UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

മോദിയുടെ ധാർമികശുദ്ധി എന്ന തട്ടിപ്പ് പറിച്ചെറിയാന്‍ സമയമായി-ഹരീഷ് ഖരെ എഴുതുന്നു

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സത്യസന്ധതയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടേണ്ടത് ജനാധിപത്യ ശക്തികളുടെയും സ്ഥാപനങ്ങളുടെയും ചുമതലയാണ്

ഹരീഷ് ഖരെ

തന്റെ ‘ഉദ്ദേശം’ ‘ശുദ്ധ’മായതിനാൽ താൻ സംരക്ഷിക്കുന്ന ഒരു കോർപ്പറേറ്റ് കമ്പനിയുടെ പേരിൽ താൻ മാപ്പ് പറയേണ്ടതില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൻകാര്യ വാദത്തിനെ ആരും എതിർക്കുന്നില്ല എന്നത് നിരാശാജനകമാണ്. ഇതൊരു കറകളഞ്ഞ തട്ടിപ്പാണ്. ഇത്തരത്തിലുള്ള അവസരവാദ ധാർമിക വേഷംകെട്ടലുകളുമായി രക്ഷപെടാൻ പ്രതിപക്ഷം അദ്ദേഹത്തെ പലതവണയായി അനുവദിക്കുന്നു. പ്രധാനമന്ത്രിയുടെ ധാർമികശുദ്ധിയുടെ തട്ടിപ്പിന് അറുതി വരുത്താറായിരിക്കുന്നു.

ശ്രദ്ധേയമായ കാര്യം, രാഷ്ട്രീയക്കാർ മടിച്ചു നിൽക്കുമ്പോൾ സർക്കാരിന് ഇത്തരം ധാർമികാനുമതി നൽകാൻ സാധാരണക്കാരായ പൗരന്മാർ തയ്യാറല്ല എന്നതാണ്. രാജ്യത്തെങ്ങും സർക്കാരിനെതിരെ ജനാധിപത്യശബ്ദങ്ങൾ ഉയരുന്നുണ്ട്.

ഒരു നവ സാമൂഹ്യ മാധ്യമ നിയന്ത്രണ സംവിധാനം ഉണ്ടാക്കുന്നതിനുള്ള ദുരുപദിഷ്ടമായ പദ്ധതിയിൽ നിന്നും മോദി സർക്കാരിന് പിന്മാറേണ്ടി വന്നിരിക്കുന്നു. UIDAI അധികാരഘടനയിലേക്കു ബന്ധിപ്പിക്കാവുന്ന, ഒരു സമഗ്രാധിപത്യ പ്രവണതയുള്ള പദ്ധതിയായിരുന്നു അത്. ‘ഉദ്ദേശശുദ്ധി’യുള്ള പ്രധാനമന്ത്രിയുണ്ട് എന്ന വർത്തമാനം കൊണ്ട് മധ്യവർഗം ഇപ്പോൾ സർക്കാരിനെ വിശ്വസിക്കുന്നില്ല.

തങ്ങൾക്കനുകൂലമായി അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യിക്കാൻ രാഷ്ട്രീയക്കാർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഉദ്യോഗസ്ഥവൃന്ദം ഇതിനകം വിജയിച്ചിരിക്കുന്നു. രാഷ്ട്രീയനേതൃത്വത്തിന്റെ ഈ സംശുദ്ധ കളിയിൽ വിലകൊടുക്കേണ്ടിവരുന്നത് ഉദ്യോഗസ്ഥരാണ്. കുറച്ചു വിശ്വാസികളൊഴികെ, അവരിൽ ബാക്കിയെല്ലാവരും നിശ്ശബ്ദരും ഒരുതരത്തിൽ ചട്ടപ്പടി സമരത്തിലുമാണ്. അതിന്റെ ഫലമായി രാജ്യത്ത് ഭരണനിർവഹണം സ്തംഭനാവസ്ഥയിലാണ്. രാഷ്ട്രീയനേതാക്കൾക്ക് ഈ ‘ഉദ്ദേശശുദ്ധി’യുടെ താളത്തിനൊത്ത് എത്രവേണമെങ്കിലും തുള്ളാം, എന്നാൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് അങ്ങനെയല്ല. തപ്പിത്തടയുന്ന മന്ത്രിമാരെ നിത്യവും കാണുന്ന അവർക്ക് അതിനൊപ്പം നിന്നുകൊടുക്കാൻ കഴിയില്ല.

വിവാദമായ ‘ജാമ്യ’ വകുപ്പുകളുള്ള Financial Restoration and Deposit Insurance (FRDI) Bill പിൻവലിപ്പിക്കാൻ ബാങ്ക് ഉപഭോക്താക്കളെന്ന നിലയിൽ പൗരന്മാരെ നിർബന്ധിതമാക്കി. നിക്ഷേപകരുടെ പണം സൂക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ ഉറപ്പിലുള്ള വലിയ അവിശ്വാസ വോട്ടാണ് ഇതെന്ന് പറയാം. ഒട്ടും യുക്തിസഹമല്ലാതിരുന്ന നോട്ടുനിരോധനത്തിനു ശേഷം സമ്പദ് രംഗം കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ കഴിവിൽ ജനങ്ങൾക്ക് ഗൗരവമായ സംശയങ്ങളുണ്ട്. ഒരു ശരാശരി ബാങ്ക് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം അത് വളരെ അപകടകരമായാണ് കാണുന്നത്. എത്ര ‘ഉദ്ദേശശുദ്ധി’ അവകാശപ്പെട്ടാലും ചാഞ്ചാട്ടക്കാരായ ഭരണാധികാരികളുടെ മേൽ സ്ഥാപനരൂപത്തിലും നിയമപരവുമായ നിയന്ത്രണങ്ങൾ വേണമെന്ന് ഒടുവിൽ സാമ്പത്തിക സമൂഹത്തിന് തോന്നിത്തുടങ്ങിയിരിക്കുന്നു.

ഇപ്പോൾ സർക്കാരിന്‌ ജസ്റ്റിസ് കെ. എം ജോസഫിന്റെ വിഷയത്തിലും സുപ്രീം കോടതി അഭിപ്രായത്തിന് സര്‍ക്കാരിന് വഴങ്ങേണ്ടിവന്നിരിക്കുന്നു. ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയിയെ നിയമിക്കാതിരിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ ആത്മവിശ്വാസത്തോടെ പറയാം. കോടതിക്ക് ഒരു സ്ഥാപനം എന്ന നിലയിലുള്ള പങ്കിനെക്കുറിച്ച് ബോധ്യമുണ്ട്. മോദി സർക്കാരിന് എന്തെങ്കിലും രാഷ്ട്രീയ സൗകര്യം ഉണ്ടാക്കിക്കൊടുക്കില്ല എന്ന കാര്യത്തിൽ സുപ്രീം കോടതിയെ ആശ്രയിക്കാം.

രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ആഴത്തിൽ പിഴവുകളുള്ള ഒരു സർക്കാരിനെതിരെ ജനാധിപത്യ സംവാദത്തിന്റെ തത്വങ്ങളും രീതികളും സജീവമായി ഉപയോഗിക്കേണ്ട സമയമായിരിക്കുന്നു. സകലരെയും ഓർമ്മിപ്പിക്കേണ്ട ഒരു കാര്യം മോദി – അമിത് ഷാ സംവിധാനം വിശുദ്ധന്മാരുടെ ഒരു സംഘമാണ് എന്നല്ല; അത് നിർദ്ദയരായ ഒരു കൂട്ടം അധികാര ദുഷ്‌ക്കർമ്മികളുടെ സംവിധാനമാണ്. ബിജെപി ഇതര കൂട്ടങ്ങളുടെ അതേ ഗുണങ്ങളും ദുർഗുണങ്ങളും ബിജെപിയുടെ രാഷ്ട്രീയ ഉപരിവർഗത്തിനുമുണ്ട്. അധികാരത്തിനു വേണ്ടിയുള്ള നിർദാക്ഷിണ്യമായ പരക്കംപാച്ചിലിൽ എല്ലാവിധ രാഷ്ട്രീയ ദുർവൃത്തികളും നടത്തിത്തുടങ്ങിയപോലെ, ഒരുകാലത്ത് കോൺഗ്രസ് പാർട്ടിയെ അധിക്ഷേപിക്കാൻ പറഞ്ഞിരുന്ന നേതൃപൂജയും സ്തുതിപാടലും ബിജെപിയും ഏറ്റെടുത്തിരിക്കുന്നു.

എന്തായാലും നാലു വർഷത്തിനു ശേഷം ‘ഭാരത മാതാവി’ന്റെ യശസ്സിന് വേണ്ടി നിസ്വാർത്ഥമായും അർപ്പണത്തോടെയും പ്രയത്നിക്കുന്ന ഒരാളെന്ന, അതിന്റെ നേതൃത്വത്തിന്റെ കെട്ടിപ്പൊക്കിയ പ്രതിച്ഛായയുടെ പരിമിതികളും കാപട്യങ്ങളും വെളിപ്പെട്ടിരിക്കുന്നു. വിരലിലെണ്ണാവുന്ന കുറച്ചു ടെലിവിഷൻ ചാനലുകളെ ഒഴിച്ചുനിർത്തിയാൽ ഈ തട്ടിപ്പു പരിപാടിയുടെ ഉള്ളിലെന്താണെന്നു രാജ്യത്തിനു മനസിലായിത്തുടങ്ങി.

ലോക്സഭയിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ, ജനാധിപത്യപരമായ ഉത്തവാദിത്തത്തിനു കീഴ്‌പ്പെടാൻ മോദി ആദ്യമായി നിർബന്ധിതനായി. പക്ഷെ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്തത്. പാർലമെന്ററി സംവിധാനത്തിലെ അടിസ്ഥാന ഘടകങ്ങളിലൊന്നായ അവിശ്വാസപ്രമേയം രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് എന്നാണ് പ്രധാനമന്തി പറഞ്ഞത്. സർക്കാരിന്റെ ഔദ്ധത്യത്തെയാണ് യാതൊരു ന്യായവുമില്ലാത്ത ഈ വാദം കാണിക്കുന്നത്; തങ്ങളുടെ രാഷ്ട്രീയ കൗശലങ്ങളും കുതന്ത്രങ്ങളും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധിപ്പിച്ചു തടിതപ്പാൻ അവരെ അനുവദിക്കുകയാണ്. ഈ മണ്ടത്തരം നിർത്താനുള്ള സമയമായി.

ഭരണാധികാരികൾക്ക് ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാക്കളും മറ്റു ശബ്ദങ്ങളും അവരെ ഓർമ്മിപ്പിക്കണം. ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്നോ വിമർശനത്തിൽ നിന്നോ ഒരു സർക്കാരിനും ഒഴിഞ്ഞുനിൽക്കാനാവില്ലെന്നും അടിവരയിട്ടുതന്നെ പറയണം. സ്വയം പ്രഖ്യാപിത ‘കാംദാരി’കൾക്കോ അല്ലെങ്കിൽ ‘നാംധാരികൾ’ എന്ന് വിളിക്കപ്പെടുന്നവർക്കോ ഭരണഘടന ഒരു പ്രത്യേകാവകാശവും നൽകിയിട്ടില്ല. ഭരണഘടന സ്വേച്ഛാധിപത്യത്തിന്റെയോ സമഗ്രാധിപത്യത്തിന്റെയോ മാപ്പുസാക്ഷിയുമല്ല.

ദൃശ്യവാർത്തതരംഗങ്ങൾ മുഴുവൻ അന്തമില്ലാത്ത പ്രതിപക്ഷവിരുദ്ധ പഴികൾക്കൊണ്ടു നിറയുമ്പോൾ തങ്ങളുടെ രാഷ്ട്രീയ അപ്രമാദിത്തത്തിൽ വിശ്വസിക്കാൻ മോദി സർക്കാരിന് അവകാശമുണ്ട്. എന്നാൽ ഈ ഹുങ്കിനെ തള്ളിപ്പറയാൻ രാജ്യത്തെ ജനാധിപത്യ സ്വരങ്ങൾക്ക് ന്യായവുമുണ്ട്. അത്തരത്തിലൊരു നിഷേധമാണ് നമ്മുടെ ജനാധിപത്യത്തിന്റെ ജൈവികതയും ഭരണഘടനയുടെ ദൃഢതയും. റോണ്‍ ജൂഡ് പറഞ്ഞതുപോലെ ‘ഉദാസീനതയുടെ കെണിയിൽ വീഴലല്ല’ പ്രതിപക്ഷത്തിന്റെ ഏറ്റവും സ്വീകര്യമായ കുറഞ്ഞ പങ്ക്.

മോദി സർക്കാർ രാജ്യത്തിനു ഗുണം ചെയ്തില്ലെന്നു സമർത്ഥിക്കാനും ഭരണഘടനാ മൂല്യങ്ങളും റിപ്പബ്ലിക്കൻ ഗുണങ്ങളും ജനാധിപത്യ സംവേദനാത്മകതയും തിരിച്ചുകിട്ടുക എന്ന ലളിതമായ കാര്യം തന്നെ രാജ്യത്തിന് ഗുണം ചെയ്യും എന്ന് ജനത്തെ പഠിപ്പിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്ട്. പ്രതിപക്ഷം ഒരിക്കൽ ആ പ്രാപ്തിയും വിശ്വാസവും പ്രകടിപ്പിച്ചാൽ മറ്റ് സ്ഥാപന സംവിധാനങ്ങളും നിയന്ത്രണങ്ങളും താനേ പ്രവർത്തിച്ചുതുടങ്ങും.

എല്ലാത്തിനുമുപരിയായി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സത്യസന്ധതയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടേണ്ടത് ജനാധിപത്യ ശക്തികളുടെയും സ്ഥാപനങ്ങളുടെയും ചുമതലയാണ്. ഈ ധാർമിക ഔദ്ധത്യത്തിന്റെ കപടമേലങ്കി അയാളിൽ നിന്നും പറിച്ചെറിയേണ്ട സമയമായിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോദിയുടെ മണല്‍ക്കോട്ടകള്‍ പൊളിയുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

പുതിയ ഇന്ത്യയുടെ ബഹളങ്ങളില്ലാത്ത മരണപ്രഖ്യാപനം

ഇന്ത്യ ഇന്നുമൊരു ജനാധിപത്യ രാജ്യമാണെന്ന് സുപ്രീം കോടതിക്ക് മോദിയെ ഓര്‍മപ്പെടുത്തേണ്ടി വരുമ്പോള്‍

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍