UPDATES

ട്രെന്‍ഡിങ്ങ്

ഇങ്ങനെയാണ് ശ്രീറാം വെങ്കിട്ടരാമനും പെഹ്ലു ഖാന്റെ കൊലയാളികളും നിയമത്തിന്റെ പിടിയില്‍ നിന്നും ഊരിപ്പോകുന്നത്

ശ്രീറാമിന്റെ ജാമ്യം റദ്ദ് ചെയ്യാൻ വിസമ്മതിച്ചു കൊണ്ട് മജിസ്‌ട്രേറ്റ് ചോദിച്ച ചോദ്യം ‘പ്രതി തന്നെ തനിക്കെതിരെയായ തെളിവുകൾ കൊണ്ടുവന്നു നൽകുമെന്ന് പോലീസ് കരുതിയോ’ എന്നാണ്

കെ എ ആന്റണി

കെ എ ആന്റണി

മതിയായ തെളിവുകൾ ഇല്ലെങ്കിൽ നീതി നടപ്പാക്കാൻ ഒരു കോടതിക്കും കഴിയില്ലെന്നതിന്റെ നേർ സാക്ഷ്യമാണ് മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസിൽ പ്രതിസ്ഥാനത്തുള്ള യുവ ഐ എ എസ് ഉദോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ച സംഭവവും പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ ആൽവാറിലെ അഡിഷണൽ ജില്ലാ കോടതി വിട്ടയച്ച സംഭവവും. ആഗസ്ത് 13നും 14നും ആണ് രണ്ടു കോടതികളും അവയുടെ നിസ്സഹായത വ്യക്തമാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. ബഷീറിന്റെ മരണത്തിനു ഇടയാക്കിയ വാഹനം ഓടിച്ചുവെന്നു പറയപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമൻ അപകടം നടക്കുമ്പോൾ മദ്യപിച്ചു ലെക്കുകെട്ട അവസ്ഥയിലായിരുന്നു എന്നതിന് ശാസ്ത്രീയ തെളിവുകൾ കേസ് ഡയറിയിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചത്. പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ വെറുതെ വിടുന്നതിനു ആല്‍വാർ കോടതി മുന്നോട്ടുവെച്ച ന്യായവും പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നതു തന്നെ ആയിരുന്നു.

ആഗസ്ത് മൂന്നിന് പുലർച്ചയ്ക്കായിരുന്നു മാധ്യമ പ്രവർത്തകൻ കെ എം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മരിച്ചത്. ക്ഷീര കർഷകനായ പെഹ്‌ലു ഖാനെ ഒരു സംഘം ഗോരക്ഷാ പ്രവർത്തകർ മർദിച്ചു കൊന്നത് 2017 ഏപ്രിൽ ഒന്നിനും. ബഷീർ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു, പെഹ്‌ലു ഖാനാവട്ടെ ആശുപത്രിയിൽ വെച്ചും. പ്രത്യക്ഷത്തിൽ ഈ രണ്ടു സംഭവങ്ങളും തമ്മിൽ സമാനത കൽപ്പിക്കാൻ പോന്ന ഒരു പൊതുഘടകമില്ലെന്നു വേണമെങ്കിൽ വാദിക്കാം. എന്നാൽ ഇവയെ രണ്ടിനെയും തമ്മിൽ കോർത്തിണക്കുന്ന ഒന്നുണ്ട്. മതിയായ തെളിവുകൾ ശേഖരിക്കുന്ന കാര്യത്തിൽ വരുത്തിയ അലംഭാവം മാത്രമല്ല തെളിവുകൾ നശിപ്പിക്കുന്നതിൽ ഉത്തരവാദപ്പെട്ടവർ കാട്ടിയ ശുഷ്ക്കാന്തി കൂടിയാണത്. പെഹ്‌ലു ഖാന്റെ കാര്യത്തിൽ പോലീസ് മാത്രമല്ല അന്ന് ഭരണത്തിലിരുന്ന ബി ജെ പി സർക്കാരും പിന്നീട് ഭരണത്തിൽ വന്ന കോൺഗ്രസ് സർക്കാരും ഏതാണ്ട് ഒരേ നിലപാട് തന്നെയാണ് എടുത്തത്. ഭരണത്തിൽ വന്നയുടൻ തന്നെ പെഹ്‌ലു ഖാന്റെ മക്കളായ ഇർഷാദിനും ആരിഫിനും എതിരെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കാലിക്കടത്തിനു കേസ് എടുത്തുവെന്നത് ഇതിനു തെളിവാണ്.

മതിയായ തെളിവുകളുടെ അഭാവത്തിൽ തന്നെയാണ് ഇരു കോടതികളിലും ഇരകൾക്കു നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമായത്. രണ്ടു കോടതികളും ഇക്കാര്യം പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. ബഷീർ കൊല്ലപ്പെടാൻ ഇടയായ സംഭവം നടന്നത് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും ഏതാനും വാരകൾ അകലെവെച്ചാണ്. സംഭവം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ സി പി ഐ എം എൽ എ എൽദോ എബ്രഹാം ആരോപിച്ചതുപോലെ ‘നിലാവത്തു അഴിച്ചുവിട്ട കോഴി’ കണക്കെയായിരുന്നു പിന്നീട് പോലീസ് പെരുമാറിയത്. അപകടം ഉണ്ടാക്കിയ വാഹനത്തിൽ നിന്നും ഇറങ്ങിവന്നയാൾ മദ്യപിച്ചിരുന്നുവെന്നു സമ്മതിക്കുന്ന എസ്ഐ പിന്നീട് അയാളോട് സ്വീകരിച്ച സമീപനത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. പുലർച്ചെ ഒരുമണിയോട് അടുപ്പിച്ചു ഉണ്ടായ സംഭവത്തിൽ പ്രതിയുടെ രക്ത പരിശോധനക്ക് പോലീസ് തയ്യാറായത് തന്നെ മാധ്യമങ്ങളുടെ മുറവിളിയെ തുടർന്ന് മാത്രമാണ്. എന്നിട്ടും അന്ന് വൈകിട്ടാണ് അങ്ങനെ ഒരു പരിശോധനക്ക് തയ്യാറായതെന്നത് വ്യക്തമാക്കുന്നത് പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നതങ്ങളിൽ നിന്നും ശക്തമായ ഇടപെടൽ നടന്നുവെന്നതുതന്നെയാണ്.

ശ്രീറാമിന്റെ ജാമ്യം റദ്ദ് ചെയ്യാൻ വിസമ്മതിച്ചു കൊണ്ട് മജിസ്‌ട്രേറ്റ് ചോദിച്ച ചോദ്യം ‘പ്രതി തന്നെ തനിക്കെതിരെയായ തെളിവുകൾ കൊണ്ടുവന്നു നൽകുമെന്ന് പോലീസ് കരുതിയോ’ എന്നാണ്. ഈ ചോദ്യം ഏറെ പ്രസക്തവുമാണ് താനും. സത്യത്തിൽ ശ്രീറാം എന്താണോ ഇച്ഛിച്ചത് അത് നിറവേറ്റികൊടുക്കുന്നതിനു കാക്കിയും ബ്യുറോക്രസിയും ഡോക്ടർമാരും ബദ്ധശ്രദ്ധാലുക്കളായിരുന്നു എന്നുവേണം കരുതാൻ. ഗത്യന്തരമില്ലാതെ വന്നപ്പോൾ മാത്രം മനഃപൂർവമുള്ള നരഹത്യക്ക് കേസ്സെടുത്തുവെങ്കിലും അങ്ങനെ ഒരു കേസ് നിലനിൽക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും കാക്കിയും ബ്യുറോക്രസിയും വൈദ്യ സംഘവും ചേർന്ന് നടത്തിയിരുന്നവെന്നതിനാൽ കേസിന്റെ ഇനിയങ്ങോട്ടുള്ള ഗതിയെന്തായിരിക്കാം എന്നത് ഊഹിക്കാവുന്നതേയുള്ളു. എത്ര ഉന്നതനാണെങ്കിലും കുറ്റം ചെയ്തവർ ശിക്ഷിക്കപെടുമെന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഇജ്ജാതി പോലീസും വൈദ്യ സംഘവും ബ്യുറോക്രസിയുമൊക്കെ ഉള്ള ഒരു നാട്ടിൽ അതൊക്കെ അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമാണോ എന്നൊരു സംശയം ബാക്കിയാവുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍