UPDATES

വിശകലനം

യുഡിഎഫിന് 17 സീറ്റെന്ന മുസ്ലീം ലീഗിന്റെ കണക്കുകൂട്ടലിന് പിന്നില്‍

മുസ്ലിം ലീഗിന്റെ ചിറകിലേറി കേരളത്തിൽ യു ഡി എഫ് ഇത്തവണ വലിയ വിജയം നേടുമെന്നാണ് ലീഗിന്റെ അവകാശവാദം.

കെ എ ആന്റണി

കെ എ ആന്റണി

മുസ്ലിം ലീഗിന്റെ ചിറകിലേറി കേരളത്തിൽ യു ഡി എഫ് ഇത്തവണ വലിയ വിജയം നേടുമെന്നാണ് ലീഗിന്റെ അവകാശവാദം. ചുരുങ്ങിയത് 17 സീറ്റിലെങ്കിലും യു ഡി എഫ് വിജയം ഉറപ്പാണെന്നും കടുത്ത മത്സരം നടന്ന മൂന്ന് സീറ്റുകളിൽ യു ഡി എഫിന് വിജയ പ്രതീക്ഷ ഉണ്ടെന്നുമാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടൽ. ഇന്നലെ കോഴിക്കോട് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന്റേതാണ് ഈ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിൽ യു ഡി എഫ് ഇരുപതിൽ ഇരുപത് സീറ്റിലും വിജയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുൻപും അതിനു ശേഷവും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് എൽ ഡി എഫ് 2004 ആവർത്തിക്കുമെന്നാണ് (2004ൽ എൽ ഡി എഫ് മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളിലൊന്നായിരുന്ന മഞ്ചേരിയടക്കം 18 സീറ്റുകളിൽ വിജയിച്ചിരുന്നു). ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം അവകാശപ്പെടുന്നതിനൊപ്പം നടൻ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരിലും വിജയം പ്രതീക്ഷിക്കുന്നുണ്ട്. ഫലപ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ അതുവരെ മുന്നണികൾക്കും പാർട്ടികൾക്കും തങ്ങളുടെ വിജയ പ്രതീക്ഷകളെ മതിവരുവോളം താലോലിക്കാം.

ഇത്തവണത്തെ ലോക് സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് 17 സീറ്റിൽ ഉറപ്പായും വിജയിക്കും എന്ന നിഗമനത്തിലെത്തിയ ഇന്നലത്തെ മുസ്ലിം ലീഗ് പ്രവർത്തക സമിതിയിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെതിരെ ശക്തമായ വിമർശനവും ഉയർന്നതായി മാതൃഭൂമി പത്രവും ഏഷ്യാനെറ്റ് ചാനലും റിപ്പോർട്ട് ചെയ്യുന്നു. മലബാറിലെ മിക്ക മണ്ഡലങ്ങളിലും, പ്രത്യേകിച്ച് കോഴിക്കോടും വടകരയിലും ഇലക്ഷൻ പ്രവർത്തനത്തിൽ കോൺഗ്രസ് വളരെ പിന്നിൽ പോയെന്നും കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ സ്ലിപ് വിതരണം ചെയ്യാൻ പോലും കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു അത്. എന്നാൽ വാർത്താ സമ്മേളനത്തിൽ ഇത്തരം വിമർശങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് പി കെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കൾ നൽകിയ മറുപടി രസകരമായിരുന്നു. പതിവ് സ്റ്റാർട്ടിങ് ട്രബ്ൾ കോൺഗ്രസിന് ഇത്തവണയും ഉണ്ടായെന്നും എന്നാൽ പ്രചാരണം മുറുകിയതോടെ അതിനെ അതിജീവിച്ചെന്നുമായിരുന്നു നേതാക്കളുടെ മറുപടി.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം യു ഡി എഫിന് തുണയായി എന്ന് പറയുമ്പോഴും മുൻപെങ്ങും ഉണ്ടാകാത്ത വിധത്തിലുള്ള ന്യൂനപക്ഷ ഏകീകരണത്തിനാണ് മുസ്ലിം ലീഗും അതിന്റെ നേതൃത്വവും ഊന്നൽ നല്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. ന്യൂനപക്ഷ ഏകീകരണം എന്നതുകൊണ്ട് അവർ പ്രധാനമായും ഉദ്ദേശിക്കുന്നത് മുസ്ലിം വിഭാഗത്തിന്റെ ഏകീകരണം തന്നെ. തെരഞ്ഞെടുപ്പ് വേളയിൽ കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച ഒരാളെന്ന നിലയിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഈ വാദത്തെ പൂർണമായും തള്ളിക്കളയുന്നില്ല. അടുത്ത കാലം വരെ കീരിയും പാമ്പും കണക്കെ കഴിഞ്ഞിരുന്ന സുന്നികളും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ ഒറ്റക്കെട്ടായി യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കൈകോർക്കുന്ന കാഴ്ച എങ്ങും ദൃശ്യമായിരുന്നു.

ഇത്തരം ഒരു ഐക്യപ്പെടലിന് ചുക്കാൻ പിടിച്ചത് മുസ്ലിം ലീഗായിരുന്നുവെങ്കിലും ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു പി മുഖ്യൻ യോഗി ആദിത്യനാഥിനും മാത്രമല്ല കേരളത്തിലെ പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർ നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകൾക്കും വലിയൊരു പങ്കുണ്ടായിരുന്നു. മോദി വീണ്ടും അധികാരത്തിൽ വന്നാൽ അത് തങ്ങൾക്ക് വലിയ അപകടമാകും എന്ന തോന്നൽ തന്നെയാണ് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാൻ കേരളത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന ചിന്തക്ക് തീ പകർന്നത് എന്ന കാര്യത്തിൽ തര്‍ക്കമില്ല. മുസ്ലിം വോട്ടർമാർക്കിടയിലുണ്ടായ യു ഡി എഫ് അനുകൂല ചിന്തയിൽ ഒരു പരിധിവരെ എസ് ഡി പി ഐ നേതൃത്വം നൽകുന്ന പോപ്പുലർ ഫ്രണ്ടും സഹകരിച്ചു എന്ന് തന്നെവേണം കരുതാൻ. തിരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മത്സരിച്ച സീറ്റുകളിൽ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വോട്ട് പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും.

ഈ തിരെഞ്ഞെടുപ്പിൽ യു ഡി എഫ് വലിയ വിജയം നേടുന്നുവെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും പക്ഷെ മുസ്ലിം ലീഗിന് മാത്രം അവകാശപ്പെട്ടതല്ല. തുടക്കത്തില്‍ പിന്തുണ പ്രഖ്യാപിച്ച കേരളത്തിലെ ആം ആദ്മി പാർട്ടിക്കും വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ ആർ എം പിക്കും കൂടി അവകാശപ്പെട്ടതാണ് ആ ക്രെഡിറ്റ്. സി പി എമ്മിനെ മുഖ്യ ശത്രുവായി കണക്കാക്കുന്ന ബി ജെ പി യും തങ്ങൾ വിജയ പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലങ്ങളിലൊഴികെ യു ഡി എഫിനെ കൈയയച്ചു സഹായിച്ചുവെന്നതും ഒരു യാഥാർഥ്യമാണ്. ഇക്കാര്യവും തിരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വ്യക്തമാകും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍