UPDATES

വിശകലനം

പത്ത് ലക്ഷം യു ഡി എഫ് വോട്ട് വെട്ടിനിരത്തിയെന്ന ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്ന ഉമ്മന്‍ ചാണ്ടി ഈസോപ്പ് കഥയിലെ പുല്‍ച്ചാടി

ഉമ്മൻ ചാണ്ടിയാണ് കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്നും ചുരുങ്ങിയത് പത്തു ലക്ഷം യു ഡി എഫ് വോട്ടെങ്കിലും വെട്ടിനിരത്തിയെന്ന ആക്ഷേപവുമായി ആദ്യം രംഗത്തുവന്നത്

കെ എ ആന്റണി

കെ എ ആന്റണി

കരുതലുള്ള ഉറുമ്പും ഒട്ടും കരുതലില്ലാത്ത പുൽച്ചാടിയും കഥാപാത്രങ്ങളായെത്തുന്ന ഈസോപ്പ് കഥയാണ് ‘The Ant and the Grasshopper’. വറുതിയുടെ നാളുകൾ മുന്നിൽ കണ്ട് അപ്പോഴേക്ക് ആവശ്യമുള്ള ഭക്ഷണം ശേഖരിച്ചു വെക്കുന്ന ഉറുമ്പും മുഴുവൻ സമയവും തുള്ളിച്ചാടി നടന്ന ശേഷം വറുതിയുടെ നാളുകളിൽ ഖേദിക്കേണ്ടിവരുന്ന പുൽച്ചാടിയും. കേരളത്തിൽ പൊതു തിരെഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാത്രം വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ നടന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിട്ടുള്ള കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയും ആർ എസ് പി നേതാവും കൊല്ലം ലോക്സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ എൻ കെ പ്രേമചന്ദ്രനുമൊക്കെ ഈസോപ്പ് കഥയിലെ പുൽച്ചാടിയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നു പറഞ്ഞാൽ അത് അധിക പ്രസംഗമൊന്നും ആവില്ലെന്ന് കരുതുന്നു.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയാണ് കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്നും ചുരുങ്ങിയത് പത്തു ലക്ഷം യു ഡി എഫ് വോട്ടെങ്കിലും വെട്ടിനിരത്തിയെന്ന ആക്ഷേപവുമായി ആദ്യം രംഗത്തുവന്നത്. കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമാണ് വോട്ടർ പട്ടികയിൽ തിരിമറി നടത്തി തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം ഗൂഢാലോചന നടത്തിയത് എന്നാരോപിച്ച അദ്ദേഹം നിയമവിരുദ്ധമായി വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടതായി മലയാള മനോരമ അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

ഉമ്മൻ ചാണ്ടിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഈ മാസം 10 നു പ്രസിദ്ധീകരിച്ച മനോരമ വാർത്ത ഇങ്ങനെ തുടരുന്നു: ’77 താലൂക്കുകളിലെ തഹസിൽദാർമാർക്കാണ് പട്ടികയിൽ പേര് ചേർക്കുന്നതിന്റെയും നീക്കം ചെയ്യുന്നതിന്റെയും ചുമതല. ഈ 77 ൽ 74 പേരും ഇടതുമുന്നണിയുമായി ബന്ധപ്പെട്ടവരാണ്. ക്ലാർക്കുമാരും ഇടതു പ്രവർത്തകരാണ്. അവരെ ഉപയോഗിച്ചാണ് സി പി എം തിരിമറി നടത്തിയത്.’

തൊട്ടു പിന്നാലെ തന്നെ ആർ എസ് പി നേതാവും കൊല്ലം ലോക്സഭ മണ്ഡലത്തിലെ യു ഡി എഫ് നേതാവുമായ എൻ കെ പ്രേമചന്ദ്രൻ തന്റെ മണ്ഡലത്തിൽ മാത്രം ഏതാണ്ട് ഒന്നര ലക്ഷം വോട്ടർമാരെ വെട്ടിനിരത്തി എന്ന ആക്ഷേപവുമായി രംഗത്തുവന്നു. 2016 ൽ 12,95,042 വോട്ടർമാർ ഉണ്ടായിരുന്നുവെങ്കിൽ 2019 പാർലമെന്റ് തിരെഞ്ഞെടുപ്പിൽ അത് 12,59,400 ആയി കുറഞ്ഞുവെന്നാണ് പ്രേമചന്ദ്രന്റെ ആക്ഷേപം. 2014-2016 കാലയളവിൽ 80,058 വോട്ടിന്റെ വർധന ഉണ്ടായിരുന്നുവെന്നും 2016-19 കാലയളവിൽ കുറഞ്ഞത് 1,20,000 വോട്ടിന്റെ വർധന ഉണ്ടാവണമെന്നും എന്നാൽ 35,642 വോട്ടിന്റെ കുറവ് ഉണ്ടായെന്നും ഫലത്തിൽ തന്റെ മണ്ഡലത്തിൽ മാത്രം ഒന്നര ലക്ഷത്തോളം വോട്ടുകൾ തുടച്ചുമാറ്റപ്പെട്ടുവെന്നും പ്രേമചന്ദ്രൻ ആരോപിച്ചതായും ഇത് സംബന്ധിച്ച പത്രികയും അദ്ദേഹം പുറത്തുവിട്ടതായും ഇതേ പത്രം തന്നെ റിപ്പോർട്ട് ചെയ്തു.

ഉമ്മൻചാണ്ടിയുടെ ആരോപണം തള്ളിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ദേഹത്തെപ്പോലെ പരിചയ സമ്പന്നനായ ഒരാൾ ഒരിക്കലും ഇത്തരത്തിൽ ഒരു ആക്ഷേപം ഉന്നയിക്കാൻ പാടില്ലായിരുന്നുവെന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ഉമ്മൻ ചാണ്ടിയെ വെല്ലുവിളിച്ചതായും റിപ്പോര്‍ട്ട് ചെയ്ത മനോരമ ഉമ്മൻ ചാണ്ടി ഉന്നയിച്ച ആക്ഷേപം പരാതിയായി ലഭിച്ചാൽ പരിശോധിക്കാമെന്ന് മുഖ്യ തിരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണ പറഞ്ഞതായും റിപ്പോർട്ട് ചെയ്തിരുന്നു.

ഉമ്മൻ ചാണ്ടിയുടെയും പ്രേമചന്ദ്രന്റെയും ആക്ഷേപം എത്രകണ്ട് ശരിയെന്നു കണ്ടെത്താൻ ഒരു അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ എന്ന കാര്യത്തിൽ തർക്കമില്ല. ഇരുവരും ഉന്നയിക്കുന്ന വാദം ജനസംഖ്യയുടെ വളർച്ചക്ക് അനുസരിച്ചു വോട്ടർമാരുടെ എണ്ണത്തിലും വർധനയുണ്ടാകും എന്ന സാമാന്യ യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. കുറ്റമറ്റ ഒരു വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ സ്വാഭാവികമായും ഡബിൾ എൻട്രികൾ ഒഴിവാക്കപ്പെടും എന്നതിനാൽ പഴയ വോട്ടർ പട്ടികയിൽ നിന്നും പുതിയതിൽ എണ്ണപ്പെരുപ്പം ഉണ്ടാകണമെന്ന് ശഠിക്കുന്നത് അത്രകണ്ട് ശരിയെന്നു തോന്നുന്നില്ല. എങ്കിലും ഇക്കാര്യത്തിൽ ആക്ഷേപം ഉന്നയിച്ചവർ എന്ത് തുടർനടപടി സ്വീകരിച്ചുവെന്നും ആക്ഷേപം എത്രകണ്ട് സാധൂകരിക്കത്തക്കതാണെന്നും അറിയാനായി ടിക്കാറാം മീണയെ ബന്ധപ്പെട്ടപ്പോൾ മനസ്സിലായത് മറ്റൊന്നാണ്. ഏതാണ്ട് ഒരു വർഷത്തിലേറെ നീണ്ടു നിന്ന ഒരു പ്രക്രിയയിലൂടെയാണ് വോട്ടർപട്ടിക പുതുക്കിയത്. ഡബിൾ എൻട്രികളും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ ഒഴിവാക്കി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക രജിസ്‌ട്രേഡ് ആയിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തിരെഞ്ഞെടുപ്പ് കമ്മീഷൻ പരിശോധനക്കായി നൽകിയിരുന്നു. ഇത് കൂടാതെ തിരഞ്ഞെടുപ്പിന് ഏറെ മുൻപ് തന്നെ പുതുക്കിയ വോട്ടർപട്ടിക കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമായിരുന്നു. അപ്പോഴൊന്നും ഉന്നയിക്കാത്ത പരാതിയുമായി തിരെഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടാഴ്ചയിലേറെ പിന്നിട്ട വേളയിൽ ആക്ഷേപം ഉന്നയിക്കുന്നവരെ അപ്പോൾ പിന്നെ ഈസോപ്പ് കഥയിലെ പുൽച്ചാടിയോടല്ലാതെ പിന്നെ എന്തിനോട് ഉപമിക്കാനാവും?

ഉമ്മൻ ചാണ്ടിയുടെയും മറ്റും ആശ്വാസത്തിനായി ഇത്രയും കൂടി ഇവിടെ കുറയ്ക്കണമെന്ന് കരുതുന്നു. ഈസോപ്പ് കഥക്ക് പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ സോമർസെറ്റ് മോം ദി ആൻറ് ആൻഡ് ദി ഗ്രാസ് ഹോപ്പർ എന്ന പേരിൽ മറ്റൊരു കഥ എഴുതിയിട്ടുണ്ട്. രണ്ടു സഹോദരന്മാരുടെ കഥയാണത്. ഉറുമ്പിനെപ്പോലെ കഠിനമായി ജോലി ചെയ്‌തു കിട്ടുന്നതൊക്കെ സമ്പാദിച്ചു വെക്കുന്ന മൂത്ത സഹോദരനും എല്ലാം ധൂർത്തടിച്ചു ജീവിക്കുന്ന അനുജനും. പൊട്ടി പാളീസായ അനുജൻ ജ്യേഷ്ടന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ഒരു നാൾ കോടീശ്വരിയായ ഒരു വൃദ്ധയെ വിവാഹം ചെയ്യുകയും അധികം വൈകാതെ തന്നെ അവർ മരിക്കുകയും അതോടെ അയാൾ വലിയ സമ്പന്നൻ ആവുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.

Read More: തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍