UPDATES

ഡാ ലി

കാഴ്ചപ്പാട്

വാക്വം ചേംബർ

ഡാ ലി

സയന്‍സ്/ടെക്നോളജി

നിങ്ങളെ വാനില മണക്കുന്നുണ്ടോ? അതോ മണ്ണിന്റെ മണമാണോ നിങ്ങള്‍ക്ക്? കാരണം, സംഭവം കട്ട സീരിയസാണ്

മണങ്ങളുടെ തലവേദന ലോകത്തു നിന്നും എങ്ങനെ പുറത്ത് കടക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് ശാസ്ത്രലോകത്ത് നിന്നും ഒരു ശുഭവാർത്ത വരുന്നത്

ഡാ ലി

മണങ്ങൾ ഓർമ്മകൾ കൂടിയാണ്. സ്കൂൾ കാലത്തെ ഓർക്കുമ്പോൾ, പുതിയ പുസ്തകത്തിൻ്റെ മണമോർക്കുന്നവർ അല്ലെങ്കിൽ മഴയുടെ മണം ഓർക്കുന്നവർ; മഴക്കാലത്തെ ഓർക്കുമ്പോൾ ഈയലിൻ്റെ മണമോർക്കുന്നവർ; വേനൽക്കാലത്തെ ചക്ക മണമായോ മാങ്ങ മണമായോ ഓർക്കുന്നവർ; കൊടും വേനലിനെ ടാറിൻ്റെ മണമായോർക്കുന്നവർ ഒക്കെയായിരിക്കും പലരും. ചിലരുടെ ട്രയിൻ യാത്രകളുടെ ഓർമ്മ റെയില്‍വേ സ്റ്റേഷനുകളിലെ മൂത്രത്തിൻ്റെ മണമാകും. കെമിസ്ട്രിയിൽ എത്രയെത്ര നല്ല മണങ്ങൾ ഉണ്ടെങ്കിലും കെമിസ്ട്രി ക്ലാസ്സിനെ ഓർക്കുമ്പോൾ ഹൈഡ്രഹജൻ സൾഫേറ്റിൻ്റെ ചീഞ്ഞ മുട്ടമണം മാത്രമാകും ഓർമ്മ. ഏഴിലംപാല പൂക്കുന്ന മണത്തിൽ ഇപ്പോൾ യക്ഷിയായി ഓർക്കുന്ന കാമുകിയേയും വെള്ളപ്പാലയുടെ മണത്തിൽ തേച്ചിട്ട് പോയ ഗന്ധർവ്വ കാമുകനേയും ഓർക്കുന്നവരും കുറവല്ല. കാച്ചെണ്ണയുടെ മണം പലർക്കും മുത്തശ്ശി ഓർമ്മയാണ്, കുഴമ്പും തൈലവുമാകട്ടെ മുത്തശ്ശനോർമ്മകളും.

എന്നെ സംബന്ധിച്ചാണെങ്കിൽ മണങ്ങൾ കൊണ്ടുവരുന്ന ഓർമ്മകൾക്കപ്പുറത്ത് ഓർമ്മകൾ മൂക്കിനു മുന്നിൽ പൊട്ടിച്ചൊഴുക്കുന്ന മണങ്ങളുണ്ട്. മരണം ഓർത്താൽ ചുറ്റും ഇഞ്ചിപ്പുൽത്തൈലം കുപ്പി പൊട്ടി വീണൊഴുകുന്ന പോലെ തോന്നും. ഞാറാഴ്ചയാണെന്നോർത്ത് കൈ മണത്താൽ എന്നുമതിന് ഇറച്ചിയിൽ കായയിട്ടു വച്ച കൂട്ടാന്റെ മണമാണ്. ഓർമ്മ, മണങ്ങൾ മാത്രമല്ല; സത്യത്തിൽ യഥാർത്ഥ മണങ്ങളും ചെറുതല്ലാത്ത തലവേദനയാണ് എനിക്ക് തന്നു കൊണ്ടിരിക്കുന്നത്. മൂക്കിൽ രോമമില്ലാത്തതാണ് മറ്റൊരു കാരണമെന്നു ചിലരൊക്കെ പറയുമെങ്കിലും വളരെ ലോലമായ ഒരു മൂക്കാണ് എനിക്കുള്ളത് എന്നതാണിതിനു പ്രധാന കാരണം. മണങ്ങളുടെ സംവേദന ശക്തി വളരെ കൂടുതൽ. അഞ്ചാറു വീടപ്പുറത്ത് ഒരെലി ചത്താൽ ഇവിടെ മണം പിടിച്ച് നടക്കലായി. അടുക്കളയിലെ മണം, ഫ്രിഡ്ജിലെ മണം, ടോയ്ലറ്റിലെ മണം എന്നു വേണ്ട മീൻ വറുത്താൽ പോലും ആ മണം മാറ്റാൻ മെഴുകുതിരിയും ചന്ദനത്തിരിയും കത്തിക്കേണ്ട ഗതികേടിലാണ്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടള്ളത് മനുഷ്യ മണങ്ങളാണ്. ചില മനുഷ്യരെ ഓർക്കുന്നത് തന്നെ ആടിൻ്റെ മണമായും മസാല മണമായുമൊക്കെയാണ്. പണ്ടൊക്കെ തിരക്കുള്ള ബസ്സിൽ കുത്തിപ്പിടിച്ച് നിൽക്കുമ്പോൾ ഉയരമില്ലായ്മയെ ശപിക്കാൻ ഈ മണക്കുന്ന കക്ഷങ്ങൾ കാരണമായിട്ടുണ്ട്. മൈഗ്രേൻ വരുന്ന ദിവസങ്ങളിലാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. സ്വന്തം വിയർപ്പു പോലും അതിരൂക്ഷ ഗന്ധമായി അനുഭവപ്പെടുകയും ഛർദ്ദിൽ വരുകയും ചെയും. മൈഗ്രേൻ വരുന്ന ദിവസങ്ങളിൽ ഈ മണങ്ങളെല്ലാം കൂടി ഒരുമിച്ചെങ്ങനെ വരുന്നു എന്നോർക്കുമായിരുന്നു. മൈഗ്രേന് മണങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പിന്നീട് ഒലിവർ സാക്സിനെ വായിച്ചപ്പോഴാണു മനസ്സിലായത്. മീൻ മാർക്കറ്റിൽ ജനിച്ചു വീഴുന്ന ഒരാളുടെ മണാന്വേഷണങ്ങളുടെ കഥയായ പെർഫ്യൂം എന്ന സിനിമ എക്കാലത്തേയും പ്രിയപ്പെട്ടതായത് അതുകൊണ്ടൊക്കെയാണ്.

ഈ മണങ്ങളുടെ തലവേദന ലോകത്തു നിന്നും എങ്ങനെ പുറത്ത് കടക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് ശാസ്ത്രലോകത്ത് നിന്നും ഒരു ശുഭവാർത്ത വരുന്നത്. അസുഖങ്ങൾ മണത്ത് കണ്ടുപിടിക്കുന്നൊരു കിടുക്കാച്ചി മണംപിടുത്തക്കാരിയെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. എഡിൻബർഗ് യൂണിവേഴ്സിറ്റിക്കാരാണാ ഭാഗ്യതാരങ്ങൾ. കഥ ഇങ്ങനെയാണ്. ജോയ് മിൽനെ എന്ന സ്ത്രീക്കും എൻ്റെ അസുഖമാണ്. അകാരണമായി മണങ്ങൾ ബുദ്ധിമുട്ടിച്ചു കളയും. അവരുടെ ഭർത്താവിന് പാർക്കിൻസൺസ് അസുഖം വന്നപ്പോൾ ഒരു തരം മസ്കി മണം അയാൾക്കുണ്ട് എന്ന് അവർക്ക് അനുഭവപ്പെട്ടു. പിന്നീട് അയാളോടൊപ്പം പാർക്കിൻസൺ അസുഖക്കാരുടെ ഒരു മീറ്റിങ്ങിനു പോയപ്പോഴാണ് അവിടെ ഇരിക്കുന്ന എല്ലാവർക്കും ഒരേ മണമാണെന്നു മനസ്സിലായത്. ഈ കക്ഷി അത് കാര്യമാക്കിയില്ല. പക്ഷേ പിന്നീട് ഇത് പാർക്കിൻസൺ അസുഖത്തിൽ ഗവേഷണം നടത്തുന്ന ഒരുത്തനോട് പറഞ്ഞപ്പോൾ എന്നാൽ ഈ കഴിവൊന്നു ടെസ്റ്റ് ചെയ്തേക്കാമെന്ന് അയാൾ കരുതി. കുറേ പാർക്കിൻസൺ രോഗികളുടേയും അല്ലാത്തവരുടേയും ടീ ഷർട്ടുകൾ അയാൾ ഈ സ്ത്രീക്ക് മണക്കാൻ കൊടുത്തു. കൊടുത്തതിൽ അസുഖമുള്ളവരുടെ എല്ലാ ടീഷർട്ടിലും അവർക്ക് മണം പിടിക്കാനായി എന്നു മാത്രമല്ല, അസുഖമില്ലാത്ത ഒരാളുടെ ഷർട്ടിലും ഈ മണം കിട്ടി. കുറച്ച് മാസങ്ങൾക്ക് ശേഷം ഇയാൾക്കും പാർക്കിന്‍സൺ രോഗം നിർണ്ണയിക്കപ്പെട്ടു എന്നിടത്താണ് സൂപ്പർ സ്മെല്ലർ സ്കിൽ എന്നത് ചില്ലറ കാര്യമല്ല എന്ന് ഗവേഷകർക്ക് തിരിഞ്ഞത്. അവർ കാര്യം കട്ട സീരിയസായി എടുത്തു. മണം കൂടുതലുണ്ട് എന്ന് പറഞ്ഞ ഭാഗത്ത് നിന്നും (പുറംഭാഗം) സീബം എടുത്ത് അതിൻ്റെ ഘടകങ്ങൾ വേർതിരിച്ച് പഠിച്ചു. [thermal desorption–gas chromatography–mass spectrometry (TD–GC–MS) എന്ന രീതിയാണു ഉപയോഗിച്ചത്] അതിലെ ഏത് ഘടകമാണ് ഈ പറഞ്ഞ മസ്കി ഓർഡർ ഉണ്ടാക്കുന്നത് എന്ന് വീണ്ടും മണത്ത് നോക്കി പ്രധാനമായും 4 ഘടകങ്ങളെന്നു കണ്ടുപിടിച്ചു. പിന്നീട് ഇത് വീണ്ടും അനലൈസ് ചെയ്ത് ഏത് കോമ്പൗണ്ടുകൾ ആണെന്നു മനസ്സിലാക്കി. പാർക്കിൻസൺ രോഗികളിൽ ഈ നാലു ഘടകങ്ങളിൽ 3 എണ്ണം (eicosane, hippuric acid and octadecana) കൂടുതലും ഒരെണ്ണം (perillic aldehyde) കുറവുമായിരുന്നു. ഈ അസുഖത്തിൻ്റെ ക്ലാസ്സിക് ലക്ഷണങ്ങൾ വരുന്നതിനു മുൻപ് തന്നെ അസുഖം മനസ്സിലാക്കാനായാൽ അസുഖത്തിൻ്റെ വേഗത നിയന്ത്രിക്കാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ തന്നെ കഴിഞ്ഞേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ജോയ് പറയുന്നത് അൾഷിമേഴ്സ് ഉള്ളവർക്ക് വാനിലയുടെ മണവും ക്യാൻസർ ഉള്ളവര്‍ക്ക് മണ്ണിൻ്റെ മണവും ഉണ്ടാകുമെന്നാണ്. എന്തായാലും മാഞ്ചസ്റ്റർ ഗവേഷകരുമായി ചേർന്ന് ക്ഷയരോഗത്തിൻ്റെ മണവും അതുണ്ടാക്കുന്ന കെമിക്കലുകളേയും കുറിച്ച് പഠിക്കാനിറങ്ങിയിരിക്കുകയാണ് കക്ഷി എന്ന വാർത്തയാണ് മണങ്ങളുടെ ലോകത്ത് വീർപ്പുമുട്ടുന്നവർക്കുള്ള ശുഭ പ്രതീക്ഷ.

ചിത്രം: ജോയ് മിൽനെ (new scientist.com)

റെഫറൻസസ്:

1. https://www.theguardian.com/society/2019/mar/20/super-smeller-helps-develop-swab-test-for-parkinsons-disease?utm_source=Nature+Briefing&utm_campaign=1c4f037965-briefing-dy-20190320&utm_medium=email&utm_term=0_c9dfd39373-1c4f037965-43334765

2. https://pubs.acs.org/doi/10.1021/acscentsci.8b00879

ഡാ ലി

ഡാ ലി

ഗവേഷക, എഴുത്തുകാരി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍