UPDATES

ടീസ്റ്റ സെറ്റല്‍വാദ്

കാഴ്ചപ്പാട്

ഇന്ത്യയുടെ പേരില്‍

ടീസ്റ്റ സെറ്റല്‍വാദ്

ഒരു റിപ്പബ്ലിക്കിന്റെ പൗരത്വ അപനിർമ്മാണം അസമില്‍ നിന്ന് തുടങ്ങുമ്പോള്‍- ടീസ്റ്റ സെറ്റൽവാദ് എഴുതുന്നു

മാനുഷിക പ്രതിസന്ധി മാത്രമല്ല കലാപവും അസംതൃപ്തിയും വലിയ തോതിൽ ഉണ്ടാക്കാനിടയുള്ള ഒരു അപകടകരമായ കളിയാണ് ഭരണകക്ഷി NRC, പൌരത്വ ഭേദഗതി ബില്‍ എന്നിവയിലൂടെ കളിക്കുന്നത്

ഒരു രാജ്യത്തിന്, അത് രൂപീകരിക്കപ്പെട്ട് 71 വർഷങ്ങൾക്ക് ശേഷം പൗരത്വത്തിന്റെ അടിത്തറയെത്തന്നെ തലകുത്തനെയാക്കാൻ കഴിയുമോ? കടുത്ത രീതിയിൽ ആധിപത്യ സ്വഭാവമുള്ള രണ്ടു സർക്കാരുകൾക്ക് കീഴിൽ, യു എസിലും ഇന്ത്യയിലും നടക്കുന്ന സംഭവങ്ങൾ അങ്ങനെ കഴിയും എന്നാണു തോന്നിക്കുന്നത്. കുടുംബങ്ങൾ പിളരുമ്പോഴും മതിലും വേലിയും സംബന്ധിച്ച ചർച്ചകൾ ഉന്മാദത്തിന്റെ അവസ്ഥയിലെത്തുകയും ചെയ്യുമ്പോഴും, ഈ ദേശങ്ങളിലെ ഉന്നത കോടതികൾ പോലും അവയുടെ നിർമ്മിതിയെത്തന്നെ അടിസ്ഥാനപരമായി മാറ്റുന്ന ഇത്തരം നിലപാടുകളെ യാന്ത്രികമായി അംഗീകരിക്കുകയും ചെയ്യുമ്പോൾ ദുരന്തത്തിന്റെ മാനം വളരെ വലുതാണ്.

ഇന്ത്യയിൽ ഇപ്പോൾ പൗരന്മാരുടെ ദേശീയ പട്ടികയിൽ നിന്നും (National Register of Citizens-NRC) അമ്പരപ്പിക്കുന്ന തരത്തിൽ 4 ദശലക്ഷത്തിലേറെ ആളുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ബംഗ്ളാദേശ് യുദ്ധത്തെത്തുടർന്ന് (1971) പതിറ്റാണ്ടുകൾക്ക് മുമ്പ് അസമിനെ പിടിച്ചുകുലുക്കിയ വിദേശികൾക്കെതിരായ മുന്നേറ്റത്തിലാണ് ഈ പ്രക്രിയയുടെ വേരുകൾ കിടക്കുന്നത്.

പട്ടികയിൽ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ഡിസംബർ 15-ൽ നിന്നും ഡിസംബർ 31-ലേക്ക് നീട്ടിയിട്ടുണ്ടെങ്കിലും ഏതാണ്ട് 30 ലക്ഷം പേർ ആ പ്രക്രിയ പൂർത്തിയാക്കി. അതായത് പ്രതിദിനം ഏതാണ്ട് 15,000 അപേക്ഷകൾ. ഇനിയുള്ള കുറഞ്ഞ ദിവസങ്ങൾ കണക്കിലെടുക്കുമ്പോൾ അതിലെ അവധി ദിനങ്ങളും കൂട്ടിയാൽ ബാക്കിയുള്ളയാളുകൾക്ക് മുഴുവനും അപേക്ഷ നൽകാൻ കഴിയില്ല എന്ന വലിയ അപകടമുണ്ട്. പരിശോധനയ്ക്കുള്ള അന്തിമ സമയം 2019 ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും NRC കൊണ്ടുവരാനുള്ള ഭീഷണി ഇതിനൊപ്പമുണ്ട്. കൊൽക്കത്തയിൽ ബംഗ്ളാദേശി കുടിയേറ്റക്കാർക്കെതിരെ NRC നടപ്പാക്കണമെന്ന് ചില എബിവിപി നേതാക്കൾ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ Sabrang India വഴി ഞങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. ബിജെപിയുടെ ദേശീയ അധ്യക്ഷൻ പശ്ചിമ ബംഗാളിൽ NRC നടപ്പാക്കാൻ ഇതൊരു ആയുധമാക്കുകയാണ് എന്നുകൂടി മനസിലാക്കണം. അജണ്ട വളരെ വ്യക്തമാണ്-ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കുഴപ്പങ്ങളുണ്ടാക്കുക.

2018 ജൂലായ് 30-ന് 40 ലക്ഷത്തിലേറെ ആളുകൾ പൗരത്വത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു. ആ പ്രക്രിയയുടെ കാര്യക്ഷമത തന്നെ ഇതിലൂടെ ചെയ്യപ്പെട്ടു. തങ്ങളുടെ നിർദ്ദേശപ്രകാരം നടന്ന ഈ പ്രക്രിയയിൽ ആരെയും അന്യായമായി ഈ പട്ടികയിൽ നിന്നും ഒഴിവാക്കില്ലെന്നു സുപ്രീം കോടതി ഉറപ്പ് നൽകിയെങ്കിലും ഉദ്യോഗസ്ഥ അലംഭാവം, സങ്കുചിത പ്രാദേശികവാദം , ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴുള്ള മത മേൽക്കൈ എന്നിവ അപകടകരമായ ഒരു മിശ്രിതമാണ്. നീതിക്കും മനുഷ്യത്വ പ്രതിസന്ധി പരിഹരിക്കുന്നതിനും വേണ്ടിയുള്ള കോടതി നടപടികൾക്കു വേണ്ടിവരുന്ന ദുഷ്ക്കരവും സമയമെടുക്കുന്നതുമായ നടപടിക്രമങ്ങൾ ഇതിനെ ഭീമമായ ദുരിതതലത്തിലെത്തിക്കുന്നു.

എന്തായിരുന്നു അസം മുന്നേറ്റം? ‘കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരും എന്ന മാതൃകയെ’ ലക്ഷ്യമിട്ട, തൊഴിലില്ലായ്മയിൽ നിന്നും ഉടലെടുത്ത അക്രമാസക്തമായ, സങ്കുചിതമായ ശബ്ദായമാനമായ ഒരു മുന്നേറ്റമായിരുന്നു അത്. അസമീസ് സമൂഹത്തിലാകെ പടർന്ന ഈ വികാരമാണ് ഇത്തരത്തിലൊരു രജിസ്റ്ററിനും കോടതി അതിന്റെ മേൽനോട്ടക്കാരനാകുന്നതിലേക്കും നയിച്ചത്. 1970-കളുടെ പകുതി മുതൽ ‘പുറത്തുനിന്നുള്ളവർ’ക്കെതിരെയുള്ള ശക്തമായ തെരുവുജാഥകൾ നടക്കുന്ന ഒരു അന്തരീക്ഷത്തിൽ ഈ വിഷയത്തിൽ യുക്തിസഹമായ ഒരു സംവാദം പോലും അസാധ്യമായിത്തീർന്നു. 1985-ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രക്ഷോഭത്തിലുള്ള വിദ്യാർത്ഥികളുമായി ഒരു കരാറിൽ ഒപ്പിട്ടു. എല്ലാ ‘അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരെ’യും പുറത്താക്കുമെന്നുള്ള കുഴപ്പം പിടിച്ച ലക്ഷ്യത്തോടെയുള്ളതായിരുന്നു കരാർ. ഈ വികാരം ഈ വടക്കു കിഴക്കൻ സംസ്ഥാനത്ത് ഉറച്ചു. എല്ലാ ‘അനധികൃത കുടിയേറ്റക്കാരെ’യും മതം നോക്കാതെ പുറത്താക്കണമെന്നാണ് അസമിലെ പൊതു അഭിപ്രായം. മറ്റൊരുതരത്തിൽ സാംസ്കാരിക വൈവിധ്യം നിറഞ്ഞതും സങ്കീർണവുമായ വടക്കു കിഴക്കൻ പ്രദേശത്ത് (ബ്രിട്ടീഷുകാർ ‘വടക്കു കിഴക്കൻ’ എന്ന് വിളിച്ച ഈ മേഖലയിൽ 7 സംസ്ഥാനങ്ങളാണുള്ളത്) 2016-ൽ ബിജെപി ആദ്യമായി-അസമിൽ- അധികാരത്തിലെത്തി. അതിനുശേഷം 25 കൊല്ലക്കാലം ഇടതുകോട്ടയായിരുന്ന ത്രിപുരയും അവർ പിടിച്ചെടുത്തു.

അസം കരട് പൗരത്വ പട്ടികയില്‍ 40 ലക്ഷം പേര്‍ പുറത്ത്; ആ മനുഷ്യര്‍ ഇനി എന്തു ചെയ്യും?

2018: NRC അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പുള്ള മാസങ്ങൾ അതുകൊണ്ടുതന്നെ പൗരത്വ (ഭേദഗതി) ബിൽ, 2016-നു എതിരെയുള്ള പ്രതിഷധങ്ങളും നിറഞ്ഞതായിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകൾ NRC അന്തിമ പട്ടിക തയ്യാറാക്കാനുള്ള പ്രക്രിയയുടെ സമയത്തെ, ബില്ലിന്മേലുള്ള തങ്ങളുടെ യഥാർത്ഥ നിലപാടുകൾ മറച്ചുവെക്കാനാണ് ഉപയോഗിക്കുന്നത്.

നരേന്ദ്ര മോദി സർക്കാർ പാർലമെൻറ്റിൽ അവതരിപ്പിച്ച പൗരത്വ (ഭേദഗതി) ബിൽ 2016, അസമിലും മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ബംഗ്ളാദേശിൽ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത ‘അനധികൃത കുടിയേറ്റക്കാരി’ൽ മുസ്ലീങ്ങളോ ജൂതരോ അല്ലാതിരിക്കുന്നിടത്തോളം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം എന്നാണു ഭേദഗതി. ബില്ലിലെ പ്രസ്താവനയും കാരണങ്ങളും പറയുന്നത്, “നിലവിലുള്ള 1955-ലെ പൗരത്വ നിയമത്തിനു കീഴിൽ ആറ് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ആളുകൾ-, അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ-ഇന്ത്യയിലേക്ക് നിയമപരമായ യാത്ര രേഖകളില്ലാതെ വരികയോ അല്ലെങ്കിൽ അവരുടെ യാത്രാ രേഖകളുടെ കാലാവധി അവസാനിക്കുകയോ ചെയ്താൽ അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും അവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാൻ അർഹതയില്ലാത്ത വരികയും ചെയ്യുന്നു. അവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാൻ സാധ്യമാക്കുന്നതിനാണ് നിർദേശം.” പൗരത്വത്തിന് അപേക്ഷിക്കുന്നതിനാവശ്യമായ ഇന്ത്യയിലെ താമസക്കാലം നിലവിലുള്ള 11-ൽ നിന്നും 6 വർഷമായി കുറയ്ക്കാനും ബില്ലിൽ ശുപാർശ ചെയ്യുന്നു.

ഇന്ന് സ്വാധീനം ചെലുത്താൻ ശേഷിയുള്ള മധ്യവർഗത്തിനിടയിൽ അസമിലെ വികാരം, ഈ വിരുദ്ധ, കടുംപിടിത്ത സ്വഭാവം നിലനിർത്തുന്നു. അടിസ്ഥാനപരമായി മാറിയത് രാജ്യതലസ്ഥാനമായ ഡൽഹിയിലെ രാഷ്ട്രീയമാണ്. ഇപ്പോൾ കേന്ദ്ര സർക്കാർ ഒരു അജണ്ട വെച്ചിരിക്കുന്നു: വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെ മാറ്റുന്ന ഒന്ന്. ഇത് കൂടാതെ വ്യക്തികളെ വിദേശികളും (വിദേശ ട്രൈബ്യൂണൽ) ‘D’ വോട്ടർമാരും, ‘സംശയിക്കുന്ന സമ്മതിദായകരും (കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ) പ്രഖ്യാപിക്കുന്ന വളരെ സംശയമുണ്ടാക്കുന്നതും ഒട്ടും പരിശോധിക്കപ്പെട്ടിട്ടില്ലാത്തതുമായ ഇരട്ട പ്രക്രിയ, ഈ രണ്ടിൽ നിന്നും തികച്ചും വ്യത്യസ്തമായി നടക്കേണ്ട മറ്റൊരു പ്രക്രിയയെ -അത് ന്യായമാണെങ്കിൽ- ഇതുമായി കൂട്ടിക്കെട്ടുകയും സങ്കീര്‍ണമാക്കുകയും ചെയ്തിരിക്കുന്നു.

ഈ മാറ്റവും സങ്കീർണതയുമാണ് NRC പ്രക്രിയയെ ഇത്രയും സങ്കീർണവും കുഴഞ്ഞതുമാക്കിയത്. അനധികൃത കുടിയേറ്റക്കാർ പ്രത്യേകിച്ചും അവർ മുസ്ലീങ്ങളാണെങ്കിൽ, അവർക്ക് നേരെയുള്ള ഉന്മാദം നിറഞ്ഞ വിദ്വേഷം നരേന്ദ്ര മോദിയുടെയും മറ്റു കക്ഷികളിലെ നേതാക്കളുടെയും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും മുന്തിനിന്നു.

2009 മുതൽക്ക് വേഗം കൂട്ടിയ ഈ കരട് രജിസ്റ്റർ തയ്യാറാക്കൽ പ്രക്രിയ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. പക്ഷെ കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പ്രക്രിയ അടിത്തട്ടിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്നും മുക്തമാണെന്നു പറയാനാവില്ല. “Who Is an Indian? Can the NRC decide?” (ആഗസ്റ്റ് 2, 2018) എന്ന എന്റെ മുഖപ്രസംഗത്തിൽ ഞാൻ വാദിച്ചപോലെ, “അസം ജനതയിലെ വിവിധ വിഭാഗങ്ങളുടെ വലിയ പിന്തുണയുള്ള NRC, ഉന്മാദത്തോളം എത്തുന്ന ശക്തമായ പ്രാദേശിക വികാരത്താൽ നീങ്ങുന്ന രാഷ്ട്രീയവും നിയമപരവുമായ ഒരുപാട് സങ്കീർണതകളിൽ കുടുങ്ങിക്കിടക്കുകയാണ്. NRC, അതിന്റെ നിർവചനമനുസരിച്ച് പൗരന്മാരുടെ പട്ടികയാണ്. അസമിൽ NRC തയ്യാറാക്കുന്നതിലെ പ്രശ്നം, നിയമാനുസൃത കുടിയേറ്റക്കാരിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ, ഒരു പ്രത്യേക സാംസ്കാരിക, വംശ, ഭാഷ സ്വത്വമുള്ളവർ കുടിയേറ്റക്കാരാണ് എന്ന് സ്ഥാപിക്കാൻ ഈ സംവിധാനം ഒരുപകരണമാക്കുന്നു എന്നാണ്. തെളിവ് ഭാരം മാറ്റുന്നു എന്നുള്ളതിനാൽ ഇത് ഭരണഘടനയ്ക്കും പൗരത്വ നിയമത്തിനും എതിരാണ്. ഇത് രേഖകളും മറ്റും കിട്ടാൻ സൗകര്യമില്ലാത്തവരെയും കുഴപ്പത്തിലാക്കുന്നു. ഇവരിലേറെയും നിത്യവും ഭരണകൂടത്തിന്റെ ഇരകളായ ദരിദ്രരാണ്. കുടിയേറ്റക്കാരെക്കുറിച്ചുള്ള ഇത്തരത്തിലൊരു ധാരണ സംസ്ഥാനത്തെ 12 ശതമാനം പേരെ ഉൾക്കൊള്ളുന്നതിനേക്കാളേറെ ഒഴിവാക്കുന്നതിന് തുനിയുന്ന ഒരു ഏകപക്ഷീയമായ പ്രക്രിയയിലേക്കു തള്ളിയിടുന്നു.

വിവാദമായ NRC പ്രസിദ്ധീകരിച്ച നാല് ദിവസത്തിനു ശേഷം നമ്മളോട് പറയുന്നത് പുറന്തള്ളപ്പെട്ടവരിൽ 55 ശതമാനവും സ്ത്രീകളാണ്, 1 ലക്ഷത്തിലേറെ പേര് ഗോർഖ ഗോത്രക്കാരാണ്, അയൽസംസ്ഥാനമായ ബംഗാൾ NRC അയച്ച 100000 ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല എന്നെല്ലാമായിരുന്നു. ഈ തലതിരിഞ്ഞ പ്രക്രിയയുടെ അടയാളങ്ങളായി ചരിത്രം ചിലതെല്ലാം രേഖപ്പെടുത്തിവെക്കും; 1857-ലെ സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാരോട് പോരാടിയ കുടുംബത്തിൽപ്പെട്ട ഒരാൾ, ഒരു സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതിയുടെ മരുമകൻ, അസം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ, ഒരു ഹിന്ദു ബംഗാളി തൊഴിലാളി, ഒരു ഗർഭിണിയായ സ്ത്രീ… ഇവരെല്ലാവരും – 40 ലക്ഷം പേരും NRC-ക്ക് പുറത്താണ്. അകത്തുകയറാന്‍ ചിലർക്ക് എന്തായാലും മറ്റു പലരേക്കാളും ബുദ്ധിമുട്ടായിരിക്കും.”

അസം കത്തുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ

NRC പ്രക്രിയയിലെ പല ഹൃദയഭേദകമായ കഥകളും മാധ്യമങ്ങൾ ഈ പ്രക്രിയ റിപ്പോർട്ട് ചെയ്തതിലെ വലിയ വിടവിനെക്കൂടി കാണിക്കുന്നതായിരുന്നു. പതിറ്റാണ്ടുകളായുള്ള വിദേശി ട്രൈബ്യൂണലുകളുടെ പ്രവർത്തനവും വ്യക്തികളെ വിദേശികളായി പ്രഖ്യാപിക്കുന്ന സംശയകരമായ വിധികളും അവയെ മിക്കപ്പോഴും ഉയർന്ന കോടതികൾ റദ്ദാക്കുന്നതുമെല്ലാം, ഈ പ്രക്രിയയിൽ ചോദ്യം ചെയ്യപ്പെടാതെ ഇന്ത്യയുടെ മുഖ്യധാരയുടെ കണ്ണിൽപ്പെടാതെ നടന്നു.

ഏഴു വര്‍ഷം മുമ്പ് ഒരു ഭാര്യയെ, അമ്മയെ ട്രൈബ്യൂണൽ വിദേശിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് നഷ്ടപ്പെട്ട കുടുംബത്തിന് പോരാടാനുള്ള ശേഷിയുണ്ടായിരുന്നില്ല. അവൾ എവിടെയാണെന്ന് അവർക്കറിയില്ല. ഇന്ത്യൻ അതിർത്തി സേന മടക്കിയയച്ചോ? ഏഴു വർഷം മുമ്പ് ഐനുൽ ഹഖിന്റെ ഭാര്യയെ വിദേശിയായി പ്രഖ്യാപിച്ച് തടഞ്ഞുവെക്കൽ താവളത്തിലേക്കയച്ചു. അതിനുശേഷം കുടുംബത്തെ അറിയിക്കാതെ അവരെ ബംഗ്ളാദേശിലേക്ക് മടക്കി അയച്ചു. അവൾ ഇന്ത്യക്കാരിയാണെന്നു തെളിയിക്കാൻ ഹഖിന്റെ കയ്യിൽ രേഖകളുണ്ട്. ഇതാണോ ഉത്തരവാദിത്തവും നിയമപരമായ പ്രക്രിയയും?

ഔദ്യോഗിക രേഖകളിലെ പേരിൽ ചെറിയ വ്യത്യാസം കണ്ടതിനെത്തുടർന്ന് സക്കേൻ അലി അഞ്ചു വർഷമായി തടഞ്ഞുവെക്കൽ താവളത്തിലാണ്. ഇപ്പോളിതാ അയാളുടെ കുടുംബാംഗങ്ങളും അതെ വിധി നേരിടുന്നു. ‘ബംഗ്ളാദേശികൾ’ക്ക്, ‘അനധികൃത കുടിയേറ്റക്കാർക്ക്’ കരുതിവച്ചിരിക്കുന്ന വിധി, മരണത്തെക്കാൾ കഷ്ടം.

ഞാനന്ന് ഇങ്ങനെയും വാദിച്ചു,

ഈ പ്രക്രിയയും (NRC) സമ്മതിദായകരെ D വോട്ടർമാരും (സംശയമുള്ളവർ) അല്ലെങ്കിൽ DF (Declared Foreigner ) ആയി പ്രഖ്യാപിക്കുന്നതും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞാലും വാസ്തവം അതല്ല. രണ്ടാമത്തെ രണ്ടു കാര്യങ്ങളും മറ്റൊരു നിയമത്തിനു കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈകാര്യം ചെയ്യുന്നതാണെങ്കിൽ NRC അധികൃതർ ഏകപക്ഷീയമായി തെളിവ് ഭാരത്തിലും D വോട്ടർമാരുടെ കാര്യത്തിലും വിദേശികളാണ് പ്രഖ്യാപിക്കുന്നതിലുമൊക്കെ ട്രൈബ്യൂണലുകളുടെ അധികാരം സ്വയം ഏറ്റെടുക്കുകയും അവസാന നിമിഷ, വിവാദ ഉത്തരവുകളൊക്കെ (മെയ് 1, 2 ഉത്തരവുകൾ) പുറപ്പെടുവിക്കുകയും ചെയ്തു. NRC യിൽ ഇടം പിടിക്കാത്തവർ ആറ് പ്രദേശങ്ങളിലായി അസമിലെ ജയിലുകളിലെ ഇടുങ്ങിയ മുറികളായ തഞ്ഞുവെക്കൽ താവളങ്ങളിൽ നരകിക്കാനാണ് വിധി. സംസ്ഥാനത്തെ 100 വിദേശി ട്രൈബ്യൂണലുകൾ വിദേശികളാണ് എന്നു പ്രഖ്യാപിച്ചവരുടെ ഗതിയിതാണ്. ഇത്തരം ഉത്തരവുകളിൽ 80 ശതമാനവും ഉയർന്ന കോടതികൾ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ടവരെ NRC-യിൽ ചേർക്കില്ലെന്നും പറഞ്ഞിട്ടുണ്ട്”.

ഇതുകൂടാതെ പ്രാദേശിക വംശങ്ങളും വൈവിധ്യങ്ങളും കണക്കിലെടുക്കാത്ത ഉദ്യോഗസ്ഥ അലംഭാവവും പ്രക്രിയയെ കൂടുതൽ കുഴപ്പത്തിലാക്കി. ബ്രഹമപുത്ര തീരത്തിനാണ് അസമിന്റെ ബോധത്തിൽ ആധിപത്യമെങ്കിലും, സിൽച്ചാർ അടങ്ങുന്ന ധാരാളമായി ബംഗാളി സംസാരിക്കുന്ന ബരാക് തീരവും അസമിന്റെ ഭാഗം തന്നെയാണ്. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കൾ കൂടുതലുള്ള ജില്ലകളിൽ നിന്നാണ് കൂടുതൽപ്പേരെ ഒഴിവാക്കിയിട്ടുള്ളതെന്നും ഞങ്ങളുടെ ആദ്യപഠനത്തിൽ കണ്ടു.

“അസമിൽ ഇപ്പോൾ 33 ജില്ലകളുണ്ട്. ഇതിൽ 10 എണ്ണത്തിൽ 50 ശതമാനത്തിലേറെ മുസ്ലീങ്ങളാണ്. എന്നാൽ ഇതിൽ ദറാങ് ഒഴിച്ച് ബാക്കി 9 ജില്ലകളിലും മുസ്ലീങ്ങൾ കുറവുള്ള ജില്ലകളിലേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് NRC പട്ടികയിൽ നിന്നും ആളുകൾ പുറത്തായിട്ടുള്ളത്. ഈ സാഹചര്യം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽ പലരിലും ഭയവും അസംതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്.”

ഇതൊരു യാദൃശ്ചികതയാണോ അതോ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണ ലഭിക്കാനുള്ള ഒരു ആസൂത്രിത തന്ത്രമാണോ? ഭേദഗതി ബിൽ വിവാദം ഉണ്ടാകുന്നതിന് ഒരു കൊല്ലം മുമ്പ് 2015 ഡിസംബറിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ബംഗാൾ ചുമതലക്കാരനുമായ കൈലാഷ് വിജയവർഗിയ ആവശ്യപ്പെട്ടത്, 1970 മുതൽ ബംഗ്ളാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വന്ന എല്ലാ ഹിന്ദുക്കൾക്കും പാർലമെന്റ് ഭേദഗതി അംഗീകരിച്ചതിനു ശേഷം പൗരത്വം നൽകണം എന്നാണ്.

ഇന്നിപ്പോൾ വിജയവർഗിയയെപ്പോലുള്ള ഭരണകക്ഷി നേതാക്കൾ പ്രാദേശിക വികാരത്തോടൊപ്പം മതവികാരവും ചേർത്ത് മുതലെടുപ്പ് നടത്താമെന്നുള്ള ആത്മവിശ്വാസത്തിലാണ്. ഓഗസ്റ്റ്  മൂന്നിന് അയാൾ പറഞ്ഞതായി വന്ന വാർത്ത ഇങ്ങനെയാണ്:
ഞങ്ങൾ അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിച്ചിട്ടുണ്ട്. ഒന്ന് വേട്ടയാടപ്പെട്ട ഹിന്ദുക്കളാണ്. മറ്റൊന്ന് രാജ്യത്തുനിന്നും സാമ്പത്തിക സഹായം നേടാനായി നുഴഞ്ഞുകയറിയ ബംഗ്ളാദേശി മുസ്ലീങ്ങളാണ്. അതുകൊണ്ട് ഹിന്ദുക്കളും മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാരും വിഷമിക്കേണ്ടതില്ല. ആവശ്യമായ രേഖകൾ നൽകാൻ കഴിഞ്ഞില്ലെങ്കിലും സർക്കാർ അവരെ സംരക്ഷിക്കും.” അതുമാത്രമല്ല, “പാർലമെന്റിൽ ഞങ്ങൾ പൗരത്വ ഭേദഗതി കൊണ്ടുവരുന്നതോടെ അവർക്ക് പൗരത്വവും നൽകും. പക്ഷെ ബംഗ്ളാദേശി മുസ്ലീങ്ങൾ പണത്തിനായി നുഴഞ്ഞുകയറിയതാണ്. അവർ വേട്ടയാടപ്പെട്ടവരല്ല. അവരെയെന്തിനാണ് സംരക്ഷിക്കുന്നത്?”

ഇത്തരത്തിൽ ഒഴിവാക്കലുകളും പിഴവുകളും നിറഞ്ഞ ഒരു NRC അസമിലെ മധ്യവർഗത്തിന്റെ വികാരങ്ങളെ സന്തോഷിപ്പിക്കുന്നത് ലക്ഷ്യമിടുമ്പോള്‍, തൊട്ടടുത്ത ബംഗാളിലെയും മറ്റു ഭാഗങ്ങളിലെയും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ആകുലതകളിൽ, പൗരത്വ ബിൽ സംബന്ധിച്ച ഉറപ്പുകളാണ് നല്‍കുന്നത്. മാനുഷിക പ്രതിസന്ധി മാത്രമല്ല കലാപവും അസംതൃപ്തിയും വലിയ തോതിൽ ഉണ്ടാക്കാനിടയുള്ള ഒരു അപകടകരമായ കളിയാണ് ഭരണകക്ഷി ഇക്കാര്യത്തിൽ കളിക്കുന്നത്. അടുത്ത കൊല്ലം നടക്കാനുള്ള തെരഞ്ഞെടുപ്പിൽ മോദിയുടെ സ്വാധീനം പ്രകടിപ്പിക്കുന്നതിനുള്ള വെല്ലുവിളിയാണിത്.

അസമിനെ കത്തിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ തന്ത്രം

പക്ഷെ തെരഞ്ഞെടുപ്പോ അല്ലാതെയോ ആകട്ടെ, ഈ പ്രക്രിയ ഇന്ത്യൻ ഭരണ സംവിധാനത്തിനും അതിന്റെ അടിസ്ഥാനസ്വഭാവത്തിനും വലിയ വെല്ലുവിളികളാണുയർത്തിയത്. ലക്ഷക്കണക്കിനാളുകൾക്ക് പൗരത്വം നഷ്ടപ്പെടുത്തുന്നതിന്റെ വക്കത്താണ് നമ്മൾ. ബംഗ്ളാദേശുമായി നമുക്ക് കൈമാറ്റ കരാറൊന്നുമില്ല. ഉരുണ്ടുകൂടുന്ന മാനുഷിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ആർക്കെങ്കിലും ഉൾക്കൊള്ളാൻ കഴിയുമോ?

We urge readers to join our mission in deepening human rights by enrolling as a Friend of CJP (https://cjp.org.in/friend/)

[Note: Our organisation, CJP is in the process of documenting the exclusions and organising people to battle bureaucracy and legal hurdles. The challenge lies in numbers, the inaccessibility of the areas and the fact that most of whom excluded are among the most poor and marginalised in the state. We urge you to tune in!]

അസം പൗരത്വം: 30 വര്‍ഷം രാജ്യത്തെ സേവിച്ച കരസേന ഉദ്യോഗസ്ഥനും പട്ടികയില്‍ നിന്ന് പുറത്ത്‌

അന്യർ, കൂട്ടക്കൊലകളുടെ സാധ്യതാ ഇരകൾ, ഇനി നിത്യഭയത്തിൽ ജീവിക്കേണ്ടി വരുന്നവർ

ടീസ്റ്റ സെറ്റല്‍വാദ്

ടീസ്റ്റ സെറ്റല്‍വാദ്

സാമൂഹിക പ്രവര്‍ത്തക, എഴുത്തുകാരി, ജേര്‍ണലിസ്റ്റ്. 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ ഇരകള്‍ക്ക് നീതി നേടിക്കൊടുക്കുന്നതിനായി രൂപീകരിച്ച Citizens for Justice and Peace (CJP) സ്ഥാപകാംഗവും സെക്രട്ടറിയും

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍