UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ട്രെന്‍ഡിങ്ങ്

സാലറി ചലഞ്ചില്‍ അള്ള് വയ്ക്കുന്നവര്‍ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ് അതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

കാളി എന്ന ഫോറസ്റ്റ് ഗാര്‍ഡിന്റെ വിസമ്മത പത്രത്തെയും കേരളം ലക്ഷങ്ങളും കോടികളും നല്‍കിയ മനുഷ്യരുടെ സമ്മതത്തിനൊത്തു തന്നെയാണ് കാണുന്നത്.

മന്ത്രിസഭയുടെ മഴക്കാല തയ്യാറെടുപ്പുകള്‍ വിശകലനം ചെയ്യുന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ സാന്ദര്‍ഭികമായി കാലാവസ്ഥാ വ്യതിയാനങ്ങളും വിഷയമായി. അതില്‍ ഒരു വിദഗ്ധന്‍ പറഞ്ഞതനുസരിച്ച് മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ മഴത്തുള്ളിയുടെ വലിപ്പം, അതില്‍ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ് പല മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നുവത്രേ. അങ്ങനെയെങ്കില്‍ മൂന്നോ നാലോ ദിവസം നിര്‍ത്താതെ മഴ പെയ്താല്‍ പോലും അത് ഫലത്തില്‍ പണ്ട് പത്ത് പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി മഴപെയ്ത അവസ്ഥ ആയിരിക്കുമല്ലോ ഉണ്ടാക്കാന്‍ പോകുന്നത് എന്ന ഒരാശങ്ക മനസ്സില്‍ ഉയര്‍ന്നിരുന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞതോടെ അത് യാഥാര്‍ഥ്യമായി പെയ്തിറങ്ങി.

ഇനിയും തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര വ്യാപ്തിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ, ലക്ഷക്കണക്കിന്‌ മനുഷ്യരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊണ്ടെത്തിച്ച ഒരു പ്രളയകാലം. നമ്മുടെ സിവില്‍, രാഷ്ട്രീയ സമുഹങ്ങള്‍ ഒരുമിച്ച് ഒരേ മനസ്സോടെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയൊരു ദുരന്തത്തെ, ആള്‍നാശത്തെ കുറെയൊക്കെ നിയന്ത്രിക്കാനായി.എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. അപ്പോള്‍ ഇനി ബാക്കിയാവുന്നത്, ചെയ്യാനാവുന്നത് രണ്ട് കാര്യങ്ങള്‍ മാത്രമാണ്. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് ശാസ്ത്രീയമായി വിലയിരുത്തി അത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക. രണ്ട്, സംഭവിച്ച കെടുതികളില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗം അന്വേഷിക്കുക.

പാരിസ്ഥിതികമായ മാറ്റങ്ങള്‍

മഴ തുടങ്ങുന്നതിനുമുമ്പേ ഡാം തുറന്നുവിട്ടിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന മനുഷ്യനിര്‍മ്മിത ദുരന്തം എന്നൊക്കെയുള്ള പരിഹാസ്യമായ വാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇതില്‍ പാരിസ്ഥിതികമായ ഒരു വശം തീര്‍ച്ചയായും ഉണ്ടാവാം. അതിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയല്ല പക്ഷെ ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്, മറിച്ച് പ്രശ്നം പാരിസ്ഥിതിക വ്യതിയാനങ്ങള്‍ ആണെങ്കില്‍ തന്നെ അതിന്റെ വില ആര്‍ കൊടുക്കണം എന്നതിനെ കുറിച്ചാണ്.

ഈ ദുരന്തത്തെ തുടര്‍ന്നും നടന്ന ചര്‍ച്ചകള്‍ അധികവും പതിവ് പാരിസ്ഥിതിക ലളിതാഖ്യാനങ്ങളെ ചുറ്റിപ്പറ്റി ആയിരുന്നു. ഡാം ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍, കുടിയേറ്റം, കൃഷി, കാലിവളര്‍ത്തല്‍ ഒക്കെയും അതില്‍ പലപ്പോഴും പരോക്ഷമായാണെങ്കിലും വില്ലന്‍ വേഷം കെട്ടിക്കപ്പെട്ടു. എന്നാല്‍ ഇതിന്റെ ഗുണഭോക്താക്കളായി ഇരുന്നുകൊണ്ട് ഇതിനെയൊക്കെ മുഖം അടച്ചാക്ഷേപിച്ചതുകൊണ്ട് എന്ത് കാര്യം എന്നതാണ് പ്രശ്നം. പഴയതിനെ അപേക്ഷിച്ച് താരതമ്യേനെ മെച്ചം ജീവിതം തന്നെയാണ് നാം ഇന്ന് ഭൌതികമായി നയിക്കുന്നത്. അതിന് കാരണം ഈ പറഞ്ഞ ആധുനിക സാങ്കേതിക വിദ്യകളും കാര്‍ഷിക, ക്ഷീര വിപ്ലവങ്ങളും ഒക്കെയാണ്. എന്നാല്‍ ഇത്തരം പ്രകൃതി ദുരന്തങ്ങളിലൂടെ അതിനൊരു വിലയും കൊടുക്കേണ്ടിവരുന്നു. അത് ആര് ഒടുക്കണം എന്നതാണ് ചോദ്യം.

Also Read: സാലറി ചലഞ്ച്: എതിര്‍പ്പറിയിച്ചത് വിവാദമായി; കിട്ടിയ സ്ഥലംമാറ്റവും റദ്ദായതിന് പിന്നില്‍

പങ്കിടേണ്ട ബാദ്ധ്യത

കേരളത്തില്‍ പെയ്തൊഴിഞ്ഞുപോയ പ്രളയം എന്ന് പറഞ്ഞാല്‍ കേരളക്കരയെ ഒട്ടാകെ മുക്കിയ ഒരു ദുരന്തമല്ല. ചിലര്‍ ദുരിതത്തില്‍പ്പെട്ടു. മറ്റുപലരും ഇല്ല. ദുരിതത്തില്‍പ്പെട്ടവര്‍ ചെയ്ത വ്യക്തിഗത കുറ്റങ്ങളുടെ ശിക്ഷയായിരുന്നോ അവര്‍ അനുഭവിച്ചത്? ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ട നമ്മള്‍ ഭുരിപക്ഷം നമ്മുടെ നന്മയുടെ പ്രതിഫലം എന്ന നിലയില്‍ ഒഴിവാക്കപ്പെട്ടവരാണോ? അസാദ്ധ്യമാം വണ്ണം അല്പബുദ്ധികളായ (അത്തരക്കാര്‍ എണ്ണത്തില്‍ അത്ര കുറവൊന്നുമല്ല എന്നും ഈ പ്രളയം തെളിയിച്ചു) മനുഷ്യരല്ലാതെ അങ്ങനെ ചിന്തിക്കാന്‍ വഴിയില്ല.

അപ്പോള്‍ പറഞ്ഞുവരുന്നത് ഇതാണ്. പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താലും അതിന്റെ ഗുണഭോക്താക്കളെ മാത്രം ശിക്ഷിക്കുകയും അല്ലാത്തവരെ ഒഴിച്ച് നിര്‍ത്തുകയും ചെയ്ത ഒരു പ്രാകൃതിക ന്യായവിധിയൊന്നുമായിരുന്നില്ല ഈ കഴിഞ്ഞ പ്രളയം. അതില്‍ മുങ്ങിപ്പോയ മനുഷ്യരുടെ, നഷ്ടമായ സ്ഥാവരജംഗമ സ്വത്തുക്കളുടെ ഉത്തരവാദിത്തം ഈ മഴക്കാലം അവധിയായി അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച എല്ലാവരുടെയുമാണ്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി

ഈ പ്രളയക്കെടുതി കേരളത്തിന്‍റെ ഒട്ടാകെയാണ് എന്നും അതിനെ നേരിടുക എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പ്രത്യേകിച്ച് വലിയ ഉത്ബോധനമൊന്നും കൂടാതെ തന്നെ മലയാളി തിരിച്ചറിഞ്ഞു എന്ന് തോന്നിപ്പിച്ച ദിവസങ്ങളായിരുന്നു പിന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആരും പണം സംഭാവന ചെയ്യരുത്; ചെയ്താല്‍ അത് പിണറായി വിജയനും കൂട്ടുകാരും ചേര്‍ന്ന്‌ കയ്യിട്ടുവാരി കൊണ്ടുപോകും എന്ന തരത്തില്‍ വരെ നീചമായ രാഷ്ട്രീയ പ്രചരണങ്ങള്‍ ഉണ്ടായി. എന്നിട്ടും കേരളം കുലുങ്ങിയില്ല. ദുരിതാശ്വാസ നിധിയിലേക്കുള്ള സുമനസ്സുകളുടെ സംഭാവന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വ്വകാല റിക്കോര്‍ഡ്‌ ഭേദിച്ചു.

പക്ഷേ അതുകൊണ്ടൊന്നും ആശ്വസിക്കാന്‍ വകയില്ലാത്തവണ്ണം ഭീമമായിരുന്നു നഷ്ടം. സാങ്കേതികമായ മുട്ടാപ്പോക്കുകള്‍ പറഞ്ഞ് വിദേശ സഹായം നിരസിക്കുകയും എന്നാല്‍ ഇതില്‍ നിന്നും കരകയറാന്‍ തങ്ങള്‍ക്ക് എങ്ങനെ, എത്രത്തോളം സഹായിക്കാനാവും എന്നതില്‍ കൃത്യമായി ഒന്നും പറയാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാട് കാര്യങ്ങളെ കുടുതല്‍ വഷളാക്കി.

അടിയന്തിര ധനസമാഹരണമല്ലാതെ പരിഹാരമില്ലാത്ത ഈ അവസ്ഥയിലാണ് അത് പ്രായോഗികമായി എങ്ങനെയൊക്കെ നടത്താം എന്ന് ഒരു സര്‍ക്കാര്‍ ചിന്തിക്കുന്നത്. സാലറി ചലഞ്ച് ഈ ദുരന്തം നടന്ന ശേഷം ലഭിച്ച ആദ്യ ശമ്പളം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിക്ക് നല്‍കിയ ഒന്നിലധികം സര്‍ക്കാര്‍ ജീവനക്കാരായ സുഹൃത്തുക്കള്‍ എനിക്ക് തന്നെയുണ്ട്. സൈക്കിള്‍ വാങ്ങാന്‍ സ്വരുപിച്ചത് നല്‍കിയ കുട്ടി, ഒരേക്കര്‍ ഭുമി സംഭാവന ചെയ്ത കുട്ടി തുടങ്ങി ചെറുതും വലുതുമായ നിരവധി മാതൃകള്‍ വേറെ. ഓര്‍മ്മ ശരിയെങ്കില്‍ ഇതിനൊക്കെ ശേഷമാണ് സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിക്കുന്നത്. പത്തും ഇരുപത്തിയഞ്ചുമായി സിനിമാ നടന്മാരും മറ്റ് പ്രശസ്തരും ഒക്കെ സംഭാവന ചെയ്തിട്ടും അത് ഏതാനും കോടികള്‍ മാത്രമേ ആവുന്നുള്ളൂ. അപ്പോള്‍ വ്യക്തികളുടെ വലിയ തുകകളല്ല, വലിയ എണ്ണമുള്ള സമൂഹത്തിന്റെ ചെറിയ തുകകള്‍ കൊണ്ടേ ഈ വലിയ വെല്ലുവിളി നമുക്ക് നേരിടാനാവു എന്ന് വരുന്നു.

അഞ്ച് ലക്ഷത്തില്‍പ്പരം സര്‍ക്കാര്‍ ജീവനക്കാര്‍ കേരളത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. പതിനായിരത്തില്‍ താഴെ മാസ ശമ്പളമുള്ള തസ്തികകള്‍ നാട്ടില്‍ ഇന്ന് വിരളവും ആയിരിക്കും. അപ്പോള്‍ ശരാശരി പതിനായിരം വച്ച് അഞ്ച് ലക്ഷം പേര്‍ നല്‍കിയാല്‍ അത് തന്നെ അഞ്ഞുറുകോടി വരും.

ഓരോ സര്‍ക്കാര്‍ ജീവനക്കാരനും തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുക എന്ന ചലഞ്ച് ഏറ്റെടുത്താല്‍ അടുത്ത ഒരുവര്‍ഷം കൊണ്ട് സര്‍ക്കാരിന് സമാഹരിക്കാവുന്ന തുക ചെറുതല്ല. അതുകൊണ്ട് തന്നെ അവര്‍ വഴി കേരളത്തില്‍ വരും കാലത്ത് ഉണ്ടാവാന്‍ സാധ്യമായ മാന്ദ്യത്തെ നേരിടുക അപ്രായോഗികമായ ഒരു പദ്ധതിയുമല്ല. പക്ഷേ അതിന് എല്ലാവരും തയ്യാറാകുമോ?

Also Read: കമ്പിളി വിൽക്കാൻ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലെന്ന അപകർഷതയോടെ…

എന്താണ് ചലഞ്ച്?

ചലഞ്ച് അഥവാ വെല്ലുവിളി എന്നത്, ആവുന്നത് ചെയ്യുക എന്നതല്ല, മറിച്ച് അത്ര എളുപ്പത്തില്‍ നടക്കാത്ത ഒരു ലക്ഷ്യത്തെ വെല്ലുവിളിയായി ഏറ്റെടുത്ത് നടപ്പിലാക്കുക എന്നതാണ്. പേര് ധ്വനിപ്പിക്കുന്നതുപോലെ സാലറി ചലഞ്ചുമതേ. ഒരു ചലഞ്ചിനെയും നിത്യജീവിതത്തിന്റെ സുരക്ഷിത മേഖലയില്‍ നിന്നും സുഖമായി ഏറ്റെടുക്കാന്‍ പറ്റില്ല. അതിന് ലക്ഷ്യവുമായി ബന്ധപ്പെട്ട ചില ത്യാഗങ്ങള്‍, അര്‍പ്പണങ്ങള്‍ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ചലഞ്ചില്‍ പങ്കെടുക്കാതിരിക്കുക എളുപ്പമാണ്. പങ്കെടുക്കുക പ്രയാസവും. ഇവിടെ രണ്ട് ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരാം. ഒന്ന് എന്തുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം? രണ്ട്, എന്തുകൊണ്ട് വിസമ്മത പത്രം?

എന്തുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം?

ന്യായമായ ഒരു ചോദ്യം. ഒരു ക്ഷേമ രാജ്യ സങ്കല്പത്തില്‍ വ്യക്തിയുടെ അതിജീവനം സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ നിലവിലുള്ള അവസ്ഥയില്‍ അതാണോ യാഥാര്‍ഥ്യം?
സര്‍ക്കാര്‍ നിലവില്‍ ആരുടെയെങ്കിലും അതിജീവനം പൂര്‍ണ അര്‍ത്ഥത്തില്‍ ഉറപ്പ് നല്‍കുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രമാണ്. ശമ്പളം കൂടാതെ അലവന്‍സുകള്‍, ക്ഷാമ ബത്തകള്‍, ബോണസ്, സൌജന്യ വൈദ്യചികിത്സ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, ആള്‍ മരിച്ചാല്‍ വിധവയ്ക്ക് പെന്‍ഷന്‍, സര്‍വീസില്‍ ഇരിക്കെ മരിച്ചാല്‍ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി. ഇതൊക്കെയും തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഏത് മനുഷ്യനും അര്‍ഹിക്കുന്ന അവകാശങ്ങളാണ്, ഔദാര്യമല്ല. പക്ഷെ ഇത് നമ്മുടെ സര്‍ക്കാര്‍ ഇന്ന് ഉറപ്പ് വരുത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരില്‍ മാത്രമാണ്. ശരിയാണ്. വരുമാന നികുതി ഉള്‍പ്പെടെയുള്ളവ കൃത്യമായി നല്‍കുന്നത് സര്‍ക്കാര്‍ ജിവനക്കാര്‍ മാത്രമാണ്. എന്നാല്‍ ടാക്സ് നല്കാതിരിക്കാനായി പതിനായിരങ്ങളില്‍ പ്രോവിഡന്റ് ഫണ്ടില്‍ ഇട്ടാല്‍ അതിന്റെ ആനുകൂല്യം ഭാവിയില്‍ ഭീമമായ ഒരു തുകയായി ലഭിക്കുന്നതും അവര്‍ക്കാണ്. അതായത് സര്‍ക്കാര്‍ ഈ ചലഞ്ച് അവര്‍ക്ക് മാത്രമായി ഉണ്ടാക്കിയ ഒന്നൊന്നുമല്ല. പക്ഷെ എനിക്ക് ഒന്നുമില്ല എന്നുപറഞ്ഞ് മാറി നില്‍ക്കുക അവരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നം.
അതായത് ഞാന്‍ നിന്നോട് ഒരു വെല്ലുവിളി മുന്നോട്ട് വച്ചാല്‍ അത് ഏറ്റെടുക്കാന്‍ നിനക്ക് ശേഷിയുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയും എനിക്കുണ്ട്. ഇല്ലാത്ത പക്ഷം തളര്‍വാതം പിടിച്ചവനോട്‌ ധൈര്യമുണ്ടെങ്കില്‍ എഴുന്നേറ്റ് വന്ന് എന്റെ മൂക്കില്‍ തൊടൂ എന്ന് പറയുന്നപോലാവും അത്. സര്‍ക്കാര്‍ അത് കൃത്യമായി ചെയ്തു. അതാണ് പ്രശ്നമായതും. സാലറി ചലഞ്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമെന്ന് ആരുപറഞ്ഞു? അതവിടെ നില്‍ക്കട്ടെ. ഇനി ഒരു മറു ചോദ്യം.

Also Read: സാലറി ചലഞ്ചിനെ അട്ടിമറിക്കരുത്; മനോരമ പത്രാധിപര്‍ക്ക് ധനമന്ത്രിയുടെ തുറന്ന കത്ത്

സാലറി ചലഞ്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമെന്ന് ആര് പറഞ്ഞു?

പ്രവാസികള്‍ ഉള്‍പ്പെടെ വരുമാനമുള്ള ആര്‍ക്കും ഏറ്റെടുക്കാവുന്ന ഒരു വെല്ലുവിളിയായായാണ് അത് മുഖ്യമന്ത്രി അവതരിപ്പിച്ചത്. അത് അവരില്‍ പലരും ഏറ്റെടുക്കയും ചെയ്തു. പ്രശ്നം അതല്ല. ആര്‍ ഏറ്റെടുത്തു എന്നതിലെ കണക്കെടുപ്പല്ല, ആര്‍ മാറി നിന്നു എന്നതിലെ കണക്കും പുറത്ത് വരും എന്നതാണ് സാലറി ചലഞ്ച് ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന യഥാര്‍ത്ഥ ചലഞ്ച്.

ഒരു ദിവസത്തെ സാലറി പോയിട്ട് ഒരു മണിക്കൂര്‍ സാലറി മാറിയാല്‍ മുഴുവന്‍ ജീവിതം അപകടത്തില്‍ പെടുന്ന മനുഷ്യര്‍ ഉണ്ടാവാം. അവര്‍ സാലറി ചലഞ്ചിനോട് ധാര്‍മ്മികമായി ഒത്തുനിന്നുകൊണ്ട് തന്നെ അതിനെ നിഷേധിച്ചിട്ടുണ്ട്. അതിനെ കേരളം ആര്‍ദ്രമായി തന്നെ മനസിലാക്കിയിട്ടുമുണ്ട്. ഉരുള എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട കാളി എന്ന ഒരു സ്ത്രീയുണ്ട്. അവര്‍ ഫോറസ്റ്റ് ഗാര്‍ഡ് ആയി ജോലി നോക്കുന്ന ഒരു ഫോര്‍ത്ത് ഗ്രേഡ് തൊഴിലാളിയാണ്. അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച അവരുടെ വാക്കുക്കുകള്‍ കേള്‍ക്കാം.

“ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ഫോറസ്റ്റ് വാച്ചര്‍ ആയി ജോലി നോക്കുന്ന ഒരാളാണ് ഞാന്‍. ആകെ ശമ്പളത്തില്‍ പിടുത്തവും പിന്നെ ബാങ്ക് ലോണുകളുടെ അടവും എല്ലാം കഴിഞ്ഞ് കൈയില്‍ കിട്ടുന്നത് പത്തു പതിമൂവായിരം രൂപയാണ്. ഈ കാശ് കൊണ്ട് കഴിയേണ്ടത് അഞ്ചു പേരാണ്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചുപോയൊരു സ്ത്രീയാണ് ഞാന്‍. ഒരു മകന്‍ ഉണ്ട്. അവന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുകയാണ്. അമ്മയില്ലാത്ത ഒരു പെണ്‍കുട്ടിയേയും ഞാന്‍ വളര്‍ത്തുന്നുണ്ട്. അവള്‍ ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. രോഗാവസ്ഥയിലുള്ള എന്റെ ചേച്ചിയേയും അവരുടെ ഭര്‍ത്താവിനേയും സംരക്ഷിക്കേണ്ടതും ഞാനാണ്. ഇത് കൂടാതെ ഊരിലും മറ്റുമായി പല കുടുംബങ്ങളേയും സഹായിക്കേണ്ടതായും വരുന്നുണ്ട്. ഇതെല്ലാം നടത്തിക്കൊണ്ടു പോകേണ്ടത് എന്റെ വരുമാനം കൊണ്ടാണ്. അതില്‍ നിന്നും ഗഡുക്കളായിട്ടാണെങ്കില്‍ പോലും സര്‍ക്കാരിലേക്ക് തിരിച്ചു കൊടുക്കേണ്ടി വന്നാല്‍ എല്ലാം താളം തെറ്റും. നൂറു രൂപയുടെ വ്യത്യാസം വന്നാല്‍ പോലും എല്ലാം തകിടം മറിയുന്ന അവസ്ഥയാണ് എന്റേത്. അതുകൊണ്ടാണ് സാലറി ചലഞ്ചിലേക്ക് ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന് എനിക്ക് എഴുതിക്കൊടുക്കേണ്ടി വന്നത്.” (ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു)

ഈ വാക്കുകളില്‍ അടിമുടി തെളിഞ്ഞുനില്‍ക്കുന്ന സത്യസന്ധതയില്‍, ആത്മാര്‍ത്ഥതയില്‍ ആര്‍ക്കും സംശയമില്ല. അവരുടെ വിസമ്മത പത്രത്തിനോടും ഐക്യദാര്ഢ്യം മാത്രം. സ്വയം ചലഞ്ചിംഗ് ആയ ജീവിതം നയിക്കുന്ന കാളിയെ പോലുള്ളവരുടെ ശമ്പളം ‘പിടിച്ച് പറിക്കാന്‍’ ആയിരുന്നില്ല സാലറി ചലഞ്ച്. അത് അവരെ പോലെയുള്ളവര്‍ക്ക് മനസിലാകുന്നുമുണ്ട്.
പക്ഷെ ചിലര്‍ക്ക് മനസിലാവുന്നില്ല.

എന്തുകൊണ്ട് വിസമ്മത പത്രം?

എന്തുകൊണ്ട് വിസമ്മത പത്രം? വേണമെന്നുള്ളവര്‍ കൊടുത്താല്‍ പോരെ എന്നതാണ് ചോദ്യം എങ്കില്‍ ഉത്തരം ഈ ഫോറസ്റ്റ് ഗാര്‍ഡ് ആയ കാളിയെ പോലെയുള്ളവരുടെ വേറിട്ട വിസമ്മത പത്രങ്ങളെ അല്ലെങ്കില്‍ പിന്നെ നമ്മള്‍ എങ്ങനെ തിരിച്ചറിയും എന്നതാണ്.

കാളി എന്ന ഫോറസ്റ്റ് ഗാര്‍ഡിന്റെ വിസമ്മത പത്രത്തെയും കേരളം ലക്ഷങ്ങളും കോടികളും നല്‍കിയ മനുഷ്യരുടെ സമ്മതത്തിനൊത്തു തന്നെയാണ് കാണുന്നത്. അതുകൊണ്ട് അവര്‍ മാറ്റി നിര്‍ത്തപ്പെടില്ല എന്ന് നമുക്ക് ഉറപ്പാണ്. അതിന് കാരണം ഉണ്ട്. ‘കാരണം’ ഒരു പ്രധാനപ്പെട്ട വാക്കാണ്‌. അവസ്ഥയാണ്. കാരണം തന്നെയാണ്. അതില്ലാത്തവര്‍ തങ്ങള്‍ വെളിപ്പെടുമോ എന്ന ഭയത്താല്‍ ഉയര്‍ത്തുന്ന ഭിന്ന അഭിപ്രായങ്ങളെ മുഖവിലയ്ക്ക് എടുക്കാന്‍ പ്രയാസമാണ് ഭായി. അതായത് സാലരി ചലഞ്ചില്‍ അള്ള് വയ്ക്കുന്നവര്‍ അത് ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു

സാലറി ചലഞ്ചിനെ അട്ടിമറിക്കരുത്; മനോരമ പത്രാധിപര്‍ക്ക് ധനമന്ത്രിയുടെ തുറന്ന കത്ത്

സാലറി ചലഞ്ച്: എതിര്‍പ്പറിയിച്ചത് വിവാദമായി; കിട്ടിയ സ്ഥലംമാറ്റവും റദ്ദായതിന് പിന്നില്‍

കമ്പിളി വിൽക്കാൻ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലെന്ന അപകർഷതയോടെ…

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍