UPDATES

ട്രെന്‍ഡിങ്ങ്

ഗുരു മുന്നോട്ടുവച്ച മതേതരമായ മതപഠനം; സംഘപരിവാര കാലത്തിന്റെ മുറിവുണക്കാന്‍ ഇതിലേറെ നല്ല മരുന്നില്ല

മതങ്ങളെ സംബന്ധിച്ച ഗുരുവിന്റെ വിചാരങ്ങള്‍ തികച്ചും മൗലികമാണ്. അതിന് പൂര്‍വ്വമാതൃകകളില്ല, പിന്നീടുണ്ടായ ഒരു ചിന്താപദ്ധതിക്കും അതിനടുത്തു പോലും എത്താന്‍ കഴിഞ്ഞിട്ടില്ല

മതങ്ങളെ സംബന്ധിച്ച തന്റെ മതേതര കാഴ്ചപ്പാടു കൊണ്ടാണ് ശ്രീനാരായണഗുരു വീണ്ടും പ്രകാശിച്ച് ഇന്ത്യയിലെ ഈ ദുരന്തകാലത്തിന്റെ വിമോചകനാവുന്നത്. ജാതിക്കെതിരായ നിലപാടിന്റെ പേരിലാണ് അദ്ദേഹം ഏറെയും അറിയപ്പെടുന്നത് എന്നത് വാസ്തവം. പക്ഷേ ജാതി നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി കേരളത്തില്‍ നടന്ന പോരാട്ടത്തില്‍ ഗുരു ഒറ്റക്കായിരുന്നില്ലല്ലോ. അന്നത്തെ ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്ത് സ്വഭാവികമായും അദ്ദേഹം അവരോധിക്കപ്പെടുകയായിരുന്നു. ജാതി മേധാവിത്തത്തിനു കീഴില്‍ നരകജീവിതം നയിക്കുന്ന ഹിന്ദുക്കളിലെ അധഃസ്ഥിതര്‍ ശരണം തേടി എത്തിയപ്പോള്‍ അദ്ദേഹം അവര്‍ക്കൊപ്പം നിന്നു. ‘പള്ളി സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലീമുകള്‍ വന്നിരുന്നെങ്കില്‍’ താന്‍ അവരെ സഹായിക്കുമായിരുന്നു എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഡോ.പല്‍പ്പുവിനെപ്പോലെ മറ്റു നിരവധി പേരെ ജാതി വിരുദ്ധസമരത്തില്‍ ഗുരുവിനൊപ്പം ചിലപ്പോള്‍ മുന്നിലും നാം കാണേണ്ടതുണ്ട്.

എന്നാല്‍ മതങ്ങളെ സംബന്ധിച്ച ഗുരുവിന്റെ വിചാരങ്ങള്‍ തികച്ചും മൗലികമാണ്. അതിന് പൂര്‍വ്വമാതൃകകളില്ല എന്നു മാത്രമല്ല; പിന്നീടുണ്ടായ ഒരു ചിന്താപദ്ധതിക്കും അതിനടുത്തു പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. ഗുരു മലയാളത്തില്‍ സംസാരിച്ചതുകൊണ്ടും ഗുരുവിനെ പ്രചരിപ്പിക്കുന്നവര്‍ എന്നവകാശപ്പെടുന്നവരുടെ ഹൃദയച്ചുരുക്കം കൊണ്ടും മാത്രമാണ് ഈ മഹത് ദര്‍ശനം വേണ്ടപോലെ ലോക ശ്രദ്ധ നേടാതിരുന്നത്.

മതം എന്നാല്‍ അഭിപ്രായം എന്നാണ് ഗുരുവിന്റെ നിലപാട്. ഒരു വീട്ടില്‍ത്തന്നെ വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന നിരവധിപേര്‍ ഉണ്ടാകണം. മതം മാറ്റത്തെക്കുറിച്ച ഗുരുവിന്റെ കാഴ്ചപ്പാട് ആലോചനാമൃതമാണ്: മതംമാറ്റം വളര്‍ച്ചയുടെ ഭാഗമായി ഓരോ മനുഷ്യനിലും ആന്തരികമായി നിരന്തരം നടക്കേണ്ട ഒരു പ്രക്രിയയാണ്. അതു കൊണ്ട് ഔപചാരികമായ മതംമാറ്റത്തെ ഗുരു അംഗീകരിച്ചില്ല.

സംഘടിത മതങ്ങളാകട്ടെ ഗുരുവിന്റെ അഭിപ്രായത്തില്‍, അതു പിറവിയെടുത്ത കാലത്തോടുള്ള പ്രതികരണങ്ങളാണ്. എന്നുവെച്ചാല്‍ പിറന്ന കാലത്തെ മുന്‍നിര്‍ത്തിയല്ലാതെ ഒരു മതത്തെയും പരിശോധിക്കാനാവില്ല. ക്രിസ്തുമതം സ്‌നേഹസ്ഥാപനത്തിനും, ഇസ്ലാംമതം കരുണയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ബുദ്ധമതം അഹിംസയുടെ പ്രചാരണത്തിനും കാരണമായി. ഹിന്ദുമതം എന്നറിയപ്പെടുന്നത് അന്യോന്യഭിന്നമായ നിരവധി മതങ്ങളുടെ ഒരു പ്ലാറ്റ്‌ഫോമാണെന്ന് അദ്ദേഹം കണ്ടെത്തുന്നു.

ലോകത്തു പിറന്ന എല്ലാ മതങ്ങളെയും അവയിലെ ആശയധാരകളെയും ഉള്‍ക്കൊള്ളാന്‍ എന്റെ രാജ്യം തയ്യാറാണ് എന്ന് വിവേകാനന്ദന്‍ ചിക്കാഗോവില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്‌ഘോഷണമായിരുന്നു അത്. എന്നാല്‍ നമ്മുടെ ഗുരു അതിനപ്പുറം കടക്കുന്നു. ‘മോക്ഷപ്രാപ്തിക്ക് എല്ലാ മതങ്ങളും ഉതകും’ എന്ന് അദ്ദേഹം ഗാന്ധിജിയോട് പറഞ്ഞു. വൈദ്യത്തോടാണ് ഗുരു മതത്തിന്റെ ആത്മീയതയെ താരതമ്യം ചെയ്യുന്നത്. വൈദ്യം ശരീരത്തിന്റെ ശുശ്രൂഷക്കു വേണ്ടിയാണെങ്കില്‍ മതം ആത്മാവിന്റെ മനസ്സിന്റെ ശുശ്രൂഷക്ക് ഉതകും.

ഏതു രാജ്യത്ത് ഏതു മതക്കാരന്‍ നിര്‍മ്മിച്ചു എന്നു നോക്കാതെ അലോപ്പതി വൈദ്യം നാം സ്വീകരിക്കുന്നു.’വയസ്‌ക്കര മൂസിന്റെ ചികിത്സ ക്രിസ്ത്യാനിക്ക് ഉപകാരപ്പെടാതിരിക്കുന്നില്ല.’
കായികമായ രോഗശമനത്തിന് നാം സ്വീകരിക്കുന്ന ഈ സമീപനം ആത്മാവിന്റെ ചികിത്സക്ക് എന്തുകൊണ്ട് സ്വീകരിച്ചു കൂടാ? എന്നായിരുന്നു ഗുരുവിന്റെ ചോദ്യം.
അതു കൊണ്ട് ‘എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം. അതില്‍ നിന്ന് ഉത്ഭൂതമാവുന്ന ആശയം എന്താണോ അതാണ് നാം നിര്‍ദേശിക്കുന്ന (ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതിലെ) ഒരു മതം; അഥവാ ഏകമതം.’

ഇങ്ങനെയുള്ള (മത ഭ്രാന്തില്ലാത്ത) തികച്ചും മതേതരമായ മതപഠനത്തിനു വേണ്ടിയാണ് ഗുരു ആലുവയില്‍ സര്‍വ്വ മതസമ്മേളനം വിളിച്ചു ചേര്‍ത്തത്. തുടര്‍ന്ന് ശിവഗിരിയില്‍ ഒരു സര്‍വ്വമത മഹാപാഠശാല സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനായി സമ്പത്തും ഭൂമിയും പ്ലാനും ഗുരു തയ്യാറാക്കി വെച്ചു. പക്ഷേ മഹാസമാധിക്കുശേഷം നിയുക്തരായ അനന്തരഗാമികള്‍ ആ മഹത്തായ സ്വപ്നത്തെ അട്ടിമറിച്ച് നിരന്തരമായ ഗുരുനിന്ദക്ക് തുടക്കം കുറിച്ചു. അതില്‍ ക്ഷോഭിച്ചിട്ടാണ് നടരാജഗുരു ശിവഗിരി വിട്ടത് എന്നു വായിച്ചിട്ടുണ്ട്. ഇതാ ഇപ്പാള്‍ നീണ്ട വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം ഗുരുവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ മഠാധിപതിയുടെ നേതൃത്തത്തില്‍ ശ്രമമാരംഭിച്ചിരിക്കുന്നു. ‘നമുക്കു ജാതിയും മതവുമില്ല” എന്ന ഗുരുവിളംബരത്തിന്റെ ശതാബ്ദി ആഘോഷവും സംവാദങ്ങളുമായിരിക്കാം ഇത്തരമൊരു സമചിത്തതയിലേക്ക് ശിവഗിരി മഠത്തെ നയിച്ചിട്ടുണ്ടാവുക എന്നു കരുതുന്നു. ഇതോടെ ശിവഗിരി കേരളത്തിന്റെ ആത്മഹൃദയം ആയി മാറുമെന്ന് ഞാന്‍ കരുതുന്നു.

വര്‍ത്തമാനകാലാവസ്ഥയില്‍ ഗുരുവില്ലാതെ കേരളത്തിനെന്നല്ല; ഇന്ത്യക്കും ലോകത്തിനു തന്നെയും മുന്നോട്ടു പോവാനാവില്ല. ആയിരക്കണക്കിനു വര്‍ഷത്തെ സംവാദാത്മകമായ ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യത്തെ അതിലൊരു ചെറുഘടകം മാത്രമായ ഹിംസാത്മക വൈദിക പൗരോഹിത്യമായി വ്യാഖ്യാനിക്കാനും സ്ഥാപിക്കാനും കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രമം നടക്കുന്നു. അതിവിശാലമായ ഇന്ത്യയിലെ വിഭിന്ന സാംസ്‌കാരിക സവിശേഷതകളും ജീവിതരീതികളും ഭക്ഷണവും ഭാഷകളും (നടപ്പും ഉടുപ്പും) അത്യന്തം ഭീഷണിയിലാണ്. മലയാളിയുടെ ഐശ്വര്യ പ്രതീക്ഷയായ മാവേലിയെ തിരസ്‌കരിച്ച് ചതിയനായ വാമനനെ ഓണത്തിന്റെ മൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത് ഉദാഹരണം. കോര്‍പ്പറേറ്റ് മൂലധനം വിപണിയുടെ സൗകര്യാര്‍ത്ഥം ലോകമെമ്പാടും ഒരേ അഭിരുചി സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ കിങ്കരന്മാരായ സംഘപരിവാര്‍ നമ്മുടെ സാംസ്‌കാരത്തെ രാഷ്ട്രീയ ഹിന്ദുത്വം എന്ന ബുള്‍ഡോസര്‍ കൊണ്ട് നിരപ്പാക്കുന്നു. ലോകമെമ്പാടും സാമാന്യജനത മതം കൊണ്ടു മുറിവേല്‍ക്കുന്നു. അധികാരം പിടിക്കാനുള്ള ആയുധമായി മാറിയ മതങ്ങള്‍ ഭീകരതയായി ചമഞ്ഞ് അവരെ നാടൊട്ടുക്ക് അട്ടിയോടിക്കുന്നു. കുഞ്ഞുങ്ങള്‍ അടക്കമുള്ള നിരപരാധികളായ മനുഷ്യരുടെ കൂട്ടപ്പലായനത്തിന്റെ ദയനീയമായ ദൃശ്യങ്ങള്‍ നാം കാണുന്നു.

ഈ കാലത്തിന്റെ മുറിവുണക്കാന്‍ ഗുരു മുന്നോട്ടു വെക്കുന്ന ‘മതേതരമായ മതപഠനം’ എന്ന മരുന്നിനേക്കാള്‍ വിശേഷപ്പെട്ടതായി വേറൊന്നുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അശോകന്‍ ചരുവില്‍

അശോകന്‍ ചരുവില്‍

ചെറുകഥാകൃത്ത്, നോവലിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍