UPDATES

സൈറ മുഹമ്മദ്

കാഴ്ചപ്പാട്

ശലഭജീവിതം

സൈറ മുഹമ്മദ്

ട്രെന്‍ഡിങ്ങ്

തുമ്മിയാൽ തെറിക്കുന്ന ആ മൂക്ക് പോട്ടേന്ന് പറയാന്‍ ചങ്കൂറ്റത്തോടെ വളര്‍ത്തണം നമ്മുടെ പെണ്‍കുട്ടികളെ

സ്ത്രീയുടെ അറിവോ സമ്മതമോ ഇല്ലാതെ ത്വലാഖ് ചെയ്യുന്ന ഏർപ്പാടാണ് ഏറെ സങ്കടകരം എന്നിരിക്കെ മുത്ത്വലാഖ്‌ നിരോധിക്കലിലൂടെ മുസ്ലിം സ്ത്രീ ഏറെയൊന്നും നേടുന്നില്ല

ഇപ്പോള്‍ ഏറെ ചർച്ച ചെയ്തു കൊണ്ടിക്കുന്ന ഒരു വിഷയമാണ് മുത്ത്വലാഖ്. മുത്ത്വലാഖ് ചൊല്ലിയാൽ തിരിച്ചു നിക്കാഹ് ചെയ്യാനാവില്ല. വേറൊരു പുരുഷൻ വിവാഹം കഴിച്ച് വിവാഹമോചിതയായാൽ മാത്രമേ വീണ്ടും അവളെ തിരിച്ചെടുക്കാനാവൂ എന്നാണ് നിയമം. അവിടെയും സ്ത്രീകൾ തന്നെയാണ് അനുഭവിക്കേണ്ടവർ. അങ്ങനെ ഒന്നിച്ചു മൂന്ന് ത്വലാഖും ചൊല്ലുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ഘട്ടം ഘട്ടമായേ ചൊല്ലാനാവു. അതിനിടയിലെ ഇടവേളകളിൽ ഇദ്ദകാലമുണ്ട്. ഒരു ത്വലാഖ് കൊണ്ട് തന്നെ വിവാഹമോചനം സാധ്യമെന്നിരിക്കെ എന്തിനാണ് ഈ മുത്വലാഖ്‌ എന്നൊരു ചോദ്യം വരുന്നുണ്ട്.

സ്ത്രീയുടെ അറിവോ സമ്മതമോ ഇല്ലാതെ ത്വലാഖ് ചെയ്യുന്ന ഏർപ്പാടാണ് ഏറെ സങ്കടകരം എന്നിരിക്കെ മുത്ത്വലാഖ്‌ നിരോധിക്കലിലൂടെ മുസ്ലിം സ്ത്രീ ഏറെയൊന്നും നേടുന്നില്ല. ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ ത്വലാഖ് ചൊല്ലിയ കത്ത് പള്ളിയിൽ വന്നത് വീട്ടുകാരും നാട്ടുകാരും അറിഞ്ഞിട്ടും, താന്‍ മാത്രം അറിയാതെ പോയ, അപ്പോഴും ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുണ്ട് എന്റെ കുടുംബത്തിൽ. വർഷങ്ങൾ കഴിഞ്ഞു കണ്ടപ്പോൾ അന്നവളനുഭവിച്ച വേദനയെക്കുറിച്ചും അപമാനത്തെ കുറിച്ചും പറയുന്നത് കേട്ടിരിക്കെ കണ്ട, അവളുടെ നനഞ്ഞ കണ്ണുകൾ ഇന്നോർക്കുമ്പോൾ, ഇന്നത്തെ ഈ വിധിയിൽ വലിയ സന്തോഷമൊന്നും എനിക്ക് തോന്നുന്നില്ല എന്നതാണ് വാസ്തവം.

ശരിക്കു പറഞ്ഞാൽ ഓരോ ത്വലാഖിനു ശേഷവും ഓരോ കാത്തിരിപ്പ് കാലമുണ്ട്; ഇദ്ദക്കാലം. ആ ദിവസങ്ങളിൽ മൊഴി ചൊല്ലപ്പെട്ട ഭാര്യ ഭർതൃവീട്ടിൽ തന്നെ താമസിക്കണം എന്നൊക്കെയാണ് നിയമങ്ങൾ. അക്കാലങ്ങളിൽ ഭാര്യയുടെ ചിലവുകൾ എല്ലാം ഭർത്താവ് വഹിക്കണം. ബന്ധം അവസാനിക്കുന്നതിനു മുൻപ് പുനർചിന്തക്കുള്ള സമയം കൂടിയാണിത്. ഭാര്യ ഗർഭിണി ആണോ എന്നു കൂടി അറിയാനുള്ള സമയം.

പക്ഷെ ഭർത്താവ് മരണപ്പെട്ടാൽ ശരീരം ഖബർസ്ഥാനിലേക്ക് എടുത്ത ഉടൻ വെള്ള ഉടുപ്പിച്ച് ആഭരണങ്ങൾ ഊരി വാങ്ങി അന്യ പുരുഷന്മാർ കാണാൻ പാടില്ലെന്ന് പറഞ്ഞ് മുറിയിൽ അടച്ചിടുന്ന ഉത്സാഹമൊന്നും വിവാഹമോചിതയുടെ കാര്യത്തിൽ കണ്ടിട്ടേ ഇല്ല. അക്കാര്യത്താൽ അപമാനം സഹിച്ചു വളർന്ന ഒരു ചെറുപ്പക്കാരനെ എനിക്കറിയാം. എന്റെ ബാപ്പയുടെ അനുജന്റെ മകൻ. പതിനെട്ടു വർഷങ്ങൾ അങ്ങനെ ഒരു കസിൻ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. കോളേജ് സമരത്തിനിടയിൽ പരിചയപ്പെട്ട അവൻ ‘ഞാൻ നിന്റെ കസിനാണ്’ എന്നു പറഞ്ഞു പരിചയപ്പെട്ട കാര്യം എന്റെ അനുജൻ വീട്ടിൽ വന്നു പറഞ്ഞ ദിവസം എനിക്ക് മറക്കാൻ കഴിയില്ല.

കുടുംബങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ത്വലാഖ് ചൊല്ലുമ്പോൾ അവന്റെ ഉമ്മ ഗർഭിണിയാണെന്ന് ആർക്കും അറിയില്ലായിരുന്നു. ഒരു പക്ഷെ പതിമൂന്നും പതിനാലു വയസുമൊക്കെ ഉള്ളപ്പോൾ വിവാഹിതയായിരുന്ന അക്കാലത്ത് ഗർഭിണിയാണെന്ന് അവർ അറിഞ്ഞത് വീട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞാവണം. അന്ന് അവരെത്രമാത്രം പരിഭ്രമിച്ചു കാണും. മൊഴി ചൊല്ലിയ ഭർത്താവ് കുഞ്ഞിന്റെ പിതൃത്വം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന വാശിയിൽ അമ്മയുടെ വീട്ടിൽ വളർന്ന ആ കുട്ടിയെ സൗകര്യപൂർവം കുടുംബാംഗങ്ങളെല്ലാം മറന്നു കളഞ്ഞു കാണും.

പിന്നീടൊരു ദിവസം പൊടുന്നനെ മരണക്കയത്തിലേക്ക് ആണ്ടു പോയ എന്റെ പൊന്നനുജൻ അവന്റെ അഭാവത്തിൽ ഞങ്ങൾ സങ്കടപ്പെടുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാവുമോ അവനെ ഞങ്ങളെ ഏൽപ്പിച്ചത് എന്നിടയ്ക്കിടെ ഓർക്കാറുണ്ട് ഞാൻ. അന്നവന്റെ അമ്മ എത്ര മാത്രം സങ്കടപ്പെട്ടു കാണണം എന്നോർക്കുമ്പോൾ നെഞ്ച് പൊള്ളി പോവാറുണ്ട്.

ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യയുടെ ഇദ്ദാക്കാലത്തെ കുറിച്ചും അവളുടെ അവകാശങ്ങളെ കുറിച്ചും സൗകര്യപൂർവ്വം മറന്നു കളയുന്ന സാമുദായിക നേതാക്കൾ ത്വലാഖ് ചെല്ലുന്നതിനു മുൻപ് പെൺകുട്ടികൾ കാര്യങ്ങളും കാരണങ്ങളും അറിഞ്ഞിരിക്കണം എന്നെങ്കിലും ഓർക്കാതിരിക്കുന്നിടത്തോളം കാലം ഇനിയും അപമാനിതയാകാനും കാരണം അറിയാതെ ഉപേക്ഷിക്കപ്പെടാനും ഒരുപാട് പെൺകുട്ടികളുടെ ജീവിതം ഇനിയും ബാക്കി തന്നെ. അതുകൊണ്ട് തന്നെ നമ്മുടെ പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ നമുക്ക് പ്രാപ്തരാക്കാം.

മൊഴി ചൊല്ലുമെന്ന ഭീഷണിക്ക് മുൻപിൽ ഒന്ന് തുമ്മിയാൽ തെറിച്ച് പോകുന്ന മൂക്കാണെങ്കിൽ പോട്ടെ എന്ന് ധൈര്യത്തോടെ പറയാനുള്ള ചങ്കൂറ്റം ഉള്ളവരായി നമുക്കവരെ വളർത്താം.

തിരൂരിലേക്ക് ജോലി അന്വേഷിച്ചു പോയ ഭർത്താവ് അവിടൊരു കല്യാണവും കഴിച്ചു തിരിഞ്ഞു നോക്കാതായപ്പോൾ കരഞ്ഞു നിലവിളിച്ചു വരാൻ പണ്ടത്തെ കാലമല്ലിന്ന്. തൊഴിലുറപ്പിനു പോയാണെങ്കിലും ആരുടെയും സഹായവുമില്ലാതെ എന്റെ മക്കളെ ഞാൻ വളർത്തും എന്ന് ഭർത്താവിന്റെ മുഖത്തു നോക്കി പറയുക മാത്രമല്ല, അങ്ങനെ ജീവിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന, ഇവിടെ ജോലിക്ക് വരുന്ന പെൺകുട്ടി ആ മനോധൈര്യത്തിനുടമയാണ്.

മനുഷ്യ നന്മക്കും സന്തോഷത്തിനും പ്രാധാന്യം കൊടുക്കാതെ ഏത് നിയമങ്ങളും സ്വന്തം ഇഷ്ടത്തിന് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നേതാക്കന്മാരുള്ളിടത്തോളം കാലം വേദനകളും വേവലാതികളും മനസ്സിലിട്ട് മരവിപ്പിക്കാൻ വിധിക്കപ്പട്ടവർ മാത്രമാണ് സ്ത്രീകൾ….

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സൈറ മുഹമ്മദ്

സൈറ മുഹമ്മദ്

ചുറ്റുപാടുമുള്ള ലോകവും മനുഷ്യരുമാണ് സൈറയുടെ എഴുത്തുകളില്‍ വരുന്നത്. കുഞ്ഞുങ്ങളും പ്രകൃതിയും മനുഷ്യ ബന്ധങ്ങളും സ്നേഹവും സന്തോഷവും കണ്ണീരും യാത്രകളുമൊക്കെ അവിടെ കടന്നു വരുന്നു. ഇതൊക്കെ ചേര്‍ന്നതാണ് ജീവിതം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ശലഭജന്മങ്ങള്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍