UPDATES

കേരളം

രണ്ടു ദിവസത്തിനിടയിൽ രണ്ടു കൊലപാതകങ്ങൾ, ഒരാള്‍ മുന്‍ മുസ്ലിം ലീഗ് പ്രവർത്തകൻ, രണ്ടാമത്തെയാള്‍ കോണ്‍ഗ്രസുകാരന്‍; കൊലക്കത്തി രാഷ്ട്രീയത്തിന്റെ ബീഭത്സ മുഖമായി എസ് ഡി പി ഐ

മൌനം പാലിച്ച് മുസ്ലീം ലീഗ് , കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ചാവക്കാട് കൊലയില്‍ മാത്രം

കെ എ ആന്റണി

കെ എ ആന്റണി

രണ്ടു കൊലപാതകങ്ങൾ, അതും രണ്ടു ദിവസത്തിനിടയിൽ. ഒന്ന് കണ്ണൂർ നഗരപ്രാന്തത്തിൽ തന്നെയുള്ള ആദികടലായിയിൽ. രണ്ടാമത്തേത് തൃശൂർ ചാവക്കാടിനടുത്ത പുന്നയിൽ. കണ്ണൂർ ആദികടലായിയിൽ കൊല്ലപ്പെട്ടത് മുൻ മുസ്ലിം ലീഗ് പ്രവർത്തകൻ അറക്കൽ അബ്ദുൽ റൗഫ് എന്ന 30 വയസ്സുകാരൻ. ചാവക്കാട് പുന്നയിൽ കൊല്ലപ്പെട്ടത് നിലവിൽ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പുതിയ വീട്ടിൽ നൗഷാദ് എന്ന 43 വയസ്സുകാരൻ. ഇരുവരെയും കൊന്നത് രാത്രിയുടെ മറവിൽ മുഖം മൂടി ധരിച്ചെത്തിയവർ ആയിരുന്നു എന്നതിനാൽ കൊലപാതകങ്ങൾ ആസൂത്രിതമായിരുന്നു എന്നത് വ്യക്തം. വേണമെങ്കിൽ ഈ കൊലപാതകങ്ങളെയും അരുംകൊല എന്നൊക്കെ വിശേപ്പിക്കാം.  രണ്ടു കൊലപാതകങ്ങളും നടത്തിയത് സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യയുടെ പ്രവർത്തകരാണെന്നാണ് പോലീസ് പറയുന്നത്.

ചാവക്കാട്ടെ കൊലപാതകത്തെ മത വർഗീയ വാദികൾ നടത്തിയ അരുംകൊലയെന്നു തൃശൂർ ഡി സി സി പ്രസിഡന്റിന്റെ താല്ക്കാലിക ചാർജുകൂടി വഹിക്കുന്ന ടി എൻ പ്രതാപൻ എം പി അപലപിച്ചപ്പോൾ കണ്ണൂർ ആദികടലായിയിൽ കൊലചെയ്യപ്പെട്ട അറക്കൽ റൗഫ് എന്ന 30  വയസ്സുകാരന്റെ കൊലപാതകത്തെ അങ്ങനെയാരും വിശേഷിപ്പിച്ചു കണ്ടില്ല, അയാൾ മുൻപ് പ്രതിനിധാനം ചെയ്തിരുന്ന മുസ്ലിം ലീഗിന്റെ നേതാക്കൾ പോലും. അതിനവർക്ക് അവരുടേതായ ന്യായം ഉണ്ടുതാനും. അതാവട്ടെ റൗഫ് ഇപ്പോൾ തങ്ങളുടെ ആളല്ലെന്നതും ഗുണ്ടയും മയക്കുമരുന്ന് കച്ചവടക്കാരനും ആണെന്നുമാണ്. പോരെങ്കിൽ റൗഫ് കണ്ണൂർ സിറ്റിയിലെ എസ് ഡി പി ഐ പ്രവർത്തകൻ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസ്സിലെകൂടി പ്രതിയാണ്. ഈ കേസ് നടക്കുന്നതിനിടയിൽ മറ്റൊരു മയക്കു മരുന്നുകേസിൽ കൂടി റൗഫ് അറസ്റ്റിലായിരുന്നു എന്നതുകൂടി കൂട്ടിവായിക്കുമ്പോൾ മുസ്ലിം ലീഗ് എന്തിനു റൗഫിന്റെ കൊലപാതകത്തെ അപലപിക്കണം എന്ന ചോദ്യം പ്രസക്തമല്ലേ എന്ന് ചിന്തിക്കുന്നവരും ഉണ്ടാവാം.

എന്നാൽ കേരളത്തിൽ നടക്കുന്ന ഓരോ കൊലപാതകത്തിലും രാഷ്ട്രീയം ചികഞ്ഞു നടക്കുകയും പ്രതിസ്ഥാനത്ത് തങ്ങളോ കോൺഗ്രസോ അല്ലെന്നു കണ്ടാൽ ഭൂമികുലുക്കി പക്ഷിയായി മാറുന്ന മുസ്ലിം ലീഗ് എന്തുകൊണ്ട് എസ് ഡി പി ഐ ക്കെതിരെ പ്രതികരിക്കുന്നില്ലെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. റൗഫിന്റെ കൊലപാതകത്തിൽ അയാളെ ഒരു ഗുണ്ടയായി വളർത്തിയെടുത്ത മുസ്ലിം ലീഗ് പാലിക്കുന്ന അതേ മൗനം തന്നെയാണ് അയാളടക്കമുള്ളവരുടെ ഗുണ്ടായിസത്തിന്റെ ഗുണഭോക്താവായിരുന്ന കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി യും മറ്റും തുടരുന്നതെന്നതും ഏറെ പ്രസക്തമാണ്.

ഇടയ്ക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും പേരിൽ കുരുതിക്കളം, ചാവുനിലം എന്നൊക്കെ അറിയപ്പെടുന്ന നാടാണ് കണ്ണൂർ. കണ്ണൂരിൽ ഒരു കൊലപാതകമോ ആത്മഹത്യയോ നടന്നാൽ, അതിനു സി പി എമ്മുമായി എന്തെങ്കിലും ഒരു മുള്ളിത്തെറിച്ച ബന്ധമെന്തെങ്കിലും സംശയം ജനിച്ചാൽ ഉറഞ്ഞുതുള്ളുന്നവരാണ് കോൺഗ്രസും മുസ്ലിം ലീഗും അടങ്ങുന്ന കേരളത്തിലെ യു ഡി എഫ് സംവിധാനം. പ്രതി സ്ഥാനത്ത് ആർ എസ് എസ് -ബി ജെ പി യോ, എസ് ഡി പി ഐ യോ ആണെങ്കിൽ പ്രതികരണത്തിന്റെ മൂർച്ച കുറയുകയോ അല്ലെങ്കിൽ മൗനം വിദ്വാന് ഭൂഷണം എന്ന രീതി സ്വീകരിക്കുകയോ ചെയ്യുന്നത് ഇതാദ്യമല്ല. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഈ ഇരട്ടത്താപ്പ് നയത്തിന് ചില പ്രമുഖ മാധ്യമങ്ങളുടെ ചൂട്ട് കൂടിയാവുമ്പോൾ എല്ലാം ജോർ.

ഇതാദ്യമായല്ല കൊലക്കത്തി രാഷ്ട്രീയത്തിൽ എസ് ഡി പി ഐ കടന്നുവരുന്നത്. കണ്ണൂരിൽ തന്നെ അശ്വനികുമാർ എന്ന ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ തുടങ്ങി ഇപ്പോൾ റൗഫിന്റെ കൊലപാതകം വരെ എത്തിനിൽക്കുന്നു അവരുടെ കൊലക്കത്തി ചരിതം.  ഇതര ജില്ലകളിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുകൂടിയെടുത്താൽ ചുരുങ്ങിയ കാലം കൊണ്ട് ഇക്കാര്യത്തിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്നു അവർ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. തൊടുപുഴയിലെ അധ്യാപന്റെ കൈവെട്ടു കേസ്സാണെങ്കിലും എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകമാണെങ്കിലും കേരളത്തിൽ വേറിട്ട ഒരു ബീഭത്സ മുഖമാണ് എസ് ഡി പി ഐ ക്കുള്ളതെന്നു കോൺഗ്രെസിനോ മുസ്ലിം ലീഗിനോ അറിയായ്കയല്ല. പക്ഷെ കേരളത്തിലെ പ്രബല രാഷ്ട്രീയ എതിരാളിയായ സി പി എമ്മിനെതിരെ ബി ജെ പി – ആർ എസ് എസിനെ എന്നപോലെ തന്നെ എങ്ങനെ എസ് ഡി പി ഐ യെയും ഉപയോഗപ്പെടുത്താം എന്ന പരീക്ഷണത്തിൽ തന്നെയാണ് അവരിപ്പോഴും. സ്വന്തം പാർട്ടിയും മുന്നണിയും പാലുകൊടുത്തു വളർത്തുന്ന പാമ്പ് ചാവക്കാട് ഫണം വിരിച്ചു ആടുകയും കൊത്തുകയും ചെയ്തപ്പോൾ പ്രതാപന് എത്രകണ്ട് വേദനിച്ചുവോ ആ വേദന ഇനി വരാനിരിക്കുന്ന നാളുകളിൽ കോൺഗ്രസ്സും മുസ്ലിം ലീഗും തിരിച്ചറിയാനിരിക്കുന്നതേയുള്ളു.

Read More: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍