UPDATES

ട്രെന്‍ഡിങ്ങ്

രാജ്യസഭയിലെ എ.കെ ആന്റണിയെക്കൊണ്ട് ആർക്ക് എന്താണ് പ്രയോജനം?

എന്താണ് ആന്റണിയുടെ മൌനത്തിനു കാരണം?

കെ.എ ഷാജി

കെ.എ ഷാജി

സമുന്നത കോൺഗ്രസ് നേതാവും മുൻ കേരളാ മുഖ്യമന്ത്രിയും സോണിയാ ഗാന്ധിയുടെ മുഖ്യഉപദേശകരിൽ ഒരാളുമായ അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ കെ ആന്റണി കഴിഞ്ഞ കുറേകാലങ്ങളായി സംസ്ഥാനത്തിന്റെ പ്രതിനിധിയായി രാജ്യസഭയിൽ അംഗമാണ്. മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയപ്പോഴെല്ലാം കേരളത്തിൽ വന്ന് സുരക്ഷിതമായ മണ്ഡലങ്ങളിൽ മത്സരിച്ചു ജയിച്ച്‌ നിയമസഭയിൽ എത്തിയിട്ടുള്ള ഇടവേളകൾ ഒഴിച്ചാൽ രാജ്യസഭയിലെ ഏതാണ്ട് ഒരു നിത്യസാന്നിധ്യമാണ് ആന്റണി. പാർലമെന്റ് അംഗങ്ങളുടെ പ്രവർത്തനം കൃത്യമായി രേഖപ്പെടുത്തുകയും മാർക്കിടുകയും ചെയ്യുന്ന പിആർഎസ് ലെജിസ്ളേറ്റീവ് റിസർച്ചിന്റെ കണക്കുകൾ എടുത്താൽ ഇത് അഞ്ചാമത്തെ തവണയാണ് ഇപ്പോൾ എഴുപത്തെട്ടു വയസുള്ള ആന്റണി രാജ്യസഭയിൽ കേരളത്തെയും കോൺഗ്രസിനെയും പ്രതിനിധീകരിക്കുന്നത്. നിലവിലെ ടേം ആരംഭിക്കുന്നത് 2016 ഏപ്രിൽ മൂന്നിന് ആയിരുന്നു.

ഇത്രയും ആമുഖമായി പറയേണ്ടി വന്നത് മുൻ രാജ്യസഭാംഗവും സിപിഎം നേതാവുമായ പി രാജീവ് ഫേസ്‌ബുക്ക് വഴി ഉയർത്തിയ ഒരു ചോദ്യം കാരണമാണ്. പ്രതിപക്ഷത്തിന്റെ രാജ്യസഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ ആന്റണി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വാ തുറക്കാൻ ഒരു തവണയെങ്കിലും എഴുന്നേറ്റിട്ടുണ്ടോ എന്നതായിരുന്നു ഏറെ പ്രസക്തവും വലിയ മാനങ്ങളുള്ളതുമായ ആ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോഴാണ് തന്നെ ഉപരിസഭയിലയച്ച സ്വന്തം ജനതയോടും തൻ്റെ തന്നെ പാർട്ടിയോടും ഉള്ള ഉത്തരവാദിത്തം കഴിഞ്ഞ കുറെ കാലങ്ങളായി അദ്ദേഹം ഒട്ടും തന്നെ നിർവഹിക്കുന്നില്ല എന്ന് കാണുന്നത്. ഇടയ്ക്കൊന്ന് പത്രസമ്മേളനം വിളിച്ച് പഴയ എസ്എഫ്ഐ വിരോധം ആവർത്തിച്ചതൊഴിച്ചാൽ അദ്ദേഹം ദീർഘമൗനത്തിലാണ്. രാജ്യത്തെ ഭയാനകമായ സാഹചര്യം അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നില്ല.

രാജ്യസഭാ രേഖകൾ അനുസരിച്ച് ഏറ്റവും ഒടുവിൽ ആന്റണി അവിടെ സംസാരിച്ചത് 2017 ഏപ്രിൽ 11-ന് ആയിരുന്നു. കുൽഭൂഷൺ യാദവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏതാനും നിമിഷങ്ങൾ. അതിന് ശേഷം ഇന്നുവരെ മിണ്ടിയിട്ടില്ല. ബിജെപിയെക്കുറിച്ചെന്നല്ല, ഒന്നിനെക്കുറിച്ചും. മൂന്നു വര്‍ഷം പിന്നിട്ട നിലവിലെ കാലാവധിയില്‍ അതിനു മുൻപ് അദ്ദേഹം സംസാരിച്ചിട്ടുള്ളത് വെറും പത്ത് തവണ മാത്രമാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള റേഷൻ മണ്ണെണ്ണയുടെ ലഭ്യതയിലെ കുറവ്, കേരളത്തിനുള്ള റേഷൻ വിതരണത്തിൽ കേന്ദ്രം വരുത്തിയ ചില അപാകതകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കുന്ന വിഷയം, ഉയരുന്ന വിമാനക്കൂലി, ചില സ്പോർട്സ് താരങ്ങളുടെ ആത്മഹത്യാ ശ്രമങ്ങൾ, നിയമ മന്ത്രാലയവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ, റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ എന്നീ വിഷയങ്ങളിലെ ഏതാനും നിമിഷങ്ങൾ നീളുന്ന ഇടപെടലുകൾ ഒഴിച്ചാൽ ആന്റണി സംസാരിച്ച ഏക ദേശീയ മാനങ്ങളുള്ള വിഷയം അഗസ്ത-വെസ്റ്റ്ലാൻഡ് അഴിമതിയുമായി ബന്ധപ്പെട്ടാണ്. മുൻ പ്രതിരോധമന്ത്രി എന്ന നിലയിൽ ആ വിഷയത്തിൽ സംസാരിക്കാൻ അദ്ദേഹം കോൺഗ്രസ് നേതൃത്വത്താൽ നിർബന്ധിക്കപ്പെടുകയായിരുന്നു. കേരളത്തെയോ ഇന്ത്യയെയോ ലോകത്തെയോ പ്രപഞ്ചത്തെയോ സംബന്ധിച്ച ഒരു ചോദ്യവും അതിനുശേഷം നാളിതുവരെ അദ്ദേഹം രാജ്യസഭയിൽ ഉയർത്തിയിട്ടില്ല. ഇതൊന്നും മുതിർന്ന പാർട്ടി നേതാവ് എന്ന നിലയിലുള്ള മറ്റ് തിരക്കുകൾ കാരണം സഭയിൽ ഹാജരാകാതിരുന്നത് കൊണ്ടല്ല. അദ്ദേഹത്തിന് നിലവിൽ സഭയിൽ 81 ശതമാനം ഹാജർ ഉണ്ട്. ഉന്നത ബിരുദധാരിയും കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വത്തിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമുള്ള വ്യക്തിയുമാണ് അദ്ദേഹം. പാർട്ടിയിൽ നീണ്ട കാലങ്ങളായി രണ്ടാം സ്ഥാനക്കാരൻ. പി. രാജീവ് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നത് പോലെ ഒന്നെഴുന്നേറ്റ് നിന്നാൽ ഏത് വിഷയവും ഉന്നയിക്കാൻ സഭാധ്യക്ഷൻ അനുവദിക്കും വിധം സീനിയർ ആണ് ആന്റണി. രാജ്യസഭയിൽ ആകെ മൊത്തം വെറും പതിനൊന്ന് ചർച്ചകളിൽ ആൻറണി പങ്കെടുത്തപ്പോൾ ആ മേഖലയിലെ ദേശീയ ശരാശരി 79-ഉം സംസ്ഥാന ശരാശരി 75-മായിരുന്നു.

ഒരു ചോദ്യം പോലും ആൻറണി ഉയർത്താതിരുന്ന സമയത്ത് ചോദ്യങ്ങൾ ചോദിക്കുന്നതിലെ ദേശീയ ശരാശരി 512-ഉം സംസ്ഥാന ശരാശരി 690-ഉം ആയിരുന്നു. അതായത് സംസ്ഥാനത്തെ മറ്റൊരു പാർലമെന്റംഗവും ഇത്ര മോശമായ പ്രകടനം നടത്തിയിട്ടില്ല. ഒരു സ്വകാര്യ ബില്ലു പോലും ആന്റണി അവതരിപ്പിച്ചിട്ടില്ല.

ആൻറണിയുടെയൊപ്പം രാജ്യസഭയിലുള്ള താരതമ്യേന ജൂനിയറായ സിപിഎം നേതാവ് കെ.കെ രാഗേഷ് നിലവിൽ പങ്കെടുത്തത് 202 ചർച്ചകളിലാണ്. 470 ചോദ്യങ്ങൾ ചോദിച്ചു. അഞ്ച് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു.

ആന്റണിക്കൊപ്പം സഭയിലെത്തിയ സിപിഎം എംപി കെ. സോമപ്രസാദിന്റെ ഹാജര്‍ 87 ശതമാനവും പങ്കെടുത്തിട്ടുള്ള ചര്‍ച്ചകള്‍ 83-ഉം ഉന്നയിച്ച ചോദ്യങ്ങള്‍ 150-ഉം ആണ്.

സിപിഐയുടെ ബിനോയ് വിശ്വം കഴിഞ്ഞ കൊല്ലമാണ് രാജ്യസഭയിലെത്തിയതെങ്കിലും 91 ചോദ്യങ്ങൾ ചോദിച്ചു. 55 ചർച്ചകളിൽ പങ്കെടുത്തു. ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചു. ഹാജര്‍നില 91 ശതമാനം.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മാത്രം സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിഐടിയു അഖിലേന്ത്യാ നേതാവ് കൂടിയായ എളമരം കരീം 36 ചർച്ചകളിൽ പങ്കെടുക്കുകയും 62 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.

രാജ്യസഭയിലെത്തിയിട്ട് കഷ്ടി ഒരു വർഷമാകുന്ന ജോസ് കെ മാണി 7 6 ചോദ്യങ്ങൾ ചോദിക്കുകയും 16 ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു.

ലോക്സഭയിലെ പുതുമുഖമായ ആലപ്പുഴയിലെ എ.എം ആരിഫ് പോലും നിലവിൽ ഒരു ചോദ്യം ചോദിക്കുകയും 15 ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു.

ഇനി, ആന്റണിക്കെതിരെ വിമര്‍ശനമുന്നയിച്ച പി. രാജീവും 2009 മുതല്‍ 2015 വരെ രാജ്യസഭയില്‍ അംഗമായിരുന്നു. 84 ശതമാനമായിരുന്നു രാജീവിന്റെ ശരാശരി ഹാജര്‍ നില (ദേശീയ ശരാശരി ആ സമയത്ത് 79 ശതമാനം, സംസ്ഥാന ശരാശരി 75) പങ്കെടുത്ത ചര്‍ച്ചകള്‍ 219 (ദേശീയ ശരാശരി- 57.7 സംസ്ഥാന ശരാശരി 94.3 ). ഉന്നയിച്ച ചോദ്യങ്ങള്‍- 742 (ദേശീയ ശരാശരി- 345,  സംസ്ഥാന ശരാശരി 513), സ്വകാര്യ ബില്ലുകള്‍- 4 (ദേശീയ ശരാശരി – 3.1, സംസ്ഥാന ശരാശരി 1)

രണ്ട് കൊല്ലത്തിലധികമായി ആൻറണി സഭയിൽ എന്തെങ്കിലുമൊന്ന് മിണ്ടിയിട്ട് എന്നിടത്താണ് മൗനം വാചാലമാകുന്നത്. സ്വന്തം നേതാവായ രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ അഴിമതി ആരോപിച്ചപ്പോൾ പോലും അത് രാജ്യസഭയിൽ ആളിക്കത്തിക്കാൻ ആൻറണി തയ്യാറായില്ല. കേന്ദ്രം ഭരിക്കുന്നവരെ പിണക്കാതെയും നേരിട്ടുള്ള ഒരേറ്റുമുട്ടലിനും തയ്യാറാകാതെയുമാണ് ആൻറണിയുടെ പ്രതിപക്ഷ പ്രവർത്തനം. മത ന്യൂനപക്ഷങ്ങൾ, വിദ്യാർത്ഥികൾ, ബഹുജനങ്ങൾ, തൊഴിലാളികൾ എന്നിങ്ങനെ വിശാല സമൂഹത്തിലെ ആർക്ക് വേണ്ടിയും ആ നാവ് ഉയർന്നില്ല. രാജ്യം വർഗ്ഗീയ ഫാസിസത്തിന്റെ പിടിയിലാകുന്നതിൽ ഒരാശങ്കയുമില്ല.

എസ്എഫ്ഐക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനമല്ലാതെ മറ്റൊരു പൊതുവിഷയത്തിലും അദ്ദേഹം ഗുണമോ ദോഷമോ മിണ്ടിയിട്ടില്ല. ഇതേ ആന്റണിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സഖ്യങ്ങൾ രൂപീകരിക്കുന്നതിലെ പ്രധാന ചുമതലക്കാരനായിരുന്നത്. ഡൽഹിയിലും യുപിയിലുമെല്ലാം സഖ്യ സാധ്യതകൾ പരമാവധി അട്ടിമറിച്ചു. രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിച്ച് ഇടതുപക്ഷവുമായുള്ള വിനിമയങ്ങളിലും തകരാർ വരുത്തി. ഒപ്പം, രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്, അതും മതന്യൂനപക്ഷങ്ങളിലൂടെ തണലിലേക്ക് ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് വഴിയും ഒരുക്കിക്കൊടുത്തു. ഫലം, കുടുംബമണ്ഡലമായി ദശകങ്ങളായി കൊണ്ടുനടന്നിരുന്ന യുപിയിലെ അമേത്തി പോലും അതുകൊണ്ട് കോണ്‍ഗ്രസിന് പോയിക്കിട്ടി.

രാജ്യം കടുത്ത ഫാസിസ്റ്റ് ഭീഷണി നേരിടുമ്പോൾ ആൻറണിയെക്കൊണ്ട് എന്ത് പ്രയോജനം എന്നതാണ് കാതലായ ചോദ്യം. താരതമ്യേനെ ജൂനിയറും ആദ്യതവണ പാര്‍ലമെന്റ് അംഗവുമായ രമ്യാ ഹരിദാസിനെ വിചാരണ ചെയ്യുന്നവർ ആന്റണിയെപ്പോലെ ദശകങ്ങളായി ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വലിയ മീനുകളെ വിട്ടു കളയുന്നു.

ബിജെപി പിന്തുണയിൽ രാഷ്ട്രപതി സ്ഥാനം എന്നത് ആൻറണിയുടെ പഴയ സ്വപ്നമായിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നത് വരേയ്ക്കും ആ സ്വപ്നം നിലനിന്നിരുന്നു. ഇപ്പോൾ തത്തുല്യമായ മറ്റെന്തൊക്കെയോ അദ്ദേഹം സ്വപ്നം കാണുന്നില്ല എന്നാർക്കറിയാം. എന്നും മൃദുഹിന്ദുത്വ നിലപാടുകളുളള, ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴ്പ്പെട്ട് ജീവിക്കണമെന്ന് നിലപാടെടുത്ത ആളാണ് ആൻറണി. ചില മൗനങ്ങൾ വാചാലമാണ്, അവ സ്വയം സംസാരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read Azhimukham: മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍