UPDATES

അശ്വതി സേനന്‍

കാഴ്ചപ്പാട്

FOTOSTATE

അശ്വതി സേനന്‍

ഗുജറാത്ത് മോഡലില്‍ വികസിപ്പിച്ച് ‘കേരള സൈന്യ’ത്തിന്റെ ഉള്ള കഞ്ഞികുടി കൂടി മുട്ടിക്കരുത്

പുനർ നിർമിക്കുന്ന നവകേരളത്തിലെങ്കിലും അവരെയും തുല്യനീതിയോടെ ചേർത്തു നിർത്തിയേ മതിയാവൂ.

കടലറിയുന്ന, കാറ്ററിയുന്ന, വെള്ളത്തിെൻറ ഒഴുക്കറിയുന്ന മത്സ്യത്തൊഴിലാളികൾ എങ്ങനെയാണ് കേരളം ഈ അടുത്ത് നേരിട്ട ഏറ്റവും വലിയ ദുരന്ത പ്രളയത്തിലെ രക്ഷകരായി, അഥവാ മുഖ്യമന്ത്രി പിണറായി വിജയെൻറ വാക്കുകൾ കടമെടുത്താൽ കേരളത്തിന്റെ  സൈന്യമായി രാത്രിയും പകലും പ്രവർത്തിച്ചതെന്ന് നമ്മൾ കണ്ടതാണ്. നേരം ഇരുട്ടിയതോടെ സൈന്യം തെരച്ചിൽ നിർത്തി വെച്ചപ്പോൾ പോലും അവർ തങ്ങളുടെ രക്ഷാപ്രവർത്തനം തുടർന്നു. കാരണം അവർക്കത് ഒരു ജോലിയോ ഉപഹാരങ്ങൾ കിട്ടുന്ന ഒരു പ്രവർത്തിയോ അല്ല. കേരളത്തിലും ഇന്ത്യയിലും ആഗോള തലത്തിൽ പോലും വാഴ്ത്തപ്പെടുമ്പോഴും ഈ മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും ജീവാനോപാധികളെയും സംബന്ധിച്ച് നമ്മൾ സൗകര്യപൂർവം മറക്കുന്ന, അല്ലെങ്കിൽ മറച്ചു പിടിക്കുന്ന ഒരു സുപ്രധാന ഭീഷണിയെക്കുറിച്ച് ഒാർമപ്പെടുത്താനാണ് ഈ കുറിപ്പ്. നവകേരള നിർമാണത്തെ പറ്റി നമ്മൾ പറയുന്ന ഈ അവസരത്തിൽ മത്സ്യത്തൊഴിലാളികളുടെ കൊലക്കയറായി മാറിയേക്കാവുന്ന സാഗരമാല എന്ന കടൽത്തീര വികസന പദ്ധതിയെ പറ്റി.

തുറമുഖങ്ങളുടെ ആധുനികവത്ക്കരണം പുതിയ തുറമുഖ നിർമാണം , കണക്റ്റിവിറ്റി വർധിപ്പിക്കൽ, തുറമുഖകേന്ദ്രികൃത വ്യവസായവത്ക്കരണം, തീരദേശവാസികളുടെ വികസനം എന്നിവ ലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുന്ന സാഗരമാല പദ്ധതിയുടെ മതിപ്പ് ചെലവ് ഏതാണ്ട് 8.57 ലക്ഷം കോടി രൂപയാണ്. ജൂൺ 2016-ൽ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻഡ് ഇന്ത്യൻ പോർട്സ് അസോസിയേഷൻ പുറത്തു വിട്ട സാമ്പത്തിക റിപ്പോർട്ട് പ്രകാരം 2015 തുടങ്ങി ഇരുപതു വർഷം നീളുന്ന പദ്ധതിയിൽ 577 പദ്ധതികളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. 2018 മാർച്ച് 31 ആയപ്പോഴേക്കും അതിൽ 495 പ്രോജക്റ്റുകൾ വിവിധ ഘട്ടങ്ങളിലായി പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കേരളത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന വിഴിഞ്ഞം പദ്ധതി ഉൾപ്പെടെ. ഇത്തരം പദ്ധതികൾ ഏതു വിധത്തിലാണ് തീരദേശ വാസികളെയും മത്സ്യതൊഴിലാളികളെയും കടൽ സമ്പത്തിനെയും ബാധിക്കാൻ പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

2014-ൽ മാതൃക സംസ്ഥാനമായി ഉയർത്തിക്കാട്ടിയ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ അതു നമുക്ക് പറഞ്ഞു തരും. 1600-ഓളം കിലോമീറ്റർ കടൽത്തീരമുള്ള ഗുജറാത്തിലെ കടല്‍ത്തീരം തുറമുഖങ്ങളും തെർമൽ പവർ പ്ലാൻറുകളും മൂലം മുഴുവനായിത്തന്നെ മത്സ്യതൊഴിലാളികളിൽ നിന്ന് കവർന്നെടുക്കപ്പെട്ടിരിക്കുന്നു. ഇവിടെ പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ ചൂടും പ്ലാൻറുകളിൽ നിന്ന് പുറംതള്ളുന്ന വ്യവസായ അവശിഷ്ടങ്ങളും കടലിനെ മലിനമാക്കുന്നു, സമുദ്രജലത്തിന്റെ താപനില വർധിപ്പിക്കുന്നു. ജലം മത്സ്യങ്ങള്‍ അടക്കമുള്ള ജലജീവികൾക്ക് ജീവയോഗ്യമല്ലാതാവുന്നു. ആഗോള താപത്തിന് ആക്കം കൂട്ടുന്നതിനൊപ്പം കടൽ സമ്പത്തിനെ എന്നെന്നേക്കുമായി നശിപ്പിക്കുക കൂടിയാണ് ഇത്തരം പദ്ധതികൾ.

തുറമുഖ നിർമാണത്തിനും മറ്റുമായി മത്സ്യത്തൊഴിലാളികളെ തങ്ങളുടെ പരമ്പരാഗത വാസസ്ഥലത്തു നിന്ന് ഇവിടെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ കടൽ തീരത്ത് മീൻ ലഭ്യത കുറവായതു കാരണം മീൻ തേടി അകലേക്ക് പോകുമ്പോള്‍ പാകിസ്ഥാൻ കടലിലേക്ക് എത്തിപ്പെട്ട അധികം മത്സ്യത്തൊഴിലാളികളും ഇന്ന് അവിടുത്തെ ജയിലിലാണ്; 392 എന്ന് ഒൗദ്യോഗിക കണക്ക്.

ഇനി കേരളത്തിലേക്ക് വരാം: സംസ്ഥാനത്തെ 25 ശതമാനത്തോളം മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം. മദർ പോർട്ടെന്ന ഓമന പേരിട്ടു വിളിക്കപ്പെടുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പിന്നിലും ഗുജറാത്തിലെ നാശം വിതച്ച തുറമുഖ ഉടമകളിൽ പ്രധാനിയായ അദാനി തന്നെയാണ്. നഷ്ടപരിഹാര പാക്കേജുകൾക്കോ തുറമുഖത്ത് കുടുംബങ്ങൾക്ക് സ്ഥിരമായ ജോലി നൽകാമെന്ന വാഗ്ദാനത്തെയോ, കേരള വികസനത്തിന് പുതിയ മുഖം നൽകുമെന്ന വാദത്തെയോ മുഖവിലയ്‌ക്കെടുത്താൽ പോലും ഈ തുറമുഖം നിലവിൽ വന്നാൽ കേരള തീരദേശത്തിനു മൊത്തമായും, തിരുവനന്തപുരത്തിന് പ്രത്യേകമായും ഉണ്ടാകാവുന്ന നഷ്ടം അതിലും എത്രയോ അധികമാണ്. അമ്പതിനായിരത്തോളം മത്സ്യത്തൊഴിലാളുകളുടെ ജീവിതോപാധി നഷ്ടപ്പെടും, ടൂറിസം മേഖലയിലെ പതിനായിരത്തോളം പേര്‍ക്ക് തൊഴിൽ ഇല്ലാതാകും, ഇന്ന് മീൻപിടുത്തം നടക്കുന്ന അനേകം ബീച്ചുകൾ മത്സ്യതൊഴിലാളികൾക്ക് നഷ്ടമാകും, മത്സ്യബന്ധന മേഖലയെ തന്നെ സ്തംഭിപ്പിക്കുന്ന ഒന്നാവും ഈ തുറമുഖം. വിഴിഞ്ഞം തുറമുഖത്തിെൻറ വയബിലിറ്റിയെ പറ്റി ഒട്ടേറെ പഠനങ്ങൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞിട്ടുമുണ്ട്.

ഭൂപരിഷ്‌കരണം, ദാരിദ്ര നിർമാർജനം, സാർവത്രിക വിദ്യാഭ്യാസം, ശിശു ക്ഷേമം എന്നിവയിൽ ഊന്നിയ വികസനം വഴി ഉയർന്ന സാക്ഷരതാ നിരക്കും മികച്ച ആരോഗ്യ-ജീവിത നിലവാരവും ഉയർന്ന രാഷ്ട്രീയ ബോധവുമുള്ള ഒരു സമൂഹം കെട്ടിപ്പടുത്തു എന്നാണ് നമ്മുടെ അവകാശവാദം. എന്നാൽ നെഞ്ചുവിരിച്ച് പറയുന്ന ആ കേരളാ മോഡലിലും ദലിത്, ആദിവാസി, ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയ വലിയ സമൂഹം പുറമ്പോക്കിലേക്ക് തള്ളപ്പെട്ടിരുന്നു. പുനർ നിർമിക്കുന്ന നവകേരളത്തിലെങ്കിലും അവരെയും തുല്യനീതിയോടെ ചേർത്തു നിർത്തിയേ മതിയാവൂ. അതല്ല, ഒരു ഗുജറാത്ത് മോഡൽ പുനർനിർമാണമാണ് നടക്കുന്നതെങ്കിൽ മുൻപേ പറഞ്ഞവരും മത്സ്യത്തൊഴിലാളികളുമുൾപ്പെടുന്ന ഒരു വലിയ സമൂഹത്തിന്റെ തിരോധാനത്തിലാണ് അതു കലാശിക്കുക. ആ ആപത്ത് ഒഴിവാക്കാൻ, ചരിത്രപരമായ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് ബാധ്യതയുണ്ട്. അവർ മുങ്ങിത്തപ്പി തിരിച്ചു പിടിച്ചു തന്ന, അവരുടെ ദാനമായി കിട്ടിയ മണ്ണിൽ നിന്നാണ് പുനർനിർമാണത്തെക്കുറിച്ച് നമ്മൾ സംസാരിക്കുന്നതെന്ന് മറക്കാതിരിക്കുക, ഇനിയെങ്കിലും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

തീരം തിന്നുന്ന പുതിയ തീരദേശ നിയന്ത്രണ മേഖല ഉത്തരവിന് പിന്നിൽ വാജ്പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന സാഗർ മാല പദ്ധതി

വിഴിഞ്ഞം തുറമുഖം: അദാനി വാക്ക് പാലിച്ചില്ല; ഇനിയും ക്വാറികള്‍ തുറക്കാവുന്ന അവസ്ഥയിലാണോ കേരളം?

വിഴിഞ്ഞം: ഞങ്ങളുടെ അന്നം മുട്ടിക്കുന്നതാണോ വികസനം? ടി. പീറ്റര്‍ സംസാരിക്കുന്നു

വിഴിഞ്ഞം: സര്‍ക്കാര്‍ ഒളിച്ചുവെക്കുന്നതും ജനം അറിയേണ്ടതും

അശ്വതി സേനന്‍

അശ്വതി സേനന്‍

ഡല്‍ഹി യുണിവേഴ്സിറ്റിയില്‍ ഗവേഷക. കത്തെഴുത്തും വായനയും യാത്രകളും ഇഷ്ട വിനോദങ്ങള്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍