UPDATES

കെ.എ ഷാജി

കാഴ്ചപ്പാട്

സമൂഹം . കാഴ്ച . കാഴ്ചപ്പാട്

കെ.എ ഷാജി

പ്രളയം 2019

പ്രചരിപ്പിച്ചാല്‍ അകത്തിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണ് നിങ്ങള്‍ പോസ്റ്റ് ചെയ്തത്, തിരുവനന്തപുരം ജില്ലാ കളക്ടർക്ക് ഖേദപൂർവ്വം

അങ്ങൊരു രോഗമല്ല. രോഗലക്ഷണം മാത്രമാണ്

കെ.എ ഷാജി

ദുരന്തങ്ങൾ ഒരർത്ഥത്തിൽ പറഞ്ഞാൽ അവസരങ്ങൾ കൂടിയാണ് എന്ന് പറഞ്ഞാൽ അങ്ങ് തെറ്റിദ്ധരിക്കരുത്. എവിടെയെങ്കിലും ഒരു പ്രളയമോ വരൾച്ചയോ സംഭവിച്ചാൽ ഫണ്ടേലുയ്യാ എന്ന് പറഞ്ഞു ആഹ്ളാദാരവം മുഴക്കുന്ന സന്നദ്ധ സേവന വ്യവസായികളേയും ആഗോള എൻജിയോകളെയും പുതിയ നിർമ്മാണ പ്രവർത്തികളിലെ അഴിമതിയിലും തട്ടിപ്പിലും കണ്ണ് വയ്ക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കരാറുകാരെയുമല്ല ഉദ്ദേശിച്ചത്. ഉദേശിച്ചത് സാധാരണക്കാരായ മനുഷ്യരെയാണ്. സഹജീവികളുടെ ദുരിതങ്ങളിലും വേദനകളിലും സ്വന്തം ജീവിതവും അതിന്റെ സൗകര്യങ്ങളും അതിനായി നീക്കി വയ്ക്കുന്ന പണത്തിന്റെയും വിഭവങ്ങളുടെയും നിഷ്ഫലത മനസ്സിലാക്കുന്ന സാധാരണക്കാരെക്കുറിച്ച്‌.

അവരെ ഓർക്കുമ്പോഴാണ് ദുരന്തം ഒരു അവസരമായി മാറുന്നത്. ഓരോ വ്യക്തിയിലേയും അദൃശ്യമായി പൊടിപിടിച്ചു കിടക്കുന്ന നന്മയെയും മനുഷ്യത്വത്തെയും സ്വയം കണ്ടെത്തി പുറത്തെടുക്കാനുള്ള സന്ദർഭം. മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തികളായ സൂര്യന്മാരായി ആയിരക്കണക്കിന് മനുഷ്യർ ഒരുമിച്ച് ഉദിച്ചുയരുന്ന സന്ദർഭം. ആ നിമിഷങ്ങളിലാണ് നമ്മൾ നമ്മളെ വീണ്ടെടുക്കുന്നത്. കൊച്ചുകുട്ടികൾ അവരുടെ കൊച്ചു കൊച്ചു ഭണ്ഡാരങ്ങൾ പൊളിച്ചു അവയിലെ കൊച്ചു സമ്പാദ്യങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുന്നത്. അത്തരം നിമിഷങ്ങളിലാണ് മക്കളുടെ പിറന്നാൾ സദ്യകൾ വേണ്ടെന്നു വയ്ക്കുന്ന അമ്മമാർ വീട്ടിലെ കരുതൽ സമ്പാദ്യങ്ങൾ എല്ലാമെടുത്തു സന്നദ്ധ സേവകർക്കു കൈമാറുന്നത്. ടെക്‌നോപാർക്കുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും ഫാക്ടറികളിലും മനുഷ്യർ അവരുടെ നീക്കിവയ്പ്പുകൾ കൂട്ടായ പൊതുനന്മയ്ക്കായി പുറത്തെടുക്കുന്നത്. ഉപജീവനത്തിനായി കടലിലേക്ക് പായിക്കാൻ വച്ച ബോട്ട് പ്രളയം ബാധിച്ച നദീ തടങ്ങളിലേക്ക് തിരിച്ചു വിടുന്ന മത്സ്യത്തൊഴിലാളികൾ ആ വലിയ മനുഷ്യ നന്മയുടെ നേർ ചിത്രമാണ്. പൊട്ടിപ്പോയ വൈദ്യുതി ലൈനുകൾ വിളക്കി ചേർക്കാൻ മരണത്തെ പോലും അവഗണിച്ചു പെരുമഴയിൽ ഏണിയുമായി ഇറങ്ങുന്ന വൈദ്യതി വകുപ്പ് ജീവനക്കാർ അത്തരമൊരു മനുഷ്യസാധ്യതയുടെ പ്രതിഫലനമാണ്.

ദുരന്തമുഖങ്ങളിലാണ് നമ്മൾ മനുഷ്യരാകുന്നത്. ദുരന്തങ്ങൾക്ക് മുന്നിലാണ് നമ്മൾ നമ്മളെ കണ്ടെത്തുന്നത്. കോരിച്ചൊരിയുന്ന പേമാരിയിലും ഉരുൾപൊട്ടൽ ഭീതിയിലും അപകട മേഖലകൾ സന്ദർശിച്ചു രക്ഷാ പ്രവർത്തനം നടത്തുന്ന താങ്കളുടെ കീഴ്ജീവനക്കാരെ ഒന്നോർത്തു നോക്കൂ. അവരുടെ കുടുംബങ്ങളിലെ ആശങ്കകൾ ഒന്ന് മനസ്സിൽ കാണൂ. ഇനി താങ്കളുടെ തന്നെ ചില സഹപ്രവർത്തകരെ ഓർക്കാം. ദുരിതാശ്വാസത്തിന് തുറന്നു കൊടുക്കാതെ സ്വന്തം ഓഫീസ് താഴിട്ടു പൂട്ടിയ വക്കീൽ സംഘടനയോട് കെഞ്ചാൻ നിൽക്കാതെ പൂട്ട് തല്ലിപ്പൊളിച്ച പഴയ തൃശൂർ കളക്ടർ. ഇപ്പോഴും പ്രളയദുരിതാശ്വാസത്തിന് വേണ്ടി വലിയ തോതിൽ വിഭവ സമാഹരണം നടത്തുന്ന പഴയ കോഴിക്കോട് കളക്ടർ. പോയ വര്‍ഷം തിരുവനന്തപുരം ജില്ലയിലെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നും അനുപമമമായ നേതൃത്വം കൊടുത്തും ഒരുപാടാളുകളെ പ്രചോദിപ്പിച്ച താങ്കളുടെ തന്നെ മുൻഗാമി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താങ്കൾ വലിയ തിരക്കിൽ ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. മദ്യപിച്ചു അമിത വേഗതയിൽ വണ്ടിയോടിച്ചു നിരപരാധിയായ ഒരു ചെറുപ്പക്കാരനെ അരുംകൊല ചെയ്യുകയും അതിൻ്റെ തെളിവുകൾ നിലവിൽ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സഹപ്രവര്‍ത്തകന് രക്ഷാവലയം തീർക്കുക ആയിരുന്നു താങ്കൾ എന്ന് കേൾക്കുന്നത് സത്യമാകരുത് എന്ന് ആശിക്കുന്നു. അപകടത്തിന് മുന്നോടിയായി നടന്ന പാർട്ടിയുടെ സമയം മുതൽ താങ്കളുടെ മുൻഗണനകൾ എന്തായിരുന്നു എന്ന് അന്വേഷിക്കണം എന്ന് പറഞ്ഞുള്ള ആവശ്യങ്ങളോട് താങ്കൾ മുഖം തിരിക്കില്ല എന്നും കരുതുന്നു. സുതാര്യത നല്ല ഭരണകർത്താക്കൾക്ക് ആവശ്യമാണ് എന്നതിനോട് താങ്കളും യോജിക്കുന്നുണ്ടാകും.

ഈ മാസം പത്തു മുതൽ പതിമൂന്നു വരെ സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുക്കരുത് എന്ന ഔദ്യോഗിക നിർദേശം ലംഘിച്ചു നിങ്ങൾ അവധിയിൽ പോയി എന്നത് മാത്രമല്ല പ്രശ്നം. ദുരിത മേഖലകളിൽ സഹായമെത്തിക്കാൻ വെമ്പിനിൽക്കുന്ന ഒരു ജനതയുടെ കൂട്ടായ ഇച്ഛാശക്തിക്കു മുകളിൽ തണുത്ത വെള്ളം കോരിയൊഴിക്കും വിധം താങ്കൾ ഏതോ അജ്ഞാത സങ്കേതത്തിൽ നിന്നും പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ വീഡിയോ കൂടിയാണ് പ്രശ്നം. എന്തായിരുന്നു സാർ അതിന്റെ സാംഗത്യം? എത്ര ഹൃദയശൂന്യമായ പ്രവർത്തിയായിപ്പോയി സാർ അത്. എത്ര വലിയ വേദനയാണ് അത് ഒരു ജനതയ്ക്കു വരുത്തിവച്ചത്.

വ്യാജവാർത്തകളും അയഥാർത്ഥമായ കാര്യങ്ങളും പ്രചരിപ്പിച്ചു രക്ഷാപ്രവർത്തനത്തെയും ദുരിതാശ്വാസങ്ങളെയും അവതാളത്തിലാക്കരുത് എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇരുന്നല്ലേ താങ്കൾ ഇത് ചെയ്തത്? വാസ്തവത്തിൽ ഈ പ്രളയ കാലത്തു കേരളം കേട്ട ഏറ്റവും വലിയ വ്യാജ വാർത്തതന്നെയല്ലേ അത്. താങ്കൾ ഭാഗമായുള്ള സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചു വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് താങ്കളെ തന്നെ അറസ്റ്റ് ചെയ്യാൻ താങ്കൾ ഉത്തരവിടേണ്ടതല്ലേ?

ജീവൻ വിലപ്പെട്ടതാണ് സാർ. ജീവിതങ്ങൾ ഒരുപോലെയാണ് സാർ. കാർ ഇടിക്കുന്നവന്റെയും ഇടി കൊള്ളുന്നവന്റെയും ജീവിതങ്ങൾ. പ്രളയം മണ്ണിനടിയിലേക്ക് പൂഴ്ത്തി വിടുന്ന വയനാട്ടിലെ പാവപ്പെട്ട ആദിവാസിയുടെ ആയാലും നഗരത്തിലെ ഏതോ സുരക്ഷിത കേന്ദ്രത്തിൽ അവധി ദിവസം ആഘോഷിക്കുന്ന താങ്കളുടേത് ആയാലും. മനുഷ്യത്വത്തെ വീണ്ടെടുക്കാതെയും മനുഷ്യ നന്മകളിൽ ഇൻവെസ്റ്റ് ചെയ്യാതെയും നമുക്കിനി ഒരിഞ്ചു മുന്നോട്ടു പോകാൻ ആകില്ല സാർ.

എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം അങ്ങയുടെ തലയിൽ ഇടുകയല്ല. വാസ്തവത്തിൽ അങ്ങിവിടെ ഒറ്റയ്ക്കല്ല. അങ്ങൊരു പ്രസ്ഥാനമാണ്. അങ്ങൊരു രോഗമല്ല. രോഗലക്ഷണം മാത്രമാണ്. തെക്കു വടക്കു വിഭജനം നടത്തി മഹാദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയെ അനൈക്യപ്പെടുത്തുന്ന അൽ മലബാറി വക്കീലും മലബാർ അന്തപുരങ്ങളിലെ ചില കുലസ്ത്രീ ദേവതാത്മാക്കളും മറ്റൊരു ലക്ഷണമാണ്. ദുരിതാശ്വാസ നിധി ചെലവിട്ട രീതിയുടെ കണക്കുകൾ സത്യസന്ധമായി ബോധ്യപ്പെട്ടെങ്കിലും പിണറായി വിജയന് പണികൊടുക്കാനും അത് വഴി ശ്രീരാമ രാജ്യം വരുത്താനും വാട്ട്സ് ആപ്പ് വഴി ഗൂഢാലോചന നടത്തുന്ന സംഘമിത്രങ്ങൾ വേറെ ഒരു രോഗലക്ഷണമാണ്. ദുരിതത്തിലെ ക്രിസ്ത്യാനികളെ വേർതിരിച്ചു രക്ഷിക്കാൻ ശ്രമിക്കുന്ന മതഭ്രാന്തർ വേറെ ഒരു ഒരു രോഗലക്ഷണം.

നിങ്ങൾ എല്ലാവരും ചേർന്ന് അർത്ഥവ്യത്യാസം ഉണ്ടാക്കുന്നത് മനുഷ്യൻ എന്ന സുന്ദര പദത്തിനാണ്. ഒരു ജനതയുടെ കൂട്ടായ അതിജീവന പ്രവർത്തനങ്ങളെയാണ് തകരാറിലാക്കുന്നത്. നിങ്ങളുടേതായ പിഴവുകൾ മുഴുവൻ ഒളിച്ചു വച്ച് കൈകഴുകാൻ ഒരെളുപ്പ മാർഗം കൂടിയുണ്ട് സാർ. മാധ്യമങ്ങളെ ചീത്ത വിളിക്കുക. അവർ ട്വിസ്റ്റ് ചെയ്യുന്നതായി പുരയ്ക്കു പുറത്തു കയറി നിന്ന് വിലപിക്കുക. ശ്രീറാമിനെ പോലെ മാധ്യമ വിചാരണകൾക്കു എതിരെ രോക്ഷം കൊള്ളുക.

അവസാനമായി ഒന്നേ ചോദിക്കാനുള്ളു. നന്മയുടെ അവസാനത്തെ തിരിവെട്ടങ്ങളും ഊതിക്കെടുത്തിക്കെടുത്തി നിങ്ങളൊക്കെ കൂടി ഈ നാടിനെ എങ്ങോട്ടാണ് നയിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍