UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ആ സ്ത്രീകളുടെ വിരൽത്തുമ്പിലെ മഷി പറഞ്ഞില്ലെങ്കിൽ പിന്നെ കടകംപള്ളിയുമില്ല, പിണറായിയുമില്ല

വനിതാ മതിലിനെ അനുകൂലിക്കുന്നവർ ഒക്കെയും സിപിഎമ്മിന്റെ ദാസ്യം സ്വീകരിച്ചവരാണെന്ന് മുദ്രകുത്തരുത്

ഇന്ന് കേരള സർക്കാർ നേരിടുന്ന ഏറ്റവും ഗൗരവമുള്ള പ്രതിസന്ധി ശബരിമല യുവതി പ്രവേശനം എന്ന വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നതിൽ സംശയമുണ്ടാവേണ്ട കാര്യമില്ല. വിഷയം ക്ഷേത്രവുമായി ബന്ധപ്പെട്ടതായതിനാല്‍ ദേവസ്വം വകുപ്പും, ക്ഷേത്രത്തിലെ പ്രശ്നം ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടതായതുകൊണ്ട് ആഭ്യന്തരവകുപ്പും അതില്‍ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളിയും ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. എന്നാല്‍ ഇതാകട്ടെ തീരെ ചേര്‍ച്ചയില്ലാത്ത ഒരു കോമ്പിനേഷനാണ്‌ താനും.

വാക്കുകള്‍ അവധാനതയോടെ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്ന ഒരാളാണ് പിണറായി. അതുകൊണ്ട് അയാളുടെ വാക്കുകള്‍ നിലപാടിനെ പ്രതിനിധീകരിക്കാത്ത അവസ്ഥ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. അവയുമായി യോജിക്കുകയോ വിയോജിക്കുകയോ അല്ലാതെ വളച്ചൊടിച്ച് തനിക്കാക്കുക അത്ര എളുപ്പമല്ല. എന്നാൽ കടകംപള്ളി അങ്ങനെയല്ല. തന്റെ വാക്കുകൾ വളച്ചൊടിച്ചു, തെറ്റായി വ്യാഖ്യാനിച്ചു തുടങ്ങിയ പരിദേവനങ്ങളുമായി അദ്ദേഹത്തിന് സ്ഥിരമായി വരേണ്ടിവരുന്നതിന്റെ കാരണം മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളില്‍ എത്ര ആരോപിച്ചാലും സ്വന്തം വാക്കുകളില്‍, വികാരങ്ങളില്‍ ഉള്ള നിയന്ത്രണം എന്ന വിഷയം തന്നെയാവണം അടിസ്ഥാന പ്രശ്നം എന്നു തോന്നുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവാദത്തിനു പിന്നിലും ആ പതിവ് സംഭവം തന്നെ. കടകംപള്ളി പറഞ്ഞോ എന്ന് ചോദിച്ചാൽ ഉവ്വ്. ഉദ്ദേശിച്ചോ എന്ന് ചോദിച്ചാൽ ഇല്ല. മേപ്പടി വളച്ചൊടിക്കൽ, അടർത്തിമാറ്റി തെറ്റിദ്ധരിപ്പിക്കൽ ഒക്കെത്തന്നെ.

സർക്കാരിന് യാതോരു താത്പര്യവുമില്ലാത്തതുകൊണ്ടാണ്

അരമണിക്കൂറിലധികം ദൈർഘ്യമുള്ള കടകംപള്ളിയുടെ പത്രസമ്മേളനം മെനക്കെട്ട് കേട്ടാൽ ഒരു കാര്യം വ്യക്തമാകും. ശബരിമല യുവതിപ്രവേശനം എന്ന വിഷയത്തിൽ സർക്കാർ ഇതുവരെ കൈക്കൊണ്ട് പോന്ന നിലപാടിനുവിരുദ്ധമായി അയാൾ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ മാധ്യമങ്ങൾ വാചകങ്ങളെ എങ്ങനെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി, വളച്ചൊടിച്ച് തലക്കെട്ടാക്കും എന്ന കാര്യത്തിൽ ഒരു കരുതൽ ഇത്രയും കാലത്തെ പരിചയം ഉണ്ടായിട്ടും കടകംപള്ളിക്ക് ഇവിടെ വീണ്ടും ഇല്ലാതെ പോയി എന്നത് ഒരു വസ്തുതയാണു താനും.

പ്രസ്തുത പത്രസമ്മേളനത്തില്‍ അതുവരെയുള്ള ചോദ്യങ്ങൾക്ക് അവധാനതയോടെ മറുപടി പറഞ്ഞുവന്ന കടകംപള്ളി, “ഇതുവരെ പരിശ്രമിച്ചിട്ടും ഒരു യുവതിയേയും കയറ്റാൻ പറ്റിയില്ല എന്നും പറയാമല്ലോ” എന്ന ചൂണ്ടയിൽ കൊത്തി. തുടർന്നാണ്, “രണ്ടുമൂന്ന് ചട്ടമ്പിമാരിവിടെ നിന്ന് തടയുന്നതുകൊണ്ടാണ്, ഇങ്ങനെ ശരണം വിളിക്കുന്നതുകൊണ്ടാണ് ഇവിടെ യുവതികൾ പ്രവേശിക്കാത്തത് എന്ന ഒരു തെറ്റിദ്ധാരണയും വേണ്ട”, എന്ന പരാമർശവും തുടർന്ന്, “ഈ സർക്കാരിന് അതിൽ യാതോരു താത്പര്യവുമില്ലാത്തതുകൊണ്ടാണ്” എന്ന ഊന്നലും വരുന്നത്. അത് കൃത്യം തലക്കെട്ടുമായി.

“സർക്കാരിനെ സംബന്ധിച്ചിടത്തോളം, ആരെയും കയറ്റണമെന്ന വാശിയോ നിർബന്ധമോ ഗവണ്മെന്റിനില്ല, അത് ആദ്യം മനസിലാക്കൂ” എന്ന മുന്‍ വാചകം ഉള്‍പ്പെടെ അതുവരെ പറഞ്ഞുവന്ന കാര്യങ്ങളുടെ സത്ത മുഴുവനും ഇവിടെ ആവിയായി  പോവുകയാണ്. അതിന്റെ കാരണമോ, സര്‍ക്കാരിന്റെ കഴിവുകേടെന്ന, പ്രതിപക്ഷവും മാധ്യമങ്ങളും കുറെ നാളായി ഉന്നയിക്കുന്ന ദുരാരോപണത്തെ അക്ഷോഭ്യനായി നേരിടാനുള്ള കഴിവില്ലായ്മയും.

ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടോ, ഇവിടെ ഇതല്ലാതെ വേറെ വഴിയില്ല എന്ന കാര്യമോ അറിയാതെയല്ല പത്രപ്രവര്‍ത്തകര്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്; മറിച്ച് അവയോരോന്നും ഓരോ ചൂണ്ടകളാണ്. അതില്‍ കൊത്തുന്നതിനുപകരം ചോദ്യത്തെ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ സുതാര്യമായി വ്യക്തമാക്കാനുള്ള ഒരു അവസരമായി മാറ്റുവാൻ കടകംപള്ളിക്ക് കഴിഞ്ഞില്ല.

എന്തിത്ര സങ്കീർണ്ണത?

സത്യത്തിൽ ഇതിലിത്ര സന്ദിഗ്ധതയും സങ്കീർണ്ണതയുമൊന്നുമില്ല. ഈ വിഷയത്തിൽ സർക്കാർ നിലപാട് ലളിതവും സുതാര്യവുമാണ്. അത് കഴിഞ്ഞ രണ്ട് ഇടതുസര്‍ക്കാരുകള്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.

ശബരിമല യുവതി പ്രവേശനവിഷയത്തില്‍ രണ്ട് പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഒന്ന് സ്ത്രീകളുടെ ലിംഗപരമായ തുല്യത എന്ന പ്രശ്നം. രണ്ട്, സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികളുടെ വിശ്വാസത്തിന്റെ പ്രശ്നം. അതില്‍ ആദ്യത്തേതില്‍ ആയിരുന്നു വാസ്തവത്തില്‍ ഈ സര്‍ക്കാരുകള്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയത്. അത് ലിംഗപരമായ തുല്യനീതിയെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു.

വിശ്വാസം എന്ന പ്രശ്നത്തില്‍ വാസ്തവത്തില്‍ സര്‍ക്കാര്‍ ഇടപെടുകയല്ല, വിട്ടുനില്‍ക്കുകയാണ് ചെയ്തത്. വിശ്വാസം മൗലിക സ്വാതന്ത്ര്യമായി എണ്ണുന്ന ഒരു ജനാധിപത്യ ഭരണഘടനാ പരിസരത്തിൽ ഏത് മതേതര സർക്കാരും എടുക്കേണ്ട നിലപാട് അതാണെന്ന് തോന്നുന്നു. അത് വിശ്വാസ സംബന്ധിയായ വിഷയങ്ങളില്‍ ഭൗതികവാദം പ്രത്യയശാസ്ത്ര അടിത്തറയാക്കുന്ന ഒരു സർക്കാരിന്റെ രാഷ്ട്രീയ ബോധ്യങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയല്ല.

അതുകൊണ്ട് സർക്കാർ ആ വിഷയത്തിൽ നേരിട്ട് അഭിപ്രായം പറയുന്നതിൽ നിന്നും മാറിനിന്നു. പകരം ഹിന്ദു മതവിശ്വാസം, ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതരായവരുടെയും മതേതര നിലപാടുകള്‍ ഉള്ള സാംസ്കാരിക നായകന്മാരുടെയും ഒരു സമിതിയെ നിയോഗിച്ച് പ്രസ്തുത പ്രശ്നത്തിൽ തീര്‍പ്പാക്കുക എന്ന ഒരു പോംവഴി അവർ മുമ്പോട്ട് വയ്ക്കുകയായിരുന്നു. വിധി എന്തായാലും അനുസരിക്കും എന്നായിരുന്നു നയം. അല്ലാതെ എന്ത് തന്നെ ആയാലും യുവതികള്‍ ശബരിമല ചവിട്ടിയെ മതിയാവൂ എന്നായിരുന്നില്ല.

ശബരിമല ഒരു ഇടത് കമ്യൂണിസ്റ്റ് സമരമുഖമോ?

രാമക്ഷേത്രം നിർമ്മിക്കും എന്ന് പറഞ്ഞുവന്ന കേന്ദ്ര സർക്കാരിനെപ്പോലെ ശബരിമലയിൽ യുവതികളെ കയറ്റും എന്ന് പ്രകടനപത്രികയിൽ എഴുതിവച്ച് വന്ന ഒരു സർക്കാർ അല്ല കേരളം ഭരിക്കുന്നത്. അവർ അത് ഒരു ഭൗതിക ലക്ഷ്യമായി കാണുന്നുമില്ല എന്ന് ഇതുവരെ പറഞ്ഞതിൽ നിന്നും വ്യക്തം. അതുകൊണ്ട് തന്നെ കൃത്യമായ ഒരു ഭൗതിക ലക്ഷ്യവുമായി ആളെക്കൂട്ടി സമരത്തിനിറങ്ങി പാതിവഴിക്ക് അവരെ ഉപേക്ഷിച്ച് പിന്തിരിഞ്ഞോടി എന്ന നിലയിലുള്ള ആരോപണങ്ങൾ ദുരുദ്ദേശപരം മാത്രമാണ്.

ഇടതുമുന്നണിയോ, കമ്യൂണിസ്റ്റ് പാർട്ടികളോ, നേടിയല്ലാതടങ്ങില്ല എന്നനിലയിൽ ഏറ്റെടുത്ത ഒരു സമരമല്ല ശബരിമല യുവതി പ്രവേശനം. അമ്പലങ്ങളിൽ ആളെ കയറ്റുക ലക്ഷ്യമായി പ്രവർത്തിക്കുന്ന സംഘടനയോ, മുന്നണിയോ അല്ല അത്. ലിംഗപരമായ തുല്യനീതി എന്ന വിശാലമായ ഒരു ലക്ഷ്യത്തിന്റെ ഉപവിഭാഗം എന്ന നിലയിൽ മാത്രമാണ് സർക്കാർ ശബരിമലയിൽ യുവതിപ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്തത്, അല്ലാതെ അത് ഒരു ആത്യന്തിക ഭൗതിക ലക്ഷ്യമായി കണ്ടല്ല. അതുകൊണ്ട് തന്നെ എന്ത് വഴി സ്വീകരിച്ചും എന്ത് വിലകൊടുത്തും ശബരിമലയിൽ ഒരു സ്ത്രീയെ എത്തിക്കുക എന്ന ഒരു ദാർശനികമോ, പ്രത്യയശാസ്ത്രപരമോ ആയ പദ്ധതി അതിനില്ല. കാരണം അതുവഴി ലിംഗപരമായ തുല്യ നീതി ഉൾപ്പെടെ ഒരു വിശാല ലക്ഷ്യവും സാധിക്കാനാവും എന്ന് സർക്കാർ കരുതുന്നില്ല.

അത്രയേ കടകംപള്ളിയും പറയുന്നുള്ളു എന്ന് വാർത്താസമ്മേളനം മുഴുവൻ കേട്ടാൽ മനസിലാവും.

Also Read: മനിതിയടക്കമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റാത്തതിന്റെ പേരില്‍ വനിതാ മതില്‍ ബഹിഷ്കരിക്കുന്ന ഉപരിപ്ലവകാരികള്‍ അറിയാന്‍

പിന്നെന്തിനീ വനിതാമതിൽ?

ഇത്രയും കേട്ടിട്ട് പിന്നെയും എന്തിനാ വനിതാമതിൽ എന്ന് ചോദിക്കുന്നത്, രഥയാത്രയുടെ കഥ മുഴുവൻ കേട്ടിട്ട്, ‘അപ്പോൾ ബാബറി പള്ളി തർക്കമന്ദിരമല്ലേ’ എന്ന് ചോദിക്കുന്നതു പോലിരിക്കും. ഒട്ടും നിഷ്കളങ്കമല്ലാത്ത അതിനിഷ്കളങ്കത.

എതിർക്കുന്നവരെയൊക്കെ വെടിവച്ച് കൊന്ന് ഒരു സ്ത്രീയെയെങ്കിലും സന്നിധാനത്തിലെത്തിക്കുക എന്ന ലക്ഷ്യം ഏറ്റെടുത്തല്ല സുപ്രീം കോടതിവിധി നടപ്പിലാക്കും എന്ന് സർക്കാർ പറഞ്ഞത്. അങ്ങനെയായിരുന്നുവെങ്കിൽ ഇടത് സർക്കാരിനല്ല, ഏത് സർക്കാരിനും അത് ചെയ്യാൻ പറ്റും. സുപ്രീം കോടതി വിധി നാടിന്റെ നിയമമാണ്. അത് നടപ്പിലാക്കാൻ പറ്റില്ല എന്ന് പറയുന്നത് കുറ്റകൃത്യവും. ഇവിടെയാവട്ടെ നിയമ നിർവഹണത്തിനെതിരേ ഒരു വിഭഗം മനുഷ്യർ കായികമായി പ്രതിരോധം തീർക്കുകയാണ്.

ഒരു ക്രമസമാധാന പ്രശ്നം ഉടലെടുത്താൽ നിയമലംഘകകരെ നിലയ്ക്ക് നിർത്താൻ ഒരു വഴിയുമില്ലെങ്കിൽ ഹിംസയും അനുവദനീയമാണ്. അത് ചെയ്തു എന്നുവച്ച് ആരും ഒരു സർക്കാരിനെയും മൂക്കിൽ വലിച്ച് കയറ്റുകയൊന്നുമില്ല. എന്നാൽ അങ്ങനെ കേവലമായി സമീപിച്ച് ഒരുപറ്റം മനുഷ്യരെ കൊന്നുതള്ളി ശബരിമലയിൽ ഒരുപറ്റം സ്ത്രീകളെ കയറ്റിയാൽ ലിംഗപരമായ തുല്യനീതി ഉൾപ്പെടെ ഈ പ്രശ്നത്തിന്റെ ലാർജർ നറേറ്റീവ്സ്, വിശാല ആഖ്യാനങ്ങൾ ഒക്കെയും ഒരു സമഗ്ര പരിസമാപ്തിയിൽ എത്തുമോ? ലിംഗ നീതിയുടെ പൂങ്കാവനമായി കേരളം പരിണമിക്കുമോ?

അങ്ങനെ വിചാരിക്കുന്നവർക്ക് അതിനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതിനെതിരേയുള്ള യുക്തികൾ മുഴുവൻ കള്ളത്തരങ്ങളും ഇരട്ടത്താപ്പുമാണെന്ന് പറയരുത്. വനിതാ മതിലിനെ അനുകൂലിക്കുന്നവർ ഒക്കെയും സിപിഎമ്മിന്റെ ദാസ്യം സ്വീകരിച്ചവരാണെന്ന് മുദ്രകുത്തരുത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാലുടൻ എല്ലാം തകരും എന്ന് കരുതുന്ന ഒരു സമൂഹത്തിനുമുമ്പിൽ, ആചാരങ്ങളിൽ അണുകിട വ്യത്യാസമുണ്ടായാൽ എല്ലാം പോയി എന്ന് കരുതുന്ന ഒരു സമൂഹത്തിനു മുമ്പിൽ മറ്റൊരു പ്രതിസാംസ്കാരിക വാദമുഖം അവതരിപ്പിക്കുക, അതിനുള്ള പല പ്ലാറ്റ്ഫോമുകളിൽ ഒന്ന് മാത്രമാണ് വനിതാ മതിൽ. അത് ശബരിമലയിൽ യുവതി കയറിയ ശേഷം കെട്ടാനുള്ളതല്ല. രക്തച്ചൊരിച്ചിലില്ലാതെ അവർക്ക് അത് സാധ്യമാക്കാനുള്ള ഒരു സാംസ്കാരിക സുരക്ഷാമതിലാണെന്ന് കരുതുന്ന, അങ്ങനെ ബോധ്യപ്പെട്ട നിരവധി സ്ത്രീകളുണ്ട്, മലകയറാൻ പോയ ബിന്ദു കല്യാണിമാരായും പോകാതെ പിന്തുണച്ച ബിലു പത്മിനിമാരായും. അതുകൊണ്ടാണ് ബിന്ദു മലയും ചവിട്ടും മതിലും കെട്ടുമെന്ന് എഫ് ബി കുറിപ്പില്‍ പറയുന്നത്. അതുകൊണ്ടാണ് ബിലു വനിതാ മതിലിലെ ഒടിമറയലിനെ കുറിച്ച് ലേഖനം എഴുതുന്നത്. അവരുടെ സാംസ്കാരിക ബോധ്യങ്ങളെ അതില്‍ തന്നെയൊരു കുറ്റമായി ചുമത്തി ഫെമിനിസത്തിന്റെ അക്കാദമിക് ബൃഹദാഖ്യാനപരിസരങ്ങളിൽനിന്നും പാടേയങ്ങ് ഉച്ചാടനം ചെയ്തുകളയാം എന്ന് ആരെങ്കിലും കരുതിയാല്‍ അതൊരു മിഥ്യാധാരണയാണെന്നേ പറയാനുള്ളൂ.

സവർണ്ണ, പ്രിവിലെജ്ഡ് ഫെമിനിസത്തിന്റെ ആദർശവാദ പരിസരങ്ങൾക്ക് പുറത്ത് പ്രായോഗിക ജീവിതത്തിന്റെ പലതലങ്ങളുള്ള മാറ്റിനിർത്തലുകളെ അനുഭവിച്ചറിഞ്ഞ സ്ത്രീകളെയെങ്കിലും ‘ശുദ്ധ’ ഫെമിനിസത്തിന്റെ ന്യൂനപക്ഷപദവിയൊക്കെ ഉയര്‍ത്തിക്കാട്ടി ഉച്ചാടനം ചെയ്തുകളയാം എന്ന് ധരിക്കരുത്. അതിനി സാക്ഷാൽ കടകംപള്ളിയുടെ പതിവ് നാക്കുപിഴകളുടെ (സാംസ്കാരികമായ വ്യക്തതക്കുറവിന്റെയാണെന്നാണ് വാദമെങ്കിൽ അതും വരവുവച്ചു) പേരിൽ ആണെങ്കിൽ പോലും. കാരണം ഒരു ജനകീയ ജനാധിപത്യത്തിൽ ഈ പറഞ്ഞ സ്ത്രീകളുടെ, പൌരരുടെ ബോധ്യങ്ങൾക്ക് ഏത് കടകംപള്ളിയുടെ വാക്കുകളെക്കാളും മൂല്യമുണ്ട്.

അവരുടെ വിരൽ തുമ്പിലെ മഷി പറഞ്ഞില്ലെങ്കിൽ പിന്നെ കടകംപള്ളിയുമില്ല, പിണറായിയുമില്ല. അതറിയാത്തതുമല്ല കേരളത്തിലെ ഇടതുരാഷ്ട്രീയം.

അക്കാദമിക്ക് ഫെമിനിസം പക്ഷേ, എങ്ങനെയാണോ എന്തോ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അയ്യപ്പന് വേണ്ടി കാവിയുടുത്ത് പുതുതാരങ്ങള്‍: അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍..

ബിജെപി സമരം തുടങ്ങിയത്‌ എന്‍എസ്എസിനെക്കണ്ട്, ഒരു ദിവസം നൂറ് പേര് പോലും എത്തിയില്ല: ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന സംസ്ഥാന സമിതി അംഗം വെളിപ്പെടുത്തുന്നു

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍