UPDATES

ട്രെന്‍ഡിങ്ങ്

സോളാര്‍ കേസും കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയവും; വീണവരും വാഴാന്‍ കച്ചമുറുക്കുന്നവരും

ഈ അവസരം രമേശ് ചെന്നിത്തലയും കൂട്ടരും പരമാവധി മുതലെടുക്കാന്‍ നോക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട

കെ എ ആന്റണി

കെ എ ആന്റണി

സോളാര്‍ തട്ടിപ്പ് കേസില്‍ തുടര്‍നടപടി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇന്ന് പുതിയ അന്വേഷണ സംഘം ചുമതലയേല്‍ക്കും. ബലാത്സംഗം, തട്ടിപ്പിന് കൂട്ടുനില്‍ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം കുറ്റക്കാരെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ കണ്ടെത്തിയവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. മറ്റേതു കേസിന്റെ കാര്യത്തിലുമെന്നപോലെ തന്നെ ഈ കേസുകളിലും നിയമം നിയമത്തിന്റെ വഴിക്കുതന്നെ നീങ്ങും. എങ്കിലും അന്വേഷണം ഉടനെ ആരംഭിക്കുമെങ്കിലും അത് എപ്പോള്‍ അവസാനിക്കുമെന്നോ കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്നോ ഇപ്പോള്‍ പറയാനാവില്ലെന്നതിനാല്‍ ശിക്ഷിക്കപ്പെടുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്യുന്നതിന് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഏറെ കാത്തിരിക്കേണ്ടിവരും. രണ്ടുപേര്‍ ഒഴികെ പ്രതിപ്പട്ടികയിലുള്ള പൊതുപ്രവര്‍ത്തകരെല്ലാം കോണ്‍ഗ്രസില്‍ നിന്നുള്ളവരാകയാല്‍ സോളാര്‍ തട്ടിപ്പുകേസിലെ ഈ തുടരന്വേഷണം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെയാണ് കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇതോടെ ഏറെ കാത്തിരുന്ന പാര്‍ട്ടി ഗ്രൂപ്പ് തര്‍ക്കത്തിലും കോടതിയില്‍ നിലവിലുള്ള കേസിലും കുരുങ്ങി നീണ്ടുനീണ്ടു പോകുന്ന പുനഃസംഘടനയും വീണ്ടും അനിശ്ചിതത്തിലായിരിക്കുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ടു വ്യവസായി കുരുവിള നല്‍കിയ ബംഗളുരു കോടതിയില്‍ നല്‍കിയ കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ടതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായേക്കും എന്ന സൂചന ബലപ്പെട്ടുവരുന്നതിനിടയിലാണ് ഒരു ഇടിത്തീപോലെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ പീഡനം അടക്കമുള്ള കുറ്റം ചുമത്തപ്പെട്ടു പുനരഃന്വേഷണത്തിന് വിധേയനാകേണ്ട ഗതികേട് ചാണ്ടിയെ തേടിയെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ഉമ്മന്‍ ചാണ്ടിയെ പ്രതീക്ഷിക്കേണ്ടതില്ല. ഉമ്മന്‍ ചാണ്ടി അധ്യക്ഷനാവാന്‍ വിസമ്മതിക്കുന്ന പക്ഷം ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കുമെന്നു കരുതപ്പെട്ടിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബെന്നി ബഹനാനും ഇനി ആ കസേര കണ്ടു കൊതിക്കേണ്ടതില്ല. ‘ഐ ‘ ഗ്രൂപ്പില്‍ പെട്ട അനില്‍കുമാറും ‘ ഐ’ ക്കുള്ളില്‍ തന്നെ സ്വന്തം ഗ്രൂപ്പുമായി നടക്കുന്ന കെ സി വേണുഗോപാലുമൊക്കെ സരിതക്കേസില്‍ തുടര്‍ അന്വേഷണം നേരിടേണ്ടിവരുന്നവരാണെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് വന്നുഭവിച്ച ഈ ദുര്‍ഗതി ‘എ’ ഗ്രൂപ്പിനെയാണ് കൂടുതല്‍ കഷ്ടത്തിലാക്കിയിരിക്കുന്നത്. ഈ അവസരം രമേശ് ചെന്നിത്തലയും കൂട്ടരും പരമാവധി മുതലെടുക്കാന്‍ നോക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അവര്‍ എങ്ങനെ കരുക്കള്‍ നീക്കുമെന്നത് വൈകാതെ അറിയാം.

ചെന്നിത്തലയേയും സുധീരനെയും പരോക്ഷമായി ആക്രമിച്ചും ഉമ്മന്‍ ചാണ്ടിയെ സുഖിപ്പിച്ചും ‘എ’ വിഭാഗത്തിന്റെ, പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയ ആളാണ് കെ മുരളീധരന്‍. ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുന്ന പക്ഷം അദ്ദേഹത്തിന്റെ നോമിനിയായി മുരളീധരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്തും എന്ന് കരുതിയരും ധാരാളമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മുരളീധരന്റെ സാധ്യതയും മങ്ങിയിരിക്കുന്നു എന്ന് പറയാതെ വയ്യ. തന്നെ തള്ളിപ്പറഞ്ഞ മുരളിധരനെ കെപിസിസി അധ്യക്ഷനാവാന്‍ രമേശ് ചെന്നിത്തല സമ്മതിക്കുമെന്നു കരുതുന്നത് തന്നെ തികഞ്ഞ മൗഢ്യമാണ്. പി ടി തോമസ്, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരാണ് സാധ്യത നിലനിര്‍ത്തുന്നത്. ഇതില്‍ ആര്‍ക്കു നറുക്കുവീഴും എന്ന് കാത്തിരുന്നു കാണാം. ഉമ്മന്‍ ചാണ്ടിയുടെ പതനത്തോടെ വീണുകിട്ടിയ മേല്‍കൈ ഉപയോഗിച്ച് പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനുള്ള ‘ഐ’ വിഭാഗം നീക്കത്തിന് തടയിടുന്നതിനുവേണ്ടി ഇപ്പോള്‍ താത്കാലിക അധ്യക്ഷ പദവി വഹിക്കുന്ന എം എം ഹസ്സന് പൂര്‍ണ ചുമതല നല്‍കുന്ന കാര്യവും ഹൈ കമാന്‍ഡ് പരിഗണിച്ചുകൂടാതെയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍