UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

സർവ്വവ്യാപിയായ ഭരണകൂടമെന്ന മോദി സർക്കാരിന്റെ പ്രമാണം റദ്ദാക്കിയ ആധാർ വിധി – ഹരീഷ് ഖരെ എഴുതുന്നു

പതിയെ പടർന്നുകയറുന്ന ഒരു ഓർവെലിയന്‍ ഭരണകൂടത്തിൽ നിന്നും നമ്മെ സംരക്ഷിക്കാനുള്ള അതിന്റെ കടമ പരമോന്നത കോടതി നിറവേറ്റിയോ?

ഹരീഷ് ഖരെ

ഇരുപതാം നൂറ്റാണ്ടിൽ ചെയ്ത അബദ്ധങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആവർത്തിക്കുന്നില്ല എന്നുറപ്പാക്കുകയാണ് രാഷ്ട്രീയ ഭരണഘടനാ നേതൃത്വത്തിന് മുന്നിലുള്ള നിർണായക കടമ . ഏകാധിപതികളുടെ വാഗ്ദാനങ്ങളിലും പ്രഭാവത്തിലും ഉണ്ടാക്കിയ സമഗ്രാധിപത്യ ഭരണകൂടങ്ങളാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അബദ്ധങ്ങളെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യയിൽ നമ്മൾ കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഭീതിതാനുഭവങ്ങളിലൂടെ കടന്നുപോയി. അതിനുശേഷം നാം നിരന്തരമായി മറ്റൊരു അപ്രമാദിമത്യ നേതൃത്വത്തിന്റെ വരവ് തടയാൻ ഒരു ഭരണഘടനാ ധാർമികതയെ രൂപപ്പെടുത്തിക്കൊണ്ടിരിക്കയാണ്.

ഇങ്ങനെ ഒരു സമഗ്രാധിപതിക്കെതിരായ നിരന്തര ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് ആധാര്‍ വിധിയെ കാണേണ്ടത്. നിയമ പണ്ഡിതർക്ക് അതിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടാകും, എന്നാൽ ചരിത്രകാരന് ലളിതമായ ഒരു ചോദ്യമേയുള്ളൂ: പതിയെ പടർന്നുകയറുന്ന ഒരു ഓർവെലിയന്‍ ഭരണകൂടത്തിൽ നിന്നും നമ്മെ സംരക്ഷിക്കാനുള്ള അതിന്റെ കടമ പരമോന്നത കോടതി നിറവേറ്റിയോ? പ്രത്യേകിച്ചും കാര്യങ്ങൾ നിരീക്ഷിക്കുന്ന പൗരന് അറിയേണ്ടത്, ഈ ആധാർ നിയമനിർമ്മാണ പ്രക്രിയയിൽ മണി ബില്ലിനെ ഒരു കുറുക്കുവഴിയാക്കി മാറ്റിക്കൊണ്ട്, രാജ്യസഭയെ അതിന്റെ ഭരണഘടനാപരമായ അധികാരത്തിൽ നിന്നും പുറത്തുനിർത്താനുള്ള എൻ ഡി എ സർക്കാരിന്റെ ഗൂഡലക്ഷ്യത്തെക്കുറിച്ച് ന്യായാധിപന്മാർ ജാഗ്രത പുലർത്തിയോ എന്നാണ്. അപകടകരമായ ഒരു കീഴ്വഴക്കത്തിന് സാധൂകരണം നല്കുകയല്ലേ ചെയ്തത്? ലോക്സഭയിൽ കേവലഭൂരിപക്ഷം മാത്രമുള്ള ഒരു സർക്കാരിന് നിയമനിർമ്മാണ പ്രക്രിയയിൽ രാജ്യസഭയേയും രാഷ്ട്രപതിയേയും നോക്കുകുത്തികളാക്കി മണി ബിൽ എന്ന കുറുക്കുവഴി തേടാമെന്നാണോ? ഒരു വാതിൽ, അഥവാ പിൻവാതിൽ, ഈ ഭൂരിപക്ഷ കൗശലത്തിന് തുറന്നുകൊടുത്തിരിക്കുകയാണോ?

ആധാർ ബിൽ മണി ബില്ലാക്കി കടത്തിയത് ഒരു ഭരണഘടനാ തട്ടിപ്പാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജന വിധിയിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷവിധി പൗരന്മാർക്ക് ആശ്വസിക്കാനുള്ള വകയൊന്നും നൽകുന്നില്ല. കണക്കപ്പിള്ളയുടെ തൊഴിൽപരമായ മന്ദതയാണ് ഭൂരിപക്ഷവിധിയിൽ കാണാനാവുക. അനുഛേദം 110 നിഷ്ക്കർഷിക്കുന്ന നിബന്ധനയെ മനപ്പൂർവം മറികടന്നപ്പോൾ തന്നെ സർക്കാർ കാര്യങ്ങൾ കുഴപ്പത്തിലാക്കി എന്നൊരു ധാരണയിലാണ് ജസ്റ്റിസ് സിക്രിയും സഹന്യായാധിപന്മാരും നീങ്ങിയത്. എന്നാൽ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കുന്ന പോലൊരു പ്രതിസന്ധിയിലായി 57-ആം വകുപ്പ് റദ്ദാക്കുമ്പോൾ ഭൂരിപക്ഷം. അപ്പോൾ ഭൂരിപക്ഷത്തിനുവേണ്ടിയുള്ള ജസ്റ്റിസ് സിക്രിയുടെ വിധിയിൽ മുഖം രക്ഷിക്കാൻ അവർ കണ്ടെത്തിയ ഏകവഴി സ്പീക്കറുടെ അധികാരങ്ങൾ കോടതികളുടെ പരിശോധനയ്ക്ക് വിധേയമാണ് എന്ന നിഗമനത്തിന്റെ ആവർത്തനമാണ്. ലോക്സഭാ സ്പീക്കറിൽ ‘ഭരണഘടനാപരമായ വിശ്വാസം’ അർപ്പിതമാണെന്നും അത് പക്ഷപാതരഹിതമായി വിനിയോഗിക്കേണ്ടതുണ്ടെന്നും ആവർത്തിച്ചു ചൂണ്ടിക്കാട്ടുന്നുണ്ട്. സുമിത്ര മഹാജനുള്ള ഒരു ചെറിയ ശാസന എന്നതിനേക്കാളേറെ ഈ അടിസ്ഥാനപ്രമാണം രാജ്യത്തിന്റെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും അടക്കമുള്ള മറ്റു ഭരണഘടനാ പദവികൾക്കും പ്രസക്തമാണ്.

എല്ലാ കോടതിവിധികൾക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടെന്ന തരത്തിൽ നോക്കിയാൽ, ആധാർ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. സുപ്രീം കോടതി വിധി ആധാർ നിയമത്തെ ഒന്നാകെയെടുത്ത് റദ്ദാക്കിയില്ലെങ്കിലും ഭൂരിപക്ഷ, ന്യൂനപക്ഷ വിധികൾ ഒരുപോലെ നരേന്ദ്ര മോദി സർക്കാരിന്റെ പരമാവധി ഭരണകൂടമെന്ന കടുംപിടിത്തത്തിനെ തള്ളിക്കളഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ലോക്സഭയിലെ ഭൂരിപക്ഷം വെച്ച്, ഭരണഘടനാ നിയന്ത്രണങ്ങളെ വകവെക്കാതെ, തങ്ങൾക്കും സ്വേച്ഛാധിപത്യവാഞ്ചയുള്ള തങ്ങളുടെ പ്രധാനമന്ത്രിക്കും എന്തും ചെയ്യാമെന്ന ധാരണയിലാണ് കഴിഞ്ഞ നാലുവർഷത്തെ എൻ ഡി എ സർക്കാർ മുന്നോട്ട് പോകുന്നത്. മോദി സർക്കാരിന്റെ മുഖമുദ്രയായ ഈ ഔദ്ധത്യത്തെയാണ് കോടതി നിരാകരിച്ചിരിക്കുന്നത്.

പരിമിത ഭരണനിർവ്വഹണത്തെക്കുറിച്ചുള്ള ചിന്തകൾ

പരിമിത ഭരണനിർവ്വഹണത്തിന്റെ സങ്കൽപ്പനങ്ങളെക്കുറിച്ചുള്ള ഒരു മധ്യസ്ഥമാണ് ഭൂരിപക്ഷവിധി. മോദി സർക്കാരിന്റെ മുഖമുദ്രയായ ഏകപക്ഷീയതക്കെതിരായ ഒരു നിരാകരണവും. ഏതു ഭാഗത്തുനിന്നും എടുത്താലും സ്വേച്ഛാധിപത്യത്തിനുള്ള അനുമതിയില്ല എന്നാണ് ന്യായാധിപന്മാർ പറയാൻ ശ്രമിച്ചത്. “ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം ഒരു പരിമിതപ്പെടുത്തുന്ന രേഖയുടേതാണ്, അത് ഭൂരിപക്ഷം ഭരണകൂടത്തെ തട്ടിയെടുക്കുന്നത് തടയുന്നു,” എന്ന് ഭൂരിപക്ഷവിധി പറയുന്നു. ഒരു സർവ്വവ്യാപിയായ ഭരണകൂടമെന്ന മോദി സർക്കാരിന്റെ പ്രമാണം ബഞ്ചിൽ ആരുംതന്നെ അംഗീകരിച്ചില്ല.

വിധിയിലുടനീളം കാണാനാകുന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചകളും നിരീക്ഷണങ്ങളുമാണ്. ഭരണഘടനാബദ്ധത, കോടതിയുടെ പരിശോധന അധികാരം, അധികാര വിഭജനം, പരിമിത സർക്കാർ എന്ന സങ്കല്പം എന്നിവയെല്ലാം വളരെ സൂക്ഷ്മമായി ചർച്ചചെയ്യപ്പെട്ടു. മറ്റൊരുതരത്തിൽ പറഞ്ഞാൽ എല്ലാവിധത്തിലുള്ള നെഹ്രൂവിയൻ ചിന്താധാരകളുടെയും ആവർത്തനമായിരുന്നു അത്.

‘സർക്കാരിനറിയാം എന്താണ് ഏറ്റവും നല്ലതെന്ന്’ എന്ന സർക്കാരിന്റെ അപ്രമാദിത്ത പ്രമാണത്തിൽ പിടിച്ചുതൂങ്ങാൻ അനുവദിക്കാതെ ഉദ്യോഗസ്ഥ സംവിധാനത്തിന് അതിന്റെ നടപടികൾക്ക് വിശദീകരണം നൽകേണ്ടതുണ്ടെന്ന് പറഞ്ഞത് സംതൃപ്തി തരുന്ന കാര്യമാണ്. ഉദാഹരണത്തിന് UDAI യുടെ കാര്യമെടുക്കാം. കുറച്ചുനാൾ മുമ്പുവരെ ഈ ‘സംവിധാനത്തിലെ’ ഏമാന്മാർ, അവരുടെ ഭീമൻ ഡാറ്റശേഖരത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകർക്കു നേരെ ഭീഷണി മുഴക്കിയിരുന്നു. അതെ ഉദ്യോഗസ്ഥപ്രഭുക്കൾക്കിപ്പോൾ പൗരസമൂഹത്തോട് അതിന്റെ ആശങ്കകകൾക്കും ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടിവന്നിരിക്കുകയാണ്.

അനുസരിക്കാനും വിധേയരാകാനും പൗരനെ നിര്‍ബന്ധിക്കുകയാണ് സ്വേച്ഛാധിപതിയും അയാളുടെ അനുചരവൃന്ദവും ചെയ്യുന്നത്. ആധാർ കേസും പൗരന്മാരെ ഭയപ്പെടുത്തുന്ന അതിന്റെ പരിപാടിയുടെ ഭാഗമായിരുന്നു. പിന്നെ അതിന്റെ മൂല്യം എന്തുതന്നെയായാലും “1.2 ബില്യൺ ജനങ്ങളെ കൂട്ടനിരീക്ഷണം നടത്തുക” എന്നത് “ഒരു അസംബന്ധമാണെന്നും” “അസാധ്യമാണെന്നും” ഉള്ള അറ്റോർണി ജനറലിന്റെ “ഉത്തരവാദിത്തമുള്ള” പ്രസ്താവനയെ ഭൂരിപക്ഷം അംഗീകരിച്ചു എന്നുണ്ട്.

“ന്യായമായ ഭരണകൂട താത്പര്യങ്ങളും” “ന്യായമായ ഭരണകൂട ലക്ഷ്യങ്ങളും” അംഗീകരിച്ചു എങ്കിലും ഇതെല്ലാം ആനുപാതിക പരിശോധനയ്ക്കു വിധേയമായിരിക്കും. ചക്രവർത്തിയുടെ സവിശേഷാധികാരങ്ങളെന്ന ആശയം അംഗീകരിക്കപ്പെട്ടില്ല.

“ഭരിക്കുന്ന സർക്കാർ ഭരണഘടനാപരമായ മാനദണ്ഡങ്ങൾക്കുള്ളിൽ പ്രവർത്തിക്കുകയും ഭരണഘടനാ ധാർമികതയെ അനുസരിക്കുകയും വേണം,” എന്ന് നമ്മെ ഓർമ്മിപ്പിച്ചതിന് തീർച്ചയായും ചരിത്രത്തിന്റെ കൃതജ്ഞത ജസ്റ്റിസ് ചന്ദ്രചൂഡ് നേടിയിരിക്കുന്നു. ഈ ഭരണഘടനാ ധാർമ്മികത സർക്കാർ മാറുമ്പോൾ മാറുന്ന ഒന്നല്ല എന്ന് അസാധാരണമായ വ്യക്തതയോടെ അദ്ദേഹം പറയുന്നു. എല്ലാത്തിനും പുറമെ, നമുക്ക്, “ഭരണത്തിലിരിക്കുന്നവരുടെ താത്പര്യങ്ങൾക്കനുസരിച്ചല്ല, മറിച്ച് നിയമവാഴ്ച്ച ഉറപ്പുവരുത്തുന്ന പരിശോധനകളും സന്തുലനങ്ങളുമുള്ള ഒരു സംവിധാനവുമുണ്ട്”. “അമിതാധികാരം” ഭരണഘടന നിർണയിച്ച സംവിധാനങ്ങൾ അനുസരിച്ച് നിയന്ത്രിക്കപ്പെടണം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ആധാർ വിധിയുടെ ഈ കാമ്പ് എന്ന് പറയുന്നത്, അമിതാധികാരത്തിനുള്ള താക്കീതാണ്. അപ്രമാദിയായ നേതാവെന്ന സിദ്ധാന്തക്കാർക്കു കോടതിവിധി ആശ്വാസം നൽകില്ല. ജനാധിപത്യത്തിനത് നല്ല ദിവസമാണ്.

പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും ആധാറെടുത്ത ജീവിതങ്ങൾക്ക് ആര് സമാധാനം പറയും?

“സുപ്രീം കോടതിയിലെ ഭിന്നത ഇല്ലെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു”

ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ്; സുപ്രീം കോടതിയിലെ ‘സേഫ്റ്റി വാല്‍വ്’

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍