UPDATES

അങ്ങനെയെങ്കില്‍ സംഘപരിവാറുകാരേ, സൗമ്യ, നിര്‍ഭയ എന്നീ പേരുകള്‍ പോലും നിങ്ങളിനി മിണ്ടരുത്

പേരും പ്രശസ്തിയും നോക്കി പ്രതിഷേധിക്കാനായിരുന്നെങ്കില്‍ നിങ്ങളുടെ ‘വീരബലിദാനി’കളുടേതുള്‍പ്പടെ പല രക്തസാക്ഷികളുടെയും പേര് ഒരു പഞ്ചായത്തിനപ്പുറത്തേക്ക് പോലും കേള്‍ക്കില്ലയിരുന്നു

‘സത്യം പറയണം. മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട് കേരളത്തില്‍? നാട്ടുകാരുടെ കാര്യം പോട്ടെ’- ടി.ജി മോഹന്‍ദാസ്.

ഇത്രമേല്‍ പരിഹാസതോടെ മറ്റാരും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരാമര്‍ശിച്ചിട്ടുണ്ടാവില്ല. കുടിലത നിറഞ്ഞ ബൗദ്ധിക നിലവാരം കൊണ്ട് അയാള്‍ ആ ‘കൊലപാതക’ത്തെ ഊരും പേരുമൊന്നും അറിയാത്ത ഏതോ ഒരു സ്ത്രീയുടെ സാധാരണ ‘മരണ’മാക്കിക്കളഞ്ഞു. അതുതന്നെയാണ് ആ രാഷ്ട്രീയത്തിന്റെ ബൗദ്ധിക പ്രമുഖ് ആയിരിക്കാനുള്ള ഏറ്റവും വലിയ യോഗ്യതയും. പക്ഷേ എത്രയൊക്കെ മറച്ചുപിടിച്ചിട്ടും ആ വരികള്‍ക്കിടയില്‍ നിന്ന് വന്യമായ ഒരു ആഹ്ലാദത്തിന്റെ നുര പുളിച്ചു പൊന്തുന്നത് കാണാം, അത് ഈ പൊതുസമൂഹത്തോട് വിളിച്ച് പറയുന്നുണ്ട്, ആരാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകിയെന്ന്.

അതേ, ‘ഗൗരി ലങ്കേഷ്’ എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അവര്‍ കൊല്ലപ്പെട്ട ആ രാത്രിയാണ്. അതിന് മുന്‍പ് വരെ അവരെക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന കേരളത്തിലെ ഭൂരിപക്ഷം വരുന്ന ‘നാട്ടുകാരു’ടെ പ്രതിനിധിയാണ് ഞാന്‍. അതിനര്‍ത്ഥം, എക്കാലവും ഞാന്‍ അവരെ അറിയാതിരിക്കും എന്നല്ല, കഴിഞ്ഞ ചൊവ്വാഴ്ച വരെ, ദേഹത്തു വെടിയുണ്ടകള്‍ തുളച്ചുകയറുന്നതുവരെ, മാത്രമേ എനിക്കവര്‍ അന്യയായിരുന്നുള്ളൂ. ഇന്ന് എനിക്കവരെ പരിചയമുണ്ട്, സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ആരോ വെടിവെച്ചു കൊലപ്പെടുത്തിയ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തക എന്ന പേരിലല്ല, മറിച്ച്, മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന്റെ പേരില്‍, എടുത്ത നിലപാടുകളുടെ പേരില്‍, നിഷ്ഠൂരമായി കൊല്ലപ്പെട്ട ധീരയായ പത്രപ്രവര്‍ത്തകയായി എനിക്കവരെയറിയാം.

പേര് കേട്ടിട്ടുള്ളവരോ, നേരിട്ടറിയുന്നവരോ ആയ കൂട്ടക്കാര്‍ കൊല്ലപ്പെടുമ്പോഴോ, ആക്രമിക്കപ്പെടുമ്പോളോ മാത്രമായിരിക്കാം നിങ്ങളുടെ സംഘപരിവാര സമൂഹം പ്രതിഷേധിക്കുന്നത്. പക്ഷേ പൊതുസമൂഹം മുഴുവനും അതുപോലെയാകണം എന്ന് ശഠിക്കരുത്, അത് വിഡ്ഡിത്തമാണ്. ‘നിര്‍ഭയ’ സംഭവത്തില്‍ ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയവരില്‍ ഭൂരിഭാഗവും ആ പെണ്‍കുട്ടിയുടെ പേരറിയാത്തവരായിരുന്നു, അന്നും ഇന്നും ആ പെണ്‍കുട്ടിയുടെ മുഖം അറിയാത്തവരാണ് ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. പ്രതിഷേധിക്കാന്‍ അതൊരു തടസമായി അവര്‍ക്കാര്‍ക്കും തോന്നിയില്ല, ഇനിയൊട്ട് തോന്നുകയുമില്ല. കാരണം അങ്ങനെയാണ് ഒരു ജനാധിപത്യ സമൂഹം ഇനിയൊരിക്കലും ആവര്‍ത്തിച്ചുകൂടാത്ത ചെയ്തികളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ജനപ്രതിനിധികളുടെയോ മാധ്യമ പ്രവര്‍ത്തകരുടെയോ ഒരു ചോദ്യത്തെ പോലും നേരിടാന്‍ കരുത്തില്ലാതെ ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നയിക്കുന്ന വീരപുരുഷന്റെ ആരാധകരോട് ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചു പറഞ്ഞിട്ട് പ്രയോജനമില്ല എന്നറിയാം, എങ്കിലും, ഈ രാജ്യത്ത് ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ ബാക്കിയുണ്ട് എന്ന് നിങ്ങളെ ഓര്‍മ്മിപ്പിച്ചതാണ്.

പേരും പ്രശസ്തിയും നോക്കി പ്രതിഷേധിക്കാനായിരുന്നെങ്കില്‍ നിങ്ങളുടെ ‘വീരബലിദാനി’കളുടേതുള്‍പ്പടെ പല രക്തസാക്ഷികളുടെയും പേര് ഒരു പഞ്ചായത്തിനപ്പുറത്തേക്ക് പോലും കേള്‍ക്കില്ലയിരുന്നു. ടി.പി ചന്ദ്രശേഖരന്റെയും ജയകൃഷ്ണന്‍ മാസ്റ്ററിന്റെയുമൊക്കെ കൊലപാതകങ്ങള്‍ പേരറിയാത്തവരുടെ വെറും മരണങ്ങളായി മാറിയേനെ. മനുഷ്യത്വവും ജനാധിപത്യ ബോധവുമാണ് ഇവിടെയെല്ലാം എതിര്‍ശബ്ദമുയര്‍ത്താന്‍ ‘മനുഷ്യര്‍’ മാനദണ്ഡമാക്കിയത്. മറിച്ച് മുകളില്‍ പറഞ്ഞതാണ് പ്രതിഷേധിക്കാനുള്ള നിങ്ങളുടെ മാനദണ്ഡമെങ്കില്‍ ഇനി അങ്ങോട്ട് ഓരോ സംഘപരിവാറുകാരനും ‘നിര്‍ഭയ’ എന്നോ ‘സൗമ്യ’ എന്നോ ഒക്കെ ഉച്ഛരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു തര്‍ക്കത്തിനായി പോലും ടി.പിയുടെയോ, തലശ്ശേരിയിലെ മുഹമ്മദ് ഫൈസലിന്റെയോ, എന്തിന് ഹേമന്ദ് കര്‍ക്കറേയുടെയോ, സന്ദീപ് ഉണ്ണികൃഷ്ണന്റെയോ അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന ഒരു സാധാരണ സൈനികന്റെയോ പേര് ഉരിയാടാതെ നോക്കണം, കാരണം ഇവരുടെയൊക്കെ മരണമാണ് നിങ്ങള്‍ക്ക് അവരെ പരിചിതരാക്കിയത്, അതിന് മുന്‍പ് അവരെ നിങ്ങള്‍ക്കറിയില്ലായിരുന്നു, പലരുടെയും പേര് കേട്ടിട്ട് പോലുമില്ലായിരുന്നു.

പക്ഷേ ഈ ജനാധിപത്യ സമൂഹം അഖ്‌ലാഖിന്റെയും പെഹ്ലു ഖാന്റെയും കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും ധബോല്‍ക്കറുടെയും, ഇനിമുതല്‍ ഗൗരി ലങ്കേഷിന്റെയും പേരുകള്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും, കാരണം അവരെ എല്ലാവരെയും ഈ സമൂഹത്തിന് പരിചയപ്പെടുത്തിയത് മരണമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിഖില്‍ ബോസ്

നിഖില്‍ ബോസ്

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു. നിയമ ബിരുദധാരി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍