UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspectives

കെയ് ബെനഡിക്ട്

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ കാത്തിരിക്കുന്നത് ഗുജറാത്തോ?

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ഭിന്നിപ്പിക്കല്‍ കക്ഷികള്‍ കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍ ഇല്ലാതാക്കുമോ?

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി ചില തെരഞ്ഞെടുപ്പ് വിദഗ്ധർ മധ്യപ്രദേശും രാജസ്ഥാനും പോലുള്ള നിർണായക സംസ്ഥാനങ്ങൾ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുമ്പോൾ ചിലർ കോൺഗ്രസിന് സാധ്യത കല്പിക്കുന്നുണ്ട്. അടുത്ത കാലത്തുള്ള തെരഞ്ഞെടുപ്പ് ചരിത്രം വെച്ചുനോക്കിയാൽ കോൺഗ്രസ് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ഗുജറാത്തിൽ ബി ജെ പിയെ കിതപ്പിക്കുന്ന പ്രചാരണം നടത്തിയിട്ടും പാർട്ടി തോറ്റു. കർണാടകത്തിലും പ്രതീക്ഷിച്ചതിലും താഴെയായിരുന്നു അവരുടെ പ്രകടനം. അവസാനഘട്ടത്തിൽ ബി ജെ പി ചില നഷ്ടങ്ങൾ നികത്തുകയും ചെയ്തു. രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പി സർക്കാരുകൾക്കെതിരായ വലിയ ഭരണവിരുദ്ധ വികാരം സ്വാഭാവികമായി കോൺഗ്രസിനെ അധികാരത്തിലെത്തിക്കും എന്ന് വിശ്വസിക്കുന്നത് യുക്തിസഹമാകില്ല. സ്വതന്ത്രരെയും വിഘടിത വിഭാഗങ്ങളെയും പണം നൽകി തെരഞ്ഞെടുപ്പിൽ നിർത്തി വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള തന്ത്രം 2014 മുതൽ ബി ജെ പി നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഗുജറാത്തിൽ 16 സീറ്റുകളാണ് 200-2000 വോട്ടുകളുടെ വ്യത്യാസത്തിൽ കോൺഗ്രസിന് നഷ്ടമായത്. ഒരു ഡസൻ മണ്ഡലങ്ങളിൽ ‘വോട്ടു ഭിന്നിപ്പിക്കൽ കക്ഷികൾ’ തോൽപ്പിച്ചു കളഞ്ഞു; ഉദാഹരണത്തിന് ഗോധ്ര മണ്ഡലത്തിൽ ബി എസ് പി സ്ഥാനാർത്ഥിക്ക് 898 വോട്ടുകൾ കിട്ടിയപ്പോൾ 258 വോട്ടിനാണ് കോൺഗ്രസ് തോറ്റത്.

ഗുജറാത്തിലെ 182 സീറ്റുകളിൽ 99 എണ്ണം നേടിയ ബി ജെ പി സർക്കാരുണ്ടാക്കിയപ്പോൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായി 80 സീറ്റുകളാണ് കിട്ടിയത്. വോട്ടു ഭിന്നിപ്പിക്കൽ കക്ഷികൾ ഇല്ലായിരുന്നെങ്കിൽ കോൺഗ്രസിന് ഒരു ഡസൻ സീറ്റുകൾ കൂടുതൽ കിട്ടുകയും ബി ജെ പിയുടെ സീറ്റുകൾ 87 ആയി കുറയുകയും ചെയ്യുമായിരുന്നു. 138 സീറ്റുകളിൽ മത്സരിച്ച് ഒന്നിൽപ്പോലും വിജയിക്കാഞ്ഞ ബി എസ് പിക്ക് വെറും 0.7 ശതമാനം വോട്ടാണ് കിട്ടിയത്. 57 മണ്ഡലങ്ങളിൽ മത്സരിച്ചു ഒരു സീറ്റിൽ മാത്രം ജയിച്ച എൻ സി പിക്ക് വെറും 0.6 ശതമാനം വോട്ടാണ് കിട്ടിയത്. ആം ആദ്മി പാർട്ടി 30 സീറ്റിൽ ഭാഗ്യം പരീക്ഷിച്ചപ്പോൾ ഒന്നിൽപ്പോലും ജയിക്കാതെ, രണ്ടു മണ്ഡലങ്ങളിലൊഴികെ എല്ലാ സീറ്റിലും കെട്ടിവെച്ച കാശുപോയി വെറും 0.1 ശതമാനം വോട്ടു മാത്രം നേടി. മത്സരരംഗത്തുണ്ടായിരുന്ന 700 സ്വാതന്ത്രരിൽ മിക്കവരെയും ബി ജെ പി പണം നൽകി നിർത്തിയതായിരുന്നു എന്നാരോപിക്കപ്പെടുന്നു.

മധ്യപ്രദേശിൽ 2008-ൽ മൂന്നു സീറ്റിൽ മത്സരിച്ച, എല്ലാ സീറ്റിലും തോൽക്കുകയും രണ്ടെണ്ണത്തിൽ കെട്ടിവെച്ച കാശ് പോവുകയും ചെയ്ത എൻ സി പി 2013-ൽ 72 സീറ്റുകളിൽ മത്‌സരിച്ച് വെറും 0.3% വോട്ടുനേടി. എല്ലാ സീറ്റിലും കെട്ടിവെച്ച കാശുപോയെങ്കിലും ചിലയിടത്തെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ജയസാധ്യത ഇല്ലാതാക്കി. കഴിഞ്ഞ മാസം, എല്ലാ യുക്തികളെയും ലംഘിച്ചുകൊണ്ട് മധ്യപ്രദേശിൽ 200 സീറ്റുകളിൽ മത്സരിക്കുമെന്നാണ് പവാറിന്റെ കക്ഷി പ്രഖ്യാപിച്ചത്. ഇതുവരെയും പട്ടിക പുറത്തുവിട്ടിട്ടില്ല. (ചിലപ്പോൾ വിലപേശൽ നടക്കുകയായിരിക്കാം). 2013-ൽ ഛത്തീസ്ഗഡിൽ 90-ൽ 3 സീറ്റിൽ മത്സരിച്ച എൻ സി പിക്ക് എല്ലാത്തിലും തോൽവിയും വെറും 0.52 % വോട്ടുമായിരുന്നു കിട്ടിയത്. ഇത്തവണ എൻ സി പി 28 സ്ഥാനാർത്ഥികളെ നിർത്തി. മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസുകാരനായ അജിത് ജോഗിയും ബി എസ് പി മേധാവി മായാവതിയും കൂടിയുണ്ടാക്കിയ മുന്നണി തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്താനുള്ള ബി ജെ പിയുടെ യാത്ര സുഗമമാക്കും. രാഷ്ട്രീയകൗശലത്തിൽ വലിയ കളിക്കാരായ പവാറും മായാവതിയും, ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ഒതുക്കാനും അങ്ങനെ 2019-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള കോൺഗ്രസിന്റെ വിലപേശൽ ശക്തി കുറയ്ക്കാനുമായിരിക്കും ഇക്കളി കളിക്കുന്നത്.

അഞ്ച് കൊല്ലം മുമ്പ് രാജസ്ഥാനിൽ 195 സ്ഥാനാർത്ഥികളെ നിർത്തിയ ബി എസ് പി മൂന്നു സീറ്റിൽ വിജയിച്ചു, 3.37 ശതമാനം വോട്ടുകൾ നേടി. ഒരാഴ്ച മുമ്പ് പാർട്ടി പ്രഖ്യാപിച്ചത് സംസ്ഥാനത്തെ 200 സീറ്റിലും മത്സരിക്കുമെന്നാണ്. സി പി എം, സി പി ഐ, സി പി ഐ എം എൽ, മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ആർ എൽ ഡി, ജെ ഡി എസ്, എസ് പി എന്നീ കക്ഷികൾ ചേർന്ന ‘രാജസ്ഥാൻ ജനാധിപത്യ മുന്നണി’ ബി ജെ പിയെ തോൽപ്പിക്കാനായി രൂപം കൊണ്ടിട്ടുണ്ടെങ്കിലും മതേതര വോട്ടുകൾ ഭിന്നിപ്പിച്ചു കാവി പാർട്ടിക്ക് വിജയം നേടിക്കൊടുക്കാനെ ആത്യന്തികമായി സഹായിക്കൂ. 2013-ൽ സി പി എം 4.46 %, എസ് പി 1.40%, സി പി ഐ 1.47%, ജെ ഡി എസ് 0.39%, ആർ എൽ ഡി 0.32%, സി പി ഐ എം എൽ 0.65% എന്നിങ്ങനെയായിരുന്നു വോട്ടുനില. സാഹസമെന്നോ, അമിതാവേശമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു നീക്കത്തിൽ, (എല്ലാവരും കൂടി 9% വോട്ടു നേടിയ) ഈ കക്ഷികൾ സി പി എം നേതാവ് അമ്രാ റാമിനെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് പ്രഖ്യാപിച്ചു. പാർട്ടി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് ദൾ ഉണ്ടാക്കിയ ബി ജെ പി നേതാവും ജാഠ് നേതാവുമായ ഹനുമാൻബേനിവാൾ എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചത് ബി ജെ പിയെ വിഷമത്തിലാക്കുന്നുണ്ട്. മറ്റൊരു ബി ജെ പി വിമതനും എം എൽ എയുമായ ഘനശ്യം തിവാരി ഭാരത് വാഹിനി പാർട്ടി ഉണ്ടാക്കി മത്സരരംഗത്തുണ്ട്.

കുറെ വർഷങ്ങളായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന കക്ഷികളുടെയും സ്വതന്ത്രരുടെയും എണ്ണം കൂടിയിട്ടുണ്ട്. ഇവരിൽ മിക്കവാറും ജയിക്കാനല്ല, മറിച്ച്, പണത്തിനോ, പ്രത്യയശാസ്ത്ര താത്പര്യമോ കാരണം ഏതെങ്കിലും സ്ഥാനാർത്ഥിയെ തോല്പിക്കാനോ ജയിപ്പിക്കാനോ മത്സരിക്കുന്നവരാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ വെറും കോമാളിനാടകമാക്കി മാറ്റുന്നു ഇവർ. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ 6 ദേശീയ കക്ഷികളും, 54 സംസ്ഥാന കക്ഷികളും, 1650 അംഗീകാരമില്ലാത്ത കക്ഷികളും 3100-ഓളം സ്വതന്തരും മത്സരിച്ചു. പക്ഷെ വെറും 36 കക്ഷികളിലെ സ്ഥാനാർത്ഥികളെ വിജയിച്ചുള്ളൂ (അതിൽ 12 കക്ഷികൾ ഒരു സീറ്റിൽ വീതമാണ് വിജയിച്ചത്). നൂറുകണക്കിന് കക്ഷികൾക്ക് പറയാവുന്ന വോട്ടു പോലും കിട്ടിയില്ല. ജഗന്മയി നാരി സംഘടൻ എന്നൊരു കക്ഷിക്ക് വെറും 226 വോട്ടുകളാണ് കിട്ടിയത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഈ പ്രവണത തടയാൻ ഇത്തരം തമാശ കക്ഷികളെയും സ്ഥാനാർഥികളെയും ഒഴിവാക്കാൻ ജനപ്രാതിനിധ്യ നിയമം 1951, 29 A വകുപ്പിൽ ഭേദഗതി കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. “ഏതു ചെറിയ സംഘം ആളുകൾക്കും 29A (5) പ്രകാരം ഒരു പ്രഖ്യാപനം നൽകിയാൽ ഒരു രാഷ്ട്രീയ കക്ഷിയായി രജിസ്റ്റർ ചെയ്യാൻ ഈ വകുപ്പിലെ അയവുകൾ മൂലം കഴിയുന്നുണ്ട്. ഇതുമൂലം ഒട്ടും ഗൗരവമില്ലാത്ത നിരവധി കക്ഷികൾ ഉണ്ടാവുകയും തെരഞ്ഞെടുപ്പ് കൈകാര്യ സംവിധാനത്തിന് വലിയ ഭാരം വരുത്തിവെക്കുകയും ചെയ്യുന്നു,” അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എസ്. കൃഷ്ണമൂർത്തി പ്രധാനമന്ത്രിക്കയച്ച കത്തിൽ വിലപിച്ചു.

ഇത്തരം സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് സംവിധാനത്തിന് മുകളിൽ ഒഴിവാക്കാവുന്ന തരത്തിലുള്ള ഭാരവും, സുരക്ഷാ ചെലവും ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. “ഗൗരവമായ താത്പര്യങ്ങളില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഇത്തരം ചെറുസംഘങ്ങളുടെയും വ്യക്തികളുടെയും പ്രവണതക്ക് ഔദ്യോഗിക അംഗീകാരം അത്ര എളുപ്പത്തിൽ കിട്ടരുത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനാണ് നൂറുകണക്കിന് സ്ഥാനാർത്ഥികൾ പത്രിക നൽകുന്നത്,” കമ്മീഷൻ പറഞ്ഞു. എന്നാൽ സർക്കാർ നടപടിയൊന്നും എടുത്തില്ല. ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ അനുകൂലമോ പ്രതികൂലമോ ആയി തരംഗമുണ്ടെങ്കിൽ ഇത്തരം വോട്ടുഭിന്നിപ്പിക്കലുകാർക്ക് വലിയ പ്രത്യാഘാതമുണ്ടാക്കില്ല എന്നാണ് ഒരാശ്വാസം. എന്നാൽ പ്രത്യേകിച്ച് തരംഗമൊന്നുമില്ലാത്ത രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇക്കൂട്ടർ കോൺഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കിയേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

2014-ൽ വിജയിച്ച 100 സീറ്റുകളിലെങ്കിലും ബി ജെ പി തോൽക്കും; സാധ്യത ഇതാണ്

രാഹുല്‍ ഗാന്ധിയുടെ മുന്‍പിലെ യഥാര്‍ത്ഥ പ്രതിസന്ധി

2019 ലോകസഭാ തെരഞ്ഞെടുപ്പ്: അയോധ്യയിലെ രാമക്ഷേത്ര നിർമാണം കത്തിച്ചു നിർത്താൻ സംഘപരിവാർ

സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍