UPDATES

ട്രെന്‍ഡിങ്ങ്

പെണ്‍ചേലാകര്‍മ്മത്തെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് ആരാണ്? സലഫികള്‍ എവിടെപ്പോയി?

എല്ലാ ഗോത്രാചാരങ്ങളെയും ന്യായീകരിക്കുന്ന നവസലഫി സംഘങ്ങള്‍ പുതിയ പ്രവണതയനുസരിച്ച് എന്തുകൊണ്ട് മൗനം പാലിച്ചു

കോഴിക്കോട്ടെ വിവാദമായ പെണ്‍ചേലാകര്‍മ്മ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ മുഖ്യധാര മുസ്ലിം സംഘടനകളില്‍ ഒന്നിന്റെയും പ്രതിനിധികളല്ല. ആഫ്രിക്കന്‍ – അറബ് ഗോത്രസമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ഒരാചാരം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ പലരും സംശയിച്ചത് ചിതറിക്കിടക്കുന്ന സലഫി സംഘങ്ങളെയായിരുന്നു. അറബ് – ഗോത്രവര്‍ഗ ജീവിത രീതികള്‍ കേരളത്തിലേക്ക് കൊണ്ട് വരാനുള്ള പുതിയ ശ്രമങ്ങളില്‍ സ്വാഭാവികമായും സംശയിക്കുക അവരെയാണല്ലോ. എന്നാല്‍ സലഫി ഗ്രൂപ്പുകള്‍ക്ക് പെണ്‍ചേലാകര്‍മ്മ കേന്ദ്രങ്ങളുമായി യാതൊരു അവിഹിതബന്ധവും ഇല്ലെന്നാണ് പിന്നീടുണ്ടായ ചര്‍ച്ചകളിലൂടെ വ്യക്തമായത്.

കേരളത്തിലെ മുസ്ലിം സമുദായത്തിനകത്ത് സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം നടത്തുന്ന ആചാരം ഇല്ല. അങ്ങനെയൊന്ന് വേണമെന്ന് നിലവിലുളള മുസ്ലിം സംഘങ്ങള്‍ക്കൊന്നും നാളിതുവരെ തോന്നിയിട്ടും ഇല്ല. സ്ത്രീകളുടെ ‘സുന്നത്ത്’ കര്‍മ്മം ആവശ്യമാണെന്ന ചര്‍ച്ച കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ 2002ല്‍ ഉണ്ടായ പിളര്‍പ്പിന്റെ അവസരത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അന്നത്തെ ഔദ്യോഗിക വിഭാഗത്തിലെ ചിലരുടെ ആവശ്യം പക്ഷേ എവിടെയും അംഗീകരിക്കപ്പെട്ടില്ല. പിന്നീട് അതേ കുറിച്ച് കേട്ടതുമില്ല.

കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ഭഗശ്നികാഛേദം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ ആദ്യം കാര്യമായി ആരു വിശ്വസിച്ചിരുന്നില്ല. മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ നേതൃത്വത്തില്‍ ഇത് ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ മുദ്രാവാക്യം വിളിക്കുകയും, അതിന് താഴിട്ട് പൂട്ടുകയും ചെയ്തപ്പോഴാണ് അതൊരു വസ്തുതയാണെന്ന് പലരും ഉള്‍ക്കൊണ്ടത്. സ്ത്രീകളുടെ ലൈംഗികാവയവത്തിന് മേല്‍ നടത്തുന്ന കൈയേറ്റങ്ങളെ കുറിച്ച് കേട്ടറിവ് ഇല്ലാത്തവരല്ല മലയാളികള്‍. പ്രത്യേകിച്ച് മലയാളി മുസ്ലീങ്ങള്‍. ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യക്കാരോടൊപ്പം ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ അക്കാര്യത്തെ കുറിച്ച് കേട്ടിരിക്കും. ചെറിയ തോതിലെങ്കിലും അറബ് മുസ്ലീങ്ങള്‍ക്കിടയിലും അതൊരു ചര്‍ച്ചയാണ്. എന്നിട്ടും അതിനകത്ത് മതത്തിന്റെ പുണ്യമുണ്ടെന്ന വാദം കേരളത്തിലെ ഒരു മുസ്ലിം സംഘവും നാളിതുവരെ ഉയര്‍ത്തിയിട്ടില്ല. ചില കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ സ്ത്രീകള്‍ക്കിടയില്‍ നിര്‍വഹിക്കേണ്ട ഛേദകര്‍മ്മത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ യാതൊരു ചര്‍ച്ചയും മലയാളി മുസ്ലീങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിരുന്നില്ല. അതിനാല്‍ തന്നെ കോഴിക്കോട്ടെ കേന്ദ്രത്തെ കുറിച്ചുള്ള വാര്‍ത്ത ഒറ്റയടിക്ക് വിശ്വസിക്കാന്‍ കാര്യമായി ആരും തയ്യാറായില്ല.

പെണ്‍ചേലാകര്‍മ്മം ഒരു പ്രാകൃത ആചാരമാണെന്നാണ് പികെ ഫിറോസ് വിശേഷിപ്പിച്ചത്. ഫിറോസിന്റെ നിലപാടിനെ കേരളത്തില്‍ ആരും ചോദ്യം ചെയ്യില്ലെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി പിറ്റേ ദിവസം മുതല്‍ പെണ്‍ചേലാകര്‍മ്മത്തിന്റെ ഇസ്ലാമിക മാനം വിശദീകരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നു തുടങ്ങി. കാന്തപുരം വിഭാഗം സുന്നികളിലെ അറിയപ്പെടുന്ന പണ്ഡിതനായ അബൂബക്കര്‍ സഖാഫി അരീക്കോടിന്റെ പ്രഭാഷണം തന്നെ യൂട്യൂബില്‍ പ്രചരിക്കുകയുണ്ടായി. ഇകെ വിഭാഗം സമസ്തയുടെ പത്രമായ സുപ്രഭാതം രണ്ട് ദിവസങ്ങളിലായി പെണ്‍ചേലാകര്‍മ്മത്തെ ന്യായീകരിച്ചു കൊണ്ട് എഡിറ്റോറിയല്‍ ലേഖനം പ്രസിദ്ധീകരിച്ചു. രാഷ്ട്രീയമായും സാമൂഹ്യമായും ന്യായീകരിക്കാന്‍ കഴിയുന്ന ഒരു വിഷയത്തില്‍ തുടര്‍പ്രതികരണം പോലും സൃഷ്ടിക്കാനാവാത്ത വിധത്തിലും മുസ്ലിം യൂത്ത് ലീഗ് നേതാവിനെ പ്രതിരോധത്തിലാക്കും വിധത്തിലുമുള്ള സംഘടിത ആക്രമണമാണ് പിന്നീട് അരങ്ങേറിയത്. പെണ്‍ചേലാകര്‍മ്മം ഇബ്രാഹിം നബിയുടെ മാതൃകയാണെന്ന് വരെ സമര്‍ഥിച്ചു കളഞ്ഞു മൗലാനമാര്‍. ഞങ്ങളൊന്നുമല്ല, ഇബ്രാഹിം നബിയാണ് ഇതിന്റെയൊക്കെ തുടക്കക്കാരന്‍ എന്നു പറഞ്ഞാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഇബ്രാഹിം സെമിറ്റിക് മതങ്ങളില്‍ മൂന്നിന്റെയും ആദര്‍ശപിതാവാണ്. ഇബ്രാഹിം നബിയുടെ ചര്യയെ കേവലമൊരു യൂത്ത് ലീഗ് നേതാവിന് റദ്ദ് ചെയ്യാനാവില്ലല്ലോ. ഏകപക്ഷീയമായി മൗലാനമാര്‍ തര്‍ക്കത്തില്‍ വിജയിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കി. വിജയിക്കുക എന്ന് പറഞ്ഞാല്‍ അത് പിന്നീട് മതമാകുമെന്നര്‍ഥം.

എല്ലാ ഗോത്രാചാരങ്ങളെയും ന്യായീകരിക്കുന്ന നവസലഫി സംഘങ്ങള്‍ പുതിയ പ്രവണതയനുസരിച്ച് എന്തുകൊണ്ട് മൗനം പാലിച്ചു? വിശേഷിച്ചും മുമ്പ് അവരില്‍ ചിലരെങ്കിലും പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ട കാര്യം മറ്റുള്ളവര്‍ പറയുമ്പോള്‍ പിന്തുണയുമായെങ്കിലും അവര്‍ എത്തേണ്ടതായിരുന്നു. എന്തേ അവരിങ്ങനെ മൗനം പാലിച്ചു? മതവിദ്വേഷത്തോളം എത്തുന്ന തീവ്രആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ശംസുദ്ദീന്‍ പാലത്ത് എന്ന പ്രഭാഷകന് എതിരെ കേസെടുത്തതും അറസ്റ്റിലായതും തീവ്രവാദിസംഘങ്ങളുടെ പ്രതികരണത്തെ മയപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി എറണാകുളം ജില്ലയിലെ പറവൂരില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പ്രവര്‍ത്തകരുടെ ലഘുലേഖാ വിതരണ സംഘത്തിന് നേരെ ആര്‍എസ്എസ് നടത്തിയ അക്രമങ്ങളും, തുടര്‍ന്നുള്ള സംഭവ വികാസങ്ങളും തീവ്രസലഫി ആശയക്കാര്‍ക്കിടയില്‍ ജാഗ്രത വളര്‍ത്തിയിട്ടുണ്ട്. തീവ്രസലഫി സംഘങ്ങളില്‍ ഏറ്റവും മിതവാദികളും, സംഘടിത രൂപമുള്ളവരുമാണ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍. മുജാഹിദ് സംഘടനയില്‍ നിന്നും ഇടക്കാലത്ത് പുറത്ത് പോയവരാണവര്‍. പൊതുസമൂഹത്തില്‍ നിന്നും നിരന്തരം പരിഹാസ്യരാകുന്നത് കേരളത്തിലെ സലഫി സംഘങ്ങളെ വിഢ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട് എന്ന് അനുമാനിക്കാം.

സ്ത്രീകളുടെ ചേലാകര്‍മ്മം നിര്‍വ്വഹിക്കുന്നത് തെറ്റാണെങ്കില്‍ പെണ്‍കുട്ടികള്‍ മൂക്കുത്തിയിടുന്നതും, കാത്കുത്തുന്നതും, പൊക്കിളില്‍ ആഭരണങ്ങള്‍ ഇടുന്നതും തെറ്റല്ലേയെന്ന മറുചോദ്യവുമായി മതയാഥാസ്ഥിതികര്‍ രംഗത്ത് സജീവമായി. കാത് കുത്താമെങ്കില്‍ എന്തുകൊണ്ട് ഭഗശിശ്നിക? എന്നവര്‍ ചോദിച്ചു. മൂക്ക് കുത്തുന്നതും കാത് കുത്തുന്നതും ഇപ്പോള്‍ പൊക്കിളില്‍ ആഭരണം ധരിക്കുന്നതും സ്ത്രീ ശരീരത്തിന് മേലുള്ള നിയന്ത്രണമല്ല. സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ്. മൂക്ക് കുത്തുന്നത് പുരുഷാധിപത്യത്തിന്റെ ആവശ്യമായി വരികയും നിര്‍ബന്ധിച്ച് മൂക്കുകുത്തിക്കുകയുമാണ് എങ്കില്‍ അത് പ്രാകൃതവും ക്രൂരതയുമാണ്. നിര്‍ബന്ധിച്ച് മുടി മുറിക്കുകയാണെങ്കില്‍ പോലും അത് അംഗീകരിക്കാനാവാത്തതാണ്. ഏതെങ്കിലും ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ശിശ്നിക ഛേദിച്ചാല്‍ അതൊരിക്കലും പ്രാകൃതമാകുന്നില്ല. ലളിതമായി പറഞ്ഞാല്‍ സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി ഒരാള്‍ നോമ്പ് നോല്‍ക്കുന്നത് അയാളുടെ അവകാശമാണ്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഒരാളെ പട്ടിണിക്കിട്ടാല്‍ അത് ക്രൂരതയാണ്. മൂക്കുത്തിക്കും ചേലാകര്‍മ്മത്തിനും ബാധകമാകുന്ന പൊതുതത്വമാണത്.

പെണ്‍ചേലാകര്‍മ്മം മതപരമായ ആചാരമായി കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി അവര്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഏതാനും ദുര്‍ബല ഹദീസുകളാണ് അവര്‍ക്ക് തെളിവായി കിട്ടിയിട്ടുള്ളത്. അറബി ഭാഷാ പ്രയോഗങ്ങളെ തെറ്റിധരിപ്പിച്ചും മതപരമായ തെളിവുകള്‍ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് അവര്‍. ഏതാനും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പെണ്‍ചേലാകര്‍മ്മത്തെ കുറിച്ച് പറയുന്നുണ്ട്. ആ ഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ട സമൂഹത്തില്‍ നിലനിന്നിരുന്ന ആചാരത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചുവെന്നതല്ലാതെ യാതൊരു മതപരമായ പ്രാമാണികതയും അതിനൊന്നുമില്ല. ഹദീസുകളുടെ സ്വീകാര്യത പരിശോധിക്കുന്ന, ഹദീസ് നിദാനശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളഞ്ഞ ഹദീസുകളെ പെറുക്കിയെടുത്താണ് പെണ്‍ചേലാകര്‍മ്മത്തിന്റെ മതപരമായ സാധുത തെളിയിക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ സുന്നി മുസ്ലീങ്ങളില്‍ തീരെയില്ലാത്ത ഒരാചാരത്തെ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നത് അവര്‍ക്കിടയിലെ ചില യുവപണ്ഡിതരാണ് എന്നതും ശ്രദ്ധേയമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ടി. റിയാസ് മോന്‍

ടി. റിയാസ് മോന്‍

എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍