‘ദേ – സമരം വന്നിസ്റ്റോ!’ ദേ – ഇപ്പോഴും ആലോചിക്കുമ്പോ രോമാഞ്ചം – കണ്ടാ , കണ്ടാ. ഒക്കെ എഴുന്നേറ്റ് അങ്ങനെ നിക്കയാണ് – രോമേ – ജനഗണമന പാടിയ പോലെ.
അങ്ങനെ ആറാം ക്ലാസ്സില്‍ ആണ് തൃശൂര്‍ മോഡല്‍ ബോയ്‌സ് ഹൈ സ്‌കൂളില്‍ വന്നു ലാന്‍ഡ് ചെയ്യുന്നത്. അത് വരെ അഞ്ചു സ്‌കൂളുകളില്‍ പഠിച്ചിട്ടുണ്ട്. അതില്‍ രണ്ടാം ക്ലാസ്സില്‍ മാത്രമേ സര്‍ക്കാര്‍ സ്‌കൂളില്‍ (കൊട്ടാരക്കര എല്‍ പി സ്‌കൂള്‍ ) പഠിച്ചിട്ടുള്ളു. എല്‍ പി സ്‌കൂള്‍ ആയതോണ്ട് ആണെന്ന് തോന്നുന്നു, അന്നവിടെ സമരം ഉണ്ടായിരുന്നില്ല. കുറച്ചു ബിസ്‌കറ്റ് പെറുക്കല്‍, ഞൊണ്ടി കാലില്‍ ഓട്ടം, തുടങ്ങിയ കലാ പരിപാടികള്‍ മാത്രമേ ഓര്‍മ ഉള്ളു.
എന്നാല്‍ മോഡല്‍ സ്‌കൂള്‍ ആയപ്പോഴേക്കും കഥ ഒരു മാതിരി കംപ്ലീറ്റ് മാറി. രാവിലെ എണീക്കുമ്പോഴേ ‘ഇന്ന് സമരം ണ്ടാവോ?’ എന്ന ചോദ്യം മനതാരില്‍ ഉരുവിട്ട് കൊണ്ടാണ് മുഖം കഴുകുന്നത് തന്നെ. ധൃതിയില്‍ ചെയ്യുന്നതാണ് കണക്ക് ഹോംവര്‍ക്ക്. പലപ്പോഴും രാവിലെയെ അത് ചെയ്യൂ. മുട്ടുമ്പോള്‍ പറമ്പ് അന്വേഷിക്കണം എന്നാണല്ലോ ആപ്തവാക്യം തന്നെ.
ചിലപ്പോള്‍ നമുക്ക് പെട്ടന്ന് തോന്നും – ഇന്ന് സമരമുണ്ട് ഒരു തോന്നല്‍. തോന്നല്‍ – അതാണല്ലോ എല്ലാം. ‘പെര്‍സെപ്ഷന്‍ ഈസ് എവെരിതിങ്’ എന്ന് ഇംഗ്ലീഷില്‍ പറയും. ‘ഇന്ന് സാമ്രണ്ടാടാ? ഇന്ന് ഇണ്ടാടാ സാംരം?’ ഇങ്ങനെ ചോദിച്ചോണ്ട് നമ്മള്‍ ഇരിക്കും. കണക്ക് രണ്ടാമത്തെ പീരിയഡ് ആണ്. ആദ്യത്തെ പീരിയഡ് കുഴപ്പം ഇല്ലാതെ പോകും. രണ്ടാം പീരിയഡ് ആകുമ്പോഴേക്കും ഒരു ഇരപ്പ് ഇങ്ങനെ കേള്‍ക്കും. ഹോ – ഇപ്പോഴത്തെ ഈ ബി ജെ എം എന്ന് പറയുന്ന സാധനം ഒന്നുമല്ല. അതിനെ ഒക്കെ തോപ്പിക്കുന്ന ഒരു അടാര്‍ മ്യൂസിക്ക് ആവേശത്തോടെ ഞങ്ങടെ കുഞ്ഞു ഹൃദയങ്ങളില്‍, ക്രിക്കറ്റ് ബാറ്റില്‍ ടെന്നീസ് ബോള് കൊള്ളുന്ന ഇമ്പത്തോടെ പ്രവഹിക്കും. പിന്നെ ഒരു അലര്‍ച്ചയാണ്:
‘ദേ – സമരം വന്നിസ്റ്റോ!’ ദേ – ഇപ്പോഴും ആലോചിക്കുമ്പോ രോമാഞ്ചം – കണ്ടാ , കണ്ടാ. ഒക്കെ എഴുന്നേറ്റ് അങ്ങനെ നിക്കയാണ് – രോമേ – ജനഗണമന പാടിയ പോലെ. ഒരു സ്ഥിരം കാണുന്ന കാര്യത്തോടുള്ള ബോറടിയോടെ, നിസ്സംഗതയോടെ, മാഷ് , അല്ലെങ്കില്‍ ടീച്ചര്‍, എഴുന്നേറ്റ് ഒരു പോക്കാണ്. നമ്മളും പോക്കാണ്. – ഐ മീന്‍ – ഇറങ്ങി ഒരോട്ടമാണ്. അലര്‍ച്ച, ആരവം. ഓളി, ഓളി ബഹളം.
Read: മൂന്നാം ലോക യുദ്ധം ഉണ്ടാകാതെ പോയതെങ്ങനെ? സിംപിള്‍ ഉത്തരം വസിലി ആര്‍കിപോവ് വാണം വിടാഞ്ഞത് കൊണ്ട്
സാധ്യതകള്‍ ഇഷ്ടം പോലുണ്ടല്ലോ. ഓട്ടപ്രാന്തി എന്ന ഓടിപ്പിടുത്തം, ഗോലി കളി, ക്രിക്കറ്റ്, തുണിപ്പന്ത് കളി, അങ്ങനെ പല സംഭവങ്ങളും അരങ്ങു കൊഴുപ്പിക്കാനായി ഉണ്ട്. പക്ഷെ അതിനു മുന്‍പ് ചില ജോലികള്‍ ഉണ്ട്! നമുക്കും ഇല്ലേ ചില ഉത്തരവാദിത്തങ്ങള്‍? ഉണ്ട്, ഉണ്ട്.
ഇബടെ നോക്ക് – രണ്ടേ രണ്ടു പാര്‍ട്ടിയെ സ്‌കൂളില്‍ ഉള്ളു. ഒന്ന് എസ് എഫ് ഐ, രണ്ട് കെ എസ് യു. രണ്ടിന്റെയും നേതാക്കള്‍ ഒന്‍പതിലോ, മിക്കവാറും പത്തിലോ പഠിക്കുന്ന ഏതെങ്കിലും ഒരുത്തന്‍ ആയിരിക്കും. പത്ത് വരെ അല്ലെ ഉള്ളു. അന്ന് ബാക്കി ഒക്കെ പ്രീ ഡിഗ്രി അല്ലെ, പ്രീ ഡിഗ്രി.
എന്നാലും നേതാക്കള്‍ക്ക് മിക്കവര്‍ക്കും മീശ കാണും, താടി കാണും, പിന്നെ ബൈസെപ്‌സ് കാണും, ബൈസെപ്‌സ്. അന്നൊക്കെ ഈ ത്രീ പാക്ക് ഇല്ല. കാണുമായിരുന്നിരിക്കും, പക്ഷെ ആ പേര് ഇല്ല. ഒന്നും രണ്ടും മൂന്നും തവണ തോറ്റ് കിടക്കുന്നവര്‍ ആയിരിക്കും.
ഏതെങ്കിലും ഒരു ദിവസം സമരം ചെയ്യണം എന്ന് എങ്ങനെ, എവിടെ നിന്നാണ് സിഗ്‌നല്‍ കിട്ടുന്നത് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഉണ്ടിരിക്കുമ്പോള്‍ വിളി വരുന്നതാണോ? അതോ വേറെ എവിടെ നിന്നെങ്കിലും വിളി വരുന്നതാണോ?
എന്തായാലും, ഈ നേതാക്കള്‍ ആരെങ്കിലും ആണ് സമരം തുടങ്ങുന്നത്. കൂടെ മൂന്നോ നാലോ ചോട്ടാ നേതാക്കള്‍ കാണും. അന്നത്തെ എന്റെ ഒരു കണക്കുകൂട്ടല്‍ വച്ച്, ഒരു നാല് പേര് ധാരാളം മതി, ഒരു സമരം ഉണ്ടാക്കാന്‍.
ഇത്രേം പേര്‍ അവരുടെ ക്ലാസ്സുകളില്‍ നിന്ന് മാഷുമ്മാരെ വെല്ലു വിളിച്ച് ഇറങ്ങും. അങ്ങനെ വെല്ലു വിളിക്കേണ്ട ആവശ്യം ഒന്നുമില്ല. അവരെ തടയാന്‍ മാത്രം ഉള്ള ആംപിയര്‍ ഉള്ള ഒറ്റ മാഷും, ഒറ്റ ടീച്ചറും ആ സ്‌കൂളില്‍ ഇല്ല. നല്ല ഒന്നാന്തരം അധ്യാപകര്‍ ആണ്. സര്‍ക്കാര്‍ ശമ്പളം കൊടുത്ത് നിര്‍ത്തിയിരിക്കുന്നതും ആണ്. ഞങ്ങളെ നേര്‍ വഴിക്കു നടത്താന്‍ ആണ് ശമ്പളം കൊടുക്കുന്നത്, എന്നാണു വയ്പ്പ്.
പക്ഷെ നേര്‍വഴിക്ക് ആണല്ലോ ഞങ്ങള്‍ നടക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം ഒക്കെ രാഷ്ട്ര നിര്‍മിതി അല്ലെ? അരാഷ്ട്രീയ പഠിത്തം കൊണ്ട്, ആര്‍ക്ക് എന്ത് ഗുണം? നിങ്ങള്‍ പഠിക്കാതെ വിമര്‍ശിക്കരുത് സുഹൃത്തുക്കളെ.
പിന്നെ തടഞ്ഞാല്‍ പിള്ളേര്‍ കല്ലെറിയും. പിന്നെ രാഷ്ട്രീയം ആണല്ലോ സര്‍ക്കാരിന്റെ ഇഷ്ടികകള്‍. ഇഷ്ടികകള്‍ ആണല്ലോ ശമ്പളം. ജോലി ചെയ്താലും ഇല്ലേലും ശമ്പളം കിട്ടും. പിന്നെ രാഷ്ട്രീയം ഉള്ളവര്‍ ആണല്ലോ അദ്ധ്യാപകരും. മുകളില്‍ നിന്ന് അവര്‍ക്കും വിളികളും മറ്റും വരുമല്ലോ. അങ്ങനെ പല പല പ്രശ്‌നങ്ങള്‍ ഇതില്‍ ഉണ്ട്. കൂടുതല്‍ ഞാന്‍ എങ്ങനെ പറയും. സ്‌കൂള്‍ ഓഫീസിലെ രാഷ്ട്രീയ പോളണ്ടിനെ പറ്റി ഇനി ഞാന്‍ ഒരക്ഷരം പോലും പറയില്ല.
പിന്നെ എട്ട്, ഒന്‍പത്, പത്ത് – ഈ ക്ലാസ്സുകളിലെ ഏതാനും നേതാക്കള്‍ ഒഴിച്ച്, ബാക്കി ആരും മുദ്രാവാക്യം വിളിച്ച് പുറകെ നടക്കാന്‍ കാണില്ല. ചിലര്‍ സിനിമക്ക് പോകും. ചിലര്‍ റോഡിലൂടെ വായ നോക്കാനും, മറ്റു ചിലര്‍ അടുത്തുള്ള സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കാനും ആയി പോകും. അതായത് വളരെ അപകടം പിടിച്ച അരാഷ്ട്രീയവാദം, അവരില്‍ വേരൂന്നിക്കഴിഞ്ഞു എന്ന് സാരം.
ചുരുക്കം ചിലര്‍ വീട്ടിലേക്ക് പോകും. അവര്‍ ചിലപ്പോള്‍ പഠിക്കും. മൂരാച്ചികള്‍! അരാഷ്ട്രീയ കുണാണ്ടര്‍മാര്‍.
അപ്പോള്‍ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍, നേതാക്കള്‍ രണ്ടു മൂന്നു പേര് ചേര്‍ന്ന് നേരെ അഞ്ചാം ക്ലാസ്, ആറാം ക്ലാസുകളിലേക്ക് ആണ് വരിക. നമ്മുടെ പാവന കടമ ആണ് സമരം വിജയിപ്പിക്കുക എന്നത്.
നാലും അഞ്ചും ഡിവിഷനുകള്‍ ഉണ്ട്, അഞ്ചാം ക്ലാസിന്. ആറാം ക്ലാസീനും അങ്ങനെ തന്നെ. ഒരു ക്ലാസ്സിലും അറുപത് പിള്ളേരോളം ഉണ്ട്. ഇന്നത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലെ അല്ല. അപ്പൊ ഈ രണ്ടു ക്ലാസ്സുകള്‍ ചേര്‍ന്നാല്‍ തന്നെ, ഏകദേശം നാനൂറ്, അഞ്ഞൂറ് പിള്ളേര്‍ ഉണ്ടാകും. ഇത്രേം പേര് പോരെ ഒരു സമരം വിജയിപ്പിക്കാന്‍? ധാരാളം മതി. ഞാന്‍ ഉള്‍പ്പെടെ ഉള്ള ഈ വിദ്യാര്‍ഥീ കൂട്ടം ആണ് പ്രധാന അണികള്‍.
തൊണ്ട പൊട്ടുമാറുച്ചത്തില്‍ കീ കീ ശബ്ദത്തില്‍ ഞങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കും.
എസ് എപ് ഐ സിന്ദാവാ!
കെ എസ് യു സിന്ദാവാ!
തോത്തിട്ടില്ല, തോത്തിട്ടില്ല, തോത്ത ചരിത്തം കെത്തിത്തില്ല! ആരും ചെവി പൊത്തി പോവും. അത്ര തുളച്ചു കയറുന്ന ശബ്ദ കോലാഹലം ആണ്.
മുദ്രാവാക്യങ്ങള്‍ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും വച്ചുമാറും.
ഇന്ന് – ‘അനവധി നിരവധി ചോരച്ചാലുകള്‍, നീന്തിക്കയറിയ എസ് എഫ് ഐ’ എന്നാണെങ്കില്‍,
നാളെ – ‘അനവധി നിരവധി ചോരച്ചാലുകള്‍, നീന്തിക്കയറിയ കെ എസ് യു’ എന്നായിരിക്കും.
നേതാവ് എന്ത് ചൊല്ലിത്തരുന്നോ അത് നമ്മള്‍ ഏറ്റ് വിളിക്കും, അത്രേ ഉള്ളു. ഇതില്‍ അധികം തലച്ചോര്‍ ഉപയോഗിക്കാന്‍ പാടില്ല. തലച്ചോര്‍ അമിതമായി ഉപയോഗിക്കുന്നതല്ല, രാഷ്ട്രീയ പ്രവര്‍ത്തനം.
അങ്ങനെ ഒരു അര മണിക്കൂറോളം ഇങ്ങനെ സ്‌കൂള്‍ മുറ്റത്ത് അങ്ങോട്ടു നടക്കും.
പിന്നെ ഒരു അര മണിക്കൂറോളം ഇങ്ങോട്ട് നടക്കും.
പിന്നെ പാര്‍ട്ടി സൂക്തങ്ങള്‍ ഉറക്കെ എന്തായാലും ചൊല്ലുന്നുണ്ടല്ലോ.
അവസാനം സ്‌കൂളിന്റെ പുറകില്‍ ചെന്ന് പത്ത് പൈസേടെ ഒരു ലെമണ്‍ ഐസ് ഫ്രൂട്ട്.
ചടങ്ങ് കഴിഞ്ഞു.
Explainer: ലാവലിന്‍ കേസില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെക്കുമോ?
ഐസ് ഫ്രൂട്ട് മൂഞ്ചുന്നതിനിടെ ഞാന്‍ ഒരിക്കല്‍ ഒരു നേതാവിനോട് ചോദിച്ചു:
‘ചേട്ടാ, ചേട്ടാ, ഇന്ന് ആര്‍ടെ സമരാ? എസ് എപ് അയ്യാ? കെ എസ് യു വാ ?’
നേതാവ് ഒരു ചുട്ട നോട്ടം. ‘നീയല്ലേടാ പീ കോക്കിന്റ്‌റെ മോനെ ഇത്രേം നേരം എസ് എപ് ഐ സിന്ദാവാ ന്ന് ഒളീട്ടത്? എന്തുട്ട് തെങ്യാണ് നീ പര്‍ണേ?’
ഞാന്‍ ആകെ ഐസ് ആയിപ്പോയി.
എന്നാലും എസ് ഫ് ഐ ആയിരുന്നു കേട്ടോ എന്റെ പാര്‍ട്ടി. ഐഡിയലിസം , അതാണല്ലോ മുഖമുദ്ര. പിന്നെ നട്ടെല്ലുള്ള പാര്‍ട്ടി. തുല്യതയുടെ പാര്‍ട്ടി. അനവധി നിരവധി, ലരേ, ലരേ.
പിന്നെ എതിരന്‍ ആയ പാര്‍ട്ടി. അത് വലിയ ഒരു ആകര്‍ഷണം ആണ്. സ്ഥലത്തെ പ്രധാന എതിരന്‍ പാര്‍ട്ടി!
സെന്തോമാസ്സില്‍ പ്രീഡിഗ്രി കഴിയുന്നത് വരെ മിക്കവാറും കണ്ണും അടച്ച് എസ് എഫ് ഐ ക്ക് വോട്ട് ചെയ്തു. ഏഴാം ക്ലാസില്‍ ക്ലാസ് റെപ്രസെന്ററ്റീവ് ആയി എസ് എഫ് ഐ ല്‍ നിന്നു, വൃത്തിയായി പൊട്ടി.
എന്നാലും ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴേക്കും ഒരു മാതിരി ഇതിലൊക്കെ താല്പര്യം കുറഞ്ഞു തുടങ്ങി. പ്ലീസ്. എന്നെ കുറ്റപ്പെടുത്തരുത്. ഞാന്‍ ഇപ്പോള്‍ അതില്‍ ഖേദിക്കുന്നുണ്ട്. അരാഷ്ട്രീയ ചായ്വ് എന്ന് പറഞ്ഞു നിങ്ങള്‍ എന്നെ ക്രൂശിച്ചേക്കാം. എന്താണ് ഈ ജുഗുപ്‌സാവഹവും അപകടകരവുമായ നിസ്സംഗതയുടെ, അമുല്‍ ബേബി ഇസത്തിന്റെ, രാഷ്ട്രീയ ബോധ അഭാവത്തിന്റെ, പ്രതിക്രിയാ വാതകത്തിന്റെ, കോളോണിയലിസ്റ്റ് ചിന്താ സരണിയുടെ, അന്തര്‍ധാര, അഥവാ കാരണങ്ങള്‍ അറിഞ്ഞൂടാ.
കുറച്ച് പഠിക്കണം എന്ന തോന്നല്‍ , വീട്ടില്‍ വളര്‍ത്തിയതിന്റെ രീതി ദോഷം, പബ്ലിക് ലൈബ്രറിയില്‍ സമരമുള്ള ദിനങ്ങളില്‍ മിക്കതും പോയി ഇരുന്നു വായിക്കുന്നത് മൂലം, ഉണ്ടായി വന്ന രാഷ്ട്രീയ ചരിത്ര ബോധം മൂലം, സ്വയം എങ്ങനെ, എവിടെയൊക്കെ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താം എന്ന ഉള്‍കാഴ്ച, അതിനാല്‍ തന്നെ, പലരും പറയുന്നത് അന്ധമായി അനുസരിക്കുന്നതല്ല രാഷ്ട്രീയം എന്ന തോന്നല്‍, ക്രിക്കറ്റ് കളി അങ്ങനെ പല കാരണവും ഉണ്ടാകാം.
പിന്നെ പേടി തൊണ്ടിസം എന്ന ഇസം. ഇടയ്ക്കിടെ തല്ല് ഒക്കെ ഉണ്ടാകും. കല്ല്, സൈക്കിള്‍ ചെയിന്‍, കമ്പിപ്പാര, തുടങ്ങി വടി വാള്‍ വരെ എത്തി നിന്നിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം. ഈ താത്വികാചാര്യന്‍ ആവാന്‍ പറ്റിയെങ്കില്‍ ഞാന്‍ ആയേനെ. പക്ഷെ അതും ഒക്കെ ന്യായീകരണം തന്നെ വേണ്ടേ? സ്വയം ആലോചിച്ച്, ചിന്തിച്ച് ഒന്നും പറ്റില്ലല്ലോ.
ഇല്ല. ഞാന്‍ സ്വയം അധികം ന്യായീകരിക്കുന്നില്ല. ഒരു തരം അവനവനിസം. അത്ര തന്നെ. പിന്നെ തിന്നത് എല്ലില്‍ കുത്തുന്ന പ്രിവിലേജ്. അതൊക്കെ തന്നെ.
എങ്കിലും നേതാക്കന്മാരുമായി ഞാന്‍ നല്ല ബന്ധത്തില്‍ ആയിരുന്നു. രമേശന്‍ എന്ന ഒരു നേതാവുമായി നല്ല അന്തര്‍ധാര ഉണ്ടായിരുന്നു. അവന്റെ ഹോംവര്‍ക്ക് ഞാന്‍ ചെയ്തു കൊടുക്കും. ചില പാഠ ഭാഗങ്ങള്‍ പറഞ്ഞു കൊടുക്കും. നല്ല മസിലന്‍ ആയിരുന്ന അവന്‍, ഒരു ചെറു ബോഡി ഗാര്‍ഡ് ആയിരുന്നു. ബോയ്‌സ് സ്‌കൂള്‍ ഒരു അപകടം പിടിച്ച സ്ഥലം ആണല്ലോ. ഇടയ്ക്കിടെ ചിലര്‍ ഇടി കൂടാന്‍ വരും. ഇങ്ങനെ ഉള്ള ആളുകളുമായുള്ള അടുപ്പം മൂലം ആണ്, നമ്മള്‍ പിടിച്ചു നില്‍ക്കുന്നത്.
പത്താം ക്ലാസില്‍ വച്ച്, ഒരു ദിവസം മടിച്ചാണ് സ്‌കൂളില്‍ പോയത്. ഒരു ലേഖനം എഴുതി കൊണ്ട് വരാന്‍ മാഷ് പറഞ്ഞത് ഞാന്‍ മറന്നു പോയിരുന്നു. എന്റെ മ്ലാന മുഖം കണ്ട്, രമേശന്‍ ചോദിച്ചു:
‘എന്ത് പറ്റി സ്റ്റോ?’ ഞാന്‍ കാര്യം പറഞ്ഞു. ‘അത് ശരിയാക്കാം. ഇന്ന് സമരാ ആക്കാം. ഒരു കുട്ടീനെ, ഒരു കണ്ടക്ടര്‍ മേത്താ തേമ്പി, ന്നലെ.അതിന്റെ സമരം ന്നാ യ്‌ക്കോട്ടെ.’
അങ്ങനെ ആണ് ഞാന്‍ കാരണം സമരം ഉണ്ടായത്. അത് നല്ല സ്‌ട്രോങ്ങ് ആയി. പിള്ളേര്‍ റൗണ്ടിലൂടെ (സ്വരാജ് റൗണ്ട്) ബസ് തടഞ്ഞു. പോലീസ് ലാത്തി വച്ച് നല്ല തേമ്പാ തേമ്പി.
എത്ര ഹവായ് ചാപ്പലുകള്‍ ആണെന്നോ റൗണ്ടില്‍ രക്തസാക്ഷികള്‍ ആയി മരിച്ചു കിടന്നത്!
ഒരു രണ്ടു കിലോമീറ്ററോളം ഇങ്ങനെ ചിതറി കിടക്കയാണ് നൂറ് കണക്കിന് ഹവായി ചപ്പലുകള്‍. ഹവായ് അല്ലാത്തതും കാണും. ഞാന്‍ ഒരു ഓളത്തിനു പറഞ്ഞെന്നെ ഉള്ളു.
ഞാന്‍ കാരണം! ഞാന്‍ മാത്രം കാരണം ബികോസ് ഓഫ് മി.
എനിക്കറിയാം. നിങ്ങള്‍ എന്നെ പ്രാകും. മുഖത്തടിക്കും. കാര്‍ക്കിച്ചു തുപ്പും.
അപ്പൊ സന്ദേശം സിനിമ കണ്ടു ഞാന്‍ ചിരിച്ചു മറിഞ്ഞതും, പല പ്രാവശ്യം കണ്ട് വീണ്ടും വീണ്ടും ചിരിച്ചതും പറഞ്ഞാലോ?
വേണ്ടസ്റ്റോ. ജീവിച്ചു പൊയ്‌ക്കോട്ട്.
അന്നത്തെ സമരം കൊണ്ട് ഗുണം ഉണ്ടായില്ല എന്ന് പറഞ്ഞൂടാ. സ്‌കൂളിന്റെ ബാക്കില്‍ ചെരുപ്പ് കട നടത്തുന്ന ലിസമ്മ ചേടത്തി രണ്ടു ദിവസം കഴിഞ്ഞു എന്നെ കണ്ടപ്പോള്‍ കോതോയോടെ ചോദിച്ചു:
‘ഇന്നാളത്തെ പോലെത്തെ സംരം അഡ്ത് ണ്ടാവോ , മോനേ?’