UPDATES

ട്രെന്‍ഡിങ്ങ്

മുദ്ര ശ്രദ്ധിക്കണം മുദ്ര; ഹര്‍ത്താല്‍ നിരോധനമല്ല, നിയന്ത്രണമായിരുന്നത്രേ ചെന്നിത്തലയും ഹസ്സനും കണ്ട സ്വപ്നം

ജനങ്ങളുടെ ദുരിതം തീര്‍ക്കാന്‍ ഗാന്ധിയന്മാരുടെ ഹര്‍ത്താല്‍ കൊണ്ടു മാത്രം കാര്യമില്ലെന്നു കണ്ട് തങ്കച്ചന്‍ അവര്‍കള്‍ ഒരു രാപ്പകല്‍ സമരവും കൂടി നടത്തുന്നുണ്ട്‌

കെ എ ആന്റണി

കെ എ ആന്റണി

സംഘടനാ തിരഞ്ഞെടുപ്പോ നടത്താന്‍ കഴിയുന്നില്ല. എങ്കില്‍ പിന്നെ എന്തുകൊണ്ട് ഒരു ഹര്‍ത്താല്‍ എങ്കിലും സംഘടിപ്പിച്ചു കൂടാ എന്ന ചിന്ത തന്നെയാവണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെകൊണ്ട് ഒരു ഹര്‍ത്താല്‍ പ്രഖ്യാപനത്തിനു പ്രേരിപ്പിച്ചത്. വേങ്ങര ഉപതെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലാണ് ഇങ്ങനെയൊരു ബോധോദയം അദ്ദേഹത്തിന്റെ തലയില്‍ ഉദിച്ചത്. പിന്നെ ഒട്ടും വൈകിച്ചില്ല. പത്ര സമ്മേളനം വിളിച്ചുകൂട്ടി ആ പ്രഖ്യാപനം ചൂടോടെ തന്നെ അറിയിച്ചു. അപ്പോള്‍ പ്രഖ്യാപനം കേട്ട ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സംശയം. ഈ ചെന്നിത്തല ഗാന്ധി തന്നെയായിരുന്നില്ലേ പണ്ടൊരിക്കല്‍ കേരളത്തില്‍ ഹര്‍ത്താല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടു നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്? അവര്‍ തങ്ങളുടെ സംശയം മറച്ചുവെച്ചില്ല. അപ്പോള്‍ ദേ വരുന്നു മറുപടി: ‘ഹര്‍ത്താല്‍ നിരോധിക്കണമെന്നല്ല, നിയന്ത്രിക്കണം എന്നാണ് ഞാന്‍ അന്ന് ആവശ്യപ്പെട്ടത്.’ മറുപടി അത്രകണ്ടങ്ങു ബോധ്യപ്പെട്ടില്ലെങ്കിലും സംശയം ഉന്നയിച്ചവര്‍ തത്കാലം പിന്‍വാങ്ങി.

അങ്ങനെ ഇന്ധന വിലവര്‍ധനക്കെതിരേ ഈ മാസം 13-നു ഹര്‍ത്താല്‍ എന്ന പ്രഖ്യാപനം ഉണ്ടായി. വൈകുന്നേരമായപ്പോഴേക്കും ഹര്‍ത്താല്‍ ദിനത്തെക്കുറിച്ചു തര്‍ക്കം മുറുകി. അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളില്‍ ചിലതു അതേ ദിവസം കൊച്ചിയില്‍ നടക്കുന്നതിനാല്‍ അന്ന് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. ഒടുവില്‍ ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയുടെ തലതൊട്ടപ്പനും സംസ്ഥാന കണ്‍വീനറുമായ ഹസ്സന്‍ജിയോട് കൂടി ആലോചിച്ച ശേഷം തിയ്യതി 12 എന്ന് പുതുക്കി നിശ്ചയിച്ചു ഉത്തരവായി. പിന്നീടത് 16 എന്നാക്കി തിരുത്തി അന്തിമ അറിയിപ്പായി. സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള കലഹം തീര്‍ക്കാന്‍ വഴികാണാതെ ആകെ കണ്‍ഫ്യൂഷനില്‍ പെട്ടുപോയതിനാലാണത്രെ ഇങ്ങനെയൊരു കണ്‍ഫ്യൂഷന്‍ ഹര്‍ത്താല്‍ തിയതി നിശ്ചയിക്കുന്ന കാര്യത്തില്‍ സംഭവിച്ചതെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട് . എന്തായാലും കണ്‍ഫ്യൂഷന്‍ ഒക്കെ തീര്‍ത്ത് ഹര്‍ത്താല്‍ വിരുദ്ധമാരായ മുന്‍ കെപിസിസി അധ്യക്ഷനും ഇപ്പോഴത്തെ അധ്യക്ഷനും ചേര്‍ന്ന് ഒടുവില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റേയുമൊക്കെ വില ഇങ്ങനെ വാണം പോലെ കുതിച്ചുയര്‍ന്നുകൊണ്ടിരുന്നാല്‍ എത്ര വലിയ ഗാന്ധിയനും ഹര്‍ത്താല്‍ നടത്തിപ്പോകും.

ചെന്നിത്തല ഗാന്ധിയുടെ ഇന്നലത്തെ കണ്‍ഫ്യൂഷന്‍ കണ്ടപ്പോള്‍ ഒരു പഴയ കഥ ഓര്‍ത്തുപോയി. പണ്ട് കേരള കൗമുദിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് സുഹൃത്തും ഫോട്ടോഗ്രാഫറുമായ പീതാംബരന്‍ പയ്യേരി പറഞ്ഞുകേട്ട കഥയാണ്. ആ കഥ ഇങ്ങനെ: ബേപ്പൂരിനക്കരെയുള്ള തുരുത്തി എന്ന കൊച്ചു ഗ്രാമത്തില്‍ അബ്ദു എന്ന് പേരുള്ള ഒരു അപ്പം കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. വലിയ കുട്ടയില്‍ പലതരം അപ്പങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്ന ആളായിരുന്നു അബ്ദു. ഒരിക്കല്‍ അബ്ദുവിന് ഒരു പൂതി. എന്തുകൊണ്ട് പെരുന്നാള്‍, ഖാസിമാര്‍ തന്നെ ഉറപ്പിക്കണം, നമ്മളുറപ്പിച്ചാല്‍ ഉറക്കില്ലേ? ഒരു നോമ്പ് കാലത്തു അബ്ദു രണ്ടും കല്‍പ്പിച്ചു മാസപ്പിറവി കണ്ടതായി കൂവിവിളിച്ചു നടന്നു. അബ്ദു പറഞ്ഞത് ശരിയാണെന്നു കരുതി ചിലരൊക്കെ പെരുന്നാള്‍ ആഘോഷിച്ചു. മാസപ്പിറവി കാണാന്‍ ഒരു ദിനം ബാക്കി നില്‍ക്കെയായിരുന്നു ഇത്. സത്യാവസ്ഥ ബോധ്യമായപ്പോള്‍ മഹല്ല് കമ്മിറ്റി അബ്ദുവിനെ വിളിച്ചുവരുത്തി കടുത്ത ശിക്ഷ നല്‍കി. പൊതിരെ തല്ലു വാങ്ങുന്നതിനിടയില്‍ അബ്ദു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്രേ: ‘ഇനി മേലില്‍ ഈ അപ്പക്കൊട്ടേന്റെ വലുപ്പത്തില്‍ ചന്ദ്രനെ കണ്ടാലും ഞമ്മള് മിണ്ടൂല്ലാ’ന്ന്.

പ്രക്ഷോഭം പക്ഷെ പെട്രോള്‍, ഡീസല്‍ കാര്യത്തില്‍ മാത്രം പോരെന്നു തോന്നിയതിനാല്‍ കേന്ദ്ര, സംസ്ഥാന ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് കാലത്ത് 10 മണി മുതല്‍ നാളെ രാവിലെ 10 വരെ ഒരു രാപ്പകല്‍ സമരം കൂടി പ്രഖ്യാപിച്ചിട്ടുണ്ട് . ഈ പ്രഖ്യാപനം നടത്തിയത് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അവര്‍കളാണ്. ഹര്‍ത്താല്‍ കാര്യം പ്രഖ്യാപിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചൊന്നുമല്ലത്രെ അദ്ദേഹം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. അല്ലെങ്കിലും താങ്കളെപോലുള്ള ആ മനുഷ്യനെക്കുറിച്ച് അങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ കൊടിയ അപരാധമാണ്. എന്തായാലും 16-ന്റെ ഹര്‍ത്താലും ഇന്നത്തെ രാപ്പകല്‍ സമരവും കൊണ്ട് കേരളത്തിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാവുന്നെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍