UPDATES

ട്രെന്‍ഡിങ്ങ്

വണ്ടിച്ചെക്ക് കേസില്‍പ്പെടുന്ന തുഷാര്‍ വെള്ളാപ്പള്ളിമാര്‍ ശ്രീനാരായണീയര്‍ക്ക് മേല്‍ വച്ചുകെട്ടുന്ന അധികഭാരങ്ങള്‍

വെള്ളാപ്പള്ളി എന്ന പോലുള്ള നാമധാരികളോ അവര്‍ താല്പര്യ സംരക്ഷണത്തിനായി അവലംബിക്കുന്ന മാര്‍ഗങ്ങളോ അല്ല പ്രശ്‌നം. അത്തരക്കാരുടെ ചെയ്തികള്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള സമൂഹത്തിലെ ആവാസ വ്യവസ്ഥകളാണ് മാറേണ്ടത്.

എസ്എന്‍ഡിപി യോഗത്തോടുള്ള ബഹുമാനം കൊണ്ടാണ് അജ്മനില്‍ ചെക്കുകേസില്‍ പെട്ട യോഗം ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതെന്ന തുഷാറിന്റെ പിതാവും യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ നിലപാട് അര്‍ഥഗര്‍ഭമാണ്. സമുദായാംഗങ്ങള്‍ ആരും ഇത് മറക്കരുതെന്നും  അദ്ദേഹം ശനിയാഴ്ച പരസ്യമായി തന്നെ പറഞ്ഞുവെയ്ക്കുന്നു. കൊടുത്തും മേടിച്ചുമുള്ള ഈ  പ്രവര്‍ത്തനം രാഷ്ട്രീയത്തിലെ ‘സവിശേഷ’  നീതി ശാസ്ത്രമാണ്. കുഞ്ഞുണ്ണിക്കവിതയിലെ നീതി സാരം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കുതൂഹല കല്പനാസുരഭിലം.

വിദേശത്ത് ചെക്കുകേസില്‍ പെട്ടയാള്‍ക്കായി അത്യപൂര്‍വമായ തിടുക്കത്തോടെ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ വലിയ വിവാദമായ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ നമ്മളെ പല ഇടങ്ങളിലേക്കും നയിക്കുന്നുണ്ട്. സാംസ്‌കാരിക ഇന്ത്യയുടെ മഹിതധാരയില്‍ നവോത്ഥാനമെന്ന വികാരത്തിനും ചിന്തയ്ക്കും ഊടും പാവും നെയ്ത ശ്രീനാരായണ ഗുരുവിന്റെ പേര് ശിരസ്സില്‍ പേറുന്ന, കേരളത്തിലെ മറ്റേതു  സംഘടനയ്ക്കും ഉള്ളതിനേക്കാള്‍ സാമൂഹ്യ പ്രസക്തിയുള്ള പ്രസ്ഥാനമായ എസ്എന്‍ഡിപിയുമായി പ്രഗാഢമായ ബന്ധം ഒരു മുഖ്യമന്ത്രി വച്ചു പുലര്‍ത്തുന്നതില്‍ തെറ്റുമില്ല. അത് പാവപ്പെട്ട ഈഴവന്റെ കാര്യത്തിലുള്ള ജാഗ്രതയായി സര്‍ക്കാര്‍ നടപടികളില്‍ പ്രതിഫലിച്ചാല്‍ മുഖ്യമന്ത്രിയെ എല്ലാവരും ശ്ലാഖിക്കുകയും ചെയ്യും. പക്ഷെ ഇവിടെ ഉണ്ടായത് അതാണോ? അക്കാര്യം കേരള സമൂഹം സശ്രദ്ധം വീക്ഷിക്കുന്നുണ്ട്.

ഈ കുറിപ്പ് മറ്റ് ചില ഇടങ്ങളിലേക്ക് കടക്കാനാണ് ശ്രമിക്കുന്നത്.

തളപ്പു കയര്‍ അവകാശക്കാരനും ഏണി അവകാശക്കാരനുമായിരുന്ന ഈഴവനെ വിമോചിപ്പിച്ച പ്രസ്ഥാനമാണ് എസ്എന്‍ഡിപി യോഗം എന്നാണ് ചരിത്രം. ഇത് മറ്റൊരും എഴുതിയ ചരിത്രമല്ല.   ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ പ്രസിഡന്റായിരുന്ന പ്രൊഫ. പി.എസ് വേലായുധന്‍ എഴുതി പ്രസിദ്ധീകരിച്ച എസ്എന്‍ഡിപി യോഗ ചരിത്രത്തിന്റെ ഒന്നാം അധ്യായം തുടങ്ങുന്നത് ഈ വിലയിരുത്തലോടെയാണ്. ”ക്രിസ്തുവര്‍ഷം 824ലെ സുപ്രസിദ്ധമായ രാജകീയ ശാസനപ്പടി തളപ്പുകയര്‍ അവകാശക്കാരനും ഏണി അവകാശക്കാരനും മാത്രമായിരുന്ന ഈഴവനെ കേരള ഭരണത്തലവനാക്കാന്‍  പോലുള്ള അവകാശത്തിലേക്ക് എത്തിച്ച ഒരു നൂറ്റാണ്ട് കാലത്തെ  ഐതിഹാസികമായ നിരന്തര സമരത്തിന്റെ ചരിത്രമാണ് എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രം”.

ആ സംഘടനയുടെ ഉപാധ്യക്ഷനാണിപ്പോള്‍ ചെക്ക് കേസില്‍ പെട്ട് ഗള്‍ഫില്‍ പിടിക്കപ്പെട്ടത്. ഉന്നതനായ പ്രവാസി വ്യവസായിയുടെ സഹായത്തോടെ ജാമ്യത്തിലിറങ്ങിയെങ്കിലും ആ രാജ്യം വിടാനാകാതെ  അവിടെ കുടുങ്ങി ഏത് തരത്തിലും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ഈ ഘട്ടത്തില്‍ തെല്ലൊന്ന് പുറകോട്ട് നോക്കുമ്പോള്‍ എസ്എന്‍ഡിപി യോഗം, ശ്രീനാരായണന്‍ ഉയര്‍ത്തിയ സാംസ്‌കാരികമായ ഈടുവെയ്പുകളെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ ചേര്‍ത്തുപിടിച്ചിട്ടുണ്ടോയെന്നത് പരിശോധിച്ചാല്‍ നാം എവിടെയാവും എത്തുക? ശ്രീനാരായണനു ക്ഷേത്രം പണിയാന്‍ ഔത്സുക്യം കാണിക്കുന്നവര്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്ന് എത്രമേല്‍ അകന്നിരിക്കുന്നു? ഈഴവര്‍ അടക്കമുള്ള പിന്നോക്കക്കാരുടെ ശാക്തീകരണത്തിനായി യോഗത്തിന്റെ സേവനങ്ങളെ ഒരുതരത്തിലും കുറച്ച് കണ്ടുകൊണ്ടല്ല ഇതെഴുതുന്നത്.

വിശാലമായ മാനവികത ഉയര്‍ത്തിപ്പിടിച്ച ശ്രീനാരായണനെ ഒരു പ്രത്യേക സമുദായത്തിലേക്ക് മാത്രം ന്യൂനീകരിക്കാന്‍ തുടക്കം മുതല്‍ എസ്എന്‍ഡിപി യോഗം ശ്രമിച്ചിരുന്നു. ‘ജാതിയില്ല, ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അതാവശ്യമില്ല. ജാതി ഒന്നുതന്നെ ഉള്ളത്. അനേകമില്ല’ എന്ന ഗുരു ദര്‍ശനത്തിന്റെ കാതലില്‍ നിന്നും പലകാലങ്ങളിലും യോഗം കുതറിത്തെറിച്ചു. വ്യാവഹാരികവും സങ്കുചിതവുമായ ഒരുപാട് താല്പര്യങ്ങള്‍ വന്നുപെട്ടു.

”യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുന്‍പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു” എന്ന  ഗുരുവിന്റെ അവസാന കാലത്തെ പ്രഖ്യാപനം പ്രസിദ്ധമാണ്.

നാരായണ ഗുരുവിന്റെ ബുദ്ധിശക്തികള്‍ അന്ത്യകാലത്ത് ‘സുപ്തമാ’യിരുന്നുവെന്ന് വ്യവഹാര ആവശ്യത്തിലേക്കാണെങ്കിലും രേഖപ്പെടുത്തിയ പ്രസ്ഥാനമാണ് എസ്എന്‍ഡിപി. ശ്രീനാരായണ ഗുരുവിന്റെ വില്‍പ്പത്രം റദ്ദുചെയ്യണമെന്നും ശിവഗിരിയിലെ സന്യാസി സംഘത്തിന് അദ്ദേഹം സ്വത്തുക്കള്‍ എഴുതിവച്ചത് അസ്ഥിരപ്പെടുത്തണമെന്നും കാണിച്ച് ഗുരുവിന്റെ മരണശേഷം എസ്എന്‍ഡിപി യോഗം തിരുവനന്തപുരം ജില്ല സിവില്‍ കോടതിയില്‍ നല്‍കിയ കേസിന്റെ 14-ാം ഖണ്ഡിക കാണുക: ‘‘വിവാദ വില്‍പത്രവും ഉടമ്പടിയും നിയമപ്രകാരം അസാധുവും ലൗകിക വിഷയങ്ങളില്‍ തീരെ ആസ്ഥയില്ലാതെയും രോഗപീഢ കൊണ്ടുക്ലേശിച്ചും വാര്‍ധക്യമതിക്രമിച്ചും ബുദ്ധിശക്തികള്‍ സുപ്തമായും ഇരുന്ന സ്വാമിതൃപ്പാദങ്ങളെ തെറ്റിദ്ധരിപ്പിച്ചും അവിടെന്നുകൂടി സമ്മതിച്ചതായ നാട്യത്തിലും ഒന്നാം പ്രതി മുതല്‍പ്പേര്‍ ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ളതും ആകുന്നു.” ഇതേ ഹര്‍ജിയുടെ 12-ാം ഖണ്ഡികയില്‍ പറയുന്നത്, ‘‘സ്വാമി തൃപ്പാദങ്ങള്‍ക്ക് ശിവഗിരി മുതലായ സ്ഥാപനങ്ങളെയും സ്വത്തുക്കളെയും സംബന്ധിച്ച് വില്പത്രമെഴുതാന്‍ അധികാരമില്ലെ’‘ന്നായിരുന്നു. ആ വക സ്വത്തുക്കളെല്ലാം ഈഴവ സമുദായത്തിന്റെ ഗുണത്തിനുണ്ടായിട്ടുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ശ്രീനാരായണനു ലഭിച്ച സ്വത്തുക്കളുടെ അവകാശമായിരുന്നു പ്രശ്‌നം.

ശ്രീനാരായണ ഗുരു സമാധിയുടെ 41-ാം ദിനം ശിവഗിരിയില്‍ ആചരിക്കുന്നതിനെതിരെ എസ്എന്‍ഡിപി യോഗം ഇന്‍ജങ്ഷന്‍ ഉത്തരവു വാങ്ങിയതും മണ്ഡലാചരണത്തിനായി തയാറാക്കിയ സദ്യവട്ടങ്ങളും പുഷ്മമാല്യങ്ങളും മറ്റും ശിവഗിരിയില്‍ കിടന്ന് അഴുകിയ സംഭവവുമെല്ലാം ചരിത്രമാണ്. ജില്ല മജിസ്ട്രേറ്റായിരുന്ന സാക്ഷാല്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യരില്‍ നിന്നും സദ്യ നടത്താനുള്ള പ്രത്യേക അനുമതിക്കായി സന്യാസിമാര്‍ നടത്തിയ ശ്രമങ്ങളും ഫലം കാണുകയുണ്ടായില്ല. കേരളം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള ഒരു വ്യവഹാരമായതിനാല്‍ അതിന്റെ മറ്റുള്ളടക്കത്തിലേക്ക് പോകുന്നില്ല. വില്‍പത്ര പ്രകാരമുള്ള ഭൗതികാര്‍ഥങ്ങള്‍ ശിവഗിരിയിലെ സന്യാസി സംഘത്തില്‍ ഏല്‍പ്പിക്കപ്പെട്ടെങ്കിലും പില്‍ക്കാലത്ത് അവര്‍ക്കും ‘തടശിലയൊന്ന് തരംഗലീലയിലെന്നപോലെ’ ഗുരുദര്‍ശനങ്ങളില്‍ ആഴത്തില്‍ ഊന്നിക്കൊണ്ടു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണ്. അവിടേയും  പോലീസ് നടപടി അടക്കം ഒരുപാട് അരുതായ്കകള്‍ക്ക് സാംസ്‌കാരിക കേരളം പിന്നീട് സാക്ഷിയായിട്ടുണ്ട്.

ധാര്‍മ്മികതയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ആദ്യകാലം മുതല്‍ ഇടര്‍ച്ച എസ്എന്‍ഡിപി യോഗത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. സാക്ഷാല്‍ ആര്‍. ശങ്കര്‍ യോഗത്തിന്റെ തലപ്പത്ത് വന്ന കാലത്ത് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദത്തിന് വ്യാപക പിന്തുണ നല്‍കുകയും സര്‍ സി.പി രാമസ്വാമി അയ്യരുടെ നിലപാടിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വരികയും ഒക്കെ ചെയ്തിരുന്നുവെന്നതും ചരിത്രമാണ്. രാജ്യം സ്വാതന്ത്ര്യത്തിനായി വലിയ സമരങ്ങള്‍ ചെയ്യുകയും ഇന്ത്യ എന്ന വികാരം തുടിച്ചു നില്‍ക്കുകയും ചെയ്ത സമയത്ത് കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാക്കാനാവാതെ പോയിരുന്നു  ശ്രീനാരായണന്റെ പേര് ശിരസ്സില്‍ പേറിയ സംഘടനയ്‌ക്കെന്ന് ഓര്‍മ്മിക്കണം. അത് ശ്രീനാരായണീയരുടെ എല്ലാവരുടേയും മനോഗതിയായി കണക്കിലെടുക്കേണ്ടതില്ലെങ്കിലും യോഗം നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും സിപിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നോര്‍ക്കണം. അതിനു പിന്നില്‍ ഇപ്പോള്‍ യോഗാധ്യക്ഷനായ വെള്ളാപ്പള്ളി നടേശന്‍ കാണുന്നതുപോലെയുള്ള വലിയ കണ്ണുകളും അക്കാല നേതൃത്വത്തിന് ഉണ്ടായിരുന്നിരിക്കണം. പല ശ്രേയസ്സും അവര്‍ കണക്കുകൂട്ടിയിരിക്കാം. പില്‍ക്കാലത്ത് എസ്ആര്‍പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി അധികാരത്തില്‍ കൂടുതല്‍ ഇടം നേടാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. പരാജയപ്പെട്ട ആ മാതൃക മുന്നില്‍ നില്‍ക്കെയാണ് ബിഡിജെഎസ് എന്ന പേരില്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന് പിന്നീട് ബീജാവാപം ചെയ്തതും തുഷാറിനെ അതിന്റെ അമരക്കാരനാക്കിയതും. എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ് പക്ഷെ സ്ഥാനമാനങ്ങള്‍ ചൊല്ലി പലവട്ടം ബിജെപിയുമായി കലഹിച്ചുവെങ്കിലും ആ മുന്നണിയില്‍ തുടരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസിലേക്ക് വരാം.  ബാര്‍ ഹോട്ടലും വലിയ കരാര്‍ ജോലികളും മറ്റും നടത്തിവരുന്ന കുടുംബത്തിലെ ഒരംഗം ഇത്തരത്തില്‍ വ്യവഹാരങ്ങളില്‍ ചെന്നുപെടുന്നതും അറസ്റ്റിലാകുന്നതുമൊന്നും പുതുമയല്ല. പക്ഷെ തുഷാറിന് കുപ്പായങ്ങള്‍ ഏറെയാണ്. അദ്ദേഹം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്റേയും മകന്‍ ആണെന്ന് മാത്രമല്ല, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ്. തുഷാറിന്റെ രക്ഷയ്ക്കായി  മുഖ്യമന്ത്രിയെ കൊണ്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിച്ചതിന് പ്രേരണയായത് കേവലം യോഗ ബന്ധം മാത്രമായിരുന്നോ? അതോ തെളിയുന്നത് ഇടത്തും വലത്തും മധ്യത്തിലും ഒക്കെയുള്ള കക്ഷികളില്‍ പ്രമുഖ വ്യവസായിയുടെ കുടുംബത്തിനുള്ള സ്വാധീനതകളോ?

ഒരു പ്രബല വ്യവസായിക്ക് ഇത്തരം ബന്ധങ്ങള്‍ വന്നുപെടുന്നതിലും അസ്വാഭാവികതയൊന്നുമില്ല. രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തന രീതി പരിശോധിച്ചാല്‍ ബിഡിജെഎസ് അധ്യക്ഷന്റെ മേല്‍ വന്നു ഭവിച്ചിരിക്കുന്നത് ചില്ലറ ഇടപാടിന്റെ പേരില്‍ ഉണ്ടായ വ്യവഹാരമാണെന്നും കാണാം. രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം വച്ചു നോക്കിയാല്‍ ആരോപണം ശതഗുണീഭവിക്കാത്തത് ഒരു ന്യൂനതയാണെന്ന് പോലും കരുതാവുന്നതേയുള്ളു. അതെന്തെങ്കിലുമാകട്ടെ, ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന് ഏത് തരത്തിലുള്ള ജീവിത വീക്ഷണവും വച്ചു പുലര്‍ത്താം. വെറും ഒരു സമുദായ സംഘടനയുടെ തലപ്പത്തുള്ളയാള്‍ക്കും ആ സമുദായാംഗങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നില്ലെങ്കില്‍ ‘ഹനന’ പ്രധാനമായ ഏത് വ്യാപാരത്തിലും ഇടപെടാനും സാധിക്കും.
എന്നാല്‍ തരക്കേട് സംഭവിച്ചിരിക്കുന്നത് മറ്റൊരു പ്രകാരത്തിലാണ്. ശ്രീനാരായണന്‍ എന്ന മഹാമനുഷ്യന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്താണ് വെള്ളാപ്പള്ളിമാരുടെ വിഹാരമെന്നത് അവര്‍ക്ക് സാംസ്‌കാരികമായ ചില ഉത്തരവാദിത്തങ്ങളും ചുമതലകളും നല്‍കുന്നുണ്ട്. ഏത് പ്രകാരത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ പ്രതിഫലിക്കപ്പെട്ടിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ ചെന്നെത്തുക വലിയ നിരാശയിലാകും. ശ്രീനാരായണന്റെ സാംസ്‌കാരിക സ്വത്വവും ഈഴവരുടെ മറ്റു തരത്തിലെ സ്വാധീനതകളും ഒക്കെ തങ്ങളുടെ താല്പര്യ സംരക്ഷണത്തിന് എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമോ അത്തരത്തിലൊക്കെ ഇന്ധനമാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് സ്പഷ്ടം. അതിനായി മൗലികവാദത്തിന്റെ സ്വഭാവത്തില്‍ ഈഴവ സ്വത്വത്തെ ഊതിപ്പൊലിപ്പിക്കാനും ഭൂരിപക്ഷം സമുദായാംഗങ്ങളെ ഒപ്പം നിര്‍ത്താനും അവര്‍ ശ്രമിക്കുന്നു. വെള്ളാപ്പള്ളിയുടെ ശനിയാഴ്ചത്തെ പ്രസംഗത്തിലും അത് വ്യക്തം. സംഘടനകളൊക്കെ കുടുംബ വാഴ്ചയുടെ ഇടമായി തീരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.

സാക്ഷാല്‍ കുമാരനാശന്‍ മുതല്‍ ഇങ്ങോട്ട് ഏറെ മഹാരധന്മാര്‍ സംഘടനയെ നയിച്ചുവെങ്കിലും അവര്‍ക്കാര്‍ക്കും ഇല്ലാത്ത സ്വാധീനത പല പ്രകാരത്തില്‍ വെള്ളാപ്പള്ളിയും അനുചരരും നേടിയിരിക്കുന്നു. കുമാരനാശാനും മറ്റുമുള്ള സാംസ്‌കാരിക മൂല്യം വെള്ളാപ്പള്ളിക്ക് ഇല്ലെങ്കിലും ധനമൂല്യത്തിന്റേയും ഇരുണ്ട് വെളുക്കുമ്പോള്‍ തരാതരം പോലെ നിലപാട് മാറ്റാനുള്ള അനുപമമായ ചാതുര്യത്തിന്റേയും ധാരാളിത്തത്താല്‍ മറ്റാരേയും അതിശയിക്കുന്ന തരത്തില്‍ അദ്ദേഹം സംഘടനയ്ക്കകത്തെ ആധിപത്യം തുടരുകയാണ്. അധികാരം, പണം, സ്വാധീനം, പലതും മറയ്ക്കുന്നതിനുള്ള ഇടം എന്നിങ്ങനെ പ്രബല കുടുംബങ്ങള്‍ അട്ടിപ്പേറായി സംഘടനകളെ തീറെഴുതി എടുക്കുന്നതിന് കാരണങ്ങള്‍ അനവധി.

മറ്റു സമുദായ സംഘടനകള്‍ക്കില്ലാത്ത ദാര്‍ശനികമായ ബാധ്യത എസ്എന്‍ഡിപി യോഗത്തിനുണ്ട്. മനുഷ്യന്‍ എന്ന വിശാലമായ മതവും ഭിന്നതകളില്ലാത്ത ഏകലോക ചിന്തകളും ഒക്കെ തത്വചിന്തയായും പ്രയുക്തശാസ്ത്രമായും നെഞ്ചേറ്റിയ നാരായണഗുരുവിന്റെ വിചാരധാരകള്‍ ഈ സംഘടനയുടെ ശിരസ്സിലും സിരകളിലും നിത്യമുദ്രിതമായി കിടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ സംഘടനയ്ക്ക് ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്. മതാതീത ആത്മീയത ഉയര്‍ത്തിപ്പിടിച്ച നാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള പ്രസ്ഥാനത്തിന് വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. അത്തരം ഉത്തരവാദിത്തങ്ങളിലേക്ക് സംഘടനയ്ക്ക് വളരണമെങ്കില്‍ കാലങ്ങളായി അതിന്റെ ചുമരില്‍ അടിഞ്ഞുകൂടിയിട്ടുള്ള ഒരുപാട് അവസാദങ്ങളെ കഴുകിക്കളയേണ്ടതുണ്ട്.

വെള്ളാപ്പള്ളി എന്ന പോലുള്ള നാമധാരികളോ  അവര്‍ താല്പര്യ സംരക്ഷണത്തിനായി അവലംബിക്കുന്ന മാര്‍ഗങ്ങളോ അല്ല പ്രശ്‌നം. അത്തരക്കാരുടെ ചെയ്തികള്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള സമൂഹത്തിലെ ആവാസ വ്യവസ്ഥകളാണ് മാറേണ്ടത്. പ്രബുദ്ധമെന്നവകാശപ്പെടുന്ന വലിയ സമൂഹം ഇതൊക്കെ വകവെച്ചു കൊടുക്കുന്നതെന്തുകൊണ്ടെന്നതാണ് യഥാര്‍ഥ പ്രശ്‌നം. നാരായണ ഗുരുവിനെപ്പോലെ സമൂഹത്തിനായി നിരന്തരം സ്പന്ദിക്കുകയും അപരനായി സ്വയം സമര്‍പ്പിച്ച് നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയുമല്ല ഇവര്‍ ചെയ്യുന്നത്.   തങ്ങള്‍ക്കെന്തു കിട്ടും എന്നു മാത്രമായിരുന്നു ഇത്തരക്കാരുടെ വ്യാകുലതകള്‍. വില്‍പത്രമെഴുതുമ്പോള്‍ ഗുരുവിന്റെ ബുദ്ധി സുപ്തമായിരുന്നുവെന്ന് വ്യവഹരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ ഉള്‍പ്പെടെ ഭരിച്ചിരുന്നതും എന്തുകിട്ടും എന്ന ചിന്തയായിരുന്നു. കിട്ടാതെ വരുമ്പോഴാണ് ഇന്‍ജങ്ഷന്‍ ഉത്തരവും മറ്റും തേടുന്നത്. പില്‍ക്കാല യോഗ ഭാരവാഹികള്‍ റിസീവറെ വച്ച് ശാഖകളില്‍ അഭീഷ്ടം നടത്തുന്നതും ഇതുകൊണ്ടു തന്നെ.

തുഷാര്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളും ഇത്തരം ആദാനപ്രദാനങ്ങളെ കാഴ്ചകളിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ മാത്രമല്ല, ഈ സംഘനയ്ക്കകത്തുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടത്. ആകെ സമൂഹത്തിന് വിമോചനവും ശ്രേയസ്സും കരുതിയ നാരായണ ഗുരുവിന്റെ ദാര്‍ശനിക ഗരിമയും പ്രയുക്തശാസ്ത്രവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമായി എപ്രകാരം ഇതിനെ വളര്‍ത്തിക്കൊണ്ടുവരാമെന്നതിനെ കുറിച്ചായിരിക്കണം. ദിനസരി വാര്‍ത്തകളില്‍ കാണും പോലെ വെറും പിണറായി വിരുദ്ധരോ വെള്ളാപ്പള്ളി വിരുദ്ധരോ മറ്റനേകം വിരുദ്ധരോ ആയി ആനന്ദം പങ്കിട്ട് ചര്‍ച്ച അവസാനിപ്പിക്കേണ്ട പ്രശ്‌നമല്ലിത്. വല്ലാതെ പൊല്ലാപ്പുകള്‍ നിറഞ്ഞ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ആരും മറക്കരുത്.

അവലംബം:
1. എസ്എന്‍ഡിപി യോഗ ചരിത്രം-പ്രഫ. പി.എസ്. വേലായുധന്‍, ശ്രീനാരായ ധര്‍മ്മ പരിപാലന യോഗം, കൊല്ലം
2. ശ്രീനാരായണ ഗുരു ഒരു പഠനം-ഡോ. ടി.കെ. രവീന്ദ്രന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്,
3. ശ്രീനാരായണ ഗുരു, ചരിത്രയാഥാര്‍ഥ്യങ്ങള്‍-ജി. പ്രീയദര്‍ശനന്‍, പൂര്‍ണ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷീംഗ് ഹൗസ്, വര്‍ക്കല
4. നാരായണ ഗുരു ജീവിതം, കൃതികള്‍, ദര്‍ശനം, -എഡി. കെ.എന്‍. ഷാജി, കറന്റ് ബുക്‌സ്, തൃശൂര്‍
5. നാരായണ ഗുരു-എഡി. പി.കെ. ബാലകൃഷ്ണന്‍, ഡിസി ബുക്‌സ്, കോട്ടയം
6. Social Mobility in Kerala, Modernity and Conflict-Filippo Osella and Caroline Osella, Pluto Press, London

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍