UPDATES

വിശകലനം

ആരാണ് വോട്ടര്‍മാരെ വെട്ടിനിരത്തിയത്? തിരഞ്ഞെടുപ്പ് ഫലം അടുക്കുന്തോറും കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്

തിരെഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കേരളത്തിൽ കള്ളവോട്ട് സംബന്ധിച്ച പരാതികളും ആശങ്കകളും അവസാനിക്കുന്നില്ല

കെ എ ആന്റണി

കെ എ ആന്റണി

തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കേരളത്തിൽ കള്ളവോട്ട് സംബന്ധിച്ച പരാതികളും ആശങ്കകളും അവസാനിക്കുന്നില്ല. കള്ളവോട്ടുമായി ബന്ധപ്പെട്ട് കണ്ണൂരിൽ മാത്രം ഇതുവരെ പത്തു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ഒൻപതുപേർ മുസ്ലിം ലീഗ് പ്രവർത്തകർ ആണെന്നത് കള്ളവോട്ട് പരാതിയുമായി ആദ്യം രംഗത്തുവന്ന യു ഡി എഫ് നേതൃത്വത്തിന് ഉണ്ടാക്കിയിട്ടുള്ള തലവേദന ചെറുതൊന്നുമല്ല. പരാതി പറഞ്ഞു കുടുങ്ങിയ അവസ്ഥയിലാണ് നേതൃത്വം ഇപ്പോൾ. കാസർകോട് ലോകസഭ മണ്ഡലത്തിലെ കള്ളവോട്ടുകൾ സംബന്ധിച്ച പരാതിയിലും സി പി എം പ്രവർത്തകർക്കൊപ്പം മുസ്ലിം ലീഗ് പ്രവർത്തകരും കുടുങ്ങിയതിന്റെ ക്ഷീണം മാറുന്നതിനു മുൻപാണ് കണ്ണൂർ പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്തതിനു ഒൻപതു മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കൂടി കേസെടുത്തിരിക്കുന്നത്. കള്ളവോട്ട് സംബന്ധിച്ച കേസുകളിൽ തങ്ങളുടെ പ്രവർത്തകരെക്കാൾ കൂടുതൽ മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതി ചേർക്കപ്പെട്ടിരിക്കുന്നതെന്നത് സിപിഎമ്മിന് ആശ്വാസം പകരുമ്പോഴും പോലീസുകാരുടെ പോസ്റ്റൽ വോട്ട് തിരിമറി സംബന്ധിച്ച വിവാദം ആ പാർട്ടിയെയും ഇടതുമുന്നണിയെയും അസ്വസ്ഥമാക്കുന്നുമുണ്ട്.

ഇതിനിടിയിലാണ് ആദ്യം കള്ളവോട്ട് പരാതി ഉയർന്ന കാസർകോട് ലോകസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ തിരെഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും കൊല്ലം സ്വദേശിയായ ഒരു കോൺഗ്രസ് പ്രവർത്തകൻ എട്ടു ലക്ഷം രൂപ മുക്കിയെന്ന പരാതിയുമായി രംഗത്തുവന്നത്. ഉണ്ണിത്താന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കൊല്ലം ഡി സി സി നടപടി സ്വീകരിച്ചതായി വാർത്തയുണ്ടായിരുന്നുവെങ്കിലും ഉണ്ണിത്താന്റെ പരാതിയെക്കുറിച്ചു തനിക്കു അറിവില്ലെന്നാണ് കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. മുല്ലപ്പള്ളി വടകരയിൽ മത്സരിച്ച വേളയിൽ എ ഐ സി സി യിൽ നിന്നും മുല്ലപ്പള്ളിക്കായി അയച്ച ഫണ്ടിൽ നിന്നും അമ്പതു ലക്ഷം രൂപ അദ്ദേഹത്തിന്റെ തന്നെ ഒരു സഹായി അടിച്ചുമാറ്റിയതായി പത്രങ്ങളിൽ വാർത്ത വന്നപ്പോഴും മുല്ലപ്പള്ളി അക്കാര്യം നിഷേധിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിനൊപ്പം തന്നെ കാസർകോട് ഡി സി സിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് അടുത്തിടെ കൊലചെയ്യപ്പെട്ട പെരിയയിലെ കൃപേഷിന്റേയും ശരത്‌ലാലിന്റെയും കുടുംങ്ങളെ സഹായിക്കുന്നതിനുവേണ്ടി പിരിച്ച രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം. വിവാദത്തെ തുടർന്ന് ഫണ്ട് ഉടനെ കൈമാറുമെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും എത്ര പിരിച്ചെന്നോ എപ്പോൾ കൈമാറുമെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല. കൃപേഷിന്റേയും ശരത്തിന്റെയും രക്തസാക്ഷിത്വം ഉയര്ത്തിപ്പിടിച്ചാണ് കോൺഗ്രസ്സും യു ഡി എഫും ഇക്കുറി കേരളത്തിൽ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതെന്നതിനാൽ ഫണ്ടിന്റെ കാര്യത്തിൽ ഉടനെത്തന്നെ ഒരു തീരുമാനം ഉണ്ടാക്കാതെ തരമില്ല എന്ന അവസ്ഥയാണുള്ളത്.

അതിനിടെ കള്ളവോട്ട് ആരോപണത്തിന് പിന്നാലെ വോട്ടർപട്ടികയിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി ഉമ്മൻ ചാണ്ടിയും കൊല്ലത്തെ യു ഡി എഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനും മറ്റും രംഗത്തുവന്നത് തിരെഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് യു ഡി എഫിൽ വലിയ ആശങ്ക നിലനിൽക്കുന്നു എന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വോട്ടർ പട്ടികയിൽ നിന്നും ചുരുങ്ങിയത് 10 ലക്ഷം യു ഡി എഫ് വോട്ടർമാരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആരോപണം. തന്റെ നിയോജക മണ്ഡലമായ കൊല്ലത്തു മാത്രം ഒന്നര ലക്ഷത്തോളം വോട്ടർമാരെ വെട്ടിനിരത്തിയെന്ന് എൻ കെ പ്രേമചന്ദ്രനും ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കേരളത്തിലെ ഇരുപതിൽ ഇരുപതു സീറ്റും യു ഡി എഫ് നേടുമെന്ന് അവകാശപ്പെട്ടിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കളുടെ ഇപ്പോഴത്തെ മൗനവും കേരളത്തിലെ തിരെഞ്ഞെടുപ്പ് സംബന്ധിച്ച് നേരത്തെ പുറത്തുവന്ന തങ്ങൾക്കു വലിയ മുൻ‌തൂക്കം നൽകുന്ന സർവ്വേ ഫലങ്ങളെ യു ഡി എഫ് നേതൃത്വം അവിശ്വസിച്ചു തുടങ്ങിയതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

Read More: കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍