UPDATES

ട്രെന്‍ഡിങ്ങ്

എസ്ഡിപിഐക്കും മഴക്കെടുതി ആകുലത! മനുഷ്യരെ അരിഞ്ഞു തള്ളുമ്പോള്‍ ഈ ആകുലത ഇല്ലായിരുന്നോ?

കലാപങ്ങൾ സൃഷ്ടിക്കുകയും മനുഷ്യരെ അരിഞ്ഞു തള്ളുകയും ചെയ്യുന്ന ഇക്കൂട്ടർ പതിവുപോലെ അഭിമന്യുവിന്റെ വധത്തിനു ശേഷവും ഇരവാദവുമായി രംഗത്ത് വന്നു കഴിഞ്ഞിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

ഇന്നലത്തെ ഹർത്താൽ പ്രഖ്യാപനവും അതിനു തൊട്ടു പിന്നാലെ കോഴിക്കോട് പേരാമ്പ്രയിൽ ഒരു എസ്എഫ്ഐ നേതാവിനെ വെട്ടിവീഴ്ത്തിയ സംഭവവുമൊക്കെ കാണിക്കുന്നത് ഭീതി വിതച്ചു നേട്ടം കൊയ്യുക എന്ന അജണ്ടയോടുകൂടിയാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും അവരുടെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടുമൊക്കെ പ്രവർത്തിക്കുന്നത് എന്നു തന്നെയാണ്. എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയുടെ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലത്തെ ഹർത്താൽ ആഹ്വാനം. നേതാക്കളെ വിട്ടയച്ചതിനു പിന്നാലെ ഹർത്താൽ പിൻവലിക്കുകയായിരുന്നു.

എന്നാൽ എസ്ഡിപിഐ അവകാശപ്പെടുന്നതുപോലെ കസ്റ്റഡിയിൽ എടുത്ത നേതാക്കളെ വിട്ടയച്ചതും മഴക്കെടുതി സംബന്ധിച്ച ‘ആകുലത’യും  മാത്രമായിരുന്നില്ല പൊടുന്നനെ ഹർത്താൽ പിന്‍വലിക്കാനുണ്ടായ കാരണം. ഹർത്താൽ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ എസ്ഡിപിഐ ശക്തിശക്തികേന്ദ്രങ്ങളിൽ ഇന്നലെ വ്യാപകമായുണ്ടായ അറസ്റ്റുകളും ഹർത്താൽ തീരുമാനത്തിൽ നിന്നും പിന്തിരിയാൻ കാരണമായി എന്നു തന്നെ വേണം കരുതാൻ. തങ്ങൾക്കു സ്വാധീനമുള്ള മേഖലകളിൽ വ്യാപകമായ അക്രമം അഴിച്ചുവിട്ട് അഭിമന്യു വധം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുക എന്ന ഗൂഢലക്‌ഷ്യം തന്നെയായിരുന്നു ഇന്നലത്തെ ഹർത്താൽ പ്രഖ്യാപനത്തിനു പിന്നിൽ. എന്നാൽ കൂടുതൽ പ്രവർത്തകർ അറസ്റ്റിലായതോടെ ഹർത്താൽ വിജയിപ്പിക്കുക അത്ര എളുപ്പമല്ലെന്നും അഭിമന്യുവിന്റെ വധത്തോടെ തങ്ങൾക്കെതിരെ ശക്തമായിട്ടുള്ള പൊതുവികാരം കൂടുതൽ ശക്തമാകും എന്ന തിരിച്ചറിവുമാണ് ഹർത്താലിൽ നിന്നും പിന്തിരിയാൻ എസ്ഡിപിഐ നേതൃത്വത്തെ പ്രേരിപ്പിച്ചത് എന്ന കാര്യത്തിൽ തർക്കം വേണ്ട.

കാശിനാഥന്‍; അഭിമന്യുവിനു മുന്നേ വട്ടവടയില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരന്‍

ഇനിയിപ്പോൾ മഴക്കെടുതി എന്ന എസ്ഡിപിഐയുടെ വാദത്തിലേക്കു കടന്നാൽ യാതൊരു വിധ പ്രകോപനവും ഇല്ലാതെ അരുംകൊല നടത്തുന്ന  കൊലയാളി സംഘത്തിന് മഴക്കെടുതിയെക്കുറിച്ച് എന്താണാവോ ഇത്ര വലിയ ആകുലത എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. മഴക്കെടുതിയെക്കുറിച്ച് ആശങ്കപ്പെട്ടവർ തന്നെയാണ് ഇന്നലെ രാത്രിയിൽ കോഴിക്കോട് പേരാമ്പ്രയിൽ വിഷ്ണു എന്ന എസ്എഫ്ഐയുടെ ഒരു പ്രാദേശിക നേതാവിനെ തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തിയതും!

അടുത്ത കാലത്ത്‌ വാട്സ് ആപ്പ് സന്ദേശത്തിലൂടെ കേരളത്തിൽ  ഹർത്താൽ നടത്തുകയും ഹാദിയ പ്രശ്നത്തിൽ കേരള ഹൈക്കോടതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്ത എൻഡിഎഫ് എന്ന ഭീകര സംഘടനയുടെ അവാന്തര രൂപങ്ങളായ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും അവരുടെ കുട്ടിപ്പടയുമൊക്കെ സംഘ്പരിവാറിനെപ്പോലെ തന്നെ കേരളത്തിന്റെ മതേതര മനസ്സിന് ഒരു വലിയ ഭീഷണിയായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇവരുടെ ഇന്നത്തെ വളർച്ചയ്ക്ക് സിപിഎമ്മും മുസ്ലിം ലീഗും അടക്കമുള്ള മുഖ്യധാരാ പാർട്ടികൾക്കും ജമാ അത്തെ ഇസ്‌ലാമി പോലുള്ള മതസംഘടനക്കും ഉള്ള പങ്കും വിസ്മരിക്കത്തക്കതല്ല.

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

കലാപങ്ങൾ സൃഷ്ടിക്കുകയും മനുഷ്യരെ അരിഞ്ഞു തള്ളുകയും ചെയ്യുന്ന ഇക്കൂട്ടർ പതിവുപോലെ അഭിമന്യുവിന്റെ വധത്തിനു ശേഷവും ഇരവാദവുമായി രംഗത്ത് വന്നു കഴിഞ്ഞിരുന്നു. അഭിമന്യുവിന്റെ വധത്തിന്റെ പേരിലും നേരത്തെ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന്റെയും വാട്സ് ആപ് ഹർത്താലിന്റെയും പേരിൽ തങ്ങളുടെ പ്രവർത്തകരും ‘നിരപരാധികളായ’ അവരുടെ ബന്ധുക്കളും വേട്ടയാടപ്പെടുന്നു എന്ന ആരോപണമാണ് അവരിപ്പോൾ ഉന്നയിക്കുന്നത്. എസ്ഡിപിഐ പോലുള്ള അത്യന്തം അപകടകാരികളായ സംഘടനകളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യാൻ പൊതുസമൂഹം  തയ്യാറാവുന്നത് വരെ ഇക്കൂട്ടർ ഭീതി വിതച്ചുകൊണ്ടേയിരിക്കും.

ലീഗ് തള്ളിപ്പറഞ്ഞാല്‍ എസ്ഡിപിഐ തിരിച്ചടിക്കും; ചെല്ലും ചെലവും കൊടുക്കുന്നതും ലീഗ്; അഭിമുഖം/പാലൊളി മുഹമ്മദ്‌ കുട്ടി

ജോസഫ് മാഷുടെ കൈവെട്ടിയപ്പോള്‍ അശ്ലീല മൗനം കൊണ്ട് അവഗണിച്ച രാഷ്ട്രീയ പാതകത്തിനു നാം കൊടുത്ത വിലയാണ് അഭിമന്യു

ന്യൂനപക്ഷ അനുകൂല നിലപാട് ചില ദളിത്‌ ബുദ്ധിജീവികള്‍ക്ക് ലാഭമാണ്, വിമര്‍ശിക്കേണ്ടപ്പോള്‍ നിശബ്ദതയും; ഗീതാനന്ദന്‍ സംസാരിക്കുന്നു

ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്; ഗ്രോ വാസു സംസാരിക്കുന്നു

രാജീവ് രവി/അഭിമുഖം: മലയാളി സമൂഹത്തോട് അവനൊരു വിശ്വാസമുണ്ടായിരുന്നു; അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍