UPDATES

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

മൂന്നാം ലോക യുദ്ധം ഉണ്ടാകാതെ പോയതെങ്ങനെ? സിംപിള്‍ ഉത്തരം വസിലി ആര്‍കിപോവ് വാണം വിടാഞ്ഞത് കൊണ്ട്

ആശയങ്ങളുടെ യുദ്ധം. യുദ്ധ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ മത്സര യുദ്ധം. യുദ്ധം. അന്‍പത് വര്‍ഷം നീണ്ടു നിന്ന യുദ്ധം. പാഷാണം കലക്കിയ ഐസ് ക്രീം പോലെ തണുത്തുറഞ്ഞ യുദ്ധം. തണുത്തതെങ്കിലും ബുദ്ധികളില്‍, ചുവന്നു പഴുത്ത്, ചോര നിറം ഭാവനകളില്‍ വിരിഞ്ഞ യുദ്ധം

മൂന്നാം ലോക യുദ്ധം ഉണ്ടാകാതെ പോയതെങ്ങനെ?

ക്യുബന്‍ വാണ പ്രശ്‌നം: വസിലി ആര്‍കിപോവ് വാണം വിടാഞ്ഞത് എന്ത് കൊണ്ട്?

നമ്മുടെ ഓര്‍മ്മകള്‍ ക്ഷണികങ്ങള്‍ ആണ്. 1950കള്‍ മുതല്‍, 1990 കള്‍ വരെ, അതായത്, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മൊത്തം, ലോകമാകുന്ന നാടകാലയത്തില്‍ നിറഞ്ഞു നിന്നിരുന്ന പ്രധാന ആട്ടം നമ്മള്‍ ഏതാണ്ട് മറന്ന പോലെ ആണെന്നത് അദ്ഭുതം തന്നെ.

എന്താണത്?

തണുത്ത യുദ്ധ ചരിത്രം ആട്ടക്കഥ.

ആശയങ്ങളുടെ യുദ്ധം. യുദ്ധ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ മത്സര യുദ്ധം. യുദ്ധം. അന്‍പത് വര്‍ഷം നീണ്ടു നിന്ന യുദ്ധം. പാഷാണം കലക്കിയ ഐസ് ക്രീം പോലെ തണുത്തുറഞ്ഞ യുദ്ധം. തണുത്തതെങ്കിലും ബുദ്ധികളില്‍, ചുവന്നു പഴുത്ത്, ചോര നിറം ഭാവനകളില്‍ വിരിഞ്ഞ യുദ്ധം.

തണുത്ത യുദ്ധം – ദി കോള്‍ഡ് വാര്‍.

ആയിരക്കണക്കിന് ആണവ ബോംബുകള്‍ നിറച്ച വാണങ്ങള്‍ തമ്മില്‍ തമ്മില്‍ കണ്ണോട് കണ്‍ ചേര്‍ത്ത് തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. ഓരോ വാണത്തിനും കോടിക്കണക്കിനു ജീവനുകള്‍ എടുക്കാം. ഉള്ളതിന്റെ ഒരു ചെറു ഭാഗം ഉപയോഗിച്ചാല്‍, ലോക കാലാവസ്ഥ തന്നെ മാറിയേക്കാം –

ന്യൂക്ലിയാര്‍ വിന്റര്‍!

ദിനോസറുകളെ നശിപ്പിച്ച, ശൂന്യാകാശത്തു നിന്ന് വന്ന ആകാശ ഉല്‍ക്ക ബോംബിനെ വെല്ലുന്ന വാണ ബോംബുകള്‍ ഉണ്ടാക്കി വച്ചിരിക്കയാണ് മനുഷ്യന്മാര്‍. ഇപ്പോഴും കുറെ ഉണ്ട് കേട്ടോ. നമുക്കും ഉണ്ട്, പാകിസ്താനും ഉണ്ട്.

1961ല്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ആയ സിഐഎ, സ്‌പോണ്‍സര്‍ ചെയ്ത ഒരു അട്ടിമറി ശ്രമം, ക്യുബന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ നടന്നു. അത് പരാജയപ്പെട്ടു. അമേരിക്കയുടെ പിന്‍മുറ്റത്ത് വന്ന് അടയിരിക്കുന്ന, തൊണ്ടയിലെ മുള്ള് ആണ് റഷ്യന്‍ (സോവിയറ്റു യൂണിയന്‍ – ഇനി റഷ്യന്‍ എന്നെ പറയൂ) സഹായത്തോടെ നില നില്‍ക്കുന്ന കാസ്‌ട്രോയുടെ ക്യുബന്‍ സര്‍ക്കാര്‍. ഇതിനെ തുടര്‍ന്ന്, അമേരിക്ക, കുറെ ആറ്റം ബോംബ് വാണങ്ങള്‍ തുര്‍ക്കിയിലും, ഇറ്റലിയിലും കൊണ്ട് വച്ചു. റഷ്യയുടെ അടുത്ത്.

അമ്പട. റഷ്യ വെറുതെ ഇരിക്കുമോ. അതീവ രഹസ്യമായി, ഘട്ടം ഘട്ടം ആയി, കുറെ ആറ്റന്‍ വാണങ്ങള്‍, ക്യുബയില്‍, അമേരിക്കയുടെ മൂട്ടില്‍, അഥവാ ആസനത്തില്‍ തന്നെ കൊണ്ടു വച്ചു. ക്രൂഷ്‌ചേവ് ആണ് റഷ്യന്‍ നേതാവ്. നികിതാ ക്രൂഷ്‌ചേവ്.

കെന്നഡി ആണ് അമേരിക്കന്‍ പ്രെസിഡന്റ് . ‘ഏയ് – ക്യുബയില്‍ ഞങ്ങള്‍ വാണങ്ങള്‍ വിടുകയേ ഇല്ല. വിടുന്നും ഇല്ല.’ എന്ന് ക്രൂഷ്‌ചേവ് മാസങ്ങളായി ആവര്‍ത്തിക്കുന്ന ഉറപ്പും വിശ്വസിച്ച് ഇരിക്കുകയാണ് കെന്നഡി.

ആസനത്തില്‍ ചൂട് അടിച്ചപ്പോള്‍, ഒന്ന് നോക്കാന്‍ പറഞ്ഞു കെന്നഡി. ആരോട്? സിഐഎയോട്.

സിഐഎ നോക്കിയപ്പോള്‍, ആള്‍റെഡി കൊണ്ട് വച്ചിരിക്കയാണ്, അനേകം ആറ്റന്‍ വാണങ്ങള്‍- ക്യുബയില്‍!

ആകെ കച്ചറകള്‍ ആയി. അമേരിക്കന്‍ നേവല്‍ കപ്പലുകള്‍ മൊത്തം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അണിനിരന്നു. റഷ്യയുടെ ഒറ്റ കപ്പലുകളും, ക്യുബയിലേക്ക് കടത്തി വിടില്ല! ബ്ലോക്കഡ്!

അന്താരാഷ്ട്ര രീതികള്‍ അനുസരിച്ച്, ഇത് ഒരു യുദ്ധ പ്രഖ്യാപനം – ആക്ട് ഓഫ് വാര്‍, ആണ്.

റഷ്യ, കൂടുതല്‍ കപ്പലുകളെ അയച്ചു. യുദ്ധം ഏകദേശം ഉറപ്പായി.

അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ സജ്ജമായി. യൂറോപ്പിലും മറ്റുമുള്ള, അനേകായിരം ആറ്റന്‍ വാണങ്ങള്‍, മുഞ്ഞി റഷ്യയുടെ നേര്‍ക്ക് തിരിച്ചു. തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ. അമേരിക്ക ക്യുബയെ ആക്രമിക്കാന്‍ റെഡി ആയി. അങ്ങനെ സംഭവിച്ചാല്‍ അപ്പൊ തന്നെ, ജര്‍മനിയിലോട്ട് കേറി ബെര്‍ലിന്‍ മൊത്തം പിടിച്ചടക്കാന്‍, റഷ്യന്‍ സൈന്യം കോപ്പ് കൂട്ടി.

സമയം – ഒക്ടോബര്‍ 25, 1962, ഇരുപതാം നൂറ്റാണ്ട്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍, മുഖാമുഖം നില്‍ക്കുകയാണ് അമേരിക്കന്‍ നേവിയും റഷ്യന്‍ നേവിയും. ചുമ്മാ ഒരു രസത്തിനു, അമേരിക്ക, കുറെ ചെറു ബോംബുകള്‍. റഷ്യന്‍ അന്തര്‍വാഹിനി ആയ ബി – 59നു നേരെ പ്രയോഗിച്ചു. വളരെ ആഴത്തില്‍ ആണ് ബി – 59. അത് കൊണ്ട് തന്നെ, അതിനൊന്നും പറ്റുകയില്ല എന്നാണു, അമേരിക്ക കണക്ക് കൂട്ടിയത്. ചുമ്മാ പേടിപ്പിക്കാന്‍ വേണ്ടി, ഓങ്ങുന്നത് പോലുള്ള ഒരു യുദ്ധ തന്ത്രം ആയിരുന്നു അത്.

എന്നാല്‍ അമേരിക്കന്‍ കമാണ്ടര്‍മാര്‍ക്ക് അറിയാതിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ബി – 59 ഒരു ന്യൂക്ലിയര്‍ സബ്മറൈന്‍ ആയിരുന്നു. ന്യൂക്ലിയര്‍ ആറ്റന്‍ വാണങ്ങള്‍ ഉള്ള ഒന്ന്. ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കാന്‍ അനുമതിയും അവര്‍ക്ക് ഉണ്ടായിരുന്നു.

ആഴത്തില്‍ എന്ത് കുന്തം ആണ് മുകളില്‍ നടക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പാടാണ്. ആക്രമിക്കപ്പെട്ടോ ഇല്ലയോ? ആക്രമിക്കപ്പെട്ടു. യുദ്ധം തുടങ്ങി കഴിഞ്ഞു – ഇങ്ങനെ ആണ് ബി – 59ന്റെ ചീഫ് കമാണ്ടര്‍ക്ക് മനസ്സിലായത്. ആറ്റന്‍ ടോര്‍പിഡോ വിടുക തന്നെ – അയാള്‍ തീര്‍ച്ചപ്പെടുത്തി.

എന്നാല്‍ പ്രോട്ടോകോള്‍ അനുസരിച്ച്, അന്തര്‍ വാഹിനിയില്‍ ഉള്ള മൂന്നു ഓഫീസര്‍മാരും, ഒന്നിച്ചു തീരുമാനിച്ചാലേ തീരുമാനം ആകൂ.

വസിലി ആര്‍കിപോവ് എന്ന ഒരാള്‍ മാത്രം വിയോജിച്ചു.

‘ഇല്ല. ഒന്നും സംഭവിച്ചിട്ടില്ല. വാണം വിടേണ്ട.’

അപ്പോഴേക്കും അന്താരാഷ്ട്ര തലത്തില്‍ പലതും നടന്നു. തീവ്ര സമാധാന ശ്രമങ്ങള്‍ ഫലം കണ്ടു. ഐക്യ രാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ ക്യുബയില്‍ നിന്ന് വാണങ്ങല്‍ മാറ്റം എന്ന് ക്രൂഷ്ചേവും, ഭാവിയില്‍ ഒരിക്കലും ക്യുബയെ ആക്രമിക്കയില്ലെന്നു കെന്നഡിയും, ഉറപ്പ് കൊടുത്തു. അങ്ങനെ ലോകത്തെ കിടു കിടുക്കിയ ക്യുബന്‍ വാണ പ്രശ്‌നം അവസാനിച്ചു.

പിന്നെ ഒരു പത്തു വര്‍ഷങ്ങള്‍ക്ക് മേലെ കഴിഞ്ഞാണ് ഞാനൊക്കെ ഉണ്ടായത്. എനിക്കപ്പോള്‍ അറിയില്ലായിരുന്നു, ഈ ലോകം ഇപ്പോഴും അങ്ങനെ തന്നെ നില്ക്കാന്‍ ഒരു കാരണം ഇപ്പോള്‍ വാണം വിടേണ്ട, എന്ന വസിലി എന്ന ഒരു മനുഷ്യന്റെ തീരുമാനം ആയിരുന്നു എന്നത്.

വസിലി – താങ്ക് യു.

താങ്കള്‍ അന്ന് വാണം വിട്ടിരുന്നെകില്‍ ലോക ചരിത്രം മറ്റൊന്നാകുമായിരുന്നു. ഒരു പക്ഷെ ലോകം തന്നെ ഒരു മാതിരി ഇല്ലാതായേനെ.

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍