UPDATES

വിദേശം

നിയോം പദ്ധതി ഒരു ഭ്രാന്തന്റെ സ്വപ്നം മാത്രമല്ല, സൗദി അറേബ്യയെ മുഹമ്മദ് ബിൻ സൽമാന്‍ മുറിച്ച് വില്‍ക്കുന്നതിങ്ങനെയാണ്

ഈ മേഖലയിലെ ജനങ്ങൾ പക്ഷേ യാഥാർത്ഥൃം തിരിച്ചറിഞ്ഞ് കൂടുതൽ ആവേശത്തോടെ തെരുവിലിറങ്ങുന്ന കാഴ്ചയാണ് അടുത്തായി കാണുന്നത്.

മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കപ്പെട്ടതാണ് 500 ബില്യൻ ഡോളറിന്റെ ‘നിയോം’ പദ്ധതി. 26,500 ചതുരശ്ര കിലോ മീറ്റർ വ്യാപ്തിയിൽ സൗദി അറേബ്യക്കകത്ത് എല്ലാ അർത്ഥത്തിലും വേറൊരു ലോകം സൃഷ്ടിക്കാൻ നിയോം ലക്ഷ്യമിടുന്നു. അയൽ രാജ്യമായ കുവൈത്തിന്റെ ജിഡിപിയുടെ മൂന്നിരട്ടിയിലധികം വരുന്ന തുകയാണിതെന്നത് മാത്രമല്ല, മുഹമ്മദ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും ലോകവീക്ഷണവും കൃത്യമായി അടയാളപ്പെടുത്താനും പദ്ധതിക്ക് സാധിക്കുന്നു. 2300 പേജ് വരുന്ന നിയോമിന്റെ പദ്ധതി റിപ്പോർട്ടിലെ അവിശ്വസനീയമായി തോന്നുന്ന ചില ഭാഗങ്ങൾ ‘വാൾസ്ട്രീറ്റ് ജേർണൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ നിന്ന്:

— പദ്ധതി പ്രദേശത്ത് അക്ഷരാർത്ഥത്തിൽ ‘പറക്കുന്ന കാറുകൾ’ ആയിരിക്കും ടാക്സി സർവീസ് നടത്തുന്നത്. “വല്ലപ്പോഴുമൊക്കെ ഒരു തമാശക്ക് ഫെരാരിയെടുത്ത് ഓടിക്കുന്നതിനപ്പുറം ഡ്രൈവിംഗിന് ഈ ടൗണിൽ സ്ഥാനമുണ്ടാവില്ല” എന്ന് പദ്ധതി റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്.

— കൃത്രിമ മഴ (Cloud Seeding) വഴി മഴ പെയ്യിക്കാനുള്ള സംവിധാനമൊരുക്കും.

— ജുറാസിക് പാർക് മാതൃകയിൽ റോബോട്ടുകൾ വഴി പ്രവർത്തിക്കുന്ന കൃത്രിമ ദിനോസറുകൾ ഉള്ള പാർക്കുകൾ ഉണ്ടാവും.

— വാച്ച് പോലെ വെട്ടിത്തിളങ്ങുന്ന ബീച്ചാണ് മറ്റൊരു ആകർഷക ഘടകം.

— രാത്രി പ്രകാശ പൂരിതമാക്കാനായി ഭീമാകാരനായ ഒരു കൃത്രിമ ചന്ദ്രൻ (Artificial Moon) ആണ് മറ്റൊരു ആകർഷണം (വെറും കൃത്രിമം ആയാൽ പോരാ, ‘ഉദയവും’ ‘അസ്തമയവും’ ഒക്കെയുള്ള ‘പൂർണ ചന്ദ്രനും’ ‘അർദ്ധ ചന്ദ്രനു’ മെല്ലാം ആവാൻ ശേഷിയുള്ളതാവണം സാധനമെന്ന് മുഹമ്മദ് പ്രത്യേകം നിർദേശിച്ചതായും റിപ്പോർട്ടിലുണ്ട്!)

— കുറ്റകൃത്യങ്ങൾ പതിവ് രീതിയിൽ റിപ്പോർട്ട് ചെയ്യേണ്ട ആവശ്യം വരില്ല, പകരം കംപ്യൂട്ടർ നിയന്ത്രിത സംവിധാനം ഇക്കാര്യം നോക്കും. ഇതിനായി പ്രദേശത്ത് പ്രവേശിക്കുന്ന ഓരോരുത്തരേയും ബയോ മെട്രിക് സംവിധാനം വഴി ട്രാക് ചെയ്യാനുള്ള നൂതന സംവിധാനവും ഒരുക്കും.

— ലോകത്തെ ഏറ്റവും മികച്ച മെഡിക്കൽ, ഹോട്ടൽ, റസ്റ്ററന്റ് ശൃംഖലകളും സൗകര്യങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

— ലോകോത്തര കമ്പനികളുടെ Research & Development സെന്ററുകൾ ഇവിടെ പ്രവൃത്തിക്കും.

— സൗദിയിലെ മറ്റു മേഖലകളിലുള്ള നിബന്ധനകളും നിയമ സംവിധാനങ്ങളുമൊന്നും ഇവിടെ കാണില്ല. മദ്യവും ലഭ്യമാവും. ഇതിനായാണ് സാങ്കേതികാർത്ഥത്തിൽ (പുണ്യ സ്ഥലങ്ങളായ മക്കയും മദീനയും ഉൾപ്പെടുന്ന) സൗദി അറേബ്യയുടെ ഭാഗമല്ലാത്ത ചില ദ്വീപുകൾ ശിങ്കിടി രാജ്യമായ ഈജിപ്തിൽ നിന്ന് പദ്ധതിക്കായി വാങ്ങിയത്.

‘ഭ്രാന്തൻ’ എന്നോ ‘അപ്രായോഗികം’ എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ആശയങ്ങളാണ് മുകളിൽ പറഞ്ഞവയിൽ കൂടുതലുമെങ്കിലും ക്രൂരമായ സാമൂഹിക വശങ്ങളും കുറവല്ല. പദ്ധതിക്കായി മേഖലയിലെ ആളുകളെ മുഴുവൻ ഒഴിപ്പിക്കുമെന്നതാണ് അവയിലൊന്ന്. 20,000 പേരെയാണ് ഇങ്ങനെ കുടിയിറക്കാൻ ലക്ഷ്യമിടുന്നത്, പലരും തലമുറകളായി അവിടെ താമസമാക്കിയവർ. ആദ്യം ലക്ഷ്യമിട്ടത് 2025-ന് മുമ്പായി ഒഴിപ്പിക്കാനായിരുന്നെങ്കിലും മുഹമ്മദ് ഇടപെട്ട് 2022 ആക്കി ചുരുക്കി. “ഒരു സമൂഹത്തെ ഒന്നടങ്കം പിച്ചി ചീന്തുന്ന” നടപടിയും തങ്ങളെ കൊല്ലുന്നതിന് സമാനവുമാണെന്നുമാണ് ഇരകളിൽ ഒരാൾ പരിതപിച്ചത്.

സൗദിയാണെങ്കിൽ സാമ്പത്തികമായി എല്ലാ അർത്ഥത്തിലും തകർന്ന് കിടക്കുന്നു. പതിനായിരക്കണക്കിന് സ്ഥാപനങ്ങൾ പൂട്ടി, ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. രാജ്യം വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും എങ്ങനെയാണ് ഇത് പോലുള്ള ഭ്രാന്തൻ ആശയങ്ങളും പദ്ധതികളുമായി ഒരു ഭരണാധികാരിക്ക് ആധുനിക കാലഘട്ടത്തിൽ മുന്നോട്ട് പോവാൻ സാധിക്കുന്നത്? പദ്ധതിയുടെ വിശദാംശങ്ങളിലൂടെ കണ്ണോടിച്ചാൽ അതിനുള്ള ഉത്തരവും കിട്ടും. പേരിന് സൗദി അറേബ്യയിലാണെങ്കിലും പദ്ധതിയുടെ അടിമുടി നടത്തിപ്പുകാർ പാശ്ചാത്യ കുത്തക കമ്പനികളാണ്, പ്രത്യേകിച്ചും അമേരിക്കൻ കമ്പനികൾ. പദ്ധതിയുടെ പ്രധാന കൺസൾട്ടന്റ് മെക്കിൻസിയാണ്, ആളുകളെ ട്രാക് ചെയ്യാനുള്ള ബയോ മെട്രിക് സംവിധാനം ഒരുക്കുന്നത് ഐബിഎമ്മിനെയാണ്, ‘ലോകത്തെ ഏറ്റവും വലിയ കൃത്രിമ ചന്ദ്രൻ ഉണ്ടാക്കുന്ന ഏർപ്പാടിന് നാസയെ തന്നെ ഏർപ്പാടാക്കും, ഇസ്രായേൽ കമ്പനികളുടെ സാങ്കേതിക വിദ്യയും പ്രൊജക്റ്റിലുടനീളം ഉപയോഗിക്കും. ഫലത്തിൽ 500 ബില്യൻ ഡോളർ സൗദി പണത്തിന്റെ സിംഹഭാഗവും ഈ കമ്പനികളുടെ കയ്യിലെത്തും.

ആശയത്തിൽ മാത്രമല്ല, നടത്തിപ്പിലും മുഹമ്മദിന്റെ ഭ്രാന്തൻ രീതി ഉടനീളമുണ്ട്. കൈക്കൂലി, അഴിമതി ആരോപണങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിച്ച ക്ലോസ് ക്ലയൻഫൽഡ് ആയിരുന്നു പദ്ധതിയുടെ ആദ്യ സിഇഒ. ക്ലോസും ക്ലോസിന്റെ ഡെപ്യൂട്ടിയും കഴിഞ്ഞ വർഷം ‘രാജി വെച്ചു’. മുഹമ്മദ് ഒരു കൂട്ടം രാഷ്ട്രീയ, വ്യവസായ പ്രമുഖരെ അറസ്റ്റ് ചെയ്ത് റിറ്റ്സ് കാൾട്ടൻ ഹോട്ടലിട്ടപ്പോൾ കൂട്ടത്തിൽ ഇതേ മെക്കൻസിയുടെ തന്നെ സൗദി ഡിവിഷനായ എലിക്സിറിന്റെ സ്ഥാപകൻ ഹാനി ഖോജയുമുണ്ടായിരുന്നു. നിയോം പദ്ധതി മെക്കൻസിയുടെ നേതൃത്വത്തിൽ നടക്കുമ്പോൾ തന്നെയായിരുന്നു ഇതും. ഹാനിയെ പിന്നീട് വിട്ടയച്ചെങ്കിലും എന്തായിരുന്നു ‘ഡീൽ’ എന്ന കാര്യം ഹാനിയോ സർക്കാരോ വ്യക്തമാക്കിയിട്ടില്ല.

പദ്ധതിക്ക് പണം സ്വരൂപിക്കാനായി മുഹമ്മദ് കണ്ട പ്രധാന മാർഗം പൊതുമേഖലാ എണ്ണ കമ്പനിയായ ‘അരാംകോ’യുടെ ഒരു ഭാഗം വിൽക്കുക എന്നതായിരുന്നു. 300 ബില്യൻ ഇങ്ങനെ ലക്ഷ്യമിട്ടെങ്കിലും 2018 ൽ ലക്ഷ്യമിട്ട അരാംകോ പദ്ധതി അനന്തമായി നീണ്ടു പോയി. 2021 ൽ നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒരുറപ്പുമില്ല. മുഹമ്മദടക്കമുള്ള ഭരണാധികാരികൾ കയ്യിട്ടു വാരുന്നതും കമ്പനി കണക്കുകളെ അട്ടിമറിക്കുന്നതും സുതാര്യതയില്ലാത്ത അക്കൗണ്ടിംഗ്, പ്രവർത്തന രീതികളുമാണ് ആഗോള ഷെയർ മാർക്കറ്റിലിറങ്ങാനുള്ള അരാംകോ നീക്കങ്ങൾക്ക് തിരിച്ചടിയായതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. അനന്തമായി നീളുന്ന യെമൻ യുദ്ധമാണെങ്കിൽ ആയിരക്കണക്കിന് കോടിയാണ് ഓരോ മാസവും പൊടിച്ച് കളയുന്നത്. അവസാനമായി ഹൂതി ഭീഷണി നേരിടാൻ പറ്റാതെ അബഹ എയർപോർട്ട് ഭാഗികമായി അടച്ചിടാനുള്ള രഹസ്യ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായിരുന്ന ജമാല്‍ ഖഷോഗിയുടെ വധത്തെ തുടർന്ന് അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് നേരിട്ട കനത്ത തിരിച്ചടിയും നിയോം പദ്ധതിക്ക് തടസ്സമായിട്ടുണ്ട്. മുഹമ്മദ് തന്നെ കഴിഞ്ഞ വർഷം ഒരഭിമുഖത്തിൽ പറഞ്ഞത്, “വർഷങ്ങളോളം ഒരാളും ഇനി പദ്ധതിയിൽ നിക്ഷേപിക്കില്ല” എന്നായിരുന്നു. ഖഷോഗി വധത്തിലെ തെളിവുകൾ ഒന്നൊന്നായി പുറത്ത് വന്നപ്പോൾ ഉണ്ടായ കനത്ത സമ്മർദ്ദം പാശ്ചാത്യ കമ്പനികളിൽ പലരേയും പിന്തിരിയാൻ നിർബന്ധിതരാക്കുകയായിരുന്നു എന്നതാണ് സത്യം. അല്ലാതെ സൗദിയിൽ വിമതരെയും ശിയാ ന്യൂനപക്ഷങ്ങളേയും വേട്ടയാടുന്നതോ യെമനികളെ കൊന്നൊടുക്കുന്നതോ ഒന്നും അവർക്കൊരു വിഷയമേ അല്ലായിരുന്നു. തൂങ്ങി ചാവുന്നവന് കയറ് വാങ്ങി കൊടുത്ത് കാശുണ്ടാക്കണമെന്നതാണ് അവരുടെ അടിസ്ഥാന നയം. പറ്റുമെങ്കിൽ ആളുകളെ തൂങ്ങാനായി ബോധവത്ക്കരിക്കുകയും ചെയ്യും.

പാശ്ചാത്യ കുത്തക കമ്പനികളുടേയും അവരുടെ താത്പര്യ സംരക്ഷണം മാത്രം ലക്ഷ്യമാക്കുന്ന അവിടെയുള്ള ഭരണകൂടങ്ങളും പരിപാലിച്ച് പോരുന്ന പശ്ചിമേഷ്യൻ ജിയോ പൊളിറ്റിക്സിന്റെ അടിസ്ഥാനം ഈ സാമ്പത്തിക വശമാണ്, മറ്റെന്തിനെക്കാളും. നിയോം പദ്ധതി അതിനേറ്റവും വലിയ ഉദാഹരണമായിരുന്നു. മുഹമ്മദിനാണെങ്കിൽ തന്റെ ഭ്രാന്തൻ സ്വപ്നങ്ങളും ആശയങ്ങളും നടപ്പിലാക്കാനുള്ള ഒരു ഏർപ്പാട് മാത്രമായിരുന്നില്ല പദ്ധതി. താൻ മുന്നോട്ട് വെക്കുന്ന സൗദി എന്നത് എത്രത്തോളം പാശ്ചാത്യ താത്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്ന് കാണിക്കേണ്ടത് കൂടി അധികാരമുറപ്പിക്കാൻ അനിവാര്യമായിരുന്നു. പദ്ധതിയുടെ ആദ്യ ബോർഡ് യോഗത്തിൽ തന്നെ മുഹമ്മദ് പറഞ്ഞ കാര്യം ഇക്കാര്യത്തിന് അടിവരയിടുന്നു – “നിയോം സ്വതന്ത്രമായ വ്യവസ്ഥയും സംവിധാനവുമായി ഒന്നിൽ നിന്ന് തുടങ്ങുന്നതിനാൽ ഏറ്റവും മികച്ച സേവനങ്ങൾ സാമൂഹിക പരിധികൾ ബാധകമാവാതെ തന്നെ ഉറപ്പു വരുത്താനാവും”. അതായത്, നിലവിലുള്ള ഒരു സാമൂഹിക വ്യവസ്ഥിതിയും പരിമിതിയും ബാധകമാവാതെ ഈ കമ്പനികൾക്ക് ഊറ്റിയെടുക്കാനായി ഒരു രാജ്യത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും തുറന്ന് വെച്ചിരിക്കുന്നു എന്നാണ് പറയുന്നത്. അത് തുടരണമെങ്കിൽ തന്റെ അധികാരം നിലനിർത്തേണ്ടത് പാശ്ചാത്യ ഭരണകൂടങ്ങളുടെ കൂടി ആവശ്യമാണെന്നും പറയാതെ പറയുന്നു. സമാന രീതിയിലുള്ള ഭ്രാന്തനായതിനാൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ യാഥാർത്ഥ്യം പച്ചയ്ക്ക് പറഞ്ഞ് മുഹമ്മദിനെ പിന്തുണക്കുന്നു, ബാക്കിയുള്ളവർ ഒരു വശത്ത് ചില കപട ജനാധിപത്യ, മനുഷ്യാവകാശ നാട്യങ്ങൾ കാണിക്കുകയും മറു വശത്ത് പശ്ചിമേഷ്യയിലെ സ്റ്റാറ്റസ്കോ ഉറപ്പു വരുത്തുകയും ചെയ്യുന്നു. അവരാരും മേഖലയിൽ ജനാധിപത്യം പുലരാൻ ആഗ്രഹിക്കുന്നില്ല. ഈ കൊടുക്കൽ-വാങ്ങലാണ് പശ്ചിമേഷ്യയിൽ നിന്നും ജനാധിപത്യത്തെ അകറ്റി നിർത്തിയത്, എക്കാലത്തും.

പക്ഷേ മേഖലയിലെ ജനങ്ങൾ ഈ യാഥാർത്ഥൃം തിരിച്ചറിഞ്ഞ് കൂടുതൽ ആവേശത്തോടെ തെരുവിലിറങ്ങുന്ന കാഴ്ചയാണ് അടുത്തായി കാണുന്നത്. പാശ്ചാത്യ താത്പര്യങ്ങൾക്കനുസൃതമായി ചുട്ടെടുക്കുന്ന ഇതുപോലുള്ള കൊള്ള പദ്ധതികൾ ആ സമരങ്ങൾക്ക് ഊർജം പകരുകയേ ഉള്ളൂ !

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ  https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

Read Azhimukham: ഗീതാ ഗോപി എംഎല്‍എ ഇരുന്നിടം ചാണകവെള്ളം തളിച്ച് ‘ശുദ്ധ’മാക്കിയതിനെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍