UPDATES

ട്രെന്‍ഡിങ്ങ്

വിവാഹവും സെക്സും തമ്മില്‍ ബന്ധമൊന്നുമില്ല; ലൈംഗികബന്ധത്തിനുള്ള സമ്മതപത്രവുമല്ല വിവാഹവാഗ്ദാനം

എം. വിന്‍സെന്‍റിനെതിരെ പരാതി കൊടുത്ത സ്ത്രീക്കും അമലിനെതിരെ പരാതി നല്‍കിയ പത്രപ്രവര്‍ത്തകയ്ക്കും ഒപ്പം നില്‍ക്കുന്നു

കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സെന്‍റും മാതൃഭൂമി ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസും ഇവര്‍ക്കെതിരെ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായിരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടെന്ന് ചിലര്‍. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചിലര്‍. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ല എന്നു പറയാന്‍ തോന്നുന്നു.

ലോകം മാറുകയാണ്. വിശാലമായ മനുഷ്യബന്ധങ്ങളിലേക്ക്. വലിയൊരു സാംസ്ക്കാരിക മാറ്റം അല്ലെങ്കില്‍ ജീവിതചര്യയിലുള്ള മാറ്റം ഒക്കെ സംഭവിക്കുകയാണ്.

അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പലര്‍ക്കും പലതരം ബന്ധങ്ങളുണ്ട്. എന്നാല്‍ അതില്‍ അപൂര്‍വം ചിലത് ഇത്തരത്തില്‍ പരാതിയും ആത്മഹത്യാശ്രമവും ഒക്കെയായി കോടതിയും പൊലീസ് സ്റ്റേഷനും കയറുന്നു.

കാരണം

1. മനുഷ്യന്‍ പോളിഗാമസ്സാണ്. കുടുംബം എന്ന വ്യവസ്ഥ നിലനിർത്താന്‍ അവന്‍ മോണോഗാമസ്സായി ജീവിച്ചു വരുന്നു. എന്നാല്‍ അവസരം കിട്ടുമ്പോള്‍ അല്ലെങ്കില്‍ തന്നെ ഇന്‍സ്പയര്‍ ചെയ്യുന്ന ആളെ കണ്ടത്തെുമ്പോള്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ ബന്ധം സ്ഥാപിക്കുന്നു.

2. എന്നാല്‍ ചിലര്‍ക്ക്, അല്ല പലര്‍ക്കും ഇതൊക്കെ ഉള്ളിന്‍െറയുള്ളില്‍ അറിയാമെങ്കില്‍ അംഗീകരിക്കാന്‍ മടിയാണ്. അതിനുള്ള പോംവഴിയായി ബന്ധങ്ങളെയൊക്കെ മഹത്വവല്‍ക്കരിക്കാനും ഓണര്‍ഷിപ്പ് എന്ന സീല്‍ വക്കാനും ഒരിക്കലും പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി പോഷിപ്പിക്കാനും ഒക്കെ നോക്കും.

സത്യത്തില്‍ ഈ വാഗ്ദാനം കൊടുക്കുന്നവനോ\കൊടുക്കുന്നവള്‍ക്കോ വ്യക്തമായിട്ടറിയാം ഇതിലൊന്നും ഒരു കാര്യമില്ലെന്ന്. എന്നാല്‍ പലപ്പോഴും ആ വാഗ്ദാനം ഏറ്റുവാങ്ങുന്നയാള്‍ അതങ്ങ് വിശ്വസിക്കും. എന്നു വച്ചാല്‍ വിവാഹിതര്‍ തമ്മിലാണ് ബന്ധമെങ്കിലും വിവാഹിതനും അവിവാഹിതയും തമ്മിലാണ് ബന്ധമെങ്കിലും ഇതാണ് ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധമെന്നും ആദ്യത്തെ പ്രണയമെന്നും ആയുഷ്ക്കാലം ഒന്നിച്ചെന്നും ഒക്കെ മഹത്വവല്‍ക്കരിക്കും.

അതു വിശ്വസിക്കുന്ന വ്യക്തിയാണ് പരാതിയുമായി വരുന്നതും ആത്മഹത്യ ചെയ്യുന്നതും എന്നെ വഞ്ചിച്ചു എന്നു നെഞ്ചു പൊട്ടി കരയുന്നതുമൊക്കെ. അവര്‍ക്ക് അതിനേ കഴിയു. അവര്‍ക്ക് ആ ബന്ധത്തെക്കുറിച്ചുള്ള സ്വപ്നവും കാഴ്ചപ്പാടും അതായിരുന്നു. എന്‍െറ… എന്‍െറ… എന്‍െറ എന്ന്…..

3. എം വിന്‍സെന്‍റിനേയോ അമലിനേയോ ഞാന്‍ കുറ്റപ്പെടുത്തുക ഒരേയൊരു കാര്യത്തില്‍ മാത്രമാണ്. അവര്‍ക്ക് രണ്ടു പേര്‍ക്കും ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളോട് കുറച്ചു കൂടി സത്യസന്ധത പുലര്‍ത്താമായിരുന്നു. സത്യം പറയാമായിരുന്നു. അല്ലാതെ അവരെ ഏതു വിധേനയും വിശ്വസിപ്പിക്കാന്‍ വേണ്ടി വാഗ്ദാനങ്ങള്‍ നല്‍കേണ്ടായിരുന്നു.

സത്യം തന്നെ പറയുക. എനിക്ക് ഇങ്ങനെ താത്ക്കാലികമായി തോന്നുന്നുണ്ട്. ആയുഷ്ക്കാല കമ്മിറ്റ്മെന്‍റ് ഒന്നും ഉണ്ടാവില്ല എന്ന്. അപ്പോള്‍ അതിനു തയ്യാറുള്ളവരാണെങ്കില്‍ ആ ബന്ധം ആരംഭിക്കാം… തുടരാം… പകുതി വഴിയില്‍ അവസാനിപ്പിക്കാം.

അല്ലാതെ ഇമോഷണലി വളരെ സെന്‍സിറ്റീവായ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ബന്ധം സ്ഥാപിക്കേണ്ടിയിരുന്നില്ല. തുടരേണ്ടിയിരുന്നില്ല. അതിനാലാണ് പാതിവഴിയില്‍ പിരിഞ്ഞു പോവുമ്പോള്‍ അവര്‍ തളര്‍ന്ന് ആത്മഹത്യ ചെയ്യുന്നത്. പരാതിയുമായി വരുന്നത്. എന്നെ വഞ്ചിച്ചുവെന്ന് നെഞ്ചുപൊട്ടി അലമുറയിടുന്നത്. എന്‍െറ മാനം പോയെന്നും ജീവിതം അവസാനിച്ചെന്നും പകച്ചു നില്‍ക്കുന്നത്.

4. സ്ത്രീയുടെ മാനം എന്നത് വളരെ തെറ്റായ അര്‍ത്ഥത്തിലാണ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ ശരീരം ഒരു ഉപഭോഗ വസ്തുവും ഉപകരണവും ആയാണ് കണക്കാക്കപ്പെടുന്നത്. അതിനാലാണ് അതിനെ പുരുഷന്‍ ഉപയോഗിക്കുക എന്ന പദപ്രയോഗം ഉണ്ടായതു പോലും. സാധാരണ നടക്കുന്ന ചര്‍ച്ചകളില്‍ സ്ത്രീയെ പുരുഷന്‍ ഉപയോഗിക്കുകയാണ്.

ഇത് മാറണം. പരസ്പര സമ്മതം, ഇഷ്ടം എന്നൊക്കെയുള്ള സംഗതികള്‍ ഉണ്ടല്ലോ. പരസ്പര സമ്മതത്തോടെ ഇഷ്ടത്തോടെ തമ്മിലലിയുമ്പോള്‍ എവിടെയാണ് ഉപയോഗം എന്ന വാക്കിനു സ്ഥാനമുള്ളത്? ഒരു പുരുഷന്‍െറ കൂടെ കഴിഞ്ഞാലോ അവന്‍ അവളെ സമ്മതമില്ലാതെ സ്പര്‍ശിച്ചാലോ നഷ്ടപ്പെടുന്ന എന്ത് മാനമാണ് സ്ത്രീക്കുള്ളത്? അല്ലെങ്കില്‍ ഈ മാനം നഷ്ടപ്പെടല്‍ സ്ത്രീക്കു മാത്രമായി മാറിയത് എങ്ങനെയാണ്?

സ്ത്രീകളേ , നമ്മള്‍ കരുത്തരാവണം. ഇത്തരം ധാരണകളെയൊക്കെ മറികടക്കണം. അങ്ങനെ നഷ്ടപ്പെടുന്ന മാനമാണെങ്കില്‍ അത് പോട്ടെന്നേ… വച്ചിട്ടെന്തിനാണ്?

ഒരു പുരുഷനുമായി ഒരു സ്ത്രീക്കു ബന്ധമുണ്ടാവുമ്പോള്‍ അവള്‍ പിഴച്ചവളും മാനം നഷ്ടപ്പെട്ടവളും അഴിഞ്ഞാട്ടക്കാരിയും ആവുന്നത് എങ്ങനെയാണ്? പുരുഷന്‍ ഇത്തരം കഥകളില്‍ എപ്പോഴും സൗന്ദര്യാരാധകന്‍ മാത്രമാണ്.

പലപ്പോഴും ഒരുപാട് സ്ത്രീ ബന്ധങ്ങളുള്ള പുരുഷന്‍മാരെ അത് അവന്‍െറ കഴിവായിട്ടാണ് സമൂഹം കാണുന്നത്. ഓ… പുരുഷന്‍. അവന്‍ ചെളി കണ്ടാല്‍ ചവിട്ടും. വെള്ളം കണ്ടാല്‍ കഴുകും എന്ന മട്ട്…

എന്നാല്‍ സ്ത്രീകളേയോ ലോകവിപത്തിന്‍െറ നാരായ വേരുകളായാണ് കാണുക.

ചിലപ്പോള്‍ സ്ത്രീക്ക് ഗര്‍ഭപാത്രമുള്ളതു കൊണ്ടാവും. അവളില്‍ ജനിക്കുന്ന കുഞ്ഞിന് കൃത്യമായ അച്ഛന്‍ വേണമെന്നതു കൊണ്ടും കുഞ്ഞിനെ നിര്‍മിക്കാനുള്ള പവിത്രമായ ഫാക്ടറിയായി സ്ത്രീ ശരീരത്തെ കാണുന്നതു കൊണ്ടുമായിരിക്കും.

അതും മറികടക്കാവുന്നതേയുള്ളു. പെറ്റു കൂട്ടുന്ന യന്ത്രങ്ങളല്ല സ്ത്രീകള്‍. ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ സംഭവിക്കുന്ന സ്വാഭാവിക ശാരീരിക പ്രക്രിയയാണ് ഗര്‍ഭധാരണവും പ്രസവവും.
നിരവധി ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാം.

5. വിവാഹവും സെക്സും തമ്മില്‍ ബന്ധമൊന്നുമില്ല എന്ന് മനസിലാക്കി കഴിഞ്ഞാല്‍ തന്നെ പകുതി പ്രശ്നങ്ങളും തീരും. അതിനാല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിക്ക് അവസാനം വരേണ്ട സമയമായിരിക്കുന്നു. പ്രിയപ്പെട്ട സ്ത്രീകളേ… നിങ്ങളാരും അയാള്‍ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്. നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തിനു താല്‍പര്യമുണ്ടെങ്കില്‍ ചെയ്യുക. അതില്‍ ആവശ്യമായ സുരക്ഷാകാര്യങ്ങള്‍ ചെയ്യുക. എന്നിട്ട് ഇയാള്‍ നിങ്ങളെ വിവാഹം കഴിക്കുന്നുവെങ്കില്‍ നല്ലത്. ഇല്ലെങ്കില്‍ ദയവു ചെയ്ത് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി വരരുത്. ലൈംഗിക ബന്ധത്തിനുള്ള സമ്മതപത്രമല്ല വിവാഹ വാഗ്ദാനം.

അയാള്‍ എന്നെ ഉപയോഗിച്ചു എന്ന ചിന്തയില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടണം. പരസ്പരം എന്‍ജോയ് ചെയ്യുന്ന ഒന്നാണ് അല്ലെങ്കില്‍ അങ്ങനെ ആവേണ്ടതാണ് സെക്സ് എന്ന് മനസിലാക്കുക. അങ്ങനെയല്ലാത്ത ഒരു സെക്ഷ്വല്‍ റിലേഷന്‍ഷിപ്പിനും പോവാതിരിക്കുക.

വിവാഹം കഴിക്കുന്ന വ്യക്തിയുമായി മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ എന്ന് നിര്‍ബന്ധമുള്ളവര്‍ വിവാഹ ദിവസം വരെ അതിനായി കാത്തിരിക്കുക.

6. ചുരുക്കി പറയാം. കുറച്ചു കൂടി തുറന്നു സംസാരിക്കുക. അവനവനു പറ്റുന്ന മനുഷ്യരുമായി മാത്രം ബന്ധം സ്ഥാപിക്കുക. കള്ളത്തരങ്ങള്‍ പറയാതിരിക്കുക. പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക. ആരും ആരുടേയും പ്രോപ്പര്‍ട്ടിയല്ല. സെക്സ് പരസ്പര സമ്മതത്തോടെ നടക്കേണ്ടതാണ്. അവിടെ ഉപയോഗിക്കലും ഉപയോഗിക്കപ്പെടലും ഇല്ല. വിവാഹവും സെക്സും തമ്മില്‍ തെറ്റിദ്ധരിക്കാതിരിക്കുക. യാഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കുക. വിശ്വാസവഞ്ചന കാണിക്കാതിരിക്കുക, സത്യസന്ധരാവുക.

വെറും ഫാന്‍റസിയല്ല ഇതൊന്നും. ഗ്രൗണ്ട് റിയാലിറ്റി എന്താണ് എന്ന് എന്ന് ഇടയ്ക്ക് നിലത്തു കാലു കുത്തി നിന്ന് ചിന്തിച്ചിട്ട് ഇതിനൊക്കെ യാഥാര്‍ത്ഥ്യബോധത്തോടെ പോവുക.

നിലവില്‍ എം. വിന്‍സെന്‍റിനെതിരെ പരാതി കൊടുത്ത സ്ത്രീക്കും അമലിനെതിരെ പരാതി നല്‍കിയ പത്രപ്രവര്‍ത്തകയ്ക്കും ഒപ്പം നില്‍ക്കുന്നു. കാരണം വിശ്വാസവഞ്ചന പൊറുക്കപ്പെടേണ്ട കുറ്റമാണ് എന്നു കരുതുന്നില്ല. അവര്‍ രണ്ടു പേരും പറയുന്ന പരാതിയില്‍ കഴമ്പുണ്ട്. അവര്‍ക്ക് അനുകൂലമാണ് നിയമം. നിയമമനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ടു പോവട്ടെ.

NB: എന്നെ നന്നാക്കാനും ചീത്ത വിളിക്കാനും വരുന്നവര്‍ ആ ജോലി ആത്മസംയമനത്തോടെ ചെയ്യുക. അസഭ്യപദപ്രയോഗങ്ങള്‍ ഒഴിവാക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുനിത ദേവദാസ്

സുനിത ദേവദാസ്

മാധ്യമ പ്രവര്‍ത്തക. കാനഡയില്‍ താമസിക്കുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍