിൽ നിന്നുള്ള പാഠങ്ങളെയും നമ്മൾ ഇടക്കാലത്ത് ഒട്ടൊന്ന് മറന്നുപോയിട്ടുണ്ടോയെന്ന് സന്ദേഹിക്കാവുന്നതാണ്.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരമായ നീക്കങ്ങളായിരുന്നു 1957 മുതല്‍ക്ക് ജന്മിക്കരനിരോധന നിയമവും കാർഷികബന്ധബില്ലും വിദ്യാഭ്യാസബില്ലും ആരോഗ്യരംഗത്തെ ബില്ലുമെല്ലാം വഴി ഇടതുപക്ഷം നടത്തിയത്. ഈ ബില്ലുകള്‍ക്കു വേണ്ടി നാടുവാഴി-ഫ്യൂഡൽ-മത-മാടമ്പിമാരോട് ഇടതുപക്ഷം നടത്തിയ വലിയ പോരാട്ടങ്ങള്‍ അന്നത്തെ കേരള സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന താഴ്ന്നജാതിവിഭാഗങ്ങൾക്കും തൊഴിലാളികൾക്കും ഉപകാരപ്രദമായതും ന്യൂനപക്ഷങ്ങളായ ജന്മിമാർക്കും നാടുവാഴി-ഫ്യൂഡൽ-മാടമ്പിമാർക്കും എതിരെയുള്ളതുമായിരുന്നു. ഈ ആധുനിക-പുരോഗമനാശയങ്ങളെ നയിച്ചത് പൊതുസമൂഹത്തിലെ എണ്ണത്തിൽ വളരെ ചുരുക്കമുള്ള, ഉയര്‍ന്ന പൊതുബോധം സൂക്ഷിക്കുന്ന ഇടത് ബുദ്ധിജീവികളും നേതാക്കന്മാരുമായിരുന്നു. ഈ നിയനിർമ്മാണങ്ങളെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വന്നപ്പോൾ ജനപക്ഷത്തോടൊപ്പം നിൽക്കുന്ന ആശയങ്ങളുടെ അവതാരകരായിരുന്നിട്ടും അന്നത്തെ പൊതുസമൂഹം ജന്മിമാരോടൊപ്പമായിരുന്നു നിലപാടെടുത്തത്.

എന്നിരിക്കിലും, കേരളം മുമ്പോട്ടു നടന്നുനീങ്ങിയത്, ഇതേ പുരോഗമനാശയങ്ങളുടെ മുകളിലൂടെത്തന്നെയാണെന്ന് നമുക്കറിയാം. കേരളചരിത്രം നടന്നു നീങ്ങിയത്, സമൂഹം വളർന്നത്, നാടുവാഴി-ഫ്യൂഡൽ-മാടമ്പിമാരോടൊപ്പമായിരുന്നില്ല. മറിച്ച് തെരെഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുകൊണ്ടു തന്നെ ഇടതുപക്ഷം നടത്തിയ ആശയ പോരാട്ടങ്ങളോടൊപ്പമായിരുന്നു. ഇന്ന് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് നിലപാടെടുത്ത ഇടതുപക്ഷക്കാര്‍ക്കിടയിലോ അവരുടെ നേതാക്കള്‍ക്കിടയിലോ ബുദ്ധിജീവികള്‍ക്കിടയിലോ ഉള്ളവരല്ല നാളെ അവിടെ പ്രവേശിച്ച് ആരാധന നടത്താൻ പോകുന്ന സ്ത്രീസമൂഹമെന്നത് തീര്‍ച്ചയാണ്. അത് തീർച്ചയായും ഇന്ന് എതിര്‍പ്പുന്നയിച്ച വലത്-തീവ്രവലത് ആശയഗതികള്‍ പുലര്‍ത്തുന്നരും ഇടതുപക്ഷത്തിനകത്തു തന്നെയുള്ള ഭക്തജനസമൂഹവുമായിരിക്കും. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇടതുസമൂഹം മുമ്പോട്ടുവെച്ച, നടപ്പാക്കിയ ആശയങ്ങളെത്തന്നെയാണ് നാളെത്തെ കോൺഗ്രസ്സുകാരും ബിജെപിക്കാരുമടങ്ങുന്ന പൊതുസമൂഹം തങ്ങളുടെ അവകാശങ്ങളായിക്കാണാന്‍ പോകുന്നത്. അവര്‍ അവയുടെ സംരക്ഷകരായി മാറുന്നതും നാം കാണാനിരിക്കുന്നതേയുള്ളൂ. ഇവയെല്ലാം ചരിത്രസഞ്ചാരമാര്‍ഗത്തിലെ വെറും സ്വാഭാവികത മാത്രമാകുന്നു. പറയാനുള്ള പ്രത്യേകത ഒന്നുമാത്രമാണ്—ഇത് ചരിത്രത്തിലൂടനീളം സംഭവിച്ചിട്ടുള്ളതാണ്!

‘ഒരുകാലത്തും ഈശ്വരവിശ്വാസികള്‍ക്ക് മറക്കാന്‍ നിര്‍വ്വാഹമില്ലാത്ത’ കാര്യങ്ങള്‍ ചെയ്ത ഇടതുപക്ഷം

കാർഷികബന്ധനിയമം നടപ്പിൽ വന്നതിനു ശേഷം അതിന്റെ നടപടിയിലുണ്ടായ പല ദൂഷ്യം കൊണ്ട് ദേവാലയങ്ങളും പൂട്ടിയിടേണ്ട പരിതസ്ഥിതിയുണ്ടായി. അത് ശരിയല്ലെന്നു കണ്ട് അങ്ങനെയുള്ള സങ്കേതങ്ങള്‍ നിലനിർത്തേണ്ടയാവശ്യത്തിന് ന്യായമായ ഏർപ്പാടുകൾ ഇതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് ഒരു കാലത്തും ഈശ്വരവിശ്വാസികൾക്ക് മറക്കാൻ നിർവ്വാഹമില്ല”,  പ്രജാ സോഷ്യലിസ്റ്റ് നേതാവും, പില്‍ക്കാലത്ത് നായർ സർവ്വീസ് സൊസൈറ്റി രൂപീകരിച്ച എന്‍‌‍ഡിപി (നാഷണല്‍ ഡെമോക്രാറ്റിക് പാർട്ടി സെക്യൂലര്‍) എന്ന കക്ഷിയിലേക്ക് മാറി മാവേലിക്കര മണ്ഡലത്തില്‍ നിന്ന് ജയിച്ച് മന്ത്രിയാകുകയും ചെയ്ത എന്‍ ഭാസ്കരൻ നായർ 1963ല്‍ നിയമസഭയിൽ ഒരു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതിൽ നിന്നുള്ള ഭാഗമാണിത്. 1957-ല്‍ ഇഎംഎസ് സര്‍‍‍ക്കാർ കൊണ്ടുവന്ന കാർഷികബന്ധബില്ല് പൊളിച്ചെഴുതുന്നതിനുള്ള ഭേദഗതികൾ ചർച്ച ചെയ്യുകയായിരുന്നു നിയമസഭയില്‍. കമ്മ്യൂണിസ്റ്റ് സർക്കാർ ‘ഈശ്വരവിശ്വാസികൾക്ക് മറക്കാൻ നിർവ്വാഹമി’ല്ലാത്ത ചിലതെല്ലാം 57ലെ ബില്ലില്‍ ചെയ്തു വെച്ചിട്ടുണ്ടെന്നാണ് ഭാസ്കരൻ നായർ ആരോപിക്കുന്നത്.

ഏഷ്യയിലെ തന്നെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭയാണ് 1957-ലേത്. അന്നുമുതൽ ‘ഈശ്വരവിശ്വാസികൾക്ക് മറക്കാൻ നിർവ്വാഹമില്ലാത്ത’ ചില കാര്യങ്ങൾ ഇടത് ഗവൺമെന്റ് ചെയ്തിട്ടുണ്ട് എന്ന ‘ഖ്യാതി’ ഇടതുപക്ഷത്തിനുണ്ട്. പുരോഗമന-ആധുനിക-വികസന ആശയങ്ങളെ മുൻനിർത്തി ഒരു ആധുനിക കേരളത്തെ വാർത്തെടുക്കുന്ന ചരിത്രഘട്ടത്തിൽ മതത്താലും ആചാരങ്ങളാലും ഇടത് ഗവൺമെന്റ് നേരിട്ട തടസ്സങ്ങളുടെ സ്വഭാവം ഏതാണ്ടൊക്കെ വിശദീകരിച്ചു തരാന്‍ എന്‍ ഭാസ്കരന്‍ നായരുടെ ഈ വാക്കുകള്‍ക്ക് കഴിയുന്നുണ്ട്.

ഐക്യകേരളം രൂപീകരിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ഇടത് ഗവൺമെന്റിന് ഇടപെടേണ്ടിയിരുന്ന എല്ലാ സാമൂഹിക മേഖലകളിലും മതവും ആചാരവും വലിയ വിലങ്ങുതടികളായി നിലകൊണ്ടിരുന്നു. മദ്ധ്യകാല ഭൂബന്ധങ്ങളും നാടുവാഴിത്തവും ജാതീയതയും കീഴ്വഴക്കങ്ങളുമെല്ലാം കൊളോണിയൽ കാലത്തും തുടർന്നുവന്നിരുന്നു. ഇക്കാരണത്താല്‍ തന്നെ കർഷകർക്ക് ഭൂമിയിൽ സ്ഥിരാവകാശം നൽകാനുള്ള ഭൂനിയമവും, പരമ്പരാഗത ജന്മിമാരുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസമേഖലയെ ജനാധിപത്യവത്ക്കരിക്കാനുള്ള വിദ്യാഭ്യാസബില്ലും കൊണ്ടുവരാന്‍ 1957-ലെ ഇടത് ഗവൺമെന്റ് നേരിട്ട പ്രതിബന്ധങ്ങളില്‍ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടായിരുന്നു.  എന്നാല്‍ ഈ വെല്ലുവിളികളേക്കാളും മറികടക്കാന്‍ ദുഷ്കരമായിത്തീര്‍ന്നത് മതാചാരങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളവയായിരുന്നു. ഈ ബില്ലുകളുടെയെല്ലാം നിര്‍മ്മാണവേളയില്‍ നടന്ന ചർച്ചകൾ പരിശോധിച്ചാൽ കേരളം ഇന്നെത്തി നിൽക്കുന്നിടത്തേക്കെത്താന്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് മതാചാരസംരക്ഷകരായ കോൺഗ്രസ്-പ്രജാ സോഷ്യലിസ്റ്റ്-ലീഗ് നേതാക്കളിൽ നിന്നുണ്ടായ വെല്ലുവിളികൾ എത്ര വലുതായിരുന്നുവെന്ന് മനസ്സിലാക്കാം. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്യുലറുമൊന്നും ഇന്നില്ലെങ്കിലും അവയുടെ പിന്മുറക്കാര്‍ മറ്റു വേഷങ്ങളണിഞ്ഞ് ഇന്നും സമൂഹത്തില്‍ സജീവമാണ്.

1950-കളിൽ കേരളത്തിലെ ഭൂവ്യവസ്ഥ എന്തായിരുന്നുവെന്ന് ഇന്ന് ശബരിമലയില്‍ ‘റെഡി ടു വെയ്റ്റ്’ സമരം നടത്തിയ ഉയര്‍ന്ന ജാതിക്കാരികള്‍ക്ക് പിന്തുണ കൊടുത്ത പിന്നാക്ക-ദളിത് യുവതികള്‍ക്ക് അറിവുണ്ടായിരിക്കാന്‍ വഴിയില്ല. ഭൂമി മുഴുവനും ദേവസ്വവും ബ്രഹ്മസ്വവുമായിരുന്ന കാലമാണത്. വെറും 70 കൊല്ലങ്ങള്‍ക്കിടയിലെ കാര്യമാണ് പറയുന്നത്. ശേഷിച്ച ഭൂമിയിലാകട്ടെ നാടുവാഴിസ്വരൂപങ്ങളും ഇതര ജന്മിമാരും നിറയെ ക്ഷേത്രങ്ങളുണ്ടാക്കിയിരിക്കുകയാണ്. ഇങ്ങനെ ദേവസ്വ-ബ്രഹ്മസ്വ-നാടുവാഴി ക്ഷേത്രഭൂമികളൊഴിച്ചു നിർത്തിയാൽ ശേഷിക്കുന്നവ വളരെ തുച്ഛമായിരുന്നു. മേൽപ്പറഞ്ഞ എല്ലാ ഭൂമികളിലും കുടികിടപ്പുകാരും പാട്ടക്കാരും ശമ്പളപാട്ടക്കാരും വാരക്കാരുമെല്ലാം കൃഷിചെയ്ത് താമസിച്ചു വന്നിരുന്നു. സ്ഥിരാവകാശം കർഷകർക്ക് ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവന്നപ്പോള്‍ നടന്ന വലിയ പുകിലുകളെ അപേക്ഷിച്ച് ശബരിമലയില്‍ കണ്ടവയെല്ലാം തീരെ ചെറുതാണ്. എല്ലാ ഭൂമികളും ഈ സ്ഥിരാവകാശ നിയമപരിധിക്കകത്ത് ഉൾപ്പെട്ടിരുന്നു. എങ്കിലും കാർഷികബന്ധബില്ല് വന്നപ്പോൾ ക്ഷേത്രഭൂമികളെയും പൊതുധർമ്മസ്ഥാപനങ്ങളുടെ ഭൂമികളെയും സീലിങ്ങിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ ജന്മിക്കരം സ്വീകരിക്കൽ നിരോധന നിയമം കൊണ്ടുവന്നപ്പോൾ ക്ഷേത്രഭൂമിയിൽ പാട്ടക്കാരനായ ഒരാൾക്ക് ആ ഭൂമി മര്യാദപ്പാട്ടം കൊടുത്ത് വിലയ്ക്ക് വാങ്ങാനുള്ള അവസരം നിഷേധിക്കാനാണ് കോൺഗ്രസ്സും ലീഗും പിഎസ്‌പിയും ശ്രമിച്ചത്.

ആദ്യകാല കോൺഗ്രസ് നേതാവും പില്ക്കാലത്ത് പിഎസ്പിയിൽ കക്ഷി ചേർന്നയാളുമായ പട്ടം താണുപിള്ള അവകാശപ്പെട്ടത് കാർഷികബന്ധബില്ല് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തില്‍ 1954ല്‍ പിഎസ്‌പി കൊണ്ടുവന്നതാണെന്നായിരുന്നു. “…The PSP Government introduced this bill. This is not quite different from the past one. In the bill the PSP Government stated that excess land may be leased. The present one stated that excess land may be purchased…” എന്നാണ് കാർഷികബന്ധബില്ല് അവതരിപ്പിക്കവെ അദ്ദേഹം നിയമസഭയില്‍ പ്രസംഗിച്ചത്. കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നിയമമാക്കുമ്പോഴും അന്നത്തെ പ്രതിപക്ഷനേതാവ് പിടി ചാക്കോ പറഞ്ഞതും കുടിയൊഴിപ്പിക്കൽ നിരോധനം രാജ്യത്ത് നേരത്തേയുള്ളതാണെന്നും, അതിന്റെ വക്താക്കൾ അവര്‍ തന്നെയാണെന്നുമായിരുന്നു. ആ അവകാശവാദങ്ങളില്‍ വാസ്തവമുണ്ടായിരുന്നെങ്കില്‍ ഈ നിയമങ്ങളത്രയും പാസ്സാക്കിയെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ കോൺഗ്രസ്സിന്റെയും പിഎസ്‌പിയുടെയും ഭാഗത്തുനിന്ന് ഇത്ര ശക്തമായ എതിർപ്പുകൾ വരേണ്ട കാര്യമെന്തായിരുന്നു?

കോൺഗ്രസും പിഎസ്‌പിയുമെല്ലാം യഥാര്‍ത്ഥ കര്‍ഷരായി കണക്കാക്കിയിരുന്നത് ജന്മിമാരെയായിരുന്നു എന്നതാണ് കാര്യം. ‘പാവപ്പെട്ടവനായ ജന്മി’യെന്നും ‘പാവം ബ്രാഹ്മണ’നെന്നുമുള്ള പ്രയോഗങ്ങള്‍ നിയമസഭ ചര്‍ച്ചകളിലെല്ലാം കോൺഗ്രസ്സും പിഎസ്പിയും പറയുന്നത് കേള്‍ക്കാം. “…യഥാര്‍ത്ഥ കര്‍ഷകന്‍ കൃഷി ചെയ്യാന്‍ പാകപ്പെടുത്തിയിരിക്കുന്ന ഭൂമിയില്‍ അവനു കൈവശാവകാശം സ്ഥാപിച്ചുകൊടുക്കാതെ അവനെ മാറ്റി തങ്ങളുടെ ആളുകള്‍ക്ക് കൈവശപ്പെടുത്തി കൊടുക്കുന്നതിനായിട്ടാണ് ഇവര്‍ വെമ്പല്‍ കൊള്ളുന്നത്. സര്‍, എല്ലാവിധ ഒഴിപ്പിക്കലും നിരോധിച്ചുകൊണ്ട് ഗവണ്‍മെന്‍റ് ഒരു ആര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനെപ്പറ്റി സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍മാര്‍ അറിയുന്നതിനു മുമ്പുതന്നെ, ഈ ആര്‍ഡിനന്‍സ് പരസ്യം ചെയ്യുന്നതിനുമുമ്പ് എല്ലാ കമ്മ്യൂണിസ്റ്റ് സെല്ലുകളിലും അറിവ് ലഭിച്ചിരുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. എവിടയെല്ലാം പാവപ്പെട്ടവന്റെ ഭൂമിയുണ്ടോ എവിടയൊക്കെ ഗവണ്‍മെന്‍റു പുറമ്പോക്കു ഭൂമിയുണ്ടോ, അവിടവിടയൊക്കെ തങ്ങളുടെ ആളുകളെ കേറ്റിക്കൊള്ളണമെന്നാണ് നിര്‍ദ്ദേശം കൊടുത്തിരുന്നത്. ആണ്ടില്‍ 6 മാസം തികച്ച് കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ഒരു പാവം നമ്പൂതിരിയുടെ ഇല്ലത്തിനു മുമ്പില്‍ രണ്ട് മൂന്ന് കുടിലുകള്‍ വച്ചുകെട്ടി തടസ്സപ്പെടുത്തിയപ്പോള്‍ തുണിയഴിച്ചിട്ട് തുള്ളിയ ഒരു സംഭവമുണ്ടായി…” എന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി. ഒ. ബാവ 1957ല്‍ കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനുള്ള അവസരത്തില്‍ പ്രസംഗിച്ചിരുന്നത് ഭൂമിയുള്ള പാവപ്പെട്ട ജന്മിമാര്‍ക്കും ജന്മിയായ ‘പാവം നമ്പൂതിരിമാര്‍’ക്കും വേണ്ടിയായിരുന്നു. ഭൂമിയില്ലാത്ത, കമ്മ്യൂണിസ്റ്റുകാരായ കുടിയാന്മാരുടെ കയ്യേറ്റമാണ് അവിടത്തെ പ്രധാന ഭൂപ്രശ്നമെന്നായിരുന്നു കോൺഗ്രസ്സ് അടങ്ങുന്ന പാര്‍ട്ടികളുടെ വാദം.

”ജന്മിമാര്‍ മൈനോറിറ്റിയാണ്. മജാറിറ്റിയുടെ ശക്തി അവരില്‍ പ്രയോഗിച്ചാല്‍ അതു വലിയ ശാപമായിരിക്കും. ബ്രാഹ്മണശാപം നമുക്ക് വരുത്താന്‍ പാടില്ല. കേരളത്തിലുള്ള ബ്രാഹ്മണര്‍ മുഴുവന്‍ ഒന്നാകെ ശപിച്ചാല്‍ ചിലപ്പോള്‍ ഫലിച്ചേക്കും. കമ്മ്യൂണിസ്റ്റ്കാർക്ക് ശാപഭയമില്ലായിരിക്കും”, എന്നാണ് പ്രജാസോഷ്യലിസ്റ്റ് മെമ്പറായ ജോസഫ് ചാഴിക്കാട് 1957-ൽ ജന്മിക്കരം പെയ്മന്റ് അബോളിഷന്‍ ആക്റ്റ് പരിഗണിക്കുന്ന സന്ദര്‍ഭത്തില്‍ നിയമസഭയിൽ പ്രസംഗിച്ചത്. പ്രസിഡണ്ടിന്റെ അനുമതിക്കായി കേന്ദ്രത്തിലേക്ക് പോയ ബില്ല് ദേവാലയങ്ങളെയും ബ്രാഹ്മണരെയും ജന്മിമാരെയും സംരക്ഷിക്കണമെന്ന നിർദ്ദേശത്തോടെ തിരിച്ചുവന്നു. പിന്നീട്, കേന്ദ്രം നിർദ്ദേശിച്ച ഭേദഗതികളോടെ, അതായത് ദേവാലയ-ബ്രാഹ്മണ-ജന്മി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ബില്ലായി 1960ലെ കോൺഗ്രസ്സ് ഗവൺമെന്റ് ഈ നിയമത്തെ അട്ടിമറിക്കുകയും ചെയ്തു. 1957 മുതൽ ഇടത് ഗവൺമെന്റ് നിയമനിർമ്മാണത്തിൽ നടത്തിയ, സമൂഹത്തിന്റെ മര്‍മ്മത്തില്‍ തൊടുന്ന എല്ലാ ശ്രമങ്ങളും കേന്ദ്രഗവൺമെന്റിന്റെ, അതായത് അന്നത്തെ നെഹ്റുവിയൻ കോൺഗ്രസ്സിന്റെ അനുമതിയില്ലാതെ തിരിച്ചുവരികയാണുണ്ടായത്. ജന്മിക്കരം സ്വീകരിക്കൽ നിരോധനം അതിലൊന്നുമാത്രമാണ്.

കൃഷിയിടത്തിൽ അധ്വാനിക്കുന്ന യഥാർത്ഥ കർഷകന് ഭൂമി വിലകൊടുത്തു വാങ്ങാനുള്ള അവസരമുണ്ടാക്കി എന്നതാണ് ഇടതുപക്ഷം അന്ന് ചെയ്ത വലിയ ‘പാപം’. ജന്മിനിന്ദയെക്കാളുപരി ബ്രാഹ്മണനിന്ദയായും, ദേവാലയങ്ങളോടു ചെയ്ത മഹാപാപമായും കോണ്‍ഗ്രസ് അതിനെ വ്യാഖ്യാനിച്ചു. ക്ഷേത്രത്തിന് നഷ്ടപരിഹാരം പണമായോ ബോണ്ടുകളായോ നൽകാമെന്ന വ്യവസ്ഥയിലാണ് നിയമം. എന്നാൽ, പാവപ്പെട്ട കർഷകർ അധികാരികൾ ആവശ്യപ്പെടുന്ന പാട്ടവും ജന്മിക്കരവും കൊടുത്ത് നാടുവാഴി-ജന്മി പ്രഭുക്കന്മാരുടെ ക്ഷേത്രങ്ങളെയും ബ്രാഹ്മണരെത്തന്നെയും എല്ലാക്കാലവും പോറ്റണമെന്നതായിരുന്നു ഈ ദൈവകോപവും ബ്രാഹ്മണകോപവും ഒഴിവാക്കാനുള്ള ഏകമാർഗ്ഗമായി കോണ്‍ഗ്രസ്-ലീഗ്-പിഎസ്‌പി കക്ഷികള്‍ ആവശ്യപ്പെട്ടത്. അന്നത്തെ പ്രതിപക്ഷ നേതാവും എക്കാലത്തെയും കോണ്‍ഗ്രസ്സിലെ പ്രബലനേതാവുമായിരുന്ന പി. ടി ചാക്കോ 1960ല്‍ അധികാരത്തിലേറിയപ്പോള്‍, കാര്‍ഷികബന്ധബില്ലില്‍ വ്യവസ്ഥപ്പെടുത്തിയിരുന്ന, കർഷകന് ഭൂമി വിലകൊടുത്തു വാങ്ങാനുള്ള വകുപ്പിനെ മരവിപ്പിക്കുന്നത് ദേവസ്വം പ്രതിനിധികളുടെ ആവശ്യാര്‍ത്ഥം എന്ന വ്യാജേനയാണ്.

“…ദേവസ്വങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഒരു ആനുവിറ്റി കൊടുക്കുക എന്നുള്ള തത്വം കാര്‍ഷികബന്ധനിയമത്തില്‍ അംഗീകരിച്ചിരുന്നു. പക്ഷെ, കൊടുക്കാന്‍ നിശ്ചയിച്ചിരുന്ന ആനുവിറ്റി ദേവസ്വം ഭൂമിക്കു കിട്ടുന്ന മര്യാദപ്പാട്ടം എത്രയാണോ ആ തുകയായിരുന്നു. കാര്‍ഷികബന്ധ നിയമം അനുസരിച്ച് മര്യാദപ്പാട്ടം എന്നു പറയുന്നത് ആ ആക്ടനുസരിച്ച് നിശ്ചയിക്കുന്ന മര്യാദപ്പാട്ടമോ അല്ലെങ്കില്‍ കോണ്‍ട്രാക്ട് പാട്ടമോ ഏത് കുറവ് അതാണ്. ദേവസ്വത്തിന്റെ പ്രതിനിധികള്‍ വളരെ വ്യക്തമായി കാര്യകാരണസഹിതം ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്തി ഈ വ്യവസ്ഥ നടപ്പിലാക്കിയാല്‍ എല്ലാ ദേവസ്വങ്ങളും അടച്ചുപൂട്ടേണ്ടിവരും. സര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊണ്ടുവന്ന ഒരു നിയമത്തിന്‍റെ ഫലം ഈ രാജ്യത്തെ അനേകം ദേവസ്വങ്ങള്‍ അടച്ചുപൂട്ടുക എന്നതാണെങ്കില്‍ അത് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് സന്തോഷമായിരിക്കും. പക്ഷെ, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അതു സന്തോഷമായിരിക്കുകയില്ല. അതിന്റെ ഫലമായി ദേവസ്വം പ്രതിനിധികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് ഓരോ ദേവസ്വത്തിനും എത്ര വരുമാനം ഉണ്ടോ അത്രയും വരുമാനം ദേവസ്വങ്ങള്‍ക്ക് ആവശ്യമുള്ള പക്ഷം ഗവണ്‍മെന്റ് കൊടുക്കുന്നതിനുള്ള വ്യവസ്ഥ ഈ ബില്ലില്‍ ചേര്‍ത്തിട്ടുണ്ട്…”, 1960-ല്‍ ഇടതുഗവണ്‍മെന്റിന്റെ കാര്‍ഷികബന്ധബില്ല് കോണ്‍ഗ്രസ്സിന്റെ ഭൂപരിഷ്കരണബില്ലായി പരിഗണിക്കുന്ന വേളയില്‍ അദ്ദേഹം നിയമസഭയില്‍ പറഞ്ഞ വാക്കുകളാണിതെല്ലാം.

ഈ നിയമസഭയില്‍ ഈ ബില്‍ ആദ്യം കൊണ്ടുവന്ന അവസരത്തില്‍ ഈ രാജ്യത്തുള്ള ദേവന്മാരുടെ ശാപം നിങ്ങള്‍ക്കുണ്ടാകുമെന്ന് ഞാന്‍ ഈ സഭയില്‍ പറഞ്ഞത് ഇപ്പോഴും നല്ലവണ്ണം ഓർമ്മിക്കുന്നുണ്ട്. ദേവന്മാർക്ക് കൊടുക്കേണ്ട സംഖ്യ ചുരുക്കുന്നതുകൊണ്ട് ദേവസ്വത്തിലെ നിത്യദാനവും മറ്റും മുടങ്ങുമെന്നുള്ള നിലയില്‍ ഈ ബില്‍ കൊണ്ടുവരുന്നതുകൊണ്ട് കമ്മ്യൂണിസ്റ്റുകാർക്ക് ദേവന്മാരുടെ ശാപം കിട്ടുമെന്ന് ഞാന്‍ അന്ന് പറഞ്ഞു… ദേവന്മാരെയും ദൈവങ്ങളെയും വിട്ടിട്ട് ഞങ്ങളുടെ പള്ളികളെയും പിടികൂടുമെന്നായിരുന്നു എന്റെ സംശയം,” എന്ന് ജോസഫ് ചാഴിക്കാട് നിയമസഭയില്‍ കാര്‍ഷികബന്ധ ബില്ലിന്റെ പുനര്‍പരിഗണനാവേളയില്‍ പറയുകയുണ്ടായി. ദേവസ്വം-ബ്രഹ്മസ്വം ഭൂമിയുടെ മുകളിൽ നിയന്ത്രണം വരുമെന്നായപ്പോള്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കുണ്ടായ ആശങ്ക വളരെ വലുതായിരുന്നു. ശബരിമലയിൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ ആക്രമണം നടത്തുമ്പോൾ കേരളത്തിലെ ന്യൂനപക്ഷ സമുദായക്കാര്‍ മോരുംവെള്ളം കൊടുത്ത് അവര്‍ക്ക് ഉന്മേഷം പകര്‍ന്ന ചരിത്രസന്ദർഭം കേരളത്തിൽ ആദ്യത്തേതല്ലെന്ന് ചുരുക്കം. 57-ലെ ഇടതു സര്‍ക്കാര്‍ കുടിയൊഴിപ്പിക്കലും ജന്മിക്കരവും നിരോധിക്കാൻ തുടങ്ങിയപ്പോള്‍ ന്യൂനപക്ഷ മെമ്പർമാര്‍ക്കുണ്ടായ ആശങ്കയും അസഹിഷ്ണുതയും ബ്രാഹ്മണരേക്കാളും വലുതായിരുന്നു. ബ്രാഹ്മണരുടെ ദേവന്മാരെയും ദൈവങ്ങളെയും വിട്ടിട്ട് അവരുടെ പള്ളികളെ പിടികൂടുമെന്ന ഭയം അന്നേ തുടങ്ങിയതാണ്. ഈ ന്യൂനപക്ഷ ആശങ്ക ആരോഗ്യരംഗത്തെ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പോലും വളരെ പ്രകടമാണ്.

മരണാനന്തര കര്‍മ്മങ്ങളും ന്യൂനപക്ഷങ്ങളുടെ പേടികളും

അനാഥമായ ശവശരീരങ്ങൾ മെഡിക്കൽ കോളേജിന് പഠിക്കാനായി വിട്ടു നൽകണമെന്നു വ്യവസ്ഥപ്പെടുത്തിയ അനാട്ടമി ബില്ല് അവതരിപ്പിക്കുമ്പോൾ ശവശരീരം മെഡിക്കൽ കോളേജിന് പഠിക്കാൻ കൊടുക്കുന്നത് ന്യൂനപക്ഷങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും, കമ്മ്യൂണിസ്റ്റുകാർക്ക് ഈശ്വരചിന്തയില്ലാത്തതിനാലാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത് എന്നുമായിരുന്നു ന്യൂനപക്ഷ മെമ്പർമാരുടെ ആശങ്ക നിറഞ്ഞ വാദങ്ങള്‍. ഇടത് ഗവൺമെന്റ് ആഹ്വാനം ചെയ്ത നിയമനിർമ്മാണത്തെ ഭയപ്പെട്ടിരുന്നത് ഇവിടത്തെ ബ്രാഹ്മണിക്കലായ ജനസമൂഹത്തെക്കാൾ കൂടുതൽ ന്യൂനപക്ഷ സമുദായങ്ങളായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. അങ്ങനെയാണ് തുടർച്ചയായി നിർമ്മിച്ചെടുത്ത ഭൂനിയമങ്ങൾക്കൊടുവിൽ മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബിൽ വന്നപ്പോൾ എൻഎസ്എസ്സും ലീഗും കത്തോലിക്കാസഭയും ചേർന്ന് വിമോചനസമരം അഴിച്ചുവിട്ട് ഏഷ്യയിലെ തന്നെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കിയത്.

സ്വകാര്യമാനേജുമെന്റുകള്‍ക്കു കീഴിലുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരത്തിൽ സര്‍ക്കാര്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നതാണ് കേരളചരിത്രത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായി പരിണമിച്ച 1958ലെ വിദ്യാഭ്യാസബില്ലിന്റെ കാതൽ. കോണ്‍ഗ്രസ്സിന്റെ മഞ്ചേരി എംഎല്‍എ പി.പി ഉമ്മര്‍കോയ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. “…സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് അധ്യാപകന്‍മാരെ നിയമിക്കാനുള്ള അധികാരം എന്തുകൊണ്ട് കൊടുത്തുകൂടാ എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഓരോ മതക്കാര്‍ക്കും അവരവരുടെ മതസംസ്കാരത്തെ വളര്‍ത്തേണ്ട ചുമതലയുണ്ട്. അതിനുവേണ്ടിയാണ് സ്വകാര്യ ഏജന്‍സികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മതസംസ്കാരത്തിന്‍റെ പ്രചരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ മതം പഠിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരിക്കണം. പ്രത്യേക മതവിഭാഗക്കാര്‍ അവരവരുടെ മതം പഠിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനെ തടയുന്നതിനുള്ള നടപടികള്‍ ഗവണ്‍മെന്‍റ് കൈകൊള്ളുന്നത് ഭരണഘടനാപരമായി തെറ്റായിരിക്കും” എന്ന് അദ്ദേഹം നിയമസഭയില്‍ പ്രസംഗിച്ചിട്ടുണ്ട്.

“ന്യൂനപക്ഷ മത-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈശ്വരവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാരൻ പഠിപ്പിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല”, എന്നാണ് അന്നത്തെ മറ്റൊരു ന്യൂനപക്ഷ നിയമസഭാംഗം ജോസഫ് ചാഴിക്കാട് പ്രസംഗിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ വരുമ്പോൾ അധ്യാപകരെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ഗവൺമെന്റിന്റെ കീഴിൽ വരുമെന്നത് ന്യൂനപക്ഷ സമുദായങ്ങളെ വലിയതോതിൽ പ്രകോപിപ്പിച്ചു. “…അദ്ധ്യാപന നിയമന കാര്യത്തില്‍ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടത് അദ്ധ്യാപകന്റെ സ്വഭാവശുദ്ധിയാണ്. അതിനുള്ള സ്വാതന്ത്ര്യം മാനേജുമെന്‍റുകള്‍ക്ക് നല്‍കാതെ ഗവണ്‍മെന്റിന്റെ പ്രിസ്ക്രൈബ്ഡ് അതോറിറ്റി നിര്‍ദ്ദേശിക്കുന്ന ഒരു പാനലില്‍ നിന്നും ഒരു അദ്ധ്യാപകനെ ഒരു മാനേജ്മെന്റിന്റെ തലയില്‍ കെട്ടിവയ്ക്കുന്ന സമ്പ്രദായം വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ യോജിച്ചതായിരിക്കുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തുതന്നെ വിചാരിച്ചാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്മാര്‍ഗ്ഗികാദര്‍ശത്തില്‍ സ്വഭാവശുദ്ധിക്ക് എന്തു പരിഗണന നല്‍കിയാലും ഈ രാജ്യത്ത് അംഗീകൃതമായ ചില സാന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത വിസ്മരിക്കാന്‍ പാടില്ലെന്ന് ഞാന്‍ വ്യക്തമാക്കുകയാണ്…” എന്ന് വിദ്യാഭ്യാസ ബില്ല് അവതരിപ്പിച്ചപ്പോള്‍ പി.ടി ചാക്കോ പ്രകോപിതനാകുകയുണ്ടായി. “…രണ്ടാളുടെ ഭൂരിപക്ഷത്തോടുകൂടി ഈ ബില്‍ ഇവിടെ പാസ്സാക്കി എടുക്കാമെന്ന് വിദ്യാഭ്യാസമന്ത്രി അഹങ്കരിക്കുകയാണെങ്കില്‍ രക്തം ചിന്തിയും ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം നല്‍കുന്നതിനുള്ള അവകാശത്തെ ഞങ്ങള്‍ സംരക്ഷിക്കുകതന്നെ ചെയ്യും…” എന്നായിരുന്നു കരിക്കോട് കോണ്‍ഗ്രസ് എംഎല്‍എ കുസുമം ജോസഫിന്റെ ആക്രോശം. ഇടത് നയങ്ങളുടെ മുകളിലുള്ള ന്യൂനപക്ഷ എംഎല്‍എമാരുടെ ആശങ്കയുടെ വലുപ്പം നിയമസഭാരേഖകളില്‍ ഉടനീളം അടയാളപ്പെട്ടിരിക്കുന്നു.

കുടിയാന്മാര്‍ വോട്ടു ചെയ്തു, ജന്മിമാര്‍ ജയിച്ചു

അധ്യാപകരെയും, പഠനവിഷയങ്ങളെയും, മതപഠനങ്ങളുടെ നടത്തിപ്പിനുവേണ്ട മറ്റ് കാര്യങ്ങളുമെല്ലാം സ്വകാര്യമാനേജ്മെന്റുകൾക്ക് അവരുടെ ഇഷ്ടാനുസരണം നിശ്ചയിക്കാമായിരുന്നു. സർക്കാർ ഈ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ശമ്പളം ട്രഷറിയൽ നിക്ഷേപിക്കുകയും സ്വകാര്യമാനേജ്മെന്റുകൾ ആ ശമ്പളത്തിന്റെ ഒരു ഭാഗം മാത്രം കൊടുത്ത് അധ്യാപകരെ അടിമപ്പണി ചെയ്യിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ന്യൂനപക്ഷ സമുദായങ്ങൾ പരമ്പരാഗതമായി അനുഭവിച്ചുവന്ന ഈ പരമാധികാരത്തിന്റെ മര്‍മ്മത്തിലേറ്റ പ്രഹരത്താലാണ് കാർഷികബന്ധബില്ലിന്റെ വ്യവസ്ഥകളോട് പോലും ക്ഷമിച്ച ന്യൂനപക്ഷ സമുദായങ്ങൾ സർവ്വതും മറന്ന്, ‘ചാത്തൻ പൂട്ടാൻ പോകട്ടെ, ചാക്കോ നാടുഭരിക്കട്ടെ’യെന്നാക്രോശിച്ചും, ഞങ്ങൾ 2000 യുവാക്കളെ സംഘടിപ്പിക്കാൻ പോകുന്നവെന്നും ഇടത്-സർക്കാറിനെ താഴെയിറക്കാനായി കുരിശുയുദ്ധം തുടങ്ങുന്നുവെന്ന് പറഞ്ഞും പ്രക്ഷോഭം അഴിച്ചുവിട്ടത്. കത്തോലിക്കസഭയും എൻഎസ്എസ്സും മുസ്ലീംലീഗും നയിച്ച വിമോചനസമരത്തിന്റെ ഈ ‘കുരിശുയുദ്ധ’ത്തിനൊടുവില്‍‌ ഇടത് ഗവൺമെന്റ് വീണു. ഇന്ത്യ കണ്ട ഏറ്റവും പുരോഗമനപരമായ ആശയങ്ങളായ കുടിയാൻമാരുടെ സ്ഥിരാവാകാശവും പൊതുവിദ്യാഭ്യാസവും ആഹ്വാനം ചെയ്ത ഇടത് ഗവൺമെന്റ്, പിന്നാലെ 1960-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. സ്ഥിരാവാകാശം കൊടുത്താൽ കുടിയാൻമാർ ജന്മിമാരാകുമെന്ന് പറഞ്ഞ ന്യൂനപക്ഷമായ ജന്മിമാരോടൊപ്പമാണ് 60-ലെ പൊതുതെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം വരുന്ന കുടിയാൻമാരും സാധാരണക്കാരും നിന്നത്. കാർഷികബില്ല് വരുന്നതിന് മുമ്പ് കുടിയാന്മാരെ ഒഴിപ്പിച്ച് ഭൂമി ഞങ്ങൾക്ക് ബോധിച്ചവർക്ക് കൊടുക്കുമെന്ന് പറഞ്ഞ ജന്മി-ഫ്യൂഡൽ-മത-മാടമ്പിമാരുടെ ധാർഷ്ട്യത്തോടൊപ്പമായിരുന്നു 1960-ലെ തെരഞ്ഞെടുപ്പിൽ പൊതുജനം നിന്നത്. 1957 മുതൽ 59 വരെ ഇടത് സർക്കാർ കൊണ്ടുവന്ന ജനാധിപത്യാശയങ്ങൾ വ്യവസ്ഥപ്പെടുത്തിയതും കേന്ദ്രഗവൺമെന്റിന്റെ അനുമതിയില്ലാതെ തിരിച്ചുവന്നതുമായ എല്ലാ നിയമങ്ങളും ജന്മിമാരെയും മതതാൽപര്യങ്ങളെയും പരിരക്ഷിച്ച് ഭേദഗതിചെയ്ത് കോൺഗ്രസ്സ് ഗവൺമെന്റ് പാസ്സാക്കിയെടുത്തു. ഹൈക്കോടതിയുടെ ഇടപെടലുണ്ടായെന്ന ജാമ്യത്തില്‍ കാർഷികബന്ധബില്ലിനെ റദ്ദ് ചെയ്ത് ഭൂപരിഷ്കരണ ബില്ലാക്കി മാറ്റുന്നതും അങ്ങനെയാണ്. കോൺഗ്രസ്സ് ഗവൺമെന്റ് കാർഷികബന്ധബില്ല് 1963ൽ പുനര്‍പരിഗണിക്കുന്ന അവസരത്തിൽ ഇത് ജന്മിസംരക്ഷണബില്ലാണെന്നു പറഞ്ഞ് ഇഎംഎസ് പരിഹസിക്കുന്നുണ്ട്.

ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ നാടകങ്ങൾ 59ലെ വിമോചനസമരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ലോകസഭാ-തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം കൂടി കാണുമ്പോൾ കാര്യങ്ങൾ സുവ്യക്തവുമാണ്. അരമനയിൽ നിന്നിറങ്ങി കന്യാസ്ത്രീകൾ പൊതുവിടത്തിൽ വന്ന് സമരം ചെയ്തതും പൊതുസമൂഹം ഏറ്റെടുത്തതും ഇടത്-സർക്കാർ നിയമപരിരക്ഷ നൽകിയതുമെല്ലാം നമ്മൾ കണ്ടുകഴിഞ്ഞതാണല്ലോ. അങ്ങനെയങ്ങനെ ശബരിമലയിലെ പതിനെട്ടാംപടിയിൽ സ്ത്രീസ്പർശമേറ്റാൽ ദിവ്യത്വം പോകുമെന്നതിന് സമാനമായ നിരവധി ശരീഅത്ത്-അരമന നിയമങ്ങളും രഹസ്യങ്ങളും നമുക്കേറെയുണ്ടല്ലോ. സ്ത്രീയുടെ സ‍ഞ്ചാരസ്വാതന്ത്ര്യമെന്ന് ഉച്ചരിക്കുമ്പോള്‍ അത് ശബരിമലയിൽ തട്ടി മാത്രമല്ല മാറ്റൊലിയുണ്ടാകുന്നത്. എല്ലാക്കാലത്തും എല്ലാ മതങ്ങളും സ്ത്രീകളോട് ആവശ്യപ്പെടുന്നത് പ്രസവിക്കുക എന്ന ഒരേയൊരു മതധർമ്മാണ്. ഗോത്രത്തെയും ജാതിയെയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്നതാണ് ധർമ്മം. അതുകൊണ്ട് ഈശ്വരചിന്തയില്ലാത്ത കമ്മ്യൂണിസ്റ്റുകാർ ശബരിമലയെയും അയ്യപ്പനെയും വിട്ട് അവരുടെ പള്ളിമേടകളെയും ശരീഅത്ത്-അരമന രഹസ്യങ്ങളെയും പിടികൂടുമെന്ന് ആശങ്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ തെറ്റ് പറയുന്നത് എങ്ങനെയാണ്? ഇക്കാര്യത്തിൽ, സവർണ ജന്മിമാരായ എൻഎസ്എസ്സും ന്യൂനപക്ഷ ജന്മിമാരായ കത്തോലിക്കാസഭയും മുസ്ലീംലീഗും 1959ൽ നയിച്ച വിമോചനസമരം 2019ലെ ലോകസഭാ തെരെഞ്ഞെടുപ്പിൽ ആവർത്തിക്കുക മാത്രമാണുണ്ടായത്.

ശബരിമല പ്രശ്നത്തില്‍ ഇടപെടാതെ ഒഴിഞ്ഞുനിന്ന ഇടത് ചരിത്രമെഴുത്തുകാരും പാര്‍ട്ടി ബുദ്ധിജീവികളും

പാര്‍ട്ടി ബുദ്ധിജീവികളുടെയും ചരിത്രമെഴുത്തുകാരുടെയും നേതൃത്വത്തിലുള്ള സൈദ്ധാന്തികമായ ഇടപെടൽ ശബരിമല വിഷയത്തെ നേരിടുന്നതിൽ ഉണ്ടായിക്കണ്ടില്ലായെന്നത് ഒരു യാഥാർത്ഥ്യമാണ്. സമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്യാൻ ശേഷിയുള്ള ഇടത് ബുദ്ധിജീവികളുടെയും സൈദ്ധാന്തികരുടെയും വൻസന്നാഹത്തിന്റെ പിന്‍ബലത്തിലാണ് സമൂഹത്തിലെ ദുരവസ്ഥകളെ അടിമുടി മാറ്റുന്ന പുരോഗമനാശയങ്ങളെ ആഹ്വാനം ചെയ്യാനും നടപ്പിലാക്കാനും ഇടതുപക്ഷത്തിന് സാധിച്ചിരുന്നത്. മദ്ധ്യകാല-കൊളോണിയൽ ഭൂബന്ധങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക കീഴ്‌വഴക്കങ്ങളും മാമൂലുകളുമെല്ലാം സൈദ്ധാന്തികമായും അല്ലാതെയും പഠനവിധേയമാക്കിയാണ് ഭൂനിയമങ്ങളും വിദ്യാഭ്യാസബില്ലുമൊക്കെ അവതരിപ്പിച്ചിരുന്നത്. പലപ്പോഴും പാർട്ടിനേതൃത്വവും ബുദ്ധിജീവികളും ഒന്നായിരുന്നു. തോപ്പിൽ ഭാസ്കരൻ പിള്ള എന്ന ഇടത് ബുദ്ധിജീവി പത്തനംതിട്ട എംഎൽഎ ആയിരുന്നു അന്ന്. 1957ൽ തെരെഞ്ഞെടുക്കപ്പെട്ടിട്ട് 59-ൽ ഭരണത്തിൽനിന്നും ഇറങ്ങും മുമ്പ് വെറും രണ്ട് വർഷംകൊണ്ട് കീഴ്വഴക്കങ്ങളെയും മാമൂലുകളെയും അട്ടിമറിക്കുന്ന, കേരളത്തിന്റ ആധുനിക മുഖത്തിനുള്ള നാഴികകല്ലുകളെ സൃഷ്ടിച്ച നിയമങ്ങളത്രയും ഉണ്ടാക്കിയെടുക്കാൻ അന്നത്തെ പാർട്ടിനേതൃത്വത്തിന് കഴിഞ്ഞത് അതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഒഴിപ്പിക്കലും കരംനിരോധിക്കലുമായ, തുടർച്ചയായുള്ള ഭൂനിയമങ്ങളുണ്ടാക്കി കാർഷികബന്ധബില്ലിന്റെ പരിധിക്കകത്തേക്ക് എല്ലാ കർഷകരെയും ഉൾപ്പെടുത്താന്‍ ഇടത് സർക്കാരിന് സാധിച്ചത്. 1957ലെ ഭൂനിയമം എന്നത് ഒരൊറ്റ കാർഷികബന്ധബില്ല് മാത്രമായിരുന്നില്ല. എല്ലാ കർഷർക്കും സ്ഥിരാവകാശം കൊടുക്കാൻ വേണ്ട അളവിൽ ഭൂമി വേണമായിരുന്നു. ജന്മിമാർക്ക് കൈവശം വെക്കാവുന്നവയിൽ പരിധി നിർണ്ണയിച്ച് ശേഷിക്കുന്ന ഭൂമിയിലാണ് സ്ഥിരാവകാശം കൊടുക്കേണ്ടിയിരുന്നത്. അതുകൊണ്ട് അതുവരെയുള്ള ജന്മി-കുടിയാൻ ബന്ധങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും കർഷകരെ സ്വതന്ത്രമാക്കേണ്ട നിയമങ്ങൾ കൊണ്ടുവരണമായിരുന്നു. ജന്മിക്കരം സ്വീകരിക്കൽ നിരോധനനിയമമൊക്കെ അങ്ങനെയാണ് വന്നത്. അങ്ങനെയാണ് 1960-ൽ കോൺഗ്രസ് സർക്കാറിന് 57-ലെ ഇടതു സർക്കാർ കൊണ്ടുവന്ന എല്ലാനിയമങ്ങളും മുള്ളും മുനയും ഒടിച്ച് ഭേദഗതിയോടെയാണെങ്കിലും പാസ്സാക്കേണ്ടി വന്നത്. 57-ലെ ഇടതു സർക്കാർ നടത്തിയ നിയമനിർമ്മാണങ്ങളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കോൺഗ്രസ് സർക്കാറിന് തുടരേണ്ടി വന്നിട്ടുണ്ട്. വൈജ്ഞാനികവും സൈദ്ധാന്തികവുമായ ശക്തമായ ഇടപെടലില്ലാതെ ഇടത് സർക്കാരിന് ഈ രാഷ്ട്രീയ മുന്നേറ്റം സാദ്ധ്യമാകുമായിരുന്നില്ല. ഒഴിപ്പിക്കൽ നിരോധനത്തെ ഒരുവഴിക്ക് തടഞ്ഞുവരുമ്പോൾ അടുത്ത ജന്മിക്കരം സ്വീകരിക്കൽ നിരോധനം വരും. അതിനെ തടഞ്ഞുതീരുംമുമ്പേ അടുത്ത ബില്ല് വരും. ഇങ്ങനെ തുടർച്ചയായി വന്ന ബില്ലുകളുടെ വൈജ്ഞാനികവും സൈദ്ധാന്തികവുമായ മുന്നേറ്റങ്ങളെ തടയാന്‍ ശ്രമിച്ച് തളർന്നാണ് വിമോചനസമരത്തിലേക്ക് എൻഎസ്എസ്സും മുസ്ലീംലീഗും കത്തോലിക്കാസഭയും നീങ്ങിയത്. രണ്ടുവർഷം ഭരണത്തിലിരുന്ന് പാർട്ടി നേതൃത്വം നടപ്പിലാക്കിയത് ഇടത് ബുദ്ധിജീവികൾ നയിച്ച വൈജ്ഞാനിക മുന്നേറ്റങ്ങളെയായിരുന്നു.

പാര്‍ട്ടി ബുദ്ധിജീവികളുടെയും ചരിത്രമെഴുത്തുകാരുടെയും നേതൃത്വത്തിലുള്ള സൈദ്ധാന്തികമായ ഇടപെടലിന്റെ അഭാവം ശബരിമല വിഷയത്തില്‍ കാണാമായിരുന്നു. ഇത് ഇടതുപാര്‍ട്ടികളുടെ മുന്നേറ്റ ചരിത്രത്തിലൊരുകാലത്തും നടന്നിട്ടില്ലാത്ത ഒന്നാണ്. കേരളചരിത്രത്തിലെ ടിപ്പുവിന്റെ ആക്രമണത്തെയും മാപ്പിള കലാപത്തെയും വർഗ്ഗീയവത്ക്കരിക്കാനുള്ള ഏതൊരു ചെറിയ നീക്കത്തെയും ശക്തമായി ചെറുത്ത് സാമൂഹിക ഐക്യത്തിന് അടിത്തറപാകിയ ഇടതുബുദ്ധിജീവികളുടെയും ചരിത്രമെഴുത്തുകാരുടെയും പാരമ്പര്യം ശബരിമല വിഷയമെത്തിയപ്പോള്‍ പ്രവര്‍ത്തിക്കുകയുണ്ടായില്ല. സമൂഹത്തിന് ശബരിമലയുടെ ചരിത്രവും സ്ത്രീകളുടെ ചരിത്രവും അടിയന്തിരമായി ആവശ്യമായിരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ പാര്‍ട്ടി ബുദ്ധിജീവികളും ചരിത്രകാരന്മാരും നിശബ്ദരായിരുന്നു. പൊതുസമൂഹത്തില്‍ നിന്നും സ്വയം സന്നദ്ധരായി വന്ന ചിലര്‍ സാമുവൽ മറ്റീറിന്റെയും വില്ല്യം ലോഗന്റെയും രേഖകൾ പരിശോധിച്ച് മലയരയൻമാരുടേതാണ് ശബരിമല അയ്യപ്പൻ എന്ന് സ്ഥാപിച്ചു. കാല്‍പ്പനികരായ ഒരു കൂട്ടർ അതിഭാവുകത്വം കലര്‍ത്തി ആയിരം ബുദ്ധൻമാരെ ശൂലത്തിലേന്തി കൊന്നാണ് ശബരിമല ബ്രാഹ്മണവത്ക്കരിച്ചത് എന്ന് പറയുന്ന, ചരിത്രത്തിലില്ലാത്ത ബൗദ്ധശാസനങ്ങൾവരെ ‘കണ്ടുപിടിച്ചു’!

മലയാള ഭാഷാപണ്ഡിതനായ സുനിൽ പി. ഇളയിടം കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ കൊളോണിയൽ നവോത്ഥാനത്തെ മുൻനിർത്തി ശബരിമല വിഷയത്തിൽ സംസാരിച്ചുവെന്നതൊഴിച്ചു നിർത്തിയാൽ പാര്‍ട്ടി ബുദ്ധിജീവികളുടെ ഭാഗത്തുനിന്ന് അടിയന്തിരമായി ആവശ്യമായിരുന്ന ബൗദ്ധികസന്നാഹങ്ങൾ ഒന്നും തന്നെ ലഭിക്കുകയുണ്ടായില്ല. കൊളോണിയൽ കാലമൊഴിച്ചാൽ പ്രാചീന-മദ്ധ്യകാല ശബരിമലയുടെ ചരിത്രമെന്താണെന്ന് നമുക്കറിഞ്ഞുകൂട. മാർക്സിസ്റ്റ് പ്രാചീന-മദ്ധ്യകാല ചരിത്രകാരൻമാർ ഈ വിഷയത്തെക്കുറിച്ച് ഗൗരവത്തോടെ സംസാരിക്കാനും പഠിക്കാനും തയ്യാറായില്ല എന്നുള്ളത് തങ്ങളെടുത്ത നിലപാടിൽ സംശയാലുക്കളാകാന്‍ പാർട്ടി നേതൃത്വത്തെ പലതവണ പ്രേരിപ്പിച്ചിട്ടുണ്ട്. വളരെ ഗൗരവമേറിയ ചർച്ചകളിൽ പോലും ഈ ചരിത്രകാരൻമാരുടെ അഭാവം കാണുകയുണ്ടായി. എന്നുമാത്രമല്ല, പരാജിതരായ സാഹിത്യകാരന്മാരും, ഇടതുപക്ഷത്തോടൊപ്പം ഇപ്പോൾ നിലകൊള്ളുന്ന ‘രണ്ടാംനിര’ പണ്ഡിതവർഗ്ഗവും ശബരിമലയുടെ ചരിത്രം പൊതുജനമദ്ധ്യത്തിൽ അവതരിപ്പിച്ചതില്‍ വലിയ പിഴവുകളുണ്ടായിരുന്നു. ഇത് ഇടതുപക്ഷത്തിന്റെ വലിയ വീഴ്ചയായി.

നമ്മുടെ സൈദ്ധാന്തിക-സ്ത്രീപഠന ബുദ്ധിജീവികളും വക്താക്കളും അടുത്ത കാലത്തായി നടത്തിയ ശ്രമങ്ങളത്രയും വിവർത്തനങ്ങളും പുറത്തുനിന്നുള്ള സിദ്ധാന്തങ്ങളുമായിരുന്നു എന്നതിനാൽത്തന്നെ ശബരിമലയെക്കുറിച്ചും കേരളത്തിലെ സ്ത്രീകളെക്കുറിച്ചും പറയേണ്ട ഒരു ഘട്ടം വന്നപ്പോള്‍ വിഷയത്തിലുള്ള ധാരണക്കുറവ് അവരുടെ പക്ഷത്തുനിന്നുള്ള ഇടപെടലിനുള്ള സാധ്യതയും ഇല്ലാതാക്കി. അങ്ങനെ നേതാക്കന്മാരുടെ വിക്കീപീഡിയ പ്രൈവറ്റ് സെക്രട്ടറിമാരും സാഹിത്യകാരൻമാരും ഫേസ്ബുക് ബുദ്ധിജീവികളും കൂടി നയിച്ച കാമ്പില്ലാത്ത സംവാദങ്ങളുടെ ആരവത്തില്‍ പൊതുജനത്തിന് യഥാർത്ഥ പ്രശ്നമെന്താണെന്ന് തിരിച്ചറിയാനാകാത്ത നില വന്നു. ‘ഒന്നാംനിര’ സാമ്പ്രദായിക മാർക്സിസ്റ്റ് ചരിത്രകാരൻമാരുടെയും പാര്‍ട്ടി ബുദ്ധിജീവികളുടെയും അഭാവവും, ‘രണ്ടാംനിര’ ബുദ്ധിജീവികളുടെ നിറസാന്നിധ്യവും ശബരിമല പ്രശ്നത്തിലെ ഇടത് ഇടപെടല്‍ ദരിദ്രമാക്കിത്തീര്‍ത്തു. രഹനാ ഫാത്തിമയും ലിപിയും മൈത്രേയനുമൊക്കെയാണ് ‘ശബരിമല വിപ്ലവം’ നയിക്കുന്ന ഇടതുപക്ഷക്കാർ എന്ന അബദ്ധം നിറഞ്ഞ പ്രതിച്ഛായയാണ് പൊതുജനമദ്ധ്യത്തിലും ഇടതുപക്ഷക്കാരുടെ ഇടയിൽത്തന്നെയും പരക്കെ പതിഞ്ഞത്. ഇത് ആശയപരമായും സംഘടനാപരമായും പാർട്ടിക്കുണ്ടാക്കിയ ക്ഷതം വളരെ വലുതാണ്.

ചരിത്രമെഴുത്തുകാരുടെ മൗനം

വളരെ ബ്രാഹ്മണിക്കലായ ഒരു പ്രാചീന-മദ്ധ്യകാല കേരളചരിത്രം മാത്രമേ ഇന്നുവരെയും നമ്മളെഴുതിയിട്ടുള്ളൂവെന്നതാണ് ശബരിമലയുടെ ചരിത്രം പറയേണ്ട സാഹചര്യത്തിൽ മാർക്സിസ്റ്റ് ചരിത്രകാരൻമാരെ മൗനത്തിലാഴ്ത്തിയത്. നൂറ്റാണ്ടുകളായി ശബരിമലയിൽ മൂടിവെച്ച ചരിത്രങ്ങളാണ് കഴിഞ്ഞ പ്രളയത്തിലൂടെ പമ്പയുടെ തീരത്തടിഞ്ഞ പുരാവസ്തുക്കളിലൂടെ ലോകം അറിഞ്ഞു തുടങ്ങുന്നത്. കേരളത്തിൽ കച്ചവടകേന്ദ്രിതമായ ഒരു പ്രാചീന-മദ്ധ്യകാല ചരിത്രമുണ്ടായിരുന്നുവെന്ന് പുരാവസ്തുതെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടുവെന്ന ഒറ്റക്കാരണത്താൽ പട്ടണം ഉദ്ഖനനം നിര്‍ത്തലാക്കിയ പാരമ്പര്യമാണ് നമുക്കുള്ളത് എന്നതിനാൽ, പമ്പയുടെ തീരത്തടിഞ്ഞ പുരാവസ്തുക്കളുടെ ബൗദ്ധചരിത്രം അത്രയെളുപ്പത്തിൽ നമ്മളറിയുമെന്ന് കരുതേണ്ടതില്ല.

എന്തുതന്നെയാകിലും, ഇടത് ബുദ്ധിജീവികളുടെയും ചരിത്രകാരന്മാരുടെയും സൈദ്ധാന്തികമായ സന്നാഹങ്ങളുടെ ഇടപെടൽ ഇല്ലാതെയാണെങ്കിലും ശബരിമല വിഷയത്തിൽ പാർട്ടി നേതൃത്വം ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കേണ്ടതില്ല എന്നായിരുന്നു പാർട്ടി നേതൃത്വം നിലപാടെടുത്തിരുന്നതെങ്കിൽ കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം ഇടതുപാര്‍ട്ടികള്‍ കേരളത്തിലുണ്ടാകുമായിരുന്നില്ല. ഈയടുത്തകാലത്ത് ഇടതുപക്ഷം നടത്തിയ ഏറ്റവും ബുദ്ധിപരമായ ഇടപെടൽ ശബരിമലയിലെ സ്ത്രീപ്രവേശനം തന്നെയാണ്. ഇങ്ങനെയായിരുന്നില്ല സമീപിക്കേണ്ടിയിരുന്നത്, കുറച്ചുകൂടി സംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുള്ള വാദങ്ങള്‍ പരാജയത്തെ വിശകലനം ചെയ്യുന്നവർ ചിലര്‍ പറയുന്നുണ്ട്. പക്ഷെ, ചരിത്രത്തിൽ ഇടതുപക്ഷം ഇങ്ങനെത്തന്നെയാണ് മുന്നേറിയിട്ടുള്ളത്. ആ സന്ദർഭങ്ങളിലെല്ലാം ഇടതുപക്ഷത്തിന് മതന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞ് സവർണ-ജന്മിമാരിൽ നിന്നും ന്യൂനപക്ഷങ്ങളിൽ നിന്നും വെല്ലുവിളികളുണ്ടായിട്ടുണ്ട് എന്നും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടുണ്ട് എന്നുമുള്ള ചരിത്രം നമ്മൾ മറന്നുപോയി എന്നേയുള്ളൂ. അടിയന്തിരാവസ്ഥയുടെ ദുരവസ്ഥകളെല്ലാം പിന്നിട്ട് ഏഴ് വർഷത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആ കെടുതികളുടെയെല്ലാം പിതാവായ അന്നത്തെ കോൺഗ്രസ്സിന്റെ ആഭ്യന്തരമന്ത്രി കെ. കരുണാകരൻ മുഖ്യമന്ത്രിയായാണ് തിരിച്ചുവന്നത്. 77-ലെ ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒറ്റ സീറ്റു പോലും നേടാനായിരുന്നില്ല.

ശബരിമല എന്ന ജാതിപ്രശ്നം

നായന്മാരെയും നമ്പൂതിരിമാരെയും സംബന്ധിച്ചിടത്തോളം ശബരിമല ഒരു ജാതി പ്രശ്നമാണ്. മധ്യകാല കേരളത്തിൽ നായന്മാരുടെ കുലദേവതയാണ് അയ്യപ്പൻ. ഇവരുടെ ക്ഷേത്രകാര്യത്തിൽ ഒരു ‘ചോവന്’ എന്ത് കാര്യം എന്നതാണ് നായന്മാരുടെയും നമ്പൂതിരിമാരുടെയും പ്രശ്നം. “മുമ്പ് ഒരു ജന്മി പബ്ലിക് റോഡിൽകൂടി ഹൊയി പറഞ്ഞ് കൊണ്ട് പോകുമ്പോൾ വളരെ ദൂരം മാറി നിൽക്കേണ്ടി വന്നിരുന്നവരാണ് ഇന്നീ നിയമം പാസ്സാക്കാൻ പോകുന്നത്,” എന്ന് ജന്മിക്കരം നിരോധന ബില്ല് അവതരിപ്പിക്കുമ്പോൾ റവന്യൂ വകുപ്പ് മന്ത്രിയായ കെ.ആർ ഗൗരിയെന്ന കീഴ്ജാതി സ്ത്രീയോട് ജോസഫ് ചാഴിക്കാടെന്ന ന്യൂനപക്ഷ പുരുഷ എംഎല്‍എ ആക്രോശിച്ച ചരിത്രസന്ദർഭമാണ് മുഖ്യമന്ത്രിയായ പിണറായി വിജയനു നേരെ നായന്മാരുടെയും നമ്പൂതിരിമാരുടെയും ആക്രോശമുയരുമ്പോൾ ആവർത്തിക്കപ്പെടുന്നത്. “…ഈ രാജ്യത്തെ കത്തോലിക്കര്‍ പറയുന്നത് ഈ മുണ്ടശ്ശേരി മാസ്റ്റര്‍ ഇങ്ങനെ കത്തോലിക്ക സമുദായത്തില്‍ ജന്മമെടുത്തല്ലോ എന്ന്, ഞാനും ഒരു കത്തോലിക്കനായതുകൊണ്ട് പറയുകയാണ്. അദ്ദേഹം കത്തോലിക്ക സമുദായത്തിന് ദോഷം ചെയ്തതായി അവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട് സര്‍. അങ്ങനെ ക്രിസ്ത്യാനികളൊക്കെ ഇന്നദ്ദേഹത്തെ ആക്ഷേപിച്ചു. ഇനി ഹിന്ദുക്കളുടെ സ്കൂളുകള്‍ എടുക്കാന്‍ തുടങ്ങിയാല്‍ അവരും ഇദ്ദേഹത്തെ ആക്ഷേപിക്കാന്‍ ഇടവന്നാല്‍ അതു കഷ്ടമാണ്. ന്യൂനപക്ഷങ്ങളെ തൊടരുതെന്ന് പറയുന്നു. പിന്നെ ഭൂരിപക്ഷത്തെ തൊട്ടാല്‍ മറ്റു വൈഷമ്യങ്ങളുമുണ്ട്. അതുകൊണ്ട് ഈ രീതിയിലുള്ള ഒരു സമീപനം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് യോജിച്ചതല്ല…” എന്ന് പറഞ്ഞ് ആദ്യകാല കോണ്‍ഗ്രസ് എംഎല്‍എയും പില്‍ക്കാലത്തെ കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാവുമായ കെ.എം ജോര്‍ജ് വിദ്യാഭ്യാസമന്ത്രിയെ വെല്ലുവിളിച്ച ചരിത്ര സന്ദര്‍ഭം മുഖ്യമന്ത്രിയായ പിണറായി വിജയന്റെ നിലപാടില്‍ ആവര്‍ത്തിക്കപ്പെട്ടു എന്ന് കരുതുന്നതാണ് യുക്തി.

ഈഴവരും ദലിതരുമടങ്ങുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി ശബരിമല സ്ത്രീപ്രവേശനം ഒരു ജീവല്‍പ്രശ്നമേ അല്ല. ഇപ്പോഴും ആചാരാനുഷ്ഠാനങ്ങളിൽ ബ്രാഹ്മണേതരമായ ചടങ്ങുകള്‍ ശക്തമായി അവരുടെയിടയിൽ നിലനിൽക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അവയില്‍ സ്ത്രീകള്‍ക്ക് പങ്കുമുണ്ട്. അവര്‍ക്കിടയിലേക്ക് കയറിവരാവുന്ന ബ്രാഹ്മണ്യത്തിന് പരിധികളുണ്ട്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ സംഭവിച്ചതുതന്നെയാണ് ആവർത്തിച്ചിട്ടുള്ളത്. ചരിത്രത്തിൽ അടയാളപ്പെടുന്നത് ഇടതുസർക്കാറിന്റെ ശബരിമല സ്ത്രീപ്രവേശന സമരത്തിന്റെ പോരാട്ടവീര്യമായിരിക്കുമെന്നതും സമൂഹം സഞ്ചരിക്കാൻ പോകുന്നത് തുല്യ ലിംഗപദവിയെന്ന ഈ ആശയത്തോടൊപ്പമായിരിക്കുമെന്നതും സന്ദേഹമില്ലാത്ത കാര്യമാണ്. അവിടെ ബിജെപിയും കോൺഗ്രസും ന്യൂനപക്ഷങ്ങളും ഒന്നിച്ച് നടത്തിയ ആക്രമണങ്ങളുടെ ചരിത്രവും രേഖപ്പെടുത്തപ്പെടുകതന്നെ ചെയ്യും.

ഗ്രന്ഥസൂചി

1.Proceedings of the Kerala Legislative Assembly, First Session-1957 (First Meeting),
Tuesday, the 7th May 1957, Official Report, Vol. I, No. 4, p. 293
2.Proceedings of the Kerala Legislative Assembly, First Session-1957 (First Meeting),
Wednesday, the 8th May 1957, Official Report, Vol. I, No. 5, p. 383
3.Proceedings of the Kerala Legislative Assembly, First Session-1957 (First Meeting),
Tuesday, the 7th May 1957, Official Report, Vol. I, No. 4, pp. 299-317
4.Proceedings of the Kerala Legislative Assembly, First Session-1957 (Third Meeting),
Saturday, the 13th July 1957, Official Report, Vol. I, No. 19, p. 1668
5.Proceedings of the Kerala Legislative Assembly, First Session-1957 (Third Meeting),
Saturday, the 13th July 1957, Official Report, Vol. I, No. 19, pp. 1644-1675
6.Proceedings of the Kerala Legislative Assembly, First Session-1957 (Third Meeting),
Saturday, the 20th July 1957, Official Report, Vol. I, No. 25, pp. 2221-2278
7.Proceedings of the Kerala Legislative Assembly, Second Session-1957, Mon day, the
2nd September 1957, Official Report, Vol. II, No. 9, pp.908-909
8.Proceedings of the Kerala Legislature, Second Session-1957, Tuesday, the 27th August
957, Official Report, Vol. II, No. 5, pp. 473-475
9.Proceedings of the Kerala Legislature, Second Session-1957, Monday, the 22nd
September 1957, Official Report, Vol. II, No. 9, pp. 943-949
10.Proceedings of the Kerala Legislative Assembly, Second Session-1957, Saturday, the
24th August 1957, Official Report, Vol. II, No. 3, pp. 254-274
11.Proceedings of the Kerala Legislative Assembly, Third Session-1957, Saturday,
the 21st December 1957, Official Report, Vol. III, No. 9, pp. 38-81
12.Proceedings of the Kerala Legislative Assembly, Third Session-1957, Tuesday, the
17th December 1957, Official Report, Vol. III, No. 5, pp. 396-405
13.Proceedings of the Kerala Legislative Assembly, First Session-1958, Wednesday,
the 2nd April 1958, Official Report, Vol. IV, No. 30, pp. 2326-2340
14.Proceedings of the Kerala Legislative Assembly, Second Session-1958, Wednesday,
the 2nd July 1958, Official Report, Vol. V, No. 3, pp. 250-252
15.Proceedings of the Kerala Legislative Assembly, Second Session-1958, Monday, the
7th July 1958, Official Report, Vol. V, No. 6, pp. 527-528
16.Proceedings of the Kerala Legislative Assembly, Third Session-1958, Tues day, the
25th November 1958, Official Report, Vol. VI, No. 2, pp. 126-158
17.Proceedings of the Kerala Legislative Assembly, First Session-1959, Saturday,
the 30th May 1959, Official Report, Vol. VII, No. 63, p. 5151
18.Proceedings of the Kerala Legislative Assembly, First Session-1959 (Second Meeting),
Wednesday, the 3rd June 1959, Official Report, Vol. VII, No. 66, pp. 5354-5355
19.Proceedings of the Kerala Legislative Assembly, First Session-1959 (Second Meeting),
Friday, the 5th June 1959, Official Report, Vol. VII, No. 68, p. 5500
20.Proceedings of the Kerala Legislative Assembly, First Session-1959 (Second Meeting),
Friday, the 9th June 1959, Official Report, Vol. VII, No. 71, pp. 5835-5836
21.Proceedings of the Kerala Legislative Assembly, Third Session-1960, Saturday,
the 15th October 1960, Official Report, Vol. X, No. 22, pp. 2206 -2212
22.Proceedings of the Kerala Legislative Assembly, Third Session-1960, Saturday, the
5th October 1960, Official Report, Vol. X, No. 22, p. 2210
23.Proceedings of the Kerala Legislative Assembly, Third Session-1960, Friday, the 14th
October 1960, Official Report, Vol. X, No. 21, pp. 2127-2128
24.Proceedings of the Kerala Legislative Assembly, Second Session-1963, Friday, the 20th
September 1963, Official Report, Vol. XVII, No. 8, pp. 848-853 25.Proceedings of the Kerala Legislative Assembly, Second Session-1963, Tuesday, the 24th
September 1963, Official Report, Vol. XVII, No. 10, p. 1056
25.Proceedings of the Kerala Legislative Assembly, Second Session-1963, Tuesday, the 24th
September 1963, Official Report, Vol. XVII, No. 10, pp. 1056 -1094
26.Proceedings of the Kerala Legislative Assembly, Second Session-1963 (Second Meeting),
Wednesday, the 4th December 1963, Official Report, Vol. XVII, No. 40, pp. 3580-3589
27.Proceedings of the Kerala Legislative Assembly, Second Session-1963 (Second Meeting),
Wednesday, the 4th December 1963, Official Report, Vol. XVII, No. 40, pp. 3628-3640

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍