UPDATES

ട്രെന്‍ഡിങ്ങ്

നെഞ്ചളവല്ല, നെഞ്ചൂക്കുണ്ടോ? എങ്കിൽ വിജയ് മല്യ തീഹാർ ജയിലിൽ കിടന്നേനെ

കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചെത്തിക്കും എന്ന് പറഞ്ഞവർ തട്ടിപ്പുകാർക്ക് വിദേശത്ത് സുഖവാസം ഒരുക്കുന്നു- ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്റ് പി.എ മുഹമ്മദ്‌ റിയാസ് എഴുതുന്നു

World Hunger Index ൽ (പട്ടിണി രാജ്യങ്ങളുടെ ലിസ്റ്റ്) ഉൾപെട്ട 112 രാജ്യങ്ങളിൽ 102-ആം സ്ഥാനത്തുള്ള ഇന്ത്യയിലെ ഒരു ജയിലിന്റെ വീഡിയോ കണ്ട ലണ്ടനിലെ മജിസ്ട്രേറ്റ് കോടതി ജഡ്ജി സത്യത്തിൽ ആശ്ചര്യപ്പെട്ടു പോയിട്ടുണ്ടാവും. മുംബൈയിലെ ആർതർ റോഡ് ജയിലിലെ 12-ആം നമ്പർ ബാരക്കിൽ ടെലിവിഷൻ, പ്രത്യേക കുളിമുറി, വസ്ത്രം കഴുകാനുള്ള സ്ഥലം, കിടക്ക, സിസിടിവി നിരീക്ഷണം, സുരക്ഷാ ജീവനക്കാർ, നാലു നേരം സമൃദ്ധമായ ഭക്ഷണം… തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയ ജയിൽ മുറിയുടെ വീഡിയോ. ഇന്ത്യൻ ജയിലുകൾ വൃത്തിഹീനമാണെന്ന് പറഞ്ഞ വിജയ് മല്യയുടെ കേസ് പരിഗണിക്കുന്നതിനിടയിൽ ആയിരുന്നു സിബിഐയുടെ ഈ വിശദീകരണം.

പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള പൊതുമേഖല ബാങ്കുകളിൽ എന്ന് 9000 കോടി തട്ടിയെടുത്ത് സാമ്പത്തിക കുറ്റവാളിയാണ് വിജയ് മല്യ. ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കെ 2016-ൽ രാജ്യം വിടാൻ മല്യയെ സഹായിച്ച ഉന്നതനാര്? എന്ന ചോദ്യം ജൂൺ 12-ന് ട്വീറ്റ് ചെയ്ത ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിക്ക് കഴിഞ്ഞ ദിവസം മല്യ തന്നെ മറുപടി പറഞ്ഞു – അരുൺ ജെയ്റ്റ്ലി! മോദി തരംഗം ഉണ്ടായി എന്ന് സ്തുതിപാഠകർ വീരവാദം മുഴക്കിയ 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അമൃത്സർ ലോക്സഭ മണ്ഡലത്തിൽ ദയനീയമായി പരാജയപ്പെട്ട അരുൺ ജെയ്റ്റ്ലി എങ്ങനെ ധനകാര്യം -പ്രതിരോധം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന, കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായി എന്ന നാലു വർഷം പഴക്കമുള്ള ചോദ്യത്തിനും കൂടിയുള്ള ഉത്തരമാണിത്. കോർപ്പറേറ്റുകളുടെ അക്ഷയപാത്രമായ ഖജനാവിന്റെ താക്കോൽ ഏൽപിക്കാൻ രാജ്യസ്നേഹികളുടെ പ്രസ്ഥാനത്തിന് ഇതിനേക്കാൾ യോഗ്യനായ ആരെ കിട്ടും?

ഞാൻ ലണ്ടനിലേക്ക് പോകുന്നു എന്ന് ഇന്ത്യൻ ധനകാര്യമന്ത്രിയെ മുൻകൂട്ടി അറിയിച്ചിരുന്നു എന്ന മല്യയുടെ വാദം ജെയ്റ്റ്ലിയും സമ്മതിക്കുന്നു .യാദൃശ്ചിക കൂടിക്കാഴ്ച അല്ലായിരുന്നുവെന്നും പാർലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 15 മിനുറ്റിലധികം ഇരുവരും സംസാരിച്ചിരുന്നുവെന്നും ദൃക്സാക്ഷിയായ ഉത്തർപ്രദേശിലെ കോൺഗ്രസ് രാജ്യസഭ എംപി എം.എൽ പുനിയ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ വെല്ലുവിളിക്കുമ്പോൾ മൗനം കൊണ്ട് കാര്യമില്ല. തട്ടിപ്പു നടത്തി രാജ്യം വിടുമ്പോൾ നയതന്ത്ര പാസ്പോർട്ടുമായി (Diplomatic Passport) പോകാൻ കഴിയുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം; എവിടെ എത്തി നിൽക്കുന്നു നമ്മുടെ ജനാധിപത്യം?

മല്യയെ രാജ്യം വിടാന്‍ സമ്മതിക്കരുത് എന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാന്‍ താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിയമോപദേശം നല്‍കിയിരുന്നു എന്നു പറഞ്ഞത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവേ ആയിരുന്നു. എന്നാല്‍ മല്യ കോടികള്‍ കൊടുക്കാനുള്ള എസ്ബിഐ പിന്നെ ആ പ്രദേശത്ത് പോലും വന്നില്ല എന്നും അദ്ദേഹം പറയുമ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെ എന്നു തന്നെയാണ് മനസിലാവുക.

കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചെത്തിക്കും എന്ന് പറഞ്ഞവർ തട്ടിപ്പുകാർക്ക് വിദേശത്ത് സുഖവാസം ഒരുക്കുന്നു. രാജ്യം വിട്ടവരിൽ വിജയ് മല്യ മാത്രമല്ല ലളിത് മോദിയും നീരവ് മോദിയും എല്ലാം രാജ്യം ഭരിക്കുന്നവരുടെ പരിലാളനയേറ്റ് ഗ്രീൻ ചാനൽ വഴി തന്നെ പോയവരാണ്. ഇത്തരക്കാർക്ക് തട്ടിപ്പിന് അവസരം ഒരുക്കിയത് നവ ഉദാരവത്ക്കരണ നയങ്ങളും ആണ്. ഈ നയങ്ങൾ ഇന്ത്യക്ക് പരിചയപ്പെടുത്തിയത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ ഇന്ന് അത് പെട്രോൾ വില കയറുന്ന വേഗതയിൽ ബിജെപി നടപ്പിലാക്കുന്നുവെന്ന് മാത്രം. വിജയ് മല്യ വിഷയത്തിൽ ഇപ്പോൾ പ്രസ്താവനകൾ എങ്കിലും ഇറക്കി പ്രതിപക്ഷ കടമ നിറവേറ്റുന്നു എന്ന് വരുത്തി തീർക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങൾ ആത്മാർത്ഥമാണോ എന് സംശയിക്കേണ്ടി വരുന്നത് ഇന്നലെകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.

വിജയ് മല്യയെ കോർപ്പറേറ്റ് മുതലാളി, മദ്യരാജാവ് എന്ന ഇമേജിൽ നിന്നും പാർലമെന്റ് അംഗം എന്ന സുരക്ഷിതമായ കവചത്തിനുള്ളിലേക്ക് എത്തിക്കാൻ രാജ്യസഭയിലേക്ക് ആദ്യം നോമിനേറ്റ് ചെയ്തത് കോൺഗ്രസ്സ് ആയിരുന്നില്ലേ? ബിജെപിയും ജെഡി(എസ്)-ഉം ഒപ്പം നിന്ന് പിന്തുണയ്ക്കുകയും ചെയ്തു. അന്നത്തെ നിലപാട് തെറ്റായിപ്പോയി എന്ന് കോൺഗ്രസ് തുറന്ന് പറയുമോ? അടിയൊഴുക്കുകളിൽ കോൺഗ്രസ്സും ബിജെപിയും പരസ്പരം സന്ധിക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. ഇപ്പൊള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍, ഇതേ മല്യ ഉത്തർ പ്രദേശിലെ മീററ്റിൽ ഷിയാ സെന്റർ വഖഫ് ബോർഡിന്റെ സ്ഥലം കയ്യേറി എന്ന പരാതി കൊടുത്തപ്പോൾ പരാതിക്കാരനായ വസിം റസ്‌വിയോട് ‘ മല്യ ഒരു പാവം കോടീശ്വരൻ’ എന്ന് ശുപാർശ പറഞ്ഞത് രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും ചേർന്നായിരുന്നില്ലേ? പൊതുമേഖല ബാങ്കുകളെ കൊള്ളയടിക്കാൻ പാപ്പരായ കുത്തകകൾക്ക് വരെ സഹായകരമായ ഇളവുകൾ വായ്പ്പാ നയത്തിൽ ഉൾപ്പെടുത്തി മാറ്റം വരുത്തിയത് (sweat deal എന്ന് സിബിഐ) രണ്ടാം യുപിഎ സർക്കാർ ആയിരുന്നല്ലോ? ഇന്ന് അരുൺ ജെയ്റ്റ്‌ലി ആണെങ്കിൽ അന്ന് മല്യയുടെ വിശ്വസ്ഥൻ പി. ചിദംബരം ആയിരുന്നു. കിങ്ങ് ഫിഷർ എയർലൈൻസിന് കോടികളുടെ വായ്പ ഉറപ്പാക്കിയത് രണ്ടാം യുപിഎയുടെ കാലത്തു തന്നെ. മറ്റൊരു വായ്പാത്തട്ടിപ്പുകാരൻ സഞ്ജയ്  ഭണ്ഡാരി ബിജെപി നേതാക്കളുമായി നടത്തിയ 500-ൽ അധികം ഫോൺ കോളുകളുടെ വിവരങ്ങൾ പുറത്തു വന്നപ്പോൾ ബിജെപിയെ ശക്തമായി ആക്രമിക്കുന്നതിനും രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനും തടസ്സമായി നിന്നത് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്രയും സഞ്ജയ്‌ ഭണ്ഡാരിയും തമ്മിൽ ഉണ്ടായിരുന്ന വ്യാപാര ബന്ധങ്ങൾ ആയിരുന്നില്ലേ?
ഇന്ത്യയിൽ നവ ഉദാരവത്കരണ നയങ്ങൾക്ക് തുടക്കം കുറിച്ച കോൺഗ്രസ്സിന് ഇനിയെങ്കിലും ബിജെപി വിരുദ്ധ സഖ്യത്തിന്റെ പൊതു നേതൃത്വം ആവണമെങ്കിൽ, വർഗ്ഗീയ വിരുദ്ധ സമീപനങ്ങളിൽ കൂടുതൽ ആത്മാർത്ഥത കാണിക്കേണ്ടതിനൊപ്പം തന്നെ ഇന്ത്യൻ ജനതയുടെ നടുവൊടിച്ച നവ സാമ്പത്തിക നയങ്ങൾ തെറ്റായിരുന്നുവെന്ന് തുറന്നു പറയുകയും വേണം.

വൻകിട മുതലാളിമാർ ആയിരുന്നു ഒരുകാലത്ത് ഇന്ത്യയിൽ ബാങ്കുകൾ നടത്തിയിരുന്നത്. അവർ നിക്ഷേപകരുടെ സമ്പാദ്യം അപഹരിച്ചതിന്റെ ഭാഗമായി 1947-നും 1969-ലെ ബാങ്ക് ദേശസാത്ക്കരണത്തിനും ഇടയിൽ ഇന്ത്യയിൽ 569 സ്വകാര്യ ബാങ്കുകളാണ് തകർന്നത്.
കോൺഗ്രസ്സിന് ആഭ്യന്തര രാഷ്ട്രീയത്തിൽ മേൽക്കൈ നേടുന്നതിന് വേണ്ടിയാണെങ്കിലും ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാത്ക്കരണം പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തിയെങ്കിലും സ്വകാര്യ ബാങ്കുകൾ തകർന്നുകൊണ്ടിരുന്നു. 1969-ന് ശേഷം 36 സ്വകാര്യ ബാങ്കുകളാണ് നമ്മുടെ രാജ്യത്ത് തകർന്നത്. എന്നാൽ ഒരൊറ്റ പൊതുമേഖലാ ബാങ്കും തകർന്നില്ല എന്നു മാത്രമല്ല തകർന്ന സ്വകാര്യ ബാങ്കുകൾ ഏറ്റെടുത്ത് നിക്ഷേപകരുടെ പണം തിരികെ നൽകിയത് പൊതുമേഖലാ ബാങ്കുകളായിരുന്നു.

എന്തിനേറെ 2008-നും 2012-നും ഇടയിൽ 456 സ്വകാര്യ ബാങ്കുകൾ അമേരിക്കയിൽ മാത്രം തകർന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സ്വകാര്യ ബാങ്കായ ഐസിഐസിഐ തകർച്ചയുടെ വക്കില്‍വരെ എത്തിയിരുന്നു. ഭീതി കാരണം ഇടപാടുകാര്‍ ബാങ്കിന്റെ എടിഎം കൗണ്ടറുകളിൽ വരി നിന്ന് പോലും പണം പിൻവലിച്ചപ്പോൾ കേന്ദ്ര സർക്കാർ നിര്‍ദ്ദേശപ്രകാരം എസ്ബിഐ വന്‍തിൽ പണം നൽകായാണ് ഈബാങ്കിനെ രക്ഷിച്ചത്.

ഇങ്ങിനെയുള്ള പൊതുമേഖലാ ബാങ്കുകളാണ് മല്യ ഉൾപ്പെടെയുള്ള ശതകോടീശ്വരൻമാർക്കുവേണ്ടി ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരികൾ തന്നെ മലർക്കെ തുറന്നുകൊടുക്കുന്നത്. ബാങ്കുകളിൽ കിട്ടാക്കടത്തിന്റെ 88 ശതമാനവും വരുത്തിയിരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റുകളാണെന്ന് വ്യക്തമായിട്ടും വൻകിട കോർപ്പറേറ്റുകളുടെ സംഘടനയായ ഫിക്കിയുടെയും അസോച്ചത്തിന്റെയും ആവശ്യം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കണം എന്നതായിരുന്നു. ഈ സംഘടനകളുടെ പ്രതിനിധികളെയാണ് നരേന്ദ്ര മോദിയുടെ വിദേശ യാത്രാവേളയിൽ കൂടെ കൂട്ടാറുള്ളത്. നീരവ് മോദിയുടെ ചിത്രം പുറത്തുവന്നപ്പോൾ നമ്മൾ കണ്ടതാണത്.

വിവരവകാശ നിയമപ്രകാരം ചോദിച്ച ഒരു ചോദ്യത്തിന് ആർബിഐ നൽകിയ മറുപടിയിൽ പറയുന്നത് 2016-ല 615 അക്കൗണ്ടുകളിലായി നൽകിയ കാർഷിക കടം 58,561 കോടി രൂപയായിരുന്നു എന്നതാണ്. അതായത് ഒരു ‘ദരിദ്ര കർഷക’ന്റെ അക്കൌണ്ടില്‍ പെടുത്തി നല്‍കിയിരിക്കുന്നത് 95 കോടിയോളം രൂപ. എന്നാല്‍ ഈ പണം ഒക്കെ എങ്ങോട്ടാണ് പോയത്? റിലയന്‍സ് ഫ്രഷ്‌ പോലെ കാര്‍ഷിക ബിസിനസ് ചെയ്യുന്ന വമ്പന്‍ കോര്‍പറേറ്റുകള്‍, കുറഞ്ഞ പലിശയുള്ള കാര്‍ഷിക വായ്പയുടെ പേരില്‍ എടുത്ത കോടികളാണ് ഇവയെന്നത് സംശയിക്കാതിരിക്കാന്‍ പറ്റില്ല. ഇന്ത്യ ആരുടേതെന്ന ചോദ്യത്തിന് ‘ദരിദ്ര നാരായണൻമാരുടേത്’ എന്നും എന്താണ് ഈ രാഷ്ട്രത്തിന്റെ ലക്ഷ്യം എന്ന ചോദ്യത്തിന് ‘To wipe out the tears from the eyes of the common man’ എന്നും ഉത്തരം നൽകിയ ഗാന്ധിയുടെ രാജ്യത്ത് ഈ രാജ്യം കോർപ്പറേറ്റുകളുടേതാണ്, ഈ രാഷ്ട്രത്തിന്റെ ലക്ഷ്യം കോർപ്പറേറ്റ് കടങ്ങളെ ദേശസാത്ക്കരിക്കലാണ് എന്നു പറയുന്നവരാണ് ഇന്ന് നാട് ഭരിക്കുന്നത്.

Also Read: ‘ഇനി മുതൽ ഈ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നന്വേഷിക്കുക നിങ്ങളുടെ ചുമതലയല്ല’; ഫാസിസത്തിന്റെ വരവ്

ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായ ബാങ്ക് അധികാരികളിൽ ചിലർ കോര്‍പ്പറേറ്റുകളെ വഴിവിട്ട് സഹായിച്ച അനുഭവത്തിന്റെ ഉദാഹരണമായിരുന്നു മല്യ ഉൾപ്പെടെ ഉള്ളവരുടെ തട്ടിപ്പുകൾ. ഹർഷദ് മേത്ത, കേതൻ പരേഖ് എന്നിവരിൽ തുടങ്ങിയ പട്ടിക പിന്നീട് ജതിൻ മേത്ത, വിജയ് മല്യ, സഞ്ജയ് മണ്ഡാരി, ദീപക് തൽവാർ തുടങ്ങിയ തട്ടിപ്പു വീരൻമാരിലൂടെ ഇന്ന് നീരവ് മോദി, വിക്രം കോത്താരി, മെഹുൽ ചോക്‌സി എന്നിങ്ങനെ എത്തി നിൽക്കുന്നു. കൊട്ടിഘോഷിച്ച നോട്ട് നിരോധനം, സാധാരണക്കാരന്റെ പണം ബാങ്കുകളിൽ തിരിച്ചെത്തിച്ച് വന്‍കിടക്കാർക്ക് ചൂതാട്ടത്തിനുള്ള അവസരമൊരുക്കാൻ വേണ്ടിയായിരുന്നു എന്ന ചർച്ചയും ഇന്ന് പ്രസക്തമായി.

നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കി, ഊഹക്കച്ചവട രംഗത്തേക്ക് പണമൊഴുക്കുന്നത് നിയന്ത്രിച്ചും മാത്രമേ ബാങ്കിങ്ങ് തട്ടിപ്പുകൾക്ക് അറുതി വരുത്താനാകൂ. കർഷകരേയും സാധാരണക്കാരേയും ബാങ്കുകളിൽ നിന്ന് അകറ്റി വൻകിടക്കാർക്ക് വഴി വിട്ട വായ്പകളും ഗ്യാരണ്ടികളും നൽകുന്ന രീതിക്ക് അറുതി വരുത്താൻ നെഞ്ചളവിന്റെ 55 ഇഞ്ച് വികാസമല്ല, നെഞ്ചിടിപ്പുള്ള രാഷ്ട്രീയ തീരുമാനം എടുക്കുന്ന ഭരണാധികാരിയെയാണ് ഇന്നത്തെ ഇന്ത്യക്ക് ആവശ്യം. അങ്ങനെ ചങ്കുറപ്പുള്ള ഒരു ഭരണകൂടത്തിന് കുറ്റവാളികൾക്ക് ജയിലിൽ സ്യൂട്ട് റൂമൊരുക്കി കാത്തിരിക്കേണ്ട ഗതികേടും ഉണ്ടാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിജയ്‌ മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി; പണ തട്ടിപ്പുകാര്‍ക്ക് ഇന്ത്യ ഒരുക്കിയ പട്ടുപാതകള്‍

വിജയ്‌ മല്യ: 28-ാം വയസില്‍ സ്വപ്നതുല്യമായ തുടക്കം; ഇന്ന് രാജ്യം കാത്തിരിക്കുന്ന ക്രിമിനല്‍

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

‘ഇനി മുതൽ ഈ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നന്വേഷിക്കുക നിങ്ങളുടെ ചുമതലയല്ല’; ഫാസിസത്തിന്റെ വരവ്

പി.എ മുഹമ്മദ്‌ റിയാസ്

പി.എ മുഹമ്മദ്‌ റിയാസ്

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്റ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍