UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്

എം ബി സന്തോഷ്

നമ്മുടെ നാട്ടിലെ ‘ശശി’ക്കേസുകളില്‍ സംഭവിക്കുന്നത്

പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള പരാതികള്‍ പാര്‍ട്ടികളും മതനേതാക്കള്‍ക്കെതിരെയുള്ള പരാതികള്‍ മതമേലധികാരികളും കൈകാര്യം ചെയ്താല്‍ മതിയെങ്കില്‍ പോലീസിനെ ഈ രീതിയില്‍ നിലനിര്‍ത്തണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം

കോഴിയിറച്ചി വില്‍ക്കുന്ന കടയിലെത്തിയ വീട്ടമ്മ ആവശ്യപ്പെട്ടു: ‘രണ്ടു കിലോ’

കടയുടമ: ‘എംഎല്‍എ ശശിയോ എം.പി ശശിയോ?’

പകച്ചുനിന്ന വീട്ടമ്മയോട് കടയുടമ വിശദീകരിച്ചു: ‘നാടനോ ബ്രോയിലറോ എന്നാണ് ചോദിച്ചത്’.

വൈറലായ ഈ ട്രോളിന്റെ സ്ഥാനത്ത് എം.പിയുടെ സ്ഥാനത്ത് മന്ത്രിയോ എന്ന ചോദ്യവും പ്രചരിക്കുന്നുണ്ട്. അതൊക്കെ ശരിയുമാണല്ലോ.

പ്രളയ മുന്നറിയിപ്പിന്റെ കാര്യത്തില്‍ ഇടുക്കിയില്‍ ഒഴികെയുള്ളിടങ്ങളില്‍ പരാജയപ്പെട്ടെങ്കിലും ദുരിതം നേരിടുന്നതില്‍ സമാനതകളില്ലാതെ പ്രവര്‍ത്തിച്ച് സര്‍വ്വരുടെയും ആദരവിന് പാത്രമായ മുഖ്യമന്ത്രി പിണറായി വിജയന് വെല്ലുവിളിയായി വന്നിരിക്കുന്നത് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയാണ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതയെ സിപിഎം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

ഇന്നത്തെ കാലത്ത് ഇത്തരം പരാതികളുമായി പോകുന്നവര്‍ക്ക് വലിയ ബുദ്ധിയൊന്നും ഇല്ലെന്നാണ് ഈ കാര്യം കേള്‍ക്കുമ്പോള്‍ തോന്നുന്നത്. സിപിഎം നേതാക്കള്‍ പീഡിപ്പിച്ചാല്‍ പുറത്തുപറയാതിരിക്കുന്നതാണ് ഉചിതമെന്നാണ് മുന്‍ അനുഭവങ്ങള്‍ വിളിച്ചു പറയുന്നത്. ഇവിടെ, ഒരു കോടി രൂപയും ഡിവൈഎഫ്ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നുമൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അത് മീഡിയാ സിന്‍ഡിക്കേറ്റ് പ്രചരിപ്പിക്കുന്നതാണെന്നു കരുതി തള്ളിക്കളയാം.

ഇതിനുമുമ്പ്, മറ്റൊരു ശശി സിപിഎമ്മിലുണ്ടായിരുന്നു. ആള് പ്രബലോല്‍ പ്രബലന്‍! ടി.കെ ഹംസ മന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി, ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പോലീസിനെ അമ്മാനമാടിയ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, സര്‍വ്വോപരി പാര്‍ട്ടിയുടെ ഏറ്റവും കരുത്തുറ്റ (തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കാറേയില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകള്‍ കഴിഞ്ഞൊക്കെയാണ് പലപ്പോഴും പാര്‍ട്ടിയുടെ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ എണ്ണം. എങ്കിലും ചില അന്ധവിശ്വാസങ്ങള്‍ തുടരുന്നുണ്ട്!) കണ്ണൂര്‍ ഘടകത്തിന്റെ ജില്ലാ സെക്രട്ടറി എന്നിങ്ങനെ മോഹിപ്പിക്കുന്ന പദവികളില്‍ വിരാജിച്ച സാക്ഷാല്‍ പി. ശശി. അദ്ദേഹത്തിനെതിരെ രണ്ട് പരാതികളാണ് വന്നത് – ഒന്ന് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയുടെ ഭാര്യയെ പീഡിപ്പിച്ചു, രണ്ട് – സിപിഎം സംസ്ഥാന സമിതി അംഗത്തിന്റെ ഉറ്റബന്ധുവിനോട് മോശമായി പെരുമാറി. പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയെങ്കിലും നടപടി എടുക്കാന്‍ മടിച്ചുനിന്ന സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ നിരന്തരം കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചതിനെ തുടര്‍ന്ന് ആ ശശി പാര്‍ട്ടിയില്‍നിന്ന് പുറത്താവുകയായിരുന്നു. ഇപ്പോള്‍, ‘തെറ്റുതിരുത്തി’ അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഇനി ആ പരാതിക്കാരുടെ അവസ്ഥ കൂടി നോക്കാം – ഡിവൈഎഫ്ഐ ജില്ലാ നേതാവിന്റെ ‘ചീട്ട്’ കീറുമെന്ന് പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടിയിലുണ്ടോ എന്ന് അദ്ദേഹത്തിനുപോലും തിട്ടമില്ല! ഉറ്റബന്ധുവിനോട് മോശമായി പെരുമാറി എന്ന് പരാതിപ്പെടുമ്പോള്‍ സിപിഎം സംസ്ഥാന സമിതി അംഗം എന്നതിനു പുറമേ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള എംഎല്‍എ ,കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും പരാതിക്കാരനുണ്ടായിരുന്നു. ആദ്യതവണ എംഎല്‍എ ആയ അദ്ദേഹം ജനകീയനായിരുന്നു. അതിനുമപ്പുറം മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരും കേള്‍പ്പിച്ചു. ഇതിന്റെ ഫലമായി അദ്ദേഹത്തിനുമാത്രം വീണ്ടും മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല! കര്‍ഷകത്തൊഴിലാളി യൂണിയനില്‍ ഓഫീസ് ജീവനക്കാരന്‍ പണം തിരിമറി കാട്ടിയത് ഈ സഖാവ് വേണ്ടത്ര ജാഗ്രത കാട്ടാത്തതുകൊണ്ടാണെന്ന് ‘കണ്ടെത്തി’ ബഹുജന സംഘടനയില്‍നിന്നും സിപിഎം സംസ്ഥാന, ജില്ലാ ഘടകങ്ങളില്‍നിന്നും ഒഴിവാക്കി! അതേസമയം, അതിനു നിയുക്തരായ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്ക് ഒന്നും സംഭവിച്ചില്ല. ആ പാവം സഖാവ് ഇപ്പോള്‍ ഏരിയാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു! മിക്കവാറും അടുത്ത സമ്മേളനത്തിലോ അതിനുമുമ്പോ തന്നെ പഴയ ജില്ലാ സെക്രട്ടറി ഇദ്ദേഹത്തിന്റെ മുകളിലെ കമ്മിറ്റിയിലെത്താനാണ് സാധ്യത. അവിടെ ‘ശശി’യാവുന്നത് ആ സഖാവോ അതോ പാര്‍ട്ടിയോ?

ഇനി മറ്റൊരു ശശി – മന്ത്രി ശശി. ‘പൂച്ചക്കുട്ടി’മാരാണ് ദൗര്‍ബല്യം. പുതിയതായി തുടങ്ങിയ ‘മംഗളം’  ടെലിവിഷന്റെ മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് ഇടപെട്ട് ചിലര്‍ക്ക് അതീവരഹസ്യമായി ക്വട്ടേഷന്‍ കൊടുത്ത് മന്ത്രിയുടെ പൂച്ച പ്രേമം ചിത്രീകരിച്ചു. ആദ്യദിവസം തന്നെ വമ്പന്‍ വാര്‍ത്ത വന്നു. അതിന്റെ പേരില്‍ മന്ത്രി ഉടനടി രാജിവച്ചു. ഒരു വീട്ടമ്മ എന്ന നിലയില്‍ ചാനല്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിന്നീട് മനസ്സിലായി. ചാനലിന്റെ എം.ഡിയും മൂന്ന് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ ഉത്സാഹിച്ചത് മുഖ്യമന്ത്രി നേരിട്ടായിരുന്നു. അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് അന്നുതന്നെ പോലീസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നീട് ജുഡീഷ്യല്‍ അന്വേഷണത്തിലും അത് സ്ഥിരീകരിച്ചു. തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ വച്ചു. അതിനുശേഷം ചീഫ്‌ സെക്രട്ടറിമാര്‍ മാറിയെങ്കിലും ആ കമ്മിറ്റി കൂടിയതേയില്ല.

ഇതിനിടെ പെണ്‍കുട്ടി തിരുവനന്തപുരം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അപ്പോഴൊക്കെ നിയമം നിയമത്തിന്റെ വഴിയിലേ പോയുള്ളൂ. പിന്നീട്, വാദിയും പ്രതിയും ‘ഒത്തു’തീര്‍ന്നു. ഇതിനായി ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ക്ക് കോടികള്‍ കിട്ടി എന്ന ആരോപണം കേട്ട് ആ മാധ്യമശൃംഖലയുടെ ഇളമുറക്കാര്‍ മൂക്കത്തുവിരല്‍വച്ചു. അപ്പോഴും വ്യക്തമായി മറുപടി പറയാന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് കഴിഞ്ഞില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലുള്‍പ്പെട്ട രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുകയാണ്. ഓഡിയോയിലെ ശബ്ദം മന്ത്രി ശശീന്ദ്രന്റേതാണോ എന്ന് ഇതുവരെയും പരിശോധന നടത്തിയിട്ടില്ല. അത് തന്റെ ശബ്ദമല്ല എന്നു പറയാന്‍ ‘കുറ്റവിമുക്തനായി’ വീണ്ടും മന്ത്രിയായ ശശീന്ദ്രനും ഇതുവരെ തയ്യാറായില്ല. മംഗളം ടെലിവിഷന്‍ മാനേജ്‌മെന്റും മന്ത്രിയും തമ്മിലുള്ള ഇടപാടില്‍ ഉള്‍പ്പെടാതെ മാറിനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ നഷ്ടം സംഭവിച്ചിട്ടുള്ളൂ.

അടുത്ത ശശി – തിരുവനന്തപുരം എം.പിയാണ്, ശശി തരൂര്‍. അന്താരാഷ്ട്ര ഗ്ലാമറുമായാണ് തിരുവനന്തപുരത്ത് അദ്ദേഹം മത്സരിച്ച് ജയിച്ചത്. അപ്പോഴും തന്റെ മക്കളുമായും വേര്‍പെട്ട ഭാര്യമാരുമായും നല്ല ബന്ധം തുടരുന്നതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. എം പിയായ ശേഷമാണ് സുനന്ദ പുഷ്‌കറുമായി അദ്ദേഹം ഐപിഎല്‍ ആരോപണക്കുരുക്കിലും തുടര്‍ന്ന് വിവാഹത്തിലും എത്തുന്നത്. അതിനുശേഷം ഒരു പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയുമായുള്ള തരൂരിന്റെ അടുപ്പത്തിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉരസലുണ്ടായി എന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതിനു ശേഷമാണ് സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണം സംഭവിക്കുന്നത്. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലും ശശി തരൂര്‍ തന്നെ ജയിച്ചു. സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന ആരോപണത്തിനൊടുവില്‍ ശശി തരൂരിനെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയെങ്കിലും പിന്നീട് അതിനിശിത വിമര്‍ശകനായി തരൂര്‍ മാറിയതാണ് കേസിന് പിന്നിലെന്നാണ് കേള്‍വി. അതെന്തായാലും കോടതി തീരുമാനിക്കട്ടെ.

പേര് ശശിയല്ലെങ്കിലും മറ്റൊരു ‘ശശി’ക്കേസ് കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. അത് എറണാകുളം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിന്റെ ഇടപാടാണ്. അതില്‍ ‘പങ്കാളി’ പരാതിപ്പെട്ടിട്ടില്ല, അവര്‍ ഇരയാണെന്നാരോപിച്ച് വന്നിട്ടുമില്ല. മറ്റ് കേസുകളില്‍ ‘ഇര’ പരാതിക്കാരിയായി ഉണ്ടായിരുന്നു. ശശീന്ദ്രനെതിരെ നല്‍കിയ കേസില്‍നിന്ന് ഇര എന്തുകൊണ്ട് പിന്‍മാറിയെന്നന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗോപിക്കേസില്‍, പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസില്‍വച്ച് ‘ഇതൊക്കെ’ ആവാമോ എന്നതായിരുന്നു പ്രധാന ചോദ്യം. പാര്‍ട്ടി ഓഫീസുകള്‍ റിസോര്‍ട്ടുപോലെ കെട്ടിപ്പൊക്കുമ്പോള്‍ അവിടങ്ങളില്‍ നടക്കുന്നത് ഇവിടങ്ങളിലും സ്വാഭാവികമല്ലേ എന്നും ചോദ്യം വന്നു. എറണാകുളം സംഭവത്തില്‍ പരാതിയുടെ വീഡിയോ നല്‍കിയവരേയും ഗോപിയേയും സിപിഎം ഒരുപോലെ നടപടിക്ക് വിധേയമാക്കുകയായിരുന്നു. കോട്ടമുറിക്കല്‍ തിരികെ സംസ്ഥാനക്കമ്മിറ്റിയില്‍ എത്തിയപ്പോഴും പരാതിപ്പെട്ട പഴയ ജില്ലാ സെക്രട്ടേറിയറ്റുകാര്‍ ജില്ലാ കമ്മിറ്റിയില്‍പോലും തിരിച്ചെത്തിയിട്ടില്ല. ഭാഗ്യമുണ്ടെങ്കില്‍, കോട്ടമുറിക്കല്‍ ജിസിഡിഎ ചെയര്‍മാനുമാകും.

ജലന്ധറിലെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പൊലീസിന് നേരിട്ട് പരാതി നല്‍കിയിട്ട് മാസങ്ങളായി. കന്യാസ്ത്രീ പറയുന്നതാണ് ശരിയെന്ന് പോലീസിനും അറിയാം. പക്ഷെ, ചിലപ്പോള്‍ നീതി നടപ്പാക്കാന്‍ പോലീസിനും മുട്ടു വിറയ്ക്കും. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സെന്റിനെതിരെ ഒരു പരാതിയില്‍ എടുപിടീന്ന് അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ ബഹ്‌റപ്പോലീസ് മടിച്ചുമില്ല. നിയമം നിയമത്തിന്റെ വഴിക്കുപോവും എന്നാണ് ഗീര്‍വാണം. പക്ഷെ, ആര് ഭരിക്കുമ്പോഴും നിയമം പണവും സ്വാധീനവുമുള്ളവര്‍ക്കുമുന്നില്‍ വിശ്വസ്ത, വിധേയ, വിനീതരായി നില്‍ക്കും എന്നതിന് ഒരുപാട് സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

അതുകൊണ്ട്, പി.കെ ശശി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനു തെളിവായി ഓഡിയോ ക്ലിപ്പുകളും പാര്‍ട്ടിക്കു നല്‍കിയാല്‍ ഫലമുണ്ടോകുമോ എന്നു ഉറപ്പുപറയാന്‍ പറ്റില്ല.

സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന വി.ബി ചെറിയാന്‍ ‘മനോരമ ന്യൂസി’ന്റെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു പറയുന്നത് ഇപ്പോള്‍ വൈറലായിട്ടുണ്ട് – ‘ഒരു വനിതാ സഖാവ് പാര്‍ട്ടി നേതാവ് തന്നെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന് പാര്‍ട്ടിക്ക് പരാതി നല്‍കി. പാര്‍ട്ടി അന്വേഷണക്കമ്മീഷനെ വച്ചു. പീഡനം നടന്നിട്ടില്ലെന്നും വനിതാ സഖാവിന് ഗര്‍ഭം ഇല്ലെന്നുമായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ട്. കമ്മിറ്റി, റിപ്പോര്‍ട്ട് അംഗീകരിച്ചു. ആറുമാസത്തിനുശേഷം വനിതാ സഖാവ് പ്രസവിച്ചു. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രസവിച്ചത് പാര്‍ട്ടിവിരുദ്ധമായി കണ്ടെത്തിയ കമ്മിറ്റി വനിതാ സഖാവിനെ പുറത്താക്കി”.

എന്തായാലും വൃന്ദാ കാരാട്ടാണ് ഇതില്‍ അഭിനന്ദിക്കപ്പെടുന്ന വിധത്തില്‍ പെരുമാറിയത്. പി.കെ ശശിക്കെതിരായ പരാതിയില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെതിരെ പരാതിക്കാരിയായ സഖാവ് പാര്‍ട്ടിയിലെ സീനിയര്‍ പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ടിന് പരാതി നല്‍കി. അതിലും ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോഴാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇമെയിലില്‍ പരാതി സമര്‍പ്പിച്ചത്. വൃന്ദാ കാരാട്ട്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നടപടി എടുക്കാത്തതിനെതിരെ ഡല്‍ഹിയില്‍ ദേശീയപ്രക്ഷോഭം നടത്തുന്നതിന്റെ തിരക്കിലായിരുന്ന വിവരം ഡിവൈഎഫ്ഐ സഖാവ് അറിഞ്ഞുകാണില്ല!

പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള പരാതികള്‍ അതത് പാര്‍ട്ടികളും മതനേതാക്കള്‍ക്കെതിരെയുള്ള പരാതികള്‍ മതമേലധികാരികളും കൈകാര്യം ചെയ്താല്‍ മതിയെങ്കില്‍ നമ്മുടെ പോലീസിനെ ഈ രീതിയില്‍ നിലനിര്‍ത്തണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

സിപിഎമ്മിനെ കുഴപ്പത്തിലാക്കി ‘ഷൊര്‍ണൂരിന്റെ തമ്പുരാന്‍’; തുടക്കം ‘എന്ത് ഒലയ്ക്കാണ് പോലീസെ’ന്നാക്രോശിച്ച്

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍