UPDATES

ട്രെന്‍ഡിങ്ങ്

ഒരു മഖ്ബറ പൊളിക്കുകയെന്നാല്‍ മുസ്ലീം സമൂഹം സൃഷ്ടിച്ച ഒരു മതേതര ഇടം ഇല്ലാതാക്കുക എന്നാണ്

കേരളത്തില്‍ നിന്ന് ആട് മേക്കാന്‍ പോയവരും എെസിസിന്‍റെ ആശയം സ്വീകരിച്ചവരെല്ലാം സലഫികളാണ്. ഒരൊറ്റ സുന്നി പോലും ഇറാഖിലെയും അഫ്ഗാനിലെയും തീവ്രവാദികളിലേക്ക് ആകര്‍ഷിക്കപ്പെടില്ലെന്ന് ഉറപ്പാണ്

ഇന്നലെ പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ്; ഏതോ ഒരു ഔലിയായുടെ മഖ്ബറ (ശവകുടീരം) പൊളിച്ചു നീക്കിയതിന് നാല് മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതാണ് വാര്‍ത്ത. ആ വാര്‍ത്ത ഷെയർ ചെയ്ത ഒരു പോസ്റ്റിനടിയില്‍ വേറെയും കുറേ മുജാഹിദുകള്‍ അലറുന്നത് കണ്ടു. ബാക്കി മഖ്ബറകള്‍ കൂടി പൊളിക്കണമത്രേ. ശിർക്കിന്റെയും (അള്ളാഹു അല്ലാത്തവരെ ആരാധിക്കല്‍) അന്ധവിശ്വാസങ്ങളുടെയും കേന്ദ്രങ്ങൾ അനുവദിക്കാൻ പാടില്ല പോലും; ഇതാണ് അതിന് അവർ പറയുന്ന കാരണങ്ങൾ.

സത്യത്തിൽ അന്ധവിശ്വാസങ്ങള്‍ എന്നൊന്നുണ്ടോ? മുജാഹിദുകൾക്ക് സുന്നികളെല്ലാം അന്ധവിശ്വാസക്കാരും ഖാഫിറുകളുമാണ്. മുസ്ലിങ്ങളുടെ കാര്യമെടുത്താൽ ഇസ്ലാം ഒഴികെ ബാക്കി എല്ലാ മതക്കാരും അന്ധവിശ്വാസികളും ശിര്‍ക്ക് ചെയ്യുന്നവരുമാണ്. കൃസ്ത്യാനികളാണെങ്കില്‍ ക്രിസ്ത്യാനിറ്റിയിൽ വിശ്വസിക്കാത്തവരെല്ലാം അന്ധവിശ്വാസികളാണ്. ഹിന്ദുക്കളാണെങ്കിൽ പല ദെെവങ്ങളില്‍ വിശ്വസിക്കുന്നവര്‍ പോലും ആൾദൈവങ്ങളില്‍ വിശ്വസിക്കുന്നവരെ അന്ധവിശ്വാസികൾ എന്നു വിളിക്കും. ചുരുക്കിപ്പറഞ്ഞാൽ അവനവന്റെ വിശ്വാസങ്ങൾക്ക് പുറത്തുള്ളവരെള്ളവരെല്ലാം അന്ധവിശ്വാസികളാണ്. ഓരോ ‘അന്ധ’വിശ്വാസികൾക്കും അവർക്ക് ആഗ്രഹമുള്ളത് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ ഉണ്ട്. മുജാഹിദുകളുടെ വാദപ്രകാരം തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരായി ചിന്തിക്കാത്തവരുടെയെല്ലാം (ശിര്‍ക്ക് ചെയ്യുന്നവരുടെ) കേന്ദ്രങ്ങളെല്ലാം തകർത്തു കളയണമെന്നാണ് പറഞ്ഞാൽ അതെങ്ങനെ ശരിയാകും. മഖ്ബറ തകർക്കാൻ ഇറങ്ങുന്നവർ നാളെ അന്ധവിശ്വാസമാണെന്നു പറഞ്ഞ് അമ്പലം തകർത്താലോ? ഇവിടെ കുഴപ്പത്തിന് വേറെ എവിടെയെങ്കിലും പോകേണ്ടതുണ്ടോ? നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് വിശ്വസിക്കാം, അത് മറ്റുള്ളവര്‍ കൂടി വിശ്വസിക്കണമെന്ന് വാശി പിടിക്കുന്നതിന്‍റെ ലോജിക്കാണ് മനസ്സിലാവാത്തത്.

കേരളത്തിലെ മാപ്പിള സമൂഹത്തിന് ഒരു മഹത്തായ പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട് . കേരളത്തിൽ ഒരു സമൂഹവും നടത്താത്ത സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിയ ചരിത്രമുണ്ട് ആ സമൂഹത്തിന്. ചുരുങ്ങിയത് രണ്ട് നൂറ്റാണ്ടെങ്കിലും കൊളോണിയല്‍ ശക്തികളോടും ജന്‍മിത്വത്തോടും പൊരുതിയിട്ടുണ്ടവര്‍. മമ്പുറം തങ്ങളുടെയും വാരിയം കുന്നത്തിന്‍റെയുമൊക്കെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിയായവരാണവര്‍. ബ്രിട്ടൻ ഇന്ത്യ ഭരിക്കുന്ന സമയത്ത് മലപ്പുറത്ത് ഓരോ കുടുംബങ്ങളിലും കാണും മിനിമം ഒരു രക്തസാക്ഷി എങ്കിലും. ആൻഡമാന്‍ നിക്കോബാറില്‍ പോയവര്‍ക്കറിയാം അവിടെയുള്ള, കൊണ്ടോട്ടിയെന്നും മഞ്ചേരിയെന്നുമൊക്കെ പേരുള്ള സ്ഥലപ്പേരുകളെപ്പറ്റി. ആ പേരുകളുടെ പിന്നിലെ കഥകള്‍ അന്വേഷിച്ചു പോയാല്‍ മാത്രം മതി എത്ര മാപ്പിളമാരെ ബ്രിട്ടീഷുകാര്‍ ആന്‍ഡമാനിലേക്ക് നാട് കടത്തിയിട്ടുണ്ടെന്ന് ഊഹിക്കാന്‍. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ നൂറുകണക്കിന് മലബാറിലെ മാപ്പിളമാരെ ആൻഡമാനിലേക്ക് നാടുകടത്തിയപ്പോൾ തങ്ങളുടെ നാടിന്റെ ഓർമ്മയ്ക്ക് മലബാറിലെ മാപ്പിളമാർ പേരിട്ട സ്ഥലങ്ങളാണിത്.

ഒരു നൂറ്റാണ്ട് മുമ്പുള്ള മാപ്പിള പാട്ടുകൾ മാത്രം പരിശോധിച്ചാൽ മതി, അക്കാലത്ത് മാപ്പിള സമൂഹം എത്രമാത്രം സാമ്രാജ്യത്വ വിരുദ്ധരും പോരാളികളും ആയിരുന്നു എന്ന് മനസിലാക്കാൻ.
പറഞ്ഞുവരുന്നത് ഇതൊക്കെ സംഘടിപ്പിച്ചത് കേരളത്തിലെ സലഫികള്‍ പുച്ഛിച്ചു തള്ളുന്ന ജാറങ്ങളും മഖ്ബറകളും പള്ളി ദര്‍സുകളും ചുറ്റിപ്പറ്റി വളര്‍ന്നു വന്ന, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ പൂര്‍ണമായും അന്ധവിശ്വാസികളും ഇസ്ലാമിന് പുറത്തുള്ള ‘ഖുറാഫി’ എന്ന് മുദ്ര അടിക്കുകയും ചെയ്ത ‘മൊലിയാമ്മാ’രുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു. ഇന്ത്യയില്‍ ആദ്യമായി കര്‍ഷക സമരം നയിച്ചതും ഈ മൊലിയാമ്മാര്‍ തന്നെ ആയിരുന്നു!
മനോഹരമെന്നും മാപ്പിളമാരുടെ സംഭാവനകളെന്നും നാം പറയാറുള്ള
മാപ്പിള കലകളുടെ ചരിത്രം എടുത്താൽ അത് പൂർണമായും വികസിച്ചുവന്നത് മലബാറിലെ മുസ്ലിങ്ങളുടെ ആഘോഷങ്ങളായ നേർച്ചകൾക്കും മൗലിദുകൾക്കും കൊട്ടിപ്പാടി തന്നെയാണെന്ന് മനസ്സിലാവും. കാരണം ഒരു പ്രദേശത്തെ മുസ്ലിം സമൂഹത്തിന്‍റെ വികാസം കുറേ നൂറ്റാണ്ടുകള്‍ ആയി ഒരു പള്ളിയും അതിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു മഹാന്‍റെ മഖ്ബറയും അവിടുത്തെ മതനേതൃത്വവുമൊക്കെ ചുറ്റിപ്പറ്റി തന്നെയാണ്. അതുകൊണ്ട് കലകളുടെ വികാസവും സ്വാഭാവികമായും ഇത്തരം കേന്ദ്രങ്ങളിലാവും.

ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധത്തിൽ കേരളത്തിലെ മുസ്ലിം സമൂഹം ഇങ്ങനെ സെക്കുലറായി നില്‍ക്കാനുള്ള കാരണങ്ങളിലൊന്ന് മുസ്ലിം സമൂഹം സൃഷ്ടിച്ച ആണ്ട് നേര്‍ച്ചയും ഉറൂസുമൊക്കെ പോലുള്ള മതേതര ഇടങ്ങളാണ്. ഗൾഫ് പണത്തിന്റെ സമൃദ്ധിക്ക് മുമ്പ് കേരളത്തിൽ ഒരു നാട്ടിലെ ദളിതനും മുസ്ലിമിനും രണ്ടു നേരം ഇറച്ചിയും ചോറും കിട്ടുന്ന ഒരേയൊരു ആഘോഷമാണ് മഖ്ബറകളില്‍ നടക്കുന്ന നേര്‍ച്ചകള്‍. അന്നാട്ടിലെ സാധാരണക്കാരും പാവങ്ങളും എല്ലാം ജാതിമതഭേദമന്യേ, പ്രത്യേകിച്ച് കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തത്ത ദളിതരും മുസ്ലികളുമൊക്കെ അത്രമാത്രം ആഘോഷിച്ച ഇടങ്ങളായിരുന്നു നേർച്ചകൾ. മതേതര ഇടങ്ങള്‍ സൃഷ്ടിക്കുക എന്നത് ഒരു സെക്കുലര്‍ സമൂഹത്തിന്‍റെ നിലനില്‍പ്പിന്‍റെ വെള്ളവും വളവുമാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അങ്ങനെ നോക്കിയാല്‍ മുസ്ലിം സമൂഹം കേരളത്തിലെ സെക്കുലറിസത്തിന് നൽകിയ ഏറ്റവും നല്ല സംഭാവനകളിലൊന്നാണ് മക്ബറകള്‍ ചുറ്റിപ്പറ്റി നടക്കുന്ന നേര്‍ച്ചകള്‍ എന്ന് വേണമെങ്കില്‍ പറയാം.

നേര്‍ച്ചയും ഉറൂസും മന്ത്രവുമായി നടക്കുന്ന കേരളത്തിലെ സുന്നികൾ എക്കാലത്തും സെക്കുലർ ആയിരുന്നു. മുസ്ലിം പള്ളിയുടെ മുന്നിൽവെച്ച നേർച്ചപ്പെട്ടിയിൽ ഒരു നല്ല കാര്യം സാധിക്കാൻ വേണ്ടി പെെസ ഇടുന്നവർ പകുതി എങ്കിലും ഹിന്ദുക്കൾ ആകും. പള്ളിയിലെ ഉസ്താദിന്റെ അടുത്ത് മന്ത്രിച്ചൂതിയ വെള്ളത്തിന് വരുന്നവരിൽ ധാരാളം ഹിന്ദു സ്ത്രീകളെയും കാണാം. ഉസ്താദ് മന്ത്രിച്ചൂതിയ വെള്ളം കൊണ്ട് അസുഖം മാറിയാൽ ഹൈന്ദവ സ്ത്രീ തന്റെ തൊടിയിൽ വളർന്ന വാഴക്കുലയോ അല്ലെങ്കിൽ ഓണത്തിന്‍റെ സമയത്ത് ഇടിച്ച് വാഴയിലയില്‍ പൊതിഞ്ഞ അരിയുണ്ടയൊക്കെ കൊണ്ടു കൊടുക്കുന്ന പതിവ് നാട്ടിൻപുറങ്ങളിൽ ഇപ്പോഴുമുണ്ട് .(മന്ത്രിച്ചാല്‍ അസുഖം മാറുമോ ഇല്ലയോ എന്നതൊക്കെ വേറെ വിഷയമാണ്. പോവുന്നു എന്നതാണ് പ്രധാനം)

മുസ്ലിം സമൂഹത്തെ ഇങ്ങനെ സെക്കുലറായ നിർത്തുന്നതിൽ എറ്റവും വലിയ പങ്കുവഹിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് സുന്നി മദ്രസകൾ. തീവ്ര മതചിന്തകൾക്ക് അപ്പുറത്തേക്ക് മുസ്ലിം സമൂഹത്തെ തടഞ്ഞുനിർത്തുന്നതിൽ ശക്തമായ പങ്കു വഹിക്കുന്നത് ഈ മദ്രസാ സംവിധാനമാണ്. തീവ്ര സലഫിസത്തിന്റെയും റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെയും കെണിയിൽ അത്രയെളുപ്പം പെടാതിരിക്കാൻ മാത്രം മതപരമായ അറിവ് ഇവിടെ നിന്ന് ലഭിക്കുന്നതിനാല്‍ ഇത്തരക്കാരോട് പ്രതിരോധിച്ച് നില്‍ക്കാൻ മാത്രമുള്ള മതപരമായ അറിവ് മലബാറിലെ ഒരുവിധം എല്ലാ മാപ്പിളമാര്‍ക്കും അത്യാവശ്യത്തിന് ഉണ്ടാവും. അതുകൊണ്ടുതന്നെയാണ് സലഫികൾക്കും റാഡിക്കൽ ഇസ്ലാമിസ്റ്റുകൾക്കുമൊന്നും കേരളത്തിലെ മുസ്ലിം സമൂഹത്തിനിടയിൽ അത്ര പെട്ടെന്ന് സ്വാധീനം ചെലുത്താൻ കഴിയാതെ പോയതിന്റെ രഹസ്യവും. ആശയ അടിത്തറ ചെറുപ്പത്തിലേ രൂപീകരിക്കാന്‍ സഹായിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല.

ഇങ്ങനെയൊക്കെ തന്നെയാണ് കേരളത്തിലെ മനോഹരമായ മാപ്പിള സംസ്കാരം എന്നു പറയുന്ന സാധനം ഇവിടെ നിലനിന്ന് പോരുന്നത്. രണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ സമരം നടത്തിയ സമൂഹം, ഉന്നതമായ മതേതര ബോധം ഉയർത്തിപ്പിടിക്കുന്ന, കേരളത്തിലെ മറ്റു മതവിഭാഗങ്ങളുമായി ഇഴകിച്ചേർന്ന് ജീവിക്കുന്ന നല്ല സാംസ്ക്കാരിക പാരമ്പര്യം അവകാശപ്പെടാനുള്ള സമൂഹം; ഇതാണ് മാപ്പിളമാർ.

ഇപ്പോഴും എസ് ഡി പി ഐയിലും വെൽഫെയർ പാർട്ടിയിലും ആകെയുള്ളത് രണ്ടു ശതമാനത്തോളം മുസ്‌ലിങ്ങൾ മാത്രമാണ്. കേരളത്തിലെ ഹിന്ദു സമൂഹത്തിൽ 25-30 ശതമാനത്തോളം ബിജെപിക്ക് വോട്ട് ചെയ്യുന്നിടത്താണ് ഇതെന്നോർക്കണം. അത്രമാത്രം സെക്യുലർ ആണവര്‍. ഇന്ത്യയിലൊരിടത്തും ഇങ്ങനെ ഒരു മുസ്ലിം സമൂഹത്തെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല.

ഈയൊരു സംസ്ക്കാരത്തിന്‍റെ ഇടയിലേക്ക് പുരോഗമന ആശയങ്ങളുടെ മേലങ്കിയണിഞ്ഞു കൊണ്ടാണ് സലഫികളുടെ വരവ്. സലഫികള്‍ ലോകത്തെ എല്ലായിടത്തും പാന്‍ ഇസ്ലാമിന്റെയും തീവ്രവാദത്തിന്റെയും അങ്ങേയറ്റത്തെ അസഹിഷ്ണുതയുടെയും വക്താക്കൾ ആയിരുന്നപ്പോൾ കേരളത്തില്‍ മാത്രം സലഫികൾ പുരോഗമനം പറഞ്ഞുകൊണ്ട് കടന്നു വന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല. സലഫിസത്തെ കേരളത്തിന് പരിചയപ്പെടുത്തിയത്, വക്കം മൗലവിയും അബ്ദുറഹിമാന്മാൻ സാഹിബിന്റെയും പോലുള്ള ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളായത് ആയതുകൊണ്ടാണ്. അവരുടെ പുരോഗമന ആശയങ്ങൾ കേരളത്തിലെ സലഫികളെയും സ്വാധീനിച്ചു എന്ന് മാത്രം. സ്ത്രീകളുടെ പള്ളി പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ എടുത്ത പുരോഗമനപരമായ സ്റ്റാന്റ് മുതല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെടുത്ത നിലപാടില്‍ വരെ ഇത്തരം നേതാക്കളുടെ സ്വാധീനം കാണാം.

എന്നാൽ പിൽക്കാലത്ത് അവർ തനിസ്വഭാവം കാട്ടാൻ തുടങ്ങി. അന്യമത വിദ്വേഷത്തിന്റെയും മുസ്ലിങ്ങൾക്കിടയില്‍ തന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകാൻ തുടങ്ങിയത് ഇവരാണ്. മറ്റ് മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നത് മുതല്‍ അവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നതുപോലും ഇസ്ലാമിൽ നിന്നു പുറത്താകുന്ന രീതിയിൽ ഫത്‌വകൾ വന്നുതുടങ്ങി. അറേബ്യൻ വസ്ത്രധാരണ രീതികൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത് അത് മുസ്ലിം മനസ്സുകളിലേക്ക് നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയത് ഉള്‍പ്പെടെ, എന്തിനു പറയുന്നു ഓണസദ്യ ഉണ്ടാൽ പോലും കാഫിർ ആവുന്ന നിലയിൽ മുസ്ലിം സമൂഹത്തിനു നേരെ നരകഭയം അവർ കുത്തിവച്ചു. തങ്ങളുടെ ആശയങ്ങൾ പിൻപറ്റാത്തവരെല്ലാം കാഫിറുകളായി പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ആട് മേക്കാന്‍ പോയവരും എെസിസിന്‍റെ ആശയം സ്വീകരിച്ചവരെല്ലാം സലഫികളാണ്. ഒരൊറ്റ സുന്നി പോലും ഇറാഖിലെയും അഫ്ഗാനിലെയും തീവ്രവാദികളിലേക്ക് ആകര്‍ഷിക്കപ്പെടില്ലെന്ന് ഉറപ്പാണ്.

പ്രധാനപ്പെട്ട പ്രശ്നം വേറെയാണ്. കേരളത്തിലെ മുസ്ലീം സമൂഹം നൂറ്റാണ്ടുകളായി രൂപപ്പെടുത്തിയെടുത്ത മാപ്പിള സംസ്കാരത്തിന്‍റെ ആണിക്കല്ല് തച്ചു തകർക്കാൻ തുടങ്ങുകയും മാപ്പിളമാര്‍ സൃഷ്ടിച്ച മതേതര ഇടങ്ങളെല്ലാം ഇസ്ലാമിന് പുറത്ത് പോകാനുള്ള മാർഗ്ഗങ്ങൾ ആണെന്ന് കുറേ ഹദീസും ഖുർആനും കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങളും വെച്ച് വ്യാഖ്യാനിച്ച് വളച്ചൊടിച്ച് പറഞ്ഞുതുടങ്ങിയതുമാണ് പ്രധാന പ്രശ്നം. സുന്നികൾ പിന്തുടരുന്ന മറ്റു മതസ്ഥരോടുള്ള, അവരുടെ വിശ്വാസപ്രമാണങ്ങളെ ബഹുമാനിച്ചു കൊണ്ടുള്ള ഇടപെടലുകൾ പാടെ നിര്‍ത്തിയാണ് സലഫികളുടെ മത പ്രചാരണ പരിപാടികള്‍. നിങ്ങളേതെങ്കിലും സുന്നി ഉസ്താദുമാര്‍ അന്യ മതസ്ഥരുടെ വീട് കയറി മതം പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? നിങ്ങൾ കാഫിറുകള്‍ ആണെന്നും ഞങ്ങൾ മാത്രമാണ് ശരിയെന്നും അന്യ മതസ്ഥരുടെ വീടുകളില്‍ കയറി പറഞ്ഞു തുടങ്ങിയത് ഇവരാണ്. കേരളത്തിലെ മുസ്ലിം സമൂഹം ഒരിക്കലും പിന്തുടരാത്ത രീതിയിലുള്ള പ്രബോധനങ്ങൾ ആയിരുന്നു അത്. ഒരു സെക്കുലര്‍ സമൂഹത്തിന് ഒട്ടും ചേരാത്ത രീതികളും ശീലങ്ങളുമാണത്.

ചുരുക്കത്തില്‍ സുന്നികള്‍ അല്‍പ്പം അന്ധവിശ്വാസികളും മതത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരുമൊക്കെയാണെങ്കില്‍ തന്നെ സെക്കുലറിസത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. ഒരു മഖ്ബറ പൊളിക്കുക എന്ന് പറഞ്ഞാല്‍ മുസ്ലിം സമൂഹം സൃഷ്ടിച്ച ഒരു മതേതര ഇടം ഇല്ലാതായി എന്നാണ് അര്‍ത്ഥം. ഒരു കയ്യില്‍ ‘അന്ധവിശ്വാസ’വും മറുകൈയ്യില്‍ പ്യൂരിറ്റന്‍ ഇസ്ലാമും വെച്ച് തന്നാല്‍ അന്ധവിശ്വാസം തിരഞ്ഞെടുക്കണം. സെക്കുലറിസം തകരുന്നതിനേക്കാള്‍ വലുതൊന്നുമല്ല വേറെ എന്തും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മന്‍സൂര്‍ പാറേമ്മല്‍

മന്‍സൂര്‍ പാറേമ്മല്‍

പേരാമ്പ്ര സ്വദേശി. അബുദാബിയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍