UPDATES

എഴുതപ്പെട്ടു കഴിഞ്ഞ വേങ്ങരയുടെ വിധി തിരുത്താന്‍ സോളാര്‍ കേസിലെ തുടര്‍ നടപടി വാര്‍ത്തകള്‍ക്കാകുമോ?

കേരളത്തിലെ എല്ലാ വോട്ടര്‍മാരെയുംപോലെ തന്നെയാണ് വേങ്ങരയിലെയും മലപ്പുറത്തെയും വോട്ടര്‍മാര്‍. പക്ഷെ അവര്‍ക്കും കമ്മ്യൂണിസ്റ്റുകാരെപ്പോലെ ഒരു സവിശേഷതയുണ്ട്.

കെ എ ആന്റണി

കെ എ ആന്റണി

സോളാര്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ തുടര്‍നടപടി എന്ന നിലക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ ഇതിനകം തന്നെ പുറത്തു വന്നു കഴിഞ്ഞു. വേങ്ങര ഉപ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ പുറത്തുവന്ന ഈ വിശദാംശങ്ങള്‍ യു ഡി എഫ് നേതാക്കളെ ആകെ അങ്കലാപ്പില്‍ ആക്കിയിരിക്കുന്നുവെന്നും സോളാറിലെ തുടര്‍ നടപടി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വേങ്ങരയിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നുമൊക്കെയാണ് ചില ചാനലുകളും ന്യൂസ് പോര്‍ട്ടലുകളും പ്രചരിപ്പിക്കുന്നത്. തുടര്‍ അന്വേഷണം തികച്ചും ഗൗരവതരമായ കാര്യം തന്നെ. എന്നുകരുതി വോട്ടെടുപ്പ് ആരംഭിച്ചു ഏതാനും മണിക്കൂറുകള്‍ക്കകം പുറത്തു വന്ന തുടര്‍നടപടി വാര്‍ത്ത എത്രകണ്ട് വേങ്ങര പോലുള്ള ഒരു മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കും എന്ന കാര്യത്തില്‍ ഇതെഴുതുന്നയാള്‍ക്കു ചില്ലറ സംശയം ഉണ്ട്. ഇങ്ങനെ ഒരു സംശയത്തിന്റെ അടിസ്ഥാനം മുസ്ലിം ലീഗിന്റെ ഒരു ഉരുക്കുകോട്ടയില്‍ ഇത്തരം ഒരു വാര്‍ത്ത ഏതു തരത്തിലുള്ള പ്രതികരണം ആയിരിക്കും എന്ന ചിന്ത തന്നെയാണ്. ആ ചിന്തയുടെ അടിസ്ഥാനമാവട്ടെ മലപ്പുറം ജില്ലയടക്കം കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും തിരഞ്ഞെടുപ്പ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നുമുള്ള അനുഭവജ്ഞാനം തന്നെ. ഇത്തരം വിഷയങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രിയുടെ എങ്കിലും വാര്‍ത്ത സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ഒരാളെന്ന നിലയില്‍ ലഭ്യമായ ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തി സോളാര്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളുടെ പ്രസക്തഭാഗങ്ങള്‍ ഇവിടെ;

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും സര്‍ക്കാര്‍ നടപടികളും – പൂര്‍ണ രൂപം

സംഗതി വളരെ വ്യക്തമാണ്. ഉമ്മന്‍ ചാണ്ടിയുടെയും ഒട്ടേറെ യുഡിഎഫ് നേതാക്കളുടെയും രാഷ്ട്രീയ ഭാവിക്കുമേല്‍ കരിനിഴല്‍ വീണിരിക്കുന്നു, അത് തത്കാലത്തേക്കാണെങ്കില്‍ കൂടി. എന്നുവെച്ചാല്‍, അഴിമുഖത്തില്‍ എന്റെ സുഹൃത്ത് സാജു കൊമ്പന്‍ നേരത്തെ എഴുതിയതുപോലെ ‘കര്‍ണാടക കോടതി കുറ്റ വിമുക്തനാക്കിയിട്ടും പിണറായി കോടതി വെറുതെ വിട്ടില്ല’ എന്നര്‍ത്ഥം. ഈ പൂട്ട് മണിച്ചിത്രത്താഴിട്ടുള്ളതാണോ അല്ലയോ എന്നൊന്നും അറിയില്ലെങ്കിലും ഇതൊരു വല്ലാത്ത പൂട്ടുതന്നെ.

തുടക്കത്തില്‍ പറഞ്ഞു തുടങ്ങിയ കാര്യത്തിലേക്കു വീണ്ടും കടക്കാം. ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പറയുന്നതുപോലെ യുഡിഎഫ് നേതൃത്വം വല്ലാത്തൊരു വെട്ടില്‍ തന്നെയാണ് വീണിരിക്കുന്നത്. അത് അവരുടെ അങ്കലാപ്പില്‍ നിന്നും വളരെ വ്യക്തവുമാണ്. ഇതു പക്ഷേ സ്വന്തം നേതാക്കളുടെ ഭാവിയെച്ചൊല്ലിയുള്ള അങ്കലാപ്പ് മാത്രമാണ്. അല്ലാതെ വേങ്ങരയെ ചൊല്ലിയുള്ള വേവലാതിയാണ് എന്ന് കരുതിയാല്‍ തെറ്റി. സോളാര്‍ കേസ്് തുടര്‍ നടപടി ഒരു കുരുക്കായി തലക്കുമുകളില്‍ തൂങ്ങിനില്‍ക്കുമ്പോഴും യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ കൂട്ടത്തോടെ രംഗത്തെത്തിയിരിക്കുന്നത് വേങ്ങര തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്കു അനുകൂലമാക്കി മാറ്റാന്‍ വേണ്ടി മാത്രമാണ്. അതുകൊണ്ടു തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഓരോ വീഴ്ചയെയും ആഘോഷമാക്കിമാറ്റുന്ന ചില നേതാക്കളും ഇപ്പോള്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ സോളാര്‍ തുടര്‍നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്തു രംഗത്തുവന്നിരിക്കുന്നത്. ആരുടേയും പേര് പറയുന്നില്ല. രംഗത്ത് വന്നിരിക്കുന്നവരും നിലവില്‍ അവരും ചാണ്ടിയും തമ്മിലുള്ള സൗഹൃദം എത്രകണ്ട് ഉണ്ടെന്നുമൊക്കെ അറിയുന്ന മാന്യ വായനക്കാര്‍ക്കു അവരെ നന്നായി അറിയാം.

"</p

ഇനിയിപ്പോള്‍ തുടര്‍ നടപടി പ്രഖ്യാപനം വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്ന ചോദ്യത്തിലേക്ക് കടക്കാം. വേങ്ങരയുടെ വിധി ഏതാണ്ട് നേരത്തെ തന്നെ എഴുതപ്പെട്ടുകഴിഞ്ഞതായിരുന്നു. വേങ്ങരക്കാരുടെ കുഞ്ഞാപ്പയെ ഊശിയാക്കി കെഎന്‍എ ഖാദര്‍ എന്ന മുന്‍ സിപിഐ നേതാവ് വേങ്ങരയില്‍ സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ തന്നെ അക്കാര്യത്തില്‍ ഏതാണ്ടൊരു തീരുമാനം രൂപപ്പെട്ടിരുന്നു. മുജാഹിദ് ആയതുകൊണ്ട് തഴയപ്പെട്ടെങ്കിലും എല്ലാം മറച്ചുവെച്ചു സ്ഥാനാര്‍ഥിയാവാന്‍ താനില്ലെന്ന് കെപിഎ മജീദ് പറഞ്ഞപ്പോഴും യൂത്ത് ലീഗ് നേതാക്കളെ പാടെ അവഗണിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചതിയില്‍ പെട്ട് തോറ്റുവെന്നു പറഞ്ഞു ആശ്വസിക്കുമ്പോഴും വേങ്ങരയില്‍ സീറ്റ് മോഹിച്ച അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെയുടെയും ഒപ്പം അബ്ദു സമദ് സമദാനിയുടേയുമൊക്കെ സങ്കടങ്ങളും ഒക്കെ ചേര്‍ത്തുവെച്ചാല്‍ വായിച്ചെടുക്കാന്‍ പറ്റുന്ന ഒന്ന് തന്നെയായിരുന്നു ഒരുപക്ഷെ വേങ്ങരയിയിലെ തിരഞ്ഞെടുപ്പ് ഫലം.

ഇനി വേങ്ങരയിലെ വോട്ടര്‍മാരെ ഈ തുടര്‍ നടപടി വാര്‍ത്ത എങ്ങനെ ബാധിക്കും തുടക്കത്തില്‍ സൂചിപ്പിച്ച ആശങ്കയിലേക്ക്. പെണ്‍വാണിഭവും മറ്റും അംഗീകരിക്കുന്ന ഒരു ജനതയാണ് വേങ്ങരയിലേതും മലപ്പുറത്തെയുമെന്നൊന്നും ഈ ആശങ്കക്ക് അര്‍ത്ഥമില്ല. കേരളത്തിലെ എല്ലാ വോട്ടര്‍മാരെയുംപോലെ തന്നെയാണ് വേങ്ങരയിലെയും മലപ്പുറത്തെയും വോട്ടര്‍മാര്‍. പക്ഷെ അവര്‍ക്കും കമ്മ്യൂണിസ്റ്റുകാരെപ്പോലെ ഒരു സവിശേഷതയുണ്ട്. എത്ര എതിര്‍പ്പുണ്ടെങ്കിലും തങ്ങളുടെ നേതാക്കള്‍ക്ക് നേരെ ഒരു ഭീഷണി ഉയര്‍ന്നാല്‍ അവര്‍ എല്ലാ വൈരവും മറന്നു ഒറ്റക്കെട്ടാവും. കോഴിക്കോട് ഐസ്‌ക്രീം പെണ്‍ വാണിഭക്കേസ് ഉയര്‍ന്നു വന്ന കാലത്തു ഇത് നമ്മള്‍ കണ്ടതാണ്. ലാവലിന്‍ കേസില്‍ പിണറായി വിജയന് പിന്നില്‍ പാര്‍ട്ടി സഖാക്കള്‍ ഒന്നടങ്കം എന്നോണം അണിനിരന്നതുപോലെ തന്നെയായിരുന്നു അന്ന് കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലും സംഭവിച്ചത്.

"</p

അങ്ങനെയെങ്കില്‍ എന്തേ 2006 ല്‍ ലീഗിന്റെ ഉരുക്കുകോട്ടയായ കുറ്റിപ്പുറം കുഞ്ഞാപ്പയെ കൈവിട്ടു എന്ന് ചോദിക്കുന്നവരുണ്ടാകാം. ആ തിരഞ്ഞെടുപ്പില്‍ സാറാ ടീച്ചറും അജിതേച്ചിയുമൊക്കെ കുറ്റിച്ചൂലുമായി കുറ്റിപ്പുറത്ത് ഇറങ്ങിയത് കൊണ്ടായിരുന്നില്ല അന്നത്തെ ആ വിധിയെഴുത്ത്. കെ ടി ജലീല്‍ എന്ന എതിര്‍ സ്ഥാനാര്‍ഥിയുടെ കഴിവുകളെ ഒട്ടും കുറച്ചുകാണുന്നില്ല. പക്ഷെ ആ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ പൊതുവായി പ്രതിഫലിച്ചത് വഷളായി വഷളായി മൂര്‍ദ്ധന്യത്തിലെത്തിയ മലപ്പുറത്തെ കോണ്‍ഗ്രസ് ലീഗ് ബന്ധവും മുസ്ലിം ലീഗിലെ കുഞ്ഞാലികുട്ടി വിരുദ്ധ ചേരിയും കൈകോര്‍ത്തു തുടങ്ങിയതിന്റെയും ആദ്യ ലക്ഷണമായിരുന്നു. അതേ കുഞ്ഞാലികുട്ടി വിരുദ്ധ സേന തന്നെയാണ് ഇക്കുറി വേങ്ങരയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ പിന്നില്‍ ചരടുവലി നടത്തിയതും. ഇപ്പറഞ്ഞത് ശരിയല്ലെങ്കില്‍ പിന്നെന്തുകൊണ്ട് അതേ തിരഞ്ഞെടുപ്പില്‍ മങ്കടയില്‍ എം കെ മുനീറും വീണു? ഇന്നും ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകകനും അനുഭാവിയും കോള്‍മയിര്‍ കൊണ്ട് ഉച്ചരിക്കുന്ന ഏക പേര് സി എച് മുഹമ്മദ് കോയയുടേതാണ്. അദ്ദേഹത്തിന്റെ ഓമനപുത്രനെ എന്തുകൊണ്ട് അന്ന് മങ്കട കൈവിട്ടു എന്നുകൂടി എല്ലാ രാഷ്ട്രീയ നിരീക്ഷകരും മനനവും ഖനനവും ചെയ്യുന്നത് നന്നായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍