UPDATES

സിനിമ

നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബ്രോയിലര്‍ കോഴിയെക്കുറിച്ച് ക്ലാസ് എടുത്തയാളാണ് ശ്രീനിവാസന്‍; അയാള്‍ ഇനിയും വരും ദിലീപിന് ഗുഡ് സര്‍ട്ടിഫിക്കറ്റുമായി

ദിലീപിനാണ് തന്റെ പിന്തുണയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും 2017 ല്‍ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്.

ഒരു കഥ പറഞ്ഞു തുടങ്ങാം. 2018 ല്‍ ഇറങ്ങിയൊരു മലയാള സിനിമ. ചിത്രത്തിന് തിരക്കഥയൊരുക്കിയതും പ്രധാന വേഷത്തില്‍ അഭിനയിച്ചതും മലയാളത്തില്‍ തിരക്കഥാകൃത്തായും നടനായും പേരെടുത്ത പ്രമുഖന്‍. നിര്‍മാതാക്കളും സംവിധായകനുമൊക്കെ ഏറെ വിശ്വസിച്ചു ആ പ്രമുഖനെ. പക്ഷേ, എഴുത്തിന്റെ തുടക്കത്തില്‍ കാണിച്ച ആത്മാര്‍ത്ഥ പ്രമുഖന്‍ അതിന്റെ തുടര്‍ച്ചയില്‍ കാണിച്ചില്ല. വാങ്ങുന്ന പണത്തിന്റെ ഉത്തരവാദിത്വം പോലും കാണിക്കാത്ത തരത്തില്‍ ഉഴപ്പ്. എന്തുകൊണ്ട് അയാള്‍ അങ്ങനെ കാണിച്ചു എന്നതിനു പിന്നിലൊരു കാരണമുണ്ടായിരുന്നു. ഈ സിനിമയുടെ സമയത്ത് തന്നെയാണ് മറ്റൊരു പ്രൊജക്ടിനും കൈകൊടുത്തത്. അതാകട്ടെ, അയാളുടെ രചനയില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്റെ ചിത്രം. രണ്ടുപേരും തമ്മില്‍ കൂട്ടുചേരുന്നത് വലിയൊരു ഇടവേളയ്ക്കു ശേഷം. നായകന്‍ യുവ സൂപ്പര്‍ സ്റ്റാര്‍. ആദ്യത്തെ കമിറ്റ്‌മെന്റിനെക്കാളും എന്തുകൊണ്ടും തനിക്ക് പേരും പ്രശസ്തിയും കൂട്ടുക രണ്ടാമത്തെ പ്രൊജക്ട് ആയിരിക്കുമെന്ന് ബുദ്ധിമാനായ ആ പ്രമുഖന് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. ആദ്യത്തെ സിനിമയുടെ നിര്‍മാതക്കള്‍ക്കോ സംവിധായകനോ ഇന്‍ഡ്‌സ്ട്രിയില്‍ പിടിപാടൊന്നുമില്ലാത്തത്തുകൊണ്ട് പ്രമുഖന്റെ തോന്ന്യവാസങ്ങള്‍ സഹിച്ചു. അവസാനം ഒട്ടുംപാകപ്പെടാത്തൊരു തിരക്കഥയൊരുക്കി കൊടുത്തു. അഭിനയിക്കുകയും ചെയ്തു. പറഞ്ഞ പണവും വാങ്ങി. പക്ഷേ, ഡബ്ബിംഗിന് കൃത്യമായ സമയത്ത് ചെന്നില്ല. രണ്ടാമത്തെ സിനിമയുടെ തിരക്കിലേക്ക് പോയി. ആദ്യ സിനിമക്കാര്‍ കരഞ്ഞുകൊണ്ടെന്ന പോലെ കുറെ യാചിച്ചു. മനസലിവ് കാണിച്ചില്ല. ഒടുവില്‍ ഒരുപാട് വൈകി ഡബ്ബിംഗ് ചെയ്തു. പക്ഷേ, ആ സിനിമ കാലം തെറ്റി തിയേറ്ററില്‍ എത്തുകയും വന്‍ പരാജയം ഏറ്റുവാങ്ങുകയുമാണ് ഉണ്ടായത്. നിര്‍മാതാക്കളുടെ കൈപൊള്ളിയെന്നല്ല വെന്തുപോയെന്നു വേണം പറയാന്‍. തങ്ങളുടെ ആത്മാഭിമാനത്തില്‍ പഴുപ്പിച്ച ചൂരല്‍ കൊണ്ട് തല്ലിയ ആയാള്‍ക്കെതിരേ പക്ഷേ അവര്‍ക്ക് പ്രതികരിക്കാന്‍ പേടിയായിരുന്നു. സാറ്റ്‌ലൈറ്റ് റൈറ്റ് വഴിയെങ്കിലും കുറച്ച് പണം കിട്ടിയാല്‍ അത്രയും ആശ്വാസമെന്നു കരുതിയവര്‍. പ്രമുഖനെ പിണക്കിയാല്‍ അതുപോലും കിട്ടില്ല. ഈ കഥയുടെ ക്ലൈമാക്‌സ് എന്തെന്ന് ഇപ്പോഴും വ്യക്തമാകാത്തതുകൊണ്ട് അപൂര്‍ണതയില്‍ നിര്‍ത്തുന്നു.

മേല്‍പ്പറഞ്ഞ കഥയിലെ പ്രമുഖന് ജീവിച്ചിരിക്കുന്ന ആരങ്കിലുമായി സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികമല്ല. മലയാള സിനിമയില്‍ ചൂഷണങ്ങളൊന്നും നടക്കുന്നില്ലെന്നു ശ്രീനിവാസന്‍ പറഞ്ഞതു കേട്ടപ്പോള്‍  ഈ കഥയോര്‍മ വന്നത് ഒട്ടും യാദൃശ്ചികമല്ല! നാല്‍പ്പത്തി രണ്ടു വര്‍ഷത്തെ പരിചയമുണ്ട് മലയാള സിനിമയില്‍ ശ്രീനിവാസന്. സിനിമയില്‍ ഒരുതരത്തിലുമുള്ള സാമ്പത്തിക/ലൈംഗിക/തൊഴില്‍ ചൂഷണങ്ങള്‍ നടക്കില്ലെന്നോ നടന്നിട്ടില്ലെന്നോ ഒക്കെ പറയുന്ന ശ്രീനിവാസന് വേണമെങ്കില്‍ മേല്‍പ്പറഞ്ഞ കഥയിലെ കഥാപാത്രത്തെ കണ്ടെത്തിയൊന്നു സംസാരിക്കാവുന്നതാണ്.

ഞാന്‍ ശ്രീനിവാസന്‍: മലയാള സിനിമയിലെ ക്വാളിഫൈഡ് കമ്യൂണിസ്റ്റ് വിമര്‍ശകന്‍!

ചൂഷണം ഇല്ലെന്നു പറയുന്നതുപോലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവം കെട്ടിച്ചമച്ചതാണെന്നും ശ്രീനിവാസന്‍ പറഞ്ഞുവയ്ക്കുന്നത്. നടി ആക്രമിക്കപ്പെട്ടതാണോ അതോ അങ്ങനെയൊരു അതിക്രമത്തിന് കുറ്റാരോപിതനായ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നതാണോ കെട്ടിച്ചമച്ചതെന്ന് വ്യക്തമല്ല. എന്തായാലും ദിലീപ് ഇക്കാര്യത്തില്‍ തീര്‍ത്തും നിഷ്‌കളങ്കനാണെന്നാണ് ശ്രീനിവാസന്‍ ഉറപ്പിക്കുന്നത്. ഒന്നരക്കോടി രൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ലെന്നു പറയാന്‍ ശ്രീനിവാസന്റെ കൈയിലെ തെളിവ് ‘താന്‍ അറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ല’ എന്ന ഉറപ്പാണ്! ഈ ഡയലോഗ് ശ്രീനിവാസന് മുമ്പും പലരും പറഞ്ഞ് നമ്മള്‍ കേട്ടതാണ്. ആലുവ സബ് ജയിലിലേക്ക് മാര്‍ച്ച് ചെയ്തു പോയവര്‍, ജാമ്യം നേടി വീട്ടിലെത്തിയപ്പോള്‍ ഓടിക്കൂടിയവര്‍, എഎംഎംഎയുടെ പൊതുയോഗത്തിനെത്തിയവര്‍, ഷൂട്ടിംഗ് ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടയവര്‍ ഒക്കെ ‘ഞങ്ങള്‍ക്ക് അറിയുന്ന ദിലീപ്’ അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിച്ചവരായിരുന്നു. ഇപ്പോഴിത് ശ്രീനിവാസനും പറഞ്ഞെന്നു മാത്രം. വിമന്‍ ഇന്‍ കളക്ടീവ് എന്ന ഡബ്യുസിസി എന്തിനാണെന്നും അതൊരു അനാവശ്യ സംഘടനയാണെന്നും കളിയാക്കിയത് സോഷ്യല്‍ മീഡിയായിലെ ഫാന്‍സ് മാത്രമല്ല, എഎംഎംഎ എന്ന സംഘടനയിലെ പ്രമുഖര്‍ ഉള്‍പ്പെടെയല്ലേ…അതുകൊണ്ട് ശ്രീനിവാസന്റെ അഭിമുഖം നടത്തിയ മാധ്യമം പറയുന്നതുപോലെ, നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ മൗനം പാലിച്ചപ്പോള്‍ ശ്രീനിവാസന്‍ തുറന്നു പറച്ചില്‍ നടത്തിയെന്നൊക്കെയുള്ള വാര്‍ത്ത ഒട്ടും ശരിയല്ല. വേട്ടക്കാരനുവേണ്ടി കൂടി താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നു പറഞ്ഞ സൂപ്പര്‍ സ്റ്റാറൊക്കെ ശ്രീനിയെക്കാളും മുന്‍പേ കളത്തിലെത്തിയവരാണ്. ശ്രീനി അവരുടെ കൂടെ കൂടിയെന്നു മാത്രം.

പിന്നെ, ഇതാദ്യമായാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശ്രീനിവാസന്‍ പ്രതികരണം നടത്തിയെന്ന എക്‌സ്‌ക്ലൂസിവിലും പിശകുണ്ട്.  ഇതിനു മുമ്പും ഈ വിഷയത്തില്‍ ശ്രീനി പ്രതികരിച്ചിട്ടുണ്ട്. ദിലീപിനാണ് തന്റെ പിന്തുണയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും 2017 ല്‍ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. അന്നത്തെ അതേ വാചകമാണ് ഇപ്പോഴും അയാള്‍ ആവര്‍ത്തിച്ചിരിക്കുന്നത്! ദിലീപിനെ തുടക്കം മുതല്‍ അനുകൂലിച്ചെന്നു മാത്രമല്ല, സഹപ്രവര്‍ത്തക കൂടിയായ ഒരു പെണ്‍കുട്ടി ഏറ്റവും ക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തോടയാള്‍ തീര്‍ത്തും പരിഹാസരൂപേണ പ്രതികരിച്ചിട്ടുമുണ്ട്. ‘അയാള്‍ ശശി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഓര്‍മയില്ലേ? നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ബ്രോയിലര്‍ കോഴിയെ കുറിച്ച് ക്ലാസ് എടുത്തുകൊണ്ടുള്ള ചിരിയും! ഏഴുമാസം പ്രായമായ ബ്രോയിലര്‍ കോഴിയുടെ കണ്ണില്‍ ശരീരഭാരം കൂടാന്‍ മരുന്നൊഴിക്കുമെന്നുള്ള ‘സത്യം’ വെളിപ്പെടുത്താന്‍ അയാള്‍ തെരഞ്ഞെടുത്ത സന്ദര്‍ഭം ഒരു പെണ്‍കൂട്ടി ക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയയായതിനെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ ആയിരുന്നു! പിന്നീടും നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ ശ്രീനി പറഞ്ഞത് നടി ആക്രമിക്കപ്പെട്ട വാര്‍ത്ത താന്‍ പത്രം വായിച്ചപ്പോഴാണ് അറിഞ്ഞതെന്നാണ്. അവര്‍ അയാളുടെ സഹപ്രവര്‍ത്തകയായിരുന്നു, ഒപ്പം ജോലി ചെയ്തിട്ടുള്ളയാളായിരുന്നു, അയാളുടെ മകളാകാന്‍ മാത്രം പ്രായമുള്ളൊരു പെണ്‍കുട്ടിയായിരുന്നു. നടി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പൊലീസ് അതേക്കുറിച്ച് അന്വേഷിക്കുമെന്നും ജനങ്ങള്‍ അതില്‍ തലയിടേണ്ടെന്ന താക്കീതും അന്നയാള്‍ നല്‍കിയിരുന്നു. കാസ്റ്റിംഗ് കൗച്ച് എന്ന വാക്ക് താന്‍ ഇന്നേവരെ കേട്ടിട്ടുപോലുമില്ലെന്നു പറഞ്ഞയാള്‍ തന്നെയാണ് സഹപ്രവര്‍ത്തകയായ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന സംഭവം കെട്ടിച്ചമച്ചതായിരിക്കുമെന്നു പറയുന്നത് എന്നതിനാല്‍ വലിയ അമ്പരപ്പൊന്നും കാണിക്കേണ്ടതില്ല.

അയാള്‍ ശശിയല്ല, ശ്രീനിയെ നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാ…

ജനവും പിന്നെ എന്തിനാണുണ്ടാക്കിയതെന്നു പരിഹസിച്ച ആ വനിത സംഘടനയും നീതിക്കു വേണ്ടി നിലകൊണ്ടതു കൊണ്ടാണ് വമ്പനൊരുവന്‍ നിയമത്തിനു മുന്നില്‍ എത്തിയതെന്ന കാര്യം ശ്രീനിവാസന്‍ ഓര്‍ക്കേണ്ടതുണ്ട്. മറ്റൊന്നു കൂടിയുണ്ട്, പൊലീസ് അന്വേഷിക്കട്ടെ വേറെയാരും അതില്‍ തലയിടേണ്ടെന്നു പറഞ്ഞ ശ്രീനിവാസന്‍ തന്നെയാണ് കോടതിയില്‍ എത്തിനില്‍ക്കുന്നൊരു കേസില്‍ മുന്‍കൂര്‍ വിധിയുമായി എത്തിയിരിക്കുന്നതും!

പ്രോ കമ്യൂണിസ്റ്റ് ലേബല്‍ ഒട്ടിച്ചുവച്ച് എന്തിനേയും വിമര്‍ശിക്കാനും പരിഹസിക്കാനും അവകാശമുണ്ടെന്നും സത്യവും വഴിയും താന്‍ മാത്രമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്ന ശ്രീനിവാസന്‍ കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. തീ കണ്ടു പിടിച്ചതോടെയാണ് നൂറും നൂറ്റമ്പതും വര്‍ഷത്തെ ശരാശരി ആയുസുണ്ടായിരുന്ന മനുഷ്യന്‍ അതിന്റെ പകുതിയിലെത്തുമ്പോഴെ മരിച്ചു പോകുന്നതെന്നും, പച്ചക്കറി തിന്നാല്‍ കാന്‍സര്‍ വരുമെന്നും, അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകരുതെന്നും, ആധുനിക വൈദ്യശാസ്ത്രത്തില്‍ വിശ്വസിക്കരുതെന്നും, അലോപ്പതി മരുന്ന് കടലില്‍ എറിയണമെന്നും, അയവദാനം തട്ടിപ്പ് ആണെന്നും, ജൈവപച്ചക്കറിയാണ് മനുഷ്യര്‍ കഴിക്കേണ്ടതെന്നും, പഞ്ചനക്ഷത്ര ആശുപത്രികള്‍ അധോഗതിയുടെ ലക്ഷമാണെന്നും, ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് വൃക്കരോഗം കൂടുന്നതെന്നുമൊക്കെയുള്ള കണ്ടെത്തലുകള്‍ക്കെല്ലാം ശ്രീനിവാസനാണ് പേറ്റന്റ്. ഇതേ രീതിയിലുള്ള വെളിപ്പെടുത്തലുകളുടെ കൂട്ടത്തില്‍ കൂട്ടാവുന്നതാണോ ദീലിപ് നിഷ്‌കളങ്കനാണെന്നും നടി ആക്രമിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയില്‍ ചൂഷണങ്ങള്‍ നടക്കുന്നില്ലെന്നും ഡബ്ല്യുസിസി അനാവശ്യ സംഘടനയാണെന്നും ഉള്ള പുതിയ കണ്ടെത്തലുകളും എന്നാണ് അറിയേണ്ടത്. മറുപടിയര്‍ഹിക്കാത്തവര്‍ക്ക് മറുപടി പറയാന്‍ പോയി എന്തിനാണ് നമ്മുടെ സമയം കളയുന്നതെന്നും നമുക്ക് ചെയ്യാന്‍ എത്രയോ നല്ലകാര്യങ്ങള്‍ കിടക്കുന്നുവെന്നും ഡബ്യുസിസിയിലെ ഒരംഗം പറഞ്ഞതിനോട് യോജിച്ച് ശ്രീനിവാസനെ  വേണമെങ്കില്‍ തീര്‍ത്തും അവഗണിച്ചു കളയാം. പക്ഷേ, കുബുദ്ധികള്‍ അപകടമുണ്ടാക്കുമെന്നും അറിയണം; ജാഗ്രതൈ!

സന്ദേശത്തെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്നു പറയുന്ന കോട്ടപ്പള്ളിമാരോട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍