UPDATES

ട്രെന്‍ഡിങ്ങ്

കോൺഗ്രസിനെ വെടക്കാക്കി ബി ജെ പിയിൽ ചേർന്ന വടക്കൻ ഒടുവിൽ ബി ജെ പിക്ക് വെടക്കായി മാറുമോ?

വടക്കൻ പോയതുകൊണ്ട് കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നും ചിലരൊക്കെ പ്രതികരിച്ചു കണ്ടു. ക്ഷീണം മറച്ചുവെക്കാനുള്ള സ്വാഭാവിക നീക്കമായി ഇതിനെ കണ്ടാൽ മതി.

കെ എ ആന്റണി

കെ എ ആന്റണി

‘കൊടും ചതി’. ഇതായിരുന്നു എ ഐ സി സി മാധ്യമ വക്താവ് ടോം വടക്കന്റെ കൂടുമാറ്റ വാർത്ത പുറത്തുവന്നപ്പോൾ ചില കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. തൊട്ടു തലേദിവസം കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പിക്കുമെതിരെ ചാട്ടുളിപോലുള്ള ട്വീറ്റുകൾ നടത്തിയ വടക്കൻ ഇത്ര പെട്ടെന്ന് കാവി പതാക ഏന്തുമ്പോൾ പിന്നെന്തു പറയും?

‘ബി ജെ പി യിൽ ചേർന്നാൽ നിങ്ങളുടെ കുറ്റകൃത്യങ്ങളെല്ലാം ഇല്ലാതാകും’, ‘മോദി ആപൽക്കാരിയായ മായാജാലക്കാരൻ’, ‘ദാരിദ്ര്യത്തിനൊപ്പം ദരിദ്രരെയും ഇല്ലാതാക്കാൻ കെൽപ്പുള്ളയാൾ’. ഇങ്ങനെ എന്തൊക്കെ ഗംഭീര ട്വീറ്റുകളായിരുന്നു വടക്കൻ വക! ഒടുവിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന വേളയിൽ തന്നെ രാഹുകാലം നോക്കിയായാലും അല്ലെങ്കിലും മലയാളിയായ ടോം വടക്കൻ കോൺഗ്രസ് പാർട്ടിയോട് സലാം പറഞ്ഞു ബി ജെ പി അധ്യക്ഷൻ അമിത്ഷായുടെ കരം പിടിച്ചു. അതും പൊതുതിരെഞ്ഞെടുപ്പ് വേളയിൽ. മുൻപ് എ ഐ സി സി സെക്രട്ടറിയും സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമൊക്കെ ആയിരുന്ന വടക്കൻ ഇങ്ങനെ ചെയ്യുമ്പോൾ ഇത്തരം പ്രതികരണങ്ങൾ തികച്ചും സ്വാഭാവികം.

വടക്കൻ പോയതുകൊണ്ട് കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നും ചിലരൊക്കെ പ്രതികരിച്ചു കണ്ടു. ക്ഷീണം മറച്ചുവെക്കാനുള്ള സ്വാഭാവിക നീക്കമായി ഇതിനെ കണ്ടാൽ മതി. പൊതു തിരെഞ്ഞെടുപ്പ് വേളയിൽ ബി ജെ പി യിലേക്കുള്ള ഒഴുക്ക് തുടരുമ്പോൾ പിന്നെന്തു പറഞ്ഞു അവർ സമാധാനിക്കും?

അതും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ‘കണ്ടില്ലേ, വടക്കനും പോയില്ലേ? കോൺഗ്രസ് പാർട്ടി ബി ജെ പിയുടെ റിക്രൂട്ട്മെന്റ് സെന്ററാണെന്നു ഞങ്ങൾ പണ്ടേ പറഞ്ഞതല്ലേ’ എന്നൊക്കെ പറഞ്ഞു കളിയാക്കുമ്പോൾ ഒരു മനഃസമാധാനത്തിനു വേണ്ടിയെങ്കിലും എന്തെങ്കിലുമൊക്കെ പറയണ്ടേ?

ഒരർത്ഥത്തിൽ അവർ പറയുന്നതിലും അല്ലറ ചില്ലറ വാസ്തവമൊക്കെയുണ്ട്. വടക്കനും ബി ജെ പിയും ഒക്കെ കരുതുന്നതുപോലെ അത്ര വലിയ സംഭവമൊന്നുമല്ല ടോം വടക്കൻ. സൂത്രശാലിയായ ഒരു തൃശ്ശൂർക്കാരൻ, എ ഐ സി സി ഓഫിസിലും പാർലമെൻറ് മന്ദിരത്തിന്റെ ഇടനാഴിയിലുമൊക്കെ സ്ഥിര സാന്നിധ്യം. സോണിയ ഗാന്ധി മാറി രാഹുൽ ഗാന്ധി എ ഐ സി സിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ, ബി ജെ പിയിൽ ചേർന്നതിനുശേഷം വടക്കൻ തന്നെ വെളിപ്പെടുത്തിയതുപോലെ, പാർട്ടിയിൽ ചിറകരിയപ്പെട്ട ഒരാൾ. മലയാളിയാണെങ്കിലും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പറയത്തക്ക സ്വാധീനമൊന്നുമില്ല. തിരുവനന്തപുരത്തെത്തുമ്പോഴൊക്കെ താമസം മസ്‌ക്കറ്റ് ഹോട്ടെലിൽ. കൂട്ടത്തിൽ തൃശ്ശൂരിൽ നിന്നോ ചാവക്കാട് നിന്നോ ഉള്ള രണ്ടോ മൂന്നോ അനുചരന്മാരും ഉണ്ടാവും. എ ഐ സി സി മാധ്യമ വക്താക്കളിൽ ഒരാൾ എന്നല്ലാതെ കേരളത്തിൽ, തൃശൂരിന് വെളിയിൽ ടോം വടക്കൻ എന്ന വ്യക്തിയെ എത്ര പേർക്ക് അറിയാം എന്ന കാര്യം സംശയം തന്നെ.

സത്യം ഇതൊക്കെയാണെങ്കിലും വടക്കനെ കിട്ടിയതില്‍ ബി ജെ പി കേന്ദ്ര നേതൃത്വം മാത്രമല്ല പാർട്ടിയുടെ കേരള അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും വലിയ സന്തോഷത്തിലാണ്. രണ്ട് തവണ കോൺഗ്രസ് ടിക്കറ്റിൽ തൃശ്ശൂരിൽ നിന്നും മത്സരിക്കുന്നതിനുവേണ്ടി ശ്രമം നടത്തിയ വടക്കനെ ബി ജെ പി കേരളത്തിൽ മത്സരിപ്പിച്ചേക്കും എന്ന് കേൾക്കുന്നുണ്ട് . അങ്ങനെയെങ്കിൽ വടക്കൻ ചോദിക്കുക തൃശൂരോ ചാലക്കുടിയോ തന്നെയാവും. ഇത് സീറ്റിനെ ചൊല്ലിയുള്ള ബി ജെ പി നേതാക്കൾക്കിടയിലെ തമ്മിലടി മൂർച്ഛിപ്പിക്കാനേ ഇടയുള്ളൂ. അങ്ങനെ വരുമ്പോൾ കുടുംബാധിപത്യ പാർട്ടിയെന്നും രാജ്യത്തോടും ഇന്ത്യൻ സേനയോടും സ്നേഹവും ബഹുമാനവുമില്ലാത്ത പാർട്ടിയെന്നുമൊക്കെ പറഞ്ഞു കോൺഗ്രസ് പാർട്ടിയെ വെടക്കാക്കി ബി ജെ പി യിൽ ചേക്കേറിയ വടക്കൻ കേരളത്തിലെ ബി ജെ പിക്കു എത്രകണ്ട് വെടക്കായി തീരും എന്നേ ഇനി അറിയേണ്ടതുള്ളൂ.

Read More: ടോം വടക്കന് ശേഷം കോൺഗ്രസിന്റെ മലയാളി ശബ്ദം; ആരാണ് ഡോ. ഷമ മുഹമ്മദ്?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍