സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി, കൃത്യമായി പറഞ്ഞാൽ 2014-നു ശേഷം ലോകസഭയിൽ ഒരു പ്രതിപക്ഷ നേതാവില്ല
ഒരു വർഷം മുമ്പ് വരെ ഇന്ത്യ പ്രതിപക്ഷമില്ലാത്ത രാജ്യമാകുമെന്ന ആശയം ഭ്രാന്തെന്ന് പറഞ്ഞു തള്ളിക്കളയാമായിരുന്നു. എന്നാൽ ഇനിയിപ്പോൾ അതല്ല സാഹചര്യം. പ്രതിപക്ഷനിരയിൽ ഇപ്പോഴുള്ള ഭിന്നതകൾ തുടരുകയാണെങ്കിൽ അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഏകകക്ഷി ഭരണം ഒരു യാഥാർത്ഥ്യമാകും. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി, കൃത്യമായി പറഞ്ഞാൽ 2014-നു ശേഷം ലോകസഭയിൽ ഒരു പ്രതിപക്ഷ നേതാവില്ല. അതിനാവശ്യമായ നിലവിലെ അംഗബലമായ 545 പേരിൽ 10% അംഗങ്ങൾ ഒരു പ്രതിപക്ഷ കക്ഷിക്കും ഇല്ലാത്തതിനാലാണിത്. കോൺഗ്രസ് പാർട്ടിക്ക് 52 അംഗങ്ങൾ മാത്രമാണുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാലംഗങ്ങളുള്ള എൻ സി പിയെ കോൺഗ്രസിൽ ലയിപ്പിച്ച് പ്രതിപക്ഷ നേതൃസ്ഥാനം നേടാനുള്ള നീക്കം നടക്കുകയാണ്. പക്ഷെ ഇതിൽ നിന്നും പവാറിന്റെ കക്ഷിയെ പിന്തിരിപ്പിക്കാൻ ഭരണകക്ഷി ശ്രമിക്കുന്നുവെന്നും എൻ സി പി പവാറിനും പ്രഫുൽ പട്ടേലിനും മേൽ സി ബി ഐ/ ഇ ഡി എന്നീ അന്വേഷണ ഏജൻസികൾ ധനകാര്യ തട്ടിപ്പുകളുടെ പേരിൽ നോട്ടമിട്ടിട്ടുണ്ടെന്നുമാണ് വാർത്തകൾ. പ്രതിപക്ഷ നേതാവിന്റെ അഭാവം മുതലെടുത്തുകൊണ്ട് ലോക്പാൽ നിയമനം മോദി സർക്കാർ അഞ്ചു വർഷത്തോളം വൈകിച്ചു. അവസാനം സുപ്രീം കോടതി ഇടപെട്ടപ്പോഴാണ് കോൺഗ്രസ് പാർലമെന്ററി കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ഈ നിയമനം നടത്തിയത്. ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിലെ പരസ്പര നിയന്ത്രണ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ അഭാവം.
ടി ഡി പിയുടെ നാല് രാജ്യസഭാ എം പിമാരെ ഭരണകക്ഷി കഴിഞ്ഞയാഴ്ച തങ്ങളുടെ പക്ഷത്തേക്ക് കൂറുമാറി. തെലുഗുദേശം കക്ഷിയെ ദുർബലമാക്കുക മാത്രമല്ല, നിർണായക ബില്ലുകൾ അംഗീകരിപ്പിച്ചെടുക്കാൻ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ തങ്ങളുടെ അംഗബലം വർധിപ്പിക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. ഇക്കൂട്ടത്തിലെ രണ്ട് എം പിമാർ സി ബി ഐ, ഇ ഡി അന്വേഷണം നേരിടുകയാണെന്നും ഇവരെ ‘ആന്ധ്ര മല്യമാർ’ എന്നാണ് സംസ്ഥാനത്തെ ബി ജെ പി വിളിക്കുന്നതെന്നും മനസിലാക്കിയാൽ ഈ നീക്കം ഏതറ്റം വരെ പോയിരിക്കുന്നു എന്ന് മനസിലാവും. ഈ കൂറുമാറ്റം നിശ്ചയമായും ടി ഡി പിക്ക് മോശം വാർത്തയാണെങ്കിലും ആന്ധ്രയിലെ ഭരണകക്ഷി വന്നു എസ് ആർ കോൺഗ്രസിനും ഇത് ശുഭസൂചനയല്ല. ബി ജെ പി ആന്ധ്രയിലേക്കും ലക്‌ഷ്യം വെച്ചു കഴിഞ്ഞു. കൂറുമാറിയ നേതാക്കൾ ജനകീയ നേതാക്കളാണെന്നും അവർ ആന്ധ്രയിലെ ബി ജെ പിയെ ശക്തിപ്പെടുത്തും എന്നുമാണ് ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡ പറഞ്ഞത്. ആന്ധ്ര, തെലങ്കാന, ഒഡിഷ എന്നിവ ദീഘകാല പദ്ധതികളാണെങ്കിൽ പശ്ചിമ ബംഗാൾ 2021-ലെ ലക്ഷ്യമാണ്. കേരളവും തമിഴ് നാടും നീണ്ടുനിൽക്കുന്ന ആസൂത്രണം വേണ്ട ദുർഘട പ്രദേശങ്ങളും.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലോകസഭാ തെരഞ്ഞെടുപ്പ് വിജയത്തിനായി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ബി ജെ പി വിഫല ശ്രമം നടത്തുകയാണ്. കേരള ദൗത്യത്തിന്റെ ഏറ്റവും പുതിയ ഭാഗമായി മുൻ കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ബി ജെ പിയിൽ ചേർത്തിരിക്കുന്നു. 2004-ൽ സി പി എം എം പിയായി ലോക്സഭയിലെത്തിയ അബ്ദുള്ളക്കുട്ടിയെ 2009-ൽ ഗുജറാത്ത് മാതൃകയെ പ്രശംസിച്ചതിന്റെ പേരിൽ സഖാക്കൾ പുറത്താക്കി. തുടർന്ന് കോൺഗ്രസിൽ ചേർന്ന് എം എൽ എയായ അബ്ദുള്ളക്കുട്ടിയെ പഴയപടി മോദി പ്രശംസ ചൊരിഞ്ഞതിനു കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്നും പുറത്താക്കി. വെറും മുന്‍ എം എൽ എ മാത്രമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയാളെ സ്വീകരിച്ചത്. കേരളം ദൗത്യം മുന്നോട്ടു കൊണ്ടുപോകാനുള്ള ബി ജെ പിയുടെ സൂക്ഷ്മമായ അടവോ അതോ നിരാശപൂണ്ട ശ്രമമോ രണ്ടുമാകാം ഇതിന്റെ സൂചന.
ഒരു പതിറ്റാണ്ടു മുമ്പുതന്നെ ആർ എസ് എസ് പശ്ചിമ ബംഗാളിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റുകാരെ തകർക്കാൻ അവർ തൃണമൂൽ കോൺഗ്രസിന് ഒളിവിൽ പിന്തുണ നൽകി. മാർക്സിസ്റ്റ് സർക്കാർ വീണതോടെ ഇപ്പോൾ തൃണമൂലിനെതിരെ തിരിഞ്ഞിരിക്കുന്നു. പശ്ചിമ ബംഗാളിലെ പ്രചാരണത്തിനിടയിൽ 40 ടി എം സി എം എൽ എമാർ തങ്ങൾക്കൊപ്പം വരാൻ നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി പരസ്യമായി പറഞ്ഞു. “ഫലം പുറത്തുവരുമ്പോൾ (മെയ് 23) താമര വിരിയാൻ തുടങ്ങുകയും നിങ്ങളുടെ എം എൽ എമാർ നിങ്ങളെ വിട്ടുപോരുകയും ചെയ്യും. ഇപ്പോൾത്തന്നെ 40 എം എൽ എമാർ ഞാനുമായി ബന്ധപ്പെട്ടിരിക്കുന്നു,” മോദി അവകാശവാദം മുഴക്കി. 25 കോൺഗ്രസ്, എൻ സി പി, എം എൽ എമാർ ബി ജെ പിയിൽ ചേരാൻ നിൽക്കുന്നുവെന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ബി ജെ പി ദേശീയ എക്സിക്ക്യൂട്ടീവിനെ അഭിസംബോധന ചെയ്യവേ, “അതിന്റെ പ്രകടനം കൊണ്ടുതന്നെ നമ്മൾ 2019-ലെ തെരഞ്ഞെടുപ്പ് ജയിക്കും, പിന്നീട് അടുത്ത 50 കൊല്ലത്തേക്ക് ബി ജെ പിയെ അധികാരത്തിൽ നിന്നുമിറക്കാൻ ആർക്കും കഴിയില്ല” എന്നുമാണ് അമിത് ഷാ അവകാശപ്പെട്ടത്. “രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ലും ബി ജെ പിയായിരിക്കും അധികാരത്തിൽ” എന്നാണ് ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവകാശപ്പെട്ടത്. 2019-ലെ തെരഞ്ഞെടുപ്പിൽ ബി ജെ പി ജയിച്ചാൽ പിന്നീട് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് ബി ജെ പി എം പി സാക്ഷി മഹാരാജ് പറഞ്ഞത്.
എന്താണിതെല്ലാം സൂചിപ്പിക്കുന്നത്? ഏകകക്ഷി ഭരണത്തിനുള്ള തിരക്കഥ? ബി ജെ പി ഒരു പദ്ധതിയനുസരിച്ചാണ് മുന്നോട്ട് പോകുന്നത് എന്നത് വ്യക്തമാണ്; ആദ്യം കോൺഗ്രസിനേയും കമ്മ്യൂണിസ്റ്റ് കക്ഷികളെയും തകർക്കുക. ടി ഡി പി, ടി എം സി, ആർ ജെ ഡി, എൻ സി പി, ജെ എം എം, ആർ എൽ ഡി, എസ് പി, ബി എസ് പി, ജെ എം എം, എ എ പി, ഐ എൻ എൽ ഡി തുടങ്ങിയ പ്രാദേശിക കക്ഷികൾ വലിയ പരാജയം നേരിട്ടു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അടവുകളുമല്ലാതെ ബി ജെ പി വിരുദ്ധ കക്ഷികളെ അട്ടിമറിക്കാനുള്ള കുതന്ത്രങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. ‘ ഓപ്പറേഷൻ കമല’ എന്ന പരിപാടി തന്നെ അധാർമികമായ വഴികളിലൂടെ എതിര്‍കക്ഷികളെ തകർക്കാനുള്ള ബി ജെ പി ദൗത്യമാണ്. മൂന്ന് കോൺഗ്രസ് എം എൽ എമാരെയും നാല് ജെ ഡി എസ് എം എൽ എമാരെയും കൂറുമാറി കർണാടകത്തിൽ 2008-ൽ ആദ്യം പരീക്ഷിച്ച ദൗത്യത്തെ ‘രാഷ്ട്രീയ പുതു കണ്ടുപിടിത്തം’ എന്ന് പറഞ്ഞാണ് ബി ജെ പി ന്യായീകരിച്ചത്.
അരുണാചൽ പ്രദേശിൽ 2016-ൽ 45 കോൺഗ്രസ് എം എൽ എമാരിൽ 43 പേരെയും എൻ ഡി എയിലേക്ക് കൂറുമാറ്റിയ പദ്ധതിയായിരുന്നു അതിലേറ്റവും അമ്പരപ്പുണ്ടാക്കിയത്. തുടർന്ന് ഭൂരിപക്ഷമില്ലാതിരുന്ന ഗോവയും മണിപ്പൂരും ബി ജെ പി പിടിച്ചെടുത്തു. മേഘാലയയിൽ ഒരു പ്രാദേശിക കക്ഷിയെ ഉപയോഗിച്ച് കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു. ഓപ്പറേഷൻ കമല കർണാടകത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും വീണ്ടും പ്രയോഗത്തിൽ വരികയാണ്. ഇത് വിജയിച്ചാൽ പിന്നെ കോൺഗ്രസിന് ബാക്കിയുണ്ടാവുക പഞ്ചാബും രണ്ടു ചെറു സംസ്ഥാനങ്ങളായ ഛത്തീസ്ഗഡും പോണ്ടിച്ചേരിയും മാത്രമാകും.
ഇനിയും പ്രതിപക്ഷം ഒന്നിച്ചുനിന്നില്ലെങ്കിൽ അമിത്ഷായുടെ അവകാശവാദം വെറും വീരവാദം മാത്രമായി തള്ളിക്കളയാൻ കഴിയില്ല. കോർപ്പറേറ്റ് സ്ഥാപനങ്ങളെപ്പോലും നാണിപ്പിക്കുന്ന ഭീമൻ ധനശേഖരമാണ് ബി ജെ പിയുടെ കയ്യിലുള്ളത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ബി ജെ പിക്ക് ലഭിച്ചത് 27000 കോടി രൂപയാണ്. അതാര്യമായ തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനവും, കോർപ്പറേറ്റുകളുടെ അകമഴിഞ്ഞ സഹായവും നോക്കുകുത്തിയായ തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടെങ്കിൽ 2024-ൽ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായാലും അത്ഭുതമില്ല.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)