UPDATES

നാസിര്‍ കെ.സി

കാഴ്ചപ്പാട്

Guest Column

നാസിര്‍ കെ.സി

സ്വവർഗ്ഗാനുരാഗം പ്രകൃതിവിരുദ്ധമാവുന്നത് ആർക്കാണ്? എന്താണ് കാരണം?

മതത്തിന്റെ ദുശ്ശാഠ്യങ്ങളെ സംസ്കാരമായി തെറ്റിദ്ധരിക്കുന്ന മനോഭാവത്തിൽ നിന്ന് കോടതി പുറത്തു കടന്നിരിക്കുന്നു. സമൂഹത്തിന്റെ മനോഭാവവും പിന്നീട് മാറിക്കൊള്ളും.

ഒടുവിൽ ആ വിധിയും വന്നു. എൽ.ജി.ബി.ടി വിഭാഗങ്ങളോട് കോടതി മനുഷ്യനെപ്പോലെ പെരുമാറിയിരിക്കുന്നു. ഭരണഘടനയിലെ 377-ആം വകുപ്പ് ഭാഗികമായി റദ്ദാക്കി, പകുതി മാത്രം മനുഷ്യരായി സമൂഹം കണക്കാക്കിയിരുന്നവരോട് കോടതി നീതി കാണിച്ചിരിക്കുന്നു. കോടതി പരമോന്നതമാകുന്നത് മഹത്തായ വിധികളിലൂടെയാണെന്ന് സുപ്രീം കോടതി സ്ഥാപിച്ചു. ഞാൻ മനസ്സിലാക്കിയിടത്തോളം ഇന്ത്യയിലെ ഓരോ മനുഷ്യനും സ്വന്തം ശരീരത്തിന്റെ ഉടമസ്ഥാവകാശമാണ് കോടതി തിരിച്ചു കൊടുത്തിരിക്കുന്നത്. മനുഷ്യകുലത്തിന് പുറത്ത് അഭയാർത്ഥികളായിപ്പോയ ഒരു കൂട്ടം മനുഷ്യർക്ക് അകത്തേക്ക് പ്രവേശനം നൽകിയിരിക്കുന്നു ഒരർത്ഥത്തിൽ ഈ വിധി.

സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗ, യോനീ ബദ്ധമല്ലാത്ത എല്ലാ രതിരീതികളും കുറ്റകരവും ശിക്ഷാർഹവുമാക്കുന്ന നീതിന്യായ വ്യവസ്ഥയിലെ വകുപ്പായിരുന്നു 377. സ്വവർഗ്ഗത്തോട് അനുരാഗവും രതികാമനയും തോന്നുന്ന എല്ലാവരും അതോടെ കുറ്റക്കാരായി. പ്രകൃതം കൊണ്ടു തന്നെ സ്വവർഗ്ഗാനുരാഗികളായിപ്പോയവരെ പ്രകൃതിവിരുദ്ധ രതിക്കാർ എന്നു തെറ്റായി വ്യവഹരിച്ചു ഈ നിയമം. ജനനം കൊണ്ടു തന്നെ ചിലർ കുറ്റക്കാരായി. വിക്റ്റോറിയൻ സദാചാരത്തിന്റെയും ക്രൈസ്തവ മൂല്യങ്ങളുടെയും ബാധയേറ്റിരുന്ന ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമം അങ്ങനെയായിപ്പോയതിൽ വലിയ അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ അറിവിന്റെ വെളിച്ചം കൊണ്ട് നാമതിനെ പരിശോധിച്ചില്ല എന്നതുകൊണ്ടാണ് ചരിത്രത്തിനു മുമ്പിൽ നാം കുറ്റക്കാരാവുന്നത്. ഒരു പക്ഷെ, പുതിയ വിധി ചരിത്രത്തോടും അനീതിക്കിരയായ അനേകം മനുഷ്യരോടുമുള്ള മാപ്പപേക്ഷയാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ രതിക്കും അനുരാഗത്തിനും ലഭിച്ച അംഗീകാരവും അവകാശവും എന്നതിനേക്കാൾ ആഴമുണ്ട് ഈ വിധിക്ക്. സദാചാരത്തിന്റെ പേരിൽ നടത്തുന്ന ശാരീരികാതിക്രമം മുതൽ പശുവിന്റെ പേരിൽ നടത്തുന്ന ആൾക്കൂട്ടക്കൊലപാതകം വരെ പൗരന്റെ അവകാശങ്ങളിൽ കൈവെക്കുന്ന എല്ലാവർക്കും ഈ വിധിയിൽ പ്രത്യേക ഓഹരിയുണ്ട്.

2014-ൽ റിലീസ് ചെയ്ത ഒരു ഇന്ത്യൻ സിനിമയുണ്ട്. രാജ് അമിത് കുമാർ സംവിധാനം ചെയ്ത അൺ ഫ്രീഡം എന്ന സിനിമ. ഇന്ത്യയിൽ പ്രദർശനാനുമതി ലഭിക്കാത്തതു കൊണ്ട് നോർത്ത് അമേരിക്കയിലാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒരു പോലീസ് ഓഫീസറുടെ മകളായ ലീലാ സിംഗിന് ചിത്രകാരിയായ തന്റെ കൂട്ടുകാരിയോട് തോന്നുന്ന കടുത്ത പ്രണയവും ആരാധനയുമാണ് സിനിമയുടെ പ്രമേയം. മറ്റൊരാളുമായി വിവാഹത്തിന് നിർബന്ധിക്കപ്പെടുന്ന ഘട്ടത്തിൽ ലീല തന്റെ കൂട്ടുകാരിയുമായി ഒളിച്ചോടുന്നു. പ്രണയസാന്ദ്രമായ ആദ്യരാത്രിക്ക് ശേഷം അവരെ പോലീസ് പിടികൂടുകയും ലോക്കപ്പിലടക്കുകയും ചെയ്യുന്നു. ജയിൽ മോചനത്തിന് പോലീസ് ഓഫീസറായ അവളുടെ പിതാവ് മുന്നോട്ട് വെക്കുന്ന ഒരേയൊരു ഉപാധി അവളുടെ ലസ്ബിയൻ പ്രണയം ഉപേക്ഷിക്കുക എന്നതാണ്. പെൺകുട്ടികൾ അതിന് തയ്യാറാവാതിരുന്നതോടെ അച്ഛന്റെ നിർദ്ദേശപ്രകാരം പോലീസുകാർ അവരെ ബലാൽസംഗം ചെയ്യുന്നു.

‘മഹത്തായ’ നമ്മുടെ സംസ്കാരത്തെ രക്ഷിക്കാൻ സ്നേഹനിധിയായ പിതാവ് നടത്തുന്ന ബലിയാണിത്. സ്വവർഗത്തോടു തോന്നുന്ന പ്രണയം എന്തു കൊണ്ടോ ഗുരുതരമായ പാപമായി കണക്കാക്കപ്പെടുന്നു. എതിരാളിയായി മുന്നിൽ നിന്ന ശിഖണ്ഡിയോട് യുദ്ധം ചെയ്യാൻ വിസമ്മതിച്ച ഒരു പിതാമഹനുണ്ട് നമ്മുടെ ഇതിഹാസത്തിൽ. ശിഖണ്ഡിയോട് മുഖം തിരിച്ച് നിന്ന ഒരു ഭീഷ്മരൂപം എക്കാലത്തും സമൂഹത്തോടൊപ്പമുണ്ടായിരുന്നു എന്നു വേണം കരുതാൻ. സ്വവർഗ്ഗാനുരാഗം ഒരു ബലാത്സംഗം കൊണ്ട് തിരുത്തപ്പെടുമെങ്കിൽ അതാണ് അഭികാമ്യം എന്നു നാം വ്യവസ്ഥ ചെയ്തു. വ്യവസ്ഥ കനിവോടെ നിർവഹിക്കുന്ന ഒരു തെറാപ്പിയായി ബലാത്സംഗം മാറുന്നു. സ്വവർഗാനുരാഗം ചികിത്സിച്ചു മാറ്റാവുന്ന നേരിയ മാനസിക വ്യതിചലനമായിട്ടാണ് പലരും കണക്കാക്കുന്നത്. അങ്ങനെ ചികിത്സിച്ചു മാറ്റാൻ കഴിയുമായിരുന്നെങ്കിൽ മിക്കവാറും സ്വവർഗാനുരാഗികൾ രോഗമുക്തി നേടി സമൂഹത്തിലെ ‘നല്ല കുട്ടികളാ’യേനെ. പക്ഷേ, സ്വവർഗാനുരാഗം ഒരു രോഗമല്ല. ഹെട്രോസെക്സ് ( അപരവർഗ്ഗ രതി)ചികിത്സിച്ചു മാറ്റാനാവാത്തതു പോലെ ഹോമോ സെക്സും (സ്വവർഗ്ഗ രതി) ചികിത്സിച്ചു മാറ്റാനാവുകയില്ല.

നിങ്ങൾ ഹിന്ദുവോ മുസ്ലിമോ കൃസ്ത്യനോ ഇതൊന്നുമല്ലാത്തവനോ ആകാം. എന്നാൽ എല്ലാവരേയും ഇന്ത്യക്കാരനാക്കുന്നത് ഒരൊറ്റ ക്കാര്യമാണ്. അതിപ്പോൾ സുപ്രീം കോടതി ഉയർത്തിപ്പിടിച്ച ഭരണഘടനയാണ്. നിർഭയവും സ്വതന്ത്രവുമായ ജീവിതം ഭരണഘടനയുടെ വാഗ്ദാനമാണ്. അത് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് മാത്രമായി നിഷേധിക്കാനാവില്ല. ഭരണഘടനയുടെ അർത്ഥവും വ്യാപ്തിയും കണ്ടെത്തുകയാണ് കോടതി ഈ വിധിയിലൂടെ.

പ്രകൃതി വിരുദ്ധം എന്ന ഗണത്തിൽപ്പെടുത്തിയാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അനുരാഗത്തെയും രതിയെയും നാം ഇത്ര കാലവും പടിക്കു പുറത്തു നിർത്തിയത്. സ്വവർഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമല്ല എന്നു നാം കണ്ടു. എങ്കിലും പ്രകൃതി വിരുദ്ധമായതെല്ലാം ശിക്ഷാർഹമാണോ എന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. മനുഷ്യന്റെ സാംസ്കാരികമായ എല്ലാ മുന്നേറ്റവും പ്രകൃതിവിരുദ്ധമാണ് എന്ന് നമുക്കറിയാത്തതാണോ? സ്വവർഗ്ഗാനുരാഗവും തജ്ജന്യമായ രതിയും പ്രകൃതി വിരുദ്ധമായതുകൊണ്ടാണ് ഈ നിഷേധമെങ്കിൽ പ്രകൃതി വിരുദ്ധമായ എല്ലാ വ്യവഹാരങ്ങളും നിരോധിക്കപ്പെടേണ്ടതല്ലേ? ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങി കൃഷി വരെയുള്ള മനുഷ്യന്റെ ആധുനികതയിലേക്കുള്ള സഞ്ചാരവഴികളെല്ലാം അടച്ചിടേണ്ടി വരികയില്ലേ? എന്തുകൊണ്ടാണ് സ്വവർഗ്ഗ രതി പ്രകൃതി വിരുദ്ധമാകുന്നത്. ഈ ബന്ധത്തിൽ സന്താനോൽപ്പാദനം നടക്കാത്തതു കൊണ്ടാണോ? സ്വാഭാവികം എന്നു വിളിക്കപ്പെടുന്ന രതി എപ്പോഴും ഗർഭധാരണത്തിലെത്തുന്നുണ്ടോ? ഗർഭധാരണത്തിലെത്താത്ത എല്ലാ ബന്ധങ്ങളും അസ്വാഭാവികമാകുമോ?

സ്വവർഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമാവുന്നത് ആർക്കാണ്? നാം പ്രതീക്ഷിക്കുന്നതു പോലെ മതവാദികളും സംസ്കാരവാദികളുമാണ് പ്രകൃതിയുടെ സ്വന്തം ആളായി രംഗപ്രവേശം ചെയ്യപ്പെടുന്നത്. മതവാദികളുടെ എതിർപ്പിന് കാരണമെന്താവും? അതും നാം പ്രതീക്ഷിക്കുന്നത് തന്നെ. എല്ലാ മതങ്ങളും വിശ്വാസങ്ങളും വാചികമായിത്തന്നെ സ്വവർഗ്ഗ ലൈംഗികതയെ നിരോധിക്കുകയും വലിയ പാപമായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് പ്രത്യേകമായ നരകങ്ങൾ തന്നെ ഓരോ മതങ്ങളും കരുതിവച്ചിട്ടുണ്ട്. ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശനം കിട്ടാത്തതു കൊണ്ട് അവർക്ക് പ്രത്യേക സ്വർഗ്ഗമുള്ളതായി ഒരു മതവും പറഞ്ഞു കേട്ടിട്ടില്ല. മതവിശ്വാസികൾക്ക് ലൈംഗിക ന്യൂനപക്ഷങ്ങൾ ഹറാമായത് എന്തുകൊണ്ടാവാം? അതിനുള്ള ഉത്തരം മതഗ്രന്ഥങ്ങൾ തന്നെ നൽകും.

നിങ്ങളെ ഞാൻ മരുഭൂമിയിലെ മണലിനു തുല്യം പെരുപ്പിക്കും എന്നാണ് ഓരോ ദൈവവും അവരുടെ ജനത്തിന് കൊടുത്ത വാഗ്ദാനം. അത് നിറവേറാനുള്ള ഒരേയൊരു വഴി പും-യോനീ ബന്ധവും നിർബാധമായ പ്രസവവുമാണ്. തന്നെ ആരാധിക്കുന്നവരെക്കൊണ്ട് ഈ ലോകം നിറയയണമെന്നാണ് ഓരോ ദൈവത്തിന്റേയും ആഗ്രഹം. ലിംഗ, യോനീബദ്ധമല്ലാത്ത എല്ലാ രതിയും അവർക്ക് നിഷിദ്ധമായതിന് വേറെ കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല.

മതത്തിന്റെ ദുശ്ശാഠ്യങ്ങളെ സംസ്കാരമായി തെറ്റിദ്ധരിക്കുന്ന മനോഭാവത്തിൽ നിന്ന് കോടതി പുറത്തു കടന്നിരിക്കുന്നു. സമൂഹത്തിന്റെ മനോഭാവവും പിന്നീട് മാറിക്കൊള്ളും. ഏറ്റവും വികസിതമായ രാജ്യങ്ങളിലാണ് സ്വവർഗ്ഗ രതി നിയമവിധേയമാക്കിയിട്ടുള്ളത് എന്നു കാണാൻ കഴിയും. നമുക്ക് ഈ നിയമം സമ്മാനിച്ച മെക്കാളെയുടെ ഇംഗ്ലണ്ടിൽ പോലും സ്വവർഗ്ഗ രതി നിയമ വിധേയമാണ് എന്ന് നാം മറന്നു പോകരുത്. കാലാനുസൃതമായി രാജ്യത്തെ മുന്നോട്ടു നയിക്കാൻ നമ്മുടെ സുപ്രീം കോടതിക്ക് ഇനിയും കഴിയട്ടെ എന്ന് ആശിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘കുണ്ടനെന്നും ചാന്തുപൊട്ടെന്നും വിളിച്ചു മാറ്റി നിർത്തിയവരോട് ഇനിയെങ്കിലും മാപ്പു പറയണം’: അനീതിയുടെ ചരിത്രം മറക്കാത്തവരുടെ വാക്കുകൾ

Explainer: സെക്ഷൻ 377: ലൈംഗിക സ്വകാര്യതയിലെ ഭരണകൂട ഇടപെടൽ അവസാനിക്കുമ്പോൾ‌

നാസിര്‍ കെ.സി

നാസിര്‍ കെ.സി

അധ്യാപകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍