UPDATES

എസ് ബിനീഷ് പണിക്കര്‍

കാഴ്ചപ്പാട്

അകവും പുറവും

എസ് ബിനീഷ് പണിക്കര്‍

ട്രെന്‍ഡിങ്ങ്

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം; മതം, മതപരിവര്‍ത്തനം, ഏകമതം; ഗുരു പറയുന്നത്

കേരളീയ നവോത്ഥാനത്തിന്റെ മുന്നോടിയാണ് നാരായണ ഗുരു.

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം. നാരായണ ഗുരുവിനെ കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുണ്ട്. നാരായണ ഗുരുവിന്റേതായ തത്വചിന്താപരമായ രചനകളും കവനങ്ങളും അനവധി. ലക്ഷ്യവേധിയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. മനുഷ്യാവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള കൃത്യതയാര്‍ന്ന ഇടപെടല്‍. ചിരന്തനമായ മനുഷ്യാവസ്ഥയേയും സമകാലീകമായ മനുഷ്യാവസ്ഥയേയും ഒരുപോലെ അദ്ദേഹം അഭിസംബോധന ചെയ്തു. പാലിനു വെണ്മപോലെ മനുഷ്യരില്‍ അന്തര്‍നിഹിതമായ മനുഷ്യാവസ്ഥയില്‍ അദ്ദേഹം ഊന്നി. മനുഷ്യന്‍ എന്ന ഏകമതം എന്നതാണതിന്റെ കാതല്‍.

കേരളീയ നവോത്ഥാനത്തിന്റെ മുന്നോടിയാണ് നാരായണ ഗുരു. നവോത്ഥാനം അത്യുക്തികളാലും ന്യൂനോക്തികളാലും വിവാദ സംജ്ഞയായി തീര്‍ന്നിരിക്കുന്ന കാലത്ത് നാരായണഗുരുവുമായി സി.വി കുഞ്ഞുരാമന്‍ നടത്തിയ സംവാദത്തിലെ ഏതാനും ഭാഗങ്ങള്‍ സമകാലീന മലയാളി ഒരു വട്ടം കൂടി വായിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. നാരായണ ഗുരുവിനെ കുറിച്ച് ഏറെ പാഠങ്ങളും പാഠഭേദങ്ങളും കേട്ടുകൊണ്ടിരിക്കുന്ന മലയാളികള്‍ക്ക് സ്വന്തം പാഠം രൂപപ്പെടുത്താനുള്ള അന്വേഷണത്തിലേക്കൊരു ജാലകമാണത്. നാരായണഗുരുവിനെ കുറിച്ചുള്ള പല പഠനഗ്രന്ഥങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഈ സംവാദത്തില്‍ ഗുരു മതത്തെ കുറിച്ച് പൊതുവിലും, ഹിന്ദു മതത്തെ കുറിച്ച് വിശേഷിച്ചും വിശദീകരിക്കുന്ന ഭാഗങ്ങള്‍ തികഞ്ഞ ഉള്‍ക്കാഴ്ച തരുന്നവയാണ്. മതങ്ങളുടെ സാരം, മതപരിവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച സി.വിയുടെ ചോദ്യങ്ങള്‍ക്കുള്ള നാരായണ ഗുരുവിന്റെ വിശദീകരണങ്ങളാണ് ആദ്യഭാഗത്തില്‍ ചേര്‍ക്കുന്നത്.

പുലയസമുദായാംഗങ്ങളുടെ യോഗത്തില്‍ നാരായണ ഗുരു നടത്തിയ പ്രസംഗം രണ്ടാമതായി ചേര്‍ക്കുന്നു. ജാതിയെ കുറിച്ചാണ് ഗുരു പ്രസംഗത്തില്‍ പ്രതിപാദിക്കുന്നത്. ഈ പ്രസംഗം വിവേകോദയത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചിന്തോദ്ദീപകമായും സരസമായും സമൂഹത്തോട് സംവദിച്ചിരുന്ന വ്യക്തിത്വമായിരുന്നു നാരായണ ഗുരുവിന്റേത്. അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും അദ്ദേഹം കണക്കറ്റ് കളിയാക്കിയിട്ടുണ്ട്. പ്രത്യക്ഷമായി ആരേയും മുറിപ്പെടുത്താതെ അദ്ദേഹം നിശിതമായ വിമര്‍ശനങ്ങള്‍ നടത്തി. അത്തരം ഏതാനും സന്ദര്‍ഭങ്ങളും വീണ്ടും ഓര്‍മ്മിപ്പിക്കുന്നവയാണ് തുടര്‍ന്നുള്ള ചെറുകുറിപ്പുകള്‍. ഗുരുവിന്റെ അവസരോക്തികള്‍ പ്രസിദ്ധങ്ങളാണ്. അവസരോക്തികളെ സമാഹരിച്ചുകൊണ്ടും പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നാരായണ ഗുരുവിന്റെ ജീവചരിത്രാപരമായ രചനകളിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണിവയൊക്കെ.

1

മത്സരം മതം നിമിത്തമല്ല, മദം നിമിത്തം; വിശ്വാസമില്ലാത്ത മതത്തില്‍ ഇരിക്കുന്നത് ഭീരുതയും കപടതയും

രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോല്പിക്കുമ്പോള്‍ അവസാനിക്കും. മതങ്ങള്‍ തമ്മില്‍ പൊരുതാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പിക്കാന്‍ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം. അപ്പോള്‍ പ്രധാന തത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ട് കിട്ടുന്നതാണ് നാം ഉപദേശിക്കുന്ന ‘ഏകമതം’.

മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ട് വശങ്ങളുണ്ട്. ഇവയില്‍ എന്തിനാണ് പരിവര്‍ത്തനം വേണമെന്ന് പറയുന്നത്? ബാഹ്യമായ മാറ്റത്തിനാണ് ഉത്സാഹമെങ്കില്‍ അത് മതപരിവര്‍ത്തനമല്ല. സമുദായ പരിവര്‍ത്തനമാണ്. ആഭ്യന്തരമതത്തിന് പരിവര്‍ത്തനം ചിന്താശീലമുള്ള ഓരോ വ്യക്തികളിലും ക്രമേണ സംഭവിച്ചുകൊണ്ടുതന്നെയിരിക്കുന്നു. അത് വിജ്ഞാനവര്‍ധനവോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ ആര്‍ക്കും മാറ്റുവാന്‍ കഴിയുന്നതല്ല. ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളില്‍ അറിയപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നിരിക്കുന്നവരില്‍ ഒരാള്‍ക്ക് ആ മതത്തില്‍ വിശ്വാസമില്ലെന്നു വന്നാല്‍ അയാള്‍ ആ മതം മാറുക തന്നെയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തില്‍ ഇരിക്കുന്നത് ഭീരുതയും കപടതയുമാണ്. അവന്‍ മതം മാറുന്നത് അവനും നന്നാണ്, അവന് വിശ്വാസമില്ലാതായ മതത്തിനും നന്നാണ്. ഒരു മതത്തിനും ആ മതത്തില്‍ അവിശ്വാസികളുടെ സംഖ്യ വര്‍ധിക്കുന്നത് ശ്രേയസ്‌കരമല്ലല്ലോ.

ഹിന്ദുമതം എന്ന് ഒരു മതമേ ഇല്ലല്ലോ. ഹിന്ദുസ്ഥാന നിവാസികളെ ഹിന്ദുക്കള്‍ എന്നു വിദേശിയര്‍ പറഞ്ഞുവന്നു. ഹിന്ദുസ്ഥാന നിവാസികളുടെ മതം ഹിന്ദുമതമെന്നാണെങ്കില്‍ ഹിന്ദുസ്ഥാനത്ത് ഇപ്പോള്‍ അധിവസിക്കുന്ന ക്രിസ്ത്യാനികളുടേയും മുഹമ്മദീയരുടേയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല. സമ്മതിക്കുന്നുമില്ല. ഇപ്പോള്‍ ഹിന്ദുമതമെന്ന് പറയുന്നത് ക്രിസ്തുമതം, മുഹമ്മദ് മതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയില്‍നിന്നു വന്ന മതങ്ങള്‍ ഒഴിച്ച് ഹിന്ദുസ്ഥാനത്തില്‍ തന്നെ ഉത്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള ഒരു പൊതുപ്പേരാകുന്നു. അതുകൊണ്ടാണ് ബുദ്ധമതം, ജൈനമതം മുതലായവയും ഹിന്ദുമതം തന്നെയെന്നു ചിലര്‍ പറയുന്നത്. വൈദിക മതം, പൗരാണികമതം, സാംഖ്യമതം, വൈശേഷികമതം, മാമാംസമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങള്‍ക്ക് എല്ലാറ്റിനും കൂടി ഹിന്ദുമതം എന്ന പൊതുപ്പേരു പറയുന്നത് യുക്തിഹീനമല്ലെങ്കില്‍, മനുഷ്യജാതിക്കെല്ലാറ്റിനും മോക്ഷപ്രാപ്തിക്ക് ഉപയുക്തങ്ങളായി ദേശകാലാവസ്ഥകള്‍ അനുസരിച്ച് ഓരോ ആചാര്യന്മാര്‍ ഈഷദീഷല്‍ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങള്‍ക്കും കൂടി ഏകമായ ലക്ഷ്യത്തോടുകൂടിയ ‘ഏകമതം’ എന്നുപറയുന്നതില്‍ എന്തിനാണ് യുക്തിഹീനതയെ സംശയിക്കുന്നത്?

ഒരു മതാചാര്യന്റെ പേരില്‍ പല ആചാര്യന്മാരുടെ ഉപദേശങ്ങളടക്കി അതിനെ ഒരു മതമെന്നു പേര്‍ വിളിക്കാമെങ്കില്‍ പല ആചാര്യന്മാരാല്‍ സ്ഥാപിതമായ എല്ലാ മതങ്ങളേയും ചേര്‍ത്ത് അതിന് ഒരു മതമെന്നോ ഏകമതമെന്നോ മനുഷ്യമതമെന്നോ മാനവധര്‍മ്മമെന്നോ എന്തുകൊണ്ട് ഒരു പൊതുപേര് ഇട്ടുകൂട? അങ്ങനെ ചെയ്യുന്നത് യുക്തിഭംഗവും അസംബന്ധവുമാണെങ്കില്‍ ഈ അസംബന്ധവും യുക്തിഭംഗവും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന എല്ലാ മതങ്ങള്‍ക്കും ഏറെക്കുറെ സംഭവിച്ച് കഴിഞ്ഞിരിക്കുകയാണ്.

ഏകത്വത്തില്‍ നാനാത്വവും നാനാത്വത്തില്‍ ഏകത്വവും അവനവന്റെ മതത്തെ സംബന്ധിച്ച് ചാതുര്യത്തോടെ പ്രസംഗിക്കുന്നവര്‍ക്ക് മനുഷ്യജാതിയുടെ മതത്തെ പൊതുവില്‍ എടുത്ത് അതിന്റെ ഏകത്വത്തില്‍ നാനാത്വവും നാനാത്വത്തില്‍ ഏകത്വവും കാണാന്‍ കഴിയാതെ വന്നത് ആശ്ചര്യമായിരിക്കുന്നു. മഹാത്മജി ഇവിടെ വന്നപ്പോള്‍ ചെയ്ത പ്രസംഗത്തില്‍ ആശ്രമമുറ്റത്ത് നില്‍ക്കുന്ന ഒരു മാവ് ചൂണ്ടിക്കാണിച്ചു. അതിന്റെ ശാഖകളും ഇലകളും എങ്ങനെ ഒന്നിനൊന്ന് ഭിന്നമായിരിക്കുന്നുവോ അതുപോലെ മനുഷ്യരിലുള്ള വ്യക്തികളും ഭിന്നമായിരിക്കും, ഈ ഭിന്നത ഉള്ള കാലത്തോളം മനുഷ്യരുടെ മതങ്ങളും ഭിന്നമായിരിക്കാനേ നിവൃത്തിയുള്ളുവെന്ന് പറയുകയുണ്ടായി.

ശരിയാണ് മഹാത്മജി പറഞ്ഞത്. എന്നാല്‍ നൈയാമികദൃഷ്ട്യാ അത് പരിശോധിക്കുന്നതായാല്‍ ഓരോ വ്യക്തിക്കും ഓരോ മതമുണ്ടെന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെയായാല്‍ ഹിന്ദുവായ രാമനും ഹിന്ദുവായ കൃഷ്ണനും ഒരു മതമല്ല വിശ്വസിക്കുന്നത്. ഇരുപതുകോടി ഹിന്ദുക്കള്‍ക്കും ഇരുപതുകോടി മതങ്ങളുണ്ടെന്ന് വന്നുകൂടും. വാസ്തവം അതുതന്നെയാണെങ്കിലും ചില സാമാന്യലക്ഷണങ്ങള്‍ ഈ ഇരുപതുകോടിയുടേയും വിശ്വാസങ്ങളില്‍ ഉള്ളതുകൊണ്ട് അവരെ ഒരു മതക്കാര്‍ എന്ന് പറയുന്നു. അതുപോലെ എല്ലാ മതക്കാരുടേയും വിശ്വാസങ്ങളില്‍ ചില സാമാന്യ ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ട് മനുഷ്യരെല്ലാവരും ഒരു മതക്കാര്‍ തന്നെയാണ്. സനാതനമായ എന്തെങ്കിലും ഒരു ധര്‍മ്മത്തേയോ സത്യത്തേയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനില്‍ക്കാന്‍ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദ് മതവും സ്‌നേഹത്തിന് ക്രിസ്തുമതവും മുഖ്യത കല്‍പ്പിക്കുന്നു. എന്നാല്‍ സാഹോദര്യം സ്‌നേഹത്തേയും സ്‌നേഹം സാഹോദര്യത്തേയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ, സാഹോദര്യമാണ് ശ്രേഷ്ഠം, അതല്ല സ്‌നേഹമാണ് ശ്രേഷ്ഠം എന്ന വിവാദം ഉണ്ടാക്കുന്നുവെങ്കില്‍ എതിനെ വൃഥാവിവാദമെന്നല്ലാതെ പറയാന്‍ തരമുണ്ടോ?

സനാതനധര്‍മ്മങ്ങള്‍ തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാല്‍ നേരിടുന്ന ആവശ്യങ്ങളനുസരിച്ച് അവയില്‍ ഏതെങ്കിലും ഒന്നിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസ കലശലായിരിക്കുന്ന ദേശകാലങ്ങളില്‍ അഹിംസ ധര്‍മ്മത്തിന് ജഗദ്ഗുരുക്കന്മാര്‍ മറ്റു ധര്‍മ്മത്തേക്കാള്‍ മുഖ്യത കല്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാല്‍ അംഹിസ ധര്‍മ്മത്തിന് ബുദ്ധന്‍ മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബിയായില്‍ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹത്തിന്റെ മതത്തില്‍ സാഹോദര്യത്തിനു മുഖ്യത കാണുന്നു.

ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഉള്ള മത്സരത്തില്‍ നിന്നു മോചനം സമബുദ്ധിയോടും സമഭാവനയോടും കൂടി എല്ലാമതങ്ങളേയും എല്ലാവരേയും പഠിച്ചറിവാനും, ലഭിച്ച അറിവിനെ പരസ്പരം സ്‌നേപൂര്‍വം വിനിമയം ചെയ്വാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാകും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്തമിക്കും.

(നാരായണഗുരുവുമായി സി.വി കുഞ്ഞുരാമാന്‍ നടത്തിയ സംവാദത്തില്‍ നിന്ന്)

2

മനുഷ്യരില്‍ സ്ഥിതി ഭേദമല്ലാതെ ജാതി ഭേദം ഇല്ല

മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്. അവരുടെയിടയില്‍ സ്ഥിതി ഭേദമല്ലാതെ ജാതിഭേദം ഇല്ല. ഉണ്ടാകാന്‍ നിവൃത്തിയും ഇല്ല. ചിലര്‍ക്കു പണവും പഠിപ്പും ശുചിയും മറ്റും കൂടുതലായിരിക്കും. മറ്റു ചിലര്‍ക്ക് അതൊക്കെ കുറവായിരിക്കും. ചിലരുടെ നിറമായിരിക്കില്ല മറ്റു ചിലരുടെ നിറം. ഈ മാതിരിയുള്ള വ്യത്യാസങ്ങളില്ലാതെ മനുഷ്യര്‍ക്ക് ജാതി വ്യത്യാസം ഇല്ല.

പുലയര്‍ക്ക് ഇപ്പോള്‍ ധനവും വിദ്യയും ഇല്ലാത്ത കുറവ് വളരെയുണ്ട്. ഇത് രണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം പ്രധാനമായി വേണം. അതുണ്ടായാല്‍ ധനവും ശുചിയുമെല്ലാം ഉണ്ടാകും. നിങ്ങള്‍ക്ക് പണമില്ലെന്ന് പറയുന്നത് ശരിയല്ല. നിങ്ങളൊക്കെ പണമാണല്ലോ. ദിവസേന വേല ചെയ്ത് പണമുണ്ടാക്കാതെ നിങ്ങളില്‍ ആരും ഇല്ല. ഇപ്പോള്‍ അത് മദ്യപാനം ചെയ്തും മറ്റും വെറുതെ പോകുന്നു. അതില്‍ ഓരോ അണ വീതമെങ്കിലും മാസം തോറും നിങ്ങളൊക്കെ പൊതുഭണ്ഡാരത്തില്‍ ഇട്ടുകൂട്ടിയാല്‍ അതുകൊണ്ടു നിങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം. മറ്റാരുടേയും സഹായം കൂടാതെതന്നെ നിങ്ങള്‍ക്ക് വളരെയൊക്കെ സ്വയം സാധിക്കും. മാസം തോറും എല്ലാവരും ഒരു പൊതുസ്ഥലത്ത് സഭകൂടി വേണ്ടകാര്യങ്ങള്‍ ആലോചിച്ച് ചെയ്യണം. മദ്യപാനം കഴിയുന്നതും നിര്‍ത്തണം. ഇനി കുട്ടികള്‍ കള്ളുകുടിക്കാന്‍ അനുവദിക്കരുത്. പ്രായം ചെന്നവരും കഴിയുന്നതും മാറ്റണം. സഭകൂടി പറയേണ്ടത് മദ്യപാനം മുതലായതുകളെ നിര്‍ത്താനാണ്. മറ്റുള്ളവരും നിങ്ങളെ സഹായിക്കാതിരിക്കില്ല. ഇനിയും കൂടെക്കൂടെ നിങ്ങളെ കാണുന്നതിന് ആഗ്രഹമുണ്ട്.’

തിരുവനന്തപുരത്ത് മുട്ടത്തറ എന്ന സ്ഥലത്ത് പുലയസമുദായാംഗങ്ങളുടെ യോഗത്തില്‍ നാരായണ ഗുരു നടത്തിയ പ്രസംഗം. വിവേകോദയം, 1096 ചിങ്ങം ലക്കം)

3

കുട്ടിച്ചാത്തനൊരു കത്ത്

1921-ല്‍ സ്വാമി ശിവഗിരിയില്‍ സ്വസ്ഥമായി വിശ്രമിച്ചിരുന്ന ഒരു നാള്‍. അകലെ നിന്ന് രണ്ടാളുകള്‍ വന്നു സന്ദര്‍ശിക്കാനായി കാത്ത് നില്‍ക്കുന്നുവെന്ന് ആശ്രമാന്തേവാസി സ്വാമിയെ അറിയിച്ചു. കാത്തുനില്‍ക്കുന്നതെന്തിന്? അവരെ കൂട്ടിക്കൊണ്ടുവരാമല്ലോയെന്നായി സ്വാമി. ആഗതരെ കണ്ടപ്പോള്‍ സ്വാമി പറഞ്ഞു, എന്താ കാണാനായി വന്നതായിരിക്കുമല്ലേ, കൊള്ളാം.
ഒരു സങ്കടം പറയാന്‍ വന്നതാണെന്നായിരുന്നു ആഗതരുടെ വിശദീകരണം. സങ്കടമോ? എന്താണ്; പറയാമല്ലോ? സ്വാമി മറുപടി പറഞ്ഞു.

അവര്‍ പറഞ്ഞു: വളരെ നാളുകളായി വീട്ടില്‍ കുട്ടിച്ചാത്തന്റെ ഉപദ്രവം കൊണ്ട് കിടക്കപ്പൊറുതിയില്ല സ്വാമി. പലേ കര്‍മ്മങ്ങളും പ്രവര്‍ത്തിച്ച് നോക്കി. ഒരു മാറ്റവും ഇല്ല. സ്വാമി രക്ഷിക്കണം.

ആരാണെന്നാ പറയുന്നത്? കുട്ടിച്ചാത്തനോ? കൊള്ളാമല്ലോ? ആളിനെ നിങ്ങള്‍ കണ്ടുവോ? സ്വാമി ആരാഞ്ഞു.

കണ്ടു സ്വാമി. വളപ്പിന്റെ ഒരിരുണ്ട മൂലയ്ക്കല്‍ കരിക്കട്ടപോലെ നില്‍ക്കുന്നത് കണ്ടു. എപ്പോഴും ഉപദ്രവമാണ്. ഇടതടവില്ലാതെ കല്ലെറിഞ്ഞുകൊണ്ടിരിക്കും. അവര്‍ പറഞ്ഞു.

സ്വാമി പറഞ്ഞു: അതു തരേേക്കടില്ല. ആള്‍ കുട്ടിച്ചാത്തനാണെന്ന് എങ്ങനെ അറിഞ്ഞു? അതു നാം പറഞ്ഞാല്‍ കേള്‍ക്കുമോ?

ഉവ്വ് സ്വാമി, അവിടന്ന് പറഞ്ഞാല്‍ കേള്‍ക്കുമെന്നായി ആഗതര്‍.

ആവോ! കുട്ടിച്ചാത്തനുമായി തമ്മില്‍ പരിചയമില്ല. സ്വാമി ഇത്തരത്തില്‍ പറയുന്നതു കേട്ടപ്പോള്‍ ആഗതര്‍ വിഷണ്ണരായി. ഇത് കണ്ട് സ്വാമി ചോദിച്ചു: ആട്ടെ കുട്ടിച്ചാത്തന് ഒരു കത്ത് തന്നാല്‍ മതിയാകുമോ? എന്നിട്ട് ഒപ്പമുണ്ടായിരുന്ന ഭക്തനോട് ഇതൊന്ന് എഴുതിയെടുത്തുകൊള്ളാന്‍ പറഞ്ഞു. എന്നിട്ടിപ്രകാരം ഒരു കത്ത് പറഞ്ഞുകൊടുത്തു.

ശ്രീ കുട്ടിച്ചാത്തനറിവാന്‍,
ഈ കത്തുകൊണ്ടുവരുന്ന പെരയ്രായുടെ വീട്ടില്‍ മേലാല്‍ യാതൊരുപദ്രവവും ചെയ്യരുത്. എന്ന് നാരായണ ഗുരു.

4

പുലയരെ ക്ഷേത്രത്തില്‍ കയറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ ഭിന്നത ഇല്ലാതായവര്‍

തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിന്റെ അവകാശികള്‍ തമ്മില്‍ ക്ഷേത്രാധികാരം സംബന്ധിച്ച തര്‍ക്കം. പരിഹരിക്കാന്‍ സ്വാമി ഇടപെടണമെന്ന ആവശ്യവുമായി ഒരു വിഭാഗം ശിവഗിരിയിലെത്തി. താന്‍ വന്നാല്‍ തര്‍ക്കം തീരൂമോയെന്ന് സ്വാമി ചോദിച്ചു. തീരുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ വരാമെന്നായി നാരായണ ഗുരു.

അങ്ങനെ ഒരു ദിവസം അദ്ദേഹം ക്ഷേത്രം സന്ദര്‍ശിച്ചു. ദീപാരാധന സമയം. ഗുരു വരുന്നതറിഞ്ഞ് വലിയ ആള്‍ക്കൂട്ടം. തര്‍ക്കക്കാര്‍ രണ്ടു ഭാഗങ്ങളിലായി നിലകൊണ്ടു. അപ്പോള്‍ ഒരു കൂട്ടര്‍ കുളിച്ച് വൃത്തിയായി കുറിയൊക്കെ അണിഞ്ഞ് കുറച്ചകലെയായി നില്‍ക്കുന്നത് നാരായണ ഗുരു കണ്ടു.

അവരാരാണ്. എന്താണവര്‍ ദൂരെ മാറി നില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അവര്‍ പുലയരാണ്. അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. അതാണവര്‍ ദൂരെ മാറി നില്‍ക്കുന്നത്. അങ്ങയെ കാണാനെത്തിയതാണ്.ക്ഷേത്രം ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു.

സ്വാമി പറഞ്ഞു: ഓ! അങ്ങനെയാണോ? അവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം. അവരും മനുഷ്യരല്ലേ? അവര്‍ക്ക് ശുദ്ധിയുണ്ട്. കുളിച്ച് നല്ല വസ്ത്രങ്ങളും ധരിച്ചിരിക്കുന്നല്ലോ. കൊള്ളാം. കാണാനും നന്നായിരിക്കുന്നു. ആരോഗ്യവുമുണ്ട്. നല്ല വണ്ണം പരിശ്രമിക്കുന്നവരുമാണ്. അവരുടെ തൊഴിലും നല്ലതാണ്. സാധുക്കള്‍! നന്നായാല്‍ വേഗം നന്നാകുന്നവരാണ്.

കരപ്രമാണി സ്വാമിയുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയാറായില്ല. അദ്ദേഹം പറഞ്ഞു: സാധ്യമല്ല സ്വാമി. പുലയരെ ഞങ്ങളുടെ കോവിലില്‍ കയറ്റുകയില്ല. ഞങ്ങള്‍ക്ക് വിഷമമുള്ള കാര്യമാണ്.

ഞങ്ങളെന്നു പറഞ്ഞാല്‍, സ്വാമി ആരാഞ്ഞു.

എന്റെ കക്ഷിയില്‍ പെട്ടവരാണ്. പ്രമാണി മറുപടി പറഞ്ഞു.

അങ്ങനെയാണോ. ഇഷ്ടമില്ലെങ്കില്‍ നിര്‍ബന്ധമില്ലെന്നായി സ്വാമി. എന്നിട്ട് ക്ഷേത്രാവകാശ തര്‍ക്കത്തിലെ എതിര്‍കക്ഷിക്കാരോട് ചോദിച്ചു. നിങ്ങള്‍ക്കോ?

പുലയരെ കോവിലില്‍ കടത്തുന്ന കാര്യത്തില്‍ ഞങ്ങളും സമ്മതിക്കില്ലെന്നായി ആ വിഭാഗത്തിലെ പ്രമാണിയും.

അതോടെ നാരായണ ഗുരു അവിടെ നിന്നും പോകാനായി എഴുന്നേറ്റു. അപ്പോള്‍ രണ്ടു കൂട്ടരും കൂടി ഒരു മിച്ചുവന്ന് തങ്ങളുടെ വഴക്കുകാര്യം പറഞ്ഞുതീര്‍ത്തില്ലല്ലോ സ്വാമി എന്നു ചോദിച്ചു.

അപ്പോള്‍ സ്വാമി പറഞ്ഞു. ”നിങ്ങള്‍ തമ്മില്‍ വഴക്കില്ലല്ലോ? പോരെങ്കില്‍ വഴക്ക് തീര്‍ന്ന് ഏകാഭിപ്രായക്കാരായല്ലോ? പിന്നെ നാം എന്തിനിവിടെ ഇരിക്കണം. അവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ തുല്യാഭിപ്രായക്കാരായി. അതുപോലെ യോജിച്ചാല്‍ മതിയല്ലോ”, ഇതും പറഞ്ഞ് അദ്ദേഹം ഉടനെ മടങ്ങി.

5

ശിഷ്യന്മാരില്‍ നിന്നും ‘കാഷായം’ സ്വീകരിച്ച ഗുരു

നാരായണ ഗുരു കാഷായം സ്വീകരിച്ചത് ശിഷ്യന്മാരില്‍ നിന്ന്. 64 വയസ്സുവരെ നാരായണ ഗുരു കാഷായ വസ്ത്രം ഉടുത്തിട്ടില്ല. ശുഭ്രവസ്ത്രധാരിയായ സന്യാസിയായിരുന്നു നാരായണ ഗുരു. കൊല്ലവര്‍ഷം 1093-ല്‍ ഗുരു സിലോണിലേക്കു പോകുന്ന വേളയിലാണ് ആദ്യമായി കാഷായ വേഷധാരിയാകുന്നത്. യാത്രോദ്യുക്തനാകവെ മഠത്തിന്റെ വരാന്തയില്‍ കാഷായ വസ്ത്രവുമായി ഏതാനും ശിഷ്യപ്രമുഖര്‍ അദ്ദേഹത്തെ സമീപിച്ചു. കാഷായം ധരിക്കണമെന്ന് ഗുരുവിനോട് ആവശ്യപ്പെട്ടു. നമുക്ക് കാഷായം വേണോയെന്നായി ഗുരു. വേണം എന്നായി ശിഷ്യര്‍. അദ്ദേഹം വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോഴുണ്ടായ അതേ ഉത്തരം തന്നെ. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് കാഷായവുമായി ശിഷ്യര്‍ എത്തിയതെന്ന് സ്പഷ്ടം. പിന്നീട് തര്‍ക്കമൊന്നും പറയാതെ അദ്ദേഹം കാഷായ വസ്ത്രം വാങ്ങി ധരിച്ചു.

6

ശവം ചക്കിലിട്ട് ആട്ടിയിട്ട് തെങ്ങിന് വളം വെയ്ക്കണം

മരണശേഷം ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണ് നല്ലതെന്ന് ഒരിക്കല്‍ ഒരു ശിഷ്യന്‍ നാരായണ ഗുരുവിനോട് ചോദിച്ചു. അത് ചക്കിലിട്ട് ആട്ടിയിട്ട് തെങ്ങിന് വളം വെയ്ക്കുന്നതാണ് നന്നെന്ന് സ്വാമി മറുപടിയും പറഞ്ഞു. അയ്യോ സ്വാമി എന്നായി ശിഷ്യന്‍. എന്താ നോവുമോ എന്നായിരുന്നു നാരായണ ഗുരുവിന്റെ മറുപടി.

അവലംബം

1. ശ്രീനാരായണ ഗുരു, ചരിത്രയാഥാര്‍ഥ്യങ്ങള്‍-ജി. പ്രിയദര്‍ശനന്‍, പൂര്‍ണ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷീംഗ് ഹൗസ്, വാര്‍ക്കല

2. നാരായണ ഗുരു ജീവിതം, കൃതികള്‍, ദര്‍ശനം, -എഡി. കെ.എന്‍ ഷാജി, കറന്റ് ബുക്‌സ്, തൃശൂര്‍

3. നാരായണ ഗുരു-എഡി. പി.കെ ബാലകൃഷ്ണന്‍, ഡിസി ബുക്‌സ്, കോട്ടയം

 

ചിത്രങ്ങള്‍: കടപ്പാട്- Creative Web Arc

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍