UPDATES

ട്രെന്‍ഡിങ്ങ്

വേങ്ങര: കുഞ്ഞാലിക്കുട്ടി മങ്ങുന്നു; സമസ്തയും തീവ്ര വിഭാഗവും ലീഗില്‍ പിടിമുറുക്കുന്നോ?

സ്ഥാനാര്‍ത്ഥികളെ പാണക്കാട്ടു നിന്നും തീരുമാനിക്കും എന്ന് പറയുന്നതില്‍ തന്നെ ഒരു സത്യസന്ധതക്കുറവുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

വേങ്ങരയിലെ സീറ്റു വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. യു.എ ലത്തീഫും കെ.എന്‍.എ ഖാദറും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും ഖാദറിനായിരുന്നു പ്രഥമ പരിഗണനയെന്നും താന്‍ ആരുടേയും പേര് നിര്‍ദ്ദേശിച്ചില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൂട്ടത്തില്‍ ഒരു കാര്യം അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. എല്ലാം പാണക്കാട് തങ്ങള്‍ തീരുമാനിക്കുമെന്ന് നേരെത്തെ പറഞ്ഞിരുന്നു എന്നതാണത്. കുഞ്ഞാലിക്കുട്ടി അവസാനം പറഞ്ഞ കാര്യത്തിലാണ് ഇപ്പോള്‍ വലിയ സംശയം ഉയര്‍ന്നു വന്നിരിക്കുന്നത് . ആദ്യം തങ്ങളെ കണ്ടു മടങ്ങിയെത്തിയ ലത്തീഫ് താന്‍ തന്നെയാണ് വേങ്ങരയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എന്നമട്ടില്‍ സംസാരിച്ചതും ഇതിനോട് ഖാദറില്‍ നിന്നുണ്ടായ പ്രതികരണവും തുടര്‍ന്ന് ഖാദര്‍ തങ്ങളുടെ വീട്ടിലേക്കു നടത്തിയ മിന്നല്‍ സന്ദര്‍ശനവുമൊക്കെ ഈ സംശയത്തെ കൂടുതല്‍ ബലപ്പെടുത്തുന്നു.

സ്ഥാനാര്‍ത്ഥികളെ പാണക്കാട്ടു നിന്നും തീരുമാനിക്കും എന്ന് പറയുന്നതില്‍ തന്നെ ഒരു സത്യസന്ധതക്കുറവുണ്ട്. ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് പാണക്കാട്ടു നിന്നും പ്രഖ്യാപിക്കുകയാണ് പതിവ്. ലിസ്റ്റില്‍ അപാകതയുണ്ടെന്നു തോന്നിയാല്‍ പാണക്കാട് തങ്ങള്‍ അത് തിരുത്തുന്നതും പതിവാണ്. ഇത്തരം കാര്യങ്ങളൊക്കെ പണ്ടും നടന്നിട്ടുള്ളത് തന്നെ. എന്നാല്‍ വേങ്ങരയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതൊന്നുമല്ലെന്നാണ് അണിയറ സംസാരം. ലത്തീഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുന്നത നേതാവ് നടത്തിയ നീക്കത്തിന്റെ പരിണിതഫലമെന്നാണ് അവര്‍ ഈ സീറ്റു വിവാദത്തെ വിശേഷിപ്പിക്കുന്നത്. തന്റെ നീക്കത്തെ തങ്ങള്‍ കുടുംബത്തിലെ ചില ഇളമുറക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണത്രെ പാണക്കാട്ടുനിന്നും പ്രഖ്യാപനം വരുന്നതിനു മുന്‍പുതന്നെ ചില ചാനലുകളിലൂടെ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കി ഇതേ നേതാവ് തന്നെ ചിത്രീകരിച്ചതെന്നാണ് ഇവരുടെ വാദം. ഈ വാദത്തില്‍ അല്‍പ്പം കഴമ്പുണ്ടെന്ന് ഖാദറിന്റെ സമ്മര്‍ദ്ദതന്ത്രം ഉള്‍പ്പടെയുള്ള തുടര്‍ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

മുസ്ലിംലീഗില്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ സ്ഥാനാര്‍ഥിയാകുന്ന ആദ്യത്തെ ആളൊന്നുമല്ല കെ എന്‍ എ ഖാദര്‍. പി എം അബുബക്കറിനെയും ചെര്‍ക്കളം അബ്ദുള്ളയെയും പോലുള്ള ചില ലീഗ് നേതാക്കള്‍ പണ്ട് ഇതേ തന്ത്രം പയറ്റി വിജയം വരിച്ചിട്ടുണ്ട്. നാലകത്തു സൂപ്പിയെപ്പോലെ ചിലര്‍ പരാജയപ്പെട്ടിട്ടുമുണ്ട്. സി എച്ചിന്റെ കാലശേഷം യു എ ബീരാന്‍ എന്ന പഴയ ലീഗ് നേതാവിന് തങ്ങള്‍ കുടുംബത്തില്‍ ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടുകയും കുഞ്ഞാലിക്കുട്ടി പകരക്കാരനാവുകയും ചെയ്തതിനു ശേഷമായിരുന്നു ഇതൊക്കെ. എന്നാലിപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കും തങ്ങള്‍ കുടുംബത്തില്‍ സ്വാധീനം കുറഞ്ഞുവരുന്നു എന്നുവേണം കരുതാന്‍.

മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവം മങ്ങിത്തുടങ്ങി എന്ന് പറയുന്നവര്‍ തന്നെ മറ്റൊരു ആശങ്ക കൂടി പങ്കുവെക്കുന്നുണ്ട്. തീവ്ര ചിന്ത കൊണ്ടുനടക്കുന്ന ഒരു വിഭാഗം പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നുവെന്നതാണത്; അവര്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു തുടങ്ങി എന്നും. ഈ വിഭാഗത്തിന് സമസ്തയുടെ സമ്പൂര്‍ണ പിന്തുണ ഉണ്ടെന്നതിനാല്‍ അധികം വൈകാതെ തന്നെ മുസ്ലിം ലീഗിന് അതിന്റെ മുഖം തന്നെ നഷ്ടമായേക്കും എന്നതാണ് അവരുടെ പേടി. അങ്ങനെ വരുമ്പോള്‍ വേങ്ങരയിലെ സ്ഥാനാര്‍ഥി തര്‍ക്കം ഒരു അടഞ്ഞ അധ്യായമായി കാണാനാവില്ല. വേങ്ങര തിരഞ്ഞെടുപ്പിന് ശേഷവും അതിന്റെ അനുരണങ്ങള്‍ മുസ്ലിം ലീഗില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍