UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

കാഴ്ചപ്പാട്

പിണറായിയെ കൊലക്കേസ് പ്രതിയാക്കുന്ന കോണ്‍ഗ്രസിന് വാടിക്കല്‍ രാമകൃഷ്ണന്‍ കേസ് പുനഃരന്വേഷിക്കാന്‍ സംഘപരിവാര്‍ പറയാത്തതിന്റെ കാരണമറിയുമോ?

നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം സംഘപരിവാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട അഞ്ചു കേസ്സുകളില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ വധം ഇല്ലായിരുന്നു

കെ എ ആന്റണി

പെരിയ ഇരട്ടക്കൊലപാതകം അത്യന്തം ഹീനവും സമൂഹ മന:സാക്ഷിയെ നടുക്കുന്നതുമാണ്. അതുകൊണ്ടു തന്നെ അത് അപലപിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. പക്ഷെ ചര്‍ച്ചകള്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന സദുദ്ദേശത്തോടുകൂടി ഉള്ളതും മുറിവുണക്കാന്‍ പോന്ന തരത്തിലുള്ളതും ആയിരിക്കണം. അല്ലാതെ പകയുടെ രാഷ്ട്രീയത്തിന്റെ പഴംപുരാണങ്ങള്‍ കുഴിമാന്തിയെടുത്തു വിദ്വേഷത്തിന്റെ കനലുകള്‍ ഊതികത്തിക്കാന്‍ ലക്ഷ്യം വെച്ചുള്ളവ ആയിക്കൂടാ.

എന്നാല്‍ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെടുന്ന ചാനല്‍ ചര്‍ച്ചകളും രാഷ്ട്രീയ നേതാക്കളുടെ പ്രതികാരങ്ങളുമൊക്കെ നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. സമാധാന പുനഃസ്ഥാപനമല്ല പകയുടെ കനലുകള്‍ ഊതികത്തിക്കാനുള്ള ശ്രമം തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലോക് സഭ തിരെഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ ശവക്കച്ചവടത്തിലൂടെ നാല് വോട്ട് അധികം സംഘടിപ്പിക്കാനുള്ള തിരക്കിലാണവര്‍. അതുകൊണ്ടു തന്നെയാണ് അവരിപ്പോള്‍ പകയുടെ രാഷ്ട്രീയത്തിന്റെ പഴംപുരാണങ്ങള്‍ കുഴിമാന്തി പുറത്തെടുക്കുന്ന ജോലിയില്‍ വ്യാപൃതരായിരിക്കുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനുനേരെ ഇപ്പോള്‍ ഉയരുന്ന ആക്രോശം ഇതിനു തെളിവാണ്. കൊലയാളി മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ നാട്ടില്‍ സമാധാനം എങ്ങിനെ പുലരും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച തന്റെ ജന മഹാ യാത്രയുടെ തുടക്കത്തില്‍ തന്നെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തൊടുത്തുവിട്ട ഈ ചോദ്യം പെരിയയിലെ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അരുംകൊലക്കു ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു സംഘഗാനം ആയി പരിണമിച്ചിരിക്കുന്നു. അരപ്പതിറ്റാണ്ടിനു മുന്‍പ് ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന തലശ്ശേരി വാടിക്കലിലെ രാമകൃഷ്ണന്‍ ഒരു സംഘട്ടനത്തിനിടയില്‍ കൊല്ലപ്പെട്ട സംഭവം ഉയര്‍ത്തിക്കാട്ടിയാണ് മുഖ്യമന്ത്രിയെ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. 1969 ഏപ്രില്‍ 28 നായിരുന്നു സംഘട്ടനത്തില്‍ മാരകമായി പരിക്കേറ്റ രാമകൃഷ്ണന്‍ തലശ്ശേരിയിലെ ഒരു ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. അക്കാലത്ത് തലശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം(എസ് എഫ്) നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ ഒരു കൂട്ടം ജനസംഘം ആര്‍ എസ എസ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തിലായിരുന്നു രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ അക്കാലത്ത് യുവജന വിഭാഗം(കെ എസ് വൈ എഫ് ) നേതാവായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ കോടതി പിണറായിയെ വെറുതെ വിടുകയാണുണ്ടായത്.

Also Read: കണ്ണൂരിലെ ചോരക്കളങ്ങള്‍: കൊലപാതക രാഷ്ട്രീയത്തിന്റെ അകംപുറങ്ങള്‍

ഈ സംഭവമാണിപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മുല്ലപ്പളിയുടെ കോണ്‍ഗ്രസ് തിരെഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി മാറ്റിയിരിക്കുന്നത്. സത്യത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്റെ മരണം പൊടുന്നനെ പൊന്തിവന്ന ഒന്നല്ല. ഏറെക്കാലം വിസ്മൃതിയിലായിരുന്ന രാമകൃഷ്ണന്‍ വധം സംഘ പരിവാര്‍ സംഘടനകള്‍ തന്നെയാണ് ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് പിണറായിക്കിതിരെ ഒരു പ്രചാരണായുധമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത്. 2016 ല്‍ അവര്‍ കുഴിമാന്തിയെടുത്ത ആ ആയുധം തന്നെയാണ് ഇപ്പോള്‍ മുല്ലപ്പള്ളിയും കോണ്‍ഗ്രസ്സും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതും.

ഇത് ചെയ്യുമ്പോള്‍ വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസ്സ് പുനരന്വേഷിക്കണമെന്ന ആവശ്യം ഒരുകാലത്തും സംഘ പരിവാര്‍ സംഘടനകള്‍ ഉന്നയിച്ചിരുന്നില്ലെന്ന വസ്തുത ഇക്കൂട്ടര്‍ വിസ്മരിക്കുകയോ മനഃപൂര്‍വം മറച്ചു വെക്കുകയോ ചെയ്യുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം സംഘപരിവാര്‍ ആഭ്യമുഖ്യമുള്ള ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട അഞ്ചു കേസ്സുകളില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ വധം ഇല്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അങ്ങനെ വരുമ്പോള്‍ ആര്‍ എസ എസ്സിന്റെ വക്കാലത്ത് ഏറ്റെടുക്കുക വഴി കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പയറ്റുന്നത് പൊതു തിരെഞ്ഞെടുപ്പില്‍ നാല് വോട്ടു അധികം നേടുക എന്ന നാലാം കിട തന്ത്രം മാത്രമാണ് എന്ന് പറയേണ്ടിവരും.

വി.ടി ബല്‍റാമിനെ പരോക്ഷമായി തള്ളിപ്പറഞ്ഞ് മുല്ലപ്പള്ളി; സൈബര്‍ രാഷ്ട്രീയത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍