UPDATES

‘കത്തി താഴെയിടടാ..’; എസ് എഫ് ഐയുടെ പുതിയ ഉള്‍പ്പാര്‍ട്ടി സമരം ഈ ആഹ്വാനവുമായി തുടങ്ങട്ടെ

ഒരിക്കൽ കെ എസ് യു വിനു സംഭവിച്ചത് ഇന്ന് എസ് എഫ് ഐക്കു സംഭവിക്കുമ്പോൾ കാമ്പസുകളിലും പുറത്തും അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്

കെ.എ ഷാജി

കെ.എ ഷാജി

വിദ്യാർത്ഥിസമൂഹത്തെ നിശബ്ദമാക്കാനും ക്യാമ്പസുകൾ അരാഷ്ട്രീയവത്കരിക്കാനും ഉള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത്, കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും വിദ്യാഭ്യാസ കച്ചവടക്കാർ വാൻ ലാഭം കൊയ്യുന്നത് നാട്ടിലെ പണച്ചാക്കുകളും മതസംഘടനകളും കാണുകയും വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് തിരിച്ചറിയുകയും ചെയ്തപ്പോഴായിരുന്നു. കെ കരുണാകരനും എ കെ ആന്റണിയും നയിച്ച കോൺഗ്രസ് സർക്കാരുകൾ വിദ്യാഭ്യാസ വകുപ്പിനെ മൊത്തത്തിൽ മുസ്ലിം ലീഗിനെ ഏൽപ്പിച്ചു കൊടുക്കുകയും, അതിന്റെ മന്ത്രിമാർക്ക് ആർത്തി പൂണ്ട ജാതിമത ലോബികളുടെ വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്കരണം (പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയുടെ) എന്ന ആവശ്യത്തിന് പുറം തിരിഞ്ഞുനില്ക്കാൻ ആകാതെ പോവുകയും ചെയ്തിടത്ത് ഇത്തരം പ്രചാരണങ്ങൾ ശക്തമായി.

വിമോചന സമരത്തിന്റെ പ്രേതങ്ങളും സർക്കാർ എയ്‌ഡഡ്‌ സ്കൂളുകളിൽ തന്നിഷ്ട്ടം പോലെ അധ്യാപകരെ നിയമിച്ചു കോഴ വാങ്ങിപ്പോന്ന സത്യസന്ധരും സ്വാശ്രയ-സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തിയാൽ കിട്ടാവുന്ന ലാഭം ഓര്‍ത്ത് ആവേശഭരിതരായി. അവർ പറഞ്ഞാൽ ആധികാരികത പോര എന്നതുകൊണ്ട് വിദ്യാർത്ഥി രാഷ്ട്രീയത്തെ എതിർക്കാൻ ഗാന്ധിയനായ എ പി ഉദയഭാനുവിനെയും സാമൂഹിക പ്രവർത്തകനായ സത്യവാൻ കൊട്ടാരക്കരയെയും കവയത്രി സുഗതകുമാരിയെയും രംഗത്ത് കൊണ്ടുവന്നു. ഇത്തരക്കാർ പറഞ്ഞ കടുത്ത അരാഷ്ട്രീയത മനോരമയും മാതൃഭൂമിയും വെണ്ടയ്ക്ക നിരത്തി അവതരിപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആയിരുന്ന എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും എം എം ഹസ്സനും വയലാർ രവിയും വി എം സുധീരനുമെല്ലാം സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യുന്ന ഇത്തരം പ്രചാരണങ്ങൾക്ക് ലെജിറ്റിമസി നൽകി. സ്കൂളുകളിലെ രാഷ്ട്രീയം കോടതി വഴി കൊട്ടാരക്കരയും സംഘവും നിരോധിച്ചു. കോളേജുകളിലും സർവകലാശാലകളിലും പോലും സ്വതന്ത്ര സംഘടനാ പ്രവർത്തനത്തിന് കടുത്ത നിയന്ത്രണങ്ങൾ വന്നു.

വിദ്യാർത്ഥി സംഘടനകൾ ദുർബലമായപ്പോൾ കോഴകോളേജുകൾ പെരുകി. അവയിലെ മനുഷ്യാവകാശ ധ്വംസനങ്ങളും വിദ്യാർത്ഥി വേട്ടകളും അക്കാദമിക് തട്ടിപ്പുകളും അപൂർവമായി മാത്രം വാർത്തകളായി. ജിഷ്ണു പ്രണോയിമാർ സൃഷ്ടിക്കപ്പെട്ടു. ഇടിമുറികൾ നമ്മുടെ പൊതു പദാവലിയിൽ ഇടം പിടിച്ചു. ദേശീയ തലത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് ആയിരത്തി തൊള്ളായിരത്തി നാലിൽ ലോർഡ് കഴ്സ്ൻ കൊണ്ടുവന്ന യൂണിവേഴ്സിറ്റീസ് ബില്ലിന്റെ പഴക്കം ഉണ്ടെങ്കിൽ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം ചർച്ചയാകുന്നത് എ കെ ആന്റണിയും വയലാർ രവിയും നയിച്ച നാലണ സമരം കേരളത്തിൽ രൂപപ്പെട്ട ഇടതുപക്ഷ മതനിരപേക്ഷ പുരോഗമന രാഷ്ട്രീയത്തെ കോക്രി കുത്തിയത് മുതലാണ്. എന്തുതന്നെ ആയാലും കേരളാ സംസ്ഥാനം രൂപീകരിച്ചു അധികം വൈകാതെ രൂപപ്പെട്ട കെ എസ് യു നീണ്ട കാലം കേരളത്തിലെ പ്രബല വിദ്യാർത്ഥി യൂണിയൻ ആയിരുന്നു. ഒരു കാലത്ത് അവർക്കും അവരുടേതായ യൂനിവേഴ്സിറ്റി കോളജുകളും എം ജി കോളേജുകളും ഉണ്ടായിരുന്നു. അവയിൽ യൂണിറ്റ് രൂപീകരിക്കാൻ  നോക്കിയതിന് എസ് എഫ് ഐ, എ ഐ എസ്  എഫ് പ്രവർത്തകർക്ക് മാത്രമല്ല എം എസ് എഫുകാർക്ക് പോലും ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമാധാനവും അഹിംസയും പറഞ്ഞിരുന്ന ഒരു പാർട്ടിയുടെ വിദ്യാർത്ഥി സംഘടന ഒരു കാലഘട്ടത്തിൽ ക്യാംപസ് ആക്രമങ്ങളിലെ മുൻനിരക്കാരായിരുന്നു. കെ വി കൊച്ചനിയനെ പോലുള്ള നിരവധി വിദ്യാർത്ഥി രാഷ്ട്രീയത്തിലെ രക്തസാക്ഷികളെ സൃഷ്ടിച്ചതും കെ എസ് യുവിലെ ക്രിമിനൽ സംഘങ്ങൾ ആയിരുന്നു. അവരെ തടയാൻ കോൺഗ്രസ്സിലെ ഉന്നതർക്ക് ശക്തിയുണ്ടായിരുന്നില്ല. കെ എസ് യു വിന്റെ അതിക്രമങ്ങളോടുള്ള പ്രതിഷേധമായാണ് പല ക്യാംപസുകളിലും എസ് എഫ് ഐ വളർന്നത്. കെ എസ് യു വിന്റെ തകർച്ച ആക്രമണങ്ങളുടെയും ജീര്‍ണ്ണതകളുടെയും ആയിരുന്നു. ശേഷിച്ച കെ എസ് യു ക്കാരിൽ കുറെ അധികം പേർ ആക്രമണത്തിലും വർഗീയതയിലും മുന്നിൽ നിന്ന എ ബി വി പി യുടെ കൂടെ പോയപ്പോൾ തകർച്ച പൂർണ്ണമായി.

ഒരിക്കൽ കെ എസ് യുവിനു സംഭവിച്ചത് ഇന്ന് എസ് എഫ് ഐക്കു സംഭവിക്കുമ്പോൾ കാമ്പസുകളിലും പുറത്തും അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്. പ്രസ്ഥാനത്തിലെ സഹപ്രവർത്തകനെ കുത്തിവീഴ്‌ത്തുന്ന സംഘടനാ ഭാരവാഹികൾ ഉണ്ടാവുകയും അവർക്കെതിരെ സാധാരണ അണികൾ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്യുന്ന അവസ്ഥയിലും ‘ഒന്നും സംഭവിച്ചില്ല, കുട്ടിക്ക് ഒന്നൂല്യ’ എന്ന് പറഞ്ഞു സമാധാനം കൊള്ളുന്നവരുണ്ട്. അവർ പറയുന്നത് എസ് എഫ് ഐ നേരിടുന്ന ഏക പ്രശ്നം അതികാല്പനികതയുടേതാണ് എന്നാണ്. അതികാല്പനികരെ, പ്രത്യേകിച്ചു പഴയ എസ് എഫ് ഐ ക്കാരെ, പരാമർ അടിച്ചു ബോധം കെടുത്തിയ ശേഷം വേണം സംഘടനയെ റീബിൽഡ് ചെയ്യാൻ എന്നവർ പറയുന്നു. കാല്പനികത കത്തിയെടുത്തു സഹപാഠിയെ സാധാരണ നിലയിൽ കുത്താറില്ല. കൂട്ടക്കൊലയുടെ പ്രതികൂട്ടിൽ കാല്പനികത വന്നു നിക്കാറുമില്ല.

പഠിക്കുക പോരാടുക എന്ന സംഘടനാ മുദ്രാവാക്യം പരിഷ്കരിച്ചു പഠിച്ചില്ലെങ്കിലും വീട്ടിൽ പരീക്ഷാഭവൻ നടത്തുക എന്ന മുദ്രാവാക്യമുണ്ടാക്കുകയും, ഉത്തരക്കടലാസുകൾ മോഷ്ടിച്ച് വീട്ടിൽ കൊണ്ടുവയ്ക്കുകയും ചെയ്യുന്നവർ എന്ത് തരം നീതിബോധമാണ് മുന്നോട്ടു വയ്ക്കുന്നത് എന്നത് ആലോചിക്കേണ്ടതാണ്. പക്വത ഇല്ലാത്ത വിദ്യാർത്ഥികൾ ആക്രമിച്ചെന്നിരിക്കും എന്നും അത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അന്തര്‍ലീനമാണ് എന്നുമാണ് മറ്റൊരു വാദം. വിദ്യാർത്ഥി ജീവിതകാലത്തു മലയോര കത്തോലിക്കാ കോൺഗ്രസ്സ് ആയിരിക്കുകയും കെ സി ജോസഫ് സിന്ദാബാദ് വിളിക്കുകയും, ഉണ്ടിരുന്ന നായർക്ക് ഒരു വിളി ഉണ്ടായപ്പോൾ പെട്ടെന്ന് സംഭവിച്ചത് പോലെ ഇടതുപക്ഷത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകരായി ഇറങ്ങി തിരിക്കുകയും ചെയ്യുന്ന സൈബർ പോരാളികൾ ആണ് ഇത് പറയുന്നത്.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഇടതുപക്ഷ രാഷ്ട്രീയം അതികഠിനമായ വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്താണ് ഇത്തരം വിഷമം പിടിച്ച ഒരവസ്ഥ വന്നുപെടുന്നത്. മുൻപ് എന്നത്തേതിലും അധികം എസ് എഫ് ഐ മാധ്യമ വിചാരണ നേരിടുകയും സംഘടനയിലെ പുഴുക്കുത്തുകളുടെ ജനാധിപത്യ വിരുദ്ധതയുടെ ഇരകളായിരുന്നവർ മൗനത്തിന്റെ പുറം തോട് പൊട്ടിച്ചു പുറത്തു വരികയും ചെയ്യുന്നു. പതിവിനു വിപരീതമായി സംഘടനയും നേതാക്കളും ന്യായീകരണങ്ങൾ ചമയ്ക്കാതെ തെറ്റുകൾ ആവർത്തിക്കില്ല എന്നും ആവർത്തിക്കാൻ സമ്മതിക്കില്ല എന്നും ഉറപ്പു കൊടുക്കുന്നു. അത്തരം തുറന്നതും സത്യസന്ധവുമായ സമീപനം അവിടെ അവസാനിക്കേണ്ടതല്ല. കൃത്യമായ തുടർനടപടികൾ ഇല്ലെങ്കിൽ ചരിത്രം ആവർത്തിക്കും. പ്രസ്ഥാനങ്ങളിൽ പരസ്പരം ആക്രമണം ഉണ്ടാകുന്നത് പലപ്പോഴും അന്ത്യത്തിന്റെ ആരംഭത്തിലാണ്. സൈബർ ഗുണ്ടകൾക്ക് നിർബന്ധിത മൗന അവധി നൽകുകയും കൃത്യമായ തിരുത്തൽ നടപടികൾ ആരംഭിക്കുകയും വേണം.

സുനിൽ പി ഇളയിടം കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചത് പോലെ എ പി അബ്ദുള്ളക്കുട്ടി എങ്ങനെ കോൺഗ്രസിലും ബി ജെ പിയിലും പോയി എന്നതല്ല എങ്ങനെ സംഘടനയിൽ കടന്നു വന്നു എന്നതും സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് ഉയർന്നു എന്നതുമാണ് പരിശോധിക്കേണ്ടത്. ഭക്തിഗാനങ്ങളിൽ പരകായ പ്രവേശം ചെയ്ത സിന്ധു ജോയി മുതൽ ഇപ്പോഴും സംഘടനയുടെ ആർജിത സംഘമൗഢ്യങ്ങളുടെ പ്രതീകമായി തുടരുന്ന മറ്റു ചിലരിലും വരെ ആ പരിശോധന ചെന്നെത്തേണ്ടതുണ്ട്.

എന്തുകൊണ്ട് എം ജി കോളജുകൾ പോലുള്ള ഫാസിസ്റ്റു തുരുത്തുകൾ സൃഷ്ടിക്കുന്ന എ ബി വി പിയോട് ഇതു പോലെ പറയുന്നില്ല എന്ന ചോദ്യം ഉയരാം. ക്യാംപസ് രാഷ്ട്രീയത്തെ സർഗാത്മകം ആകുന്നതും അതിൽ വൈവിധ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങൾ കൊണ്ട് വരുന്നത് ഒരിക്കലും വർഗീയ വിദ്യാർത്ഥി സംഘടനകളുടെ അജണ്ട അല്ല. ഇസ്ലാമികമായാലും ഹൈന്ദവമായാലും. അത്തരം സംഘടനകൾക്ക് കൂടി പ്രവർത്തിക്കാൻ അവസരമുള്ളതും എന്നാൽ ആശയ സമരങ്ങളിലൂടെ വിദ്യാർത്ഥികളെ പുരോഗമനപ്പാറയി സംഘടിപ്പിക്കുന്നതും ആകണം ഇടതുപക്ഷ സംഘടനാ പ്രവർത്തനം. എ ബി വി പി യെക്കാൾ വലിയ ശത്രു എ ഐ എസ് എഫ് ആണ് എന്ന് കരുതുകയും അവരുടെ നവാഗതർക്ക് സ്വാഗതം ബോർഡ് വലിച്ചു കീറുകയും ചെയ്യുന്നതള്ള വിപ്ലവ സംഘടനാ പ്രവർത്തനം എന്നുള്ള അടിസ്ഥാന ജനാധിപത്യ ബോധമാണ് ആദ്യം ആർജ്ജിക്കേണ്ടത്.

എസ് എഫ് ഐ ഭരണഘടന നിലകൊള്ളുന്നത് ജനാധിപത്യത്തിലും ശാസ്ത്രീയതയിലും പുരോഗമനാത്മകതയിലും അടിത്തറയിട്ട ഒരു വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് വേണ്ടിയാകുമ്പോൾ പോൾപോട്ടുകൾ ആരെയും കുത്തി വീഴ്‌ത്തുന്ന കൊലക്കളങ്ങൾ അല്ല ആവശ്യം. പ്രതിലോമ പ്രത്യയശാസ്ത്രങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും എതിരായ സംഘടനയുടെ ഭരണഘടനാ പറയുന്ന സമരം തുടങ്ങേണ്ടത് കത്തി താഴെയിടുക എന്ന ചെറിയ പ്രവർത്തിയിൽ നിന്നാണ്. ചൂഷണാത്മകവും കച്ചവടപരവും വിവേചനം നിറഞ്ഞതും പാവപ്പെട്ടവർക്കു അപ്രാപ്യവും മത വർഗീയത വിഴുങ്ങിയതുമായ ഒരു വിദ്യാഭ്യാസ ക്രമത്തിനുള്ളിൽ വലിയ തോതിലുള്ള തിരുത്തൽ ശക്തി ആവുക ശ്രമകരമാണ്. വെല്ലുവിളികൾ കനത്തതും. കത്തിയെടുത്തു പിന്നിൽ നിന്നും കുത്തുന്ന വർഗീയത ക്യാംപസുകളിൽ പുരോഗമന രാഷ്ട്രീയം നേരിടുന്ന വെല്ലുവിളിയുമാണ്. പക്ഷെ വേറെ വഴിയില്ല.

സ്വതന്ത്രമായി സംസാരിക്കാനും ആശയ പ്രചാരണം നടത്താനും വിപ്ളാവാത്മകമായ ചിന്തകളെ പങ്കുവയ്ക്കാനും ഉള്ള ഇടമായി മാറ്റേണ്ട ക്യാംപസ് ആയുധ പുരകളും ഇടിമുറികളും ആകുന്ന അവസ്ഥയാണ് സംഘടനയുടെ പരാജയം. പതിനേഴു വയസ്സു മുതൽ ഇരുപത്തെട്ടു വയസ്സുവരെ ക്യാംപസിൽ തുടരുകയും എന്നിട്ടും ബിരുദ വിദ്യാർത്ഥിയായി നിലനിൽക്കുകയും പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വയം എണ്ണുകയും ചെയ്തവൻ കുത്താൻ മാത്രമേ പഠിച്ചുള്ളൂ എന്നതാണ് ലജ്ജാകരം.

ജനാധിപത്യത്തിലെ ക്യാപസ് രാഷ്ട്രീയം ആദ്യം ഉൾക്കൊള്ളേണ്ടത് ജനാധിപത്യത്തെയാണ്. അതിലെ പ്രാരംഭ നടപടി രാഷ്ട്രീയ വിദ്യാഭ്യാസവും ബോധവത്കരണവും ആണ്. വ്യത്യസ്തത വീക്ഷണങ്ങളും ബഹുസ്വരതയും ഉള്ള സമൂഹത്തിൽ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഉണ്ടാക്കുന്ന മേൽക്കൈ ആണ് മേൽക്കൈ എന്ന് മനസ്സിലാക്കാത്തിടത്തോളം കാലം നാശത്തെ പ്രതിരോധിക്കാനാകില്ല. മലയോര കോൺഗ്രസ്സ് പരിവർത്തിത സൈബർ രക്ഷകരുടെ ന്യായങ്ങൾ റാഡിക്കൽ ആയുള്ള മാറ്റമല്ല.

Read More: കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്… ഓണപ്പതിപ്പിനുള്ള രചനകള്‍ തേടി ഒരു പത്രാധിപര്‍ നടത്തിയ യാത്രകള്‍

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍