UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്

എം ബി സന്തോഷ്

കള്ളന് ബിരിയാണി വയ്ക്കുന്ന പൊലീസ്…!

അഴിമതിക്കും അധികാരദുര്‍വിനിയോഗത്തിനും സ്വതാല്പര്യ സംരക്ഷണത്തിനും എന്തും ചെയ്യുന്ന മുഖം നഷ്ടപ്പെട്ട ഒരു കൂട്ടമായി കേരളത്തിലെ പൊലീസിനെ മാറ്റുന്നതില്‍ ഈ ഐ പി എസ്സുകാര്‍ക്കാണ് മുഖ്യ ഉത്തരവാദിത്തം.

പൊലീസ് വാര്‍ത്തകള്‍ എഴുതുന്നതില്‍ പ്രത്യേക വിരുതുള്ള ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞതാണിത്. പൊലീസിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഒരാള്‍. ഐ.പി.എസ്സുകാരനായ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് പത്രപ്രവര്‍ത്തകനോട് കച്ചവടപ്രമുഖരിലൊരാളുടെ അഭ്യര്‍ത്ഥന. ആള്‍ക്ക് ഇറക്കുമതിയുടെ ഇടപാടുകളുമുണ്ട്. നാട്ടുകാര്‍ കള്ളക്കടത്തുകാരന്‍ എന്നൊക്കെ വിളിക്കുന്നതില്‍ കഴമ്പുണ്ടോ എന്നറിയില്ല. പൊലീസിലെ ഉന്നതരുമായുള്ള അടുപ്പം എപ്പോള്‍ വേണമെങ്കിലും ഗുണം ചെയ്യുമല്ലോ. അങ്ങനെ വ്യാപാരി പൊലീസ് പ്രമുഖനെ കാണാന്‍ പോയപ്പോള്‍ കൈയ്യില്‍ കരുതിയത് ഒരു കവര്‍ ഈന്തപ്പഴമാണ്. ഒരു കിലോഗ്രാമിന് ഇവിടെ ആയിരം രൂപയില്‍ താഴെ വിലയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഇനം. ലേഖകനൊപ്പം ചെന്ന കച്ചവടക്കാരനും ഹൃദ്യ സ്വീകരണം. ഉപചാരപൂര്‍വ്വം സമര്‍പ്പിച്ച ഒരു കിലോഗ്രാമിന്റെ ഈന്തപ്പഴപ്പൊതി അദ്ദേഹം അപ്പോള്‍തന്നെ മാറ്റിവച്ചു.

പിറ്റേന്ന് രാവിലെ പത്രപ്രവര്‍ത്തകന് ‘അദ്ദേഹ’ത്തിന്റെ വിളി.’ഇന്നലെ കിട്ടിയ ഈന്തപ്പഴം ഗംഭീരം. നല്ല രുചി.’ ഫോണ്‍ അവസാനിപ്പിച്ചത് ഒന്നോ രണ്ടോ കവര്‍ ഈന്തപ്പഴംകൂടി കിട്ടിയാല്‍ മുഷിയില്ലെന്ന് അറിയിച്ചാണ്. പത്രപ്രവര്‍ത്തകനും വ്യാപാരിയും അന്നുച്ചയ്ക്കുതന്നെ സാധനം എത്തിച്ചു. ‘നിങ്ങള്‍ക്ക് കാര്‍ഡൊന്നുമില്ലേ’എന്ന് ചോദ്യം. വ്യാപാരി ആദ്യദിവസം തന്നെ കാര്‍ഡ് നല്‍കിയെങ്കിലും ‘അദ്ദേഹം’ അത് ശ്രദ്ധിച്ചിരുന്നില്ല. പിന്നെ, വ്യാപാരിയും പൊലീസും തമ്മിലുള്ള ഇടപാട് നേരിട്ടായി. ഒരു ഹര്‍ത്താല്‍ ദിവസം പത്രപ്രവര്‍ത്തകന്‍ നോക്കുമ്പോള്‍ വിമാനത്താവളത്തില്‍നിന്ന് വ്യാപാരി വീട്ടിലേക്ക് വരുന്നത് പൊലീസ് ജീപ്പിന്റെ മുന്നിലിരുന്ന്…!

ഈ കഥ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, പൊലീസ് യൂണിഫോമിനുള്ള തുണി വില്‍പ്പന ഒരു ടെന്ററുമില്ലാതെ ഒറ്റ കമ്പനിയിലേക്ക് എത്തപ്പെട്ടു എന്ന ‘മലയാള മനോരമ’യിലെ ജി വിനോദിന്റെ വാര്‍ത്തയാണ്.

പൊലീസിലാണ് ഏറ്റവും വലിയ അഴിമതിയും നിയമലംഘനവും നടക്കുന്നതെന്നത് പുതിയ കാര്യമൊന്നുമല്ല. കെ.കരുണാകരനാണ് അതിനെ ജനകീയവത്കരിച്ചത്. ഇ.കെ.നായനാരുടെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് അത് പാര്‍ട്ടിവത്കരിച്ചു. എന്നാല്‍, രണ്ടാം സര്‍ക്കാരിന്റെ കാലത്ത് അഴിമതിയൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരിന്റേതിനെക്കാള്‍ ‘മെച്ചപ്പെട്ട’ രീതിയില്‍ നടന്നു. എ.കെ.ആന്റണി കടിഞ്ഞാണ്‍ പൂര്‍ണമായും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതോടെ അഴിമതിയുടെ കുംഭമേളയാടിരുന്നു! അഴിമതി ജന്മാവകാശമായി കൊണ്ടുനടന്ന കോണ്‍ഗ്രസുകാരില്‍ പലര്‍ക്കും നടമാടുന്ന അഴിമതിയില്‍ തൊട്ടുനക്കാന്‍പോലും കിട്ടാത്ത ഖേദത്തില്‍ ഗ്രൂപ്പുവിട്ടവര്‍പോലുമുണ്ട്! എന്നാല്‍, ഇത്തവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അല്പം പേടി ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍, ഇപ്പോഴാണ് കൂടുതല്‍ എളുപ്പം എന്ന് പൊലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഒരു പൊലീസ് മേധാവി. കണിശതയ്ക്കും സത്യസന്ധതയ്ക്കും പേരുകേട്ടയാള്‍. അദ്ദേഹം നടത്തിയ വലിയൊരഴിമതി ഒരു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫിന് കിട്ടുന്നു. ആയിരത്തോളം ജീപ്പ് പൊലീസിന് വാങ്ങിയപ്പോഴുള്ള കോടികളുടെ കമ്മിഷനാണ് വാര്‍ത്ത. പുതിയതായി തുടങ്ങുന്ന പ്രസിദ്ധീകരണത്തിന്റെ ഉദ്ഘാടന ദിവസത്തേക്കുള്ള ഞെട്ടിക്കുന്ന വാര്‍ത്ത അതാകട്ടെ എന്ന് ബ്യൂറോ ചീഫ് തീരുമാനിച്ചു. അപ്പോഴത്തെ ഡി .ജി.പിക്ക് തന്റെ മുന്‍ഗാമി നടത്തിയ അഴിമതി അടുത്ത ദിവസം വാര്‍ത്തയാവുമെന്ന അറിയിപ്പുകിട്ടി. അദ്ദേഹം പത്രത്തിലെ കാണേണ്ടവരെ മുഴുവന്‍ നേരിട്ടുകണ്ടു. ഫലം, വാര്‍ത്ത വെളിച്ചം കണ്ടില്ല! ആ ഡി ജി പി അന്നതിനുവേണ്ടി ഇറങ്ങിത്തിരിച്ചത് തന്റെ മുന്‍ഗാമിയുടെ വ്യക്തിത്വത്തില്‍ കറ പുരളാതിരിക്കാനോ അദ്ദേഹത്തെ രക്ഷിക്കാനോ വേണ്ടിയായിരുന്നില്ല. ഇദ്ദേഹവും ആയിരത്തിലേറെ ജീപ്പ് വാങ്ങാന്‍ നടപടി സ്വീകരിച്ചു വരികയായിരുന്നു…!

കെ.എസ്.ആര്‍.ടി.സി ഓരോ വര്‍ഷവും അഞ്ഞൂറും ആയിരവും ബസ്സു വാങ്ങും. ഇതിന് കമ്മിഷന്‍ ഇനത്തില്‍ കോടികള്‍ ബന്ധപ്പെട്ടവരുടെ കീശയിലെത്തുമെന്ന് മലയാളിക്ക് മനസ്സിലായത് മാത്യു ടി തോമസ് ഗതാഗതമന്ത്രിയായിരിക്കേ ആ കമ്മിഷന്‍ തനിക്ക് വേണ്ടെന്ന ഉറച്ച നിലപാടെടുത്തതിനാലാണ്. കമ്മിഷന്‍ ബസ്സിന്റെ വിലയില്‍ കുറച്ചപ്പോള്‍ ബസ്സോരോന്നിനും ലക്ഷങ്ങള്‍ കുറഞ്ഞു. മാത്യു ടി തോമസിന്റെ പാത അതേ പാര്‍ട്ടിക്കാരനായ ജോസ് തെറ്റയിലും തുടര്‍ന്നു. എന്നാല്‍, അതിനുമുമ്പും പിമ്പും ഗതാഗതമന്ത്രിമാര്‍ ബസ്സുകള്‍ വാങ്ങി, പക്ഷെ വിലയില്‍ കമ്മിഷന്‍ കുറഞ്ഞില്ല!

അപ്പോള്‍, ഓരോ വര്‍ഷവും ആയിരക്കണക്കിന് വാഹനങ്ങള്‍ വാങ്ങുന്ന പൊലീസില്‍ കമ്മിഷന്‍ ഇനത്തില്‍ എത്ര രൂപ കിട്ടിയിട്ടുണ്ടാവും? സ്വന്തം യൂണിഫോമായ കാക്കിയില്‍പോലും അഴിമതിയുടെ കറ പുരട്ടുന്ന അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ ചായമടിക്കുന്നതിലും അഴിമതി നടത്തിയത് വാര്‍ത്തയായിരുന്നു. പക്ഷെ, ഒരു നടപടിയും ഉണ്ടായില്ല! തീക്കട്ടയിലാണല്ലോ ഉറുമ്പരിക്കുന്നത്.

ഒരു പൊലീസുകാരന്‍ കൃത്യനിര്‍വഹണത്തിനിടെ കൈയേറ്റം ചെയ്യപ്പെടുക…! സാധാരണക്കാര്‍ ആരെങ്കിലും ആയിരുന്നെങ്കിലോ? ജയിലിടിഞ്ഞാല്‍ പോലും പുറത്തുവരാത്ത വകുപ്പനുസരിച്ച് കേസ് ചാര്‍ജ് ചെയ്ത് ഇപ്പോള്‍ അകത്തുകിടന്ന് ജീവച്ഛവമായിട്ടുണ്ടാവുമായിരുന്നു. എ.ഡി.ജി.പിയുടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലിക്കുന്ന മകളായതോടെ പ്രതി കൃത്യനിര്‍വഹണം നടത്തിയ പൊലീസുകാരന്‍ ആവാതിരുന്നാല്‍ ഭാഗ്യം! സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ കഷ്ടകാലത്തിന് അവര്‍ക്ക് സിവില്‍ സര്‍വീസില്‍ നിയമനം കിട്ടിയാലോ? (പാവം പൊലീസുകാരന്‍ അതോടെ പണിമതിയാക്കി വീട്ടില്‍ പോയാല്‍ പോലും രക്ഷയുണ്ടാവില്ല!) സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയില്‍ ‘സിവനേ’ എന്നുവിളിച്ചതുപോലെ നില്‍ക്കാനേ സാധിക്കൂ. പീഡനം, പട്ടികജാതി എന്നിങ്ങനെ എന്തെല്ലാം ആയുധങ്ങളാണ് ഒരു പാവം പൊലീസുകാരനെതിരെ മേലധികാരികള്‍ പ്രയോഗിക്കുന്നത്?അതിനെതിരെ നീതിപൂര്‍വ്വം നടപടി വേണമെന്നു പറയാന്‍ നട്ടെല്ലുറപ്പുള്ള ഒരു ഐ പി എസ്സുകാരും ഇല്ലല്ലോ എന്നു കാണുമ്പോഴാണ് ഇവര്‍ ഈ നാടിന് നല്‍കുന്ന സന്ദേശം എന്തെന്ന ചോദ്യം ഉയരുന്നത്.

കേരള പൊലീസിനെക്കുറിച്ചുള്ള ഗീര്‍വാണങ്ങള്‍ മറന്നുകളയാം. അഴിമതിക്കും അധികാരദുര്‍വിനിയോഗത്തിനും സ്വതാല്പര്യ സംരക്ഷണത്തിനും എന്തും ചെയ്യുന്ന മുഖം നഷ്ടപ്പെട്ട ഒരു കൂട്ടമായി കേരളത്തിലെ പൊലീസിനെ മാറ്റുന്നതില്‍ ഈ ഐ പി എസ്സുകാര്‍ക്കാണ് മുഖ്യ ഉത്തരവാദിത്തം.

ആയതിനാല്‍, ഫെയ്‌സ്ബുക്കിലോ വാട്‌സ്ആപ്പിലോ വല്ല കമന്റിടുന്നവരെ പിടിച്ച് ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച് കേസെടുത്ത് അവരുടെ കുടുംബം കുളംകോരാം. കാരണം അതാണല്ലോ ഇവിടത്തെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്‌നം…ആസനത്തില്‍ ആലുകുരുത്താല്‍ അതില്‍ ഊഞ്ഞാലുകെട്ടി ആടിക്കളിക്കുന്നവരെപ്പറ്റി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

കാമ്പസില്‍ ആയുധവുമായി വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത വര്‍ഗീയക്കോമരങ്ങളെ പിടിക്കാതെ പലപ്പോഴും അവര്‍ നല്‍കുന്ന ഏതെങ്കിലും പ്രതികളെ പിടികൂടി കേസ് ഒരരുക്കാക്കാം. അഭിമന്യുമാര്‍ വര്‍ഗീയവാദികളുടെ പത്മവ്യൂഹങ്ങളില്‍പെട്ട് മാത്രമല്ല, ജീവന്‍ വെടിയുന്നത്. മരിച്ചിട്ടും ആ സഖാവ് പത്മവ്യൂഹങ്ങളിലാണ്. ഇനി സ്വന്തം ഘാതകരെ കണ്ടെത്താനും ‘ബിനാമി’ ഘാതകരെ തള്ളിക്കളയാനും പത്മവ്യൂഹം ഭേദിച്ച് അഭിമന്യുവിന് വരേണ്ടിവരുമോ? പൊലീസിന്റെ നടപടിക്കെതിരെ സമരം ചെയ്യേണ്ടി വരുമെന്ന് അഭിമന്യുവിന്റെ പിതാവിന് പരസ്യമായി പറയേണ്ടി വരുന്നത് എന്തിന്റെ സൂചനയാണ്? കെവിന്‍ എന്ന ചെറുപ്പക്കാരന് ജീവന്‍ നഷ്ടമായതെങ്ങനെയെന്ന് കേരളം മറന്നിട്ടില്ല…ആ കേസും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന.

പൊലീസിന്റെ ഇത്തരം നടപടികളാണ് കള്ളന് കഞ്ഞിവച്ചവര്‍ എന്ന് പൊലീസിനെ വിളിപ്പിച്ചത്. ഇപ്പോഴത് കുറേക്കൂടി സാധാരണനിലയിലായി. കള്ളന്, പൊലീസ് വയ്ക്കുന്നത് ബിരിയാണിയാണ്…!

എന്നാണ് പോലീസേ, നിങ്ങള്‍ മനുഷ്യമ്മാരാവുക?

ആരായിരിക്കണം പോലീസ്; കേരള പോലീസിനെക്കുറിച്ച് സുകുമാര്‍ അഴിക്കോടിന്റെ നിരീക്ഷണങ്ങള്‍

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍