UPDATES

സണ്ണി എം കപിക്കാട്‌

കാഴ്ചപ്പാട്

Guest Column

സണ്ണി എം കപിക്കാട്‌

ഒരു 19-കാരനെ കൊന്നതിന് ന്യായീകരണം ചമയ്ക്കലാണോ നിങ്ങളുടെ രാഷ്ട്രീയം? സണ്ണി എം കപിക്കാട് പ്രതികരിക്കുന്നു

കേരളം അകപ്പെട്ടിരിക്കുന്ന പുതിയ കെണിയുടെ ഒരു ഇര കൂടിയാണ് അഭിമന്യു

കേരളത്തിലെ സംഘടിത പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും സാമൂഹിക പ്രസ്ഥാനങ്ങളായാലും നിരന്തരമായ സംഘര്‍ങ്ങളിലൂടെയും കൊലപാതങ്ങളിലൂടെയുമൊക്കെ കടന്നുവന്ന ഒരു ചരിത്രം കേരളത്തിനുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല, വളരെ അപ്രധാനമായിട്ടുള്ള, ആളുകുറഞ്ഞ സിപിഐ (എംഎല്‍) പോലുള്ള ചെറിയ പ്രസ്ഥാനങ്ങള്‍ പോലും കൊലപാതങ്ങള്‍ നടത്തിയിട്ടുള്ള സ്ഥലമാണ് കേരളം. അഭിമന്യുവിന്റെ മരണം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യം നടന്നതുപോലെയല്ല. കേരളം അകപ്പെട്ടിരിക്കുന്ന പുതിയ കെണിയുടെ ഒരു ഇര കൂടിയാണ് അയാള്‍ എന്ന് മനസ്സിലാക്കണം. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് നാം നടത്തുന്ന ചര്‍ച്ചകള്‍ മലയാളി സമൂഹം അകപ്പെട്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴിയന്വേഷണം കൂടിയായിരിക്കണം. ഇത് അവസാനിപ്പിക്കേണ്ടതാണെന്ന ഒരു തോന്നലിലേക്കെങ്കിലും കേരളീയ സമൂഹം കടക്കേണ്ടതുണ്ട്. അതിന് പകരമായി പരസ്പരം പഴിചാരുന്നവിധമുള്ള ഏകപക്ഷീയമായ, സമൂഹത്തെ കൂടുതല്‍ കലുഷമാക്കുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് പിന്നാമ്പുറങ്ങളില്‍ പൊടിപൊടിക്കുന്നത്.

അഭിമന്യുവിന്റെ മരണം തീര്‍ച്ചയായും വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. അത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, അദ്ദേഹത്തിന്റെ സോഷ്യല്‍ ലൊക്കേഷന്‍ വളരെ പ്രധാനമാണ്. അദ്ദേഹം വന്ന പ്രദേശത്തിന്റെയും, ജനിച്ചുവളര്‍ന്ന സമുദായത്തിന്റെയും സ്ഥിതികള്‍ നമ്മള്‍ ചര്‍ച്ച ചെയ്യണം. അത് ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് പലരും പറയുന്നത്. പക്ഷെ അത് ചെയ്യേണ്ടതാണ്. ഈ സമൂഹം നേരിടുന്ന ചില ഇല്ലായ്മകളെക്കുറിച്ചുള്ള വിലയിരുത്തലുകളല്ല വേണ്ടത്. മറിച്ച് സമൂഹം രാഷ്ട്രീയമായി പരിഹരിക്കേണ്ട ചില കാര്യങ്ങളാണ് സോഷ്യല്‍ ലൊക്കേഷന്‍ മുന്നോട്ട് വയ്ക്കുന്നത്. ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഇടുക്കി ജില്ലയില്‍ ഉണ്ടെന്ന ഒരു യാഥാര്‍ഥ്യത്തിലേക്കാണ് നമ്മള്‍ എത്തേണ്ടത്. അതിനൊരു രാഷ്ട്രീയമായ പരിഹാരമുണ്ടോ? മൂന്ന് സെന്റ് മാത്രം കൊടുക്കും എന്ന് പറയുന്ന സര്‍ക്കാരിന്റെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവര്‍ യഥാര്‍ഥത്തില്‍ അഭിമന്യുവിനോട് കാണിക്കുന്ന സ്‌നേഹം യഥാര്‍ത്ഥത്തില്‍ എന്താണ് എന്നുള്ളത് കേരളം തുറന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ ഈ മരണത്തെ അഭിസംബോധന ചെയ്യുകയാണെങ്കില്‍ നമ്മള്‍ ചെയ്യേണ്ടത് അഭിമന്യു അടക്കമുള്ള ദുരിത ജീവിതങ്ങള്‍ക്ക് അറുതിവരുത്താന്‍ എന്ത് പദ്ധതിയാണ് ഉള്ളത് എന്ന് ചോദിക്കുകയാണ്. അതുകൂടി പറയുമ്പോഴേ ഈ കാര്യത്തോട് നമ്മള്‍ നീതിപുലര്‍ത്തൂ.

രണ്ടാമത് ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഇത് കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ക്യാമ്പസ് ഫ്രണ്ട് എന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയാണ്. ഫ്രറ്റേണിറ്റിയെക്കുറിച്ചും ദളിത് – മുസ്ലീം ഐക്യത്തെക്കുറിച്ചുമൊക്കെ വളരെയധികം ചര്‍ച്ചകള്‍ നടത്തുന്ന സംഘമായിരുന്നു നാളിതുവരെ. അവരുടെ മുന്‍കയ്യില്‍ അല്ലെങ്കില്‍ അവരുടെ അറിവോടുകൂടിയാണ് സഹപാഠിയായ ഒരാളെ വളരെ പ്രൊഫഷണലായി പുറത്തുനിന്ന് വന്നിട്ടുള്ള ഗുണ്ടകള്‍ കുത്തിക്കൊല്ലുന്നത്. ഇത് ചെറിയ ഒരു കാര്യമല്ല. കാമ്പസുകളില്‍ സംഘര്‍ഷമുണ്ടാവുക, കാമ്പസ് ചില വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പൂര്‍ണമായും കയ്യടക്കി വക്കുക-ഇത്തരം കാര്യങ്ങളില്‍ എസ്എഫ്‌ഐ ഒട്ടും പുറകിലുള്ളവരല്ല. അത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ എസ്എഫ്‌ഐക്കാര്‍ മുന്നില്‍ നിന്നിട്ടുണ്ട് എന്നുള്ളതുകൊണ്ട് ഞങ്ങള്‍ കൊല്ലും എന്ന് പറയുന്ന യുക്തിക്ക് യാതൊരു സാധ്യതയുമില്ല. എസ്എഫ്‌ഐക്കാരും കൊല്ലാതിരിക്കുക എന്നാണ് നമ്മള്‍ പറയേണ്ടത്. അങ്ങനെ കാണേണ്ടതിന് പകരം ക്യാമ്പസ് ഫ്രണ്ട് നടത്തിയ ഈ നിഷ്ഠൂരമായ കൊലപാതകത്തെ നമ്മള്‍ അപലപിക്കാതിരിക്കുകയല്ല ചെയ്യേണ്ടത്. അപലപിക്കുമ്പോഴും അതിനെ ഒരു രാഷ്ട്രീയ നിലപാടായി എടുക്കുകയാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയില്‍ മുസ്ലീം സമുദായം എന്തോ അപകടത്തില്‍ പെട്ടു എന്ന നിലയ്ക്ക് അതിനെ സമീകരിച്ചെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ക്യാമ്പസ് ഫ്രണ്ട് നടത്തിയ കൊലപാതകത്തെ ന്യായീകരിക്കുന്ന യുക്തികളെ നിരന്തരം ഉത്പാദിപ്പിക്കുന്ന ഇടപെടലുകളും കേരളത്തില്‍ നടക്കുന്നുണ്ട്. എന്തു കാര്യത്തിനാണ് ഇത്തരം ന്യായീകരണം ഇവര്‍ കൊണ്ടുവരുന്നത്?

ഈ കൊലപാതകത്തെ ചൂണ്ടിക്കാട്ടി മുസ്ലീം സമുദായം തന്നെ വലിയ കുഴപ്പക്കാരാണെന്ന പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളോ കൊലപാതകത്തിന് ന്യായീകരണമോ അല്ല വേണ്ടത്. ഇത് നമ്മള്‍ അപലപിക്കേണ്ടതാണ്, ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകൂട എന്ന് പറയേണ്ടതാണ്. അതിനുപകരമായി അയാള്‍ തെറ്റായ രാഷ്ട്രീയത്തില്‍ നിന്നയാളാണെന്ന തരത്തില്‍, ആ പത്തൊമ്പതുകാരന്റെ രാഷ്ട്രീയത്തിന് മേല്‍ തീരുമാനമെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ആ കുട്ടിക്ക് ഇനിയും എത്രയോ ഭാവിയുണ്ടായിരുന്നു? അവന്‍ ശാസ്ത്രജ്ഞനാവാന്‍ ആഗ്രഹിച്ചയാളാണ്. ക്യാമ്പസിലേക്ക് വന്നപ്പോള്‍ എസ്എഫ്‌ഐക്കാരനായി അവന്‍ പ്രവര്‍ത്തിച്ചിരുന്നിട്ടുണ്ടാവാം. ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇതുതന്നെയായിരിക്കണമെന്ന് ഈ വൃദ്ധന്‍മാര്‍ എങ്ങനെയാണ് വാശിപിടിക്കുന്നത്? അമ്പതും അറുപതും കഴിഞ്ഞ വൃദ്ധന്‍മാര്‍ എന്തിനാണ് പത്തൊമ്പതുകാരന്‍ തിരഞ്ഞെടുത്ത രാഷ്ട്രീയത്തെക്കുറിച്ച് ഇത്ര ഉത്കണ്ഠപ്പെടുന്നത്? അയാള്‍ നാളെ ഒരുപക്ഷേ അയാളെ കൊന്ന ക്യാമ്പസ് ഫ്രണ്ടുകാരനായി മാറിയേക്കാമെങ്കിലോ, നാളെ ഒരു പക്ഷെ എബിവിപിക്കാരനായി മാറിയേക്കാമായിരുന്നു, ചിലപ്പോള്‍ അംബേദ്കറൈറ്റ് ആയി മാറിയേക്കാമായിരുന്നു; അങ്ങനെ ജീവിതത്തില്‍ കുറേ സാധ്യതകളുണ്ടല്ലോ? ആ സാധ്യതകളെ മുഴുവന്‍ ഇല്ലാതാക്കിയിട്ട് എസ്എഫ്‌ഐ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ഈ കൊലപാതകത്തെ ന്യായീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

ഈ കുബുദ്ധികളെല്ലാം യഥാര്‍ഥത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള മര്‍മ്മപ്രധാനമായ ഒരു കാര്യം, അതായത് അതിപിന്നോക്കമായ പ്രദേശത്ത് നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി എത്തിച്ചേര്‍ന്ന ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു എന്ന കാര്യം അങ്ങനെ തന്നെ ചര്‍ച്ച ചെയ്യണം. അതല്ലാതെ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടു എന്നൊക്കെ പറഞ്ഞാല്‍ യഥാര്‍ഥത്തിലുള്ള സോഷ്യല്‍ കണ്ടന്റ് നമുക്ക് മനസ്സിലാവില്ല. അട്ടപ്പാടിയില്‍ മധു കൊല്ലപ്പെടുമ്പോള്‍ അട്ടപ്പാടിയിലെ ആദിവാസിയായ മധു കൊല്ലപ്പെട്ടു എന്നുതന്നെ നമ്മളതിനെ അടയാളപ്പെടുത്തുകയാണ്. ആദിവാസിക്കാര്യം പറയുന്നതല്ല ഇത്. അട്ടപ്പാടിയിലെ ആദിവാസി എന്ന് ഐഡന്റിഫൈ ചെയ്യാന്‍ നമുക്ക് പറ്റുന്നില്ലെങ്കില്‍ അട്ടപ്പാടി നേരിടുന്ന സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെന്തെന്നുള്ളതില്‍ നിന്ന് നമ്മള്‍ മാറിനില്‍ക്കുകയായിരിക്കും. കൊല്ലപ്പെടുന്നവന്റെ ജാതി പറയുന്നത്, വംശത്തെക്കുറിച്ച് പരാമര്‍ശിക്കേണ്ടത്, ആ വംശത്തെക്കുറിച്ച് ചേര്‍ത്തും പേര്‍ത്തും പറയാനല്ല. മറിച്ച് അത് ഒരു സോഷ്യല്‍ ലൊക്കേഷനാണ്, അത് പരിഹരിക്കപ്പെടേണ്ടതാണ്.

രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒന്ന്, ഇത് ചര്‍ച്ച ചെയ്യുന്നു എന്ന വ്യാജേന അഭിമന്യു നേരിട്ട ദാരിദ്ര്യത്തെക്കുറിച്ച് വലിയ കഥകള്‍ പ്രചരിപ്പിക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള വെറും കഥകളും പതംപറച്ചിലുംകൊണ്ട് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. രണ്ടാമത്, പോപ്പുലര്‍ ഫ്രണ്ടുകാരുടെ നേതൃത്വത്തില്‍ നടന്ന ഒരു പ്രചാരണം ഇയാള്‍ പിന്നോക്കക്കാരനാണെന്നതാണ്. എന്തൊരു കുറ്റകൃത്യമാണത്. പിന്നോക്കക്കാരനാണെങ്കില്‍ കൊല്ലാമെന്നാണോ? ഈ നിലയ്ക്ക് ഈ കൊലപാതകത്തെ നിരന്തരമായി ന്യായീകരിച്ചുകൊണ്ട് വളരെ വിചിത്രമായ യുക്തികളാണ് അവര്‍ പറയുന്നത്. മധു കൊല്ലപ്പെട്ടപ്പോള്‍ കേരളത്തിലെ ഒരു ദളിത് ബുദ്ധിജീവി പറഞ്ഞ കാര്യമുണ്ട്. മധു കൊല്ലപ്പെട്ടപ്പോള്‍ അതില്‍ പ്രതികളായി കുറച്ച് മുസ്ലിം ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ആ മുസ്ലിം ചെറുപ്പക്കാര്‍ ഉണ്ടാവാന്‍ കാര്യം, മുക്കാലിയിലെ വ്യവസായികളും അവിടുത്തെ റിക്ഷാഡ്രൈവര്‍മാരും ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണ്; അവരും അട്ടപ്പാടിയിലെ മറ്റ് സമൂഹങ്ങളെങ്ങനെയാണോ ആദിവാസിയെ കാണുന്നത് അതുപോലെ തന്നെയാണ് കാണുന്നത്. മുസ്ലിം ചെറുപ്പക്കാര്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ കേരളത്തിലെ ദളിത് ബുദ്ധിജീവി പറഞ്ഞത് അവസരം കിട്ടിയാല്‍ ആദിവാസികളും ആള്‍ക്കൂട്ടക്കൊലപാതകം നടത്തുമെന്നാണ്. ആള്‍ക്കൂട്ടക്കൊലപാതകം എന്നു പറയുന്നത് ഒരു കവലയില്‍ കുറേ ആളുകള്‍ കൂടി കൊല്ലുന്നതല്ല. അങ്ങനെ ആര്‍ക്കും കൊല്ലാന്‍ പറ്റില്ല. ഒരു പ്രദേശത്ത് വളരെ പ്രമുഖമായിട്ടുള്ള, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വലിയ സ്വാധീനമുള്ള വിഭാഗങ്ങള്‍ക്ക് മാത്രമേ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്താന്‍ പറ്റൂ. അട്ടപ്പാടിയിലെ മുഴുവന്‍ ആദിവാസികളും വിചാരിച്ചാലും ആള്‍ക്കൂട്ടക്കൊലപാതകം നടത്താന്‍ പറ്റിയെന്ന് വരില്ല. അവര്‍ അത് ചെയ്താല്‍ ആ നിമിഷം തന്നെ അട്ടപ്പാടിയിലെ മുഴുവന്‍ ഊരുകളിലും പോലീസും പട്ടാളവും കയറിനിരങ്ങും. പക്ഷെ മുക്കാലിയില്‍ ആ ചെറുപ്പക്കാരനെ മര്‍ദ്ദിച്ചവശനാക്കി കൊടുക്കുന്നത് പോലീസിനാണ്. പോലീസ് പക്ഷെ അവിടെ നിന്ന് ഒരു മനുഷ്യനെപ്പോലും അറസ്റ്റ് ചെയ്യുന്നില്ല. ഈ അറസ്റ്റ് ചെയ്യില്ല എന്ന ഉറപ്പാണ് ആള്‍ക്കൂട്ടത്തിന്റെ ധാര്‍ഷ്ട്യം എന്നത്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ അത് ചെയ്യാനാവൂ. അവിടെയും അയാള്‍ പ്രതികള്‍ മുസ്ലീങ്ങളാണെന്ന ഒറ്റക്കാരണത്താല്‍ ആദിവാസികളും ദളിതരുമൊക്കെ തരംകിട്ടിയാല്‍ ആള്‍ക്കൂട്ടക്കൊലപാതകം നടത്തുന്നവരാണെന്ന് പറയുന്ന വിചിത്രയുക്തികളാണ് പ്രയോഗിക്കുന്നത്.

കോട്ടയത്ത് കെവിന്‍ മരിച്ചപ്പോഴും ഇസ്ലാമില്‍ ജാതിയുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു പ്രശ്‌നമുണ്ടാക്കിക്കൊണ്ടാണ് അതിനെ മറികടക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഇവിടെയുണ്ടായിരിക്കുന്ന പ്രശ്‌നമെന്തെന്ന് വച്ചാല്‍, അഭിമന്യുവിന്റെ കൊലപാതകത്തെ വിമര്‍ശിക്കുന്നവരെല്ലാം ഇടതുപക്ഷത്തിന്റെ ആളുകള്‍ ആണെന്ന് വ്യാപകമായ പ്രചാരണം നടക്കുകയാണ്. എസ്എഫ്‌ഐയെ വെള്ളപൂശാനാണ് ഈ കൊലപാതകത്തെ വിമര്‍ശിക്കുന്നതെന്ന വിചിത്രമായ വാദങ്ങളാണ് ഉണ്ടാവുന്നത്. ഏറ്റവും അവസാനം ഒരു വാദവും നില്‍ക്കാതെ വരുമ്പോള്‍ പരസ്പരം ചീത്തവിളിക്കുന്ന അവസ്ഥയിലേക്ക് പോലും കാര്യങ്ങള്‍ തരംതാഴുന്നു. ഇങ്ങനെയല്ല ഈ വിഷയത്തെ സമീപിക്കേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.

ഒന്ന്, ഇത്തരം ചര്‍ച്ചയിലൂടെ കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള എന്ത് ജാഗ്രതയാണ് നമ്മള്‍ സമൂഹത്തിലേക്ക് കൊടുക്കുന്നത്? അങ്ങനെയുള്ള ജാഗ്രതയിലേക്ക് വരേണ്ടതുണ്ടെന്ന് നമ്മള്‍ സമൂഹത്തെ ഓര്‍മ്മിപ്പിക്കണം. രണ്ടാമത്, ഒരു സംഘടന കൊലപാതകം നടത്തി എന്നുപറഞ്ഞ് കേരളത്തിലെ ഒരു സമുദായം മുഴുവന്‍ കുഴപ്പമാണെന്ന് പറയുന്ന വക്രീകരണത്തോട് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മുസ്ലിം സമുദായത്തെ മുഴുവന്‍ കുറ്റവാളികളായി പ്രഖ്യാപിക്കേണ്ട യാതൊരു കാര്യവും ഈ സന്ദര്‍ഭത്തിലില്ല. മറിച്ച്, ആ ചെയ്ത സംഘടനകള്‍, അതിന് വേണ്ടി പണിയെടുക്കുന്നവര്‍- അവരൊക്കെത്തന്നെയാണ് അതിന്റെ പ്രതികള്‍. മൂന്നാമത്, കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ സോഷ്യല്‍ ലൊക്കേഷന്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്യണം. അത് ചര്‍ച്ച ചെയ്യുന്നത് അത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും രാഷ്ട്രീയമായി അത് പരിഹരിക്കാനുമായിരിക്കണം. അത്തരത്തിലൊരു പരിഹാരം ആവശ്യപ്പെടുന്ന സോഷ്യല്‍ ലൊക്കേഷനാണത്. വട്ടവട എന്ന പ്രദേശം, അവിടെയുള്ള മലയ എന്ന തമിഴ് ഒറിജിന്‍ ആയിട്ടുള്ള ട്രൈബല്‍ വിഭാഗത്തിന്റെ അവസ്ഥ, ഒറ്റമുറിവീടുകളില്‍ മാത്രം താമസിക്കേണ്ടി വരുന്ന അവസ്ഥ, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന മേഖല- ഇങ്ങനെ പല പ്രശ്‌നങ്ങളാണ് സ്റ്റേറ്റിന് മുന്നിലും പൊതുസമൂഹത്തിന് മുന്നിലും ഉന്നയിക്കേണ്ടത്. അതല്ലാതെ അതിവൈകാരികമായി അഭിമന്യു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ദുരിതങ്ങളെക്കുറിച്ച് കഥകളല്ല പറേണ്ടത്. ഇതെല്ലാം രാഷ്ട്രീയ പരിഹാരം തേടേണ്ട സംഗതികളാണ്.

ഈ കെണിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കഴിയണമെങ്കില്‍ തീവ്രവാദ നിലപാടുകളെടുക്കുന്ന, നിയമബാഹ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംഘടനകളെ മാറ്റി നിര്‍ത്താനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം നമുക്കുണ്ട്. കാരണം ഇത്തരം തീവ്രവാദ നിലപാടുകളും പ്രവര്‍ത്തികളും നാം നേരിടുന്ന ഒരു പ്രശ്‌നത്തിനും പരിഹാരമാവുന്നില്ല. മറിച്ച് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം തീവ്രവാദ നിലപാടുകളെ മുസ്ലീം സമുദായം തന്നെ പ്രതിരോധിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യവും നമ്മള്‍ മനസ്സിലാക്കണം. സമുദായത്തില്‍ നിന്നുള്ള എത്രയോ പേര്‍, തങ്ങളുടെ സംരക്ഷണത്തിന് ഇത്തരം സംഘടനകളുടെ ആവശ്യമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് എത്തി. പാളയെ ഇമാം അടക്കം പ്രസ്താവനയിറക്കി. ഇവരുടെ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യഥാര്‍ഥത്തില്‍ ഇസ്ലാം പ്രതിരോധത്തിലാവുകയാണ് ചെയ്യുന്നത്. സമുദായത്തിനോട് സ്‌നേഹമുണ്ടെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്‍മാറണം. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച്, അതിന് ഒരു പൊതുയുക്തി കണ്ടുപിടിക്കാനുള്ള തത്രപ്പാടുകള്‍ നടത്തുന്നത് ശരിയല്ല.

കേരളത്തിലെ ദളിതര്‍ മുഴുവന്‍ ഇത്തരം തീവ്രവാദ സംഘങ്ങളോടൊപ്പമാണെന്ന തരത്തില്‍ വ്യാജപ്രചരണവും നടക്കുന്നുണ്ട്. കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നവര്‍ എന്നു പറഞ്ഞ് പത്തോ പതിനാറോ പേരുടെ ഫോട്ടോ ഇട്ടത് ഇന്നലെ കണ്ടു. അതില്‍ എന്റെയും ഫോട്ടോയുണ്ട്. അതുകൊണ്ട് കേരളത്തിലെ ദളിത്, ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, ജനാധിപത്യ സമൂഹം വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഈ കൊലപാതകം നിഷ്ഠൂരമായ ഒരു പ്രവര്‍ത്തിയാണെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്നും അത് ചെയ്തവര്‍ ആരുതന്നെയായാലും അവര്‍ മാതൃകാപരമായി തന്നെ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇത്തരം കൊലപാതകങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിച്ച് വരുന്നവര്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നുമാണ് പറയാനുള്ളത്.

(കെ.ആര്‍ ധന്യയോട് സംസാരിച്ച് തയാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിമന്യുവിന്റെ വട്ടവട

ന്യൂനപക്ഷ അനുകൂല നിലപാട് ചില ദളിത്‌ ബുദ്ധിജീവികള്‍ക്ക് ലാഭമാണ്, വിമര്‍ശിക്കേണ്ടപ്പോള്‍ നിശബ്ദതയും; ഗീതാനന്ദന്‍ സംസാരിക്കുന്നു

ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്; ഗ്രോ വാസു സംസാരിക്കുന്നു

രാജീവ് രവി/അഭിമുഖം: മലയാളി സമൂഹത്തോട് അവനൊരു വിശ്വാസമുണ്ടായിരുന്നു; അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്

സണ്ണി എം കപിക്കാട്‌

സണ്ണി എം കപിക്കാട്‌

ദളിത്‌ ചിന്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍