UPDATES

എന്‍ കെ ഭൂപേഷ്

കാഴ്ചപ്പാട്

വരട്ടുവാദം

എന്‍ കെ ഭൂപേഷ്

ട്രെന്‍ഡിങ്ങ്

ഇഎംഎസ് സര്‍ക്കാരിനെ നെഹ്‌റു പിരിച്ചു വിട്ടിട്ട് 60 വര്‍ഷം; വിമോചന സമരത്തില്‍നിന്ന് നാമജപത്തിലെത്തുമ്പോള്‍ കേരളവും ഇടതുപക്ഷവും

വിമോചന സമരത്തില്‍ നിന്ന് നാമജപ കലാപത്തിലെത്തുമ്പോള്‍ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെ ചരിത്രത്തിലെ തുടര്‍ച്ചയാണ് കാണാന്‍ കഴിയുന്നത്.

ആറ് പതിറ്റാണ്ട് മുമ്പ് ഈ ദിവസമായിരുന്നു ഇന്ത്യന്‍ ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും പരിമിതികള്‍ ജവഹര്‍ലാല്‍ നെഹ്‌റു പരസ്യപ്പെടുത്തിയത്. അന്ന് കേരളം ഭരിച്ചിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ, ജാതി മത ശക്തികളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ കലാപത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു പിരിച്ചുവിട്ടു. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ സമ്മര്‍ദ്ദത്തിനും രാഷ്ട്രീയ കുടിലതകള്‍ക്കും നെഹ്‌റു കീഴടങ്ങുകയായിരുന്നു എന്ന് പിന്നീട് വ്യാഖ്യാനങ്ങള്‍ ഉണ്ടായി. കേരളത്തിലെ ജാതി മത ഫ്യൂഡല്‍ ശക്തികളുടെ താത്പര്യങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്നത് വിരുദ്ധമാകുമെന്ന് കണ്ടു തന്നെയാണ് നെഹ്‌റുവിന്റെ കേന്ദ്ര മന്ത്രിസഭ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ടത്. ഇന്ത്യന്‍ ദേശീയ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ താല്‍പര്യങ്ങള്‍ക്കൂകൂടി അനുസരിച്ചായിരുന്നു വിമേചന സമരത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പിന്നീട് പുറത്തുവരികയും ചെയ്തു. അക്കാലത്തെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ മോയിന്‍ ഹാന്‍ തന്നെ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരായ കലാപത്തിന് സിഐഎ ധനസഹായം നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തി.

വിമോചന സമരം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും പ്രതിലോമകരമായ സ്വാധീനമായി മാറിയെന്നതിന് പിന്നീടുള്ള കേരളത്തിന്റെ രാഷട്രീയ ചരിത്രം തന്നെ തെളിവാകുകയും ചെയ്തു.

വിമോചന സമരത്തിന്റെ ശക്തികളെ തന്നെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരില്‍ ഇടതുപക്ഷം ചേര്‍ത്തുനിര്‍ത്തുന്നതാണ് പിന്നീട് കേരളം കണ്ടത്. ജാതി, മതശക്തികളെ നേരേ നിന്ന് രാഷ്ട്രീയമായി ചെറുക്കാനുള്ള ശേഷി 1959-ല്‍ പിരിച്ചുവിടപ്പെട്ടതോടെ ഇടതുപക്ഷത്തിന് കുറഞ്ഞുവന്നു. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളും ഇടതുപക്ഷത്തിന്റെ സഖ്യകക്ഷികളായി. മത യാഥാസ്ഥിതിക ശക്തികള്‍ക്ക് നേരെ നിന്ന് എതിരിടാനുള്ള ശേഷി, കക്ഷി രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഇടതുപക്ഷം ബോധപൂര്‍വം തന്നെ കൈയൊഴിഞ്ഞു. കേരളത്തിലെ വലതുപക്ഷം അതിന്റെ  അതേ പ്രതിലോമതയുമായി മുന്നോട്ടുപോയപ്പോള്‍, വിമോചന സമരം ജാതി, മത യാഥാസ്ഥിതികതയെ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ ശേഷിയെ വല്ലാതെ തളര്‍ത്തി. പിന്നീട് പ്രത്യക്ഷത്തിലുണ്ടാക്കിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഇതിന്റെ ഉദാഹരണങ്ങളായി.

Also Read: ഇഎംഎസ് മന്ത്രിസഭയുടെ പുറത്താക്കല്‍; തെളിവുകളുമായി സിഐഎ രേഖകള്‍

മതശക്തികളെ തന്ത്രപരമായി ഉപയോഗിക്കലാണ് ഇടതുരാഷ്ട്രീയത്തിന്റെ പ്രധാന ദൗത്യമെന്ന നിലയില്‍ വ്യാഖ്യാനങ്ങളുണ്ടായി. കേരളത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തിന് വലിയൊരളവില്‍ മുന്നണിഭേദമന്യേ കക്ഷികളെ സ്വാധീനിക്കാന്‍ കഴിഞ്ഞു. വന്‍കിട മാധ്യമങ്ങളും ജാതി, മത ശക്തികളും രാഷ്ട്രീയ നേതൃത്വവും പിന്നീടുള്ള കേരളത്തിന്റെ ജനാധിപത്യപരമായ മുന്നേറ്റത്തെ തടഞ്ഞു. അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളില്‍ കുടുങ്ങി വിമോചന സമരാനന്തര കാലത്തെ ഇടതുപക്ഷവും നിര്‍വീര്യമാക്കപ്പെട്ടു.

ഇതില്‍നിന്ന് കുതറിമാറാന്‍ ഇടതുപക്ഷം നടത്തിയ ശ്രമമായിരുന്നു ശബരിമലയിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായത്. കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടതുപക്ഷം ജാതി, മത ശക്തികള്‍ക്കെതിരെ നേരെ നിന്ന് പോരാടാന്‍ ശ്രമിച്ചു. വിമോചന സമരകാലത്തെ പോലെ എല്ലാ പ്രതിലോമശക്തികളും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ ഒന്നിച്ചു. അന്നത്തെ പോലെ ഇന്നും എന്‍എസ്എസ് ഈ പ്രതിലോമ ലഹളയ്ക്ക് നേതൃപരമായ പങ്ക് വഹിച്ചു. സ്ത്രീകളെ അവരുടെ അവകാശങ്ങള്‍ക്കെതിരെ തന്നെ രംഗത്തിറക്കി.

സ്ത്രീ സ്വതന്ത്ര്യത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതിനെതിരെ നടന്ന കലാപത്തിന് വിമോചന സമരകാലത്തെ പോലെ വന്‍കിട മാധ്യമങ്ങളും കൂട്ടുനിന്നു. വിധി നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയ്‌ക്കെതിരെ കലാപശ്രമങ്ങുണ്ടായി. ഈ പ്രചാരണത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാടുകാരണം കേരളത്തില്‍ സമീപ ദശാബ്ദങ്ങളിലൊന്നും കാണത്ത രീതിയില്‍ ഇടതുപക്ഷത്തിന് വേണ്ടി അരികുവത്ക്കരിക്കപ്പെട്ട സമുദായ നേതാക്കളുടെ ശബ്ദമുയര്‍ന്നു.

Also Read: ‘അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല’; വിമോചന സമരത്തിന് ആറ് പതിറ്റാണ്ട്, അങ്കമാലി വെടിവെപ്പിനും

എന്നാല്‍ ഇടതുപക്ഷത്തെ മറ്റ് പല നേതാക്കളും പ്രായോഗിക രാഷ്ട്രീയ പരിഗണനയില്‍ ചില സന്ദേഹങ്ങളുയര്‍ത്തി. അപ്പോഴും രണ്ട് വോട്ടിന് വേണ്ടി മാറ്റുന്നതല്ല ഇടതുപക്ഷത്തിന്റെ നിലപാടുകളെന്ന് പിണറായി വിജയന്‍ നിലപാടെടുത്തു. ഇത് കേരള രാഷ്ട്രീയത്തില്‍ റദ്ദായി പോയ ചില സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് വീണ്ടും ജീവന്‍വെപ്പിക്കുമെന്ന തോന്നലുണ്ടാക്കി. നവോത്ഥാനത്തിന്റെ തുടര്‍ച്ചകളെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് പിണറായി വിജയന്റെ നിലപാടുകള്‍ തുടക്കം കുറിച്ചു. ശബരിമലക്കാര്യത്തില്‍ സിപിഎം നേതാക്കള്‍ തന്നെ വ്യത്യസ്തമായി സംസാരിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടുകള്‍ യാഥാസ്ഥിതികത്വത്തിനെതിരെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

എന്നാല്‍ വിമോചന സമരത്തെ നേരിടുമ്പോഴുണ്ടായ ഉള്‍ക്കരുത്ത് ഇടതുപക്ഷത്തിന് ശബരിമലയുടെ കാര്യത്തിലുണ്ടായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് അടുത്തതോടെ തെളിഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പറയുന്നത് ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ ഇടതുപക്ഷം ആ വിഷയം മാറ്റിവെച്ചു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ശബരിമലയാണ് അതിന് കാരണമെന്ന വിലയിരുത്തലുകള്‍ വന്നു. ജനങ്ങളുടെ താത്പര്യങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി നിലപാടുകള്‍ തിരുത്തുമെന്ന് സെക്രട്ടറി തന്നെ പ്രഖ്യാപിച്ചു. സവര്‍ണസമുദായങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഉപരിപ്ലവ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി സെക്രട്ടറി തന്നെ തുടക്കം കുറിച്ചു. അത്തരം കാര്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമെന്ന് ഉറപ്പാക്കപ്പെട്ടു.

Also Read: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പാക്കണമെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടു, സൈന്യത്തെ അയയ്ക്കാമെന്നും പറഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്‍

വിമോചന സമരത്തില്‍ നിന്ന് നാമജപ കലാപത്തിലെത്തുമ്പോള്‍ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെ ചരിത്രത്തിലെ തുടര്‍ച്ചയാണ് കാണാന്‍ കഴിയുന്നത്. വിമോചന സമരത്തെ രാഷ്ട്രീയമായി നേരിടാന്‍ ഇടതുപക്ഷം ശ്രമിച്ചുവെന്ന തോന്നലുണ്ടാക്കിയെങ്കിലും പിന്നീട് യഥാര്‍ത്ഥത്തില്‍ ജാതി, മത ശക്തികളെ വെറുപ്പിക്കാതെ സഹകരിപ്പിച്ചുനിര്‍ത്തുന്ന വ്യവസ്ഥിതിയുടെ പ്രായോഗികതയിലേക്ക് അവര്‍ പരിമിതപ്പെട്ടു. നാമജപ കലാപത്തിനെതിരായ ഇടതുപക്ഷത്തിന്റെ ചെറുത്തുനില്‍പ്പിന് പക്ഷെ രണ്ട് മൂന്ന് മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുളളൂ. പിന്നീട് തെരഞ്ഞെടുപ്പിന്റെ പ്രായോഗികതയില്‍ സ്ത്രീ സമത്വത്തെക്കുറിച്ചും ആരാധാന സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള വാദങ്ങള്‍ അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ശബരിമലയെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് സംഭവിച്ച രണ്ട് കാര്യങ്ങള്‍, വിമോചന സമരവും നാമജപ കലാപവും ഇടതുപക്ഷത്തില്‍ അവശേഷിപ്പിച്ചത് ഒരേ കാര്യമാണ്. ആരേയാണോ എതിരിടുന്നത് അവരുമായി രഞ്ജിപ്പിലെത്താനുളള രാഷ്ട്രീയത്തിന്റെ പ്രായോഗികത. ആ അര്‍ത്ഥത്തിലാണ് കേരളത്തിലെ പ്രതിലോമ സമരങ്ങള്‍ വിജയിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Azhimukham Special: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍