UPDATES

ട്രെന്‍ഡിങ്ങ്

വി.ടി ബല്‍റാം, നിര്‍ണ്ണായക മത്സരത്തിലെ ആ സെല്‍ഫ് ഗോള്‍ താങ്കളുടേതായിരുന്നു

ഇനി വീണിടത്തു കിടന്ന് പരിക്കഭിനയിച്ച് സ്വന്തം ടീമിന്റെ സഹതാപമെങ്കിലും സ്വന്തമാക്കാന്‍ വിഫലശ്രമം നടത്താം എന്നു മാത്രമേയുള്ളൂ

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യമായ വി. ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമായ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്.
യു.ഡി. എഫ് നിരയില്‍ കോണ്‍ഗ്രസ്സിന്റെ യുവതലമുറനേതാക്കളില്‍ ശ്രദ്ധേയനാണ് തൃത്താല നിയോജക മണ്ഡലം എം.എല്‍.എ ബല്‍റാം. ഇടതുപക്ഷത്തിന് സ്വാധീനമുള്ള തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നും ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയാണ് ബല്‍റാം നിയമസഭയിലെത്തിയതെന്നത് അദ്ദേഹത്തിന്റെ പൊതുജീവിതത്തിനുള്ള ജനപിന്തുണയുടെ സാക്ഷ്യം തന്നെയാണ്.

എന്നാല്‍ ബല്‍റാമിനെ കേരളം മുഴുവന്‍ പരിചിതനാക്കുന്നത് തൃത്താല നിയോജമണ്ഡലം പ്രവര്‍ത്തനങ്ങളേക്കാളുപരിഅദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഇടപെടലും കൂടിയാണ്. ബല്‍റാമിന്റെ നവ മാധ്യമ ഇടപെടലുകള്‍ പലപ്പോഴും ചാനലുകളിലും ദിനപത്രങ്ങളിലും വാര്‍ത്ത സൃഷ്ടിക്കുകയും അദ്ദേഹത്തിന് ബഹുജന ശ്രദ്ധ നേടിക്കൊടുക്കുന്നതിലും സമൂഹ മാധ്യമത്തില്‍ ശ്രദ്ധേയനാക്കുന്നതിലും നിര്‍ണ്ണയകപങ്കു വഹിച്ചിട്ടുമുണ്ട്. സ്വന്തം നിലപാടുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തന്റേതായ ഒരിടം സൃഷ്ടിക്കാന്‍ ബല്‍റാമിന് കഴിയുന്നുണ്ട്. ബല്‍റാമിന്റെ നിലപാടുകളെല്ലാം തന്നെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ചേരിയില്‍ നിന്നുള്ളതാണെന്നത് ബല്‍റാമിനെ ജനാധിപത്യചേരിക്ക്സ്വീകാര്യനാക്കുന്നു.

ഒക്ടോബര്‍ 12-ന് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ബല്‍റാം ഫേസ്ബുക്കില്‍ നടത്തിയ ഒരഭിപ്രായപ്രകടനം പുതിയ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ് ബല്‍റാമിന്റെ നവ മാധ്യമ ജീവിതത്തില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലുത്. സ്ഥിരമായി ഉണ്ടാകുന്ന പദപ്രയോഗ വിവാദമല്ല ഈ പോസ്റ്റിനെ ബല്‍റാമിന്റെ മറ്റു പോസ്റ്റുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. അതുകൊണ്ടാണ് ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ വിവാദം എന്ന് പറഞ്ഞത്. ബല്‍റാമിന്റെ പോസ്റ്റിലെ നിലപാടിനെ തുടര്‍ന്ന് ബല്‍റാമിനെ ചോദ്യം ചെയ്യണം എന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ബല്‍റാം പറഞ്ഞത് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിഷേധിച്ചിരിക്കുന്നു.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചു കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍, മുന്‍ മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി യു.ഡി.എഫ് നേതൃത്വ നിരയിലെ ഒരുപിടി പ്രമുഖര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനും വിപുലമായ അന്വേഷണം നടത്താനും തീരുമാനിച്ചതിനെ തുടര്‍ന്നാണ് ബല്‍റാം തന്റെ പ്രതികരണവുമായി രംഗത്തുവന്നത്. ആ പ്രതികരണമാകട്ടെ പ്രതിപക്ഷ നിരയിലെ ഒറ്റയാന്‍ ശബ്ദമായിപ്പോയി.

വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ബൂമറാംഗാകുമോ? ടി പി കേസില്‍ ബിജെപി സി ബി ഐയെ ഇറക്കുമോ?

ബല്‍റാമിന്റെ പോസ്റ്റിലെ വിവാദ പ്രസ്താവന

‘ഏതായാലുംകോണ്‍ഗ്രസ്‌നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരന്‍കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടു കൊണ്ടു പോകാതെ ഇടക്കു വെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി’. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ഉപേക്ഷിച്ച് തോമസ് ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ശബ്ദിക്കണം എന്നും പറയുന്നു.

പോസ്റ്റിലെ ഈ ഭാഗമാണ് വലിയ രാഷ്ട്രീയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

വിവാദ ഹേതുവായ ഈ ഭാഗം മാത്രം ഒന്നഴിച്ചു പരിശോധിച്ചാല്‍ ബല്‍റാമിന്റെ ഈ പോസ്റ്റ് ഒരു ഭാഷാ പ്രയോഗത്തിന്റെ പ്രശ്‌നമല്ല ഉയര്‍ത്തുന്നത്, മറിച്ച് ഒരു നിലപാടിന്റെ പ്രശ്‌നമാണ് എന്ന് കാണാം. ഈ പോസ്റ്റിന് ചുരുങ്ങിയത് രണ്ട് വ്യാഖ്യാനങ്ങള്‍ സാധ്യമാണ്.

1. ടി പി കേസ് ഇടയ്ക്കു വെച്ച്ഒത്തുതീര്‍പ്പാക്കുകയാണ് ഉണ്ടായത് അല്ലെങ്കില്‍ ഇടതു നിരയിലെ പല പ്രമുഖരെയും പ്രതികളാക്കുകയോ ജയിലിലടക്കുകയോ ചെയ്യാമായിരുന്നു.

സോളാര്‍ സമരം അവസാനിച്ച സമയത്ത് തന്നെ ടി.പി കേസിനു പകരമായി സോളാറില്‍ ഇടതുപക്ഷം സമരം നിര്‍ത്തിയതാണ് എന്ന വാദം അന്നേ ഉണ്ടായിരുന്നു. എന്നാല്‍ സോളാര്‍ സമരം വിജയമായി എല്‍ഡിഎഫ് കണക്കാക്കുന്നു. മുഖ്യമന്ത്രി രാജി വെക്കുക എന്ന മുദ്രാവാക്യം പ്രാവര്‍ത്തിക മാകാത്തതിനാല്‍ സമരം പരാജയപ്പെട്ടു എന്ന നിലപാട് യുഡിഎഫും സ്വീകരിച്ചു. അന്ന് ഈ സമരപരാജയവാദ ചേരിയിലാണ് ബല്‍റാം നിലയുറപ്പിച്ചത്. സോളാറിനു വേണ്ടി ടി.പി കേസ് ഒത്തുതീര്‍പ്പാക്കി എന്ന വാദത്തിന് ബലം പകരുന്നതാണ് ഒന്നാമത്തെ വ്യാഖ്യാന സാധ്യത.

2. സോളാര്‍ കേസില്‍ പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസ്സിന്റെ ഒന്നാം നിര നേതാക്കളെ വേട്ടയാടുന്നത് പോലെ സിപിഎം സംസ്ഥാന നേതൃത്വത്തിലെ പ്രബലരായ കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, പി. ജയരാജന്‍ എന്നിവരെ പ്രതിയാക്കാനും അതുവഴി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനും ഒരു പക്ഷേ ഭരണത്തില്‍ വരുന്നതില്‍ നിന്നു തന്നെ തടയുകയും ചെയ്യാമായിരുന്നു. അത് ചെയ്യാത്തത് ഒത്തുതീര്‍പ്പായിരുന്നു. രാഷ്ട്രീയമായ ഇച്ഛാശക്തി ഇല്ലായ്മ ആയിരുന്നു. അതായത് ബല്‍റാം പോസ്റ്റില്‍ പറയും പ്രകാരം, പിണറായി നടത്തും പോലെ ഹീനമായ വേട്ടയാടലിന് കോണ്‍ഗ്രസ്സ് തയ്യാറാകണമായിരുന്നു എന്ന്. മറ്റൊരു കാര്യം ടി.പി കേസ് ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് എന്നും അത് പുറത്ത് വരാത്തത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് എന്ന അഭിപ്രായമാണ്. അതായത് ഒത്തുതീര്‍പ്പ് നടത്തി ഗൂഢാലോചനക്കാരെ രക്ഷപ്പെടാന്‍ അനുവദിച്ചു എന്ന്.

മനോരമ വളച്ചൊടിച്ചു; വിമര്‍ശനവുമായി ബല്‍റാം; മുന്‍ അഭിപ്രായത്തില്‍ മലക്കം മറിച്ചില്‍

ടി പി കേസ് കുറ്റവാളികളെ ബല്‍റാമിന്റെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചു കൊണ്ട് സത്യപ്രതിഞ്ജ ലംഘനം നടത്തി എന്നാണ് അദ്ദേഹം പറയുന്നത്. തോമസ് ചാണ്ടിക്കെതിരായ നിലപാടുകള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതും ഈ നീക്കുപോക്കിന്റെ ഭാഗമാണ് എന്നും ബല്‍റാം പറയുന്നു. ഇത്തരം വാദങ്ങങ്ങളെല്ലാം തന്നെ ബല്‍റാം, ജീവിതത്തിലും സോഷ്യല്‍ മിഡിയയിലും കലര്‍പ്പില്ലാതെ എതിര്‍ക്കുന്ന ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ട ഉറപ്പിക്കാന്‍ അവരെ സഹായിക്കുന്നതാകും എന്ന് അറിയാത്ത ആളല്ലല്ലോ അദ്ദേഹം. ബിജെപി നിരന്തരം പറയുന്ന യുഡിഎഫ്-എല്‍ഡിഎഫ്‌ ഒത്തുകളിയെന്ന അവരുടെ വാദം പ്രതിപക്ഷ സ്ഥാനത്ത് സ്വയം അവരോധിക്കാനുള്ള ശ്രമമാണ്. തങ്ങളുടെ വാദത്തിന് ശക്തി പകരാന്‍ ബല്‍റാമിന്റെ പോസ്റ്റ് തെളിവായി, ബല്‍റാം ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന ആര്‍എസ്എസ്‌ ഉപയോഗിക്കുമെന്ന് മനസിലാക്കാന്‍ കഴിയാത്ത ആളല്ലല്ലോ ബല്‍റാം. സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാര്‍ എന്ന പ്രയോഗം വാസ്തവ വിരുദ്ധമാണ് എന്നു മാത്രമല്ല ഇനി അത് സത്യമാണെങ്കില്‍ തന്നെയും അതിനെതിരെയൊന്നും ശബ്ദിക്കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്ന വാദവും പ്രതിപക്ഷം ഏറെ ദുര്‍ബലമാണ് യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണെന്ന വാസ്തവ വിരുദ്ധമായ ബിജെപി പ്രസ്താവനയെ സഹായിക്കുന്നുണ്ട്.

ഇങ്ങനെ പല വിധത്തില്‍ ബല്‍റാമിന്റെ ഈ പോസ്റ്റ് ഏറെ ദുര്‍ബലമാണ് അതിലുപരി വൈകാരികമാണ്. അഖിലേന്ത്യാ തലത്തില്‍ തന്നെ കോണ്‍ഗ്രസിനെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്നാമതായി ലക്ഷ്യമിടുന്നത് കേരളം ആര് ഭരിച്ചാലും മുഖ്യ പ്രതിപക്ഷമാവുക എന്നതാണ്. രാജ്യത്തെ മുഴുവന്‍ അവസ്ഥ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് ദുര്‍ബലമായപ്പോഴാണ് ബിജെപി ശക്തിപ്പെട്ടത് എന്ന് കാണാം. കോണ്‍ഗ്രസിന്റെ എത്രയെത്ര നേതാക്കളാണ് ബിജെപി യിലേക്ക് കൂട്ടത്തോടെ ചേക്കേറിയത്. അതേ ബിജെപിയുടെ ഒത്തുതീര്‍പ്പ് വാദത്തെ ബല്‍റാം ബലപ്പെടുത്തുന്നു. കോണ്‍ഗ്രസ് ശക്തമായി നിലനില്‍ക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നേരിടുന്ന ഏറ്റവും കഠിനമായ അഗ്‌നിപരീക്ഷ തന്നെയാണ് സോളാര്‍ കേസ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി കേസിനെ രാഷ്ട്രീയ പ്രേരിതമെന്ന പ്രതിരോധം കെട്ടിഎതിര്‍ക്കുമ്പോള്‍ ബല്‍റാമിന്റെ ഒഴിഞ്ഞു നില്‍ക്കല്‍ പ്രതിരോധത്തിലെ വിള്ളല്‍ തന്നെയാണ്.

സ്വന്തം പാളയത്തിലെ ആര്‍ക്കും അംഗീകരിക്കാനാവാത്ത ഒറ്റയാന്‍ നീക്കം. അതുകൊണ്ടു തന്നെ നിര്‍ണ്ണായക കളിയിലെ സെല്‍ഫ് ഗോളായി ബല്‍റാമിന്റെ പോസ്റ്റ് മാറുന്നു. അബദ്ധത്തില്‍ പിണഞ്ഞതല്ല, പെനാല്‍റ്റി പോയിന്റില്‍ നിന്ന് ബോള്‍ തട്ടിയകറ്റാതെ ബോള്‍ ചവിട്ടി നിര്‍ത്തി ക്യാപ്റ്റനെയും സ്വന്തം ടീമിലെ കളിക്കാരെയും സ്തബ്ദരാക്കി ബല്‍റാം സ്വന്തം പോസ്റ്റിലേക്ക് കളിച്ചു തളര്‍ന്ന ടീമിനെ ആകെ ഉലച്ചു കൊണ്ട് ഗോളടിച്ചിരിക്കുന്നു. മരണസമാനമായ പരാജയത്തിന് കാരണമായേക്കാവുന്ന ഗോള്‍. ഇത് എഴുതിക്കഴിയുമ്പോള്‍ ടിവി യില്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ബല്‍റാം നിലപാട് തിരുത്തിയിരിക്കുന്നു. ഇനി വീണിടത്തു കിടന്ന് പരിക്കഭിനയിച്ച് സ്വന്തം ടീമിന്റെ സഹതാപമെങ്കിലും സ്വന്തമാക്കാന്‍ വിഫലശ്രമം നടത്താം എന്നു മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്റ്റാലിന്‍ കുന്നത്ത്

സ്റ്റാലിന്‍ കുന്നത്ത്

കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മലയാളം എംഫില്‍ വിദ്യാര്‍ത്ഥിയാണ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍