UPDATES

ട്രെന്‍ഡിങ്ങ്

മാറേണ്ടത് അധ്യാപകരോ കുട്ടികളോ അല്ല, അവര്‍ക്കിടയിലെ അകലങ്ങളാണ് ഇല്ലാതാകേണ്ടത്

അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ബോധമില്ലായ്മ കൊണ്ട് ഇനിയൊരു ജീവന്‍ പൊലിയാതിരിക്കട്ടെ.

കോഴിക്കോട് കാക്കൂരിനടുത്തുള്ള പി സി പാലം സ്‌കൂളിലാണ് നാലാം ക്ലാസ് വരെ പഠിച്ചത്. നാലാം ക്ലാസില്‍ ക്ലാസ് അധ്യാപകന്‍ രാമചന്ദ്രന്‍ മാഷായിരുന്നു. മാഷിന്റെ മുഖത്ത് എപ്പോഴും ഒരു മൃദു പുഞ്ചിരി ഉണ്ടാവും. മാഷിനെ നോക്കി ചിരിക്കാന്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണ്. ഒട്ടും പിശുക്കാതെ നല്ലൊരു ചിരി തിരിച്ചു നല്‍കും. ശാസിക്കുമ്പോള്‍ പോലും ഒരു ചെറു ചിരിയുണ്ടാവും ആ മുഖത്ത്. ദേഷ്യം വന്നാലും ഉച്ചത്തില്‍ ശാസിക്കുകയോ തല്ലുകയോ ചെയ്യില്ലായിരുന്നു. കുട്ടികള്‍ക്ക് എന്ത് കാര്യവും ഭയമില്ലാതെ പറയാനാവുന്ന അധ്യാപകന്‍. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ണുകള്‍ മൂന്നാം ക്ലാസിലെ ടീച്ചറുടെ മുഖത്തും ചെവി തൊട്ടടുത്തുള്ള നാലാം ക്ലാസിലും ആയിരുന്നു. മാഷ് കവിത ചൊല്ലുന്നതും കവിതയെ കുറിച്ച് വിവരിക്കുന്നതും കേള്‍ക്കാന്‍ നല്ല രസമായിരുന്നു. നാലിലെത്തുമ്പോള്‍ മാഷിന്റെ ക്ലാസില്‍ ആണെന്നറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് തുള്ളി ചാടിയിട്ടുണ്ട്. സബ് ജില്ല കലോത്സവത്തിന് മാഷ് തന്നെ തിരഞ്ഞെടുത്ത ഒരു കവിത പഠിപ്പിച്ച് എന്നെ കൊണ്ടുപോയെങ്കിലും സമ്മാനം കിട്ടാതെ തിരിച്ചു വന്ന എനിക്ക്, അടുത്തദിവസം ക്ലാസില്‍ വച്ച് കവിത നന്നായി ചൊല്ലിയതിനുള്ള സമ്മാനം എന്ന് പറഞ്ഞ് ചങ്ങമ്പുഴയുടെ ‘രക്തപുഷ്പങ്ങള്‍’ നല്‍കുകയും, കുട്ടികളോട് പറഞ്ഞ് നല്ലൊരു കയ്യടിയും വാങ്ങി തന്നു.

അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ ടൗണിലെ വലിയ സ്‌കൂളില്‍ ആയിരുന്നു പഠനം. കണ്ണ് നിറച്ചു വിതുമ്പി കരഞ്ഞ് സ്‌കൂളില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചേര്‍ത്ത് പിടിച്ച് രാമചന്ദ്രന്‍ മാഷ് പറഞ്ഞു; ‘കവിതയും കഥകളും നിറയെ വായിക്കണം. ഉള്ളില്‍ ഒരു എഴുത്തുകാരിയുണ്ട്. ഇല്ലാതാക്കി കളയരുത്’. വീട്ടുകാര്‍ക്ക് പോലും മനസ്സിലാക്കാനാവാത്ത കാര്യമാണ് മാഷ് കണ്ടുപിടിച്ചത്. കുട്ടികളെ അറിയാന്‍ ശ്രമിക്കുന്ന അധ്യാപകനായിരുന്നു അദ്ദേഹം. വായനയുടെ ലോകത്തേക്ക് ഞാന്‍ എത്തപ്പെട്ടതും ചിരിക്കുന്നവര്‍ക്ക് നേരെ മുഴുവന്‍ പല്ലും കാണിച്ചു മറു ചിരി നല്‍കാന്‍ തുടങ്ങിയതും മാഷിനോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ്. പുതിയ സ്‌കൂളിലെ മനോഹരമായ കെട്ടിടത്തില്‍ ബലമുള്ള ബെഞ്ചില്‍ ഇരിക്കുമ്പോഴും മനസില്‍ നിറഞ്ഞു നിന്നത് ചോരുന്ന ഓലപ്പുരയും ചാണകം മെഴുകിയ നിലവും പൊട്ടിയ ബെഞ്ചും കീറിയ ട്രൗസറും തുന്നിയ ഉടുപ്പുകളും മാഷിന്റെ ചിരിയും മാത്രമായിരുന്നു. പിന്നീട് എത്രയോ അധ്യാപകരുടെ ക്ലാസുകളില്‍ ഇരുന്നിട്ടും മാഷിനോളം പ്രിയമുള്ള അധ്യാപകരുണ്ടായിട്ടുമില്ല.

ഇങ്ങനെ സ്‌നേഹം കൊണ്ടും നിലപാട് കൊണ്ടും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നിരവധി അധ്യാപകര്‍ നമുക്കിടയിലുണ്ടെങ്കിലും ക്രൂരമായ ശിക്ഷ രീതികൊണ്ടും ഒട്ടും മയമില്ലാത്ത സ്വഭാവം കൊണ്ടും പക്ഷഭേദം കാണിക്കുന്നതു കൊണ്ടും വിദ്യാര്‍ത്ഥികള്‍ വെറുത്തുപോയ അധ്യാപകരും നമുക്കിടയിലുണ്ട്. കുട്ടികള്‍ വിശുദ്ധരാണെന്നൊന്നും പറയുന്നില്ല. അനുസരണക്കേടും അധ്യാപകരോട് ബഹുമാനമില്ലായ്മയും അലങ്കാരമായി കൊണ്ട് നടക്കുന്ന നിരവധി കുട്ടികളെ കണ്ടിട്ടുണ്ട്. അവരെ ശത്രുക്കളായി കാണാതെ ആ കുട്ടികളെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി ചോദിച്ചാല്‍ മനസ്സിലാവും അവരുടെ ആ പെരുമാറ്റത്തിന് പിന്നിലുള്ള കാരണം. തീര്‍ച്ചയായും വീട്ടിലെ സാഹചര്യമോ ക്ലാസിലെ എന്തെങ്കിലും അനുഭവങ്ങളോ അവര്‍ക്കു കാരണമായി പറയാനുണ്ടാവും. പരീക്ഷ സമയത്ത് രണ്ടു തവണ കോപ്പിയടിച്ചതിന്റെ പേരില്‍ പിടിക്കപ്പെട്ട കൂട്ടുകാരിയെ ആയിരുന്നു ക്ലാസില്‍ എന്ത് കളവു പോയാലും ഞങ്ങള്‍ കുട്ടികളും അധ്യാപകരും സംശയിക്കുക. കട്ടിട്ടില്ലെന്ന് അവള്‍ എത്ര പറഞ്ഞാലും ആരും വിശ്വസിക്കില്ലായിരുന്നു. അവളുടെ മറവില്‍ യഥാര്‍ത്ഥ കള്ളന്‍ നല്ല കുട്ടിയായി ക്ലാസ്സില്‍ പഠിച്ചു പോന്നു. പരീക്ഷാസമയത്തും അവള്‍ ടീച്ചര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. അവളെ നിരീക്ഷിക്കുന്ന ടീച്ചര്‍ പക്ഷെ കോപ്പിയടിക്കുന്ന മറ്റു കുട്ടികളെ കാണാറേയില്ല.

എത്ര പിടിക്കപ്പെട്ടിട്ടും അവള്‍ കോപ്പിയടി തുടര്‍ന്ന് പോന്നപ്പോള്‍ ഒരിക്കല്‍ ചോദിച്ചു, എന്തിനാണ് ഇത്രയൊക്കെ വഴക്കു കിട്ടിയിട്ടും ഇത് തുടരുന്നതെന്ന്. അവള്‍ പറഞ്ഞത് ‘ആദ്യത്തെ രണ്ടു പരീക്ഷയ്ക്ക് കോപ്പിയടിച്ചത് ഒന്നും പഠിക്കാത്തതുകൊണ്ടാണ്. മദ്യപിച്ചു വന്നു അച്ഛന്‍ ബഹളം വച്ചപ്പോള്‍ പഠിക്കാന്‍ തോന്നിയില്ല. മാര്‍ക്ക് പൂജ്യം ആവാതിരിക്കാന്‍ വേണ്ടി മാത്രമാണ് കോപ്പിയടിച്ചത്. കോപ്പിയടിച്ചുവെന്നല്ലാതെ ഞാന്‍ കട്ടെടുക്കാറില്ല. പക്ഷെ അതോടെ നിങ്ങളെല്ലാവരും ടീച്ചറും എന്നെ കള്ളിയായി കാണാന്‍ തുടങ്ങി. പിന്നെ എന്തിനു കോപ്പി അടിക്കാതിരിക്കണം. അടിച്ചില്ലേലും ഞാന്‍ നിരീക്ഷണത്തിലല്ലേ. ഇനിയങ്ങോട്ടു കള്ളിയായി തന്നെ തുടരാം’. റെയില്‍ കടന്നാണ് അവള്‍ക്ക് വീട്ടില്‍ പോവേണ്ടത്. ‘ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ആ റെയില്‍ പാതയില്‍ ട്രെയിന്‍ വരുന്നതും കാത്തു നിന്നാലോ എന്ന്’. അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത് ടീച്ചറെ അറിയിക്കണമെന്നുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല. അപ്പോഴാണ് മാഗസിനിലേക്ക് ടീച്ചര്‍ ഒരു കഥയെഴുതി കൊടുക്കാന്‍ പറഞ്ഞത്. കഥ ഞാന്‍ ഇതെഴുതി. ടീച്ചര്‍ എന്നെ വിളിച്ചു ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കഥ പ്രസിദ്ധീകരിക്കാനാവില്ലെന്നും പകരം അവളെ വിളിച്ചു മാപ്പു പറയാമെന്നും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാമെന്നും ടീച്ചര്‍ പറഞ്ഞപ്പോള്‍ ടീച്ചറെ കെട്ടിപ്പിടിച്ചു ഞാന്‍. ആരെയും അറിയിക്കാതെ ടീച്ചര്‍ അവളെ വിളിക്കുകയും സ്‌നേഹത്തോടെ ഉപദേശിക്കുകയും ചെയ്തു. പിന്നീടവള്‍ കോപ്പി അടിച്ചിട്ടില്ല എന്ന് മാത്രമല്ല അധ്യാപകരോട് എന്തിനും തര്‍ക്കുത്തരം പറയുന്ന രീതിയും നിര്‍ത്തി.

കുട്ടികളല്ലേ തെറ്റുകള്‍ പറ്റാം. അവര്‍ കോപ്പിയടിക്കുകയോ കുരുത്തക്കേട് കാണിക്കുകയോ ചെയ്യുമ്പോള്‍ ഉപദേശിക്കേണ്ടതും തിരുത്തേണ്ടതും അധ്യാപകര്‍ തന്നെയാണ്. അത് പക്ഷെ എതിര്‍ ലിംഗക്കാരുടെ ഇടയില്‍ ഇരുത്തിയും മുഴുവന്‍ കുട്ടികള്‍ കേള്‍ക്കെ ആക്രോശിച്ചും സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി എല്ലാ അധ്യാപകരും കാണെ ചോദ്യം ചെയ്തും അല്ല. ഇത്തരം പ്രാകൃത ശിക്ഷ രീതികള്‍ കൊണ്ട് ആത്മഹത്യ ചെയ്തവരേക്കാള്‍ മനസ് മരിച്ചു ജീവിക്കുന്ന എത്രയോ കുട്ടികളുണ്ട് നമുക്കിടയില്‍. ബഹളം വച്ച് ആഘോഷമാക്കാതെ അവരെ അടുത്തു ചേര്‍ത്ത് പിടിച്ചിരുത്തി ഉപദേശിച്ചു നോക്കൂ, വേറെ മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത കുട്ടികള്‍ ആണെങ്കില്‍ തീര്‍ച്ചയായും അവര്‍ അധ്യാപകരെ പിന്തുടരും. അധ്യാപകര്‍ക്കു മുന്നില്‍ മനസ്സ് തുറക്കും. അധ്യാപകരായിരിക്കും അവര്‍ക്കു വീട്ടുകാരേക്കാള്‍ പ്രിയപ്പെട്ടവര്‍.

മകള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലാണ്. ഇന്ന് വരെ സ്‌കൂളില്‍ പോവാന്‍ അവള്‍ മടി കാണിച്ചിട്ടില്ല. അതിനു കാരണം അവളുടെ അധ്യാപകരാണ്. തൊട്ടപ്പുറത്തെ വീട്ടിലെ മൂന്നാം ക്ലാസ്സുകാരി എന്നും കരഞ്ഞാണ് സ്‌കൂളില്‍ പോവുന്നത്. അതിനു കാരണവും ടീച്ചറാണ്. ഉച്ചത്തില്‍ ചീത്ത പറയുന്ന ടീച്ചറെ കുട്ടി ഭയക്കുന്നു. കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാനും അവരെ സ്‌കൂളില്‍ നിന്ന് അകറ്റാനും അധ്യാപകര്‍ക്ക് ആവും. ക്ലാസ്സിലെ കൂട്ടുകാരനില്‍ നിന്നും പ്രണയ ലേഖനം കിട്ടിയ ഒരു പെണ്‍കുട്ടി പരാതി പറഞ്ഞ് ടീച്ചറുടെ അടുത്തെത്തിയപ്പോള്‍, ‘അവള്‍ക്കു നിന്നെ ഇഷ്ടമില്ല, അവളെ വിട്ടേക്ക്; വേറെ ആരെയെങ്കിലും നോക്കിക്കോളൂ’ എന്ന് ടീച്ചര്‍ പറഞ്ഞെന്നും അത് കേട്ട് അവനും അവളും ഞങ്ങളും ടീച്ചറും ഒക്കെ ചേര്‍ന്ന് കൂട്ടച്ചിരിയായിരുന്നുവെന്നും മകള്‍ വന്നു പറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് എത്ര ലാഘവത്തോടെ, എത്ര ഭംഗിയായിട്ടാണ് ടീച്ചര്‍ ആ വിഷയം കൈകാര്യം ചെയ്തതെന്നായിരുന്നു. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് രണ്ടാം വീടാണ് സ്‌കൂള്‍. അവിടെ അവര്‍ക്ക് തുണയാവേണ്ടത് അധ്യാപകര്‍ തന്നെയാണ്. ചിരിച്ചു കൊണ്ടാവണം അധ്യാപകര്‍ കുട്ടികള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടത്. ഭയം കൊണ്ടുള്ള ബഹുമാനം അല്ല കുട്ടികള്‍ക്ക് അധ്യാപകരോട് ഉണ്ടാവേണ്ടത്. സ്‌നേഹം കൊണ്ടുള്ള ബഹുമാനമായിരിക്കണം.

"</p

കുട്ടികള്‍ അഹങ്കാരികളും ധിക്കാരികളും ഒക്കെ ആവുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് ചെറുതല്ല. ഗള്‍ഫിലെ ചില രക്ഷിതാക്കളെ കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്. ചെറിയ രീതിയിലോ മറ്റോ ടീച്ചര്‍ വഴക്കു പറഞ്ഞാല്‍ ടീച്ചറെ ചോദ്യം ചെയ്യാന്‍ പോവും അവര്‍. പറയുന്ന ന്യായങ്ങളോ ഒറ്റ കുട്ടി ആണെന്നും വര്‍ഷങ്ങളോളം കാത്തിരുന്നും ഉരുളി കമിഴ്ത്തിയും ഉണ്ടായതാണെന്നും അതുകൊണ്ടു വീട്ടില്‍ ഞങ്ങള്‍ ഒന്നും പറയാറില്ല ടീച്ചറും ഒന്നും പറയരുതെന്നും ഒക്കെ ആയിരിക്കും. തൊട്ടടുത്തിരിക്കുന്ന കുട്ടിയെ നിലത്തിട്ട് നെഞ്ചില്‍ ചവിട്ടിയ മകനെ കുറിച്ച് പിതാവിനോട് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് മൂന്നു പെണ്‍കുട്ടികള്‍ക്ക് ശേഷം ഉണ്ടായ ആണ്‍കുട്ടിയാണെന്നും ടീച്ചര്‍ വഴക്കു പറയേണ്ട, അവനെയൊന്നു ശ്രദ്ധിച്ചാല്‍ മതിയെന്നുമായിരുന്നു. അപ്പോള്‍ ചവിട്ടേറ്റ കുട്ടിയോ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ അത് അയാള്‍ക്ക് ഒരു വിഷയമേ അല്ലായിരുന്നു. ഈ രീതിയിലുള്ള സ്വാര്‍ത്ഥതയും തന്‍ കുഞ്ഞു സ്‌നേഹവും കണ്ടു വളരുന്ന കുട്ടികള്‍ ധിക്കാരികളായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

ഇവിടെ ആറിലും ഏഴിലും പഠിക്കുന്ന കുട്ടികള്‍ക്ക് വരെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ട്. രാത്രി പന്ത്രണ്ടു മണിക്ക് യൂടൂബില്‍ കാണുന്ന കാര്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുന്ന ഏഴാം ക്ലാസുകാരനെ കുറിച്ച് ടീച്ചര്‍ വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവനല്ല, അവന്റെ കൂട്ടുകാരാണ് കാണുന്നതെന്നും അവര്‍ പറഞ്ഞിട്ടാണ് അവന്‍ കാണുന്നതെന്നും മൊബൈല്‍ വാങ്ങി വച്ചാല്‍ അവന്‍ പിന്നെ ഭക്ഷണം കഴിക്കില്ലെന്നും ഒക്കെയുള്ള ന്യായങ്ങളാണ് വീട്ടുകാര്‍ ടീച്ചറിന് മുന്നില്‍ വച്ചത്. അതേപോലെ സ്‌കൂളില്‍ നിന്നും കുട്ടികളെ മത്സരങ്ങള്‍ക്ക് കൊണ്ട് പോവുമ്പോള്‍ ചില രക്ഷതാക്കള്‍ക്ക് ബസ് പറ്റില്ല. ഫ്‌ളൈറ്റില്‍ പോവാന്‍ സാധിക്കുന്ന സ്ഥലമാണെങ്കില്‍ ഫ്‌ളൈറ്റ് മതി. മറ്റു കുട്ടികള്‍ക്ക് അത് സാധിക്കുമോ എന്നോ സ്‌കൂളാവുമ്പോള്‍ ഒരു പൊതുരീതിയുണ്ടാവുമെന്നോ ഒന്നും ചിന്തയില്ല. ഞാനും എന്റെ കുട്ടിയും എന്ന ചിന്ത മാത്രം. കുട്ടികളെ ലാളിച്ചു ലാളിച്ച് ഒരു കുഞ്ഞു സങ്കടം വരുമ്പോഴേക്കോ ആരെങ്കിലും ചെറുതായൊന്നുവഴക്കു പറഞ്ഞാലോ തളര്‍ന്നു വീഴുന്ന പരുവത്തിലാക്കി തീര്‍ത്തു കൊണ്ടിരിക്കുകയാണ്.

ഒരിക്കല്‍ സ്‌കൂള്‍ മീറ്റിംഗില്‍ ഒരു പിതാവ്, സ്‌കൂളില്‍ അച്ചടക്കമില്ലെന്നും അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഒക്കെ പരാതി പറഞ്ഞപ്പോള്‍ അയാളോട് പ്രിന്‍സിപ്പള്‍ തിരിച്ചു ചോദിച്ചു ‘എവിടെ നിന്നാണ് അച്ചടക്കം ആദ്യം ഉണ്ടാവേണ്ടത്. വീട്ടില്‍ നിന്നല്ലേ. യൂണിഫോം സ്‌കൂള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ധരിക്കാതെ ഫാഷന്‍ വസ്ത്രമാക്കി ധരിച്ച് കുട്ടി ഇറങ്ങി വരുന്നത് വീട്ടില്‍ നിന്നല്ലേ. മൊബൈല്‍ കൊണ്ടുവരരുതെന്ന് എത്ര പറഞ്ഞിട്ടും ശിക്ഷ കൊടുത്തിട്ടും കുട്ടികള്‍ കൊണ്ടുവരുന്നു. വീട്ടില്‍ നിന്നല്ലേ അവര്‍ കൊണ്ട് വരുന്നത്’. അദ്ദേഹം ചോദിച്ചത് ശരിയല്ലേ? അവര്‍ക്കൊരു പരിധിയില്ലേ. സ്‌കൂളിലേക്ക് വിടുമ്പോള്‍ അവരെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം, സ്‌കൂള്‍ ഒരു പൊതു ഇടമാണെന്നും അവിടെ ചില പൊതു നിയമങ്ങളുണ്ടെന്നും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കളായ നമ്മള്‍ക്കുമില്ലേ?

കഴിഞ്ഞ ദിവസം ഒരു സ്‌കൂളില്‍ പോയപ്പോള്‍ കണ്ട കാഴ്ചയാണ്, പൈപ്പിലൂടെ വരുന്ന കുടിവെള്ളം ഉണ്ട്. തൊട്ടടുത്ത് തന്നെ ബോട്ടില്‍ വെള്ളവും ഉണ്ട്. കുറച്ചു കുട്ടികള്‍ പൈപ്പ് വെള്ളം കുടിക്കുമ്പോള്‍ കുറച്ചു പേര്‍ ബോട്ടില്‍ വെള്ളം കുടിക്കുന്നു. എന്താണെന്ന് അന്വേഷിച്ചപ്പോള്‍ സുഹൃത്താണ് പറഞ്ഞത്; രണ്ടുതരം പഠനം ഉണ്ടത്രേ അവിടെ. അതില്‍ കൂടുതല്‍ ഫീസ് കൊടുത്താല്‍ ഇരുപതു കുട്ടികള്‍ ഉള്ള ക്ലാസില്‍ പഠിക്കാം. സിലബസ് ഒന്നാണെങ്കിലും രീതിയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാവും. അവര്‍ക്കാണ് ബോട്ടില്‍ വെള്ളം. ആ കുട്ടികളില്‍ ചിലര്‍ പൈപ്പ് വെള്ളം കുടിക്കുന്ന കുട്ടികളെ കളിയാക്കാറും ഉണ്ടത്രേ. ഇതാണ് സ്ഥിതി. കുട്ടികളില്‍ സമത്വബോധവും സഹജീവി സ്‌നേഹവും ഒക്കെ ഉണ്ടായി വരേണ്ടത് സ്‌കൂളില്‍ നിന്നാണ്. അവിടെയാണ് ഈ വിവേചനം. ഇന്ത്യക്കാരും മലയാളികളും ഒക്കെ തന്നെയാണ് ഈ സ്‌കൂളിന്റെ അധികാരികള്‍.

അധ്യാപകരും കുട്ടികളും രക്ഷിതാക്കളും മാത്രം മാറിയാല്‍ തീരുന്ന പ്രശ്‌നങ്ങളല്ല നമ്മുടെ വിദ്യാഭ്യാസ രംഗത്തുള്ളത്. മൊത്തം ഒരു അഴിച്ചു പണിയുടെ സമയം അതിക്രമിച്ചിരിക്കുന്നു. മതങ്ങളുടെ അധികാരത്തില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വാതന്ത്രരാക്കേണ്ടതുണ്ട്. അത്തരം സ്ഥാപനങ്ങളിലാണ് ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് കുറ്റകൃത്യമാവുന്നത്. ആണ്‍കുട്ടിയുടെ അടുത്ത് ഇരിക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് ആ പെണ്‍കുട്ടിക്ക് തോന്നിയതിന് ടീച്ചര്‍ മാത്രമല്ല കാരണം. ആണും പെണ്ണും അടുത്തിരിക്കുന്നത് ഒറ്റ കാര്യത്തിന് വേണ്ടി മാത്രമാണെന്ന് കരുതുന്ന ഞാനും നിങ്ങളും ഒക്കെ ഉള്‍പ്പെടുന്ന പൊതുബോധവും കൂടിയാണ്.

കുട്ടികളാണ്, അബദ്ധങ്ങള്‍ കാണിച്ചേക്കാം. കാണിക്കുന്നുമുണ്ട്. അവര്‍ക്കുമേല്‍ ഒരു ശ്രദ്ധ വേണ്ടത് തന്നെയാണ്. അത് പക്ഷെ അടിച്ചമര്‍ത്തിക്കൊണ്ടാവരുത്. സ്വാര്‍ത്ഥരായും അസഹിഷ്ണുക്കളായും മതേതരബോധവും ജനാധിപത്യ ബോധവും ഇല്ലാത്തവരായും വരുംതലമുറ മാറാതിരിക്കണമെങ്കില്‍ വിദ്യാഭ്യാസ രീതികള്‍ മാറിയേ തീരൂ. അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ബോധമില്ലായ്മ കൊണ്ട് ഇനിയൊരു ജീവന്‍ പൊലിയാതിരിക്കട്ടെ. കുട്ടികള്‍ക്കുമുണ്ട് അഭിമാനബോധവും അപമാന ഭാരവും എന്ന് അധ്യാപകരും, അധ്യാപകര്‍ മനുഷ്യരാണെന്ന് രക്ഷിതാക്കളും കുട്ടികളും തിരിച്ചറിയട്ടെ. പരസ്പരം പഴിചാരാതെ ചേര്‍ന്ന് നിന്ന് സമത്വബോധവും സഹജീവി സ്‌നേഹവും ചിന്താശേഷിയും ഉള്ളവരായി നമുക്ക് നമ്മുടെ കുട്ടികളെ വളര്‍ത്താം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സനിത മനോഹര്‍

സനിത മനോഹര്‍

ഒമാനില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് സനിത

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍